ഫിറ്റ്, നോട്ട് ഫില്‍

Reading Time: 2 minutes

പ്രത്യേകിച്ചും പ്രവാസികള്‍ക്കിടയിലെ ജീവിതശൈലീ രോഗങ്ങളില്‍ മിക്കതും ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതാണ്. ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണ ക്രമത്തിന്റെ പങ്ക് നിര്‍ണായകവുമാണ്. ഇത്തരം സാഹചര്യങ്ങളെ പ്രായോഗികമായി അഭിമുഖീകരിക്കുകയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഫിറ്റ്‌നസ് വിഭാഗം. മറ്റേത് ജീവിത ശൈലിയുടെയും പോലെ ശീലം തന്നെയാണ് പ്രധാനം. ആരോഗ്യവാനാകുന്നത് വയറു നിറയെ കഴിക്കുമ്പോഴല്ല എന്ന സന്ദേശം ഊട്ടിയുറപ്പിക്കുകയാണ് ‘ഫിറ്റ്, നോട്ട് ഫില്‍’ എന്ന തലവാചകം. സമൃദ്ധി നിറവിലല്ലെന്ന് അത് പറയുന്നു. പാകം തിരിച്ചറിഞ്ഞും അമിതാര്‍ത്തി നിയന്ത്രിച്ചും ഭക്ഷണത്തെ സമീപിക്കേണ്ടതിന്റെ ഉണര്‍ത്തു വാചകമാണത്. കൃത്രിമം നിറഞ്ഞ ഭക്ഷണ സാധനങ്ങളും കഴിക്കുന്ന ഭക്ഷണങ്ങളിലെ വിരുദ്ധ ചേരുവകളും ആരോഗ്യ രംഗത്ത് വരുത്തുന്ന പ്രതിസന്ധി ചെറുതല്ല. ഇത്തരം ചിന്തകളില്‍ നിന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ അംഗങ്ങളിലും പൊതുസമൂഹത്തിലും വളര്‍ത്തിയെടുക്കേണ്ട മിത ശീലവും ഭക്ഷണ സംസ്‌കാരവും അടങ്ങുന്ന ദീര്‍ഘകാല പദ്ധതിക്കാണ് ഈ മാസം തുടക്കമിടുന്നത്. മെനു പ്രഖ്യാപനമാണ് ആദ്യത്തേത്. ശരീരത്തിന് പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം ലഭിക്കണമെങ്കില്‍ ചെറിയ ആസൂത്രണം ആവശ്യമാണ്. അതാണ് മെനു തയാറാക്കി അറിയിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. അതാത് പ്രദേശങ്ങളിലെ ലഭ്യതയും വൈവിധ്യവും അനുസരിച്ച് ഘടകങ്ങളും അംഗങ്ങളും പ്രഖ്യാപിക്കുന്ന ഭക്ഷണ മെനു ആരോഗ്യ സംരക്ഷണത്തോടൊപ്പം സാംസ്‌കാരിക വീണ്ടെടുപ്പും സാധ്യമാകുമെന്ന് സംഘടന കരുതുന്നു. ഒത്തു കൂടലിനും പാര്‍ട്ടിക്കും നിയന്ത്രണങ്ങള്‍ ഉള്ള ഈ കാലം അവ പ്രയോഗവത്കരിക്കാന്‍ എളുപ്പമാകുമെന്നും കണക്കാക്കുന്നു.
