ഓണ്‍ലൈന്‍ ചികിത്സ ആഴവും ആധിയും

Reading Time: 3 minutes

കൊറോണ ആരോഗ്യ മേഖലകളിലും പുനര്‍വിചിന്തനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. ആശുപത്രി സന്ദര്‍ശനങ്ങളും കണ്‍സല്‍റ്റേഷനും ഗണ്യമായി കുറഞ്ഞു. ഇപ്പോള്‍ വീഡിയോ, ഓഡിയോ കോണ്‍ഫറന്‍സ് വഴി വിദൂര ദേശങ്ങളിലുള്ള രോഗികളെ പരിശോധിക്കാന്‍ ആരോഗ്യപരിപാലകര്‍ക്ക് സാധിക്കുന്നു. ടെലിമെഡിസിന്‍ മോഡല്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഡെലിവറി സംവിധാനത്തില്‍, വിദൂര സ്ഥലത്തെ രോഗി ചാറ്റ്, ഓഡിയോ, വീഡിയോ കണ്‍സല്‍റ്റേഷനിലൂടെ പരിശോധകരുമായി ബന്ധപ്പെടുന്നു. മെഡിക്കല്‍ രേഖകള്‍ വേഗത്തില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നത് വഴി വൈദ്യോപദേശം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നു. സമകാലിക ആഗോള ആരോഗ്യ മേഖല നേരിടുന്ന ആക്‌സസ്, ഇക്വിറ്റി, ഗുണമേന്മ, ചെലവ്, ഫലപ്രാപ്തി എന്നീ മേഖലകളിലെ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി ഇല്ലായ്മ ചെയ്യാന്‍ ടെലിമെഡിസിന്‍ മോഡല്‍ ഓഫ് ഹെല്‍ത്ത് കെയര്‍ ഡെലിവറിക്ക് സാധിക്കുന്നുണ്ട്.
1970കളില്‍ ആവിര്‍ഭവിച്ച ടെലിമെഡിസിന്‍ സിസ്റ്റത്തെ ഉള്‍ക്കൊള്ളുന്ന തലത്തിലേക്ക് നാം പാകമാക്കപ്പെട്ടിരിക്കുന്നു. പരിചരിക്കുന്നതിനും ഇടപഴകുന്നതിനും ശാരീരിക അകലം ഇപ്പോള്‍ പ്രധാനമാണല്ലോ. അതിവേഗ ഇന്റര്‍നെറ്റിന്റെ സാധ്യതയില്‍ വീടുകളിലെ രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ഈ സംവിധാനം നല്‍കുന്നു.
