ഉമ്മയില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന തീന്‍മേശയിലെ സ്‌നേഹക്കൂട്ട്

Reading Time: 2 minutes

റുബീന സിറാജ്

അടുക്കളപ്പുരയിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത് ഉമ്മയാണ്. പുലരുമോ എന്ന് പോലും ഉറപ്പില്ലാത്ത നാളെയിലേക്ക് വെള്ളവും വിറകും ഒരുക്കിവെച്ചു സൂര്യനുണരും മുമ്പുണര്‍ന്നു പാതിരക്കെപ്പോഴോ അണഞ്ഞിരുന്ന ഒരു വിളക്ക്. ഉണങ്ങിച്ചുളിഞ്ഞ ഓലമടല്‍ കഷണങ്ങള്‍ ഒന്നും രണ്ടുമായി നിവര്‍ത്തിപ്പിടിച്ച കൈകളിലേക്ക് വെച്ചുതന്ന് ഉമ്മ തന്നെയാണ് പാചകലോകത്തേക്ക് പാസ് തന്നത്. അങ്ങനെയാണ് കരിയും പുകയും കലര്‍ന്ന ഉമ്മാന്റെ ഗന്ധം എന്റെയും ഇഷ്ടപ്പെട്ട മണമായി മാറുന്നത്.
വളര്‍ന്നു വരുംതോറും അടുക്കളച്ചുമരുകള്‍ക്കുള്ളില്‍ ചുറ്റിത്തിരിയുന്ന ഉമ്മയുടെ തട്ടത്തുമ്പില്‍ ഞാനുമൊരാളായി. കൈയാലപ്പുറത്തിരുന്ന കൊട്ടത്തേങ്ങയും ഉപ്പിലിട്ട ഒറ്റമാങ്ങയും കട്ടുതിന്നാന്‍ കാലും ഒന്നുവേഗം വളര്‍ന്നെങ്കിലെന്നായി. ആളിക്കത്തുന്ന തീ അടുക്കളപ്പൊത്തില്‍ ആര്‍ത്തലക്കുമ്പോള്‍ അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ചൂടായ എണ്ണയിലേക്ക് കടുകും കറിവേപ്പിലയും വീഴുമ്പോള്‍ വാതില്‍ക്കൊടിയില്‍ ഓടിയൊളിച്ചു. കരിക്കലങ്ങള്‍ കൊട്ടത്തളത്തില്‍നിന്ന് മിനുക്കിയെടുത്തു കമിഴ്ത്തി വെക്കുമ്പോഴേക്കും രാത്രി അതിന്റെ പകുതിയും യാത്രയായിക്കഴിഞ്ഞിട്ടുണ്ടാകും.
മാവരച്ചും മസാലകൂട്ടിയും പാതിരക്കെപ്പോഴോ മേല് കഴുകാന്‍ പോകുന്ന ഉമ്മാക്ക് കാവലായി ഉമ്മറപ്പടിയില്‍ ഉറക്കച്ചടവോടെ കാത്തിരുന്നത് ഇന്നലെക്കഴിഞ്ഞ പോലെ. ‘പേടിക്കേണ്ട ട്ടോ ഉമ്മ ഇവിടുണ്ട്..’ കുളിമുറിയുടെ തകര വാതില്‍ ചാരുമ്പോഴും ഉമ്മ കരുതലിന്‍ കടലാസില്‍ ആണിതറച്ചു. പുകച്ചുരുളുകള്‍ക്കുള്ളില്‍ ഒരു നിഴല്‍ പോലെ ഉമ്മ പിറ്റേന്നും ഒരുക്കികൊണ്ടേയിരുന്നു. മഴക്കാലമായാല്‍ കണ്ണുകള്‍ പാതിയടച്ചു ഊതിയൂതി നനഞ്ഞ വിറക് കൊള്ളികളുമായുള്ള യുദ്ധംതുടങ്ങി. തൊണ്ടയില്‍ കുരുങ്ങിയ പുകയുടെ കലിപ്പിനെ ചുമച്ചുതള്ളി ഉമ്മ മുന്നോട്ട് തന്നെ.
