പ്രതിരോധിക്കാം ഒറ്റക്കല്ല, ഒറ്റക്കെട്ടായി

Reading Time: 2 minutes

ഈ സമയവും കടന്നുപോകും, മാനുഷിക വ്യവഹാരങ്ങള്‍ പുനരാരംഭിക്കും, നമ്മള്‍ അതിജയിക്കും, പക്ഷേ പ്രതീക്ഷിക്കുന്നത്ര വേഗത്തില്‍ ഒരു തിരിച്ചു വരവ് ഇപ്പോള്‍ പ്രവചനാതീതമാണ്. ലോകത്തെ കീഴടക്കാനുള്ള ആയുധശേഖരവുമായി മുന്നോട്ടുവന്നവരൊക്കെ ഒരു സൂക്ഷ്മാണുവിനെ തോല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ട പോലെയാണ്. ലോകം എപ്പോള്‍ കോവിഡിന് മുന്നില്‍ നിവര്‍ന്നു നില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും തിരിച്ചു വരവിന്റെ ഗതി.
ഈ മഹാമാരിക്ക് ശേഷമുള്ള കാലം, ഇപ്പോള്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കനുസരിച്ച് മാറിയും മറിഞ്ഞും വരാം. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ സമൂലമായ മാറ്റം പ്രവചിക്കുന്നവരുണ്ട്. സാമ്പത്തികരംഗം തകിടം മറിയുന്നുണ്ട്. ആഗോള വിപണി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഡിഒഡബ്ലിയുവും എഫ്ടിഎസ് ഇയും 1987ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ഇടിവു രേഖപ്പെടുത്തി. അമേരിക്കയില്‍ മാത്രം ആറ് ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് യാത്രാ വ്യവസായത്തെയും ടൂറിസം മേഖലകളെയും നിശ്ചലമാക്കി. ചൈനയിലെ ഉത്പാദന മേഖലയില്‍ 13.5 ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷത്തെ ആദ്യ രണ്ടു മാസങ്ങളില്‍ കണ്ടത്. കാര്‍ വിപണനം ഒരൊറ്റ മാസംകൊണ്ട് 86 ശതമാനം കുറഞ്ഞു. എണ്ണ ഉത്പാദനം കുറക്കാന്‍ ഒപെക് തീരുമാനിച്ചിട്ടുണ്ട്. ഉത്പാദന വിപണന മേഖലയിലെ തകര്‍ച്ച ആഗോള സാമ്പത്തിക മേഖലെയെ സാരമായി ബാധിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളും ഈ പ്രതിസന്ധി നേരിടുന്നു.
ജനസംഖ്യ വര്‍ധനവ് ഇന്ത്യന്‍ സാമ്പത്തിക മേഖലയെ കാര്യമായ പ്രഹരമേല്‍പിക്കും. രാജ്യം ലോക്ഡൗണ്‍ ആയ ഓരോ ദിവസവും ഏകദേശം 464 കോടി ഡോളറാണ് (ഏതാണ്ട് 35,000 കോടി രൂപ) പ്രതിദിന നഷ്ടമായി ധനകാര്യ ഏജന്‍സികളുടെ കണക്ക്. ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ചാ നിരക്കിനെയും താഴ്ത്തും. ജിഡിപി രണ്ടര ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നു വരെ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. നോട്ടു നിരോധനവും കിട്ടാക്കടത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ ബാങ്കിങ് മേഖലയും വരുത്തി വെച്ച ആഘാതങ്ങള്‍ക്കൊപ്പം കോവിഡ് പ്രതിസന്ധികൂടി ചേരുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു ഭാവനാപൂര്‍ണമായ ഇടപെടലുകള്‍ വേണ്ടിവരും.
രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചക്കൊപ്പം പ്രവാസിനിക്ഷേപങ്ങളിലെ വന്‍കുറവും കേരളത്തിന്റെ സാമ്പത്തിക മേഖലയെ പിടിച്ചു കുലുക്കുമെന്നു തീര്‍ച്ച. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന തകര്‍ച്ച വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടം വരുത്തും. 17 ലക്ഷം വിദേശികളെങ്കിലും ഗള്‍ഫ് മേഖലയില്‍നിന്നും സ്വദേശത്തേക്ക് മടങ്ങിവരും എന്നാണ് പ്രവചനം. ഈ പ്രതിസന്ധി കേരളത്തെ കാര്യമായി ബാധിക്കും. പ്രവാസികളുടെ പുനരധിവാസം സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും. ലോക്ഡൗണില്‍ മാത്രം കേരളത്തിന് കോടികളുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് നിരീക്ഷിച്ചിട്ടുണ്ട്. ഏകദേശം 50,000 കോടിയുടെ നഷ്ടമാണ് സംഭവിക്കുക.
രണ്ട് പ്രളയങ്ങള്‍ സൃഷ്ടിച്ച പ്രഹരം മറികടക്കാന്‍ കേരളത്തിനിതുവരെ കഴിഞ്ഞിട്ടില്ല. നികുതി ഇനത്തിലെ വരുമാന പ്രതീക്ഷകള്‍ നിറംമങ്ങുന്നതും വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പരിമിതികളും ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ കിഫ്ബിയിലൂടെ കടമെടുക്കാനുള്ള സാധ്യതാകുറവും കേരളത്തിന്റെ ദൈനംദിന സാമ്പത്തിക വ്യവഹാരത്തെ പ്രയാസപ്പെടുത്തും.

