വികസനത്തിന്റെ വിത്തിറക്കേണ്ടതെവിടെ?

Reading Time: 3 minutes

നമ്മുടെ നാട്ടിടവഴികളും നഗരപാതകളുമെല്ലാം മുഖം മിനിക്കിയിരിക്കുന്നു, കണ്ണുചിമ്മി കിടന്നിരുന്ന തെരുവു വിളക്കുകള്‍ പ്രകാശം പരത്തിനില്‍ക്കുന്നു, നാടിന്റെ ആവശ്യങ്ങളെല്ലാം പരിഹരിച്ചുവെന്നു വരുത്താനുള്ള പെടാപാടുകള്‍ക്ക് പലയിടത്തും എന്തൊരു വേഗതയാണ്. അടുത്ത തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി എന്ന് വിളിച്ചറിയിക്കുന്ന വോട്ടോട്ടം നമ്മുടെ ജനപ്രതിനിധികള്‍ പ്രകടമാക്കുന്ന സമയമാണ്. കോവിഡിന്റെ ദുരിതങ്ങളെ അതിജീവിച്ച് നാടും നഗരങ്ങളും തങ്ങളുമായി അടുത്ത് ഇടപെഴകേണ്ട തദ്ദേശസ്ഥാപന ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ആവേശത്തിലാണ്. ഈ ദുരിതനാളുകളിലും ആവേശം ഒട്ടും ചോരാതെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും നമ്മുടെ തദ്ദേശസ്ഥാപനങ്ങളുടെ ചരിത്രവും അവിടെ നിന്നും നമ്മളിലേക്ക് എത്തേണ്ട സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും അനന്ദമായ സാധ്യതകളെക്കുറിച്ച് നമ്മളില്‍ പലരും അജ്ഞരാണ്. കേവലം റോഡ് നന്നാക്കലും തെരുവിളക്ക് കത്തിക്കലും എന്ന പതിവ് പരിപാടികള്‍ക്കുപ്പുറം നാടിന്റെ മുന്നേറ്റത്തിന്, അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും നമ്മുടെ പ്രദേശത്തെ ജനപ്രതിനിധികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന തിരിച്ചറിവ് നമ്മള്‍ നേടി എടുക്കേണ്ടതുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പഞ്ചായത്ത് എന്നപേരില്‍ അറിയപ്പെടുന്നത് മുതല്‍ ഒട്ടനവധി ചരിത്രങ്ങളുടെ പിന്‍ബലമുണ്ട്. ത്രിതല പഞ്ചായത്ത് ഘടനരൂപം കൊണ്ടത് സ്വാതന്ത്ര്യം ലഭിച്ച് നാല് പതിറ്റാണ്ടിന് ശേഷമാണ്. അതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ സംസ്‌കൃത പദമായ ‘പഞ്ച’ എന്നതില്‍ നിന്നാണ് പഞ്ചായത്ത് എന്ന പേരിന്റെ ആവിര്‍ഭാവം. അഞ്ചുപേര്‍ അടങ്ങുന്ന ഗ്രാമ സ്വയംഭരണ സമതി എന്നാണ് അതിനര്‍ഥം. ഭരണസമിതിയുടെ എണ്ണത്തില്‍ പിന്നീട് മാറ്റം ഉണ്ടായെങ്കിലും പേര് അതേപടി നിലനിര്‍ത്തി. എന്നാല്‍ വിദേശഭരണത്തില്‍ ഗ്രാമ ഭരണസമിതികള്‍ പൂര്‍ണമായി തകര്‍ന്നു. പഞ്ചായത്തുകള്‍ നാമാവശേഷമായി. പകരം പ്രവിശ്യകളുടെ സംയുക്തവും കേന്ദ്രീകൃതവുമായ ഒരു ഭരണസംവിധാനം വേരോടിയിരുന്നു. ഗ്രാമസ്വരാജ് വിസ്മരിച്ച് കൊണ്ടുള്ള ഒരു ഭരണവ്യവസ്ഥ ജനവികാരങ്ങള്‍ ശരിയായി പ്രതിഫലിപ്പിക്കുകയില്ലെന്ന് ഗാന്ധിജി നിലപാടെടുത്തു. ഭാരതത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക പൈതൃകമായ പഞ്ചായത്തുകള്‍ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ടുവച്ചു. തുടര്‍ന്ന് ഗാന്ധിജി വിഭാവനം ചെയ്ത പഞ്ചായത്തുകളുടെ രൂപവത്കരണം സംസ്ഥാനങ്ങളുടെ ധാര്‍മിക പ്രബോധനമായി ഭരണഘടനയുടെ നാലാംഭാഗം നിര്‍ദേശക തത്വങ്ങളില്‍ അനുച്ഛേദം 40ല്‍ എഴുതിചേര്‍ത്തു. ‘സംസ്ഥാനങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കേണ്ടതും സ്വയംഭരണകൂടമായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധികാരശക്തിയും പ്രവര്‍ത്തനാധികാരങ്ങളും അവക്ക് നല്‍കേണ്ടതുമാണ്’ എന്ന് വ്യക്തമാക്കി. ഏഴാം പട്ടികയില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മാണം നടത്താവുന്ന വിഷയമാണ് എന്ന് വ്യവസ്ഥ ചെയ്തു.
