ഇടതുകൈ അറിയാതെ

Reading Time: 4 minutes


അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ച്, ഭൗതികമായ യാതൊരു ലാഭേച്ഛകളും താല്‍പര്യങ്ങളുമില്ലാതെ പൂര്‍ണമായ നിഷ്‌കളങ്കതയോടെ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ സത്കര്‍മമാണ് ദാനധര്‍മങ്ങളും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളും. പാവപ്പെട്ടവര്‍, അനാഥര്‍, അഗതികള്‍, രോഗികള്‍, ഭവനരഹിതര്‍ തുടങ്ങിയവരിലേക്ക് നീളേണ്ട കാരുണ്യത്തിന്റെ പ്രവാഹമാണത്. മുസ്‌ലിംകളെ സംബന്ധിച്ച് പ്രബോധനരംഗത്തെ അടവുനയമോ, അതിനുള്ള പാലം പണിയലോ ആയിപോലും ഈ സേവന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ മാറാന്‍ പാടില്ലെന്ന നിര്‍ബന്ധമുണ്ട്. മതപ്രചാരണത്തിന്റെയും മിഷനറിയുടെയും ഭാഗമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ടാകും. പക്ഷേ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനു മനുഷ്യനോടും പ്രപഞ്ചത്തോടുമുള്ള കടമയായി മാത്രമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഗണിക്കാന്‍ കഴിയൂ.
സേവന രംഗത്ത് വിശ്വാസികള്‍ സജീവമാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി വിശുദ്ധ ഖുര്‍ആനും മുത്തുനബിയും(സ്വ) വിശദമായി തന്നെ സംസാരിക്കുന്നുണ്ട്. മുത്തുനബി(സ്വ) പറഞ്ഞു, അബുഹുറയ്‌റ(റ) നിവേദനം: ”സൂര്യന്‍ ഉദിക്കുന്ന ഓരോ ദിവസവും മനുഷ്യന്റെ സന്ധികളുടെ ഓരോ എണ്ണമനുസരിച്ച് അവര്‍ ധര്‍മം ചെയ്യേണ്ടതുണ്ട്. ഒരാളെ അവന്റെ വാഹനത്തില്‍ കയറാന്‍ സഹായിക്കലും അവന്റെ ഉപകരണങ്ങള്‍ അതിന്മേല്‍ എടുത്തുവെക്കലും ധര്‍മമാണ്. വഴിയില്‍നിന്ന് ഉപദ്രവമുള്ള വസ്തുക്കള്‍ നീക്കിക്കളയലും ധര്‍മമാണ്.” (ബുഖാരി 5226, മുസ്‌ലിം: 1009) അബൂഹുറയ്‌റ(റ) നിവേദനം: നബി(സ്വ) അരുളി: ”ഒരു മനുഷ്യന്‍ നടന്നുപോകുമ്പോള്‍ ഒരു മുള്ളിന്റെ കൊമ്പ് വഴിയിലേക്ക് തൂങ്ങിനില്‍ക്കുന്നതു കണ്ടു. അയാള്‍ അത് മുറിച്ചുമാറ്റിയതിനാല്‍ അല്ലാഹു അദ്ദേഹത്തോട് നന്ദിരേഖപ്പെടുത്തുകയും അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും ചെയ്തു.” (ബുഖാരി: 2472, മുസ്‌ലിം: 1914) ഇത്രമാത്രം മഹത്തരവും പ്രാധാന്യവും കൊണ്ടാണ് നിഷ്‌കളങ്കമായി വിശ്വാസികള്‍ ഈ രംഗത്ത് കൂടുതല്‍ സജീവമാകുന്നതും പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് തന്നെ ഒരേയൊരു ലക്ഷ്യം വെച്ച് കൊണ്ടുള്ള അല്ലാഹുവിന്റെ പ്രീതി മാത്രമായികൊണ്ടുള്ളതായിരിക്കണം അവന്റെ പ്രവര്‍ത്തനങ്ങള്‍.
