കോഴിക്കോട് തെരുവിന്റെ കഥ

Reading Time: 2 minutes

കോഴിക്കോട്, കോളിക്കോട്ട്, കാലിക്കറ്റ്, കാലികൂത് എന്നൊക്കെ പലരും പല പേരില്‍ വിളിക്കുന്ന ദേശത്തിന്റെ, പേരിന്റെ ആവിര്‍ഭാവത്തെപ്പറ്റി പല അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കോ(കോട്ട), അഴി(അഴിമുഖം), കോട്(നാട്) എന്നിവ ചേര്‍ന്നാണ് കോഴിക്കോട് ആയതെന്ന് ഒരഭിപ്രായം. കോയില്‍(കൊട്ടാരം), കോട്ട എന്നീ വാക്കുകളില്‍ നിന്നുണ്ടായതെന്ന് മറ്റൊരഭിപ്രായം. കാലിക്കറ്റ് എന്ന പേരിനെപ്പറ്റിയും രണ്ടഭിപ്രായമുണ്ട്. കോഴിക്കോട്ടെ പ്രസിദ്ധമായ പരുത്തിത്തുണിയെ അറബികള്‍ കാലിക്കോ(ഗമഹശസസീ) എന്നായിരിന്നു വിളിച്ചിരുന്നത്. കാലിക്കോ ലഭിക്കുന്ന സ്ഥലം കാലിക്കോറ്റായി. ബ്രിട്ടീഷുകാര്‍ ഇത് കാലിക്കറ്റ് എന്നാക്കി. മധ്യകാലഘട്ടങ്ങളില്‍ സുഗന്ധദ്രവ്യങ്ങളുടെ കേളികേട്ട നാടായിരുന്നു കോഴിക്കോട്. വാസ്‌കോഡഗാമയെ പോലെയുള്ള സഞ്ചാരികളെ കോഴിക്കോട്ടേക്ക് എത്തിച്ചതും ഇത് തന്നെ.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ‘സത്യത്തിന്റെ തുറമുഖ’മാണ് കോഴിക്കോട്. അറബികളും തുര്‍ക്കികളും ഈജിപ്തുകാരും ചൈനക്കാരും ഈ തുറമുഖം വഴി കേരളം കണ്ടു. കോഴിക്കോട്ടെ അറബിക്കച്ചവടത്തിന്റെ പോരിശ പോര്‍ച്ചുഗീസുകാരനായ ദുവര്‍ത്തെ ബര്‍ബോസ ഇങ്ങനെ അടയാളപ്പെടുത്തുന്നു: ‘കോഴിക്കോട്ടെ മുഹമ്മദീയരായ അറബികള്‍ 1000വും 12000ഉം ബാഹര്‍ ഭാരമുള്ള കപ്പലുകളുണ്ടാക്കി. ഇവയില്‍ ഏതു മഴക്കാലത്ത് പോലും ഏതു രാജ്യത്തേക്കും 10-15 കപ്പലുകള്‍ കച്ചവടാര്‍ഥം സഞ്ചരിക്കുന്നു. ഇവയില്‍ ചില കപ്പലുകള്‍ ചെങ്കടല്‍, ഏഡന്‍, മെക്ക മുതലായ സ്ഥലങ്ങളിലേക്ക് പോകുന്നു; ഇവിടങ്ങളില്‍ ഇവര്‍ സാമാനം വിറ്റ് വളരെ ആദായമുണ്ടാക്കുന്നു. ചില സാമാനം ജൂഡോവിലെ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. ജൂഡോവില്‍ നിന്ന് ചെറിയ കപ്പലുകള്‍ വഴി ടോറോവിലേക്കും ടോറോവില്‍ നിന്നും കെയ്റോവിലേക്കും അവിടെ നിന്നും അലക്സാണ്ട്രിയയിലേക്കും പിന്നെ വെനീസിലേക്കും ഒടുവില്‍ ഞങ്ങളുടെ നാടുകളിലേക്കും പോയി വ്യാപാരം ചെയ്യുന്നു. അവര്‍ കൊണ്ടുവരുന്ന സാമാനങ്ങള്‍ ഏറ്റവും വര്‍ധിച്ച കുരുമുളക്, ഇഞ്ചി, ഏലം, എലവങ്ങം, പുളി, കടുക്ക, നെല്ലിക്ക, താന്നിക്ക, രോജനം, കറ്റവാഴ സത്ത്, രേവല്‍ ചിന്തി, മീനമ്പര്‍, വിലപിടിച്ച എല്ലാതരം രത്നങ്ങള്‍, പവിഴ മുത്തുകള്‍, കസ്തൂരി, പരുത്തിത്തുണികള്‍, ചീന പിഞ്ഞാണ പാത്രങ്ങള്‍ മുതലായവയാണ്. ചിലര്‍ ജൂഡോവില്‍ നിന്ന് ചെമ്പ്, രസം, ചായില്യം, മുത്ത്, കുങ്കുമം, നേരിയ തുണികള്‍, പനിനീര്‍, പേനക്കത്തികള്‍, പലനിറത്തിലുള്ള പട്ടുനാര്, സ്വര്‍ണം, വെള്ളി മുതലായവ വാങ്ങി കോഴിക്കോട്ടേക്ക് മടങ്ങിവന്ന് വില്‍ക്കുന്നു.’
1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോട് പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കാപ്പാട് കടല്‍തീരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാടിന്റെ ചരിത്രം മാറിത്തുടങ്ങി.
എ ഡി 1122 വരെ കോഴിക്കോട് ചേരസാമ്രാജ്യത്തിന് കീഴിലായിരുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ അധീനതയിലായി. അവര്‍ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാര്‍ സാമൂതിരി എന്നറിയപ്പെടാന്‍ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്‍പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി. ഈ കാലത്താണ് കേരളത്തില്‍ പറങ്കിത്തേരോട്ടം തുടങ്ങുന്നത്.
പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാല്‍ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാന്‍ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മര്‍ദങ്ങളുടെ ഫലമായി ചില പ്രദേശങ്ങളില്‍ വാണിജ്യത്തിന് പോര്‍ച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു. സാമൂതിരി കോഴിക്കോടിന്റെ അധിപതി ആയതോടെയാണ് അറബികള്‍ കോഴിക്കോടിന്റെ വാണിജ്യ കേന്ദ്രത്തില്‍ ചുവടുറപ്പിക്കുന്നത്. മറ്റു രാജക്കന്മാരെ തോല്പിക്കാന്‍ സാമൂതിരിക്ക് മുസ്‌ലിംകള്‍ സഹായം ചെയ്തു. അങ്ങനെ കൊച്ചി വരെയുള്ള പ്രദേശങ്ങളുടെ അധിപനായി സാമൂതിരി മാറി.
1766ല്‍ മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലിയും മകന്‍ ടിപ്പു സുല്‍ത്താനും കോഴിക്കോട് പിടിച്ചടക്കി. ടിപ്പു ഭരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. അക്കാലത്ത് നിരവധി സവര്‍ണജാതിക്കാര്‍ തെക്കോട്ട് പലായനം ചെയ്തിരുന്നു. ജാതി കീഴ്‌വഴക്കങ്ങളുടെ ചങ്ങല പൊട്ടിച്ച് അനവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചു. വസ്ത്രധാരണത്തിലും മാറ്റങ്ങള്‍ വന്നു. ഇവിടെ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും നിര്‍ത്തലാക്കാന്‍ ടിപ്പു സുല്‍ത്താന്‍ നിയമങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട് ഗതാഗത യോഗ്യമാക്കി. പാലങ്ങളും ചുരങ്ങളും നിര്‍മിച്ചു. ഭൂവുടമകള്‍ ഭൂനികുതി നല്‍കണമെന്ന നിയമം ആദ്യമായി നടപ്പില്‍ വരുത്തി. പിന്നീട് 1792ലെ മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തെത്തുടര്‍ന്ന് ഹൈദരാലിയുടെ പിന്‍ഗാമിയായിരുന്ന ടിപ്പുഅധികാരമൊഴിഞ്ഞു. 1956ല്‍ കേരളം രൂപം കൊള്ളുന്നതു വരെ ഇത് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു.

