പുരുഷന്‍മാരോടാണോ ഖുര്‍ആനും സുന്നത്തും സംസാരിക്കുന്നത്

Reading Time: 3 minutes

ദൈവം എപ്പോഴും പുരുഷന്മാരുമായി സംസാരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. സ്ത്രീകളോട് സംസാരിക്കുന്നില്ല. എന്തുകൊണ്ടാണത്? ഇങ്ങനെ ഒരു ചോദ്യം ഇന്ന് ചില മുസ്ലിംകളുടെയും മനസിലുണ്ട്. പക്ഷേ, വിശ്വാസത്തെ കളങ്കപ്പെടുത്തുന്ന ചോദ്യമാണെന്ന് കരുതി പലപ്പോഴും മൗനികളായി ഇരിക്കുകയാണവര്‍. എന്നാല്‍, വാസ്തവത്തില്‍ ഇസ്ലാമിക ചരിത്രത്തില്‍ പണ്ടു മുതലേ ഉള്ള ചോദ്യങ്ങളിലൊന്നാണിത്. ഖുര്‍ആന്റെ അവതരണത്തിലേക്ക് ചര്‍ച്ച നീളുന്ന ഒരു ചോദ്യമാണിത്. ഇതിനെ സംബന്ധിച്ചുള്ള ആയത്താണ് വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആയത്തുകളില്‍ ഒന്ന്.

ഖുര്‍ആന്റെ അഭിസംബോധന
പ്രവാചകരുടെ ഭാര്യ ഉമ്മുസലമ പ്രവാചകരോട് ഒരിക്കല്‍ ചോദിച്ചു: ‘എന്തുകൊണ്ടാണ് പുരുഷന്മാരെപ്പോലെ ഞങ്ങള്‍ സ്ത്രീകള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടാത്തത്?’ തൊട്ടടുത്ത ദിവസം തന്നെ പ്രവാചകര്‍ (സ്വ) മിമ്പറില്‍ വെച്ച് പ്രഖ്യാപിക്കുന്നത് ഉമ്മു സലമ (റ)കേട്ടു: മുസ്ലിംകളായ പുരുഷന്മാരും സ്ത്രീകളും, വിശ്വാസികളും വിശ്വാസിനികളും, സത്യസന്ധരായ പുരുഷന്മാരും സ്ത്രീകളും, ഭക്തരും ഭക്തകളും, ക്ഷമയുള്ള പുരുഷന്മാരും ക്ഷമയുള്ള സ്ത്രീകളും, വിനീതരായ പുരുഷന്മാരും വിനീത സ്ത്രീകളും, നോമ്പുകാരായ പുരുഷന്മാരും സ്ത്രീകളും, ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെ കാത്തുസൂക്ഷിക്കുന്ന പുരുഷന്മാരും സ്ത്രീകളും, നിത്യവും അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും, അവര്‍ക്ക് അല്ലാഹു പാപമോചനവും വലിയ പ്രതിഫലവും ഒരുക്കിയിട്ടുണ്ട്.’ (ഖുര്‍ആന്‍ 33:35)
തന്റെ ചുറ്റുമുള്ള പുരുഷന്മാരെപ്പോലെ ഖുര്‍ആനിക സംഭാഷണത്തിന്റെ ഒരു ഭാഗമായി എന്നെയും കരുതുന്നുവെന്ന് ഉമ്മു സലമ (റ) വ്യക്തമാക്കിയത് ഈ അവസരത്തില്‍ മാത്രമല്ല. ഒരു ദിവസം അവരുടെ വേലക്കാരി അവര്‍ക്ക് മുടി ചീകിക്കൊടുക്കുകയായിരുന്നു. പള്ളിയോട് ചേര്‍ന്ന മുറിയില്‍ തന്നെ ആയത് കൊണ്ട് പള്ളിയിലെ സംസാരങ്ങളെല്ലാം ശരിക്ക് കേള്‍ക്കാമായിരുന്നു. പ്രവാചകര്‍(സ്വ) ‘ജനങ്ങളേ’ എന്ന് അഭിസംബോധന ചെയ്തു കൊണ്ട്, അവിടെ കൂടി നിന്നവരെ ഉപദേശിക്കാന്‍ തുടങ്ങി. ഉമ്മു സലമ(റ) അവരോടൊപ്പം ചേരാന്‍ ഒരുങ്ങിയപ്പോള്‍ പ്രവാചകന്‍(സ്വ) ‘പുരുഷന്മാരെയാണ് വിളിച്ചത്, സ്ത്രീകളെയല്ല’ എന്ന് പറഞ്ഞു കൊണ്ട് അവരുടെ വേലക്കാരി അവരെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചു. ‘തീര്‍ച്ചയായും, ജനങ്ങളില്‍ ഉള്‍പ്പെടുന്നവളാണ് ഞാന്‍.’ ഉമ്മു സലമ(റ) മറുപടി നല്‍കിക്കൊണ്ട് അവര്‍ക്കൊപ്പം സദസില്‍ പങ്കെടുത്തു.

