പ്രണയിക്കട്ടേ മതിവരാതെ

Reading Time: 3 minutes

വിവാഹം എന്ന ഒരു ടേണിംഗ് പോയിന്റില്‍ കേന്ദ്രീകരിച്ച് വ്യക്തിജീവിതവും സാമൂഹിക ജീവിതവും വികസിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന രീതിയാണല്ലോ നമുക്കിടയില്‍ പൊതുവായി നിലനില്‍ക്കുന്നത്. യുവാക്കളും യുവതികളും അവരുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും സമൂഹവുമെല്ലാം വിവാഹം എന്ന കുറ്റിക്കു ചുറ്റും കറങ്ങുന്നുണ്ട്. കെട്ടുപ്രായം എന്ന ഒറ്റവാക്കുകൊണ്ട് ചെറുപ്പക്കാരുടെ ജീവിത്തിന്റെ ദിശമാറ്റം ഓര്‍മപ്പെടുത്തും. പുരനിറഞ്ഞുനില്‍ക്കുക എന്ന പ്രയോഗം കൊണ്ട് കെട്ടുപ്രായത്തെ ഭീതിപ്പെടുത്തും. നാട്ടുനടപ്പില്‍നിന്നു ഭിന്നമായി കല്യാണം വൈകുമ്പോള്‍ അഭ്യൂഹങ്ങളും സംശയങ്ങളും കിംവദന്തികളും പരക്കും. രക്ഷിതാക്കള്‍ക്ക് ആധി കയറും.
ദാമ്പത്യം, കുടുംബം തുടങ്ങിയ എസ്റ്റാബ്ലിഷ്മെന്റുകള്‍ ജാതിമത രാഷ്ട്രീയങ്ങള്‍ക്കതീതമായി സമൂഹത്തില്‍ ചെലുത്തിയ സ്വാധീനമാണ് സൂചിപ്പിച്ചത്. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഇണചേര്‍ച്ചയിലേക്കുള്ള വ്യവസ്ഥയായാണ് വിവാഹം കല്പിക്കപ്പെടുന്നത്. ബഹുഭൂരിഭാഗം വിവാഹങ്ങളും യുവത്വത്തിലേക്കു പ്രവേശിച്ച ഘട്ടത്തിലാണ് നടക്കുന്നതും. രണ്ടു ലിംഗങ്ങള്‍ക്കിടയിലെ മാനസികവും ശാരീരികവും വൈകാരികവുമായ ആകര്‍ഷകത്വത്തെ സ്ഥാപനവത്കരിച്ചും മൗലികവത്കരിച്ചുമാണ് ഈ ഇണക്കം രൂപപ്പെടുത്തിയിരിക്കുന്നത്. മതവും മതയിതര സമൂഹങ്ങളുമെല്ലാം ഈ ഇണക്കത്തെ പവിത്രമായി കരുതിപ്പോരുന്നുമുണ്ട്. ഇത്രമേല്‍ എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട ഒരു വ്യവസ്ഥിതിയുടെ മൂലകാരണം ജൈവികയാഥാര്‍ഥ്യമാണ്. സ്ത്രീപുരുഷ ലിംഗങ്ങള്‍ക്കിടയിലെ പ്രണയാര്‍ദ്രവും ശരീരാകര്‍ഷകവും വേഴ്ചയുമൊക്കെ മുഴച്ചു നില്‍ക്കുന്ന സൃഷ്ടിസത്യങ്ങളാണ്. അഥവാ ആണിനും പെണ്ണിനുമിടയില്‍ ഉണ്ടാകുന്ന അടുപ്പത്തിന്റെ വ്യവസ്ഥാപിതവത്കരണമാണ് വിവാഹത്തിലൂടെ സംഭവിക്കുന്ന ഇണചേര്‍ച്ച.
