കത്ത് കാലങ്ങളിലെ ‘സ്വര നായകന്‍’

Reading Time: 5 minutes

എഴുപത്തഞ്ചുകള്‍ക്ക് ‘ശേഷമുള്ള ഗള്‍ഫ്’ സമൃദ്ധിയുടെ കത്ത് കാലങ്ങളില്‍ യേശുദാസിന്റെ മുഖ സാദൃശ്യമുള്ള സ്വരമാധുരിയായിരുന്നു നിര്‍ത്താട്ടില്‍ വേലായുധേട്ടന്‍. പോസ്റ്റോഫീസിലെ കത്ത് വായനയുടെ നായകനായിരുന്നു അദ്ദേഹം.
അന്ന് 1978 മുതല്‍ എരമംഗത്തെ പോസ്റ്റ് ഓഫീസിന്റെ അധിപനായി പോസ്റ്റുമാന്‍ കുഞ്ഞിക്കുട്ടനോടൊപ്പം അദ്ദേഹവും പ്രവര്‍ത്തിച്ചു. ബീരാവുഹാജിയുടെ കടക്ക് സമീപത്തെ മണ്ണെണ്ണ ടിന്നിനു പുറകിലായിരുന്നു അന്ന് ഞങ്ങളുടെ തപാലാപ്പീസ്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കെട്ടിട്ടം. മണ്‍ ഇഷ്ടികകള്‍ അടര്‍ന്ന് പടിഞ്ഞാറോട്ട് കിളിവാതിലുള്ള ഓല കൊണ്ട് മേഞ്ഞ അതിന്റെ വൃദ്ധശരീരം.
ശല്കങ്ങള്‍ അടര്‍ന്ന് ചീഞ്ഞ കോരമീന്‍പോലെ കുമ്മായമടര്‍ന്ന മണ്ണിന്റെ ചുമര് കാണാം. ആ വിണ്ടടര്‍ന്ന മണ്‍ചുമരിന്റെ പള്ളയില്‍ കുമ്മായച്ചുമരില്‍ ‘ഒരു പശുവും കിടാവും’ വരച്ചുവെച്ചിട്ടുണ്ട്. കൂട്ടിന് ഒരു കോണിയുമുണ്ട്. അതിന് മോലെയായിരുന്നു ദീര്‍ഘകാലം സിപിഐയുടെ ഓഫീസ്. ഒരു പത്ത് പത്തരയായാല്‍ ആളുകള്‍ ചാറ്റല്‍ മഴ പോലെ വരാന്‍ തുടങ്ങും. ഗള്‍ഫില്‍ നിന്നുള്ള ബാപ്പമാരുടെ, അച്ഛന്മാരുടെ, ഇക്കാക്കമാരുടെയുമൊക്കെ കത്തുകള്‍ പ്രതീക്ഷിച്ചാണ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ശരിക്കും പ്രതീക്ഷാഭരിതരുടെ ഒരു മുന്നണി. കത്ത് മോഹികളാണധികവും. പിന്നെ മലായക്കാരുടെയും ബോര്‍ണിയ രാജ്യത്തുള്ളവരുടെയും കത്തുകളുമുണ്ടാവും. ഒരു പന്ത്രണ്ട് മണിയായാല്‍ കത്ത് കാത്തിരിക്കുന്ന പ്രതീക്ഷയുടെ സൈനികര്‍ പോസ്റ്റ് ഓഫീസ് വളയും.
പിക്കറ്റിങ് എന്ന രാഷ്ട്രീയകല അന്ന് അത്ര വികസിച്ചിട്ടില്ല. ‘എന്താണ് അവിടെ കൊറെ ആള്‍ക്കാര്‍’ എന്ന് ബീരാവുഹാജിയുടെ കടയിലെ സൈനുക്കയോട് ‘ഗോവു’പ്പണിക്കര്‍ ചോദിച്ചു? ‘അത് കത്ത് കാത്തിരിക്കുന്നവരല്ലേ?’
