മുഖദ്ദിമ: രാഷ്ട്ര-രാഷ്ട്രീയ റഫറന്‍സ്

Reading Time: 3 minutes

ചരിത്രം ശാസ്ത്രീയമായി നിരീക്ഷിക്കപ്പെടുന്നതും സാമൂഹ്യശാസ്ത്രം (Sociology) പുതിയ പഠനശാഖയായി വളരുന്നതുമെല്ലാം പതിനഞ്ചാം നൂറ്റാണ്ടിന് ശേഷമാണ്. കോംതെ, മാക്സ്, ഹെഗല്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങള്‍ ചരിത്ര, സാമൂഹ്യ ശാസ്ത്രശാഖകളില്‍ വിപ്ലവകരമായ വഴിത്തിരിവുണ്ടാക്കി. ലോകത്തിലെ മുഴുവന്‍ ശാസ്ത്ര ശാഖകളുടെയും അടിവേരെത്തുന്നത് ഗ്രീക്കിലാണ്. അരിസ്റ്റോട്ടില്‍, പ്ലാറ്റോ, ഹെറഡോട്ടസ് തുടങ്ങിയവരുടെ തട്ടകമായിരുന്നല്ലോ ഗ്രീക്ക്. പിന്നീട് അറിവിന്റെ ഒഴുക്ക് മധ്യേഷ്യയില്‍ നിന്നായിരുന്നു. ഗ്രീക്ക് ഭാഷയിലെ ഗ്രന്ഥങ്ങള്‍ ആദ്യമായി വിവര്‍ത്തനം ചെയ്തതും സംവാദാത്മകമായി സമീപിച്ചതുമെല്ലാം അറബികളാണ്. പിന്നീട് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് മധ്യേഷ്യയില്‍ നിന്ന് പടിഞ്ഞാറിലേക്കെത്തുന്നത്. അതുകൊണ്ട് തന്നെ മുഴുവന്‍ ശാസ്ത്രശാഖയിലും അറേബ്യന്‍ ഗവേഷണങ്ങളും സമീപനങ്ങളുമെല്ലാം ഗ്രഹിച്ചെടുക്കാനാവും.
ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ പിതാവായി പൊതുവെ ഗണിക്കപ്പെടുന്നത് കോംതെയാണെങ്കിലും ചില ടെക്സ്റ്റുകളിലൊക്കെ ഇബ്നു ഖല്‍ദൂനാണെന്ന നിരീക്ഷണമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന ശാസ്ത്രശാഖയായതിനാല്‍ ഗ്രീക്ക് ചിന്തകര്‍ക്ക് ഇതുമായി ബന്ധമില്ല. ലോക ചരിത്രത്തെ വിശകലനം ചെയ്യുന്ന കിതാബുല്‍ ഇബര്‍ എന്ന ഗ്രന്ഥത്തിന്റെ മുഖവുരയായ മുഖദ്ദിമയിലൂടെയാണ് സമൂഹത്തെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്നത്. മൂന്ന് വര്‍ഷമെടുത്താണ് ഇതിന്റെ രചന പൂര്‍ത്തിയാക്കിയത്. ചരിത്രത്തെ താത്വികമായി നിരീക്ഷിക്കുന്നതും സമൂഹവുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്യുന്നതുമായ പുതിയ രീതി അദ്ദേഹം വികസിപ്പിച്ചെടുത്തു. കേവലം കെട്ടുകഥകളിലും പുരാണങ്ങളിലും മാത്രം ചുരുങ്ങിയ ചരിത്രത്തിന്റെ രീതിശാസ്ത്രത്തില്‍ പിന്നീട് വലിയ വഴിത്തിരിവുണ്ടായി. സാമൂഹിക ചുറ്റുപാടുകളോടും ഉപജീവന രീതിയോടുമെല്ലാം ചേര്‍ത്തുകൊണ്ടുള്ള ശാസ്ത്രീയ നിരീക്ഷണങ്ങള്‍ ചരിത്ര പഠനത്തെ കൂടുതല്‍ ആധികാരികമാക്കി. തെളിവുകളുടെ പിന്‍ബലമില്ലാത്ത കേവലം കേട്ടുകേള്‍വിയുള്ള കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ആദ്ദേഹം തയാറായിരുന്നില്ല. ജനജീവിതത്തിന്റെ പൊതുസ്വഭാവത്തെയാണ് പ്രാഥമികമായി വിശകലനം ചെയ്യുന്നത്. ഇതില്‍ സമകാലികരുടെയോ പൂര്‍വികരുടെയോ യാഥാസ്ഥിക സമീപനത്തെ അദ്ദേഹം പിന്തുടര്‍ന്നില്ല. ചരിത്രത്തിലെ വസ്തുനിഷ്ഠമല്ലാത്ത വിശകലനത്തെയും പക്ഷപാതിത്വ സമീപനത്തെയും ശാസ്ത്രീയമായി മുഖദ്ദിമ വിമര്‍ശിക്കുന്നുണ്ട്. നടോടികളായ അപരിഷ്‌കൃത സമൂഹത്തില്‍ നിന്ന് തുടങ്ങി മനുഷ്യകുലത്തിന്റെ വ്യത്യസ്ത പരിണാമ തലങ്ങളിലൂടെ ആധുനിക വ്യവസ്ഥാപിത രാഷ്ട്ര സങ്കല്‍പം രൂപപ്പെടുന്നത് വരെയുള്ള സമൂഹിക വികാസത്തെയാണ് മുഖദ്ദിമ അടയാളപ്പെടുത്തുന്നത്. തീര്‍ത്തും മുന്‍ മാതൃകകളില്ലാത്ത ഈ ശാസ്ത്രീയ വിലയിരുത്തല്‍ സാമൂഹിക, ചരിത്ര ശാഖകളിലെ സൈദ്ധാന്തിക വത്കരണത്തിന് നിദാനമായി. ഇബ്‌നുഖല്‍ദൂന്റെ സിദ്ധാന്തങ്ങളെ പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതനായ അല്‍മസ്ഊദിയുടെ കിതാബുത്തന്‍ബീഹി വല്‍ ഇശ്‌റാഫ് എന്ന കൃതിയില്‍ നിന്ന് ഗ്രഹിച്ചെടുക്കാവുന്നതാണ്.
ശാസ്ത്രശാഖകള്‍ പരസ്പരം ഇഴചേര്‍ന്നു കിടക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. അതിനാല്‍ തന്നെ പരസ്പരം താരതമ്യപ്പെടുത്തിയും ബന്ധപ്പെടുത്തിയുമുള്ള നൂതന രീതിയാണ് മുഖദ്ദിമ പിന്തുടരുന്നത്. സുതാര്യമായ ഈ സ്വതന്ത്ര്യ ചിന്തയിലൂടെ ‘ഇല്‍മുല്‍ ബശരി’ എന്ന പുതിയ ശാസ്ത്രശാഖ പിറവിയെടുത്തു.