ഫിഖ്ഹ്, അഖീദ എന്നിവയുടെ
അഭിസംബോധന
ടുണീഷ്യക്കാരനായ പ്രമുഖ മാലികീ പണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ത്വാഹിര്‍ ബ്‌നു ആശൂര്‍ (മരണം: 1973) ഉമ്മു സലമയുടെ ചോദ്യത്തിന് മറുപടിയായി വന്ന ആയത്തിനെക്കുറിച്ച് ഇപ്രകാരം എഴുതി: ‘ഇസ്ലാമിക ശരീഅത്തിന്റെ അനുമാനം, അതിന്റെ കല്‍പനകളിലും ശാസനകളിലും പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നാണ്. രണ്ട് ലിംഗങ്ങളില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം പ്രത്യേകമാക്കപ്പെട്ടതാണെന്ന് വ്യക്തമാക്കപ്പെട്ടവ മാത്രമാണതിന് അപവാദം. ഇക്കാര്യത്തെ വ്യക്തമാക്കുകയാണ് ഈ ആയത്ത്.’
പണ്ഡിതന്മാരില്‍ വളരെ പ്രമുഖനാണ് ഇബ്‌നു ആശൂര്‍. ഓട്ടോമന്‍ കാലഘട്ടത്തെയും ഫ്രഞ്ച് കൊളോണിയലിസത്തെയും പൂര്‍വാധുനികതയെയും ആധുനികതയെയും നേരില്‍ കണ്ടു മനസിലാക്കിയ മികച്ച പണ്ഡിതന്‍ കൂടിയായ അദ്ദേഹം അവസാനത്തെ ‘പാരമ്പര്യ’ തഫ്‌സീര്‍ പണ്ഡിതനെന്നും അറിയപ്പെടാറുണ്ട്.
അദ്ദേഹം ലിംഗസമത്വത്തെക്കുറിച്ചുള്ള ആധുനിക ആശങ്കകളോട് സംവേദനക്ഷമതയുള്ള വ്യക്തിയാകാന്‍ സാധ്യതയില്ലേ? അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വായനയും ഇസ്ലാമിനെക്കുറിച്ചുള്ള കാഴ്ചപ്പാടും ഈ കാലഘട്ടത്തിലെ പ്രത്യയശാസ്ത്ര മാറ്റങ്ങള്‍ സ്വാധീനിച്ചിരിക്കാന്‍ ഇടയില്ലേ?
തീര്‍ച്ചയായും ഈ സാഹചര്യത്തില്‍ അങ്ങനെ ഉണ്ടാകാന്‍ ഇടയില്ല. ആദ്യ കാലം മുതലേ മുസ്ലിം പണ്ഡിതന്മാര്‍ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍, പ്രവാചകന്റെ തിരുമൊഴികള്‍, സ്വഹാബത്തിന്റെ ഉള്‍ക്കാഴ്ചകള്‍ എന്നിവയെ, വ്യാഖ്യാനപരമായ സിദ്ധാന്തങ്ങളിലേക്ക് (ഖവാഇദ്) സമന്വയിപ്പിക്കാന്‍ തുടങ്ങി. ഖുര്‍ആന്‍, സുന്നത്ത്, ഇവ രണ്ടിന്റെയും അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഫിഖ്ഹ്, അഖീദ എന്നിവയെ മനസിലാക്കാനും മാറിക്കൊണ്ടിരിക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ അവ എങ്ങനെ പ്രയോഗിക്കണമെന്ന് മുസ്ലിംകള്‍ക്ക് വഴികാട്ടുകയാണ് ഈ ഖവാഇദിന്റെ ലക്ഷ്യം. ചിലപ്പോള്‍ ഈ ഖവാഇദുകള്‍ ഖുര്‍ആനില്‍ നേരിട്ട് വന്നവയാണ്: ”ഭാരം ചുമക്കുന്ന ഒരു വ്യക്തി മറ്റൊരാളുടെ ഭാരം വഹിക്കുകയില്ല.” (ഖുര്‍ആന്‍ 35:18) ചിലപ്പോള്‍ അവ നേരിട്ട് ഹദീസില്‍ വന്നവയായിരുന്നു: ”വാദമുന്നയിക്കുന്ന വ്യക്തി നേര്‍ തെളിവുകള്‍ നല്‍കണം, അതേസമയം ആ വാദത്തെ നിഷേധിക്കുന്നയാള്‍ സത്യം ചെയ്താല്‍ മാത്രം മതി.” ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അവസാന ശൈഖുല്‍ ഇസ്ലാം ആയ മുഹമ്മദ് സാഹിദ് അല്‍ കൗസരിയുടെ (മരണം: 1952) വാക്കുകളില്‍, ‘ശരീഅത്തിലെ വിധികള്‍ക്കും അതിന്റെ ഉറവിടങ്ങള്‍ക്കും ഇടയിലുള്ള ഇടനിലക്കാരനാണ് ഖവാഇദ്.’
