ഗ്രേഡിങ്, അപ്‌ഗ്രേഡിങ്

Reading Time: 2 minutes

കണക്ക്, റിപ്പോര്‍ട്ട്, നേതൃമാറ്റം എന്നിവയില്‍ കവിഞ്ഞ് സംഘടനയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റുകള്‍ക്ക് ധര്‍മമുണ്ടെന്ന മാറ്റമാണ് ‘അനലൈസയില്‍’ എത്തുമ്പോള്‍ ബോധ്യപ്പെടുക. ഗ്രേഡിങ്, അപ്ഗ്രേഡിങ് മെക്കാനിസത്തിലൂടെ മനുഷ്യ വിഭവങ്ങളുടെ പ്ളേസ്മെന്റും ഘടക വ്യാപനവും കൃത്യമായി പ്രയോഗവത്കരിക്കാന്‍ പോന്ന പാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഈ ആശയത്തെ കൂടുതല്‍ മികവുറ്റതാക്കുന്നത്. സാധാരണയായി ഒരു സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന എല്ലാ നേട്ടങ്ങളും ഇവിടെയും സംഭവിക്കുന്നു. സുരക്ഷിതത്വം വര്‍ധിക്കുക, ബഗ്സ് കുറയുക, കാര്യക്ഷമത കൂടുക, പുതുമയുണ്ടാകുക, പുതിയ ഫീച്ചേഴ്‌സ് കിട്ടുക, അനുയോജ്യത മെച്ചപ്പെടുക, ചെലവ് കുറയുക, സംതൃപ്തി ഉണ്ടാകുക, കാലികമാകുക തുടങ്ങി എല്ലാം.
മനുഷ്യ വിഭവങ്ങളെ തരം തിരിക്കുക എന്നത് അവരെ പ്രയോഗിക്കുന്നതില്‍ അതി പ്രധാനമാണ്. പൊതുബോധത്തില്‍ നിലനില്‍ക്കുന്ന വിവേചനപരമായ സമീപനങ്ങളല്ല ഈ വേര്‍തിരിവിന്റെ അടിസ്ഥാനം. അവ ഇല്ലാതെയാക്കുന്നതിന് വ്യക്തിയില്‍ കേന്ദ്രീകരിക്കുന്ന ലളിത പ്രക്രിയകളാണ്. എന്നാല്‍ ഇവിടെ അവശ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പ്രക്രിയയല്ല, വ്യക്തിയില്‍ തന്നെയാണ് എന്നതാണ് പ്രത്യേകത. പരമ്പരാഗത മാര്‍ഗങ്ങളില്‍ നിന്ന് മാറി ഹ്യൂമന്‍ കാപിറ്റല്‍ എന്നോ ടാലന്റ് മാനേജ്മെന്റ് എന്നോ ഉള്ള പരികല്പനകള്‍ പിറക്കുന്നത് അപ്പോഴാണ്.
ഒരു സംഘടനയുടെ സ്വഭാവം, നയം, ഘടന എല്ലാം ഇതിന് പ്രധാനമാണ്. നൈപുണ്യവികസനത്തിന്റെ ശരിയായ പരിശീലനത്തിലൂടെയാണ് വ്യക്തിയുടെയും ഘടകങ്ങളുടെയും അപ്ഗ്രേഡിങ് സാധിച്ചെടുക്കുക. ഇത്തരം പരിശീലനങ്ങള്‍ ഒരു പ്രത്യേക തിയതിയിലും കാലത്തും ആരംഭിക്കുന്ന ഒരു പരിപാടിയാണോ എന്ന് ചോദിച്ചാല്‍ അല്ല. ഭൂരിഭാഗവും സ്വമേധയാ ആര്‍ജിക്കപ്പെടുന്നു എന്നതാണ് വാസ്തവം.സംഘാംഗങ്ങളുടെ കാഴ്ചപ്പാടും അറിവും ഇതില്‍ മര്‍മ പ്രധാനമാണ്. സ്‌കില്‍ ഗ്യാപ് അനാലിസിസ് എന്ന ഒന്നുണ്ട്. എന്താണ് കുറവെന്ന് കണ്ടെത്തുക എന്നതാണ് അവിടെ നടക്കുന്നത്. നേതൃതലത്തിലാണ് ഈ വിശകലനം നിര്‍വഹിക്കപെടുക.