സമൂഹത്തിന്റെ രൂപപ്പെടലിനെയും പരിണാമത്തെയും ചര്‍ച്ച ചെയ്യുന്നതോടൊപ്പം തകര്‍ച്ചയെയും മുഖദ്ദിമ നിരീക്ഷിക്കുന്നുണ്ട്. സാമൂഹിക സ്ഥാപനങ്ങളെ കൃത്യമായി നിര്‍ണയിക്കുകയും അവ കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം സമൂഹത്തിന്റെ ചലനാത്മകതയെ സ്വാധീനിക്കുന്നതായും ഒന്നാം അധ്യായത്തില്‍ ഖല്‍ദൂന്‍ വിവരിക്കുന്നു. നാടോടി, ഗോത്ര സമൂഹങ്ങളിലും അടിത്തറയായി വര്‍ത്തിച്ച കുടുംബ വാഴ്ചയെ അസബിയ്യ എന്നാണ് മുഖദ്ദിമ പരിചയപ്പെടുത്തുന്നത്. അധികാര നിര്‍വഹണം അക്കാലത്ത് ഇക്കൂട്ടരിലാണ് കുടികൊണ്ടിരുന്നത്. ഇതിന് കേവലം നാലോ അഞ്ചോ വര്‍ഷം മാത്രമേ ഭരണ നിയന്ത്രണം ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് കുടുംബത്തകര്‍ച്ച സംഭവിക്കുന്നതിന്റെ ഫലമായി ഭരണം പ്രതിസന്ധിയിലാവുകയും മറ്റൊരു കുലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം സാമൂഹികാന്തരീക്ഷത്തെ ഉള്‍ക്കൊള്ളിച്ച ചരിത്ര ഗവേഷണങ്ങള്‍ തീര്‍ത്തും ആധികാരികവും നവീന രൂപവുമായിരുന്നു. ഭൂമിശാസ്ത്രപരമായ സ്വാധീനം സമൂഹങ്ങളെ വ്യത്യസ്തമാക്കുന്നതായും മുഖദ്ദിമ അഭിപ്രായപ്പെടുന്നു.
മനുഷ്യ നാഗരികതയെക്കുറിച്ച് നിരവധി നിരീക്ഷണങ്ങളുണ്ട്. പ്രമുഖ ഫ്രഞ്ച് ചിന്തകന്‍ അര്‍ണോള്‍ഡ് ടോയന്‍ബി മുതല്‍ ഫ്രാന്‍സിസ് ഗുയിസോട്ട് വരെയുള്ള ആധുനിക സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ചരിത്രനിരീക്ഷകരുമെല്ലാം നാഗരികതയെ വിശേഷ സാഹചര്യത്തില്‍ മനുഷ്യര്‍ക്കിടയില്‍ രൂപപ്പെട്ടുവെന്ന സാമൂഹിക നിര്‍മിതിയായിട്ടാണ് കണക്കാക്കുന്നത്. നാഗരികതയെ കേവലം തത്വത്തിനപ്പുറത്തുള്ള ചരിത്ര സംഭാവനയായിട്ടാണ് ടര്‍ക്കിഷ് ചരിത്രകാരനായ അഹ്മദ് ദെവുതഗ്ലു നോക്കിക്കാണുന്നത്. എന്നാല്‍ പ്രശസ്ത ചരിത്രകാരനും തത്വചിന്തകനുമായ ഇബ്രാഹിം കാലിനാണ് നാഗരികതയെ സംബന്ധിച്ച ക്രിയാത്മകമായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്. ഒരു ജനതയുടെ ജ്ഞാനശാസ്ത്രം (Epistemology), സത്താമീമാംസശാസ്ത്രം (Ontology), വിശ്വാസശാസ്ത്രം (Cosmology) എന്നിവയുടെ തിരിച്ചറിവിനോടൊപ്പം തന്നെ, ഇവകളെല്ലാം സമൂഹത്തിലെ എല്ലാ വ്യക്തികളിലും സമാന്തരമായി എത്തുന്നത് മൂലം രൂപപ്പെടുന്ന നൈതിക (Morality) മൂല്യത്തെയാണ് നാഗരികതയായി അദ്ദേഹം മനസിലാക്കുന്നത്. മുഖദ്ദിമയുടെ നാഗരിക സമീപനത്തെ കൂടുതല്‍ ആധികാരികമാക്കുന്നതാണ് ഇബ്രാഹിം കാലിനിയുടെ ഈ വ്യത്യസ്ത വീക്ഷണം. ഖല്‍ദൂന്റെ നാഗരികത ശാസ്ത്രം ‘ഇല്‍മുല്‍ ഉംറാന്‍’ എന്നാണ് അറിയപ്പെടുന്നുത്. ഇത് തികഞ്ഞ സാംസ്‌കാരിക സമീപനമായിരുന്നു (Cultural Perspective). ഒരു ജനതയെക്കുറിച്ചുള്ള സുതാര്യമായ തിരിച്ചറിവിന് അവരുടെ വൈജ്ഞാനികവും ആത്മീയവും വിശ്വാസപരവുമായ ഘടകങ്ങളെ കൃത്യമായി സംയോജിപ്പിച്ചുകൊണ്ടുള്ള പഠനം അനിവാര്യമാണെന്ന ആശയമാണ് ഇബ്നു ഖല്‍ദൂന്‍ മുന്നോട്ട് വെച്ചത്. പടിഞ്ഞാറന്‍ ചിന്തകരുടെ കേവല ഭൗതിക സമീപനത്തെക്കാള്‍ കൂടുതല്‍ ഫലപ്രദവും വിശാലവുമായിരുന്നു ‘ഇല്‍മുല്‍ ഉംറാന്‍’.
