കോവിഡിനൊപ്പമുള്ള പുതിയ ആലോചനകള്‍

Reading Time: 4 minutes

ശബീറലി: കോവിഡ് കാലം അസാധാരണമായ ജീവിതക്രമത്തെയാണ് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളിലുള്ള പ്രത്യക്ഷമായ മാറ്റങ്ങള്‍തന്നെ പ്രകടമാകുന്നു. വരുംകാലത്തെ ലോക ക്രമത്തെ ഇത്തരം മാറ്റങ്ങള്‍ ഏത് രീതിയില്‍ സ്വാധീനിക്കുമെന്നത് ഇഴകീറി ചര്‍ച്ചചെയ്യേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. മനുഷ്യന്റെ സ്വഭാവവിശേഷണത്തില്‍ പോലും ഇന്ന് വലിയ മാറ്റം വന്നുകഴിഞ്ഞു. ‘മച്ചാനെ.. മാമന്‍ 2.കെ അടിച്ചല്ലോ’ എന്നായിരുന്നു കേരളത്തില്‍ രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആഗസ്ത് 19ന് വൈകുന്നേരം കണ്ടുമുട്ടിയ ഒരു വിദ്യാര്‍ഥിയുടെ പ്രതികരണം. ഇന്‍സ്റ്റഗ്രാം ലൈക്കുകളുടേയും വാട്സാപ്പ് വ്യൂവേഴ്സിന്റെയും കണക്കുകളെ സൂചിപ്പിക്കുന്നതിലേക്ക് ചേര്‍ത്ത്‌കൊണ്ട് കോവിഡിന്റെ എണ്ണത്തെ സമീകരിക്കാന്‍ ഇന്നവര്‍ക്ക് കഴിയുന്നു എന്നാണ് ഇതില്‍ നിന്നൊക്കെ മനസിലാകുന്നത്.
നജ്മുദ്ദീന്‍: വിദ്യാഭ്യാസ രംഗത്തും തൊഴില്‍ മേഖലയിലും മാത്രമല്ല, കോവിഡ് കാലം എല്ലാ ഇടത്തും വലിയ മാറ്റങ്ങളുണ്ടാക്കി എന്നുതന്നെ പറയേണ്ടി വരും. കോവിഡാനന്തരം എന്നൊരു വാക്കുപയോഗിച്ചിരുന്ന നമ്മള്‍ കോവിഡിനോടൊപ്പം എന്നതിലേക്ക് ഇന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ നമ്മുടെ ആരോഗ്യം എന്നത് നമ്മുടേത് മാത്രമായിരുന്നതില്‍ നിന്ന് അത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമായി മാറികഴിഞ്ഞു. ഇവിടെ വിദ്യാര്‍ഥികളെയും യുവാക്കളെയുമൊക്കെ നിരന്തരമായ ചര്‍ച്ചകള്‍ക്കുള്ള വിഷയമാക്കി മാറ്റേണ്ടിവരുന്നുണ്ട്. ഈ ഓണ്‍ലൈന്‍വത്കരണത്തെ വിദ്യാര്‍ഥികളും സമൂഹവുമൊക്കെ എങ്ങനെയാണ് സ്വീകരിച്ചത് എന്നതൊരു കൗതുകമുള്ള കാര്യമാണ്. ഓണ്‍ലൈന്‍ ക്ലാസിന്റെയൊക്കെ പരീക്ഷണത്തിന്റെ ഒരു ഘട്ടം അവസാനിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഇവരുടെയൊക്കെ അനുഭവങ്ങളെ കൃത്യമായി പഠിക്കേണ്ടതുണ്ട്.
ശബീറലി: തീര്‍ച്ചയായും ഇതൊരു പൈലറ്റ് സ്റ്റഡിപോലെയാണ് നടന്നത്. കാരണം പത്തോ പതിനഞ്ചോവര്‍ഷമെടുത്തുകൊണ്ട് നിര്‍വഹിക്കപ്പെടേണ്ട ഒരു മാറ്റത്തെ ദ്രുതഗതിയില്‍ അപാരമായ ഒരു ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചു എന്നത് ഏറെ അഭിനന്ദനാര്‍ഹം തന്നെയാണ്. കേരളത്തിന്റെ ഗ്രാമാന്തരീക്ഷത്തിലേക്കും, എന്തിനതികം നമ്മുടെയൊക്കെ അടുക്കളയിലേക്ക് വരെ ഓണ്‍ലൈന്‍വത്കരണത്തിന്റെ ഇടപെടലുകള്‍ എത്തിയിട്ടുണ്ട്.