ഇതേ തുടര്‍ന്ന് 1954 മാര്‍ച്ച് മാസത്തോടെ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 98256 പഞ്ചായത്തുകള്‍ ആവിര്‍ഭവിച്ചു. അഖിലേന്ത്യാതലത്തിലുള്ള 581814 ഗ്രാമങ്ങളില്‍ 294460 എണ്ണം പഞ്ചായത്ത് ഭരണസമിതിയുടെ അധികാരസീമയില്‍ കൊണ്ടുവന്നു. ആസൂത്രണം തങ്ങളുടെ സഹകരണത്തില്‍ നിന്നും ആവിര്‍ഭവിച്ചതാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായാല്‍ അവയുടെ വിജയത്തിനും അവര്‍ ബദ്ധശ്രദ്ധരായിരിക്കുമെന്ന പ്രധാനമന്ത്രി നെഹ്റുവിന്റെ കാഴ്ചപ്പാട് ഉള്‍ക്കൊണ്ട് ആസൂത്രണകമ്മീഷന്‍, ജനശക്തി കോര്‍ത്തിണക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പഠനം ആവശ്യമാണെന്ന് ദേശീയ വികസനസമിതിയോട് ശിപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 1957 ജനുവരിയില്‍ ബല്‍വന്ത്റായ് മേത്ത അധ്യക്ഷനായുള്ള ഒരു സമിതിയെ നിയോഗിച്ചു. 1958 ഡിസംബറില്‍ ഈ സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമൂഹ്യ വികസനം ഫലപ്രദമാക്കാന്‍ ജനായത്ത വികേന്ദ്രീകരണം അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. താഴെത്തട്ടില്‍ ഗ്രാമപഞ്ചായത്തും, ഇടത്തട്ടില്‍ ബ്ലോക്ക് പഞ്ചായത്തും, മേല്‍ത്തട്ടില്‍ ജില്ലാ പഞ്ചായത്തും അടങ്ങുന്ന ത്രിതലപഞ്ചായത്ത് രാജ് സംവിധാനമാണ് മുന്നോട്ടുവെച്ചത്.
അധികാര വികേന്ദ്രീകരണത്തിന്റെ മാര്‍ഗരേഖയായി മാറിയ ബല്‍വന്ത്റായ് മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് ദേശീയ വികസന സമിതി 1958ല്‍ അംഗീകരിച്ചതോടെ ആദ്യം രാജസ്ഥാനിലും തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലും നവീനമായ ഗ്രാമഭരണ സമിതികള്‍ ഉദയം ചെയ്തു. 73-ാം ഭരണഘടനാ ഭേദഗതി ബില്ലില്‍ 1993 ഏപ്രിലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ പഞ്ചായത്ത് രാജ് സംവിധാനം ശക്തമായി. ഇതോടെ ഇന്ത്യയിലെ പഞ്ചായത്തുകള്‍ക്ക് ഭരണഘടനാ സാധുത കൈവന്നു.
ഐക്യകേരളം രൂപീകരിക്കും മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്ത രീതിയിലായിരുന്നു പഞ്ചായത്ത് സംവിധാനം. ബല്‍വന്ത് റായ് മേത്ത റിപ്പോര്‍ട്ടിന്റെയും ഇ എം എസ് അധ്യക്ഷനായ ഒന്നാം ഭരണപരിഷ്‌കാര കമ്മിറ്റി ശിപാര്‍ശയുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രത്യേക നിയമം – കേരള പഞ്ചായത്ത് ആക്ട്, 1960-മുന്നോട്ടുവെച്ചു. 1962 ജനുവരി ഒന്നിന് ആക്ട് നിലവില്‍ വന്നു. 922 ഗ്രാമ പഞ്ചായത്തുകള്‍ രൂപവത്കരിച്ചു. 1964 ജനുവരി ഒന്നിന് ഈ പഞ്ചായത്തുകളില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ അധികാരത്തില്‍ വന്നു. എങ്കിലും കൃത്യമായ ഇടവേളകളില്‍ കേരളത്തിലും തെരഞ്ഞെടുപ്പ് നടന്നില്ല. 73-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് രാജ്യത്ത് ത്രിതല പഞ്ചായത്ത് സംവിധാനം രൂപവത്കരിച്ചതിന്റെ തുടര്‍ച്ചയില്‍ 1994 ഏപ്രില്‍ 23ന് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നു. 