എന്നാല്‍, സ്ഥാപനവത്കരണത്തിന്റെ ചട്ടക്കൂടുകളില്‍ മാത്രമായി അടച്ചുവെച്ചു നിയന്ത്രിക്കാവുന്ന ഒരുവികാരമല്ല ഇത്. ബാല്യത്തില്‍നിന്നും കൗമാരത്തിലേക്കു പ്രവേശിക്കുന്ന നമ്മുടെ ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ പ്രേരണകളില്‍നിന്നാണ് പ്രണയം എന്നു നാം മനോഹരമായി നാമകരണം ചെയ്തിട്ടുള്ള മനസിന്റെ പുഷ്‌കലത സംഭവിക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് ഒരുപോലെ സംഭവിക്കുന്നു. സമൂഹം തീവ്രമായി സ്ഥാപിച്ചെടുത്തിട്ടുള്ള മേല്‍പറഞ്ഞ വ്യവസ്ഥിതിയുടെ അടിത്തൂണാണ് പ്രണയം. സന്ദര്‍ഭങ്ങളും പരിസരങ്ങളും കൗമാരക്കാരെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. സ്നേഹം പൂത്തുലഞ്ഞ് ഉല്ലസിക്കാനുള്ള പൂന്തോപ്പുകള്‍ ചുറ്റിലുമുണ്ട്. പ്രണയിച്ച് പാറിനടക്കുന്ന ചെറുപ്പങ്ങള്‍ ചുറ്റിലുമുണ്ട്. പ്രണയം എന്നതൊരു പരിശുദ്ധ ഇണക്കത്തിന്റെ പേരോ പ്രയോഗമോ ഒന്നുമല്ല. ആത്യന്തികമായി എതിര്‍ലിംഗങ്ങളിലുള്ള രണ്ടുപേര്‍ക്ക് പരസ്പരം ഉണ്ടാകുന്ന ലൈംഗികാധിഷ്ഠിതവും മാനസികവുമായ അടുപ്പം എന്നേ ഉള്ളൂ. അതില്‍ ചൂഷണങ്ങളും തേപ്പും കാലുമാറ്റവും ബഹുത്വവുമൊക്കെ സംഭവിക്കും. മനം പ്രണയാര്‍ദ്രമാവുക എന്നത് മനുഷ്യസഹജവും പരിസരപ്രേരിതവുമായ ഒന്നാണ് എന്നത് തീര്‍ച്ചയാണ്. കൗമാരപ്രായം എന്നത് ഒരു മുഖ്യഘടകമായി ഇതില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
സ്വാഭാവികമായി സംഭവിക്കുകയോ വശീകരിക്കപ്പെടുകയോ ചെയ്യുന്ന ഒന്നായി കൗമാരപ്രായരിലെ പ്രണയത്തെ വിലയിരുത്തുമ്പോഴും രക്ഷാകര്‍തൃ സമൂഹം മക്കളെപ്രതി പേടിച്ചരണ്ടുനില്‍ക്കുന്ന ഘട്ടംകൂടിയാണിത്. വിവാഹവും കുടുംബവും എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ട സമൂഹമായിട്ടുകൂടി കുട്ടികളുടെ പ്രണയസമ്പര്‍ക്കങ്ങളോട് മുതിര്‍ന്നവര്‍ക്ക് തുറന്ന സമീപനമില്ല. സ്വതന്ത്രജീവിതം പ്രോത്സാഹിപ്പിക്കുന്നവര്‍ക്കുപോലും കുട്ടികളുടെ തീര്‍ത്തും സ്വതന്ത്രമായ ലൗലൈഫിനെക്കുറിച്ച് ഉത്കണ്ഠകളുണ്ട്. 18 വയസു തികഞ്ഞപ്പോള്‍ ഇഷ്ടമുള്ളവരെ പ്രേമിക്കാനും ഒപ്പം ജീവിക്കാനും അനുമതില്‍ നല്‍കി കത്തെഴുതിക്കൊടുക്കുന്ന മൈത്രയന്‍മാര്‍ അത്യപൂര്‍വമായി മാത്രമേ നമുക്കിടയിലുള്ളൂ. അതുകൊണ്ടു തന്നെ പ്രണയം സമ്മതിക്കുമ്പോള്‍ പോലും മാര്‍ഗരേഖകളും നിയന്ത്രണരേഖകളും വരച്ചുകൊടുത്തു വരുതിയില്‍ നിര്‍ത്താന്‍ ശ്രമങ്ങളുണ്ടാകുന്നുണ്ട്. മതയിതര, മിശ്രവിവാഹ സമൂഹങ്ങളുടെ പോലും സ്ഥിതിയിതാണ്. അറേഞ്ച്ഡ് വിവാഹങ്ങള്‍ക്കുപോലും സാമൂഹികവും മതപരവുമായ ചട്ടങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നവരുടെ സ്വതന്ത്ര സോഷ്യലിസ്റ്റ് സമൂഹമാണ് നമ്മുടേത്.
