ഇഐഎ, എന്‍ഇപി വാണിജ്യ-വരേണ്യവല്‍കരണം

Reading Time: 3 minutes

പ്രത്യക്ഷ പ്രധിഷേധങ്ങള്‍ക്ക് കഴിയാത്ത നിലവിലെ സാഹചര്യത്തെ മുതലെടുത്ത് ലോക് ഡൗണ്‍ സമയത്ത് പ്രഖ്യാപിതമായ രണ്ട് പ്രധാന വിജ്ഞാപനങ്ങളായിരുന്നു ഇഐഎ കരടും ദേശീയ വിദ്യാഭ്യാസ നയവും. ചര്‍ച്ചകളും ആലോചനകളും ഏറെ വേണ്ടിവരുന്ന ഇത്തരം നയങ്ങള്‍ ധൃതിപിടിച്ച് നടപ്പിലാക്കാന്‍ ഒരുങ്ങുന്നു എന്നത് അത്ര നിഷ്‌കളങ്കമല്ല. ഭൂരിപക്ഷവും അധികാരവും കൈയിലുളളവര്‍ പാഠ്യപദ്ധതിയില്‍ തങ്ങളുടെ പ്രത്യയശാസ്ത്രവും താല്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനും മൂലധന ശക്തികളുമായി കൂട്ട് ചേര്‍ന്ന് പരിസ്ഥിതിയെ ചൂഷണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ എല്ലാ കാലത്തും നടന്നിട്ടുണ്ട്. ആധിപത്യഭരണകൂട താത്പര്യങ്ങളെ സ്വീകരിക്കാന്‍ പാകപ്പെടുത്തുക എന്നതാണ് ഇതിന്റെയൊക്കെ പിന്നില്‍.

ഇഐഎ കരട്
വിജ്ഞാപനത്തിന്
പിന്നില്‍
ഒരു വികസന/ നിര്‍മാണ പ്രൊജക്ടിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ വിശകലനം ചെയ്യുന്നതിനായി രൂപപ്പെടുത്തിയ ഒരു കൂട്ടം ചട്ടങ്ങള്‍ ആണ് പരിസ്ഥിതി ആഘാത പഠനം (Environmental Impact Assessment). പദ്ധതിയുടെ ഗുണ-ദോഷങ്ങള്‍ പരിശോധിച്ച് മലിനീകരണത്തിനോ പ്രകൃതിയിലെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതിനോ പ്രകൃതി വിഭവങ്ങള്‍ കളങ്കപ്പെടുത്തുന്നതിനോ കാരണമാക്കുന്ന ഘടകങ്ങളെ കണ്ടെത്തി നടപടികള്‍ കൈക്കൊള്ളുക എന്നതാണ് ഇത്തരം പഠനങ്ങളുടെ ലക്ഷ്യം. പരിസ്ഥിതി ജനകീയ സമരങ്ങള്‍ നിരവധി നടന്നിട്ടുള്ള കേരളത്തില്‍ സൈലന്റ് വാലി, മാവൂര്‍ ഗോളിയോര്‍ റയോണ്‍സ്, എന്‍ഡോസള്‍ഫാന്‍, വിളപ്പില്‍ ശാല, ആറന്മുള തുടങ്ങിയ ജനകീയ സമരങ്ങളിലെല്ലാം പാരിസ്ഥിതികവും ജനകീയവുമായ പക്ഷത്ത് നിന്നുകൊണ്ടുള്ള വിജയം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഒന്നായിരുന്നു ഇഐഎ.