അമിത ഭോജനം മാത്രമല്ല, ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരെയും ജാഗ്രതയുണ്ടാവേണ്ടതുണ്ട്. ഒറ്റക്ക് താമസിക്കുന്നവരും കുടുംബ സമേതമുള്ളവരും പിന്തുടരുന്ന ഭക്ഷണ ശീലങ്ങള്‍ വ്യത്യസ്തമാണ്. മടിയും ജോലിഭാരവും കൊണ്ട് സമയം തെറ്റി കഴിക്കുന്നതും തീരെ കഴിക്കാതിക്കുന്നതും പതിവാണ് ബാച്ചിലര്‍മാരില്‍. സ്വയം പാചകം ചെയ്യാത്തവരും വിരളമല്ല. സ്ഥിരമായി പുറത്തെ ഭക്ഷണം കഴിക്കുന്നവരില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അറിഞ്ഞിട്ടും അവ തുടരുന്നവര്‍ക്ക് ഇത്തരം കൂട്ടമായ ശ്രമങ്ങള്‍ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കാതിരിക്കില്ല. കുടുംബങ്ങളായി താമസിക്കുന്നവരുടെ ഭക്ഷണ മുന്‍ഗണനകളിലെ പുനര്‍വിചിന്തനത്തിന് ഈ കാലം വഴിയൊരുക്കും. ബോധവത്കരണത്തിനും പഠന സംവാദ സെഷനുകള്‍ക്കും പുറമെ ഈ സന്ദേശം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനും ആരോഗ്യദായകമായ ഭക്ഷണത്തിന്റെ പ്രദര്‍ശനത്തിനും പങ്കുവെപ്പിനും കുക്കിങ് ചലഞ്ചും ഈ കാലത്ത് സംഘടിപ്പിക്കുന്നുണ്ട്. യുവാക്കള്‍, കുടുംബങ്ങള്‍, കുട്ടികള്‍ എന്നിവരില്‍ വളര്‍ത്തിയെടുക്കേണ്ട ഭക്ഷണ സംസ്‌കാരങ്ങളെയും ശീലങ്ങളെയും പ്രത്യേകം പ്രത്യേകം അതാത് വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുംവിധം എത്തിക്കാനുള്ള വേറിട്ട പരിപാടികളും സംഘടന ഒരുക്കുന്നു. ഒപ്പം നിയതമായ പാഠങ്ങള്‍ ഉള്ള ഇസ്‌ലാമിക ഭക്ഷണ സംസ്‌കാരവും ഭോജന മര്യാദകളും പ്രചരിപ്പിക്കുന്നതിലും അനുവര്‍ത്തിക്കുന്നതിനും ഈ കാലം കൂടുതല്‍ ഉപയോഗപ്പെടുത്തും.
സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ് ഭക്ഷണ ശീലങ്ങള്‍. പുതിയ സാമൂഹിക ഘടനയില്‍ ഒരു പക്ഷേ ഒരാള്‍ വിചാരിച്ചാല്‍ മാത്രം മാറ്റാന്‍ കഴിയാത്തത്ര അധിനിവേശങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടുംബകങ്ങളില്‍ പോലും വ്യത്യസ്ത രുചിക്കാരെയും തരക്കാരെയും പോറ്റുന്നതിന് സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ അതിരു കടക്കാറുണ്ട് എന്നതാണ് നേര്. രുചിക്കൊപ്പം സാംസ്‌കാരിക അഭിരുചികളും സമീപനങ്ങളും ഈ രംഗത്തെ കൊഴുപ്പിക്കുന്നു. അതിഥി സത്കാരങ്ങളിലെ ധൂര്‍ത്തും മാമൂലുകളും മാത്രമല്ല ഇന്ന് നേരിടേണ്ടത്. മേളകളും മത്സരങ്ങളും പ്രദര്‍ശനങ്ങളുമായി ഒരു സാസംകാരിക സംസര്‍ഗത്തിനപ്പുറം കാര്യങ്ങള്‍ എത്തപ്പെട്ടിരിക്കുന്നു. ഓരോ കാലത്തെയും സാമൂഹിക പ്രവണതകള്‍ക്കൊപ്പം തീറ്റയും കുടിയും മാറ്റാനും പരീക്ഷണങ്ങളെ പുല്‍കാനും തയാറാക്കുമ്പോള്‍ പലപ്പോഴും നശിക്കുക ആരോഗ്യമായിരിക്കും. മറ്റൊന്ന് ഗൃഹാതുരതയുടെയും തനിനാടന്‍ പ്രയോഗങ്ങളുടെയും പേരില്‍ പുനരാവിഷ്‌കരിക്കുന്ന വൈവിധ്യ വിഭവങ്ങളാണ്. പാക്ക്ഡ്, ജങ്ക് ഫുഡുകളും വ്യാപകമാണ്. കുട്ടികളെ ആകര്‍ഷിക്കാന്‍ വിപണിയില്‍ ലഭ്യമാകുന്ന പല പേരിലും ഫ്‌ളേവറിലും ഉള്ള ഭക്ഷണ പാനീയങ്ങളെക്കുറിച്ചും അവയോട് പുതുതലമുറയില്‍ വളര്‍ന്നു വരുന്ന സമീപനങ്ങളെ കുറിച്ചും പുനര്‍വിചിന്തനം ആവശ്യമാണ്. ചുരുക്കത്തില്‍ വിശപ്പകറ്റുക എന്നതല്ല നിലവില്‍ ഭക്ഷണത്തിന്റെ ധര്‍മം എന്നു പറഞ്ഞാല്‍ തെറ്റാകില്ല. ധാരാളിത്തം കൊണ്ട് ഉള്ളതും കഴിക്കാനാകാത്ത ഭക്ഷണ വിരക്തി എന്ന രോഗാവസ്ഥക്ക് കീഴടങ്ങുന്നവരും വിരളമല്ല. ഇവിടെയൊക്കെയാണ് ‘ഫിറ്റ്, നോട്ട് ഫില്‍’ എന്ന സന്ദേശവും പദ്ധതികളും പ്രസക്തമാകുന്നത്.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *