വായനയില്‍ വിട്ടുപോകുന്ന വാരിയന്‍കുന്നന്‍

Reading Time: 3 minutes

1866 നെല്ലിക്കുത്തിലെ സമ്പന്ന കുടുംബത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്. അക്കാലത്തെ മികച്ച വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം പിതാവിന്റെ കച്ചവടത്തില്‍ സഹായിയായി. ദേശാഭിമാനിയായിരുന്നു പിതാവ്. 1894 ഇംഗ്ലീഷുകാര്‍ക്കെതിരെ നടന്ന മണ്ണാര്‍ക്കാട് ലഹളയില്‍ പങ്കെടുത്തതിന് പിതാവിനെ ബ്രിട്ടീഷുക്കാര്‍ ആന്തമാനിലേക്ക് നാടുകടത്തി. ഇരുന്നൂറോളം ഏക്കര്‍ വരുന്ന കുടുംബ സ്വത്ത് ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തു. 1894ല്‍ നടന്ന കലാപത്തില്‍ അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടു. മണ്ണാര്‍ക്കാട് ലഹള വാരിയന്‍കുന്നത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. പിതാവിനെ നാടുകടത്തപ്പെട്ടതോടെ സാമ്രാജ്യത്വ വിരോധം മൂര്‍ച്ഛിച്ചു. പരസ്യമായി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലേക്ക് ഇറങ്ങുന്നതും അതോടുകൂടിയാണ്. പരമ്പരാഗത മാപ്പിള കലകളില്‍ തല്പരനായിരുന്ന ഹാജി നല്ലൊരു ഗായകനായിരുന്നു. ആയോധന കലകളും അദ്ദേഹം അഭ്യസിച്ചിരുന്നു.
1896ല്‍ മഞ്ചേരി കോവിലകത്തെ ജന്മിമാര്‍ അവരുടെ കുടിയാന്മാരെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചു തുടങ്ങി. ബ്രിട്ടീഷ് ഗവണ്‍മെന്റ് ജന്മിമാര്‍ക്ക് എല്ലാ സഹായവും നല്‍കി. ഇതോടെ ഭൂമി നഷ്ടമായ കുടിയാന്മാരെ അദ്ദേഹം സംഘടിപ്പിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ട് അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം കത്തയച്ചു. ചൂഷണം അവസാനിപ്പിക്കാനോ മേല്‍ച്ചാര്‍ത്തുനല്‍കി പഴയ കുടിയാന്മാരെ വഴിയാധാരമാക്കുന്നത് നിര്‍ത്താനോ ജന്മിമാര്‍ തയാറായില്ല. പോരാട്ടമല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല ഏറനാട്ടിലെ കുടിയന്മാരായ കര്‍ഷകര്‍ക്ക്. ജന്മിമാരെ സഹായിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സൈന്യത്തെ വിന്യസിച്ചു. കലാപം അടിച്ചമര്‍ത്താന്‍ വന്ന നൂറ് ബ്രിട്ടീഷ് സൈനികരില്‍ തൊണ്ണൂറ്റിനാലു പേരും കൊല്ലപ്പെട്ടു. കുഞ്ഞഹമ്മദ് ഹാജിയെ അറസ്റ്റ് ചെയ്യാന്‍ ഇന്‍സ്‌പെക്ട്ടര്‍ ഖാന്‍ ബഹദൂര്‍ ചേക്കുട്ടി നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. അവര്‍ക്ക് പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ് ഹാജി നാടുവിട്ടു. ആദ്യം മുംബൈയിലേക്കും അവിടെ നിന്ന് മക്കയിലേക്കും പോയി. മൂന്നുവര്‍ഷത്തെ മക്കാ ജീവിതത്തോടെ അദ്ദേഹം മതവിജ്ഞാനം അഭ്യസിച്ചു. 