കൈപ്പടയില്‍ നന്നാക്കിയ ജീവിതം

Reading Time: 3 minutes

അരീക്കാടന്‍ കുഞ്ഞാലി മുസ്‌ലിയാര്‍ വയസ് തൊണ്ണൂറ് കഴിഞ്ഞിട്ടുണ്ട്. പക്ഷേ, കൈപ്പടയില്‍ ഇപ്പോഴും സൗന്ദര്യം ഒഴുകുന്നു. കുഞ്ഞാലി മുസ്‌ലിയാര്‍ എ ആര്‍ നഗര്‍, യാറത്തുംപടിക്കാരനാണ്. സമസ്തയുടെ ഇരുപത് വര്‍ഷത്തെ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി ഉസ്താദിന്റെ അരുമശിഷ്യനും കാതിബുമായിരുന്നു. ദര്‍സുകളിലോതുന്ന ‘മഹല്ലി’ ഗ്രന്ഥം നാല് വാള്യവും അബ്ദുല്‍ ബാരി ഉസ്താദിന്റെ സമക്ഷത്തില്‍ നിന്ന് ഓതുകയും ഓരോ ദിവസത്തെ പാഠവും എഴുതുകയും ചെയ്യലായിരുന്നു പതിവ്. ഓതുന്ന കിതാബുകളെല്ലാം സൂചനകള്‍ വ്യക്തമാക്കി ‘നന്നാക്കി എഴുതല്‍’ സ്ഥിരം ഹോബിയായിരുന്നു. ഓര്‍മയുടെ ഓരത്ത് നിന്നും അനുഭവങ്ങളെ ചികഞ്ഞെടുത്ത് കുഞ്ഞാലി മുസ്‌ലിയാര്‍ക്ക് കുറേ മിണ്ടിപ്പറയാനുണ്ട്.

പഠനം
നാട്ടില്‍ മദ്‌റസ വരുന്നതിന്റെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മുസ്‌ലിയാര്‍ കുട്ടിശ്ശേരിചിന ഓത്തുപള്ളിയില്‍ നിന്ന് ഖുര്‍ആന്‍ പഠനം തുടങ്ങിയിരുന്നു. പുകയൂര്‍ പുന്നക്കോളില്‍ ത്വാഹിര്‍ കോയ തങ്ങളാണ് അന്ന് ഓത്തുപള്ളിയിലെ അധ്യാപകന്‍. ഖുര്‍ആന്‍ മുഴുവനും നിയമങ്ങളനുസരിച്ച് പഠിച്ചു തീര്‍ത്തത് മൂന്ന് വര്‍ഷം കൊണ്ടാണ്. സ്‌കൂള്‍ പഠനത്തിന് കുയ്യാട്ടില്‍ മേലെ പറമ്പ് സ്‌കൂളിലേക്കും പോയി; അഞ്ചാം ക്ലാസ് വരെ. ഓത്തുപള്ളിയും സ്‌കൂള്‍ പഠനവും കഴിഞ്ഞ് സ്വന്തം നാട്ടില്‍ പാലമടത്തില്‍ചിന ജുമുത്ത് പള്ളിയില്‍ തൊട്ടിയില്‍ ബാപ്പു മുസ്‌ലിയാരുടെ അടുത്ത് നിന്നാണ് ദര്‍സ് പഠനം തുടങ്ങുന്നത്. കുറച്ചു കാലത്തെ പഠനത്തിനു ശേഷം വേങ്ങര അരീക്കുളം ദര്‍സില്‍. അല്‍ഫിയ്യ, ഫത്ഹുല്‍ മുഈന്‍ വരെ അവിടെയായിരുന്നു പഠനം. പിന്നീട് മേല്‍മുറി പൊടിയാട്ട് ദര്‍സില്‍ രണ്ട് വര്‍ഷം, പ്രായം ചെന്ന പറവണ്ണ ഉസ്താദിന്റെ അരികില്‍. വലിയ കിതാബുകളായ ‘ബുഖാരി’ അടക്കം അവിടെ നിന്നാണ് ഓതി പഠിച്ചത്.

