പണമുണ്ടായിട്ട് കാര്യമുണ്ട്

Reading Time: 4 minutes

സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനമായ ഒന്നാണ്. സ്വന്തമായി ജീവിക്കാനും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും ഒരാള്‍ക്ക് സാധ്യമാകുന്നത് വലിയൊരു സൗഭാഗ്യവുമാണ്. ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു മനുഷ്യനും നിശ്ചിതയളവില്‍ സമ്പത്തിനെ ആശ്രയിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്റെ നിലനില്‍പ്പ് തന്നെ സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറഞ്ഞാലും തെറ്റില്ല. ഒന്നുമില്ലാത്തവന്‍ പട്ടിണികിടന്ന് മരിച്ചുപോകുമല്ലോ. ദരിദ്രരാഷ്ട്രങ്ങളില്‍ പരകോടികള്‍ മരിച്ചുവീഴുന്നത് സമ്പത്തിന്റെ കുറവ് കൊണ്ടു മാത്രമാണ്. ഖുര്‍ആന്‍ സമ്പാദ്യത്തെ ഇങ്ങനെയാണ് പരിചയപ്പെടുത്തിയത്: ‘നിങ്ങളുടെ നിലനില്പിന്റെ ആണിക്കല്ലായ സമ്പാദ്യം നിങ്ങള്‍ വിഡ്ഢികളെ ഏല്‍പ്പിക്കരുത്’ (നിസാഅ്/5). ജീവനോപാധി മാത്രമല്ല സമ്പത്ത്. മനുഷ്യന്റെ മതപരമായ ഒരാവശ്യവും കൂടിയാണത്. സകാത്ത് നല്‍കാനും ഹജ്ജ് ചെയ്യാനും മതപഠനങ്ങള്‍ നടക്കാനും മറ്റെല്ലാ ദീനീപ്രവര്‍ത്തനങ്ങള്‍ക്കും സമ്പത്ത് വളരെ അനിവാര്യമാണ്. പ്രവാചകരുടെ (സ്വ) കാലത്തുതന്നെ ദീനീപ്രബോധനത്തിലും പ്രചാരണത്തിലും സമ്പന്നരുടെ സ്വാധീനം വളരെ ശക്തമായിരുന്നത് ഇതുകൊണ്ടാണ്. പണം കൊണ്ട് ധൂര്‍ത്തടിച്ചിരുന്ന രാജാക്കന്മാര്‍ ഇസ്‌ലാമിനെ ആക്രമിക്കാന്‍ വന്നപ്പോള്‍ പ്രതിരോധം സൃഷ്ടിക്കാന്‍ പണം ആവശ്യമായിരുന്നു. അനുയായികള്‍ക്കിടയിലെ സമ്പന്നരാണ് ഇതിനു നേതൃത്വം കൊടുത്തത്.
ഇക്കാരണത്താല്‍ തന്നെ സമ്പാദിക്കാനുള്ളത് അല്ലാഹു മനുഷ്യന് സമ്മാനിച്ചു. സമ്പത്തിനോടുള്ള ഈ പ്രത്യേക അഭിനിവേശം പോസിറ്റീവായി ഉപയോഗപ്പെടുത്താന്‍ അല്ലാഹുവിന്റെ പ്രത്യേകമായ കല്പനയും ശക്തമായ മാര്‍ഗരേഖയും വന്നു. ദാരിദ്ര്യം ഒരാള്‍ ആഗ്രഹിക്കാനോ ദരിദ്രവാനായിരിക്കുക എന്നതില്‍ പ്രത്യേക ആഭിജാത്യമോ പാടില്ല. കാരണം ധാരാളം ഹദീസുകളില്‍ ഐശ്വര്യത്തെ ചോദിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തില്‍ നിന്നുള്ള മോചനവും നാം ചോദിക്കേണ്ടിയിരിക്കുന്നു. ഇതിനര്‍ഥം ഐശ്വര്യം നേടിയെടുക്കേണ്ടതും ദാരിദ്ര്യം തിരഞ്ഞെടുക്കാന്‍ പാടില്ലാത്തതുമാണെന്നാണ്. എല്ലാ പ്രവാചകന്മാരും ജീവിക്കാനുള്ള ഐശ്വര്യമുള്ളവരായിരുന്നുതാനും. നബിയെ(സ്വ) ഐശ്വര്യമുള്ളവരാക്കിയതായി ഖുര്‍ആന്‍ ഉണര്‍ത്തിയിട്ടുണ്ട്. (ളുഹാ/8) അഥവാ ഫഖ്‌റ് അല്ലെങ്കില്‍ ജീവിക്കാന്‍ മറ്റുള്ളവരുടെ ഔദാര്യം പറ്റേണ്ട ഗതികേട് നബിമാര്‍ക്കാര്‍ക്കും ഉണ്ടായിട്ടില്ല. ചില സന്ദര്‍ഭങ്ങളിലൊക്കെ വളരെ പ്രയാസപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന രൂപത്തിലേക്ക് ഒരിക്കലും മാറിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രവുമല്ല അവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളുമായിരുന്നു.