മെയില്‍ വന്നിട്ടില്ല. ആ പ്രതീക്ഷകള്‍ ഒരു പന്ത്രണ്ടരയായാല്‍ അതിന്റെ സൈനിക ഭാവവും അച്ചടക്കവും വെടിഞ്ഞ് മടുപ്പ് ബാധിച്ച് വലിയകുളത്തിലേക്ക് നോക്കി പറമ്പുകളില്‍ കുത്തിയിരിക്കും. ചിലര്‍ ബീരാവുഹാജിയുടെ പീടികയിലും ആലി ഹാജിയുടെ പീടികയിലും പോയി കാജാബീഡിയും കത്തിച്ച് ആലോചനാ നിമഗ്‌നരാകും. ഇടക്ക് ആള്‍ക്കൂട്ടങ്ങള്‍ വര്‍ത്തമാനിക്കുന്നത് കേള്‍ക്കാം.
ചെക്കന്റെ കത്തും കായിയും വന്നിട്ട് കൊറേ കാലായി. മീന്‍ വില്‍ക്കുന്ന അവറാനും പിഗ് മാമദും മൊറശ് കുഞ്ഞാനും നിന്ന് നിന്ന് കാല് കടഞ്ഞു. അവറാന് വിസയാണ് പ്രതീക്ഷ. മൊറശിന് ഡ്രാഫ്റ്റാണ് വരാനുള്ളത്. അത് റയിസറ് കത്താണ് പോലും.
‘ഹാവൂ.. മെയില്‍ എത്തി’. എല്ലാവരും പോസ്റ്റ് ഓഫീസ് ശരിക്കും വളഞ്ഞു. എരമംഗലത്തേക്കുള്ള കത്തുകള്‍ അന്ന് പെരുമ്പടപ്പ് വഴിയാണ് എത്തുക. സൈക്കിളില്‍ വന്ന മെയില്‍ കാരിയര്‍ കാക്കി സഞ്ചി പോസ്റ്റോഫീസിലെ മെലിഞ്ഞ താടിക്കാരനെ ഏല്പിച്ചു.
യേശുദാസിന്റെ മുഖച്ഛായയുള്ള താടിക്കാരന്‍ കെട്ടിയ കത്തുകള്‍ ഒന്നാകെ ചരിഞ്ഞ് തരംതിരിക്കാന്‍ തുടങ്ങി. അപ്പടി അറബികളുടെ മുഖമുള്ള ഗള്‍ഫ് മണമുള്ള കത്തുകള്‍. യേശുദാസ് റയിസറ് കത്തുകള്‍ എഴുതി ചേര്‍ക്കുകയാണ്. ഞാന്‍ വാതിലില്‍ ചേര്‍ന്ന് നിന്ന് വിലാസവും കത്തും വായിച്ചു തുടങ്ങി.
‘എങ്ങാനും തവയില്‍ ബീവുമ്മയുടെ പേരുണ്ടോ?’
‘ഹാവൂ.. ആശ്വാസമായി.’ അതാ ചേര്‍ക്കുന്നു..
തവയില്‍ ബീവുമ്മ
തവയില്‍ ഹൗസ്
എരമംഗലം
ഉള്ളില്‍ കണ്ണേങ്കാവ് വേലയിലെ പൂക്കുറ്റികള്‍ ഉയര്‍ന്ന് വിരിഞ്ഞു. ഞാന്‍ പകര്‍ത്തിയെഴുതുന്ന കത്തിലെ കൈപ്പടയിലേക്ക് സൂക്ഷിച്ച് നോക്കി. ഇക്കാക്കയുടെ ഉരുണ്ടു തടിച്ച ഇംഗ്ലീഷിലുള്ള നീട്ടിയെഴുത്തുകള്‍.

മുഹമ്മദ് ഉസ്മാന്‍
ജീ കോ എന്റര്‍പ്രൈസസ്
ബോക്‌സ് നമ്പര്‍: 537
ദുബായ്, യുഎഇ.
എത്രയും പെട്ടെന്ന് പെരയിലെത്തി ഈ ആഹ്ലാദവാര്‍ത്ത പറയാതെ എനിക്ക് നിപ്പെരങ്ങ് കിട്ടുന്നില്ല. മനസ് നിറയെ കങ്ങേങ്കാവ് പൂരം.