1914ല്‍ തിരിച്ചെത്തി സ്വന്തം നാട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. ജന്മനാട്ടില്‍ താമസിക്കാന്‍ ഗവണ്‍മെന്റ് അനുവദിക്കാത്തതു കാരണം മൊറയൂരിനടുത്ത് പോത്തുവെട്ടിപ്പാറയിലായിരുന്നു ആദ്യം താമസിച്ചത്. മലബാര്‍ കലക്ട്ടര്‍ ഇന്നിസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയച്ചു. അക്കാലത്ത് അദ്ദേഹത്തിന് നിരവധി പോത്ത് വണ്ടികള്‍ ഉണ്ടായിരുന്നു. മലബാര്‍ സമരകാലത്ത് പോത്ത് വണ്ടി/കാളവണ്ടി ഉടമകളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് ഗവണ്മെന്റിനും ജന്മിമാര്‍ക്കുമെതിരെ പടക്കു നേതൃത്വം നല്‍കി. ബ്രിട്ടീഷുകാര്‍ ക്രൂര മര്‍ദനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഹാജിയും സംഘവും ഗറില്ലായുദ്ധമുറ നടത്തി. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്. നാനൂറ് പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ഖ ക്യാംപ് ഒറ്റ രാത്രികൊണ്ട് ആക്രമിച്ച് എഴുപത്തഞ്ച് ഗൂര്‍ഖകളെ വധിച്ചു.1921 ആഗസ്റ്റ് 20ന് കലക്ടര്‍ തോമസ് ഹിച്ച്‌കോക്ക് തിരൂരങ്ങാടിയില്‍ വെച്ച് വാരിയന്‍കുന്നന്റെ സേനയോട് തോറ്റോടി. ലണ്ടന്‍ ടൈംസ് ഇംഗ്ലീഷ് പത്രം മലബാറില്‍ ഇംഗ്ലീഷ് ഭരണം അവസാനിച്ചു എന്നാണ് എഴുതിയത്. വാരിയന്‍കുന്നന്റെ വിപ്ലവവീര്യം ലണ്ടനില്‍ ബ്രിട്ടീഷ് ആസ്ഥാനങ്ങളില്‍ ചെന്നടിച്ചു.
ബ്രിട്ടീഷ് അധികാരികളെ മാത്രമല്ല ബ്രിട്ടീഷ് പക്ഷപാതികളായിരുന്നവരെയും വാരിയന്‍കുന്നത്ത് നേരിട്ടു. പോലീസ് ഇന്‍സ്‌പെക്ടറായ ആനക്കയം ചേക്കുട്ടിയെ വകവരുത്തി. അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു കുന്തത്തില്‍ കുത്തി മഞ്ചേരി അങ്ങാടിയില്‍ ജനമാധ്യേ പ്രദര്‍ശിപ്പിച്ചുകൊണ്ട് വാരിയന്‍കുന്നത്ത് വിളിച്ചുപറഞ്ഞു. ‘പേടിച്ചു മാറി നില്‍ക്കുന്ന ബ്രിട്ടീഷ് മക്കളോടാണ്, അധികാരമോഹവുമായി മേലില്‍ ഈ ജനതയുടെ മുമ്പില്‍ വന്നാല്‍ ഇതായിരിക്കും അവസ്ഥ. തല കാണുകയില്ല.’ ബ്രിട്ടീഷുകാരെ ഏതെങ്കിലും രീതിയില്‍ സഹായിച്ചവരെ ശിക്ഷിക്കുന്നതില്‍ കുഞ്ഞഹമ്മദ് ഹാജി മുഖ്യപങ്കുവഹിച്ചു. മൊറയൂരില്‍ നിന്ന് മാതാവിന്റെ ദേശമായ തുവ്വൂരിലേക്ക് സ്ഥിരതാമസമാക്കിയ ശേഷമാണ് ഖിലാഫത്ത്, കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 1920 കോഴിക്കോട് നടന്ന ഖിലാഫത്ത് സമ്മേളനത്തില്‍ ആലി മുസ്‌ലിയാരോടെപ്പം പങ്കെടുത്തു. ഗാന്ധിജിക്കും ഷൗക്കത്തലിക്കുമൊപ്പം പ്രസംഗിച്ചു. 1921 ആഗസ്റ്റ് 22ന് പാണ്ടിക്കാട് നടന്ന ഖിലാഫത്ത് യോഗത്തില്‍ കലാപത്തിന്റെ നേതൃത്വം ഏറ്റെടുത്തു.1921 ആഗസ്റ്റില്‍ തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ ക്രൂരമായ നരനായാട്ടിനെ തുടര്‍ന്ന് ഹാജി കൂടുതല്‍ ശക്തിയാര്‍ജിച്ച് രംഗത്ത് വന്നു. ആനക്കയത്തു നിന്ന് ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത് പോരാളികള്‍കൊപ്പം അദ്ദേഹം ആഗസ്റ്റ് 22ന് തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു. സംഘം പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തോക്കും ആയുധങ്ങളും കൈക്കലാക്കി. 1921 ആഗസ്റ്റ് 25ന് പൂക്കോട്ടൂര്‍ കലാപത്തില്‍ പങ്കെടുക്കാന്‍ ഹാജിയും അനുയായികളും ശ്രമിച്ചെങ്കിലും അവര്‍ എത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു. പൂക്കോട്ടൂര്‍ നിവാസികള്‍ക്ക് സാന്ത്വനവും സംരക്ഷണവും നല്‍കി കുറച്ചുകാലം അദ്ദേഹം അവിടെ താമസിച്ചു. സാമുദായിക മതങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. ഹിന്ദുക്കളെ കൊല്ലരുത്. അവരുടെ സ്വത്തുക്കള്‍ അന്യായമായി നശിപ്പിക്കരുത്. അവരുടെ അനുവാദമില്ലാതെ അവരെ മതത്തില്‍ ചേര്‍ക്കരുത്. കൊള്ള ചെയ്യുന്നത് മാപ്പിളയായാലും മാതൃകാപരമായി ശിക്ഷിച്ചിരുന്നു. താന്‍ ഹിന്ദുക്കളെ നിര്‍ബന്ധിത മതം മാറ്റുന്നുവെന്ന ബ്രിട്ടീഷ് പ്രചാരണങ്ങള്‍ പത്രങ്ങളും അതേ രീതിയില്‍ ഏറ്റുപിടിച്ച സാഹചര്യത്തിലാണ് ദി ഹിന്ദു പത്രത്തിന്റെ പത്രാധിപര്‍ക്ക് തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് കത്തയച്ചത്. കാര്യങ്ങള്‍ ഗാന്ധിജിയും മെറ്റല്ലാവരും അറിയട്ടെ എന്നദ്ദേഹം ആശിച്ചു. വളരെ സൗമ്യമായി തുടങ്ങിയ ആ കത്ത് അവസാനിക്കുന്നത് ‘ഈ കത്ത് നിങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ നിങ്ങളെനിക്ക് വിശദീകരണം നല്‍കേണ്ടി വരും എന്നു പറഞ്ഞുകൊണ്ടാണ്.’പൂര്‍ണമായും മതേതര സ്വതന്ത്ര പോരാളിയായിരുന്നു വാരിയന്‍കുന്നത്ത്.