പതിവ് പ്രവര്‍ത്തനങ്ങളിലൂടെ അതിജീവനത്തിനായി പരിശ്രമിക്കുന്നു എന്നു വന്നാല്‍ സംഘടനയില്‍ വികസനം നടക്കുന്നില്ലെന്നാണ് അര്‍ഥം. ഫലമോ സര്‍ഗാത്മകത, പുതുമ, പുരോഗമനം, ഉത്പാദനക്ഷമത എന്നിവ കുറയും. ഉത്തരവാദിത്ത വിപുലീകരണവും ഉത്തരവാദിത്ത സമ്പുഷ്ടീകരണവും രണ്ടും രണ്ടാണ്. എണ്ണത്തിലും വണ്ണത്തിലും ഉള്ള മാറ്റം. പലപ്പോഴും മനുഷ്യ വിഭവ ശേഷിയെ നവീകരിക്കാന്‍ നിര്‍വചനങ്ങള്‍ കണ്ടെത്തുകയും എന്നാല്‍ മനുഷ്യ വിഭവത്തിന്റെ ശേഷി ഉയരാതിരിക്കുകയും ചെയ്യുന്നു എന്ന പ്രശ്‌നമുണ്ട്. പ്രയോഗവും തത്വവും തമ്മിലെ അന്തരമാണത്. പെര്‍ഫോമന്‍സ് മാനേജ്മെന്റ് ആണ് അതിനുള്ള പോംവഴി. അതാണ് ഗ്രേഡിങ് എളുപ്പവും ഫലപ്രദവുമാക്കുക. സംഘടനയുടെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഉതകും വിധം പ്രവര്‍ത്തകരും നേതൃത്വവും അല്ലെങ്കില്‍ അംഗങ്ങളും നിര്‍വാഹകരും തിരിച്ചും നടത്തുന്ന മികച്ച ആശയവിനിമയമാണ് പ്രകടനം അല്ലെങ്കില്‍ പെര്‍ഫോമന്‍സ് എന്ന് പറയുന്നത്.
സംഘടനാ സംസ്‌കാരം കൃത്യമായ ആശയ വിനിമയങ്ങളില്‍ ഊട്ടപ്പെട്ടതാണ്. വിനിമയങ്ങള്‍ സുതാര്യമാകുമ്പോള്‍ പ്രകടനങ്ങളുടെ പ്രഫുല്ലതയും തെളിച്ചമുള്ളതാകും. നയങ്ങളിലും നടപടിക്രമങ്ങളിലുമുള്ള ചെറിയ മാറ്റം സംഘടനയുടെ ആകെ സംസ്‌കാരത്തെയാണ് സ്വാധീനിക്കുക. നിര്‍വഹിക്കപ്പെടുന്ന പ്രവൃത്തിയില്‍ മൂല്യവും സംതൃപ്തിയും ഉണ്ടോ എന്നതാണ് ഫലപ്രാപ്തി അളക്കാനുള്ള ഏറ്റവും ലളിത മാര്‍ഗം. അംഗങ്ങളെ ക്രിയാത്മകമായി പ്രചോദിപ്പിക്കുകയും അവര്‍ സ്വന്തം ഘടകങ്ങളിലും ചുമതലകളിലും നിലനില്‍ക്കുന്ന അന്തരീക്ഷം ആസ്വദിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് ശുഭ സൂചനയാണ്.
സമൃദ്ധിയാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. സമ്പത്തിലും ശരീരത്തിലും സ്ഥാനത്തിലും ജോലിയിലും ജീവിത നിലവാരത്തിലും എല്ലാം ഇതാണ് നോട്ടം. സമപ്രായക്കാരുമായി ബന്ധപ്പെടുന്നതിനും ഇടപഴകുന്നതിനും ഉള്ള അവസരം നഷ്ടപ്പെടുന്നതാണത്രേ മിക്ക വിഷാദങ്ങളുടെയും മൂല കാരണം. ഒരു ബിസിനസ് സ്ഥാപനത്തിന്റെ തന്ത്രപരമായ വളര്‍ച്ചക്ക് പോലും ജീവനക്കാര്‍ക്ക് അവരുടെ സമപ്രായക്കാരുമായി ഇടപഴകാനുള്ള ഇവന്റുകള്‍ സംവിധാനിക്കുന്നത് അവരുടെ ക്രയശേഷിയും തൊഴിലിലെ ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുമെന്നതാണ് ബിസിനസ് കാഴ്ചപ്പാട്. ബിസിനസില്‍ നേരിട്ട് ഒരു തരത്തിലും പെടാത്ത ഇത്തരം ആസ്വാദന സംഗമങ്ങള്‍ക്ക് വലിയൊരു നീക്കിയിരുപ്പാണ് സ്ഥാപങ്ങള്‍ നടത്തുന്നത്. നമുക്കത് സംഘടനയില്‍ വെറുതേ ലഭിക്കുന്നു.
