ബിസിനസ് നിക്ഷേപങ്ങളിലെ തിരയും ചുഴിയും

Reading Time: 2 minutes

ഒരു ബിസ്‌നസ് തുടങ്ങാന്‍ വേണ്ടത് പണത്തേക്കാളധികം കോമണ്‍സെന്‍സാണ്. പണം ലഭിക്കാന്‍ മൂന്ന് എഫുകളെ ആശ്രയിക്കാം. ഒന്ന് ഫാമിലി, രണ്ട് ഫ്രന്‍ഡ്സ്, മൂന്ന് ഫൂള്‍സ് (അഥവാ ബിസ്‌നസ് തുടങ്ങാനുള്ള കോമണ്‍സെന്‍സില്ല. പക്ഷേ പണമുണ്ട്. അത് ഏതെങ്കിലും ബിസ്‌നസില്‍ നിക്ഷേപിച്ച് ലാഭമുണ്ടാക്കണമെന്ന് ആഗ്രഹമുള്ളവരെയാണ് നാം ഫൂള്‍സ് എന്നത് കൊണ്ടര്‍ഥമാക്കുന്നത്.) സാധാരണ നാം ഉദ്ദേശിക്കുന്ന വാക്കര്‍ഥമല്ല ഇവിടെ ഫൂളിനുള്ളത് ‘ചെറിയ മുടക്കുമുതല്‍ കൊണ്ട് ബിസിനസാരംഭിച്ച് ആ രംഗത്ത് മികച്ച വിജയം നേടിയ ഒരു വിദഗ്ധന്റെ വാക്കുകളാണിത്. അവസാനം പറഞ്ഞ ഫൂള്‍സിനെക്കുറിച്ച് അല്‍പം കാര്യങ്ങള്‍ പങ്കുവെക്കാം.
പ്രവാസ ലോകത്ത് ഇത്തരം ആളുകളെ ധാരാളം കാണാന്‍ സാധിക്കും. അല്‍പമെന്തെങ്കിലും തുക സുരക്ഷിതമായ ബിസ്‌നസില്‍ നിക്ഷേപിച്ച് അധിക വരുമാനം കണ്ടെത്തണമെന്ന് ആഗ്രഹം തീര്‍ത്തും സ്വാഭാവികമാണ്. ആഗ്രഹത്തിനപ്പുറം ഒരു ബിസ്‌നസ് സുരക്ഷിതമാണെന്ന് എങ്ങനെ മനസിലാക്കാമെന്നതിനെക്കുറിച്ച് വിദഗ്ധരുമായി ആശയവിനിമയം നടത്തിയും ചെയ്യാന്‍ പോകുന്ന ബിസ്‌നസിനെക്കുറിച്ച് കൃത്യമായി പഠിച്ചും ആ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നവരായിരിക്കില്ല ഇത്തരക്കാര്‍. അതുകൊണ്ടു തന്നെ നിക്ഷേപിക്കുന്ന തുക നഷ്ടപ്പെട്ട് തീരാക്കടത്തില്‍ കുടുങ്ങി ജയിലിലകപ്പെട്ടവരും ആദ്യപരിശ്രമത്തില്‍തന്നെ കാലുവഴുതുമ്പോള്‍ ജീവനൊടുക്കുന്നവര്‍ വരെയു ണ്ട്. പലരേയും കണ്ണടച്ചു വിശ്വസിക്കുകയും മോഹനവാഗ്ദാനങ്ങളില്‍ വീണുപോവുകയും ചെയ്യുന്ന അജ്ഞതയാണ് പലപ്പോഴും വില്ലനാകുന്നത്. നിക്ഷേപിക്കുന്ന സംരംഭം തീര്‍ത്തും സുരക്ഷിതമാണെന്നും നഷ്ടം സംഭവിക്കില്ലെന്നുമുള്ള ഉറപ്പുകളിലാണ് വഞ്ചിക്കപ്പെടുന്നത്. പറയുന്നത് പാലിക്കുന്നതിനുള്ള ശേഷിയോ ആധികാരികതയോ ഉണ്ടെന്ന് പരിശോധക്കാന്‍ നിക്ഷേപകര്‍ സന്നദ്ധമാകുന്നില്ല. പരിചയക്കാരില്‍ അമിതവിശ്വാസം പുലര്‍ത്തി കുരുക്കില്‍പെടുന്നവരുമുണ്ട്.
മസ്‌കത്തില്‍ നടന്ന ഒരു സംഭവം, നിലവില്‍ ലാഭകരമായി നടന്നു വരുന്ന ക്ലീനിംഗ് കമ്പനിയിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നുവെന്നറിയിച്ച് ഒരാള്‍ സമീപിച്ചു. 50,000 റിയാലാണ് (ഏകദേശം ഒരു കോടി ഇന്ത്യന്‍ രൂപ) ഷെയറായി നല്‍കേണ്ടത്. ആറു മാസത്തിനുള്ളില്‍ മുടക്കുന്നതുക ലാഭമായി തിരിച്ചുകിട്ടുമെന്നും പണം ഒരിക്കലും നഷ്ടപ്പെടില്ലെന്ന ഉറപ്പും നല്‍കി. ചര്‍ച്ചകള്‍ക്ക് ബന്ധുവായ മറ്റൊരു ബിസ്‌നസ് സംരംഭകനെയും കൂടെക്കൂട്ടി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെന്തിന് ഷെയര്‍ സ്വീകരിക്കുന്നു എന്നും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ ബാങ്കിനെ സമീപിച്ചുകൂടേ എന്നും അദ്ദേഹം സംശയം ഉന്നയിച്ചു. മറുപടികള്‍ തൃപ്തികരമായി തോന്നാത്തതിനാല്‍ തിടുക്കത്തില്‍ പണം മുടക്കേണ്ടെന്ന് ബന്ധു നിര്‍ദേശിച്ചു.
ആഴ്ചകള്‍ക്കുശേഷവും ചര്‍ച്ചകള്‍ പൂര്‍ണമായില്ല. ബാങ്കിനെ സമീപിച്ചുവെന്നും അല്‍പംകൂടി പണം ആവശ്യമുണ്ടെന്നും അറിയിച്ച് കക്ഷി വീണ്ടും രംഗത്തെത്തിയെങ്കിലും അനുഭവസമ്പത്തുള്ള സംരംഭകനായ ബന്ധുവിന്റെ നിര്‍ദേശം മാനിച്ച് നിക്ഷേപത്തിന് തയാറായില്ല. അതുകൊണ്ട് അദ്ദേഹത്തിന് പണം നഷ്ടപ്പെട്ടില്ല. നിക്ഷേപം തേടി വന്നയാള്‍ രണ്ട് മാസത്തിനുള്ളില്‍ നിയമനടപടികള്‍ക്കു വിധേയനായി. അദ്ദേഹത്തിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ അവകാശപ്പെട്ടതനുസരിച്ചുള്ള പണമിടപാടുകള്‍ കണ്ടെത്താനായില്ല.
ചില പ്രൊഫഷനല്‍ തട്ടിപ്പുകാര്‍ ഒരു സംശയത്തിനും ഇട നല്‍കാത്തവിധം വിദഗ്ധമായാണ് പെരുമാറുക. ബിസ്‌നസ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ളവര്‍ പോലും ഇവരുടെ തട്ടിപ്പിനിരയാകും. യുഎഇയില്‍ വിസയുള്ള ചിലര്‍ ഒമാനില്‍ സന്ദര്‍ശക വിസയില്‍വന്ന് വലിയ ഓഫീസും സെറ്റപ്പുമായി ബിസ്‌നസ് നടത്തി മുങ്ങിയ സംഭവമുണ്ട്. മുഴുവന്‍ സ്റ്റാഫുകളേയും വിസിറ്റ് വിസയിലാണത്രേ കൊണ്ടുവന്നത്. പല പ്രമുഖ ഹോള്‍സെയ്ലേഴ്സിന്റെ അടുത്തുനിന്നും ക്രെഡിറ്റിന് സാധനങ്ങളെടുത്തു. പലരും പുതിയ പാര്‍ട്ടികളായതുകൊണ്ട് അവരുടെ ക്രെഡിബിലിറ്റി പരിശോധിക്കാന്‍ ബാങ്കിനെ സമീപിച്ചു. ബാങ്കുമായുള്ള ഇടപാടുകള്‍ പെര്‍ഫെക്റ്റാണെന്ന മറുപടി കിട്ടിയപ്പോള്‍ അധികപേരും ഇടപാട് നടത്തി. തട്ടിപ്പുകാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഹോള്‍സെയ്ലേഴ്സില്‍നിന്നും കടമായി വാങ്ങിയ സാധനങ്ങള്‍ പകുതി വിലക്ക് വിറ്റ് മുങ്ങി. ബിസ്‌നസിന്റെ എല്ലാ ഉത്തരവാദിത്തവും ഒരു വ്യക്തിയിലായതിനാല്‍ അദ്ദേഹം അപ്രത്യക്ഷനായപ്പോള്‍ നിയമപരമായോ മറ്റോ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാനുമായില്ല. ഇത്തരമൊരു തട്ടിപ്പിനിരയായ മലയാളിക്ക് നഷ്ടപ്പെട്ടത് 90 ലക്ഷം ഇന്ത്യന്‍ രൂപക്ക് സമാനമായ തുകയാണ്.
ഈയിടെ മസ്‌കത്തില്‍ ഡിസ്പോസിബിള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ഒരാളുടെ അടുത്ത് വളരെ വിലക്കുറവില്‍, അദ്ദേഹം വില്‍ക്കുന്ന അതേ ഉത്പന്നങ്ങളെക്കാള്‍ ഗുണനിലവാരമുള്ള സാമ്പിളുകളുമായി ഒരു പാകിസ്ഥാനി സമീപിച്ചു. സ്വാഭാവികസംശയം തോന്നിയെങ്കിലും പരീക്ഷണാര്‍ഥം അല്‍പം ഓര്‍ഡര്‍ നല്‍കി. ക്രെഡിറ്റ് നല്‍കാന്‍ പാകിസ്ഥാനി തയ്യാറല്ല. റെഡി ക്യാഷ് വേണമെന്നും അല്‍പംകൂടി വിലകുറച്ചു നല്‍കാമെന്നും പറഞ്ഞപ്പോള്‍ ബിസ്‌നസുറപ്പിച്ചു. നല്‍കിയ ബില്‍ പരിശോധിച്ചപ്പോള്‍ പന്തികേട് തോന്നി. നെറ്റില്‍ പരതിയപ്പോള്‍ വ്യാജബില്ലാണെന്ന് ബോധ്യമായി. അപ്പോള്‍തന്നെ പരിചയമുള്ള ചില ഹോള്‍ സെയ്ലേഴ്സുമായി ബന്ധപ്പെട്ടപ്പോഴാണ് പലയിടത്തും ഇതേ പോലെ ബംഗാളിയും മലയാളിയുമൊക്കെ വന്ന വിവരമറിയുന്നത്. ഈ മേഖലയിലെ നിര്‍മാതാക്കളെ ബന്ധപ്പെട്ടപ്പോള്‍ ഒരു ടീം 400 ബോക്സ് ഡിസ്പോസിബ്ള്‍ ഐറ്റംസ് ക്രെഡിറ്റിന് വാങ്ങിയതായി അറിഞ്ഞു. ക്രെഡിറ്റിന് വാങ്ങുന്ന സാധനങ്ങള്‍ കിട്ടുന്ന വിലക്ക് വിറ്റഴിച്ച് മുങ്ങുന്നതാണ് രീതി. ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങുന്നവരും കുരുക്കില്‍പെടും.