ഇഐഎയും
പരിസ്ഥിതിസംരക്ഷണവും
1986ല്‍ കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണ നിയമം (ഇപിഎ) കൊണ്ടു വന്നു. ഇപിഎ ആക്ടിന് കീഴില്‍ 1994ലാണ് ആദ്യമായി പരിസ്ഥിതി ആഘാത പഠനത്തിനുളള പെരുമാറ്റചട്ടം പുറത്തുവരുന്നത്. ഈ കാലഘട്ടം, ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും പ്രാഥമിക പ്രക്രിയകള്‍ നടന്നുകൊണ്ടിരുന്നസമയമായിരുന്നു. വ്യാവസായികാവശ്യങ്ങള്‍ക്കും വികസനാവശ്യങ്ങള്‍ക്കും കൂടുതലായി പ്രകൃതി വിഭവങ്ങളെ പങ്കിട്ടെടുക്കുന്ന കാലം. ഇതിനായി ഒരു നിയമം എന്ന രൂപത്തില്‍ കൂടിയാണ് വിഭവങ്ങളെ തുല്യമായി പങ്കുവെക്കാനുള്ള ഉപാധിയായി ഇഐഎ മാറുന്നത്. എന്നുവെച്ചാല്‍, പൂര്‍ണമായും പരിസ്ഥിതി സംരക്ഷണം എന്ന ആശയത്തില്‍ മാത്രമല്ല ഇഐഎ രൂപപ്പെട്ടത്. കോര്‍പറേറ്റുകളെ കൂടുതല്‍ സഹായിക്കാനുള്ള ഒരു നിയമ രൂപീകരണം മാത്രമായിരുന്നു. എന്നാല്‍ പോലും വിഭവങ്ങളെ പങ്കുവേക്കുന്നിടത്ത് സ്വാഭാവികമായി വന്ന ചിലനിയന്ത്രണങ്ങളായിരുന്നു ഈ നിയമത്തിന്റെ പ്രത്യേകത. അതുകൂടി ഇല്ലാതാക്കുകയാണ് പുതിയ കരട് വജ്ഞാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. മോശമായ ഒരു നിയമത്തെ കൂടുതല്‍ മോശമായ ഒരു നിയമമാക്കിമാറ്റുന്നു എന്നര്‍ഥം.