ലോക ആരോഗ്യ സംഘടന, ടെലിമെഡിസിന്‍ മോഡല്‍ ഓഫ് ഹെല്‍ത്‌കെയര്‍ ഡെലിവറിയെ നിര്‍വചിക്കുന്നത്, അകലം ഒരു പ്രധാന ഘടകം ആകുന്ന സാഹചര്യത്തില്‍ ആരോഗ്യപരിപാലകര്‍, വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിന്, രോഗനിര്‍ണയം, ചികിത്സ, രോഗത്തെയും പരിക്കുകളെയും പ്രതിരോധിക്കല്‍, ഗവേഷണം, അവലോകനം, തുടര്‍ പഠനങ്ങള്‍ എന്നീ മേഖലകളില്‍ ആശയവിനിമയ വിവരസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കൊണ്ടുള്ള ആരോഗ്യ പരിരക്ഷ സേവനങ്ങളുടെ വിതരണം എന്നാണ്.
ചരിത്രപരമായി, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍, അമേരിക്കന്‍ സിവില്‍ വാറിന്റെ ഘട്ടത്തില്‍ ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് ഡാറ്റകള്‍ ടെലിഫോണ്‍ വഴി കൈമാറ്റം നടത്തിയതായി കാണാം. നിഭ്രാസ്‌കാ സൈക്യാട്രിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്‌പെഷ്യലിസ്റ്റുകളും ഒരു സ്റ്റേറ്റ് മെന്റല്‍ ഹോസ്പിറ്റലിലെ ജനറല്‍ പ്രാക്ടീഷനര്‍മാരും തമ്മില്‍ ടെലിവിഷനിലൂടെയുള്ള കൂടിയാലോചനകള്‍, പ്രധാന അധ്യാപന ആശുപത്രിയില്‍ നിന്ന് എയര്‍പോര്‍ട്ട് മെഡിക്കല്‍ സെന്ററിലേക്ക് വിദഗ്ധ വൈദ്യോപദേശം നല്‍കല്‍ എന്നിവ ടെലിമെഡിസിനിലെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദശകങ്ങളിലെ വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടവും ഇന്റര്‍നെറ്റിന്റെ ജനകീയ വത്കരണവും ടെലിമെഡിസിന്റ മുന്നേറ്റങ്ങളെ ത്വരിതപ്പെടുത്തി. അതുവഴി വെബ് അധിഷ്ഠിത ആപ്ലികേഷനുകള്‍ (ഉദാ: ഇമെയില്‍, ടെലികണ്‍സര്‍റ്റേഷനുകള്‍, ഇന്റര്‍നെറ്റ് വഴിയുള്ള കോണ്‍ഫറന്‍സുകള്‍), മള്‍ട്ടിമീഡിയ സമീപനങ്ങള്‍ (ഉദാ. ഡിജിറ്റല്‍ ഇമേജറി, വീഡിയോ) തുടങ്ങിയ സാഹചര്യങ്ങള്‍ ലോകത്തിന്റെ മുന്നില്‍ ടെലിമെഡിസിന്റെ പുതിയ മാനങ്ങള്‍ തുറന്നു.
ടെലിമെഡിസിന്‍ പൊതുവെ മികച്ച ആരോഗ്യ പരിപാലനം പ്രദാനം ചെയ്യുന്നു. പ്രാഥമിക ശുശ്രൂഷക്ക് പ്രാധാന്യം നല്‍കുന്ന അവികസിതവും വികസ്വരവുമായ രാജ്യങ്ങള്‍ക്കത് കൂടുതല്‍ ഗുണം ചെയ്യുന്നു.