വഫാത്തിന്റെ സമയംവരെയും എല്ലാ ഭാര്യമാര്‍ക്കും കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുന്ന സമയങ്ങളിലും നബി(സ്വ) തന്നെ ചെലവിനു നല്‍കിയല്ലോ. ഇതെല്ലം മറ്റുള്ളവരുടെ ഔദാര്യം പറ്റിയായിരുന്നില്ല. താഴെയുള്ള കൈയെക്കാളും ഉത്തമം മേലെയുള്ള കൈയിനാണെന്നു നിരന്തരം അവിടുന്ന് ഉണര്‍ത്തുകയും ചെയ്തു. അഥവാ വാങ്ങുന്നതിനെക്കാള്‍ നല്ലത് കൊടുക്കുന്നതിനാണ്. സഅദ്(റ) ഒരിക്കല്‍ നബിയോട്(സ്വ) ചോദിച്ചു: ‘എനിക്ക് ഒരു പെണ്‍കുട്ടി മാത്രമാണുള്ളത്. എന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗം ഞാന്‍ സ്വദഖ നല്‍കട്ടെ?’ നബി(സ്വ) സമ്മതിച്ചില്ല. ‘എങ്കില്‍ പകുതി നല്‍കട്ടെ എന്ന് ചോദിച്ചു. അതും വേണ്ട’ എന്നായിരുന്നു മറുപടി. എന്നിട്ട് അവിടുന്ന് പറഞ്ഞു: ‘മൂന്നില്‍ ഒന്നുതന്നെ ധാരാളമാണ്. നിങ്ങള്‍ നിങ്ങളുടെ അനന്തരവന്മാരെ ഐശ്വര്യമുള്ളവരായി വിട്ടേച്ചുപോകുന്നതാണ് അവരെ ജനങ്ങളിലേക്ക് ആശ്രയമുള്ളവരാക്കി മാറ്റുന്നതിനെക്കാള്‍ നല്ലത്. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തിന് നല്‍കുന്ന ഓരോ ചെലവും സ്വദഖയാണ്. ഭാര്യയുടെ വായില്‍ നല്‍കുന്നതു പോലും.’
ഭൂമിയുടെ സംരക്ഷണ ഉത്തരവാദിത്തവും പരിപാലനവും അല്ലാഹു മനുഷ്യനെയാണ് ഏല്‍പ്പിച്ചത്. ഭൂമിയിലുള്ള സകല സൃഷ്ടികളെയും മനുഷ്യന് പോസിറ്റീവായി ഉപയോഗപ്പെടുത്താനും അധികാരം നല്‍കിയിട്ടുണ്ട്. പരിപാലനവും സംരക്ഷണവും എങ്ങനെയാവണമെന്ന് ഖുര്‍ആനും ഹദീസും വളരെ സ്പഷ്ടമാക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന് ജീവിക്കാനും ആവശ്യങ്ങള്‍ മാന്യമായി അനുവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാര്‍ഥത്തില്‍ ഇത് മുഖേന നല്‍കിയിരിക്കുന്നത്. ജീവിക്കാനുള്ള വക മറ്റു ജന്തുക്കള്‍ക്ക് പലവിധേനയും അല്ലാഹു ഭൂമിയില്‍ നേരിട്ട് സംവിധാനിച്ചപ്പോള്‍ മനുഷ്യന് ഒരല്പം അധികം അധ്വാനിക്കേണ്ടി വരുന്നത് ഭൂമിയുടെ പരിപാലനം കൂടിയുള്ളതു കൊണ്ടാണ്. മനുഷ്യന് അല്ലാഹു വിശേഷബുദ്ധിയും നിരന്തരം പുരോഗതി പ്രാപിക്കാനുമുള്ള മനസും നല്‍കിയത് ഭൂമിയുടെ പരിപാലനത്തിനും അല്ലാഹുവിനെ ആരാധിക്കാനും വേണ്ടി മാത്രമാണ്. ഭൂമിയെ പരിപാലിച്ച് ജീവിക്കാനുള്ള വക കണ്ടെത്തുന്നതിനാണ് തൊഴില്‍ എന്ന് പറയുക. ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ച അതീവ പുണ്യമുള്ള ഒരു ആരാധനകൂടിയാണ് തൊഴില്‍. തൊഴിലിനെ ആരാധനയായി പരിചയപ്പെടുത്തിയ ഏകമതവും പ്രത്യയശാസ്ത്രവും ഇസ്‌ലാം മാത്രമാണ്. മനുഷ്യന്‍ കഴിക്കുന്നതില്‍ ഏറ്റവും നല്ല ഭക്ഷണം സ്വന്തം കൈകൊണ്ടു അധ്വാനിച്ചുണ്ടാക്കിയതാണെന്നു പറയുന്ന പ്രവാചകര്‍(സ്വ) ധാരാളം ഹദീസുകളില്‍ തൊഴിലിനെ പ്രോത്സാഹിപ്പിച്ചു. എല്ലാ തൊഴിലും ഉപേക്ഷിച്ച് പര്‍വതങ്ങളിലും കാടുകളിലും പോയിരിക്കുന്നതോ തന്നെ ആശ്രയിച്ച് ജീവിക്കുന്നവരെ പട്ടിണിക്കിടുന്നതോ ഇസ്‌ലാംപ്രകാരം ഒരിക്കലും പുണ്യമുള്ള കാര്യമല്ല; മറിച്ച് പലപ്പോഴും അത് നിഷിദ്ധമായി വരികയും ചെയ്യും. മനുഷ്യര്‍ക്കിടയില്‍ നിന്ന് മനുഷ്യരെപ്പോലെ അധ്വാനിച്ച് തന്റെയും മറ്റുള്ളവരുടെയും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു നല്‍കുന്നവനെപ്പോലെ പുണ്യവാനായി മറ്റാരുമില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത്.
സമ്പത്ത് അനുഗ്രഹമായിക്കാണുന്ന, സമ്പാദിക്കാന്‍ ആഹ്വാനം നല്‍കുന്ന, ജീവിക്കാന്‍ തൊഴിലെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാം സമ്പാദിക്കാനുള്ള പരിധി ഒരിക്കലും നിശ്ചയിച്ചില്ല. മാത്രവുമല്ല, വിശ്വാസിയുടെ മനസിലെ കരുത്തനുസരിച്ചും സമ്പാദനത്തിന്റെയും വിനിയോഗത്തിന്റെയും രീതിയനുസരിച്ചും ഓരോ അധിക സമ്പാദ്യവും അധ്വാനവും അതീവ പുണ്യകരവുമാകും. സമ്പാദിക്കാന്‍ പ്രത്യേക മാര്‍ഗങ്ങളും വഴികളും ഉറവിടങ്ങളും ഇസ്‌ലാം പരിചയപ്പെടുത്തി. അതേപ്രകാരം ചെലവഴിക്കാനും. ഇവരണ്ടും ശ്രദ്ധിക്കല്‍ വളരെ അനിവാര്യവും സമ്പാദ്യം പുണ്യകരമാകാനുള്ള പ്രാഥമിക ഉപാധിയുമാണ്. ആധുനിക ക്യാപിറ്റലിസം പറയുന്നതു പോലെ എങ്ങനെയും സമ്പാദിക്കാമെന്നല്ല ഇസ്‌ലാം പറയുന്നത്. അനുവദനീയ വഴികളും അനുവദിക്കാത്ത വഴികളുമുണ്ട്. അനുവദിക്കാത്ത വഴികളിലൂടെ സമ്പാദിക്കുന്നത് കടുത്ത തെറ്റാണ്. മറ്റുള്ളവരെ ഒരുനിലക്കും ഹാനികരമായ വഴിയിലേക്ക് തള്ളിവിടുന്ന സമ്പാദ്യം ഇസ്‌ലാം അനുവദിക്കുന്നില്ല. അപരന്റെ അധ്വാനമുതല്‍ പലപേരും പറഞ്ഞ് സ്വന്തമാക്കുന്ന ആധുനിക പ്രവണത ഇസ്‌ലാം അനുവദിക്കുന്നില്ലെന്നു ചുരുക്കം. ഉയര്‍ന്ന റിസ്‌കെടുക്കുന്നു എന്ന ഓമനപ്പേരിട്ട് ഇന്ന് മറ്റുള്ളവരുടെ പണംതട്ടുന്ന പ്രവണത ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഉയര്‍ന്ന റിസ്‌കെടുത്താലും കച്ചവടതന്ത്രം അറിയുന്നവര്‍ ഒരിക്കലും പരാജയപ്പെടില്ലെന്നതുകൊണ്ടുതന്നെ ആത്യന്തിക നഷ്ടം എപ്പോഴും ഒരു വിഭാഗത്തിനായിരിക്കും. മറ്റുള്ളവരെ വഞ്ചിക്കുന്നത് ബൗദ്ധിക വ്യവഹാരമായിക്കണ്ട് പുതിയ പുതിയ ബിസ്‌നസുകള്‍ ഓരോ ദിവസവും മാര്‍കറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇത്തരം എല്ലാ ആഭാസങ്ങളോടും ഇസ്‌ലാം വിയോജിക്കുന്നു. കാരണം സമ്പാദിക്കേണ്ടത് മറ്റുള്ളവരെ വഞ്ചിച്ചല്ലെന്നും മാന്യമായി അധ്വാനിച്ചാണെന്നുമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന പ്രാഥമിക സാമ്പത്തികപാഠം.