ഹിച്ച്‌കോക്ക് ടോട്ടന്‍ഹാം നിരീക്ഷിക്കുന്നത്, മലബാറിലെ ഒരു മാപ്പിള പോരാളിയെ പിടികൂടാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് വലിയ സമയം ചെലവഴിച്ചു എന്നാണ്. ഇന്ത്യയില്‍ അന്ന് നിലവിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ ഏറനാട്ടിലേക്ക് നിയോഗിച്ചു. ബ്രിട്ടീഷുക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേശം ഇന്ത്യയില്‍ രൂപപ്പെട്ടിരുന്നുവെന്ന് ഹിച്ച്‌കോക്ക് നിരീക്ഷിക്കുന്നുണ്ട്. കുറഞ്ഞ കാലത്തേക്കാണെങ്കിലും മലയാളരാജ്യം എന്ന് പേരിട്ട വാരിയന്‍കുന്നത്തിന്റെ ദേശം ബ്രിട്ടീഷ് സര്‍ക്കാരിനെ നിഷ്പ്രഭമാക്കി. ബ്രിട്ടീഷ് സൈന്യത്തിന് ഏറനാട്ടിനെ അടിച്ചമര്‍ത്താന്‍ സാധ്യമല്ലെന്നു മനസിലാക്കി. ഇന്ത്യന്‍ പോലീസുകാരെ ഇറക്കുമതി ചെയ്യാനും ബ്രിട്ടീഷുകാര്‍ തീരുമാനിച്ചു.
ഹാജിയെ ജീവനോടെ പിടികൂടുക എന്ന ലക്ഷ്യത്തോടെ മാര്‍ഷലോ കമണ്ടന്റെ കേണല്‍ ഹംഫ്രിയുടെ നേതൃത്വത്തില്‍ വിവിധ പട്ടാള വിഭാഗം കമാന്റര്‍മാരെയും ഇന്റലിജന്‍സിനെയും കൂട്ടുപിടിച്ച് മലബാറില്‍ നയിച്ച സെല്ലായിരുന്നു ബാറ്ററി സെല്‍. മലബാര്‍ പോരാട്ടത്തിന് അന്ത്യം കാണുന്നത് ഈ ഓപ്പറേഷനിലൂടെയാണ്. ഹാജിയെ പിടികൂടാന്‍ അവസാനശ്രമം ബ്രിട്ടീഷുകാര്‍ നടത്തിയത് ചതിയിലൂടെയായിരുന്നു. തന്റെ സുഹൃത്തായ ഉണ്യാലി മുഖേന 1922 ജനുവരി അഞ്ചിന് അനുരജ്ഞന ചര്‍ച്ചക്ക് എന്ന വ്യാജേനെ വാരിയന്‍കുന്നത്തിനെ ബ്രിട്ടീഷുക്കാര്‍ കീഴ്‌പ്പെടുത്തി. ജനുവരി പതിമൂനിന് മലപ്പുറം തൂക്കിടി കല്ലേരിയില്‍ ഹാജിയെയും രണ്ട് പോരാളികളെയും മാര്‍ഷല്‍ കോടതി വിചാരണ ചെയ്യുകയും മൂന്നു പേരേയും വെടി വെച്ചു വധിക്കാനും വിധിച്ചു. 1922 ജനുവരി 20 ന് മലപ്പുറം കോട്ടകുന്നിന്റെ വടക്കെ ചെരിവില് വെള്ളക്കാരന്റെ മൂന്ന് വെടിയുണ്ടകള്‍ നെഞ്ചുകാട്ടി സ്വീകരിച്ച് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെന്ന ധീര ദേശാഭിമാനി വീരമരണം പ്രാപിച്ചു.
‘ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി നിര്‍ത്തി പുറകില്‍ നിന്നും വെടിവെച്ചു കൊല്ലാതെ നേര്‍ക്ക് നേരെ നിന്ന് വെടിയുതിര്‍ക്കണം. എനിക്ക് ഈ നാടിന്റെ മണ്ണ് കണ്ട് മരിക്കണം.’ വാരിയന്‍കുന്നത്തിന്റെ ഈ പറച്ചിലില്‍ ബ്രിട്ടീഷ് കമാന്‍ഡര്‍ കേണല്‍ ഹംഫ്രി വിറച്ചു.
