അവനിലേക്ക് സഞ്ചരിക്കുന്നവര്‍

Reading Time: < 1 minutes

പുരാതനമായ
മിനാരങ്ങള്‍ക്കു മുകളില്‍
പൗര്‍ണമി മിന്നുന്നു
ദേശങ്ങളും കാലങ്ങളും കടന്നു നാം
ഏതോ ദേവഭൂമിയില്‍
ഉറക്കമുണരുന്നു.

നിലാവിന്റെ നിറവില്‍
ആനന്ദം
ഹൃദയത്തെ
നൃത്തം ചെയ്യിക്കുകയാണ്.

നാം സമയത്തെ മറന്ന്
സൂഫികളാകുന്നു.
കണ്ണുകളടച്ച്
അവനവനെ അഴിച്ചഴിച്ച്
ശൂന്യമാകുന്നു.

താഴികക്കുടങ്ങള്‍ക്കിടയിലെ
കിളിവാതിലുകളില്‍ നിന്നും
പ്രാവുകളുടെ പ്രാര്‍ഥനകള്‍ മാത്രം
സഞ്ചാരികള്‍ കേള്‍ക്കുന്നു.

ദേഹമോ ദേഹിയോ ഇല്ലാതെ
ആ പുരാതന ദേവാലയത്തില്‍ നാം
അവനുവേണ്ടി
കാത്തിരിക്കുന്നു.

ഒരുനാള്‍
അതിമധുരമായ്
ഒരു പുഞ്ചിരിയുമായി
ഓരോ വാതിലുകളും കടന്ന്
അവനിലേക്ക് നമ്മള്‍
പ്രവേശിക്കുന്നു.

നാഥാ,
എല്ലാം നിന്നിലേക്കെത്തുന്നു
എല്ലാം നിന്നിലേക്കലിയുന്നു
എല്ലാം നിന്നിലാകുന്നു
എല്ലാം നീയാകുന്നു!

സൂഫികള്‍ക്ക്
ആകാശവും ഭൂമിയുമില്ല
ഉള്ളും പുറവും
നീ മാത്രം,
നീ മാത്രം
കവിഞ്ഞൊഴുകുന്നു.
അവരുടെ നൃത്തമോ
ജന്നത്തിലും പ്രകാശിക്കുന്ന
വിശുദ്ധ നാളമാകുന്നു!

Share this article

About സോണി ഡിത്ത്‌

View all posts by സോണി ഡിത്ത്‌ →

Leave a Reply

Your email address will not be published. Required fields are marked *