അബ്ദുല്‍ ബാരി ഉസ്താദിന്റെ
അരികില്‍
കുഞ്ഞാലി മുസ്‌ലിയാരുടെ നാടായ പാലമടത്തില്‍ ചിന മഹല്ല് നിവാസികളുടെ എന്ത് പ്രശ്‌നത്തിനും പരിഹാരമായി അവര്‍ കണ്ടിരുന്നത് രണ്ട് പ്രതിഭകളെയായിരുന്നു. ഖുതുബി മുഹമ്മദ് മുസ്‌ലിയാരും വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരും. ഖുതുബിക്ക് ചൊക്ലിയില്‍ സേവനമായതോടെ എത്തിപ്പെടാന്‍ പ്രയാസമായി. പിന്നെ അബ്ദുല്‍ ബാരി ഉസ്താദായിരുന്നു എല്ലാത്തിനും പരിഹാരം. നിരവധി തവണ മഹല്ലില്‍ അദ്ദേഹം വന്നിട്ടുണ്ട്. ഒരിക്കല്‍ ‘വഅളിനു’ മഞ്ചലില്‍ വന്നത്രെ. മൂന്ന് കുട്ടികള്‍ വഅളിന്റെ ഫലമായി അബ്ദുല്‍ ബാരി ഉസ്താദിന്റെ ദര്‍സിലേക്ക് ഓതാന്‍ പോയി. അതിലൊരാളാണ് കുഞ്ഞാലി മുസ്‌ലിയാര്‍. ബാക്കി രണ്ട് പേരും പാതിവഴിയില്‍ ഉപേക്ഷിച്ചപ്പോഴും കുഞ്ഞാലി മുസ്‌ലിയാര്‍ പൊടിയാട്ടെ പഠനം കഴിഞ്ഞ് അവിടെ കൂടുകയായിരുന്നു. എട്ട് വര്‍ഷമാണ് അബ്ദുല്‍ ബാരി ഉസ്താദിന്റെ അരികില്‍ പഠിച്ചത്. പ്രധാനമായും മഹല്ലി കിതാബായിരുന്നു ക്ലാസ്. ഉസ്താദിന്റെ അവസാന കാലത്തായിരുന്നു ആ പഠനം. പ്രായത്തിന്റെ അവശതകള്‍ കാരണം ക്ലാസുകളെല്ലാം ചുരുങ്ങിയിരുന്നു. ഒന്നോ രണ്ടോ ക്ലാസെടുത്ത് വീട്ടില്‍ വിശ്രമിക്കും. വീടിനടുത്ത് തന്നെ വിശാലമായ ഖുതുബ്ഖാന മൗലാന സജ്ജീകരിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് കിതാബ് നോക്കുമ്പോള്‍ കുഞ്ഞാലി മുസ്‌ലിയാര്‍ കടന്നു വരും. തനിച്ചായിരുന്നു ആ ‘മഹല്ലി’ പഠനം. ഓരോ ദിവസവും എടുക്കുന്ന പാഠഭാഗങ്ങള്‍ ഉസ്താദിന്റെ കിതാബ് നോക്കി നന്നാക്കി എഴുതുന്ന ശീലം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഉസ്താദിന്റെ നര്‍ദേശം കൂടിയായിരുന്നു അത്. അങ്ങനെ എട്ട് വര്‍ഷം കൊണ്ട് മഹല്ലി നാല് ഭാഗവും ഓതുകയും എഴുതുകയും ചെയ്തു. ഫത്ഹുല്‍ മുഈനടക്കമുള്ള പല കിതാബുകളും അടിക്കുറിപ്പ് നന്നാക്കി എഴുതലും പതിവായിരുന്നു.
നിലവില്‍ ഉസ്താദിന്റെ കാതിബായി ഉണ്ടായിരുന്ന മാട്ര മുഹമ്മദ് മുസ്‌ലിയാരുടെ ആരോഗ്യ പ്രശ്‌നങ്ങളാണ് കുഞ്ഞാലി മുസ്‌ലിയാരെ പേനയെടുപ്പിച്ചത്. ഉസ്താദിന്റെ കത്തിടപാടുകള്‍ എഴുതിയിരുന്നതും മാട്ര മുഹമ്മദ് മുസ്‌ലിയാരായിരുന്നു.

