ആത്മഹത്യ ചെയ്യുന്നവര്‍ ആരെയാണ് പറ്റിക്കുന്നത്?

Reading Time: 3 minutes

എന്താവും ആത്മഹത്യയുടെ പ്രേരകം? ഏതുതരം കമ്മിയാണ് ആത്മഹത്യയിലേക്ക് എത്തിക്കുന്നത്? ദീര്‍ഘമായ ആലോചനകളും അന്വേഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന മേഖലയാണിത്.
ഓണ്‍ലൈന്‍ പഠനത്തിന് പര്യാപ്തമായ സൗകര്യമില്ലാത്തത് കാരണം ദേവകി എന്ന കീഴാള വിദ്യാര്‍ഥി ജീവനൊടുക്കിയ പശ്ചാതലത്തിലാണ് ഈ എഴുത്താരംഭിക്കുന്നത്. സിനിമാതാരം സുശാന്തിന്റെ ആത്മഹത്യാനന്തരമുള്ള വാര്‍ത്തകളും വിശകലനങ്ങളും വന്നുകൊണ്ടിരിക്കെയാണ് എഴുത്ത് പുരോഗമിക്കുന്നത്. കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ക്വാറന്റൈന്‍ വേളയില്‍ രണ്ടാമത് ഒരു ആത്മഹത്യ വാര്‍ത്തയായത് ഇതേ സാഹചര്യത്തിലാണ്. കോപ്പിയടിയാരോപിച്ച് പിടിക്കപ്പെട്ടതിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിയും പ്രവാസത്തിലെ വ്യവസായി ജോയ് അറക്കലും ജീവിതം അവസാനിപ്പിച്ചത് ഇപ്പോഴും വാര്‍ത്തയിലുണ്ട്.
ഇത്തരത്തില്‍ ചില ജീവിതങ്ങള്‍ പൊലിഞ്ഞുവീഴുമ്പോള്‍ നമ്മള്‍ അറിയാതെ പകച്ചുപോവുന്നു. പ്രജ്ഞയറ്റ് തൂങ്ങിയാടുന്ന ശരീരങ്ങള്‍ നമ്മെ സ്തബ്ധരാക്കുന്നു. അവര്‍ അവശേഷിപ്പിക്കുകയോ അനാഥരാക്കുകയോ ചെയ്യുന്നവരെ ഓര്‍ക്കുമ്പോള്‍ നാം തളരുന്നു.
ആത്മഹത്യ ചെയ്ത എഴുത്തുകാര്‍ ആരൊക്കെയാണ് എന്ന ഒരു ചോദ്യം ഈയിടെ ഫേസ്ബുക് ഗ്രൂപ്പില്‍ കാണാനിടയായി. നൂറിലേറെ ഉത്തരങ്ങളാണ് കമന്റ്‌ബോക്‌സില്‍ വന്നത്. വിഖ്യാതരായ പല എഴുത്തുകാരും ആത്മഹത്യയില്‍ അവസാനിച്ചവരാണെന്നത് കൂടുതല്‍ ചിന്തിപ്പിക്കുന്നു. ഓസ്‌കര്‍ വൈല്‍ഡ്, വിര്‍ജിന വൂള്‍ഫ്, സില്‍വിയ പ്ലാത്, ഇടപ്പള്ളി രാഘവന്‍ പിള്ള, വിജയലക്ഷ്മി തുടങ്ങിയ ധാരാളം പേരുണ്ട് ഈ ഗണത്തില്‍. വിഷാദത്തിലൂടെയാണ് പലരും ആത്മഹത്യയിലെത്തിയത്. വിഷാദംതന്നെ ബാധിച്ച് മരിച്ച അനേകം വ്യക്തികളുമുണ്ട്. ഈ സെലിബ്രിറ്റികളൊക്കെയും ജീവിതത്തെ ഇത്ര നിസാരമായും നിസംഗതയോടെയും സമീപിക്കാന്‍ കാരണമെന്താകും?