  1. ആരോഗ്യ പരിപാലനത്തിനുള്ള മികച്ച ആക്‌സസ് ലഭ്യമാക്കുന്നു. ടെലിമെഡിസിന്‍ എന്ന ആശയത്തിലൂടെ, വിദൂര സ്ഥലങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും രോഗികള്‍ക്ക് ഏത് തരത്തിലുള്ള ക്ലിനിക്കല്‍ സേവനങ്ങളും കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇതിലൂടെ പെട്ടെന്നുള്ള രോഗനിര്‍ണയവും ചികിത്സയും തുടര്‍ പരിചരണങ്ങളും മികച്ചരീതിയില്‍ വിദൂരത്തുള്ളവര്‍ക്ക് ലഭ്യമാക്കികൊണ്ട് മെഡിക്കല്‍ പരിചരണത്തിന്റെ ഗുണനിലവാരവും പ്രവര്‍ത്തനക്ഷമതയും വിജയകരമായി മെച്ചപ്പെടുത്താം.
    അതിലുപരി, ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികള്‍ക്ക് നഗരപ്രദേശങ്ങളിലെ പ്രത്യേക പ്രൊഫൈലുകളുടെ സഹായത്തോടെ അടിയന്തരവും തീവ്രവുമായ പരിചരണ സേവനങ്ങള്‍ നല്‍കാന്‍ കഴിയും. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതിലൂടെ വിദൂര ഗ്രാമങ്ങളില്‍ ഉള്ള ആരോഗ്യ പരിപാലകര്‍ക്ക് ഇത് പിന്തുണ നല്‍കുന്നു.
  2. ആരോഗ്യ പരിരക്ഷാ ചെലവ് കുറക്കുന്നു.
    ആശുപത്രി താമസം, ആശുപത്രി സന്ദര്‍ശനം, ആശുപത്രികളിലേക്കുള്ള റഫറുകള്‍ എന്നിവ ഇല്ലാത്തതിനാല്‍, നാം ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്നതിന്റ ഭീമമായ ഭാഗം കുറക്കാനും മികച്ച പരിചരണം ഹോം മോണിറ്ററിംഗ് പ്രോഗ്രാമുകള്‍ വഴി ലഭ്യമാക്കാനും സാധിക്കും. രാജ്യത്തെ മെഡിക്കല്‍ കണ്‍സല്‍റ്റേഷനുകളില്‍ പകുതിയും ടെലി കണ്‍സര്‍റ്റേഷന്‍ ആയി മാറ്റിസ്ഥാപിക്കുന്നതിലൂടെ ഇന്ത്യക്ക് പ്രതിവര്‍ഷം 4 ബില്യന്‍ മുതല്‍ 5 ബില്യന്‍ ഡോളര്‍ വരെ ലാഭിക്കാമെന്ന് മക്കിന്‍സി ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എംജിഐ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശു, മാതൃ മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തില്‍ മംഗോളിയന്‍ ഗവണ്‍മെന്റ് 3 വര്‍ഷത്തേക്ക് നടത്തിയ ടെലികണ്‍സര്‍റ്റേഷന്‍ പ്രോഗ്രാമില്‍ 598 കേസ് വന്നപ്പോള്‍ കേവലം 36 കേസ് മാത്രമാണ് റഫര്‍ ചയ്യപ്പെട്ടത്. യാത്രാ ചെലവുകളിലേക്കും മറ്റു അനുബന്ധ ചെലവുകളിലേക്കും പോകുമായിരുന്ന ഗ്രാമീണ നിവാസികളുടെ സമ്പത്ത് ഗണ്യമായി ലാഭിക്കുന്നു. അതിലുപരി നമ്മുടെ സമയനഷ്ടവും സമ്മര്‍ദ്ദവും കുറക്കാന്‍ സഹായിക്കും.
  3. ഗ്രാമപ്രദേശങ്ങളിലെ ആതുരസേവന സംരംഭങ്ങളില്‍ ഉള്ള കുറവിനെ, സ്ഥലകാല സമയങ്ങള്‍ക്ക് അതീതമായി ഒരു പരിധി വരെ അഭിമുഖീകരിക്കാന്‍ സാധിക്കും. അതിലുപരി സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും അവയെ നോക്കിനടത്തുന്നതിനുമുള്ള ബദലുമായി താരതമ്യപ്പെടുത്തുമ്പോള്‍, വളരെ ചെലവ് കുറഞ്ഞ രീതിയായി ടെലിമെഡിസിനെ കാണാം.