കൊമ്പ് കുലുക്കി വരുന്ന തിറയും മൂക്കഞ്ചാത്തനും റജിസ്റ്റേഡ് കത്ത് എന്ന് ഇംഗ്ലീഷിലും റയിസറ് കത്ത് എന്ന് നാട്ടുകാരും പറയുന്ന ആ വിഐപി കത്തിന്റെ ചേര്‍ക്കല്‍ കഴിഞ്ഞു.
ഇനിയാണ് പ്രധാന പരിപാടി കത്ത് വായന. പോസ്റ്റ്‌മേന്‍ കുഞ്ഞു കുട്ടനും വന്നു ചേര്‍ന്നു. പ ട്ടച്ചാരായത്തിന്റെ മണം പതുങ്ങി വന്നു സ്വകാര്യം പറഞ്ഞു. വേലായുധേട്ടന്‍ കുന്നോളം കത്തുകള്‍ കൂട്ടി വെച്ചു.

ര@്
ഒരു പോങ്ങ കത്ത് കൈയിലെടുത്ത് വേലായുധേട്ടന്‍ വായിക്കാന്‍ തുടങ്ങി. ചക്കരാത്ത് ശങ്കരന്‍, മാലാട്ടിരി കുഞ്ഞുണ്ണി, വാക്കുളത്തില്‍ ആയിശുമ്മ, നുഡിയങ്കാവില്‍ കുഞ്ഞുമുഹമ്മദ്, വടാശ്ശേരി കുമാരന്‍, ചെറ്റാറയില്‍ ചെറിയ മൊയ്തുണ്ണി, നമ്പീശ്ശന്‍ കാണക്കോട്ടുമഠത്തില്‍, മൂച്ചിക്കൂട്ടത്തില്‍ കദീജ, കരുമത്തില്‍ കുഞ്ഞു, ഇടിയാട്ടേല്‍ ചെറിയ മുഹമ്മദ്, വാക്കാട്ട് മുഹമ്മദാജി, കെപി കൃഷ്ണനുണ്ണി.. ഇതിനിടയില്‍ മൂച്ചിക്കൂട്ടത്തില്‍ കദീജയുടെ കത്തുടമ മകന്‍ അഷറഫ് കൈക്കലാക്കി. വേലായുധേട്ടന്‍ കത്ത് നല്‍കി വായന തുടര്‍ന്നു. തൈപ്പറമ്പില്‍ അറമുഖന്‍, കെകെ ഈനാശു, കെപി മേരിക്കുട്ടി ടീച്ചര്‍, കെപി ഗോദവര്‍മ്മ, കത്ത് വായന പുരോഗമിക്കുകയാണ്.
ഒരുപാട് കത്തുകളുണ്ട്. അറബികളുടെ ചിത്രമുള്ള ഫോറിന്‍ ലക്കോടുകളാണ് അധികവും. ശൈഖ് സാഹിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാന്റെ ചിത്രങ്ങള്‍ നിരന്നുകിടക്കുന്നു. കത്തുകള്‍ തീരാറായിരിക്കുന്നു. ഇടിയാട്ടേല്‍ ഹൈദറസിന്റെ കത്ത് കിട്ടിയ ഹൈദറസ്‌ക്ക മൂച്ചിമ്മല്‍ ചാരിനിന്ന് കത്ത് വായിച്ച സന്തോഷത്തിലാണ്. ‘ഓന്റെ അറബി നല്ലോനാണ്, മോന്റെ ശമ്പളം 100 ദര്‍ഹം കൂട്ടിയിരിക്കുന്നു’ എന്നതാണ് മൂപ്പരുടെ സന്തോഷത്തിന്റെ ഹേതു.
