സൈക്കിള്‍ ചക്രങ്ങളിലുരുണ്ട് വാടകക്കെടുത്ത സ്വപ്‌നങ്ങള്‍

Reading Time: < 1 minutes

‘ഞാന്‍ ഹാന്റിലില്‍ പിടിക്കാതെ സൈക്കിള്‍ ഓടിക്കും’ കൂട്ടുകാരന്റെ ഇത്തരത്തിലുള്ള വീര കഥകള്‍ കേട്ട് സഹികെട്ടപ്പോഴായിരുന്നു സൈക്കിള്‍ ചവിട്ടാന്‍ പഠിക്കണമന്ന മോഹം മൊട്ടിട്ടത്. പൊടി നിറഞ്ഞ ഇടവഴികളിലൂടെ സൈക്കിളോടിച്ച് പോവുന്നത് സ്വപ്‌നം കണ്ടുകൊണ്ടിരുന്നു. പണമുള്ള വീട്ടിലെ ഒന്നുരണ്ട് അടുത്ത ചങ്ങാതിമാര്‍ക്ക് സ്വന്തമായി സൈക്കിളുണ്ട്. പക്ഷേ അവയൊന്ന് തൊടാന്‍പോലും അവര്‍ സമ്മതിക്കില്ല. അവര്‍ ഞങ്ങളുടെ ഇടയിലെ ഹീറോ ആയിരുന്നു.
ആകെ രണ്ടുമൂന്ന് പീടികകള്‍ മാത്രമുള്ള ഗ്രാമത്തില്‍ സൈക്കിള്‍ വാടകക്കു കൊടുക്കുന്ന കടയുണ്ട്. വരാന്തയോട് ചേര്‍ന്ന നാട്ടുമാവിന്റെ ചുവട്ടില്‍ വലുപ്പത്തിന് അനുസരിച്ച് നമ്പറുകള്‍ എഴുതി സൈക്കിള്‍ നിരത്തി വച്ചിട്ടുണ്ടാവും. കാല്‍വണ്ടി, അരവണ്ടി, മുക്കാല്‍വണ്ടി, ഒരുവണ്ടി ഇങ്ങനെയായിരുന്നു സൈക്കിളുകളുടെ വലിപ്പവേര്‍തിരിവ്. അതിനോടു ചേര്‍ന്നുതന്നെ സൈക്കിള്‍ വര്‍ക്‌ഷോപ്പും.
സൈക്കിളോടിക്കാന്‍ പഠിക്കണമെങ്കില്‍ ഒന്നുരണ്ടു കടമ്പകള്‍ കടക്കണം. ആദ്യമായി വാടകക്കുള്ള പണം കണ്ടത്തണം. ഒരു മണിക്കൂറിന് 2 രൂപയാണ് നിരക്ക്. കശുവണ്ടിക്കാലത്ത് പണത്തിനു വിഷമമില്ല. അണ്ടി പെറുക്കി അങ്ങാടിയില്‍പോയി വിറ്റാല്‍ ഒരു നാരങ്ങ സോഡ കുടിക്കാം. ആ പൈസ മാറ്റിവെച്ച് സോഡ കുടിച്ചതായി ഉമ്മയോട് കള്ളംപറയാം. പെങ്ങളുടെ വീട്ടില്‍ പോവാന്‍ ഉമ്മ ബസ് പൈസതരും. ബസില്‍ കയറാതെ നടന്നാല്‍ മൂന്നുനാല് മണിക്കൂര്‍ സൈക്കിളെടുക്കാനുള്ള പണംകിട്ടും.
പക്ഷേ സൈക്കിള്‍ വാടകക്ക് തരണമങ്കില്‍ ഓട്ടാന്‍ അറിഞ്ഞിരിക്കണം. അവരുടെ മുമ്പില്‍ ഓടിച്ചുകാണിച്ചാലേ സംഗതി നടക്കൂ. സൈക്കിളോടിക്കാന്‍ അറിയാവുന്ന ആരെയങ്കിലും കൂട്ടുകയാണ് പോംവഴി. അങ്ങനെയാണ് ഒരു ചങ്ങാതിയോട് കാര്യം അവതരിപ്പിച്ചത്. അവന്‍ തയാറാണ്. പക്ഷേ, സൈക്കിള്‍ പീടിക മുതല്‍ വയല്‍വരെയുള്ള അര കിലോമീറ്റര്‍ അവന്‍ ഓടിക്കും. ഞാന്‍ പിന്നാലെ ഓടണം. തിരിച്ച് പീടികയിലേക്കും അവന്‍ ഓടിക്കും. ആകെ ഒരു മണിക്കൂര്‍. അതില്‍ അരമണിക്കൂറിലധികവും അവന്റെ കൈയില്‍. സൈക്കളിന് കേടുപാട് സംഭവിച്ചാല്‍ ഉത്തരവാദി ഞാന്‍. എല്ലാം അംഗീരിച്ചു. സൈക്കിള്‍ പഠിക്കല്‍ എന്റെ ആവശ്യമായിരുന്നു. പീടികക്കാരന്‍ കാണാതെ ഞാന്‍ അല്‍പം മറഞ്ഞ് നില്‍ക്കും. പേരും എടുക്കുന്ന സമയവും നോട്ട് ബുക്കില്‍ കുറിച്ചിട്ടതിന് ശേഷമാണ് സൈക്കിള്‍ കൊടുക്കുക. പഠിക്കാന്‍ വയലാണ് തിരഞ്ഞെടുത്തത്. സൈക്കിള്‍ പീടികക്കാരനും കൂട്ടുകാരും കാണാതിരിക്കാന്‍ അതാണ് നല്ലത്.
സൈക്കിള്‍ എടുക്കുന്ന ദിവസം വീട്ടുകാര്‍ കാണാതെ വാച്ച് കൈയില്‍ കെട്ടും. സമയം കൃത്യമായി അറിഞ്ഞില്ലെങ്കില്‍ മണിക്കൂര്‍ കഴിഞ്ഞാല്‍ അധിക പൈസ കൊടുക്കേണ്ടിവരും. കല്യാണത്തിനോ വിശേഷ ദിവസങ്ങളിലോ മാത്രമേ വീട്ടില്‍ നിന്ന് വാച്ച് കെട്ടാന്‍ തരുകയുള്ളൂ.
അന്ന് നാട്ടിന്‍പുറങ്ങളില്ലാം സൈക്കിള്‍ വാടകക്കടയും റിപയറിംഗും ഉണ്ടായിരുന്നു. ചങ്ങലയില്‍ സൈക്കിള്‍ ഉയര്‍ത്തിക്കെട്ടി റിപയര്‍ ചെയ്യും. വീട്ടില്‍നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ ദൂരെയാണ് ഹൈസ്‌കൂള്‍. സ്‌കൂള്‍ നേരത്ത് ലൈന്‍ബസോ മറ്റ് സൗകര്യമോ ഇല്ലായിരുന്നു. അത്രയും ദൂരം കാല്‍നടയായി പോവണം. പണക്കാരായ വീട്ടുകാര്‍ മക്കള്‍ക്ക് സൈക്കിള്‍ വാങ്ങിച്ച് കൊടുക്കും. ബെല്ലടിച്ച് അവര്‍ മുന്നിലൂടെ പോവുമ്പോള്‍ അസൂയും നിരാശയും കലര്‍ന്ന് നോക്കിനില്‍ക്കും. ഇടവഴികള്‍ സ്‌കൂള്‍സൈക്കിളുകള്‍ കീഴടക്കും. ദൂരെ സ്ഥലങ്ങളില്‍ പണിക്ക് പോവുന്നവരും അന്ന് സൈക്കിളിലായിരുന്നു. ജോലി കഴിഞ്ഞ് രാത്രികളില്‍ തിരിച്ച് വരുന്നവരുടെ സൈക്കളില്‍ ഡയനാമോ വഴി ലൈറ്റ് കത്തും. പത്താംക്ലാസ് കഴിഞ്ഞ് പത്രവിതരണം തുടങ്ങിയപ്പോഴായിരുന്നു സൈക്കിള്‍ എന്ന സ്വപ്‌നം പൂവണിഞ്ഞത്. പത്രവിതരണത്തില്‍നിന്ന് കിട്ടിയ ആദ്യ ശമ്പളംകൊണ്ടാണ് ഒരു സൈക്കിള്‍ വാങ്ങിച്ചത്.

Share this article

About മഹ്മൂദ് ഇടത്തില്‍

View all posts by മഹ്മൂദ് ഇടത്തില്‍ →

Leave a Reply

Your email address will not be published. Required fields are marked *