എന്നാല്‍ ഇന്ന് ചാരിറ്റിയുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും മറവില്‍ നടക്കുന്നതെന്താണ്. വൃത്തികെട്ടതും നാണിപ്പിക്കുന്നതുമായ എന്തെല്ലാം കോമാളിത്തരങ്ങളാണ് ഈ രംഗത്ത് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരുതരം പ്രകടനപരതയുടെയും തനിക്കോ തന്റെ കൂടെയുള്ളവര്‍ക്കോ പേരെടുക്കാന്‍ മറ്റുള്ളവരുടെ അഭിമാനം തന്നെ ക്ഷതപ്പെടുത്തുന്നതിന്റെയും വൃത്തികെട്ട അവകാശവാദങ്ങളുടെയും അനാരോഗ്യകരമായ മത്സരങ്ങളുടെയും വേദിയായി ഇപ്പോള്‍ ഈ രംഗം മാറിക്കഴിഞ്ഞിരിക്കുന്നു.
പ്രശസ്തിക്കും പ്രകടനപരതക്കും വേണ്ടിയുള്ള എല്ലാതരം പ്രവര്‍ത്തനങ്ങളും ഇസ്‌ലാം കര്‍ശനമായി വിലക്കിയത് കാണാം. ഖുര്‍ആന്‍ പറയുന്നു ‘സത്യവിശ്വാസികളേ, കൊടുത്തത് എടുത്ത് പറഞ്ഞും ഗുണഭോക്താവിനു ദ്രോഹമുണ്ടാക്കിയും ദാനധര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയരുത്; അല്ലാഹുവിലും പരലോകത്തും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവു ചെയ്യുന്നവനെപ്പോലെ. മിനുസമുള്ള ഒരു പാറയുടെ മുകളില്‍ അല്‍പം മാത്രമായി വിതറിയ മണ്ണ് പോലെയാണ് അവന്റെ അവസ്ഥ. ആ പാറമേല്‍ കനത്ത മഴ പതിച്ചു. മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അത്തരക്കാര്‍ക്ക് അധ്വാനിച്ചതിന്റെ യാതൊരു ഫലവും അനുഭവിക്കാന്‍ കഴിയുകയില്ല. സത്യനിഷേധികളായ ജനതയെ അല്ലാഹു നേര്‍വഴി നടത്തുകയില്ല (അല്‍ ബഖറ 264). പ്രകടനപരതയെ ശിര്‍ക്കിനോളം കഠിനമായ ശിക്ഷയായി ഗണിച്ചതായി പ്രവാചക വചനങ്ങളില്‍ കാണാം. അഥവാ ചെറിയ ശിര്‍ക്ക് എന്നാണു വിശേഷിപ്പിച്ചത്. കാപട്യം, പ്രകടനപരത, പരപ്രശംസാമോഹം എന്നിവയാണ് രിയാഅ് എന്ന പദത്തിന്റെ ഭാഷാര്‍ഥം.
എത്ര തരം മഹത്തരമായ പ്രവര്‍ത്തനത്തെയും മുണ്ഡനം ചെയ്യുന്ന ഏര്‍പ്പാടാണ് പ്രകടനപരത. ആളുകള്‍ കാണണം, എന്നെയോ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സംഘത്തെയോ പ്രശംസിക്കണം, എടുത്തുപറഞ്ഞു ആദരവുകള്‍ വാരിക്കൂട്ടണം എന്നീ ചിന്തകളിലൂടെ പ്രവര്‍ത്തിക്കുന്ന എല്ലാ കര്‍മങ്ങളും നിഷ്ഫലമാണെന്നു നബി(സ്വ) മൂന്നു ഉദാഹരണങ്ങളിലൂടെ നമ്മെ ബോധയപ്പെടുത്തുന്നുണ്ട്. ഇസ്‌ലാം നമ്മോട് ആവശ്യപ്പെടുന്ന നിഷ്‌കളങ്കതക്ക് (ഇഖ്‌ലാസ്) നേര്‍വിപരീതമാണത്.