  4. നഗരപ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് ടെലിമെഡിസിന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ രോഗികള്‍ക്ക് സേവനം നല്‍കാന്‍ സാധിക്കും. യോഗ്യതയില്ലാത്ത ഡോക്ടര്‍മാര്‍ പാവപ്പെട്ട രോഗികളെ വഴിതെറ്റിച്ച് തെറ്റായ ചികിത്സകള്‍ നല്‍കുന്ന ഇന്നത്തെ അവസ്ഥക്ക് ഭിന്നമായി ടെലിമെഡിസിന്‍ എന്ന ആശയം വഴി രോഗികള്‍ക്ക് ലോകത്തെവിടെ നിന്നും സ്‌പെഷ്യലിസ്റ്റിലേക്ക് ഉടനടി എത്തിച്ചേരാന്‍ സാധിക്കും. അതുവഴി, രോഗിയുടെ സംതൃപ്തി ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ടെലിമെഡിസിന്‍ സഹായിക്കും. സ്‌പെഷ്യലിസ്റ്റുകളിലേക്കുള്ള വേഗത്തിലുള്ള ആക്‌സസ്, ദുരന്ത പശ്ചാത്തലങ്ങളില്‍, ട്രോമാസെന്ററുകളില്‍, വലിയ സാധ്യതയും പ്രയോഗക്ഷമതയും ഉണ്ട്.
  5. ആശുപത്രികളില്‍ നിന്നുള്ള ഇന്‍ഫെക്ഷനുകളും സംക്രമ രോഗങ്ങളുടെ വ്യാപനവും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുന്നു.
  6. വിവരങ്ങളുടെ കൈമാറ്റവും സ്‌പെഷ്യലിസ്റ്റുകളുമായുള്ള ചര്‍ച്ചകളും പഠനത്തിനും പ്രഫഷനല്‍ വികിസത്തിനും അവസരങ്ങള്‍ ഒരുക്കുന്നു. ടെലിമെഡിസിന്‍ അതിര്‍ത്തികളില്ലാത്ത സര്‍വകലാശാല പണിയുന്നു, വിദൂര പ്രദേശങ്ങളില്‍ ഒറ്റപ്പെടുന്ന ആരോഗ്യപരിപാലരകരുടെ അക്കാദമിക് വളര്‍ച്ചക്ക് അവസരം ഒരുക്കുന്നതോടൊപ്പം അവരുടെ കഴിവുകളും സേവനങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അപ്രകാരം ഗ്രാമീണ ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരും നഗര സ്‌പെഷ്യലിസ്റ്റും തമ്മിലുള്ള വേര്‍തിരിവ് കുറക്കാനും സാധിക്കും. ഭാവിയില്‍ ചികിത്സക്ക് പ്രയോഗിക്കാവുന്ന കേസ് അധിഷ്ഠിത പഠനത്തിനുള്ള അവസരങ്ങള്‍ ആരോഗ്യ വിദഗ്ധര്‍ക്ക് നല്‍കുന്നു. ആരോഗ്യ പരിപാലന പ്രൊഫഷനലുകള്‍ക്ക് മറ്റ് സന്ദര്‍ഭങ്ങളിലേക്ക് ഉപകാരപ്രദമായ സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരവും നല്‍കുന്നു.
  7. രോഗികളുടെ ഡാറ്റ സംഘടിപ്പിക്കാനും ശേഖരിക്കാനും എളുപ്പം സാധിക്കുന്നു. ടെലിമെഡിസിന്‍ ഉപകരണങ്ങളും സാങ്കേതികവിദ്യയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും ട്രാക്കുചെയ്യുന്നതിനും ട്രെന്‍ഡുകള്‍ ചിത്രീകരിക്കുന്നതിനും സഹായിക്കുന്നതിലൂടെ എപ്പിഡെമോളജിക്കല്‍ നിരീക്ഷണത്തെ സഹായിക്കുന്നു. ഇവ രോഗ പരിണാമം നിരീക്ഷിക്കാന്‍ അനുവദിക്കുന്നു, കൂടാതെ വാക്‌സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ ഏകോപിതമായ പരിചരണം നല്‍കാന്‍ ഇത് സഹായിക്കും. ഒപ്പം കൂടുതല്‍ രോഗികളുടെ ഫോളോഅപ്പിനും വിലയിരുത്തലിനുമുള്ള സാധ്യതകള്‍ തുറക്കുന്നു.