ജീവിതത്തെക്കുറിച്ചുള്ള ബോധ്യങ്ങളും കാഴ്ചപ്പാടുകളുമാണ് മനുഷ്യനെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളാണ് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നത്. ജനിക്കുന്നതോടെ ആരംഭിച്ച് മരിക്കുന്നതോടെ അവസാനിക്കുന്ന ഒറ്റവരി കഥയല്ല ജീവിതം. മരിക്കുന്നതോടെ കഥ കഴിയുന്നില്ല. മനുഷ്യന്‍ ഒറ്റത്തടിയല്ല. സമൂഹബന്ധിതനാണ്. ഈ കാഴ്ചപ്പാടാണ് ജീവിതം സംബന്ധിച്ച അടിസ്ഥാന ദര്‍ശനം. ജീവിതം അര്‍ഥപൂര്‍ണമാകുന്നതും മുന്നോട്ടു ഗമിക്കാന്‍ പ്രേരിപ്പിക്കുന്നതും ഈ കാഴ്ചപ്പാടാണ്.
ഈ ആലോചനാപരതയെ റദ്ദ് ചെയ്യുന്ന കൃത്യമാണ് ആത്മഹത്യ. തലച്ചോറിലെ സെറാടോണിന്റെയും ഡോപമിന്റെയും ക്രമാതീതമായ ഒഴുക്ക് ആത്മഹത്യയില്‍ പര്യവസാനിക്കുന്നുവെന്നാണ് ആരോഗ്യശാസ്ത്രം പറയുന്നത്. മാനസിക പരിശീലനം പോലുള്ള അനേകം കാര്യങ്ങള്‍ പ്രതിവിധിയായി നിര്‍ദേശിക്കുകയും ചെയ്യുന്നു. ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്ന അനുഭവങ്ങളടക്കിയ പുസ്തകങ്ങളും വീഡിയോകളും ഇന്ന് ധാരാളം ലഭ്യമാണ്. ജീവിതാനുഭവങ്ങളില്‍ നിരാശയുമായി കഴിയുന്നവരെ മരണമുഖത്തെത്തിക്കുന്നതില്‍ ഇവ നല്ല പങ്കുവഹിക്കുന്നു. അതേ സമയം ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ വിളിക്കുന്ന ധാരാളം സങ്കേതങ്ങളും നിലവിലുണ്ട്. കൗണ്‍സിലിംങ് സെന്ററുകള്‍, ടെന്‍ഷന്‍ ഫ്രീ ക്യാപ്‌സൂള്‍ ഉള്‍പ്പെടെ അനേകം വഴികള്‍.
പക്ഷേ ആത്മഹത്യയുടെ ഗ്രാഫ് ഇപ്പോഴും ഉയര്‍ന്നു തന്നെയാണ്. ജീവിത നിലവാരത്തിലെ അതൃപ്തിയും സംവിധാനങ്ങളുടെ അപര്യാപ്തതയും കാരണം മരണം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇപ്പോള്‍ പരിമിതമാണ്. സുഖലോലുപതകളില്‍ കഴിയുന്നവരും ആത്മഹത്യാവിചാരങ്ങളുമായി ജീവിക്കുന്നുണ്ട്. പുറമേ നിറഞ്ഞാടുന്ന തോരണങ്ങളല്ല, മനസാണ് എവിടെയും പ്രധാനം. മനസിനെ തൊടുന്ന ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും നീറുന്ന മനസില്‍ കുളിര് കോരിയിടാന്‍ സാധിക്കും. ഇസ്‌ലാം, ഇതര മതങ്ങളില്‍നിന്ന് വേര്‍പെട്ടും ഉയര്‍ന്നും നില്‍ക്കുന്ന ഒരു തലമാണിത്. എതിയിസം, സ്വതന്ത്രവാദം തുടങ്ങിയ ഭൗതികാദര്‍ശ ധാരകള്‍ അപ്പപ്പോഴത്തേക്ക് മാത്രമുള്ള ആസ്വാദനത്തെ കേന്ദ്രീകരിക്കുന്നവയാണ്. മനസിന്റെ ദുര്‍ബലവും തിന്മപ്രോക്തവുമായ ആഗ്രഹങ്ങളെ ശമിപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീ എതിര്‍ലിംഗം മാത്രമാണെന്നാണ് അവയുടെ വാദം. ലൈംഗികദാഹത്തിനുള്ള ശമനി അവരിലെല്ലാമുണ്ടെന്ന് അവ സമര്‍ഥിക്കുന്നു. പക്ഷേ സ്ത്രീ അമ്മയും സഹോദരിയും മകളും സഹപ്രവര്‍ത്തകയുമാണെന്ന ബോധമാണ് ഇസ്‌ലാം പറയുന്നത്. ഇണകളിലൂടെ മാത്രമുള്ള വിവാഹാനന്തര അനുഭൂതിയാണത് അനുവദിക്കുന്നത്. ഈ സമൂഹ നിര്‍മാണ ബോധ്യത്തെ വികൃതമാക്കുകവഴി ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ് കേവല ഭൗതിക ദര്‍ശനങ്ങള്‍. ഇത്തരം ധാരകളാണ് ആത്മഹത്യയെ പരിഹാരമായി സ്വീകരിക്കുന്നതും മഹത്വവത്കരിക്കുന്നതും.