നജ്മുദ്ദീന്‍: പാരമ്പര്യമായി അനുവര്‍ത്തിച്ചുവരുന്ന ഒരു ഘടനയെ വിപൂലീകരിക്കുക അല്ലെങ്കില്‍ പുനഃക്രമീകരിക്കുക എന്നതിനപ്പുറം വിദ്യാഭ്യാസ രംഗത്ത് മുന്‍മാതൃകകളില്ലാത്ത വിധമുള്ള പുതിയ പരീക്ഷണങ്ങള്‍ക്ക് ഈ ഘട്ടത്തെ ഉപയോഗിക്കാനാകും എന്നത് തന്നെയാണ് പ്രത്യേകത. വിദ്യാഭ്യാസ രംഗത്ത് പത്താം ക്ലാസ്, പ്ലസ്ടു, ഡിഗ്രി പോലുള്ള വിവിധ ഘട്ടങ്ങള്‍ കഴിഞ്ഞുനില്‍ക്കുന്നവരും ഇതുപോലെ ഒരു പരീക്ഷണവസ്തുക്കളാണ്. മുന്‍കഴിഞ്ഞവരുടെ പാതകളില്‍ നിന്ന് വ്യത്യസ്തമായി ഒരു പുതിയ വഴിയിലൂടെ സഞ്ചരിക്കേണ്ടിവരികയും ഇവരെ വരുംകാല വിദ്യാര്‍ഥികള്‍ മാതൃകയായി സ്വീകരിക്കുകയും ചെയ്യും. വരുംകാലത്ത് പൂര്‍ണമായും ഓണ്‍ലൈനിലേക്ക് വിദ്യാഭ്യാസ രംഗം കേന്ദ്രീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓണ്‍ലൈന്‍ കാലത്ത് നമ്മള്‍ അനുഭവിച്ച പരിമിതകളെകൂടി കൃത്യമായി അഡ്രസ് ചെയ്തുകൊണ്ട് പോകേണ്ടതുണ്ടെന്ന് തോന്നുന്നു.
ശബീറലി: ഒരു മണിക്കൂറ്കൊണ്ട് ഓഫ്ലൈന്‍ കാലത്ത് എടുത്തിരുന്ന ചാപ്റ്ററുകള്‍ 20 മിനുട്ടിലേക്കും പത്ത് മിനുട്ടിലേക്കും ചുരുങ്ങി ഒരു ക്യാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് നല്‍കുന്നത്.
നജ്മുദ്ദീന്‍: ചിലപ്പോഴെക്കെ പറയാറുണ്ട്, ഈ ഒരു കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഒരുപാട് ഒഴിവു സമയങ്ങള്‍ ലഭിക്കുന്നു, ഏകാന്തമായിരുന്നുകൊണ്ട് വായനയും പഠനവുമൊക്കെ നടക്കുമെന്നൊക്കെ. എന്നാല്‍ വിദ്യാര്‍ഥികളെ സംബന്ധിച്ച് സാമൂഹികമായ ഒരു ഇടത്തില്‍ ശബ്ദമുഖരിതമായ ഒരു അന്തരീക്ഷത്തില്‍ പരസ്പരം ചേര്‍ന്നുനിന്നുകൊണ്ട് ജീവിക്കുന്നവരായിരുന്നു. ഇപ്പോള്‍ പുറത്ത് ഒരു സാമൂഹിക ജീവിതം പൂര്‍ണമായു നിലക്കുകയും ബഹളങ്ങളില്ലാതാകുകയും ചെയ്യുന്നതിലൂടെ അകത്തിരുന്നുകൊണ്ട് എങ്ങനെയാണ് അവര്‍ ഏകാന്തതയെ ആസ്വദിക്കുക എന്നൊരു ചോദ്യമുയരുന്നുണ്ട്. സോഷ്യല്‍ ലൈഫില്ലാത്ത ഒരു പേഴ്സനല്‍ ലൈഫിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് സങ്കല്‍പിക്കാനാകുന്നില്ല. അപ്പോഴും സാമൂഹ്യമാധ്യങ്ങള്‍ സജീവമായി നിലനില്‍ക്കുന്നത് ഈ പ്രശ്നത്തെ വലിയ ഒരളവില്‍ പരിഹരിക്കാനാകുന്നു എന്നത് വാസ്തവം തന്നെ. അതോടോപ്പം വീടുകള്‍ക്കകത്ത് ഒതുക്കിയിരുത്തിയ വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദവും നമ്മള്‍ ഏറെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ശബീറലി: പഠനരംഗത്ത് വന്ന മറ്റൊരു മാറ്റം പഴയകാലത്തെ അപേക്ഷിച്ച് എല്ലാവരും പഠിക്കാന്‍ തയാറാകുന്നു എന്നത് തന്നെയാണ്. അതുകൊണ്ട്തന്നെ പഠന മേഖല വലിയൊരു മത്സരാധിഷ്ഠിതമായ ഒരു ലോകമായി ഇന്ന് മാറിയിട്ടുണ്ട്. തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയുള്ള അന്വേഷത്തില്‍ നിന്നും ഇത് കൃത്യമായി ബോധ്യപ്പെടും. ഓര്‍മയില്‍ വരുന്നത് 2014 -15 ലെ കമ്പനി അസിസ്റ്റന്റ് പരീക്ഷയുടെ ഒരു കട്ട് ഓഫ് റെഞ്ച് 44- 45 ആയിരുന്നു. 2018ലേക്ക് എത്തുമ്പോഴേക്ക് ഇത് 74- 75ലേക്ക് എത്തുന്നു. മത്സരിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ഏറെ പ്രതീക്ഷയാണ്. അതൊടൊപ്പം ഇവര്‍ക്കെല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടോ എന്നതില്‍ അത്രതന്നെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
നജ്മുദ്ദീന്‍: കോഴ്സുകള്‍ സെലക്ട് ചെയ്യുന്നിടത്തും ഈ മാറ്റം പ്രകടമാണ്. ഏറ്റവും നല്ലത് സയന്‍സ് എന്ന പൊതുബോധത്തിന്റെ നിര്‍മിതിയില്‍ നിന്നൊക്കെ മാറി വിദ്യാര്‍ഥികള്‍ തന്നെ അവര്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കുന്നതിലേക്ക് എത്തി എന്നുള്ളത് ഏറെ പ്രസക്തമാണ്. എന്റെ ഒരു അനുഭവത്തില്‍ തന്നെ മുഴുവന്‍ ഓപ്ഷനും ഹ്യുമാനിറ്റീസ് കൊടുത്തിട്ടും പത്താക്ലാസില്‍ കുറച്ച് മാര്‍ക്ക് ലഭിച്ചു എന്നതിന്റെ പേരില്‍ സയന്‍സാണ് നിങ്ങളൊക്കെ പഠിക്കേണ്ടത് എന്ന് അധ്യാപകര്‍ പോലും പറയുകയും അതിലേക്ക് മാറ്റുകയും ചെയ്യുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ പാഴായിപ്പോയ രണ്ടുവര്‍ഷം എന്നല്ലാതെ മറ്റൊന്നും അതിലില്ല. അതായത് നമ്മുടെ സ്വന്തമായ തിരഞ്ഞെടുപ്പിന് ആസമയത്ത് പ്രസക്തി ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി വിട്ടുകൊടുക്കുന്നു എന്നത് പ്രതീക്ഷയാണ്. എന്നാല്‍ പോലും ഇപ്പോഴും വിദ്യാര്‍ഥികള്‍ എന്നത് ഒരു പണം കായ്ക്കുന്ന മരങ്ങളാണ് എന്നുകരുതുന്ന രക്ഷിതാക്കളും ഉണ്ട്.
നജ്മുദ്ദീന്‍: രാജ്യത്തെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷനായ കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ട് ആരംഭിക്കുന്നത് തന്നെ ഒരു രാജ്യം നിര്‍മിക്കപ്പെടുന്നത് അതിനകത്തുള്ള ക്ലാസ്മുറികളില്‍ നിന്നാണ് എന്നു പറഞ്ഞുകൊണ്ടാണ്. ഇത്തരത്തിലുള്ള സാമൂഹികമായ ആലോചനകളിലേക്ക് വിദ്യാര്‍ഥികള്‍ കൂടുതലായി കടന്നുവരേണ്ടതുണ്. പ്രത്യേകിച്ചും കോവിഡ്കാലത്ത്. നമ്മളല്ലാത്ത, അപരനെക്കുറിച്ചുള്ള ആലോചനകള്‍ നമ്മില്‍ നിന്ന് ഉണ്ടായിവരണം അപ്പോഴാണ് നാം സാമൂഹിക പ്രതിബദ്ധതയുളള ഒരു വിഭാഗമാകുന്നത്.