വെല്ലുവിളികള്‍

  1. മിക്ക സാങ്കേതിക പരിഹാരങ്ങളെയും പോലെ, ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും ഉയര്‍ന്ന പരിശീലനവും ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളും ആവശ്യമാണ്. കംപ്യൂട്ടര്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള കംപ്യൂട്ടര്‍, സാക്ഷരരായ തൊഴിലാളികളുടെ അഭാവം ടെലിമെഡിസിനെ തടസപ്പെടുത്തും.
    ഏറ്റവും അടിസ്ഥാനതലത്തില്‍, വൈദ്യുതോര്‍ജ വിതരണങ്ങളുടെ അസ്ഥിരത, വലിയ നഗരങ്ങള്‍ക്കപ്പുറത്ത് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ വ്യാപകമായ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യമല്ലാത്ത വിവര ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ പരിമിതികള്‍ ഉണ്ടാക്കുന്നു. വിശ്വസനീയമല്ലാത്ത കണക്റ്റിവിറ്റി, കംപ്യൂട്ടര്‍ വൈറസുകള്‍, പരിമിതമായ ബാന്‍ഡ്‌വിഡ്ത്ത് എന്നിവ ഇന്റര്‍നെറ്റ് ആക്‌സസ് ലഭ്യമാകുമ്പോഴും എവിടെയാണെങ്കിലും വെല്ലുവിളികള്‍ തുടരുന്നു. ഇന്റര്‍നെറ്റ് വേഗതക്കുറവ് ഇമേജിംഗ് വൈകുന്നതിന് ഇടയാക്കും. മോശം ഇമേജ് വഴി വിദൂര രോഗനിര്‍ണയത്തിന്റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തിയേക്കാം. വേഗത കുറഞ്ഞ ബാന്‍ഡ്‌വിഡ്ത്ത് തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കുന്നതിന് തടസമാകുന്നു. മെഡിക്കല്‍ പ്രൊഫഷനലുകള്‍ക്ക് വിദൂര പ്രദേശങ്ങളില്‍ ലഭ്യമായ സൗകര്യങ്ങളും ബദല്‍ മാനേജുമെന്റ് തന്ത്രങ്ങളും പരിചയമില്ലായിരിക്കാം. പ്രാദേശിക സന്ദര്‍ഭത്തെക്കുറിച്ച് നല്ല ധാരണയില്ലാതെ, ടെലിമെഡിസിന്‍ ഉപയോഗപ്രദമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രയാസമാണ്.
  2. ടെലിമെഡിസിന്‍ രീതിയുടെ മൊത്തത്തിലുള്ള ചെലവ്, ഫലപ്രാപ്തിയെ പിന്തുണക്കുന്നതിനുള്ള തെളിവുകളുടെ അഭാവം തുടങ്ങിയവ സംരംഭകര്‍ക്ക് ആകര്‍ഷണം കുറക്കുന്നു.
  3. ഭാഷാ വൈവിധ്യമാണ് മറ്റൊരു പ്രധാന തടസം. ആയിരത്തിലധികം പ്രാദേശികഭാഷകളുള്ള ഇന്ത്യയില്‍, ഒരു പ്രദേശത്തെ ഒരു രോഗിക്ക് മറ്റൊരു പ്രദേശത്തെ ഒരു ഡോക്ടറുമായി സംസാരിക്കുന്നതിന് തടസമാകും. കൂടാതെ, ഡാറ്റയുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍, ഡാറ്റാ കൈമാറ്റത്തിന്റെ സുരക്ഷ, സ്വകാര്യത എന്നിവയും ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിലൂടെയും മികച്ച ആശയവിനിമയ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെയും ടെലിമെഡിസിന്റെ ശാക്തീകരണം സാധ്യമാണ്.
  4. ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിന് രോഗിയുടെയും ആരോഗ്യ വിദഗ്ധന്റെയും സ്വീകാര്യത ആവശ്യമാണ്. രണ്ട് കക്ഷികളും മുഖാമുഖമുള്ള പരിചരണരീതിയാകാം കൂടുതല്‍ പരിചയിച്ചത്, അതോടൊപ്പം ടെലിമെഡിസിന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ചുള്ള അറിവില്ലായ്മയും നിലവിലെ റഫറല്‍ രീതികളോടുള്ള വെല്ലുവിളിയും സ്വീകാര്യതയെ സാരമായി ബാധിക്കാം.
  5. ടെലിമെഡിസിന്‍ പൊതുവേ, നിയമപരവും ധാര്‍മികവുമായ നിരവധി പരിഗണനകളുമായി പൊരുത്തപ്പെടണം. പ്രത്യേകിച്ചും രോഗിയുടെ സ്വകാര്യത, രഹസ്യാത്മകത എന്നിവയില്‍. ഒന്നിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രൊഫഷനലുകളുമായി ബന്ധപ്പെടുന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള നിയമസാധുതകള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ പരിഹരിക്കേണ്ട ഒരു നിര്‍ണായക ചോദ്യം ഇതാണ്: ഏത് രാജ്യത്തിന്റെ നിയമമാണ് ബാധകം? സേവനത്തിന് അധികാരപരിധി ഉണ്ടോ? പിഴവ് സംഭവിച്ചാല്‍ എന്ത് സംഭവിക്കും? നല്‍കിയ സേവനത്തിന്റെയും പരിചരണത്തിന്റെയും ആത്യന്തിക ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുന്നത്? ഇതിനോടെല്ലാം ക്രിയാത്മക മാര്‍ഗ നിര്‍ദേശങ്ങളോടെ പ്രതികരിക്കേണ്ടതുണ്ട് .
Share this article

About മുഹമ്മദ് മുസ്ഥഫ

View all posts by മുഹമ്മദ് മുസ്ഥഫ →

Leave a Reply

Your email address will not be published. Required fields are marked *