നിങ്ങളുടെ മനസിന്റെ താളം പിഴക്കുമ്പോഴൊക്കെയും നിങ്ങളുടെ വിശ്വാസം നിങ്ങളെ കേള്‍ക്കുന്നില്ലെങ്കില്‍ വിശ്വാസസംഹിത സമഗ്രമല്ലെന്നോ അതിലുള്ള നിങ്ങളുടെ വിശ്വാസം സമ്പൂര്‍ണമല്ലെന്നോ എന്ന് അനുമാനിക്കാം. മനസില്‍ ഭാരം പിടിച്ചു വെക്കുന്നതിന് പകരം എവിടെയെങ്കിലും അത് തുറന്നുവിടാനാണ് മനോവിജ്ഞാനീയം (ു്യെരവീഹീഴ്യ) പറയുന്നത്. വിശ്വാസിക്ക് ഇതൊരു പുതിയ അറിവോ വഴിയോ അല്ല. മനോവിജ്ഞാനീയം തന്നെ വിശ്വാസിക്ക് ഒരു പുത്തരിയല്ല. പ്രാര്‍ഥനകളിലൂടെ മനസ് ഉടമസ്ഥനിലേക്ക് തുറന്നുവിട്ടാണ് വിശ്വാസിയുടെ ഓരോ മാത്രയും കടന്നു പോകുന്നത്. മനസുപൊള്ളുന്ന അനേകം ചരിത്രകഥകള്‍ കേട്ടാണ് ജീവിതം പിച്ചവെച്ചു തുടങ്ങുന്നത്. പുഞ്ചിരിയും ഹസ്തദാനവുമാണ് ഇസ്‌ലാമിന്റെ പാഠങ്ങള്‍. പുഞ്ചിരിക്കുന്നത്രയും ഹൃദയഭാരം ഒഴിയുന്നുവെന്ന് പറയാറുണ്ട്. ഹസ്തദാനം വഴി സനാഥബോധം ഉണ്ടാകുന്നുവത്രെ. കൈപിടിക്കാന്‍ ഒരാളുണ്ടല്ലോ എന്നതുതന്നെയല്ലേ വലിയ ആശ്വാസം. പരസഹായം, ജമാഅ: (കൂട്ടംചേരല്‍) തുടങ്ങിയ വിശ്വാസഭാഗമായി വളര്‍ന്നു വന്ന അനേകം സങ്കേതങ്ങളിലൂടെയും സാമൂഹീകരണത്തിലൂടെയും ശക്തിപ്പെടുന്ന മനുഷ്യനെയാണ് മതത്തില്‍നിന്ന് കണ്ടെടുക്കാന്‍ സാധിക്കുന്നത്. അഥവാ ഭാരമൊഴിഞ്ഞ, സനാഥമായ ഹൃദയമാണ് വിശ്വാസിയുടേത്. വിശ്വാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കുത്തനേ കുറവാണെന്ന പഠനങ്ങളുണ്ട്.
നോക്കൂ, പല കാരണങ്ങളാല്‍ അസ്വസ്ഥപ്പെട്ട് തിളക്കുന്ന മനസുമായി പാഞ്ഞുനടന്നവര്‍ ഒടുവില്‍ ഇസ്‌ലാമിന്റെ തീരത്തണഞ്ഞ് ഹൃദയം തണുത്ത കഥകള്‍ എത്രയോ ഉണ്ട്. ഇപ്പോഴും അത് തുടരുന്നു. വലിയ പണ്ഡിതരും ചിന്തകരും അക്കൂട്ടത്തിലുണ്ട്. മുഹമ്മദ് അസദ്, ഹകീം മുറാദ്, ഹംസ യൂസുഫ്, നൂഹ് കെല്ലര്‍ മുതല്‍ മലയാളിയായ കമലാ സുരയ്യ വരെ. മനസിന്റെ തീയും പുകയും ശമിപ്പിക്കുന്ന ഇസ്‌ലാമിന്റെ ഈ ലാവണ്യബോധം അന്യമാക്കപ്പെട്ടതാണ് ആത്മഹത്യാ ചിന്തയില്‍ ഉരുകുന്ന ഉടലുകള്‍.