മനുഷ്യന്‍ സമ്പാദിച്ചതെല്ലാം തോന്നിയപോലെ ചെലവഴിക്കാമെന്ന കാഴ്ചപ്പാടും ഇസ്‌ലാം എതിര്‍ക്കുന്നു. ചെലവഴിക്കാന്‍ വ്യക്തമായ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. തന്റെയും സമൂഹത്തിന്റെയും ഗുണപരമായ കാര്യങ്ങളില്‍ മാന്യമായാണ് ഇവ ചെലവഴിക്കേണ്ടതെന്ന അടിസ്ഥാനപാഠം ഇസ്‌ലാം നല്‍കുന്നു. ഇത് പറയുമ്പോള്‍ ചിലരൊക്കെ മനസിലാക്കിയത് ദാനം നല്‍കല്‍ മാത്രമാണ് ഇസ്‌ലാമില്‍ പുണ്യമുള്ളതെന്നാണ്. പ്രതിഫലം കടം നല്‍കുന്നവനുണ്ടെന്ന് പറയുന്ന ധാരാളം ഹദീസുകളുണ്ട്. അതേപ്രകാരം തന്നെയാണ് മനുഷ്യന് തൊഴിലും വരുമാനവും സൃഷ്ടിക്കുന്ന സംരംഭങ്ങള്‍ തുടങ്ങുന്നതും. പണം ഒരിക്കലും കെട്ടിപ്പൂട്ടി വെക്കാനല്ല ഇസ്‌ലാമിന്റെ ആഹ്വാനം. അങ്ങനെ ചെയ്യുന്നത് വളരെ വലിയ സാമൂഹ്യവിപത്ത് വിളിച്ചുവരുത്തും. പണം എപ്പോഴും സമൂഹത്തിലൂടെ കറങ്ങണം. അത്തരം സമൂഹത്തില്‍ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയും. ഇതിനു വേണ്ടത് പുതിയ പുതിയ സംരംഭങ്ങളാണ്. സംരംഭങ്ങള്‍ തുടങ്ങുന്നവന്‍ ധാരളം മനുഷ്യര്‍ക്കാണ് അന്നവും ജോലിയും നല്‍കുന്നത്. അതുകൊണ്ടുതന്നെ മനുഷ്യനും പ്രകൃതിക്കും ആവശ്യമുള്ള മുഴുവന്‍ മേഖലകളിലും നിക്ഷേപങ്ങള്‍ വരണം. അത് സമൂഹത്തെ വളര്‍ത്തും.