സ്റ്റേറ്റ് രൂപപ്പെടുന്നതിനെ നാഗരികവത്കരണത്തോട് ചേര്‍ത്താണ് മുഖദ്ദിമ നിരീക്ഷിക്കുന്നത്. ഒറ്റപ്പെട്ടും കൂട്ടമായുമെല്ലാം അലഞ്ഞ് തമസിച്ചിരുന്ന സമൂഹം, പൗരന്‍മാരായി മാറുന്നതോടെയാണ് സ്റ്റേറ്റ് രൂപപ്പെടുന്നത്. പൗരാവകാശങ്ങളും കടമകളും നിയമവ്യവസ്ഥയുമെല്ലാം കൃത്യമായ അതിര്‍വരമ്പുകള്‍ക്കിടയില്‍ പ്രാബല്യത്തിലാവുന്നതോടെ സ്റ്റേറ്റ് ഉദയം കൊള്ളുന്നു. മനുഷ്യാവകാശങ്ങളിലെ മനുഷ്യന് നിര്‍വചനം നല്‍കുന്നത് പോലും സ്റ്റേറ്റായി മാറുന്നു എന്ന തലാല്‍ അസദിന്റെ നിരീക്ഷണം ഇവിടെയാണ് വ്യത്യസ്തമാവുന്നത്. മരുഭൂവാസത്തില്‍ നിന്ന് വ്യവസ്ഥാപിത രാഷ്ട്രത്തിലേക്കുള്ള നാഗരികവത്കരണമായിട്ടാണ് ഖല്‍ദൂന്‍ ഇതിനെ വീക്ഷിക്കുന്നത്. രണ്ട് തലങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള ഈ സമീപനം തീര്‍ത്തും സൈദ്ധാന്തികമായിരുന്നു. കേവലം സ്റ്റേറ്റിതര പൊതുമണ്ഡലത്തെ നിര്‍വചിക്കാതെ ഒരിക്കലും സ്റ്റേറ്റിനെ സമ്പൂര്‍ണാര്‍ഥത്തില്‍ വിശദീകരിക്കാനാവില്ല. പൊതുമണ്ഡലത്തെക്കുറിച്ചുള്ള ഹെബര്‍മാസിന്റെ ചിന്തകള്‍ മുഖദ്ദിമയുടെ ആധുനീകരണത്തിന് അടിവരയിടുന്നു. പൊതുമണ്ഡലം എന്നത് സ്റ്റേറ്റുമായി ചേര്‍ന്ന് നിന്നുകൊണ്ട് മാത്രം സാധ്യമായ ഒന്നാണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. സ്റ്റേറ്റിനെ വിമര്‍ശിക്കുന്നത് പോലും അതിന്റെ നിലനില്‍പിനെ അംഗീകരിച്ച് കൊണ്ട് മാത്രമേ സാധിക്കൂ. അത് കൊണ്ടാണ് സ്റ്റേറ്റിനെ വിചാരണ ചെയ്യുന്നതോടൊപ്പം തന്നെ, സ്റ്റേറ്റിനെ നിലനിര്‍ത്തുന്ന നാലാമത്തെ തൂണായി മാധ്യമങ്ങളെ കണക്കാകുന്നതും. ഫ്യൂഡല്‍ വ്യവസ്ഥയെ ഉള്‍ക്കൊള്ളാതെ വിപ്ലവാനന്തര ഫ്രഞ്ച് സമൂഹത്തെ പൂര്‍ണാര്‍ഥത്തില്‍ വിലയിരുത്താനാകില്ലയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്ഥിരവാസ സമൂഹങ്ങളാക്കി പരിവര്‍ത്തനം ചെയ്തെടുക്കുക എന്നത് രാഷ്ട്രീയാധികാരത്തിനുള്ള നിദാനമാവുന്നുവെന്ന മുഖദ്ദിമയുടെ നിലപാട് യുക്തിഭദ്രമായിരുന്നു.