ഞങ്ങള്‍ക്കെന്തു നേട്ടം എന്ന ചോദ്യത്തെ നേരിടാനാകുക എന്നതാണ് അടുത്ത കടമ്പ. ലക്ഷ്യാധിഷ്ഠിത പ്രവര്‍ത്തനത്തിന് നൂറ് ഉത്തരങ്ങള്‍ ഈ ഗണത്തില്‍ നല്‍കാനാകും. സര്‍ഗാത്മക സ്വാതന്ത്ര്യവും അയവും പുതിയ തലമുറ കൊതിക്കുന്ന ഒരു ജീവിതാന്തരീക്ഷമാണ്. അവരെ നിരന്തരം സന്തോഷ പാതയില്‍ തളച്ചിടുക എന്നതും പ്രധാനമാണ്. തന്ത്രവും നൈപുണ്യവും ഉപയോഗിച്ചുള്ള പ്രചോദിപ്പിക്കലാണ് ഇത് സാധ്യമാക്കുക, പിന്തുണയുണ്ടെന്ന തോന്നല്‍ സൃഷ്ടിക്കുക, ശുഭാപ്തി വിശ്വാസം പകരുക എന്നിവയെ ആശ്രയിച്ചു കൂടിയാണ് സംഘടനാ പ്രതിബദ്ധതയെന്ന് സാരം.
അറിവും കഴിവുമുള്ളവരെ സമൂഹം തേടുന്നുണ്ട്. ജീവിതത്തിലെ തന്നെ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതാണ് സംഘടനയിലെ ഓരോ ഘട്ടവും. അടിസ്ഥാനപരമായി സ്വയം വിലയിരുത്തലിന് നിരവധി അവസരങ്ങള്‍ നല്‍കുന്നു. നമ്മുടെ കഴിവുകളില്‍ നിലനില്‍ക്കുന്ന വിടവുകള്‍ കണ്ടെത്തുകയെന്നത് അടുത്ത പ്രവര്‍ത്തന ഗതി നിര്‍ണയിക്കുന്നതിനുള്ള പടവുകളാണ്. ഹ്രസ്വ നേരത്തെ ഒരു പരിശീലനം കൊണ്ട് പ്രൊഫഷനല്‍ രംഗത്ത് ഒരുപക്ഷേ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും. സ്വാഭിക ശിക്ഷണങ്ങളുടെ മൂല്യങ്ങള്‍ നഷ്ടപ്പെടാതെയാകണം ഇത്.
അപ്‌ഗ്രേഡിങിന്റെ പ്രധാന ഒരു ഭാഗം ഉഴപ്പുന്നവരെ രംഗംവിടാന്‍ അനുവദിക്കുക എന്നതാണ്. സംഭവിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണല്ലോ. ലഭ്യമായവരില്‍ നിന്ന് മികച്ച ഫലങ്ങള്‍ ഉണ്ടാകുന്നത് വരെ കാത്തിരിക്കുക എന്നത് തെറ്റായ രീതിയാണ്. വാര്‍ഷിക ബഗ് പാച്ചുകള്‍ ആവശ്യമാണ് സംഘടനയില്‍ എന്ന് പറയുന്നത് ഇവ നിരീക്ഷിക്കാന്‍ കൂടിയാണ്. വിദൂരമായ വിഭവ ശക്തിയുടെ ബലവും ആവൃത്തിയും പ്രകടമായ സമയമായിരുന്നു മഹാമാരിക്കാലം. അകന്നിരുന്നും പലതും നടക്കുമെന്ന് തെളിയിച്ച കാലയളവ്.
എല്ലാവരും മനുഷ്യനിലേക്ക് മടങ്ങുകയാണ്, അവന്റെ നിസാരത ബോധ്യപ്പെട്ടു തന്നെ. ഹ്യൂമന്‍-ഫസ്റ്റ് സംസ്‌കാരം ലാഭ കേന്ദ്രീകൃത ബിസിനസ് സ്ഥാപനങ്ങള്‍ വരെ മുഖ്യ അജണ്ടയാക്കിക്കഴിഞ്ഞു. ആളുകളെ ശാക്തീകരിക്കുക, അവരുടെ അറിവിനെ സ്വാധീനിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നതെല്ലാം ഈ ഗണത്തില്‍ കടന്നുവന്നു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രതിഭാവിപണനമാണ് ഇത്തരം കമ്പനികളുടെ പോലും ആസ്വാദനവും വിനോദവും. ഇവിടെയാണ് പ്രബോധനോദ്യേശ്യത്തോടെയുള്ള മനുഷ്യ വിഭവങ്ങളുടെ ശരിയായ പ്രയോഗത്തെയും വിനിയോഗത്തെയും വീണ്ടുവിചാരം ചെയ്യേണ്ട വേദിയായി അനലൈസ മാറുന്നത്.

Share this article

Leave a Reply

Your email address will not be published. Required fields are marked *