സ്വതന്ത്രത്തിലേക്കുള്ള ഇന്ത്യന്‍ ജനതയുടെ യാത്ര സഹനത്തിന്റെയും സാഹസികതയുടെയും സമരപാതകളിലൂടെയായിരുന്നു. ചോരയും കണ്ണീരും വീണു കുതിര്‍ന്ന വിവിധ സമര മുഹൂര്‍ത്തങ്ങള്‍. ത്യാഗത്തിന്റെയും ധീരതയുടെയും ധന്യനിമിഷങ്ങള്‍. അതിജീവനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും അനന്യവഴിത്താരകള്‍.ഇതിഹാസ സമാനമായ ആ സമര പ്രവാഹം ഒരൊറ്റ ധാരമാത്രമായിരുന്നില്ല. അതിന് അനേകം കൈവഴികള്‍ ഉണ്ടായിരുന്നു. രാജ്യമെമ്പാടും ചെറുതും വലുതുമായ അനേകം ചെറുത്തുനില്‍പ്പുകളും സമരങ്ങളും ഉയര്‍ന്നുവന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും രോഷം രാജ്യമെമ്പാടും അണപൊട്ടിയൊഴുകി.തൊഴിലാളികളും കര്‍ഷകരും ദളിതരും മറ്റും നടത്തിയ സമരങ്ങളില്‍ പലതിനും മുഖ്യധാരാ ചരിത്രത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം ഇന്നും ലഭിച്ചിട്ടില്ല. ചരിത്രത്തില്‍ അതിന്റെ ദേശീയവും സാമ്രാജ്യത്വവിരുദ്ധവുമായ ഉള്ളടക്കത്തെ മറച്ചുപിടിച്ച് ചരിത്രത്തെയും ചരിത്രമഹാപുരുഷന്മാരെയും തങ്ങളുടെ വര്‍ഗീയ അജണ്ടക്കാവശ്യമായ രീതിയില്‍ നിര്‍മിച്ചെടുക്കാനാണ് സംഘപരിവാറും തീവ്രവലതുപക്ഷ വിഭാഗങ്ങളും ശ്രമിക്കുന്നത്. അത്തരത്തില്‍ ഒന്നാണ് മലബാര്‍ സമരത്തിന്റെ അനിഷേധ്യനേതാവായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. വാരിയന്‍ കുന്നത്തിന്റെ പോരാട്ട വീര്യത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ഉത്‌ബോധനങ്ങളാല്‍ പ്രചോദിതനായിരുന്നു വാരിയന്‍ കുന്നത്ത്. ഒരിക്കല്‍ പോലും അപരമതങ്ങളെ ശത്രുതയോടു കൂടി കണ്ടിരുന്നില്ലെന്നത് ചരിത്രരേഖകളെല്ലാം വ്യക്തമാക്കുന്നുണ്ട്. വാരിയന്‍കുന്നത്തിനെ പോലെ ദേശീയ വിപ്ലവകാരികളെ വര്‍ഗപരമായ ഉള്ളടക്കത്തില്‍ നിന്നും സാര്‍വദേശീയ പാശ്ചാതലത്തില്‍ നിന്നുമാണ് വിലയിരുത്തേണ്ടത്. ചരിത്ര സംഭവങ്ങളെയും അതിലിടപെട്ട വ്യക്തികളെയും അത് പ്രവര്‍ത്തിച്ച സാഹചര്യങ്ങളില്‍ നിന്നും അതിനെ നിര്‍ണയിച്ച ഘടകങ്ങളില്‍ നിന്നും വിലയിരുത്തുക എന്നതാണ് ശരിയായ രീതി. കര്‍ഷക സമരത്തിന്റെയും ദേശിയതയുടെയും പൊതുസ്വഭാവങ്ങള്‍ ഉള്‍ക്കൊണ്ട ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും വികലമാക്കിയിട്ടുണ്ട് എന്ന് ചരിത്രത്തെ സത്യസന്ധമായി സമീപിക്കുന്നവര്‍ക്ക് ബോധ്യപ്പെടുന്നതാണ്.

Share this article

About അബ്ദുറഊഫ് പുളിക്കല്‍

View all posts by അബ്ദുറഊഫ് പുളിക്കല്‍ →

Leave a Reply

Your email address will not be published. Required fields are marked *