മൂന്ന് വിഭാഗമാളുകളെ പരലോകത്ത് വിചാരണക്ക് കൊണ്ടുവരുന്ന രംഗം ഒരിക്കല്‍ നബി വിവരിക്കുകയുണ്ടായി. ഒരാള്‍ രക്തസാക്ഷിത്വം വരിച്ചയാളാണ്. അല്ലാഹു അയാള്‍ക്ക് നല്‍കിയ സവിശേഷമായ അനുഗ്രഹങ്ങളെ അയാള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും. അയാള്‍ അതെല്ലാം തിരിച്ചറിയും. എന്നിട്ട് ആ അനുഗ്രഹങ്ങളുടെ കാര്യത്തില്‍ നീ എന്ത് ചെയ്തു എന്ന് അല്ലാഹു ചോദിക്കും. അയാള്‍ ഇങ്ങനെ പറയും: ‘അല്ലാഹുവേ, ഞാന്‍ നിന്റെ മാര്‍ഗത്തില്‍ ധീരോദാത്തമായി പോരാടി. അങ്ങനെ ഞാന്‍ രക്ഷസാക്ഷിത്വം വരിച്ചു.’ ‘നീ പറഞ്ഞത് കളവാണ്. എന്നാല്‍ നീ യുദ്ധം ചെയ്തത് ധീരനെന്ന ഖ്യാതിക്ക് വേണ്ടിയായിരുന്നു. അത് ആളുകള്‍ പറഞ്ഞിട്ടുണ്ട്’ എന്നായിരിക്കും അപ്പോള്‍ അല്ലാഹു പറയുക. എന്നിട്ടയാളെ മുഖം നിലത്തുകൂടെ വലിച്ച് കൊണ്ടുവന്ന് നരകത്തിലേക്കെറിയും. മറ്റൊരാള്‍ വിജ്ഞാനം കരസ്ഥമാക്കി. അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. അയാളോടും റബ്ബിന്റെ അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കും. എന്നിട്ട് അതില്‍ എന്ത് ചെയ്തു എന്ന് ചോദിക്കും. അറിവ് പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക്പഠിപ്പിച്ചുകൊടുക്കുകയും ചെയ്തത് അയാള്‍ പറയും. എന്നാല്‍ അല്ലാഹു അത് സ്വീകരിക്കാതെ അയാളെയും നരകത്തിലെറിയും. കാരണം അയാള്‍ ചെയ്തത് റബ്ബിന്റെ പ്രീതിയും പ്രതിഫലവും ലക്ഷ്യംവെച്ചായിരുന്നില്ല. മറിച്ച് പണ്ഡിതനെന്ന പേരും പ്രശസ്തിയും ആഗ്രഹിച്ചുകൊണ്ടായിരുന്നു. മൂന്നാമത് അല്ലാഹു ധാരാളം സമ്പത്ത് നല്‍കിയ ഒരാളെയും കൊണ്ടുവരും. അനുഗ്രഹങ്ങള്‍ അയാളെ ഓര്‍മിപ്പിക്കുകയും ആ മാര്‍ഗത്തില്‍ എന്ത് ചെയ്തു എന്ന് ചോദിക്കുകയും ചെയ്യും. അയാളുടെയും പ്രയത്‌നങ്ങള്‍ ലോകമാന്യത്തിന് വേണ്ടിയായതിനാല്‍ അവ സ്വീകരിക്കാതെ അയാളെയും നരകത്തിലേക്ക് വലിച്ചെറിയുമെന്ന് നബി (സ്വ) വിശദീകരിച്ചു. (അഹ്മദ്, മുസ്‌ലിം, നസാഈ)
ഈ പറഞ്ഞതില്‍ നിന്നൊക്കെ ഇസ്‌ലാം ഏറ്റവും വെറുക്കുന്ന കടുത്ത പാപമാണ് പ്രകടനപരത. ഇന്ന് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ പ്രകടനപരത വരുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ഇന്ന് നടക്കുന്ന സേവന പ്രവര്‍ത്തനങ്ങളില്‍. ഈ കൊറോണ കാലത്തും കഴിഞ്ഞ പ്രളയകാലത്തും നാം ഇത് കണ്ടു. ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ടു ആരുടേയും പ്രശംസാവചനങ്ങള്‍ക്ക് കാത്തുനില്‍ക്കാതെയും പ്രവര്‍ത്തിക്കുന്നവര്‍ ഒരുപാടുണ്ട്. അവരെയൊന്നുമല്ല ഇവിടെ പ്രതിപാദ്യം.