ശബീറലി: ചഋജയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ഇടപെടലുകള്‍ എത്രമാത്രം ഉണ്ടായി എന്നത് ചര്‍ച്ച തന്നെയാണ്. എങ്കില്‍ അടുത്തിടെ ഭരണകൂടം തയാറാക്കിയ പരിസ്ഥിതി വിരുദ്ധമായ ഇഐഎ ഭേദഗതി വിജ്ഞാപനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധിച്ചതില്‍ വിദ്യാര്‍ഥികള്‍ വലിയ റോള്‍ വഹിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു.
നജ്മുദ്ദീന്‍: ഇഐഎ വിഷയത്തില്‍ കോര്‍പറേറ്റുകളോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന് ഒരിക്കലും ഒരു വലിയ സ്പേസ് നല്‍കി വിഷയം ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയില്ല എന്നത് തീര്‍ച്ചയാണ്. ഒപ്പം ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്തകളും അജണ്ടകളും ട്രന്റുകളും സ്വീകരിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ നിന്നാണ്. ഫായിസിനെയൊക്കെ അവരേറ്റെടുക്കുന്നത് അങ്ങനെയാണല്ലോ. ഒരു പക്ഷേ സാമൂഹികമാധ്യമങ്ങള്‍ക്കകത്ത് ട്രന്റാകുന്നത് ഒരു വാര്‍ത്തക്കുള്ള കനമില്ലാത്തതാണെങ്കില്‍ പോലും അതുകൊടുക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം പോലും ഇന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ക്കുള്ള സ്വാധീനം അത്രമാത്രമാണ്.
ശബീറലി: സമര രീതികള്‍ ഓണ്‍ലൈന്‍ പ്ലാ റ്റ്‌ഫോമിലേക്ക് മാറുന്ന അവസരങ്ങളില്‍ അതിന്റെ മൂര്‍ച്ച നഷ്ടപ്പെടുന്നുണ്ടോ അല്ലെങ്കില്‍ അതിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നുണ്ടോ എന്നുള്ളതൊക്കെ വലിയൊരു സംശയമായി ബാക്കി നില്‍ക്കുന്നു. കീഴാള വര്‍ഗത്തിന്റെ സമരങ്ങളൊക്കെ വരേണ്യ വര്‍ഗം ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ചില പ്രതിസന്ധികള്‍.
നജ്മുദ്ദീന്‍: സമരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനകത്തേക്ക് വരുമ്പോള്‍ അതിലുണ്ടാകുന്ന വലിയ സാധ്യത മുഖ്യധാര മാധ്യമങ്ങളടക്കമുള്ളതിനെ ഈ സമരത്തിന്റെ ഭാഗമാക്കി മാറ്റാന്‍ കഴിയും എന്നുള്ളതാണ്. തെരുവുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ രണ്ടായിരം ദിവസത്തിലധികമായി നടന്നുകൊണ്ടിരിക്കുന്ന ഒരു സമരം ഇന്നുവരെ ഒരു മുഖ്യധാരാ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഇതെല്ലാം സോഷ്യല്‍ മീഡിയകളിലേക്ക് കൂടുതലായി വരുന്നതോടെ അവരും ഇത്തരം സമരങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകും എന്നതാണ് വസ്തുത. ഫ്രഞ്ചുവിപ്ലവം മുതല്‍ ലോകം മാറ്റിമറിച്ച വിപ്ലവ സമരങ്ങളിലെല്ലാം വിദ്യാര്‍ഥികള്‍ നിര്‍വഹിച്ച സാന്നിധ്യം വളരെ വലുതാണ്. അതുകൊണ്ടാണ് ഫാഷിസ്റ്റുകളുടെ മുഖ്യപ്രതിപക്ഷത്ത് എപ്പോഴും വിദ്യാര്‍ഥികള്‍ കടന്നുവരുന്നത്. എന്തുകൊണ്ടാണ് വിദ്യാര്‍ഥികള്‍ ഇങ്ങനെ സമരരംഗത്തേക്ക് എടുത്തിറങ്ങുന്നത് എന്ന് നോക്കുമ്പോള്‍ മനസിലാക്കുന്നത് ഒരു ഉദ്യോഗസ്ഥനാണെങ്കില്‍ അയാളുടെ/അവളുടെ ഉദ്യോഗം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടാകും. അധികാരത്തിലിരിക്കുന്നവരാണെങ്കില്‍ അവരുടെ അധികാരത്തെ എങ്ങനെ ബാധിക്കും എന്ന് പേടിയുണ്ടാകും. ഇനി ഒരു ബിസ്‌നസുകാരനാണെങ്കില്‍ അവരുടെ ബിസ്‌നസിനെ ഇതേതുരൂപത്തില്‍ ബാധിക്കും എന്ന് ആലോചിക്കേണ്ടിവരും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് മുകളില്‍ ആകാശം താഴെ ഭൂമി എന്നതുമാത്രമാണ് ആലോചിക്കാനുള്ളത്. ഇതൊരു വലിയ സാധ്യതയാണ്. ഈ സാധ്യതയെ കാംപസിനകത്തുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് എങ്ങനെയണ് ഊര്‍ജമായി ഉപയോഗപ്പെടുത്താന്‍ പറ്റുന്നത് എന്ന് അന്വേഷിക്കേണ്ടതുണ്ട്.
ശബീറലി: വിദ്യാര്‍ഥികളുടെ ഊര്‍ജത്തെക്കുറിച്ച് പറയുമ്പോള്‍ രചനാപരമായും സാഹിത്യപരമായും ഉള്ള കഴിവുകളെ, സ്പെസിഫിക് ആയി പറഞ്ഞാല്‍ കാംപസ് മാഗസിനുകളെ ചിട്ടപ്പെടുത്തുന്നിടത്ത് അതിന്റെ ഒരു വ്യാപ്തി നമുക്ക് ദര്‍ശിക്കാനാകും. 1966ലാണ് കെ.ജി ശങ്കരപ്പിള്ള കൊല്ലത്തെ എസ്എന്‍ കോളേജില്‍ പഠിക്കുന്നത്. അന്നദ്ദേഹം പറഞ്ഞത്, എന്റെ ഡ്യൂട്ടി എഡിറ്ററാവുക, എഡിറ്റോറിയലുകള്‍ എഴുതുക, എഡിറ്ററല്ലാതാകുക എന്നീ മൂന്ന് ക്രമത്തിലൂടെയാണ് മുന്നോട്ട് പോകുന്നത് എന്നതാണ്. അതില്‍ നിന്നൊക്കെ മാറി കാംപസ് മാഗസിനുകള്‍ ഒരു എഴുത്തിന്റെ രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
നജ്മുദ്ദീന്‍: വിദ്യാര്‍ഥികള്‍/യുവാക്കള്‍ക്കിടയില്‍ രാഷ്ട്രീയത്തോട് ഒരു വിരക്തി വരുത്തുന്നതില്‍ മുഖ്യധാര കക്ഷിരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയൊരു പങ്കുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. പൊതുവിലുള്ള ഒരു സംസാരത്തില്‍ പോലും ഒരു പദ്ധതിയോട് അല്ലെങ്കില്‍ ഒരു വികസനത്തോട് ഏതെങ്കിലും തരത്തില്‍ യോജിച്ചോ വിയോജിച്ചോ സംസാരിച്ചാല്‍ ഉടനടി അവര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യം നിങ്ങളുടെ രാഷ്ട്രീയമെന്താണ് എന്നുള്ളതാണ്. ആ സമയം നമ്മുടെ രാഷ്ട്രീയ നിലപാടുകളെ കൃത്യമായി പറഞ്ഞുകൊടുത്താല്‍ പോലും അവര്‍ തൃപ്തരല്ല, പിന്നെയും അവര്‍ ചോദിക്കുക, നിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടി ഏതാണെന്ന്. ഈ ചോദ്യം വരുന്നത് ചോദിക്കുന്ന ചോദ്യത്തിനുള്ള പ്രതികരണം എന്നതിലപ്പുറം നിങ്ങളും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ എന്ന് സമീകരിക്കാന്‍ വേണ്ടിയാണ്. അതായത് അവര്‍ക്ക് യഥാര്‍ഥ രാഷ്ട്ട്രീയത്തിന്റെ ഭാഗമായി ഇതൊന്നേും പറയാനറിയില്ല എന്നുതന്നെയാണ്. ഈ ഒരു ഘട്ടത്തിലാണ് യുവാക്കളില്‍ നേരിന്റെ രാഷ്ട്രീയം എന്താണെന്ന് കൃത്യമായി പറഞ്ഞുകൊടുക്കേണ്ടത്. കോവിഡ് കാലത്ത് പോലും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലിരിക്കുന്നവര്‍ പോലും പറയാറുള്ളത് ഇവിടെ രാഷ്ട്രീയം പറയരുത്, ഇതില്‍ രാഷ്ട്രീയം കളിക്കരുത് എന്നൊക്കെയാണ്.