സംരംഭകരുടെ സാമ്പത്തിക സൂക്ഷ്മതയും ബിസ്‌നസ് രംഗത്തെ പ്രാപ്തിയും വിശ്വാസ്യതയും പരിശോധിച്ചു മാത്രം നിക്ഷേപം നടത്താനാകണം. വ്യവസ്ഥകളും പണം കൈമാറ്റവുമെല്ലാം രേഖാമൂലവും നിയമവിധേയവും സാക്ഷികളുടെ സാന്നിധ്യത്തിലുമാകണം. നിക്ഷേപം നടത്തുന്ന കമ്പനിയുടെ ബാലന്‍സ് ഷീറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ ചെക്ക് ചെയ്യുകയും ക്ലെയന്റുകളുമായി സംസാരിച്ച് ഉറപ്പുവരുത്തുകയും വേണം. ബിസ്‌നസ് നടത്തുന്ന എല്ലാവരും തട്ടിപ്പുകാരല്ല. നേരും നെറിയും ധര്‍മബോധവുമുള്ളവര്‍ ആ മേഖലയിലുമുണ്ട്. പക്ഷേ അവര്‍ അമിതലാഭമോ അപ്രോയോഗിക ഉറപ്പുകളോ നല്‍കുകയില്ല.
പ്രായോഗികമായ അറിവുകളും പഠനങ്ങളും ആവശ്യമായ മുന്നൊരുക്കങ്ങളും നടത്തി ബുദ്ധിപൂര്‍വം നിര്‍വഹിക്കേണ്ടതാണ് ബിസ്‌നസ്. ബിസ്‌നസില്‍ ഏര്‍പ്പെടുന്ന എല്ലാവരും വിജയിക്കണമെന്നില്ല. നല്ല ആലോചനകള്‍ നടത്താതെ നിക്ഷേപം നടത്തുകയോ കണ്ടവരെയെല്ലാം കണ്ണടച്ചു വിശ്വസിക്കുകയോ ചെയ്യാതിരിക്കുക. തട്ടിപ്പു നടത്തണമെന്ന് ഉദ്ദേശ്യമില്ലെങ്കിലും ആസൂത്രണത്തിലെയും നടത്തിപ്പിലെയും പാളിച്ചകള്‍കൊണ്ട് ബിസ്‌നസ് തകര്‍ന്ന് പോകുന്നവരുമുണ്ട്. ബിസ്‌നസ് നടത്താനുള്ള പ്രാപ്തി ഉറപ്പുവരുത്തേണ്ടത് അതുകൊണ്ടാണ്.
ബിസ്‌നസ് രംഗത്ത് നിക്ഷേപങ്ങള്‍ നടത്താനാഗ്രഹിക്കുന്നവര്‍ക്ക് വേണ്ട ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന വിദഗ്ധരുണ്ട്. അത്തരത്തില്‍ അനുഭവത്തിലൂടെ പ്രായോഗിക അറിവുകള്‍ ആര്‍ജിച്ചെടുത്തവരുടെ ഉപദേശങ്ങള്‍ വളരെയേറെ ഗുണം ചെയ്യും. ലാഭം മാത്രം വാഗ്ദാനം ചെയ്യുന്നവര്‍ നിങ്ങളെ കബളിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. തുടങ്ങാന്‍ പോകുന്ന ബിസ്‌നസ് മേഖലയില്‍ വിജയിച്ചവരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും വഴികള്‍ നമുക്ക് കൃത്യമായ ദിശാബോധം നല്‍കും. ധൃതിയിലെടുക്കുന്ന തീരുമാനങ്ങള്‍ അപക്വമാകാമെന്നതിനാല്‍ ഈ മേഖലയില്‍ അറിവുള്ളവരുമായി കൂടിയാലോചനകള്‍ നടത്താന്‍ മടിക്കരുത്.

Share this article

About യാസിര്‍ പാലക്കാത്തൊടി

View all posts by യാസിര്‍ പാലക്കാത്തൊടി →

Leave a Reply

Your email address will not be published. Required fields are marked *