വിജ്ഞാപനത്തിനു
പിന്നിലെ താത്പര്യങ്ങള്‍
പരിസ്ഥിതി നിയമത്തിന്റെ മുഴുവന്‍ ചട്ടക്കൂടുകളും തകര്‍ക്കും വിധം ഇഐഎ മാറ്റിയെഴുതുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. വികസനത്തിന്റെ മറപിടിച്ച് ജനകീയ പ്രധിരോധങ്ങളെ ഇല്ലാതാക്കാനും ഉയര്‍ന്നുവരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കാനും ഭേതഗതി എന്ന പേരില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളോട് നടത്തുന്ന ഒരു കൊടും ചതി എന്നാണ് ഇതിനെ വിശേഷിപ്പിക്കാവുന്നത്. ഒരു സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പരസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയും അതിനു ചുറ്റും കഴിയുന്ന മനുഷ്യര്‍ക്കും പ്രകൃതിക്കും ഭംഗം ഉണ്ടാകുന്നില്ല എന്ന എന്‍വിറോണ്‍മെന്റല്‍ ക്ലിയറന്‍സ് ലഭിക്കുകയും വേണമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഒരു പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേവലം ഒരു അപേക്ഷ കൊടുത്താല്‍ മാത്രം മതി. കാര്യമായ അന്വേഷണമോ പരിശോധനയോ ഇല്ലാതെ ഓണ്‍ലൈനായി അനുമതി ലഭ്യമാകുകയും ചെയ്യും. ലാഭകണ്ണുകളോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഏതൊരു കോര്‍പറേറ്റ് സ്ഥാപനത്തിനും ജനകീയ പ്രതിരോധങ്ങളെ ഭയപ്പെടാതെ ഏത് പരിസ്ഥിതി ലോല പ്രദേശങ്ങളിലും എത്രവലിയ സ്ഥാപനങ്ങളും കെട്ടിപ്പൊ ക്കാനുമാകും. ഇത് ഏറെ അപകടകരമാണ്. കണ്‍മുന്നില്‍ വായുവും മണ്ണും ജലവുമെല്ലാം മലിനപ്പെടുമ്പോഴും നിശബ്ദമായി സഹിച്ചുകഴിയേണ്ടി വരുന്ന അവസ്ഥയോളം ഭീകരമായ മറ്റൊരു ദുരന്തമില്ല. അടുത്തിടെ വിശാഖ പട്ടണത്ത് ദുരന്തം വിതച്ച എല്‍ജി പോളിമറിന് പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നില്ല എന്നതും ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.
പാരിസ്ഥിതിക അനുമതി തേടേണ്ടത് 20,000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ ചുറ്റളവുള്ള കെട്ടിടങ്ങളായിരുന്നു. പുതിയ മാറ്റപ്രകാരം ഇത് 1,50,000 ആയി ഉയര്‍ത്തി. അതായത് നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങളെ അമ്പത് ശതമാനത്തോളം മടങ്ങ് വര്‍ധിപ്പിച്ചാലും പാരിസ്ഥിതിക അനുമതിക്കായി പിന്നെയും അധികാരികളെ സമീപിക്കേണ്ടതില്ല. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണിതെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. നാല്‍പ്പതിലേറെ പദ്ധതികള്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലാത്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ബി2 എന്ന ഒരു വിഭാഗം കൂടി പുതിയ വിജ്ഞാപനത്തിലുണ്ട്. നയതന്ത്ര പദ്ധതികള്‍ എന്ന് പേരിട്ടുവിളിച്ചാണ് പല പദ്ധതികളെയും ഒഴിവാക്കിയത്.
പ്രദേശത്തെ സാധാരണക്കാര്‍ക്കുണ്ടാകുന്ന ആശങ്കകളെ പരിഹരിക്കാന്‍ നിലവിലുള്ള പബ്ലിക് ഹിയറിംഗുകള്‍ ഇല്ലാതാകുന്നു എന്നതാണ് മറ്റൊരു വിഷയം. പ്രശ്‌നം അവതരിപ്പിക്കാനുള്ള സമയം 30തില്‍ നിന്ന് 20 ദിവസമാക്കി ചുരുക്കുകയും വീഡിയോ കോണ്‍ഫ്രന്‍സ് വഴിയും പബ്ലിക് ഹിയറിംഗ് നടത്താം എന്നതുമാണ് പുതിയ ഭേദഗതി. തെറ്റായ വികസന നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരങ്ങളും ആലോചനകളും തന്നെയാണ് ഇത്രയെങ്കിലും രാജ്യത്തെ പരിസ്ഥിതിയെ പിടിച്ചുനിര്‍ത്തുന്നത്. അത് കൂടി ഇല്ലാതാക്കുന്നു എന്ന് മാത്രമല്ല തെരുവിലിറങ്ങുന്ന ജനതയെ അടിച്ചമര്‍ത്താന്‍ നിയമത്തിന്റെ പിന്‍ബലം കൊണ്ട് തന്നെ അധികാരികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കഴിയും. ഇത് പരിസ്ഥിതി വിരുദ്ധം എന്നതിനപ്പുറം ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് മേലുള്ള ഭരണകൂട കൈകടത്തലുകളാണ്. പരസ്യങ്ങളുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും ഭരണകൂടത്തെയും കോര്‍പ്പറേറ്റ് താത്പര്യങ്ങളേയും സംരക്ഷിക്കുന്ന അവസ്ഥയാണുള്ളത്.