വിശ്വാസിസമൂഹത്തിനാകട്ടെ ഇതരവിഭാങ്ങളില്‍നിന്നുമാറി കുറച്ചധികം നിയന്ത്രണങ്ങളിലൂടെവേണം സഞ്ചരിക്കാന്‍. ബാല്യത്തിലും കൗമാരത്തിലും യുവത്വത്തിലുമെല്ലാം ഒരുപേലെ പുലര്‍ത്തേണ്ട വിശ്വാസച്ചട്ടങ്ങളുണ്ട് ഇസ്ലാമില്‍. സാധാരണമായിക്കഴിഞ്ഞ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ക്കും വിശ്വാസത്തിന്റെ ആകുലതകള്‍ക്കുമിടയിലൂടെയാണ് പ്രണയാര്‍ദ്രതയില്‍ പുണര്‍ന്നു നില്‍ക്കുന്ന കൗമാര യൗവനങ്ങളെ നേരിടേണ്ടി വരുന്നത്. പരിസരസാധാരണത്വവും പ്രോത്സാഹനങ്ങളും ഉണ്ടെങ്കില്‍പോലും ജീവശാത്രപരമായ സത്യംകൂടി ഉള്‍ചേര്‍ന്നതിനാല്‍ സ്ത്രീപുരുഷ ലിംഗാകര്‍ഷണം എന്ന യാഥാര്‍ഥ്യത്തെ അംഗീകരിച്ചും വകവെച്ചുകൊടത്തും വേണം കുട്ടികളുടെ ജീവിതത്തിനു രക്ഷിതാക്കളുടെ പെരുമാറ്റച്ചട്ടം. പ്രണയബന്ധങ്ങളുടെ വിശുദ്ധിയെയും അശുദ്ധിയെയും വേര്‍തിരിക്കുന്നതിനും മുമ്പ് അതിന്റെ ജൈവിക സന്ദര്‍ഭങ്ങളെയും വ്യവസ്ഥകളെയും യാഥാര്‍ഥ്യങ്ങളെയും സംബന്ധിച്ച് കുട്ടികള്‍ക്ക് നല്ല അവബോധം നല്‍കണം. പ്രണയപരവശരാകും മുമ്പ്, ഉണ്ടാകേണ്ട കരുതലാണിത്. യാഥാര്‍ഥ്യങ്ങളിലേക്കു സഞ്ചരിക്കാത്തതും കേവല മാംസബദ്ധമായതും രസികന്‍മാത്രമായതോ സീരിയസായതോ ഒക്കെയായ, ആകാന്‍ സാധ്യതയുള്ള പ്രണയ സന്ദര്‍ഭങ്ങളെ തിരഞ്ഞെടുക്കാനും ഉപേക്ഷിക്കാനുമുള്ള ചോയ്സുകളെക്കുറിച്ചാണ് കുട്ടികള്‍ക്ക് ബോധ്യം വേണ്ടത്. പ്രണയം എന്ന ജീവശാസ്ത്രപരമായ ആശയത്തെ പാടേ നിരാകരിച്ചുകൊണ്ടുള്ള നിഷ്‌കര്‍ഷകള്‍ കട്ടുചാടുന്നിതിനുള്ള പ്രേരണകളാണ് കുട്ടികളില്‍ ഉണ്ടാക്കുക. പകരം സന്ദര്‍ഭയാഥാര്‍ഥ്യങ്ങളെക്കുറിച്ച് ധാരണയുണ്ടായാല്‍ കുട്ടികള്‍ക്ക് അവരുടെ ചോയ്സുകളില്‍ കൃത്യത വരുത്താനാകും. മതം, വിശ്വാസം, സമൂഹം, സ്റ്റാറ്റസ്, സമ്പത്ത്, പ്രദേശം, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളെല്ലാം വിവാഹം കുടുബം തുടങ്ങിയ എസ്റ്റാബ്ലിഷ്മെന്റുകളില്‍ മുഖ്യമായതിനാലും പ്രണയം എന്നത് ഈ എസ്റ്റാബ്ലിഷമെന്റിലേക്കുള്ള പ്രവേശികയാണ് എന്നതും ചോയ്സ് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് പ്രണയിക്കും മുമ്പേ കുട്ടികള്‍ക്ക് തിരിച്ചറിയാനാകും.