മിഷ്‌കാല്‍ പള്ളി
ആദ്യ കാഴ്ചയില്‍ തന്നെ മനം കവരുന്ന നിര്‍മിതിയാണ് മിഷ്‌കാല്‍ പള്ളിയുടേത്. ഏഴു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്ത തച്ചന്മാരാണ് കേരളീയ വാസ്തുശൈലിയില്‍ ഈ മുസ്ലിം ആരാധനാലയം പണിതത്. താഴെ നിലയിലെ ഭിത്തികള്‍ ഒഴിച്ചുള്ള ഭാഗങ്ങളേറെയും തടി ഉപയോഗിച്ചാണ് നിര്‍മാണം. പോര്‍ച്ചുഗീസുകാരുടെ അക്രമത്തില്‍ പള്ളി ഭാഗികമായി തകര്‍ന്നിരുന്നു. സാമൂതിരി രാജാവിന്റെ സഹായത്തോടെ പിന്നീട് കേടുപാടുകള്‍ തീര്‍ക്കുകയായിരുന്നു.
തൊട്ടരികെയുള്ള മുച്ചുന്തി പള്ളിക്ക് മിഷ്‌കാല്‍ പള്ളിയെക്കാള്‍ പഴക്കമുണ്ട്. കാലപ്പഴക്കത്തോടൊപ്പം മാറ്റങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണിത്. തടിയില്‍ ആലേഖനം ചെയ്ത ചിത്രപ്പണികളും അവയ്ക്കിടയില്‍ കൊത്തിവച്ച ഖുര്‍ആന്‍ സൂക്തങ്ങളും ഇന്നും മുച്ചുന്തി പള്ളിയില്‍ കാണാം.

മിഠായിത്തെരുവ്
നിറയേ ഹല്‍വക്കടകളായിരുന്നത്രെ ഇവിടെ. ബ്രിട്ടീഷുകാര്‍ക്ക് ഹല്‍വ, സ്വീറ്റ് മീറ്റ് (sweet meat) ആയിരുന്നു. അങ്ങനെ തെരുവിന് എസ് എം സ്ട്രീറ്റ് എന്ന പേരു കിട്ടി. അതിനു മുന്‍പ് ‘ഹുസൂര്‍ റോഡ്’ എന്ന പേരിലും ഈ റോഡ് അറിയപ്പെട്ടിരുന്നു.
കോഴിക്കോടിന്റെ സാഹിത്യ സംസ്‌കാരിക മുഖമാണിന്ന് കോഴിക്കോട്. വിനോദ സഞ്ചാരികളുടെ നിര്‍ഭയ കേന്ദ്രം. നല്ല ഭക്ഷണവും യാത്രാ സൗകര്യവും. ആശുപത്രിയും ആരാധനാലയങ്ങളും പുസ്തകശാലകളും കാഴ്ചയിടങ്ങളും മനോഹരമായ കടലോരവും സന്ദര്‍ശന കേന്ദ്രവും കോഴിക്കോടിന്റെ മാറ്റ് കൂട്ടുന്നു.
വടക്ക് കണ്ണൂരും തെക്ക് മലപ്പുറവും കിഴക്ക് വയനാടും പടിഞ്ഞാറ് അറബിക്കടലും അതിര്‍ത്തി പങ്കടുന്ന കോഴിക്കോട് ജില്ല, 1957 ജനുവരി 1 നാണ് നിലവില്‍ വന്നത്. 28,79,131 ച.കി മീറ്റര്‍ വിസ്തൃതി. നാല് താലൂക്കുകള്‍. കേരളത്തിലെ പട്ടണങ്ങളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്ത്.

Share this article

About ഹാഫിസ് മുബഷിര്‍ ചാലിയം

View all posts by ഹാഫിസ് മുബഷിര്‍ ചാലിയം →

Leave a Reply

Your email address will not be published. Required fields are marked *