ദേശീയ വിദ്യാഭ്യാസ നയം
മുന്നോട്ട് വെക്കുന്നത്
the destiny of india is being shaped in our class room ഇന്ത്യയുടെ ഭാവി അതിനകത്തുള്ള ക്ലാസ്മുറികളിലാണെന്നാണ് ഡോ. കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങുന്നത്. ഓരോ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും വികാസങ്ങള്‍ക്കും ആവശ്യമായ കാഴ്ചപ്പാടുകളാണ് വിദ്യാഭ്യാസത്തിന്റെ നിര്‍വചനങ്ങളായി മാറുന്നത്. അതിനാല്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്നതിനെ സ്വാഗതം ചെയ്യേണ്ടതാണ്. എന്നാല്‍ 2020 ജൂലൈ 29ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ അവതരിപ്പിച്ച ദേശീയവിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിലേക്കുള്ള ഹിന്ദുത്വ അജണ്ടകളുടെ ധൈഷണികമായ കടന്നുകയറ്റമായി സംശയിക്കുന്ന തരത്തിലുള്ളതാണ്. വിദ്യാര്‍ഥികള്‍ മോദി ഭരണകൂടത്തിന്റെ പ്രതിപക്ഷത്തായിരുന്നു എന്നത് കൂടെ ഈ നയത്തോട് ചേര്‍ത്ത് വായിക്കണം. സുബ്രമണ്യന്‍ റാവു കമ്മീഷന്റെ നേതൃത്വത്തില്‍ 2016 മുതല്‍ പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ച് രാജ്യത്ത് ചര്‍ച്ചയുണ്ട്. പിന്നീട് കസ്തൂരിരംഗന്‍ കരട് റിപ്പോര്‍ട്ടിന്മേല്‍ വീണ്ടും പഠനം നടത്തി ഒരു റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചു. കോര്‍പ്പറേറ്റുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിര്‍മിച്ച റിപ്പോര്‍ട്ടെന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഒട്ടേറെ ഭാഷാ സംസ്ഥാനങ്ങള്‍ നിലവിലുണ്ടായിരിക്കെ വിദ്യാഭ്യാസനയം പോലെ ഏറ്റവും അടിസ്ഥാനപരമായ ഒന്നിനെ കേവലം രണ്ട് ഭാഷകളില്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത് എന്നതും ദുരൂഹമാണ്. മാത്രവുമല്ല ഒരു ഫെഡറല്‍ സംവിധാനം നിലവിലുള്ള രാജ്യത്ത് സംസ്ഥാനങ്ങളുമായോ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥി സംഘടനകള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതു സമൂഹം എന്നിവരുമായൊക്കെ ചര്‍ച്ചക്ക് തയാറാകാതെ ഏകപക്ഷീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുകയും ചെയ്യുന്നതില്‍ അപാകമുണ്ട്.

റിപ്പോര്‍ട്ടിലെ അശാസാത്രീയത
ശിശുമനഃശാസ്ത്രത്തിലേയും ആധുനിക ബോധന ശാസ്ത്രത്തിലേയും പദാവലികളെ കൊണ്ട് സമ്പന്നമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസ രംഗത്ത പുരോഗമന ചിന്തകളിലാണ് ഈ നയം കെട്ടിപ്പടുത്തതെന്ന് വരുത്തിതീര്‍ക്കുകയും ഭരണകൂട താത്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ഥികളെ പാകപ്പെടുത്തുകയും ചെയ്യുകയാണ് നയത്തിന്റെ അന്തസത്ത. തീര്‍ത്തും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും അശാസ്ത്രീയ രീതിശാസ്ത്രങ്ങളുമാണ് ഇതില്‍ നിലനില്‍ക്കുന്നത്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പൊതു പരീക്ഷയും ഒമ്പത് മുതല്‍ പ്ലസ്ടു വരെ സെമസ്റ്റര്‍ സിസ്റ്റവും ഏര്‍പ്പെടുത്തുന്നതോടെ ആറുമാസകാലയളവില്‍ പഠനഭാരം വര്‍ധിക്കുകയും പരീക്ഷകളുടെ ആധിക്യമുണ്ടാകുകയും ചെയ്യും.
വിദ്യാഭ്യാസ മേഖലയിലും ഗവേഷണ മേഖലയിലുമുള്ള അന്തിമ ചര്‍ച്ചകളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് റോളുകളില്ലെന്നും പ്രധാനമന്ത്രിയടങ്ങുന്ന ഒരു ബോഡിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് എന്ന് വരുന്നതും ജാഗ്രതയോടെ കാണണം. റിസര്‍ച്ച് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പുതിയ നയത്തില്‍ ഗവേഷണം രാജ്യതാത്പര്യത്തിനനുസരിച്ചായിരിക്കണം എന്ന് പറഞ്ഞുവെക്കുന്നുണ്ട്. ഗവേഷകരുടെ അന്വേഷണങ്ങളെ ഭരണകൂട താത്പര്യത്തിനനുസരിച്ച് വിധേയപ്പെടുത്തുക എന്നുള്ളത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടക്കുന്ന ഒരു തരത്തിലുള്ള ധൈഷണിക ആക്രമണമാണ്. രാജ്യത്തെ ദളിതരും മാറ്റിനിര്‍ത്തപ്പെട്ടവരുമായ വിഭാഗങ്ങളെ നിങ്ങളുടെ ഗവേഷണത്തിന്റെ ഭാഗമായ ചര്‍ച്ചകളിലേക്ക് കടന്നുവരേണ്ടതില്ല എന്ന് പരോക്ഷമായി പറയുകയാണ് കേന്ദ്ര സര്‍ക്കാര്‍. ആദ്യം സംസ്ഥാന ലിസ്റ്റിലും അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധി കണ്‍കറന്റ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയ വിദ്യഭ്യാസം പൂര്‍ണമായും യൂണിയന്‍ ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുകയാണ് മോദി സര്‍ക്കാര്‍.