ആണിലും പെണ്ണിലും ആകര്‍ഷകപ്രേരണകളില്‍ വ്യത്യസ്തതകളുണ്ടെന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. സ്‌നേഹവും സാമീപ്യവും സംരക്ഷണവുമൊക്കെ പെണ്‍കുട്ടികള്‍ അഭിലഷിക്കുകയും ആനന്ദിക്കുകുയം ചെയ്യുമ്പോള്‍ ആണിന്റെ ആകര്‍ഷകത്വം പെണ്‍കുട്ടികളുടെ സൗന്ദര്യവും അവരോടുതോന്നുന്ന ലൈംഗിക തത്പരതയുമൊക്കെയാണ്. മനസില്‍ കുടിയേറുന്ന കുലീനയായ ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ഇഷ്ടം പ്രഥമദൃഷ്ട്യാ ലൈംഗിക താത്പര്യത്തിലല്ലെങ്കിലും ആകര്‍ഷകത്വത്തിന്റെ മൂലകാരണത്തില്‍ അതുണ്ട്. പെണ്‍സമൂഹത്തിലും ലൈംഗികതയാല്‍ പ്രേരിതമാകുന്ന ആകര്‍ഷകതകള്‍ ഇല്ലാതില്ല. സ്വതന്ത്രജീവിതവും ലൈംഗികതയും വ്യാപകമാകുന്ന സമൂഹത്തില്‍, വിശിഷ്യാ ചെറുപ്പക്കാര്‍ കേന്ദ്രീകരിക്കുന്ന ക്യാംപസുകളില്‍ വിവാഹം, ദാമ്പത്യം പോലുള്ള സ്ഥാപനങ്ങളെ നിരാകരിച്ചുകൊണ്ടുതന്നെ പ്രണയങ്ങളും ലൈംഗിക സൗഹൃദങ്ങളും ലിവിങ് ടുഗതറുകളും ധാരാളമുണ്ട്. ഇതൊക്കെയും ആളുകളുടെ ചോയ്സുകളാണ്. എന്നാല്‍, വിശ്വാസത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യം നേരത്തേതന്നെ കുട്ടികള്‍ക്ക് കിട്ടുമ്പോഴായിരിക്കും അവര്‍ക്കും ചോയ്സുകളില്‍ കൃത്യത ഉണ്ടാവുക. നമ്മുടെ സാമൂഹിക വ്യവസ്ഥയില്‍ പ്രണയാര്‍ദ്ര ജീവിതങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നത് വിവാഹത്തിലൂടെയാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന് പ്രായം നിശ്ചയിക്കുന്നത് ആണും പെണ്ണും തമ്മിലുള്ള ഇണക്കത്തിന്റെ ജൈവികസത്യത്തെ നിഷേധിക്കുന്നതാണ്. ദാമ്പത്യം എന്ന ഭരണഘടനാ സ്ഥാപനത്തെ നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴും പ്രണയം, ലൈംഗികത തുടങ്ങിയ ഭരണഘടനകള്‍ക്കു വഴങ്ങാത്ത മനുഷ്യാവസ്ഥകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വിവാഹപ്രായം 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തുമ്പോള്‍ സംഭവിക്കുന്നത് മനുഷ്യാവസ്ഥകളെ നിയമത്തിന്റെ തടവറയിലിട്ട് പീഡിപ്പിക്കലാണ്. വിവാഹം, ദാമ്പത്യം എന്ന നിയമസ്ഥാപനങ്ങളെ അതിര്‍ലംഘിച്ച് പ്രണയാര്‍ദ്രരുടെ ലിവിങ് ടുഗതറുകള്‍ വ്യാപിക്കുകയായിരിക്കും ഫലം. നികാഹ് എന്ന വിശ്വാസപരമായ വഴക്കത്തെ നിയമങ്ങള്‍ക്കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നതിനാല്‍ ഹലാല്‍ ലിവിങ്ടുഗതറുകള്‍ക്ക് തടസങ്ങളുണ്ടാകില്ല. കൗമാരത്തിലെ പ്രണയാകര്‍ഷത്വങ്ങളെ തടുത്തുവെച്ച് അസ്വസ്ഥതകളുണ്ടാക്കാന്‍ വിശ്വാസികള്‍ ശ്രമിക്കേണ്ടതില്ലെന്നു ചുരുക്കം. വിശ്വാസത്തിനു വിരുദ്ധമല്ലാത്ത പ്രണയകാലം അനുവദിച്ചുകൊടുക്കാനുള്ള അവസരംകൂടി വിവാഹപ്രായം ഉയര്‍ത്തിക്കൊണ്ടുള്ള നിയമങ്ങള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ തുറന്നുവെക്കുന്നുണ്ട്. മക്കള്‍ക്ക് അനുവദനീയമായ പ്രണയാകാലം അനുവദിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ സന്നദ്ധമാകേണ്ടതുകൂടിയുണ്ട്.
പ്രണയത്തിന് വിവാഹവും പ്രായവും അതിര്‍വരമ്പിടുന്നില്ല. വിവാഹശേഷം അനുരാഗത്തിന്റെ ആരാമങ്ങള്‍ അനുഭവിക്കുന്നതാകണം ദാമ്പത്യം. പ്രണയിച്ചുകൊണ്ടേയിരിക്കുക എന്നതാണ് ദാമ്പത്യത്തിന്റെ രസവും സുഖവും. എന്നാല്‍, വിവാഹിതരായവര്‍ക്ക് നിയമപ്രകാരമുള്ള ഇണകള്‍ക്കപ്പുറത്തേക്കും പ്രണയത്തിന്റെ ശാഖകള്‍ വളരും. അവിഹിതബന്ധങ്ങളും ഒളിച്ചോട്ടങ്ങളുമെല്ലാം ഉണ്ടാകുന്നത് നിത്യയാഥാര്‍ഥ്യങ്ങളാണ്. ലൈംഗികത മാത്രമല്ല പലപ്പോഴും പ്രണയപാരവശ്യങ്ങളുടെ പ്രേരണ. അനുകമ്പയും ആര്‍ദ്രതയും ആശ്വാസവുമെല്ലാം പ്രണയത്തെ പ്രേരിപ്പിക്കും. മക്കളെപ്പോലും ഉപേക്ഷിച്ചു ആണുങ്ങളും പെണ്ണുങ്ങളും ഇറങ്ങിത്തിരിക്കുന്നത് പുതിയ ജീവിതാനുഭവങ്ങളേലേക്കാണ്. ഇതു തിരിച്ചറിഞ്ഞ് പ്രണയം ആഘോഷമാക്കാന്‍ സാധിക്കുമ്പോഴാണ് ദാമ്പത്യം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പരുക്കു പറ്റാതിരിക്കുക. അതുകൊണ്ട്, ചോയ്സുകള്‍ സംബന്ധിച്ചുള്ള കൃത്യതയോടെ നമ്മുടെ കുട്ടികളും യുവാക്കളും ദമ്പതികളുമെല്ലാം മതിവരുവോളം പ്രണയിക്കട്ടേ.

Share this article

About അലി അക്ബര്‍

taaliakbar@gmail.com

View all posts by അലി അക്ബര്‍ →

Leave a Reply

Your email address will not be published. Required fields are marked *