എനിക്ക് കത്തൊന്നും ഇതുവരെയായി കിട്ടിയിട്ടില്ല. എന്തോ ഇന്ന് ഇക്കാക്കയുടെ കത്തുണ്ടാകുമെന്ന് മനസ് പറയുന്നു. അവസാനത്തെ കത്തിന്റെ അഡ്രസ്സും വായിച്ചിട്ടേ ഇന്ന് പോകൂ. ചിലപ്പോള്‍ അവസാനത്തെ കത്തായിരിക്കും എനിക്കുള്ളത്. മുമ്പ് അങ്ങനെ സംഭവിച്ചിട്ടുണ്ട്. അത് ഒരു ചരിത്രാനുഭവമാണ്. ഇതിനിടയില്‍ ഇബ്രാഹിം മുസ്‌ലിയാരും തിക്കിത്തിരക്കി വന്നു നിന്നു. മുസ്‌ല്യാര്‍ ഉറക്കെ പറഞ്ഞു. ‘പോസ്റ്റ് മാഷേ, ന്റെ മോന്‍ അഹമ്മദ് കോയയുടെ ഒരു കത്ത് വരാനുണ്ട്- ഒന്നു നോക്കിക്കെ?’ കപ്യാരത്ത് ഇബ്രാഹിം മുസ്‌ല്യാരുടെ പേര് നേരത്തെ വിളിച്ച വിവരം മീന്‍കാരന്‍ ബഹറു മുസ്‌ല്യാര്‍ക്ക് വിവരം കൊടുത്തതിന്റെ ബലത്തിലാണ് കള്ളിത്തുണിയും തുര്‍ക്കിത്തൊപ്പിയും കോട്ടുമിട്ടുള്ള ഈ മുസ്‌ല്യാരുടെ വരവ്. വേലായുധേട്ടന്‍ മാറ്റി വെച്ച ഒരു പോങ്ങ കത്തിന്‍ കൂട്ടത്തില്‍ നിന്നും കപ്യാരകത്ത് ഇബ്രാഹിം മുസ്‌ല്യാരുടെ കത്ത് കണ്ടെടുത്തു. ഖത്തര്‍ ഷെയ്ഖ് കത്തിന്റെ കവറില്‍ ഖലീഫ ബിന്‍ ഹമദ് അന്‍ഥാനി കുലുങ്ങിച്ചിരിച്ച് കപ്യാരകത്തെ വീട്ടിലേക്ക് നടന്നു പോയി.
മില്ലുകാരന്‍ കുഞ്ഞുണ്ണിയുടെ മകന്‍ മാലാട്ടിരി ബാലകൃഷ്ണന്റെ പേര് വിളിച്ച ഉടനെ ബാലന്‍ ദ്രുതഗതിയില്‍ കത്ത് കൈക്കലാക്കി. ഇപ്പോള്‍ വേലായുധേട്ടന്റെ ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ. മനുഷ്യന്റെ വാക്കുകള്‍ സംഗീതം പോലെ കത്ത് കൂര്‍പ്പിച്ച് കേള്‍ക്കുന്ന അപൂര്‍വ നേരങ്ങളാണ് എരമംഗലം തപാലാപ്പീസില്‍ വേലായുധേട്ടന്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇതിനിടയില്‍ വേലായുധേട്ടന്റെ കത്ത് വായന കേള്‍ക്കാതെയായി. ഒരു വള്ളികൊട്ട കരിതുപ്പി ബികെടി ബസ്സ് വന്നു നിന്നു. നിരനിരയായി വെച്ച കൊപ്ര ചാക്കുകള്‍ ബസ്സിന്റെ മേലെ കയറ്റി വെച്ച് ബസ്സ് ഒന്നാം ഗീറില്‍ നീങ്ങുന്ന ശബ്ദം. ആ വാഹന ഇരമ്പത്തില്‍ കത്ത് വായന കേള്‍ക്കാതെയായി. ആളുകള്‍ ബസ്സിനെ പിരാകാന്‍ തുടങ്ങി.
ഇതിനിടയില്‍ ഷൗക്കത്ത് അലിഖാന്‍ എന്ന പേരും വിളിക്കപ്പെട്ടു. പരിഭ്രമത്തോടെ ഞാന്‍ മുരടനക്കി. നെഞ്ചിടിപ്പ് പടപടാന്ന്. കൈപൊക്കി. ദാ ഇവിടെ ആളുണ്ടെന്നറിയിച്ചു. ഓളാട്ട്‌വളപ്പില്‍ അബ്ദുല്‍ ലത്തീഫ് കത്ത് വാങ്ങി എന്നെ ഏല്പിച്ചു. കത്ത് വാങ്ങി ഞാന്‍ മണത്തു നോക്കി. ഗള്‍ഫ് സൗരഭ്യത്തിന്റെ മദന മോഹന ഗന്ധം ഉള്ളിലേക്കാവാഹിച്ച് ആ കത്തിലേക്ക് സൂക്ഷിച്ച് നോക്കി.