1995ലും 2000ലും നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തി. അതിലൂടെ അധികാരം കൂടുതല്‍ വികേന്ദ്രീകരിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വാര്‍ഡ് വിഭജനം ഉള്‍പ്പടെയുള്ളവയുടെ അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കി. കാലാന്തരത്തില്‍ ചില പഞ്ചായത്തുകള്‍ മുന്‍സിപ്പാലിറ്റികളായി മാറ്റപ്പെടുകയും കുറെ വലിയ പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കുകയും ചെയ്തു. 1994 ഏപ്രില്‍ 23ന് കേരള പഞ്ചായത്ത് രാജ് നിയമം നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്താകെ 991 ഗ്രാമപഞ്ചായത്തുകളാണുണ്ടായിരുന്നത്. ഇപ്പോള്‍ ഇവയുടെ എണ്ണം 941 ആണ്. 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റിയും ആറ് കോര്‍പ്പറേഷനും നമ്മുടെ സംസ്ഥാനത്തുണ്ട്.
ഗ്രാമപഞ്ചായത്തുകളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വളരെ വലുതാണെങ്കിലും പലപ്പോഴും നമ്മള്‍ തിരഞ്ഞെടുത്ത് വിടുന്ന ജനപ്രതിനിധികള്‍ക്ക് പോലും ഇതേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലെന്നതാണ് വാസ്തവം. ഒരു പഞ്ചായത്ത് പരിധിയിലെ ഒട്ടുമിക്ക കാര്യങ്ങളിലും ഇടപെടാനും നടപടികള്‍ സ്വീകരിക്കാനും പഞ്ചായത്ത് സമിതിക്ക് അധികാരമുണ്ട് എന്ന് തന്നെ പറഞ്ഞാല്‍ അത് തെറ്റാകില്ലെന്ന് തോന്നുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, സാമൂഹിക ക്ഷേമം, പൊതുജനാരോഗ്യവും ശുചീകരണവും, ദാരിദ്രനിര്‍മാര്‍ജ്ജനം, പട്ടികജാതി- പട്ടിക വര്‍ഗവികസനം, ജലവിതരണം, ഭവനനിര്‍മാണം, വൈദ്യുതിയും ഊര്‍ജവും, ചെറുകിടവ്യവസായങ്ങള്‍, സാമൂഹിക വനവത്കരണം, മത്സ്യബന്ധനം, മൃഗസംരക്ഷണവും ക്ഷീരോത്പാദനവും, കൃഷി, പൊതുവിതരണസമ്പ്രദായം, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, കായികം, സഹകരണം തുടങ്ങി സമസ്ത മേഖലകളിലും ഇടപെടുന്നതിനും ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പഞ്ചായത്തിനും ജനപ്രതിനിധികള്‍ക്കും സാധ്യമാകും. എം പി, എം എല്‍ എ പോലുള്ള ജനപ്രതിനിധികളില്‍ നിന്ന് വിഭിന്നമായി നാട്ടിടവഴികളും നാടിന്റെ പ്രശ്നങ്ങളും ഏറ്റവും അടുത്തറിയാന്‍ കഴിയുന്നവരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍, ജനങ്ങള്‍ ഏതാവശ്യത്തിനും ആദ്യം ഓടി എത്തുന്നതും ഇവരിലേക്കാണ്, അതുകൊണ്ടുതന്നെ മരണവീടുകളും കല്യാണവീടുകളും സന്ദര്‍ശിച്ച് സ്നേഹസൗഹൃദം പുതുക്കുന്ന പതിവ് രീതികളില്‍ നിന്ന് മാറി പഞ്ചായത്ത് രാജിലെ ആക്ടും ചട്ടങ്ങളും കൃത്യമായി പഠിച്ച് ആവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ നമ്മുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് സാധ്യമായാല്‍ നമ്മുടെ നാടിന്റെ അടിസ്ഥാന വികസന മുന്നേറ്റങ്ങളിലും ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങളിലും വലിയൊരു മാറ്റം ഉണ്ടാക്കാന്‍ സാധ്യമാകും എന്നത് നിസംശയം പറയാന്‍ കഴിയും.

Share this article

About മുനീര്‍ കുമരംചിറ

muneerkumaramchira@gmail.com

View all posts by മുനീര്‍ കുമരംചിറ →

Leave a Reply

Your email address will not be published. Required fields are marked *