ദര്‍സ്
പുതുപ്പറമ്പ് ‘മോല്യാരുപ്പാപ്പയുടെ’ ജുമുഅത്ത് പള്ളിയില്‍ ദര്‍സ് ഗംഭീരമായി തന്നെ ഉണ്ടായിരുന്നു. അമ്പതോളം വിദ്യാര്‍ഥികളാണ് കുഞ്ഞാലി മുസ്‌ലിയാരുടെ കൂടെ ദര്‍സില്‍ ഉണ്ടായിരുന്നത്. ‘മൗലാന’യുടെ അവസാന കാലമായതിനാല്‍ ദര്‍സുകള്‍ നോക്കാനും ഓതിത്തരാനും വേറെ ഉസ്താദുമാരും ഉണ്ടായിരുന്നുവെന്ന് കുഞ്ഞാലി മുസ്‌ലിയാര്‍. അവരുടെ പേരുകളൊന്നും ഓര്‍മയില്ല. പ്രസംഗ പരിശീലന സമാജങ്ങളും സംവാദങ്ങളും ഘോരമായി തന്നെ ജുമ മസ്ജിദില്‍ അരങ്ങേറും. അത് നിരീക്ഷിക്കാന്‍ മറ്റു ഉസ്താദുമാര്‍ ഉണ്ടായിരുന്നു. അബ്ദുല്‍ ബാരി ഉസ്താദ് വീട്ടിലിരുന്ന് കിതാബ് നോക്കും.
പ്രായത്തിന്റെ അവശത ഓര്‍മകളില്‍ ഇരുട്ട് വീഴ്ത്തി തുടങ്ങിയിരുന്നു. സഹപാഠികളെ ആരെയും ഓര്‍മയില്ല. അബ്ദുല്‍ ബാരി ഉസ്താദിന്റെ അധ്യാപനത്തെ തൊട്ടുള്ള ചോദ്യങ്ങള്‍ ‘മറവി’ക്കു മുന്നില്‍ നില്‍കേണ്ടി വന്നു. ഉസ്താദിന്റെ അടുത്ത് നിന്ന് സുമ്മിന്റെ ഇജാസത്തും കുഞ്ഞാലി മുസ്‌ലിയാര്‍ വാങ്ങിയിട്ടുണ്ട്.
മുദര്‍രിസായി തുടരുമ്പോള്‍ തന്നെ സമസ്തയുടെ പ്രസിഡന്റും ജനങ്ങളുടെ അത്താണിയുമായി ‘മോല്യാരുപ്പാപ്പ’ ദീനിന് വെളിച്ചം വീശുകയായിരുന്നു.

അച്ചടിയെ വെല്ലുന്ന കൈയെഴുത്ത്
ഇപ്പോള്‍ കുഞ്ഞാലി മുസ്‌ലിയാര്‍ ഖുര്‍ആന്‍ എഴുത്തിലാണ് വിശ്രുതനായത്. രണ്ടാഴ്ച എടുത്തു എഴുത്തു പൂര്‍ത്തിയാക്കാന്‍. ജനങ്ങള്‍ക്കിത് കൗതുകം!
അതിനാണെങ്കിലോ അച്ചടിയെ വെല്ലുന്ന മനോഹാര്യതയും. ‘അതെക്കെ വെറുതെ എഴുതിയതാണ്’ എന്നാണ് കുഞ്ഞാലന്‍ മുസ്‌ലിയാര്‍ പറയുന്നത്.
വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളായ യാസീന്‍, അല്‍ കഹ്ഫ്, അതുപോലെ സ്വലാത്ത് ഹദ്ദാദ് റാത്തിബ് തുടങ്ങിയവയാണ് തന്റെ മനോഹരമായ കൈയക്ഷരത്തിലൂടെ വിസ്മയം തീര്‍ത്തത്. ഓര്‍മയില്‍ നിന്നും മാഞ്ഞു പോകുമോ എന്ന് പേടിച്ചാണ് ഇതെല്ലാം എഴുതിയതെന്ന് കുഞ്ഞാലി മുസ്‌ലിയാര്‍. തൊണ്ണൂറ് വയസ് പിന്നിട്ടിട്ടും അബ്ദുല്‍ ബാരി ഉസ്താദിന്റെ ഓര്‍മകളെ പുതുക്കിയാണ് അദ്ദേഹത്തിന്റെ ഈ എഴുത്ത്.
പഴയ കാലിഗ്രഫി പേനക്ക് പകരം ബോള്‍ പേനയാണ് എഴുതാന്‍ ഉപയോഗിക്കുന്നത്. നാട്ടുകാരായ പുതുതലമുറക്ക് ഒട്ടും അറിയില്ല ഇദ്ദേഹത്തിന്റെ കൈപടപോരിശ. പാലമടത്തില്‍ ചിന തൊട്ടിയില്‍ ബാപ്പു മുസ്‌ലിയാരില്‍ നിന്നാണ് കൈയെഴുത്ത് സ്വയത്തമാക്കിയത്.