ശാഫി കര്‍മശാസ്ത്ര പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ധനുമായ അല്‍-ഖത്താബിയെ സംബന്ധിച്ചിടത്തോളം (മരണം 388/998), ശരീഅത്ത് നിയമങ്ങള്‍ ആണിനും പെണ്ണിനും പൊതുവായുള്ളതാണെന്ന ധാരണ ഖുര്‍ആനിലും ഹദീസിലും തന്നെ ഉണ്ടെന്നാണ്. ലൈംഗിക ബന്ധത്തിനു ശേഷമുള്ള ശരീര ശുദ്ധീകരണ പ്രവര്‍ത്തിയെക്കുറിച്ച് തന്റെ അനുയായികളെ പ്രവാചകര്‍ (സ്വ) പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, അന്‍സ്വാറുകളുടെ കൂട്ടത്തില്‍ പെട്ട ഉമ്മു സുലൈം (റ) ചോദിച്ചു. ഇത് സ്ത്രീകള്‍ക്കും ബാധകമാണോ? ‘അതെ. സ്ത്രീകള്‍ പുരുഷന്‍മാരുടെ പ്രതിരൂപ (ശഖാഇഖ്)മാകുന്നു.’ നബി(സ്വ) മറുപടി നല്‍കി. സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്ലിം എന്നിവക്ക് ആദ്യ കാലത്തു തന്നെ വ്യാഖ്യാനമെഴുതിയ അല്‍-ഖത്താബി ഈ ഹദീസിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്, ശരീഅത്ത്പരമായ ഒരു വിധി ഇറങ്ങിയാല്‍, ഏതെങ്കിലും ലിംഗത്തിന് പ്രത്യേകമായ തെളിവുകള്‍ (ദലീല്‍) ഇല്ലാത്ത കാലത്തോളം അവ പുരുഷനും സ്ത്രീക്കും തുല്യമായി ബാധകമാണ്. അറിയപ്പെട്ട സഞ്ചാരി കൂടിയായ മാലികീ പണ്ഡിതന്‍ ഖാളി അബൂബക്കര്‍ ഇബ്‌നുല്‍ അറബി (മരണം 543/1145) മുവത്വക്ക് എഴുതിയ തന്റെ വ്യാഖ്യാനത്തില്‍ ഇപ്രകാരം അഭിപ്രായപ്പെടുന്നു: ”പുരുഷന്മാരുടെയും സ്ത്രീകളുടെയും സൃഷ്ടിക്കപ്പെട്ട പ്രകൃതം ഒന്നാണ്. അവരെ നിയന്ത്രിക്കുന്ന ശരീഅത്ത് ഒന്നുതന്നെയാണ്.” ഇബ്‌നു ഖയ്യിം അല്‍ ജൗസിയ്യ (മരണം 751/1370) ഈ തത്വത്തെ അംഗീകരിക്കുന്നുണ്ട്. ഇബ്‌നു ഹജര്‍(റ) (മരണം 852/1449) ഫത്ഹുല്‍ ബാരിക്ക് തയാറാക്കിയ തന്റെ പ്രസിദ്ധമായ വ്യാഖ്യാനത്തില്‍ ഇത് വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്: ‘ചില തെളിവുകള്‍ പ്രത്യേകമാക്കിയതൊഴിച്ചാല്‍, എല്ലാ വിധികളും പുരുഷന്മാര്‍ക്ക് ഉള്ളതുപോലെ സ്ത്രീകള്‍ക്കും ബാധകമാണ്.’
അത്തരം തെളിവുകള്‍ യുക്തിയില്‍ നിന്നോ വ്യക്തമായ യാഥാര്‍ഥ്യങ്ങളില്‍ നിന്നോ വരാം. ആര്‍ത്തവത്തെക്കുറിച്ചുള്ള ഒരു മതവിധി പുരുഷന്മാര്‍ക്ക് ബാധകമല്ല (എന്നിരുന്നാലും, മൂത്രവാര്‍ച്ച അനുഭവിക്കുന്ന പുരുഷനും സ്ത്രീക്കും മൂത്രചോര്‍ച്ച കണക്കിലെടുക്കാതെ തന്നെ നിസ്‌കാരത്തിന് മുമ്പ് വുളൂ എടുക്കാന്‍ മതം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇസ്തിഹാളത്തുകാരിക്ക് ഇസ്തിഹാളത്ത് ഉള്ളപ്പോള്‍ തന്നെ വുളൂ ചെയ്ത് നിസ്‌കരിക്കാം എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട വിധിയാണിത്).