വിശപ്പിന്റെ രുചി അറിയാത്തവര്‍ ഉണ്ടാകുമോ ഈ ലോകത്ത്? അല്ലെങ്കില്‍ രുചിയുള്ള ഭക്ഷണത്തെ നിഷേധിക്കാന്‍ മെനക്കെടുന്ന വിശന്ന വയറുണ്ടാകുമോ? 80-90കളില്‍ ജനിച്ചവരാണെങ്കില്‍ പട്ടിണിയുടെയും പരിവട്ടങ്ങളുടെയും ഇടയില്‍ കഞ്ഞിവെള്ളത്തിലൊരു മണി വറ്റു കാണാന്‍ കണ്ണുനട്ടിരുന്ന കഥകള്‍ ഏറെയുണ്ടാകും പറയാന്‍. മാതാവിന്റെ ഉദരത്തില്‍ നിന്നൂര്‍ന്നിറങ്ങിയ നിമിഷം മുതല്‍ ജീവനോപാധിയായി മണ്ണിലേക്കുള്ള മടക്കംവരെ പല രുചി ഭേദങ്ങളായി രസമുകുളങ്ങളെ തൊട്ടുണര്‍ത്തി ഭക്ഷണം നമ്മോടൊപ്പമാവുകയാണ്.
മാറോട് ചേര്‍ത്ത് മാതൃത്വം ചുരത്തിത്തന്ന ഉമ്മയുടെ ആദ്യത്തെ സ്നേഹമൂട്ടലിന്റെ അനുഭൂതി അറിയാന്‍ ഉമ്മയാവോളം കാത്തിരിക്കേണ്ടി വന്നു എന്നതാണ് സത്യം. ഹൃദയത്തില്‍നിന്ന് കിനിഞ്ഞിറങ്ങിയ ആ തെളിനീരുമായി വീണ്ടും വിശപ്പിനെ തേടി അലഞ്ഞുകൊണ്ടേയിരുന്നു നാം.
അരിഭക്ഷണം ആണ്ടിലൊരിക്കല്‍ മാത്രമായി, ചേമ്പും ചേനയും കിളക്കാന്‍ നാളുകളെണ്ണി കാത്തിരുന്ന പഴയ കാലത്തില്‍നിന്നും ഭക്ഷണപ്പെരുമകൊണ്ട് പത്രാസ് കാണിക്കുന്ന ‘ബിരിയാണിക്കഥ’കളായി കാലം മാറിയപ്പോഴും വിശപ്പിന്റെ വികാരം വിലകെടാതെ തന്നെ നിലനില്‍ക്കുന്നു.
ഓരോ ദിവസങ്ങളിലും മേശപ്പുറത്തിരിക്കേണ്ടത് വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍ ആയിരിക്കണം എന്നത് പുതു തലമുറയുടെ ഒരു കീഴ്വഴക്കം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തിരിഞ്ഞും മറിഞ്ഞും നോക്കാതെ മൃഷ്ടാന്നഭോജനം നടത്തുന്നവര്‍ ചിന്തിക്കാറുണ്ടോ സെര്‍വിങ് പ്ലേറ്റില്‍ സെറ്റാകുന്നത് വരെ ഉണ്ടായിട്ടുള്ള പിന്നാമ്പുറത്തെ അധ്വാനങ്ങളെക്കുറിച്ച്.
പല ഭരണികളിലായുണ്ടായിരുന്ന പൊടികള്‍ കൈക്കണക്കില്‍ ഒരുമിപ്പിച്ചു പലവിധ രസക്കൂട്ടുകളായി തീന്മേശയില്‍ ഒരുക്കി നിര്‍ത്തി. പെരുന്നാളുകളോ മറ്റു വിശേഷ ദിവസങ്ങളോ വന്നാല്‍ അടുക്കളപ്പാത്രങ്ങളുടെ കലപില അധികമായി. പൊട്ടക്കിണറ്റില്‍ വീണ നക്ഷത്രക്കുഞ്ഞുങ്ങളെ പോലെ ഉറങ്ങാത്ത കണ്ണുകള്‍ അപ്പോഴും പ്രകാശിച്ചു. ഓരോരുത്തരുടെയും അഭിരുചികളെ ഒരുമിപ്പിക്കാനുള്ള മാന്ത്രികത ഉമ്മയുടെ കൈവശം ഭദ്രമായിരുന്നു. ഭക്ഷണ സമയത്തില്‍ ചിട്ടതെറ്റാത്ത കര്‍ക്കശക്കാര്‍ക്കിടയില്‍ പൈതങ്ങളെയും നോക്കി പതിവ് തെറ്റാതിരിക്കാന്‍ ഉമ്മ കാണിച്ച സാഹസത്തോളം വരില്ല ഇന്നത്തെ ജനറേഷന്റെ ഒരു കുക്കിങ് ചലഞ്ചും. പിടഞ്ഞാണെങ്കിലും പൊടിക്ക്പോലും ഉപ്പും മുളകും കൂടാതെ പനിച്ചാലും പുതച്ചുനിന്ന് ഉമ്മ പതിവ് തെറ്റിക്കാതിരുന്നു.