ഒരിക്കല്‍ ഒരു രോഗിയെ ചില സന്നദ്ധ സേവകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ട് പോവുകയാണ്. അയാളെ മുഴുവന്‍ പൊതിഞ്ഞിട്ടുണ്ട്. ഡോക്ടറും നേഴ്‌സും കൂടെയുണ്ട്. ഓക്‌സിജന്‍ ബാഗ് ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുമായാണ് അദ്ദേഹത്തെ കൊണ്ട് പോകുന്നത്. ആ മനുഷ്യനെ എയര്‍പോര്‍ട്ടില്‍ വെച്ച് ക്ലിപ്പ് എടുത്തു അദ്ദേഹത്തിന്റെ നാവ് കൊണ്ട് തങ്ങളാണ് ഇത് ചെയ്തത് എന്ന് പറയിപ്പിച്ച സന്നദ്ധ സേവകരെയും നാം കണ്ടു. വിറച്ചു വിറച്ചു സംസാരം പോലും പുറത്തു വരാന്‍ പറ്റാത്ത സാഹചര്യത്തിലും തങ്ങള്‍ ചെയ്ത സേവനം ആ രോഗിയുടെ നാവിലൂടെ അയാളുടെ അവസ്ഥയിലൂടെ തന്നെ പൊതുജനത്തെ അറിയിക്കാന്‍ കാണിച്ച ഈ വികാരത്തെ എന്ത് പേരിട്ടാണ് നാം വിളിക്കേണ്ടത്?
ഈ കോവിഡ് കാലത്ത് ഇത്തരത്തിലുള്ള എത്രതരം വീഡിയോകള്‍ നാം കണ്ടു. ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം നടത്തിയ എല്ലാ സഹോദരങ്ങളെയും ആദരിക്കുന്നു. പക്ഷേ നമ്മുടെ ലക്ഷ്യം മാറിപ്പോകുന്നത് നാം പോലും അറിയുന്നുണ്ടാകില്ല. ഒരാള്‍ തന്റെ ഭാര്യ മരിച്ചിട്ട് നാട്ടിലേക്ക് പോവുകയാണ്. എത്രമാത്രം ദുഃഖവും മാനസിക സംഘര്‍ഷവും ഉടലെടുത്തുകൊണ്ടായിരിക്കണം അയാളുടെ യാത്ര. നാട്ടിലേക്കുള്ള യാത്ര തരപ്പെടുത്തി കൊടുത്ത സേവനമനസ്‌കര്‍ വലിയ പ്രശംസാവഹമായ കാര്യം തന്നെയാണ് ചെയ്തത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ആ മനുഷ്യനുമായി ‘അഭിമുഖം’ നടത്തി ആ വീഡിയോ ലോകം മുഴുവന്‍ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ നാം അര്‍ഥമാക്കിയത്? ആ മനുഷ്യന്റെ അഭിമാനത്തിനു നാം എത്ര മാത്രം വിലയാണ് നല്‍കിയത്.
നാം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് നന്മയും ദുഃഖങ്ങളില്‍ ആശ്വാസവുമായാണ് ആയിത്തീരേണ്ടത്. ഓരോരുത്തരും നേരിടുന്ന വിഷമാവസ്ഥയില്‍ അവര്‍ക്ക് സഹായം കിട്ടുമ്പോള്‍ നാം ആവശ്യപ്പെടുന്ന എന്തും ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകും. ആരും ആവശ്യപ്പെടാതെ സഹായം ചെയ്തു തന്നവര്‍ക്ക് നന്ദി പറഞ്ഞു സ്വന്തം ഇഷ്ടത്താല്‍ അവര്‍ പറയുന്നതാണെങ്കില്‍ അതില്‍ തെറ്റൊന്നും പറയാനില്ല.
എന്നാല്‍ പി ആര്‍ വര്‍ക്കിന്റെ ഭാഗമായി തങ്ങള്‍ ചെയ്തു തന്ന സേവനത്തിനു നന്ദി പറഞ്ഞു വീഡിയോ ചെയ്തു തരണം, വോയ്‌സ് തരണം, ഫോട്ടോ എടുക്കണം എന്നൊക്ക പറഞ്ഞു അത് മുഴുവന്‍ സോഷ്യല്‍ മീഡിയയകളിലൂടെ പ്രസിദ്ധം ചെയ്യുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മാനസികപ്രയാസവും അഭിമാന ക്ഷതത്തെക്കുറിച്ചും നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമുക്കും നാം പ്രതിനിധാനം ചെയ്യുന്നവര്‍ക്കും കുറഞ്ഞ നാളത്തേക്ക് അത് പ്രസിദ്ധിയിലേക്കുള്ള വാതായനങ്ങളായിത്തീര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ ഒരു കുടുംബത്തിന്റെ ജീവിതാവസാനം വരെ നീറുന്ന വേദനയായി അത് മാറുന്നുണ്ടെങ്കില്‍ നാം ചെയ്യുന്നതിന്റെ പുണ്യം പിന്നെവിടെയാണ് നമുക്ക് ലഭിക്കുക.