ഓരോ നല്‍പത് സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവത്രെ. പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് ആത്മഹത്യയില്‍ മുന്നില്‍. സ്ത്രീകള്‍ മുന്നിലാവാന്‍ എന്താവാം കാരണങ്ങള്‍? ഉത്തരവാദിത്വങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും ഭാരം അവരെ വേട്ടയാടുന്നുണ്ടോ? മാനസിക ദുര്‍ബലത ഒരു ഹേതുവാണോ? ഇത്തരം ആലോചനകള്‍ ചെന്നെത്തുന്നത് ജീവിത വ്യവഹാരങ്ങളിലെ സാമ്പത്തിക, നിര്‍മാണ ബാധ്യതകള്‍ പുരുഷസമൂഹത്തില്‍ ബന്ധിപ്പിച്ചുവെച്ചതിനെ ശരിവെക്കുന്നതിലേക്കാണ്. ചെലവ് ബാധ്യതകള്‍ പുരുഷന്‍ നിര്‍വഹിക്കുന്ന രീതിയാണ് നമ്മുടെ കുടുംബ സ്‌ട്രെക്ചര്‍. പക്ഷേ കുടുംബ നിര്‍മാണത്തില്‍ സ്ത്രീ സാന്നിധ്യവും ഭാഗധേയത്വവും മുന്നോട്ടുവെക്കുന്ന ഇസ്‌ലാം സ്ത്രീകളുടെ ആലോചനാശേഷിയും നിര്‍മാണബോധവും ഏറ്റവും ഉയര്‍ന്ന തോതില്‍ തന്നെ വിനിയോഗിക്കുന്നു. സ്ത്രീ വീട്ടുവ്യവഹാരങ്ങളിലും മക്കളിലും ഉത്തരവാദിത്വമുള്ളവളാണ്, അക്കാര്യങ്ങളില്‍ അവര്‍ ദൈവവിചാരണക്കര്‍ഹരാകും എന്നാണ് ഹദീസ്. ഇത് ഒരു അധികച്ചുമതലയല്ല. പകരം കുടുംബ വളര്‍ച്ചയിലെ ക്രിയാത്മകമായ സ്ത്രീ ഇടപെടലുകള്‍ക്കുള്ള വാതിലാണ്.
പ്രണയനൈരാശ്യം, മാനസികശാരീരിക പീഡനം തുടങ്ങിയവ ആത്മഹത്യാ തോത് അധികരിപ്പിക്കുന്നു. സുശാന്തിന്റെ രണ്ടു ഫാന്‍സുകള്‍ കൂടി മനം നൊന്തു ആത്മഹത്യ ചെയ്തുവത്രെ. പ്രമുഖരുടെ മരണത്തോടെ ഇത്തരം വാര്‍ത്തകള്‍ സ്വാഭാവികമാണ്. പക്ഷേ ഇതൊരു സങ്കീര്‍ണമായ സ്വാഭാവികതയാണ്. സ്വന്തം ജീവിതത്തെ ഇതര ജീവിതങ്ങളുമായി വൃഥാ കൊളുത്തി വെക്കുന്നത് മൂലം ഉണ്ടാകുന്ന സങ്കീര്‍ണത. പ്രണയത്തെ ചൊല്ലി ഇങ്ങനെ പാഴാകുന്നത് എത്ര ജീവിതങ്ങളാണ്. എന്നാല്‍ പൂര്‍ണമായും ഒഴിച്ചു നിര്‍ത്താനാവുന്ന കാര്യങ്ങളാണിവ.
പ്രണയം ജൈവികവും മൗലികവുമായ യാഥാര്‍ഥ്യമെന്ന് ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണംതന്നെ സ്‌നേഹ ബന്ധിതമാണ്. തിരുനബിയെ അനുചരര്‍ സ്‌നേഹിക്കുന്നതുപോലെ ലോകത്തൊരു ഗുരുശിഷ്യ ബന്ധമില്ലെന്ന് പറഞ്ഞത് ഒരു അവിശ്വാസിയായിരുന്നല്ലോ. നബിസ്‌നേഹം സര്‍വതിലുമുപരി ആകുമ്പോള്‍ മാത്രമാണല്ലോ വിശ്വാസം പൂര്‍ണതയിലെത്തുന്നത്. മാതൃപിതൃസ്‌നേഹം തൊട്ടുതാഴെ തന്നെയുണ്ട്. ഈ സ്‌നേഹവലയങ്ങളില്‍ നിന്നെല്ലാം കുതറുമ്പോഴാണ് പലപ്പോഴും മരണം മണക്കുന്ന പ്രണയത്തിലകപ്പെടുന്നത്.