ഹിന്ദുത്വ അജണ്ടയുടെ
ഒളിച്ചുകടത്തല്‍
നാഗ്പൂരിലെ ആര്‍എസഎസ് അനുകൂല സംഘടനയായ റിസര്‍ച്ച് ആന്റ് റിസര്‍ജന്‍സ് ഫൗണ്ടേഷന്‍ 2018ല്‍ വിദ്യാഭ്യാസ മന്ത്രാലയം തിരിച്ചുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടിരുന്നു. നാല്‍പതിലധികം സെമിനാറുകള്‍ ആര്‍എസ്എസ്സും മറ്റു സംഘപരിവാര്‍ സംഘടനകളും വിവിധ ഇടങ്ങളില്‍ പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും അതിലുയര്‍ന്നുവന്ന നിര്‍ദേശങ്ങളെ സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദേശങ്ങളെ ക്രോഡീകരിക്കുകമാത്രമാണ് ആണവ ശാസ്ത്രജ്ഞന്‍ കൂടിയായ കസ്തൂരിരംഗന്‍. 1986ലെ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ പാരമ്പര്യവുമായി ചേര്‍ന്നുപോകുന്നില്ലെന്നും ഭാരതത്തിന്റെ മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിനകത്ത് ഉള്‍ചേര്‍ന്നിട്ടില്ലെന്നുമായിരുന്നു അവരുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. എന്നാല്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ എന്നപേരില്‍ വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണ്യത്തിന്റെ ആശയങ്ങളാണെന്ന് ആര്‍ക്കും മനസിലാകും. സംസ്‌കൃതമടക്കുമുള്ള വരേണ്യ ഭാഷകള്‍ക്ക് നല്‍കുന്ന അമിത പ്രാധാന്യവും രാജ്യത്തിന്റെ ചരിത്ര പാഠങ്ങളിലെ കൃത്യമായ അഴിച്ചുപണിയും പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും.
രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളെ മറികടന്നുകൊണ്ട് കൂടിയാലോചനകളില്ലാതെ ഏകപക്ഷീയഅടിച്ചേല്‍പ്പിക്കലുകളായി നിയമങ്ങള്‍ മാറുന്നതോടെ ഏകശിലാത്മകമായ ഒരു രാഷട്രത്തിന്റെ നിര്‍മാണത്തിനുള്ള ഹിന്ദുത്വ അജണ്ടകളുടെ പൂര്‍ത്തീകരണമാണ് നടക്കുന്നത്. വിദ്യാഭ്യാസം പരിസ്ഥിതി പോലുള്ള അടിസ്ഥാന വിഷയങ്ങളില്‍ പോലും ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോകുന്നത് ഒരു രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ഏറെ ദോഷകരമായി ബാധിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല.

Share this article

About ഫാത്തിമ സദീദ ഐക്കരപ്പടി

View all posts by ഫാത്തിമ സദീദ ഐക്കരപ്പടി →

Leave a Reply

Your email address will not be published. Required fields are marked *