ഷൗക്കത്തലി ഖാന്‍
തവയില്‍ ഹൗസ്
എരമംഗലം , 679587
വഴി പെരുമ്പടപ്പ്, മലപ്പുറം ജില്ല
അഭിമാനപൂര്‍വം ഞാനേറി നിന്നു, ദൂരത്തെ വലിയ കുളം നോക്കി നോക്കി.

മൂന്ന്
കത്ത് കിട്ടിയ ഉടനെത്തന്നെ ബീരാവുഹാജിയുടെ വടക്കുഭാഗത്തെ നിവര്‍ത്തിവെച്ച നിരപ്പലകകളില്‍ മാറി ഇരുന്നു വായിച്ചു.
പ്രിയപ്പെട്ട ഷൗക്കത്തിന് ‘ആ തിരുവചനത്തില്‍’ എന്ന് ഇക്കാക്കയുടെ കത്തിന്റെ മുകള്‍ ഭാഗത്ത് അദ്ദേഹം എഴുതിയിരിക്കുന്നത്. നല്ല വൃത്തിയുള്ള കൈപ്പടയാണ് ഇക്കാക്കയുടേത്. അദ്ദേഹം ബിഎസ്സിക്കാരനാണ്. കോഴിക്കോട് ഫറൂഖ് കോളേജിലാണ് പഠിച്ചിരുന്നത്. നാട്ടില്‍ പാരലല്‍ കോളേജ് നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഇക്കാക്കാക്ക് വിസ വന്നത്. ഇക്കാക്ക ഗള്‍ഫിലേക്ക് പോയ ദി വസമാണ് ഞാനേറെ കരഞ്ഞത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എന്നെയും ഇക്കാക്ക കൊണ്ടുപോയിരുന്നു. അദ്ദേഹത്തെ യാത്രയാക്കാന്‍ ഒട്ടേറെ ചെങ്ങായിമാര്‍ വന്നിരുന്നു. വലിയ ഒരു സുഹൃദ് വലയമുണ്ട് ഇക്കാക്കക്ക്. റേഷന്‍ കട നടത്തിയിരുന്ന സുലൈമാന്‍ക്ക, മീന്‍കാരന്‍ ബഹറു, ലിയ ട്യൂഷന്‍ സെന്ററിലെ മാഷന്മാര്‍, അവിടെ പഠിച്ചിരുന്ന കുട്ടികള്‍, അന്ന് എത്രപ്പോരം ആള്‍ക്കാരാണ് റോഡ് മുറിച്ച് കടന്ന് എഴുപ്പുറത്തെ കാവും കാഞ്ഞിരമരങ്ങളും ആലും അതിന്റെ താഴെ ചിതറികിടന്നിരുന്ന കരിയിലകളും ചവിട്ടി കയ്യിട്ട്‌ല വഴിയും കടന്ന് ഞങ്ങളുടെ പെരയിലേക്ക് വന്നത്. കയ്യാലയില്‍ പത്തറുപത് പേര്‍ ചതുരം വളഞ്ഞിരുന്ന് സുപ്ര വിരിച്ചാണ് ചോറ് വെയ്ക്കാനിരുന്നത്. സെലീന തീരെ ചെറിയ കുട്ടിയാണ്. ഓള്‍ക്കും ഇജാസിനും ഇക്കാക്ക ചോറുരുട്ടിക്കൊടുത്തു. ഇക്ക പോവുകയല്ലേ? ഞങ്ങള്‍ക്കിനി ആരാണ് ഉള്ളത് എന്ന സങ്കടമൊന്നുമായിരുന്നില്ല. എന്തോ ഞങ്ങള്‍ക്ക് വലിയ സങ്കടംവന്നു. ഇക്കാക്കയുടെ കണ്ണില്‍ നിന്ന് കണ്ണീരൊലിപ്പിച്ച് ബസ്സിയില്‍ വീഴുന്നത് ചുമരിലുള്ള ജോര്‍ജ്ജ് ഫര്‍ണാണ്ടസ്, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണന്‍ എന്നീ നേതാക്കള്‍ നിര്‍നിമേഷം