സേവനം
അബ്ദുല്‍ ബാരി ഉസ്താദിന്റെ അരുമശിഷ്യന് ഉസ്താദ് തന്നെ ജോലി നല്‍കി. സമസ്തയുടെ ആദ്യ മദ്‌റസ പുതുപ്പറമ്പിലെ ബയാനുല്‍ ഇസ്‌ലാം മദ്രസയിലെ പ്രധാന അധ്യാപകനായി നിയമിച്ചു. പിന്നെ നീണ്ട 48 വര്‍ഷം അവിടെ തന്നെയായിരുന്നു സേവനം. 2008ലാണ് പ്രായത്തിന്റെ അവശതകള്‍ കാരണം ജോലി നിര്‍ത്തി വീട്ടില്‍ വിശ്രമിക്കാന്‍ തുടങ്ങിയത്. പുതുപ്പറമ്പിലെ മിക്ക ആളുകളുടേയും വന്ദ്യഗുരുവാണ് അദ്ദേഹം.
നാട്ടില്‍ നിന്നും നടന്നിട്ടായിരുന്നു പുതുപ്പറമ്പിലേക്ക് വന്നിരുന്നതെന്ന് കുഞ്ഞാലി മുസ്‌ലിയാര്‍. അബ്ദുല്‍ ബാരി ഉസ്താദിന്റെ കാലശേഷം ഉസ്താദിന്റെ പള്ളിയില്‍ ഖതീബായും നിയമിതനായി.
90 വയസ് പ്രായമുള്ള കുഞ്ഞാലി മുസ്‌ലിയാരുടെ ഉപ്പ സാധാരണ കര്‍ഷകനായിരുന്നു. വല്ലിപ്പ അയ്മുട്ടി. ഓര്‍മയില്‍ നിന്നും കുഞ്ഞാലി മുസ്‌ലിയാര്‍ ചികഞ്ഞെടുക്കുമ്പോള്‍ മിനിറ്റുകളുടെ ദൈര്‍ഘ്യമുണ്ടായിരുന്നു. നാല് മക്കളില്‍ മൂത്ത മകനാണ്. അനിയന്‍ ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു. രണ്ട് പെങ്ങന്മാര്‍ ഇപ്പോഴുമുണ്ട്. ഭാര്യ കുഞ്ഞിപ്പാത്തു നാല് വര്‍ഷം മുമ്പ് മരണപ്പെട്ടു. അഹ്മദ് മുസ് ലിയാര്‍, അബ്ദുല്‍ ലത്വീഫ്, പരേതനായ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സഫിയ, ഹഫ്‌സത്ത്, ഫാത്വിമ, ഖദീജ, മൈമൂന മക്കളാണ്.