വ്യാകരണവും അനുയോജ്യതയും
നിയമപരമായ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രങ്ങള്‍ക്കപ്പുറം, പുരുഷന്മാരെയും സ്ത്രീകളെയും ‘പുരുഷന്മാര്‍’ അല്ലെങ്കില്‍ ‘അവന്‍’ പോലുള്ള സര്‍വനാമത്തില്‍ ഉള്‍പ്പെടുത്തല്‍ അറബി വ്യാകരണത്തിന്റെ ഒരു പ്രത്യേക സവിശേഷതയാണ്. ഈ വിഷയത്തെക്കുറിച്ചുള്ള ആദ്യത്തെ അറിയപ്പെടുന്ന പ്രസിദ്ധമായ ഗ്രന്ഥമെഴുതിയ വ്യക്തിയാണ് സീബവൈഹി (മരണം 180/796). അറബിയിലെ നാമങ്ങളുടെയും ക്രിയകളുടെയും സ്ത്രീലിംഗ പതിപ്പുകള്‍ പലപ്പോഴും ദൈര്‍ഘ്യമേറിയതും കവിതയില്‍ അടക്കം പ്രയോഗിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടുള്ളതുമാണ്. ഉപയോഗത്തില്‍ പുല്ലിംഗ പദങ്ങള്‍ പലപ്പോഴും അവരുടെ സ്ത്രീലിംഗ പദങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നു. അതിനാല്‍ ‘ഹും’ (അവര്‍. പുരുഷലിംഗം) എന്ന അറബി പദം ഒരു കൂട്ടം പുരുഷന്മാരെയോ അല്ലെങ്കില്‍ ഒരു മിശ്ര-ലിംഗത്തെയോ അര്‍ഥമാക്കാം. ‘ഹുന്ന’ (അവര്‍. സ്ത്രീലിംഗം) ഒരു കൂട്ടം സ്ത്രീകളെ മാത്രമേ അര്‍ഥമാക്കുന്നുള്ളൂ. (അല്ലെങ്കില്‍ വ്യാകരണപരമായി സ്ത്രീലിംഗമായ ഒരു കൂട്ടം കാര്യങ്ങള്‍). എന്നാല്‍ ‘അവന്‍’ അല്ലെങ്കില്‍ ‘ഏതെങ്കിലും പുരുഷന്‍’ എന്ന് സൂചിപ്പിക്കുന്ന ഒരു ഹദീസ് അല്ലെങ്കില്‍ ഖുര്‍ആന്‍ വാക്യം ‘അവള്‍’, ‘ഏതെങ്കിലും സ്ത്രീ’ എന്നിവയും അര്‍ഥമാക്കണമെന്ന് നാം മനസിലാക്കണം. തെളിവുകള്‍ മറ്റൊരുതരത്തില്‍ അപവാദം കാണിക്കുന്നില്ലെങ്കില്‍ മാത്രം. സൗകര്യാര്‍ഥമാണ് ഇങ്ങനെ ഉപയോഗിക്കുന്നത്. അവന്‍ / അവള്‍ അല്ലെങ്കില്‍ അവര്‍ എന്നിവയുടെ ഇന്നത്തെ ഉപയോഗത്തെക്കുറിച്ചുള്ള സംവാദത്തിന് പുരാതന കാലത്ത് തന്നെയുള്ള ഉത്തരമാണിത്.

Share this article

About ഡോ. ജൊനാതന്‍ ബ്രൗണ്‍, വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍

View all posts by ഡോ. ജൊനാതന്‍ ബ്രൗണ്‍, വിവര്‍ത്തനം: എന്‍. മുഹമ്മദ് ഖലീല്‍ →

Leave a Reply

Your email address will not be published. Required fields are marked *