റമളാന്‍ റിലീഫിന്റെ ഭാഗമായി എല്ലാ വര്‍ഷവും അരിവിതരണം നടത്തി വരുന്ന സംഘാടകര്‍ ഈ വര്‍ഷം പരിപാടി ഒന്ന് കേമമാക്കണമെന്നു തീരുമാനിച്ചു. നൂറു ചാക്ക് അരിവിതരണം ചെയ്യുമ്പോള്‍ പരിപാടി കേമമാക്കണമല്ലോ. പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന അരി വിതരണ ഉദ്ഘാടനം ചെയ്യുന്നതിന് സ്ഥലത്തെ എംഎല്‍എയെ തന്നെ ക്ഷണിച്ചു. ഇനി അരി സ്വീകരിക്കാന്‍ ആളെ കിട്ടണം. കണ്ടെത്തി. സ്ഥലത്തെ പ്രധാന കുടുംബത്തിലെ ചെറിയ രോഗങ്ങള്‍ കൊണ്ടൊക്കെ പ്രയാസപ്പെടുന്ന ഒരു വ്യക്തിയെ അതിനു ശട്ടം കെട്ടി. അദ്ദേഹം സമ്മതിച്ചു. അരിവിതരണം കെങ്കേമമായി നടന്നു. അരിവിതരണം ഉദ്ഘാടനം ചെയ്തു അരി സ്വീകരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോഴാണ് ആ കുടുംബം ഇതറിയുന്നത്. രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സഹോദരനെ യാതൊരു വിധ അല്ലലും അലട്ടലുമില്ലാതെ പൊന്നുപോലെ നോക്കുന്ന സഹോദരങ്ങള്‍ക്കത് വല്ലാത്ത വേദനയായി. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. സഹായം നമുക്ക് നല്‍കാം. പക്ഷേ അത് സ്വീകരിക്കുന്നവരുടെ അഭിമാനത്തിന് നാം എത്രമാത്രം വിലകല്പിക്കുന്നുണ്ട്?
സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കപ്പെടാം. പക്ഷേ ഇന്ന് നടക്കുന്ന മത്സരങ്ങള്‍ എന്താണ്? ഓരോരുത്തരും തങ്ങളാണ് വലിയ സേവനം ചെയ്യുന്നവര്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന എന്തെല്ലാം നാടകങ്ങളാണ് നാം കാണുന്നത്. മറ്റൊരു സംഘടന ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പോലും തങ്ങളുടേതാക്കി മാറ്റാന്‍ ചിലര്‍ നടത്തിയ ആള്‍മാറാട്ടങ്ങളും നാടകങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നു. എന്തിനു വേണ്ടിയാണ് ഈ നാണംകെട്ട മത്സരങ്ങള്‍? ആരെ ബോധിപ്പിക്കാനാണ്? മറ്റുള്ളവര്‍ ചെറിയവരും തങ്ങളാണ് മൊത്തം സേവന പ്രവര്‍ത്തനങ്ങളുടെ കുത്തകയെന്നും ആളുകളെ ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തുനേട്ടമാണ് നേടിത്തരിക.
അവകാശവാദങ്ങളും തര്‍ക്കങ്ങളും മത്സരങ്ങളും കൊണ്ട് മലീമസപ്പെടേണ്ട മേഖലയല്ല ഇത്. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ഥമായി ചെയ്യുക. തന്റെ പ്രവര്‍ത്തനം മൂലം ഒരാളുടെ ദുഃഖമെങ്കിലും അകറ്റാന്‍ കഴിഞ്ഞല്ലോ എന്ന സംതൃപ്തിയിലാണ് അതിന്റെ പുണ്യം. അത് മറ്റുള്ളവര്‍ അറിയാനും ആളുകള്‍ തന്നെ പ്രശംസിക്കാനും ആദരിക്കാനും കാരണമാകണെമന്ന ചിന്ത വരുന്നത് തന്നെ മനസിന്റെ രോഗമാണ്. അത് വരാതെ നോക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്.
എന്നാല്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞും അതിന്റെ മാഹാത്മ്യം മനസിലാക്കിയും ആരെങ്കിലും പ്രശസ്തരാകുന്നുവെങ്കില്‍ അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല. അത് അര്‍ഹിക്കുന്ന അംഗീകാരമാണ്. എന്നാല്‍ പ്രശസ്തിക്ക് വേണ്ടി എഴുതിക്കാനും പിആര്‍ വര്‍ക്ക് നടത്താനും ആളെ കൊണ്ട് നടക്കുന്നവര്‍ ഈ മേഖലയോട് കാണിക്കുന്നത് മഹാ അപരാധം തന്നെയാണ്.