ര@് നാഴിക
പാലമടത്തില്‍ ചിന ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയുടെ ഉദ്ഘാടന സമ്മേളനം കുഞ്ഞാലി മുസ്‌ലിയാര്‍ക്ക് ഇപ്പോഴും ഓര്‍മയുണ്ട്. സമസ്തയുടെ സമുന്നതരായ പണ്ഡിതന്മാരെല്ലാം മദ്‌റസ ഉദ്ഘാടനത്തിന് വന്നിരുന്നു. സമസ്തയുടെ ആദ്യകാല പ്രസിഡന്റ് സ്വദഖത്തുള്ള മുസ്‌ലിയാര്‍ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ദര്‍സ് നടത്തുന്ന തലക്കടത്തൂരില്‍ നിന്ന് രാവിലെ മമ്പുറത്ത് എത്തിച്ചേര്‍ന്നു. റോഡും വാഹനവും ഇല്ലാത്ത കാലം. അവരെ കൂട്ടിക്കൊണ്ടുവരാന്‍ തലേ ദിവസം രാത്രി തന്നെ അരീക്കാടന്‍ കുഞ്ഞാലി മുസ്‌ലിയാര്‍ മമ്പുറത്ത് എത്തിയിരുന്നു.
പിറ്റേന്ന് രാവിലെ സിയാറത്ത് കഴിഞ്ഞ് സദഖത്തുല്ല മുസ്ലിയാര്‍ ചോദിച്ചുവത്രെ, എത്ര ദൂരം ഉണ്ട് ? രണ്ട് നാഴിക. ദൂരം ചോദിച്ചാല്‍ രണ്ട് നാഴിക പറഞ്ഞാല്‍ മതിയെന്ന് കാരണവന്‍മാര്‍ നിര്‍ദേശിച്ചിരുന്നു. അങ്ങനെ ഇടവഴിയിലൂടെ രണ്ടുപേരും നടന്നുനീങ്ങി. കാവുങ്ങല്‍പാറ പള്ളിയുടെ സമീപത്തെത്തി. ഇനി എത്ര ദൂരമുണ്ട്?
ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. രണ്ട് നാഴിക! ‘നിന്റെ നാഴിക നാടന്‍ താപ്പാണല്ലോ.’ ഇനി എനിക്ക് നടക്കാന്‍ വയ്യ. ഞാനിവിടെ വിശ്രമിക്കട്ടെ. അദ്ദേഹം അവിടെ നിന്നു. കുഞ്ഞായി മുസ്‌ലിയാര്‍ മടങ്ങിപ്പോന്നു. ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ മുസ്‌ലിയാരെ കൊണ്ടുവരാന്‍ കരുതിവെച്ച ‘മഞ്ചല്‍’ അങ്ങോട്ടു കൊണ്ടു പോയി സ്വദഖത്തുള്ള മുസ്‌ലിയാരെ കൊണ്ടുവന്നു. കുഞ്ഞാലി മുസ്‌ലിയാര്‍ക്കിത് മറക്കാനാവാത്ത അനുഭവമാണ്.
പണ്ഡിതനും സൂഫിവര്യനുമായ അബ്ദുല്‍ബാരി ഉസ്താദിന്റെ അരുമ ശിഷ്യന്‍ ആകുന്നതോടൊപ്പം മറ്റു പണ്ഡിത മഹത്തുക്കളോടും അടുപ്പം പുലര്‍ത്തിയിരുന്നു. പ്രായത്തിന്റെ അവശതകള്‍ക്കിടയിലും ‘മൗലാന’ യില്‍ നിന്ന് ശീലിച്ചെടുത്ത കൈയെഴുത്ത് രചനക്ക് പുതുക്കം നല്‍കി വിസ്മയം തീര്‍ത്തിരിക്കുകയാണ് ഈ വന്ദ്യവയോധികനായ പണ്ഡിതന്‍. വാളക്കുളം അബ്ദുല്‍ബാരി ഉസ്താദിനെ കുറിച്ച് പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ചരിത്ര പുസ്തകമാണ് ഇദ്ദേഹം. പക്ഷേ, ഓര്‍മകളുടെ വഴിയോരങ്ങളില്‍ മറവിയുടെ ഇരുള്‍ വീണു തുടങ്ങിയിരിക്കുന്നു. കിട്ടിയത് തന്നെ അമൂല്യം.

Share this article

About അബ്ദുറഹീം അദനി ഊരകം

raheemoorakam313@gmail.com

View all posts by അബ്ദുറഹീം അദനി ഊരകം →

Leave a Reply

Your email address will not be published. Required fields are marked *