നോക്കി നിന്നു. നാട്ടിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രധാനിയാണ് ഇക്കാക്ക. അടിയന്തരാവസ്ഥ കാലത്ത് റോഡിലെ ഇലക്ട്രിക് പോസ്റ്റില്‍ വെളിച്ചപ്പെട്ട് നിന്നിരുന്ന ഒരു ബള്‍ബിന്റെ ചുവട്ടിലിരുന്ന് കെമിസ്ട്രിയിലെ ഏതൊക്കെയോ തത്വങ്ങള്‍ പഠിക്കുകയായിരുന്നു അദ്ദേഹം. നേരമേറെ കഴിഞ്ഞിട്ടും അര്‍ധ രാത്രിയായിട്ടും ഇക്കാക്ക വരാതെയായപ്പോള്‍ ഉമ്മയും പെറ്റുമ്മയും കൂടി പായേരം പറയാന്‍ തുടങ്ങി. അന്ന് എങ്ങനെയോ നേരം വെളുപ്പിച്ചു. പിന്നെ മോഹനേട്ടനോട് രാവിലെത്തന്നെ പോയി പറഞ്ഞതിന് ശേഷമാണ് ഇക്കാക്കയെ വിട്ടയച്ചത്. അന്ന് രാത്രി പെറ്റമ്മ നിയ്യത്താക്കിയ മങ്കൂസ് മൗലൂദ് ഇന്ന് ഇക്ക ഗള്‍ഫിലേക്ക് പോകുന്ന ദിവസം അതാ അപ്പുറത്ത് നടക്കുന്നു. ഇബ്രാഹിം മുസ്‌ല്യാര്‍ നീട്ടിനീട്ടി മങ്കൂസ് മൗലൂദ് ചൊല്ലുന്നു. കയ്യാല ഒന്നാകെ ചന്ദനത്തിരിയുടെ സുഗന്ധധാരയിലാണ്.
ബോംബെക്ക് പോകുന്ന ജയന്തി ജനത ട്രെയിനില്‍ ഇക്കയെ യാത്രയാക്കാന്‍ എന്നെയും കൊണ്ടുപോയിരുന്നു. അംബാസിഡര്‍ കാറിന്റെ പിന്‍സീറ്റില്‍ ഇക്കായുടെ അടുത്താണ് ഞാനിരുന്നത്. ഇക്കയെ യാത്രയാക്കി വന്ന അന്ന് ഞാന്‍ ഏറെ നേരം ഇരുന്ന് കരഞ്ഞു. പറമ്പില്‍ അച്ചാലും മുച്ചാലും നടന്നു. പെരയുടെ ഔത്ത് ഏറെ നേരം ഇരുന്നു. ഇക്കാക്കയുടെ കയ്യാലയിലെ ഒറ്റമുറി ഏകാന്തമൂകമായി. അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയിലേക്ക് എന്റെ എട്ടാംക്ലാസിലെ പാഠപുസ്തകങ്ങളും മാതൃഭൂമിയുടെയും കലാകൗമുദിയുടെയും പഴയ ലക്കങ്ങളും മാറ്റപ്പെട്ടു.
ബോബെയില്‍ എത്തിയ വിവരത്തിന് ഇക്കാക്കയുടെ കത്ത് വന്നു. എന്റെ വിവരങ്ങള്‍ പ്രത്യേകം ചോദിച്ചിരുന്നു. കത്ത് കിട്ടിയ അന്ന് തന്നെ പോസ്റ്റോഫീസില്‍ പോയി ആദ്യമായി ഇരുപത്തഞ്ച് പൈസക്ക് ഇന്‍ലന്റ് വാങ്ങി. രാത്രിയില്‍ ചിമ്മിനി വിളക്ക് കത്തിച്ചുവെച്ച് ഉമ്മയുടെ വാക്കുകള്‍ കേട്ട് പകര്‍ത്തി എഴുതി. പെറ്റമ്മയും മുറുക്കാന്‍പാത്രം തുറന്ന് വെച്ച് ഇടക്ക് കയറി ഇതുംകൂടി എവുതിക്കോ എന്ന് പറയാന്‍ തുടങ്ങി.