പ്രകടനപരത ഏറുന്തോറും മാനുഷികത കുറഞ്ഞുവരുന്നു. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും ഏറ്റവും വലിയ അധഃപതനമാണിത്. സമൂഹത്തില്‍ ബലപ്പെട്ടുവരുന്ന ഈ തിന്മ എതിര്‍ക്കപ്പെടേണ്ട ദുരാചാരമാണ്. തടയപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ വഷളാകാനിടയുള്ള അവസ്ഥ. നുണകള്‍കൊണ്ട് നിറക്കപ്പെട്ട കുറെ പ്രവര്‍ത്തനങ്ങളുടെ കൂട്ടം മാത്രമായി ഇപ്പോള്‍ സേവനപ്രവര്‍ത്തനങ്ങള്‍ മാറുന്നുണ്ടോ? ആത്മീയതയിലൂന്നിയ പ്രവര്‍ത്തനത്തില്‍ മാത്രമേ ആത്മാര്‍ഥത നിറഞ്ഞു നില്‍ക്കുകയുള്ളൂ. ആത്മീയത നഷ്ടപ്പെട്ട ഒരു സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ അപകടകരമായ ലക്ഷണങ്ങളാണ് നാം ഈ മേഖലയിലും കണ്ടുകൊണ്ടിരിക്കുന്ന പതനം.
മറ്റു സംഘടനയെക്കാള്‍ ഞങ്ങളാണ് കേമന്മാരെന്നു വരുത്തിത്തീര്‍ക്കാന്‍, വ്യകതികളെക്കാളും പ്രസ്ഥാനങ്ങളെക്കാളും തങ്ങളാണ് മുന്നിലെന്ന് അവതരിപ്പിക്കാന്‍, തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരിയായ സേവനപ്രവര്‍ത്തനം മറ്റുള്ളതൊക്കെ നാടകങ്ങളാണ് എന്ന ജല്‍പനങ്ങള്‍, നന്മ മരങ്ങളുടെ ജനനവും പ്രസിദ്ധിയും എല്ലാം ഇന്ന് നാം ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്നു. മാറ്റം ചിന്തിക്കേണ്ടതും അതിനനുസരിച്ചു പ്രവര്‍ത്തിക്കേണ്ടതും നാം തന്നെയാണ്.
നബി തിരുമേനി (സ്വ) പറഞ്ഞു, ‘നിങ്ങളി ല്‍ ഞാന്‍ ഏറ്റവും ഭയപ്പെടുന്ന കാര്യമാണ് ചെറിയ ശിര്‍ക്ക്’ അനുയായികള്‍ ചോദിച്ചു ‘അല്ലാഹുവിന്റെ ദൂതരെ, എന്താണ് ചെറിയ ശിര്‍ക്ക്?’ നബി (സ്വ) പറഞ്ഞു. ‘അന്ത്യനാളില്‍ ജനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കി കഴിഞ്ഞാല്‍ ആളുകളെ കാണിക്കാന്‍ വേണ്ടി കര്‍മങ്ങള്‍ ചെയ്തവരോട് അല്ലാഹു പറയും, ‘ഇഹലോകത്ത് ആരെയാണോ നിങ്ങള്‍ കാണിച്ചുകൊണ്ടിരുന്നത്. അവരുടെ അടുത്തേക്ക് ചെല്ലൂ, അവരുടെ അടുക്കല്‍ നിന്ന് വല്ല പ്രതിഫലവും നിങ്ങള്‍ക്ക് കിട്ടാനുണ്ടോ എന്ന് നോക്കൂ.’
എത്രമാത്രം ഗൗരവമായ മുന്നറിയിപ്പാണ് നബിതങ്ങള്‍ നമുക്ക് നല്‍കിയിരിക്കുന്നത്. കൃത്യമായ ലക്ഷ്യബോധത്തോടെ ആത്മീയ ഭാവത്തോടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നമുക്ക് മുന്നോട്ടുപോകാം.

Share this article

About സയ്യിദ് ഹുസൈന്‍ വാടാനപ്പള്ളി

View all posts by സയ്യിദ് ഹുസൈന്‍ വാടാനപ്പള്ളി →

Leave a Reply

Your email address will not be published. Required fields are marked *