ഇസ്‌ലാം കച്ചവടത്തിന് അത്യധികം സ്ഥാനം നല്‍കാനുള്ള കാരണവും ഇതാണ്. അല്ലാഹു ഇഷ്ടപ്പെട്ട ഏറ്റവും നല്ല ജോലി കച്ചവടമാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. നബി(സ്വ) തന്നെയും ധാരാളം വര്‍ഷങ്ങള്‍ കച്ചവടം നടത്തിയിട്ടുണ്ട്. ചെറിയ കച്ചവടമായിരുന്നില്ല. മറ്റു നാടുകളില്‍ പോയുള്ള മള്‍ട്ടിനാഷനല്‍ ബിസ്‌നസിന്റെ അന്നത്തെ രൂപമായിരുന്നു പ്രവാചകരുടെ ആദ്യകാല കച്ചവടങ്ങള്‍. കച്ചവടക്കാരിയായ ഖദീജ ബീവിയെയാണ് അവിടുന്ന് ആദ്യം വിവാഹം കഴിച്ചതും. കച്ചവടങ്ങള്‍ക്ക് വ്യക്തമായ നിയമങ്ങള്‍ ആദ്യമായി ആവിഷ്‌കരിച്ചത് ഇസ്‌ലാമാണ്. നൂറു കണക്കിന് ഖുര്‍ആന്‍ ഹദീസ് വചനങ്ങളില്‍ ഈ നിയമങ്ങളും പ്രോത്സാഹനങ്ങളും നിരന്നുകിടക്കുന്നു. കൂടാതെ ഇസ്‌ലാമിക നിയമശാസ്ത്രം ഫിഖ്ഹിന്റെ നല്ലൊരുഭാഗം കച്ചവടനിയമങ്ങള്‍ പറയാന്‍ വേണ്ടി മാത്രമാണ്. ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ കച്ചവട നിയമമടക്കമുള്ള ഒട്ടുമിക്ക കാര്യങ്ങളും ഇസ്‌ലാമിന്റെ ഈ നിയമ സംഹിതയില്‍നിന്നും പകര്‍ത്തിയതായിരുന്നു. ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ ഈ നിയമങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഒരു സഹസ്രാബ്ദം കഴിഞ്ഞാണ് പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇത്തരം നിയമങ്ങളെല്ലാം വന്നത്. കച്ചവടം, വ്യവസായം, മാര്‍കറ്റിങ് തുടങ്ങിയവയുടെ ഓരോ ഇതളുകളും ഇഴകീറി ചര്‍ച്ചചെയ്യുന്ന ഇസ്‌ലാമിക നിയമസംഹിതക്ക് ഒന്നര സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ടെന്നത് ഇസ്‌ലാം ഇത്തരം മേഖലകള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കിയെന്നതിന്റെ പ്രത്യക്ഷ തെളിവാണ്.
സമ്പാദനത്തിന്റെയും വിനിയോഗത്തിന്റെയും നിയമങ്ങള്‍ പറയുന്നിടത്ത് ഖുര്‍ആനും ഹദീസും ആദ്യം സംസാരിക്കുന്നത് സമ്പത്തെല്ലാം അല്ലാഹുവിന്റേത് മാത്രമാണെന്നാണ്. അഥവാ മനുഷ്യനെ ക്രയവിക്രയങ്ങള്‍ക്ക് ഏല്‍പ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നമ്മില്‍ നമുക്ക് അധികാരമില്ലാത്തത് പോലെത്തന്നെ നമ്മുടെ സമ്പത്തിലുമില്ല സമ്പൂര്‍ണ അധികാരം. അത് അല്ലാഹു നിര്‍ദേശിച്ച രൂപത്തിലാണ് വിനിയോഗിക്കേണ്ടത് എന്നാണിതിനര്‍ഥം. ആയിരക്കണക്കിന് കോടീശ്വരന്മാരെ നിമിഷ നേരംകൊണ്ട് പാപ്പരാക്കുകയും കോടാനുകോടി പാവങ്ങളെ ഞൊടിയിടയില്‍ കോടീശ്വരന്മാരാക്കുകയും ചെയ്തവനാണ് അല്ലാഹു. കാരണം അവനാണ് തീരുമാനിക്കേണ്ടത്, അവന്റെ സ്വത്ത് ആരെയേല്‍പ്പിക്കണമെന്ന്. ഓരോമനുഷ്യനും അടിസ്ഥാനപരമായി മനസില്‍ സൂക്ഷിക്കേണ്ട ബാലപാഠവും ഇതാണ്. അധ്വാനിച്ചിട്ടും സമ്പത്ത് ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും മനസിലാക്കേണ്ടത് തന്ത്രജ്ഞാനിയും ഓരോ സൃഷ്ടിക്കും ഗുണമായത് എന്താണെന്നു കൃത്യമായി അറിയുകയും ചെയ്യുന്ന അല്ലാഹു അവന്റെ സ്വത്ത് നോക്കാനും അതില്‍ ക്രയവിക്രയം നടത്താനും തന്നെ ഏല്‍പ്പിച്ചില്ലെന്നു മാത്രമാണ്. അപരന് കിട്ടിയ സമ്പത്ത് തനിക്ക് കിട്ടിയാല്‍ ഗുണത്തിലേറെ ദോഷമായിരിക്കും ഭവിക്കുന്നത്. ഓരോ സമ്പന്നനും ഇത്രയേ കരുതേണ്ടതുള്ളൂ; ഇതെല്ലാം തന്റേതാണെന്നോ താന്‍ അധ്വാനിച്ചുണ്ടാക്കിയതാണെന്നോ മനസിലാക്കാതെ, തന്നെക്കാള്‍ അധ്വാനിച്ചവര്‍ക്ക് അല്ലാഹു ഒന്നും നല്‍കിയില്ലെന്നും തനിക്ക് ലഭിച്ചത് അവന്റെ ഔദാര്യം കൊണ്ടു മാത്രമാണെന്നും വിചാരിക്കുക. എപ്പോള്‍ വേണമെങ്കിലും എല്ലാം നഷ്ടപ്പെടാം. ഈ ചിന്തയാണ് ഓരോ മനുഷ്യനെയും വിനയാന്വിതനും സല്‍സ്വഭാവിയുമാക്കുന്നത്.