ഓരോ നനച്ചുകുളിക്കും പുക വിഴുങ്ങിയ ചുമരുകള്‍ വെള്ള പൂശി അടുക്കളയെ പുതുപെണ്ണാക്കി നിര്‍ത്തി. തീന്മേശയില്‍ നിന്നാരെങ്കിലും നല്ല അഭിപ്രായം പറഞ്ഞാല്‍ ആ വരണ്ട ചിരിയില്‍ ചിത്ര ശലഭങ്ങള്‍ വിരിയും. കൂറുള്ളിടത്തെ കുറവുള്ളൂ എന്ന് പറഞ്ഞത് പോലെ കുറ്റങ്ങള്‍ കണ്ടെത്തുന്നവരോട് ചിതലരിക്കാത്ത മനസോടെ അവരുടെ ഇഷ്ടങ്ങളെ ചോദിച്ചറിഞ്ഞു. പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ഔദാര്യത്തിന്റെ അക്ഷയപാത്രമായി ഉമ്മ പിന്നെയും നിറഞ്ഞാടിക്കൊണ്ടിരുന്നു. അളവില്ലാത്ത സ്നേഹവും കരുതലും ആറ്റിക്കുറുക്കി ഹൃദയം കൊണ്ട് വിളമ്പുന്നത് കൊണ്ട് തന്നെയാണ് ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍പോയി ഭക്ഷണം കഴിച്ചാലും ഉമ്മമാരുടെ കൈപ്പുണ്യത്തിന്റെ മാര്‍ക്ക് ഒരുപടി മുന്നില്‍ നില്‍ക്കുന്നത്.
ഓരോ നല്ല വീട്ടുകാരികളും നല്ല പാചകക്കാരികള്‍ കൂടി ആയിരിക്കുമെന്ന് ഉമ്മ അനുഭവത്തിലൂടെ കാണിച്ചു തരികയായിരുന്നു. അച്ചടക്കവും ക്ഷമയും ധാര്‍മികമൂല്യങ്ങളും എല്ലാം ഞങ്ങളറിയാതെ ഞങ്ങളിലേക്ക് വിളമ്പി തന്നു. ഒരിക്കലും ഭക്ഷണത്തെ കുറ്റം പറയരുതെന്നും എന്ത് കിട്ടിയാലും കഴിക്കണമെന്നും ഉമ്മ തന്ന പാഠങ്ങള്‍ ആണ്. വറുക്കാനുള്ള എണ്ണ ചൂടാകുമ്പോഴേക്കും പപ്പടം പൊതിഞ്ഞ പത്രക്കഷണം ഉമ്മക്കുള്ളിലെ വായനക്കാരിയെ ഉണര്‍ത്തി.
ഏത് വറുതിയുടെ കാലത്തും വിശപ്പകറ്റാനുള്ള ഒരു കാച്ചിലിനെങ്കിലും അവര്‍ അടുക്കളമുറ്റത്ത് തടമൊരുക്കി. ഊര ചായ്ക്കാനൊരിത്തിരി നേരം കിട്ടിയാല്‍ വെള്ളവും വളവും നല്‍കി അവയെയും മക്കളെ പോലെ ചേര്‍ത്തുനിര്‍ത്തി. ഇന്റെര്‍വെല്ലുകളില്‍ കോഴിക്കൂടിലേക്കും ആട്ടിന്‍കുട്ടികളെയും നോക്കി സഹജീവിസ്നേഹം നിലനിര്‍ത്തി. അരവയറിലും മറുവയറു നിറക്കാന്‍ തെളിനീരുറവയായി പുതുരുചികള്‍ തീണ്ടാന്‍ ഉമ്മ പിന്നെയും ഒഴുകിക്കൊണ്ടേയിരുന്നു.