ആധുനിക ലിബറല്‍ ജനാധിപത്യം നേരിടുന്ന വലിയ പ്രതിസന്ധിയായി ഭൂരിപക്ഷ മേല്‍ക്കോയ്മ മാറിക്കഴിഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ നിന്നും ഭൂരിപക്ഷ ദേശീയതയിലേക്ക് രാഷ്ട്രീയ സങ്കല്‍പങ്ങള്‍ ചുരുങ്ങുന്നുവെന്നത് വസ്തുതയാണ്. സ്റ്റേറ്റ് പൗരന്‍മാരെ യോജിക്കുന്നവര്‍, വിയോജിക്കുന്നവര്‍ എന്നീ രണ്ട് തട്ടുകളിലാക്കുന്നു. രാഷ്ട്ര വികാസത്തിന്റെ ഒരു ഘട്ടത്തില്‍ സ്റ്റേറ്റ് അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധിയെ മുഖദ്ദിമ സൂചിപ്പിക്കുന്നുണ്ട്. രാഷ്ട്ര വളര്‍ച്ചയുടെ സവിശേഷമായ ഘട്ടത്തില്‍ ഭരണാധികാരികള്‍ അധികാര സുസ്ഥിരതക്ക് വേണ്ടി സാമന്തന്‍മാരെ കൂട്ടുപിടിക്കുന്നതായി ഖല്‍ദൂന്‍ പ്രവചിക്കുന്നു. ഭരണകൂടത്തിനെതിരെ എതിര്‍പ്പുയരുമ്പോള്‍ അധികാര വര്‍ഗത്തെ അനുകൂലിക്കുന്നവര്‍, പ്രതികൂലിക്കുന്നവര്‍ എന്നീ തലങ്ങളിലേക്ക് പൗരന്‍മാര്‍ വിഭജിക്കപ്പെടുന്നു. അധികാരം നിലനിര്‍ത്താനായി മൃദു സമീപനം പുലര്‍ത്തുന്നവരെ ഭരണകൂടം സ്വാധീനിക്കുന്നു. കാള്‍ ഷ്മിത്തിന്റെ (രമൃഹ രെവാശേേ) ‘സുഹൃത്ത്-ശത്രു’ നിരീക്ഷണം ഖല്‍ദൂനിന്റെ ഈ സങ്കല്‍പത്തെ പൂര്‍ണമായും ശരിവെക്കുന്നതാണ്. സ്റ്റേറ്റുമായുള്ള പൗരന്റെ ബന്ധം സുഹൃത്തായോ അല്ലെങ്കില്‍ ശത്രുവായോ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. നവ ലിബറല്‍ ജനാധിപത്യത്തില്‍ സ്റ്റേറ്റിന് ഒരു പൗരന്‍ ശത്രുവാണോ സുഹൃത്താണോ എന്ന് സംശയം വന്നാല്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം തേടി പൗരന്റെ സ്ഥാനം നിര്‍ണയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മുഖദ്ദിമയുടെ രാഷ്ട്രീയാശയങ്ങളും സ്റ്റേറ്റ് സങ്കല്‍പങ്ങളുമെല്ലാം വൈവിധ്യ വായനയര്‍ഹിക്കുന്നുണ്ട്. സമ്പൂര്‍ണ രാജവാഴ്ച നിലനിന്നിരുന്ന