ഒരിക്കല്‍ പ്രവാചകരുടെയടുത്ത് ചില മുഹാജിറുകള്‍ വന്നു പറഞ്ഞു. അന്‍സ്വാറുകള്‍ ഞങ്ങളെക്കാള്‍ ഉഷാറായി. അവരും ഞങ്ങളും നിസ്‌കരിക്കുന്നു, നോമ്പ് നോല്‍ക്കുന്നു. പക്ഷേ അവര്‍ മാത്രം സ്വദഖ നല്‍കുകയും അടിമമോചനം നല്‍കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് പണമില്ലാത്തതു കൊണ്ട് അത് സാധ്യമാകുന്നില്ല. ഉടനെ നബി(സ്വ) എല്ലാ ഫര്‍ള് നിസ്‌കാരശേഷവും മുപ്പത്തിമൂന്നു പ്രാവശ്യം സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് ചൊല്ലാന്‍ നിര്‍ദേശം നല്‍കി. ഇതറിഞ്ഞ അന്‍സ്വാറുകളും ഈ ദിക്‌റുകള്‍ ചൊല്ലാന്‍ തുടങ്ങി. പരാതിയുമായി വീണ്ടും മുഹാജിറുകള്‍ പ്രവാചകരുടെയടുത്ത് വന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: ”അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവനത് നല്‍കും.” സമ്പത്തിനെ ഇങ്ങനെ അല്ലാഹുവിന്റെ ഔദാര്യമായി പരിചയപ്പെടുത്തിയ ധാരാളം വചനങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാം. അഥവാ സമ്പത്ത് അനുഗ്രഹമാണ്, സമ്പാദിക്കല്‍ നല്ലതാണ്, പക്ഷേ അല്ലാഹുവിനെ ഓര്‍ത്തേ സമ്പാദനവും വിനിയോഗവും ഉണ്ടാകാവൂ എന്നാണ് ഈ വചനങ്ങള്‍ പഠിപ്പിക്കുന്നത്.
അല്ലാഹു ഇഷ്ടപ്പെടുന്ന രൂപത്തിലുള്ള സമ്പാദനവും വിനിയോഗവും കച്ചവടവുമെല്ലാം ആധുനിക ലോകത്ത് എപ്രകാരമാണ് സാധ്യമാകുക, ഇന്ന് കാണുന്ന പല ബിസ്‌നസ് പ്രവണതകളും ഇസ്‌ലാമികമായി ശരിയാണെന്ന് പറയാനാകുമോ, അല്ലാഹു ഇഷ്ടപ്പെടുന്ന നല്ലൊരു പണക്കാരനാകാന്‍ എന്തെല്ലാമാണ് ആധുനികവഴികള്‍ തുടങ്ങിയവ മനസിലാക്കുന്നത് നിക്ഷേപത്തിലേക്കും കച്ചവടത്തിലേക്കും ഇറങ്ങുന്ന ഓരോ മുസ്‌ലിമിനും ഫര്‍ള് ഐനാണ്. അഥവാ വ്യക്തിഗത നിര്‍ബന്ധബാധ്യതയാണ്.

Share this article

About ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി

farooquemk@gmail.com

View all posts by ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി →

Leave a Reply

Your email address will not be published. Required fields are marked *