മലയാള മുഖ്യധാര വായനകള്‍ ആത്മഹത്യയെ പൊതുവേ കാല്പനികവത്കരിക്കുകയാണ്. ആത്മഹത്യയുടെ കര്‍തൃത്വം സാമൂഹിക സാഹചര്യത്തില്‍ ആരോപിക്കുകയും ആത്മാഹുതി ചെയ്യുന്നവരെ രക്ഷിച്ചെടുക്കുകയുമാണ് പതിവ്. ജീവിതത്തിന്റെ പോംവഴികള്‍ അടഞ്ഞെന്നു വരുത്തുകയും ആത്മഹത്യയാണ് ഏക എമര്‍ജന്‍സി എക്‌സിറ്റെന്ന് ഫിക്ഷന്‍ ചെയ്തുമാണ് പൊതുവായനകള്‍ പുരോഗമിക്കുന്നത്. ഈ വിചാരദാനം അപകടമാണ്. അപരാധമാണ്.
കോവിഡ് ബാധയിലെന്ന പോലെ കോവിഡ് ഭയന്ന് ജീവിതം ഒടുക്കിയവരുമുണ്ട്. ജമ്മു കശ്മീര്‍, ഉത്തര്‍പ്രദേശ്, മഹാ രാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് അത്തരം വാര്‍ത്തകള്‍ വന്നിരുന്നു. പൗരത്വ നിയമ ഭേദഗതിയെത്തുടര്‍ന്ന് പൗരത്വനഷ്ടം ഭയന്ന് ജീവനൊടുക്കിയവരുമുണ്ടായിരുന്നു. ഭയം മരണകാരണമാവുന്നതിന്റെ മനഃശാസ്ത്രമെന്താണ്? ഭയത്തെക്കുറിച്ചു നമ്മുടെ വിശ്വാസം എന്തു പറയുന്നുണ്ട്? കൃത്യമായ ആലോചനയിലൂടെ ഈ ഭയാന്തരീക്ഷത്തില്‍നിന്ന് മാറിനില്‍ക്കാനാവും. ഭൂമുഖത്ത് വിദേശിയും വഴിയാത്രക്കാരനുമായി കഴിഞ്ഞു പോകേണ്ട വിശ്വാസി, പരലോകത്തെയാണ് കാത്തിരിക്കുന്നത്. ഇതൊരു കാത്തിരിപ്പു കേന്ദ്രം മാത്രമെന്ന് വിചാരിക്കുന്ന ഒരാളെ ജീവിതത്തിന്റെ പ്രതസന്ധികള്‍ കാട്ടി ആര്‍ക്കാണ് പേടിപ്പിക്കാന്‍ കഴിയുക.
ഇസ്‌ലാം ആത്മഹത്യയെ മഹാ അപരാധമായി ഗണിക്കുന്നു. അപരഹത്യ പോലെ നിതീകരിക്കാന്‍ കഴിയാത്തതാണ് സ്വയംഹത്യയും. കാരണം മനുഷ്യന്‍ ഒന്നിന്റെയും പരമാധികാരിയല്ല, സ്വന്തം ശരീരത്തിന്റെ പോലും. താത്കാലിക അധികാരി മാത്രമാണ് മനുഷ്യന്‍. പരമാധികാരം അല്ലാഹുവില്‍ നിക്ഷിപ്തമാണ്. ആത്മഹത്യക്ക് നരകശിക്ഷയുണ്ടെന്ന ഒരു നബിവചനമുണ്ട്. ശരീരത്തിന് മരണം വിധിച്ച അതേ വിധേന നരകത്തില്‍ ശിക്ഷിക്കപ്പെടുമെന്ന ഹദീസ് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നുണ്ട്.

Share this article

About എന്‍ ബി സിദ്ദീഖ് ബുഖാരി

View all posts by എന്‍ ബി സിദ്ദീഖ് ബുഖാരി →

Leave a Reply

Your email address will not be published. Required fields are marked *