കാലത്ത് തന്നെ ദീര്‍ഘദൃഷ്ടിയോടെ ആധുനിക സ്റ്റേറ്റിനെ നിര്‍വചിക്കാന്‍ ഖല്‍ദൂന് സാധിച്ചു. രാഷ്ട്രീയ മൂല്യങ്ങളെയും ഭരണനിര്‍വഹണ സംവിധാനങ്ങളെയും മുഖദ്ദിമ ഒരുപോലെ വിശദീകരിക്കുന്നുണ്ട്. അനീതി, അസമത്വം തുടങ്ങി ഭരണഘൂടത്തിന്റെ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രത്തിന്റെയും സംസ്‌കാരത്തിന്റെയും തകര്‍ച്ചക്ക് നിദാനമാവുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഭരണനിര്‍വഹണം സുതാര്യമാക്കുന്നതും എല്ലാ തലങ്ങളെയും യോജിപ്പിച്ചുകൊണ്ടുമുള്ള ഫെഡറല്‍ സമീപനങ്ങളും മുഖദ്ദിമയുടെ രാഷ്ട്രീയവായനയെ സമ്പുഷ്ടമാക്കുന്നു. ഭരണകൂടം അനുവര്‍ത്തിക്കേണ്ട മര്യാദകള്‍, പരമാധികാരത്തിന്റെ വിവിധ ഭാവങ്ങള്‍, നീതിന്യായ സ്ഥാപനങ്ങളുടെ വിവിധ രൂപങ്ങള്‍, രാജഭരണത്തിനു കീഴിലുള്ള രാഷ്ട്രീയ സ്ഥാപനങ്ങള്‍, മന്ത്രിസഭ, ഗവണ്‍മെന്റ് ഓഫീസുകള്‍, കരം പിരിവ്, പോലീസ്, യുദ്ധരീതികള്‍, സാമ്പത്തിക ഘടനകള്‍ തുടങ്ങി ഭരണനിര്‍വഹണത്തിന്റെ അടിസ്ഥാന ഘടകങ്ങളെയും മുഖദ്ദിമ പ്രതിപാദിക്കുന്നു.
മുഖദ്ദിമയിലെ ഖിലാഫത്ത് മുതല്‍ മുലൂകിയ്യത്ത് വരെയുള്ള രാഷ്ട്രീയ വികാസത്തിനെ ആധുനിക സ്റ്റേറ്റ് ഫോര്‍മേഷന്റെ വിവിധ ഘട്ടങ്ങളുമായി താരതമ്യ വിശകലനം ചെയ്യാനാകും. മാനവിക വിഷയങ്ങളില്‍ മുഖദ്ദിമ ഇനിയും വിശാല വായനയര്‍ഹിക്കുന്നുണ്ട്. ഒട്ടോമന്‍ മുതല്‍ ഓറിയന്റലിസം വരെ വലിയ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കളമൊരുക്കിയ മുഖദ്ദിമയുടെ നിരവധി കോണ്‍സ്റ്റുകള്‍ ഇനിയും പഠന വിധേയമാക്കേണ്ടതുണ്ട്.

Share this article

About ഇന്‍സാഫ് എ കെ കൊളപ്പുറം

View all posts by ഇന്‍സാഫ് എ കെ കൊളപ്പുറം →

Leave a Reply

Your email address will not be published. Required fields are marked *