സ്വകാര്യത നിരീക്ഷിക്കുന്നു
കോവിഡ് 19 നു ശേഷംലോകം നേരിടാന്‍ പോകുന്ന മറ്റൊരു പ്രതിസന്ധി ഭരണകൂടങ്ങളും കോര്‍പറേറ്റുകളും വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നുചെല്ലുന്നതാവും. പകര്‍ച്ചവ്യാധി തടയുന്നതിന് ഭൂരിപക്ഷം രാഷ്ട്രങ്ങളും അനുവര്‍ത്തിച്ചു പോരുന്നത് ആളുകളെ നിരീക്ഷിക്കുകയും നിയമങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്ന രീതിയാണ്. സാങ്കേതികവിദ്യയുടെ അഭൂതപൂര്‍വമായ വളര്‍ച്ചകൊണ്ട് എല്ലാവരേയും എല്ലായിപ്പോഴും നിരീക്ഷിക്കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണുകളും ക്യാമറകളും ഉപയോഗിച്ച് ചൈനീസ് ഭരണകൂടം വൈറസ് ബാധകരെ പെട്ടെന്ന് തിരിച്ചറിയാന്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന സാങ്കേതികവിദ്യ ഫലപ്രദമായതായിട്ടാണ് കണക്കാക്കുന്നത്.
നിരീക്ഷണ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലല്ല പ്രശ്‌നം. പക്ഷേ, മനുഷ്യന്റെ ശരീര താപനില അളക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ കൊണ്ടുതന്നെ മനുഷ്യന്റെ വികാരങ്ങളെയും തിരിച്ചറിയാന്‍ കഴിയും. നമ്മുടെ വിരല്‍ത്തുമ്പ് തട്ടി സ്മാര്‍ട്ട്‌ഫോണിന്റെ ഒരു ലിങ്കിലേക്ക് ക്ലിക്ക് ചെയ്യുമ്പോള്‍, വിരല്‍ കൃത്യമായി എന്താണ് ക്ലിക്കുചെയ്തത് എന്ന് അറിയാന്‍ ഭരണകൂടത്തിന് താത്പര്യമുണ്ട്. നമ്മള്‍ എന്ത് വായിക്കുന്നു എന്നതും വായിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരികാവസ്ഥയും വികാരങ്ങളും നിരീക്ഷിക്കാനാകും. ഭരണകൂടങ്ങള്‍ ഈവിധം മനുഷ്യാവസ്ഥകളുടെ ഡാറ്റ കൈവശപ്പെടുത്തുന്നതു ഉയര്‍ത്തുന്ന ഭീഷണികള്‍ ദൂരവ്യാപകമാണ്. പൗരന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം അവന്റെ സ്വകാര്യതകളെയും സംരക്ഷിക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന നടപടിയായി ബയോമെട്രിക് നിരീക്ഷണത്തെ കാണാം.
ആഗോള ഐക്യദാര്‍ഢ്യത്തിന്റെ പാത സ്വീകരിക്കേണ്ട സമയമാണിത്. സമചിത്തതയോടെ ലോക രാഷ്ട്രങ്ങളെ കൂട്ടിയിണക്കി മുന്നോട്ടുപോയിട്ടില്ലെങ്കില്‍ ഭാവി പ്രതിസന്ധിയിലാകും. മുമ്പ് പല ആഗോള പ്രതിസന്ധി ഘട്ടങ്ങളിലും അമേരിക്ക ലോക രാജ്യങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തിരുന്നു. എന്നാല്‍ നിലവിലെ അമേരിക്കക്ക് അതിനു കരുത്തില്ല. ഈ ശൂന്യത മറികടക്കുന്നതിന് ഏകരാജ്യ നേതൃത്വത്തിനു പകരം കൂട്ടായ്മയാണ് ഉയര്‍ന്നു വരേണ്ടത്. പരസ്പരം സഹായിച്ചും സഹകരിച്ചും സഹവര്‍ത്തിക്കുന്നതിലൂടെ മനുഷ്യ വര്‍ഗത്തിന്റെ പൊതു ശത്രുവിനെ പരാജയപെടുത്താം. ഒറ്റക്കെട്ടായ ഈ മുന്നേറ്റം അതോടനുബന്ധിച്ചുള്ള എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള ഊര്‍ജം തരും.

Share this article

About മന്‍സൂര്‍ ചുണ്ടമ്പറ്റ

View all posts by മന്‍സൂര്‍ ചുണ്ടമ്പറ്റ →

Leave a Reply

Your email address will not be published. Required fields are marked *