ശബീറലി: രാഷ്ട്രീയവും രാഷ്ട്രീയ കാഴ്ചപ്പാടുകളും എങ്ങനെ ആകണം എന്നതിനെക്കുറിച്ച് സമൂഹത്തിന്റെ മുഖ്യധാരയില്‍ തന്നെ നല്ല ആലോചനകളും സംവാദങ്ങളും ഇനിയും നടക്കേണ്ടതുണ്ട്. പ്രത്യേകിച്ച് രാജ്യം ഏകശീലാത്മകമായ ഒരു അന്തരീക്ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ അതിനകത്തിരുന്ന് വിപ്ലവത്തിന് കോപ്പുകൂട്ടേണ്ട വിദ്യാര്‍ഥികളില്‍ അരാഷ്ട്രീയത വരുന്നതിനെ ഗൗരവത്തോടെ കാണാന്‍ നമുക്കാകണം. അതും വിദ്യാര്‍ഥികള്‍ക്ക് മേല്‍ ഭരണകൂടത്തിന്റെ നിരീക്ഷണകണ്ണുകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന കാലമാണിത് എന്നോര്‍ക്കണം.
നജ്മുദ്ദീന്‍: 24/25 വയസുള്ള ഒരു വ്യക്തിയെ കാണുമ്പോള്‍ ആദ്യം തന്നെ ചോദിക്കുന്നത് നിങ്ങളുടെ വിവാഹമെന്തായി എന്നതാണ്. അവരുടെ പഠനം, കരിയര്‍, തൊഴില്‍ എന്നതിനെകുറിച്ചുള്ള ചോദ്യങ്ങള്‍ കടന്നുവരുന്നതേയില്ല. എങ്കില്‍ പോലും ചിലയിടങ്ങളില്‍ കാണുന്ന മാറ്റങ്ങള്‍ പ്രതീക്ഷനല്‍കുന്നതാണ്. പ്രത്യേകിച്ച് സയന്‍സ് എന്ന ഒരു സ്ട്രീമിലേക്ക് മാത്രം ഒതുങ്ങിയിരുന്ന, അതൊരു സ്റ്റാറ്റസിന്റെ പ്രതീകമായിരുന്ന കാലത്ത് നിന്നും മാറി ഒരു പേഴ്സണല്‍ സെലക്ഷനിലേക്ക് അതില്‍ തന്നെ മാനവിക വിഷയങ്ങള്‍ക്ക് നല്ലപരിഗണന നല്‍കികൊണ്ടുതന്നെ മാറിവരുന്നുണ്ട്. തൊഴില്‍ രംഗത്തും ഇതിന്റെ ഗുണപരമായ പ്രതിഫലനം ഭാവിയില്‍ ദര്‍ശിക്കാനാകും. അതോടൊപ്പം അവരവരുടെ സ്വത്വം നിലനിര്‍ത്തികൊണ്ടു കാംപസിനകത്തും പുറത്തുമൊക്കെ എല്ലാ അപകര്‍ഷകത്വത്തില്‍ നിന്നും പുറത്തുകടക്കാന്‍ പുതിയ തലമുറ ശ്രമിക്കുന്നു. വസ്ത്രധാരണയിലാണെങ്കിലും ആശയ ആദര്‍ശങ്ങളിലാണെങ്കിലും എല്ലാം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ സന്നദ്ധരാണ്. അതുപോലെതന്നെയാണ് ആഡംഭരമില്ലാതെ ഒരു സാധാരണ വ്യക്തിയായി ജീവിക്കുക എന്നത് വിദ്യാര്‍ഥി ജീവിതത്തിലെ ഒരു ട്രന്റാണിന്ന്.