എത്രയും പ്രിയപ്പെട്ട മകന്‍ ഉസ്മാന്‍ വായിച്ചറിയുവാന്‍ പിന്നെയുള്ളതൊക്കെ പ്രയാസങ്ങളാണ്. അദാബിന്റെ മഷിപുരണ്ട അക്ഷരങ്ങള്‍ ഉമ്മയുടെ മുറുക്കി ചുവപ്പിച്ച ചുണ്ടിലൂടെ ചിമ്മിനി വിളക്കിന്റെ സാക്ഷി വെളിച്ചതില്‍ വാമൊഴിയായി പ്രവഹിച്ചു. ഇന്‍ലന്റിന്റെ പരിമിതമായ നാല് പുറങ്ങളിലേക്ക് അവ പകര്‍ത്തിവെച്ചു. കത്ത് ചുരുക്കി മറുപടിക്ക് കാത്തുകൊണ്ട്, പ്രിയത്തില്‍ ഉമ്മ എന്ന് കത്ത് ഉപസംഹരിച്ചു. ഉമ്മ വടക്കിനിയില്‍ പോയി ചോറ്റും കുട്ടയില്‍ കയ്യിട്ടു പരതി അഞ്ചെട്ട് വറ്റ് കൊണ്ടുവന്നു. വറ്റ് ചേര്‍ത്ത് കത്തൊട്ടിച്ചു. നാളെ രാവിലെ തന്നെ പോസ്റ്റ് ചെയ്യണം. ഉമ്മയുടെ ആജ്ഞ വന്നു. ഇന്‍ലന്റില്‍ അഡ്രസ്സെഴുതി ചരിത്രവും പൗരധര്‍മത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ പടമുള്ള പേജില്‍ വെച്ചു. രാവിലെ മുസ്ഹഫ് എടുത്ത് ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ എന്ന ഓത്തുപള്ളിയിലേക്കായി നില്‍പ്പനയായി ഒരു സുലൈമാനിയും വിട്ട് മുറ്റത്തേക്കിറങ്ങുമ്പോള്‍ ഉമ്മയുടെ പിന്‍വിളി.
‘ചെക്കാ ഉസ്മാന്‍ക്ക്ള്ള കത്ത് ഇട്ക്കാന്‍ മറന്ന ഇജ്ജ്.’ ഞാന്‍ പിന്‍തിരിഞ്ഞ് വന്ന് ചരിത്രവും പൗരധര്‍മ്മവും തുറന്നു. അക്ബര്‍ ചക്രവര്‍ത്തിയെ തൊട്ട ഇന്‍ലന്റ് എടുത്ത് മുസ്ഹഫിന്റെ ഉറ അഴിച്ച് കത്ത് ഭദ്രമായി വെച്ചു.
ഓത്തുപള്ളിയില്‍ നിന്ന് അലിഫും ബായും മുഴങ്ങുന്നു. ഓത്തുപലകകള്‍ ഉറക്കചടവുള്ള കുഞ്ഞു കണ്‍പോളകള്‍ തിരുമ്മി അറബി അക്ഷരങ്ങള്‍ വായിക്കുന്നു. സുബ്ഹി കഴിഞ്ഞ് വിശന്ന് പള്ളവറ്റിയ ഹൗളിലേക്ക് വല്ലിപ്പ എന്ന വിളിപ്പേരുള്ള ഇബ്രാഹി മുസ്‌ല്യാരുടെ അരുമ ശിഷ്യന്‍ പള്ളിക്കിണറ്റില്‍ നിന്നും വെള്ളം കോരി ഒഴിക്കുന്നു. കപ്പിയും കയറും തമ്മില്‍ വഴക്കും വക്കാണത്തിലുമാണ്. കരകര…കിരികിരി… ഞാന്‍ ഓത്തുപള്ളിയില്‍ കയറാതെ മദ്രസ വലം വെച്ച് നിസ്‌കാരപള്ളിയും കടന്ന് ടൂറിസ്റ്റ് ഹോട്ടലിന് മുന്നിലെത്തി. ബീരാവുഹാജിയുടെ പീടിക തുറന്നിട്ടില്ല. രണ്ട് ഭീമാകാരമായ മണ്ണെണ്ണ ടിന്ന് പീടികക്ക് കാവലാണ്. ഞാന്‍ പോസ്റ്റോഫീസിന്റെ മുന്നിലെത്തി. അതാ ചുവന്ന് തുരുമ്പിച്ച ലോഹപ്പെട്ടി. അതിന്റെ ഇത്തിരി വിടര്‍ന്ന തൊള്ളതുറന്ന് കത്ത് പെട്ടിയിലേക്കിട്ടു. കത്ത് വീഴുന്ന ഒച്ചകേട്ടു. ബിസ്മി ചൊല്ലി അത് ഇബ്രാഹിം മുസ്‌ല്യാരുടെ ഉപദേശമാണ്.