വിശപ്പാണ് ഭക്ഷണത്തിന്റെ രുചി തീരുമാനിക്കുന്ന മുഖ്യന്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ദാഹിച്ചു വലഞ്ഞു കുടിക്കുന്ന പച്ചവെള്ളത്തിന്റെ മാധുര്യം വെറുതെ കുടിക്കുമ്പോള്‍ കിട്ടാത്തത് അതുകൊണ്ട് തന്നെയാവണം. ഭക്ഷണപ്പൊലിമകള്‍ കൂടുതലാണെങ്കിലും പഴയകാലത്തെ രുചി തിരിച്ചു കിട്ടുന്നില്ലെന്ന പരിതപിക്കലിന് കാരണം വിശക്കാന്‍ വയറിനു ഒരവസരം നല്‍കാത്തതിനാലാവണം.
കാലക്രമേണ ഒരു ചെറു കുടുംബമായി ചുരുങ്ങുമ്പോള്‍ നുള്ളി ഒപ്പിച്ചാണെങ്കിലും നേരറിവ് പഠിപ്പിച്ച ചെറുപ്പകാലം നൊമ്പരപ്പെടുത്തുന്നുണ്ട്. പുകയില്ലാത്ത അടുപ്പുകളും അടുപ്പുണ്ടെന്നുപോലും തോന്നാത്ത രീതിയിലുള്ള ആധുനിക കിച്ചണുകളും അരങ്ങുവാഴുന്ന ഈ ന്യൂജെന്‍ കാലത്ത് നാല്‍ക്കവലകളില്‍ പോലും ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകള്‍ ചിരിച്ചു നില്‍ക്കുന്നതിന്റെ കാരണം നമ്മുടെ അലസതയും മടിയും ഒക്കെയാണ്.
ആരോഗ്യനഷ്ടവും ധനനഷ്ടവും മാത്രമല്ല ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍കൂടെ നഷ്ടത്തിലാക്കുന്നുണ്ട് ഈ എളുപ്പപ്പണി.
വിശക്കുന്നവനൊരു നേരത്തെ ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിന്റെ മഹത്വം അറിയുന്നവരാരും അതിന്റെ ത്യാഗത്തെ വിസ്മരിക്കില്ല, ആ സമയത്തെ പഴിക്കില്ല. മറിച്ച് അതിയായ ആവേശത്തോടെ ആത്മസംതൃപ്തിയുടെ തട്ടകത്തില്‍ അവിടെ പാത്രങ്ങള്‍ താളമിട്ടു കൊണ്ടേയിരിക്കും. ഉയര്‍ന്ന ജോലി, ശമ്പളം തുടങ്ങിയ ഭാവിയിലേക്ക് മക്കളെ മത്സരിച്ചൊരുക്കുമ്പോള്‍ ചില രക്ഷിതാക്കളെങ്കിലും പറയുന്നത് കേള്‍ക്കാം, നന്നായി പഠിച്ചില്ലെങ്കില്‍ ഏതെങ്കിലും അടുക്കളയില്‍ കിടന്നു നരകിക്കേണ്ടി വരും എന്ന്. എന്നാല്‍ അടുക്കളയും ഒരു വലിയ സര്‍വകലാശാലയാണെന്ന ബോധമില്ലാത്ത പരിഷ്‌കാരികളോടൊന്നു പറയാനുണ്ട്, ആണായാലും പെണ്ണായാലും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് മക്കളെ കൈപിടിച്ചു ഉയര്‍ത്തുന്നതോടൊപ്പം സ്വന്തം പശിയടക്കാന്‍ സാധിക്കുന്ന പാചകമെങ്കിലും പ്രോത്സാഹിപ്പിച്ചില്ല, പഠിപ്പിച്ചില്ല എങ്കില്‍ വരുംതലമുറകള്‍ക്ക് കിട്ടുന്ന തീരാനഷ്ടങ്ങളില്‍ ഒന്നായിരിക്കുമത്, തീര്‍ച്ച.

Share this article

About റുബീന സിറാജ്

View all posts by റുബീന സിറാജ് →

Leave a Reply

Your email address will not be published. Required fields are marked *