ശബീറലി: അപകര്‍ഷകത്വത്തെ പറയുമ്പോള്‍ കാംപസിനകത്ത് മതജീവിതം നയിക്കുക എന്നുള്ളത് പഴഞ്ചനായും മാറ്റിനിര്‍ത്തപ്പെട്ടവരായും കണക്കാക്കിയിരുന്ന ഒരു കാലഘട്ടത്ത ില്‍ നിന്ന് അതെല്ലാം ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിക്കുകയും വേഷവിധാനങ്ങളിലും ആശയാദര്‍ശങ്ങളിലും പൂര്‍ണമായും വിശ്വാസിയായി ജീവിക്കുകയും അത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കാണുകയും ചെയ്യുന്നതാണ് പുതിയകാല കാംപസുകള്‍.
മതമില്ലാത്ത ജീവന്‍ എന്നതിനപ്പുറം മതമുള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു ജീവനെ കാംപസുകള്‍ ആവിഷ്‌കരിക്കുന്നുണ്ട്. നിലവില്‍ നമ്മള്‍ ഉള്ള ഇടത്തില്‍ നിന്നുകൊണ്ട്തന്നെ അക്കാദമിക് രംഗത്തും സാമൂഹിക സാംസ്‌കാരിക രംഗത്തും പരമാവധി എത്തിപ്പിടിക്കാനാകും എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. മതേതര സമൂഹത്തിന് ഒരു കാംപസ് നല്‍കിക്കൊണ്ടിരിക്കുന്ന വലിയൊരു ജനാധിപത്യസന്ദേശംകൂടിയാണിത്. അതോടൊപ്പം പുരോഗമനത്തിന്റെ ഇടങ്ങളെന്ന് വിശേഷിപ്പിക്കുന്ന മുഖ്യധാര ചര്‍ച്ചകളില്‍ നിന്നും മാധ്യമ ചര്‍ച്ചകളില്‍ നിന്നൊക്കെ മൂല്യങ്ങള്‍ നഷ്ടപ്പെടുകയും വാര്‍ത്തകള്‍ കേവലമായി വാര്‍ത്തെടുക്കുന്ന വാസ്തവങ്ങള്‍ നഷ്ടപ്പെട്ട ചവറുകളായിമാറുന്ന കാഴ്ചയും മറുഭാഗത്തുണ്ട്.
നജ്മുദ്ദീന്‍: വിദ്യാര്‍ഥികളുടെ കോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടന്നാല്‍, ഒന്നുകൂടി സ്പെഷലൈസ് ചെയ്യുക എന്നതിലേക്ക് എല്ലാവരും ഏറെക്കുറെ എത്തികഴിഞ്ഞു. ഒരുപാട് ഗുണങ്ങളും അതു പോലെ ചില പരിമിതികളും ഇതിനുണ്ടെന്ന് തോന്നുന്നു. ഈ സ്പെഷലൈസേഷനു പിന്നിലെ തിരഞ്ഞെടുപ്പാണ് ഏറെ രസകരം. ഒരു പ്രത്യേക സാഹചര്യത്തില്‍ അന്താരാഷ്ട്ര മാര്‍കറ്റില്‍ ഏറ്റവുമധികം ജോലി സാധ്യത കൈവന്ന മേഖലകള്‍, ഏതെങ്കിലും സിനിമകളില്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന ജോലികള്‍ ഇങ്ങനെയൊക്കെ കോഴ്സ് സെലക്ട് ചെയ്യുന്ന രീതി ഇന്ന് നിലവിലുണ്ട്.
ശബീറലി: അതെ, കേരളത്തില്‍ വളരെ കുറഞ്ഞ തൊഴലവസരങ്ങളുള്ളതും ഒരു കോളേജുപോലുമില്ലാത്തതുമായ ബിഎസ്‌സി ഫോറന്‍സിക് സയന്‍സ് പഠിക്കാന്‍ ഒരു സിനിമക്ക് ശേഷം എല്ലാവരും കൂടി തിരക്ക് കൂട്ടിയിരുന്നു.

Share this article

About ഷബീറലി പയ്യനാട്, നജ്മുദ്ദീന്‍ സി.കെ

View all posts by ഷബീറലി പയ്യനാട്, നജ്മുദ്ദീന്‍ സി.കെ →

Leave a Reply

Your email address will not be published. Required fields are marked *