മക്കളേ… ഓയ്… തിന്നുമ്പോഴും കുടിക്കുമ്പോഴും ഉറങ്ങുമ്പോഴും ഉണരുമ്പോഴും കയറുമ്പോഴും ഇറങ്ങുമ്പോഴും ബിസ്മി ചൊല്ലാന്‍ മറക്ക്വോ…
ഓത്തുപള്ളിക്ക് ഒറ്റചങ്കാണ്… ‘മറക്കില്ല.’
‘എന്നാ ചൊല്ലിക്കോളിന്‍… ബിസ്മില്ലാഹി റഹ്മാനി റഹീം.’
കത്ത്‌പെട്ടി ഇടുമ്പോഴും ബിസ്മി ആകാമല്ലോ. നെഞ്ചത്തടുക്കിപ്പിടിച്ച മുസ്ഹഫ് ഉറയുമായി ഓത്തുപള്ളിയിലേക്ക് കയറി ചെന്നു. മേപ്പാടക്കാരുടെ കൂട്ടത്തില്‍ ചെന്നിരുന്നു. 22-ാം ജൂസുവും മറച്ചുവെച്ചു. മറ്റൊരു ബിസ്മിയിലേക്ക് അഭിഷിപ്തനായി. ഓത്തുപള്ളി കുട്ടിയായി. ഒമ്പതുമണിയായി ഓത്തുപള്ളി സ്വല്ലല്ലാഹു അലാ മുഹമ്മദ്, യ റബ്ബി സ്വല്ലി അലൈവിസല്ലം ചൊല്ലി പിരിഞ്ഞു. മുസ്ഹഫ് ഉറയുടെ വള്ളിയുടെ അവസാനകെട്ട് കെട്ടുപ്പോള്‍ മൊയ്ല്ല്യാര്‍ നീട്ടി വിളിച്ചു.
‘സഊദ്..’
ഞാന്‍ മൊയ്‌ല്യാരുടെ അടുത്തേക്ക് ചെന്നു. സുഗന്ധഹാരിയായ മൊല്ല്യാകാറ്റൊഴുകി.
‘ഉസ്മാന്റെ കത്ത് വന്നാ…’ ഓന്‍ പേര്‍ഷ്യയിലെത്തിയോ… ഇല്ല? ഇക്ക ബോംബയിലെത്തിയിട്ടേയൊള്ളൂ. ഒരു മാസം കഴിഞ്ഞിട്ടെ കപ്പലൊള്ളൂ. ‘സുബ്ഹാനല്ലാഹ്..’
മോന്‍ കത്തെഴുതുമ്പോള്‍ മൊയ്‌ല്യാരുടെ ഒരു സലാം വെയ്ക്കണം.’ മൊയ്‌ല്യാര്‍ അന്നത്തെ ചീരണിയില്‍ നിന്ന് ഒരു പ്യാരീസ് മുട്ടായി കൂടി കാസപിഞ്ഞാണത്തില്‍ നിന്ന് കൈയില്‍ വെച്ചു തന്നു.
പ്യാരീസ് മുട്ടായി തോല് പൊളിച്ച് ആ മിന്നുന്ന കടലാസ് ഒന്നുകൂടി നക്കി നുണഞ്ഞ് ഇജാസിന്റെ കൈയും പടിച്ച് ഞങ്ങള്‍ ഓത്തുപള്ളി കുട്ടികള്‍ വീട്ടിലേക്ക് ഒഴുകാന്‍ തുടങ്ങി.

Share this article

About ഷൗഖത്ത് അലി ഖാന്‍

shoukath.alighan@gmail.com

View all posts by ഷൗഖത്ത് അലി ഖാന്‍ →

Leave a Reply

Your email address will not be published. Required fields are marked *