വിവാഹം സ്വര്‍ഗത്തിലല്ല ഭൂമിയിലാണ്

Reading Time: 2 minutes

പുരുഷനും സ്ത്രീയും തമ്മിലുള്ള ബാന്ധവത്തിലൂടെയാണ് തലമുറകള്‍ പുഷ്പിക്കുന്നതും ഭൂമിയില്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പ് സാധ്യമാകുന്നതും. മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെ ലൈംഗികത അവര്‍ പരസ്പരം കണ്ടെടുക്കുന്ന ഇണകളില്‍ നിജപ്പെടുമ്പോഴാണ് കുടുംബമെന്ന പ്രസ്ഥാനം രൂപപ്പെടുന്നതും അതുവഴി സമൂഹ നിര്‍മിതി പരുവപ്പെടുന്നതും. ശാരീരികവും മാനസികവുമായ പക്വതയെത്തലിലൂടെയാണ്
സ്ത്രീയായാലും പുരുഷനായാലും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത്. ഭൗതികജീവിതത്തിന്റെ അടിത്തറ വിവാഹം തന്നെയാകുമ്പോള്‍, അതൊരിക്കലുമൊരു സ്വര്‍ഗീയ സങ്കല്‍പമാകുന്നില്ല. മറിച്ച് മനസ് കൊണ്ടും ശരീരം കൊണ്ടും ഭൂമിയില്‍ വച്ച് നടത്തുന്ന ഒരു തയാറെടുപ്പാകുന്നു.
വിവാഹപ്രായം വിവാദ ചര്‍ച്ചയാകുമ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത് സ്വാഭാവികമാണ്. 1978 ല്‍ മൊറാര്‍ജി സര്‍ക്കാരാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 ല്‍ നിന്ന് 18 ആയി ഉയര്‍ത്തിയത്. രാജ്യത്ത് നടമാടിയിരുന്ന ശൈശവ വിവാഹത്തിന് ഏറെ ദൂഷ്യഫലങ്ങള്‍ അന്ന് ഉണ്ടായിരുന്നുവെന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ന് വളരെ കര്‍ക്കശമായി ആ നിയമം പ്രാബല്യത്തിലുള്ളപ്പോള്‍, പെട്ടെന്ന് പുതിയ ഒരു ഓര്‍ഡിനന്‍സിലൂടെ പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 21 ആക്കുവാന്‍ ആലോചിക്കുന്നത് എന്ത് ഉദ്ദേശ്യത്തോടെയാണെന്ന് മനസിലാവുന്നില്ല. ഭരണകൂടം രാജ്യത്ത് പട്ടിണിയില്ലായ്മയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്താന്‍ നിര്‍ദേശിക്കാതെ ഗര്‍ഭകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവ് ഇല്ലാതാക്കുക, മാതൃമരണനിരക്ക് കുറക്കുക എന്നീ കാരണങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നുകയും ചെയ്യുമ്പോള്‍ വസ്തുതാപരമായ മറ്റു വിഷയങ്ങള്‍ അതിനെത്തുടര്‍ന്നുണ്ടാകും എന്നതാണ് വാസ്തവം. ഒരു പ്രൊഫഷനല്‍ ഡിഗ്രിയൊക്കെ കരസ്ഥമാക്കി, മറ്റുള്ളവരെ ആശ്രയിക്കാതെ സന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി ആയിട്ട് വിവാഹമെന്ന വഴിത്തിരിവിലേക്ക് കടക്കുകയാണെങ്കില്‍ ഈ പറയുന്ന 21 വയസ് അതിന് അനുകൂല സമയമാണ്. മറിച്ച് ഉപരിപഠനവും ജോലിയുമൊന്നും താത്പര്യമില്ലാത്തവരും സാമ്പത്തിക ശേഷി കുറഞ്ഞവരുമായവരുടെ വിഷയം വരുമ്പോഴാണ് 21 വയസ്ഒരു കീറാമുട്ടിയാകുന്നത്.
വിവാഹമെന്നത് സ്ത്രീസുരക്ഷയുടെ മര്‍മപ്രധാനമായ അനിവാര്യതയാണെന്നിരിക്കേ, ബലാല്‍ക്കാരങ്ങളുടേയും പീഡനങ്ങളുടേയും നാടായി, ഇന്ത്യയില്‍ ഭീതി പടരുമ്പോള്‍, എത്രയും വേഗം ഒരാളുടെ സുരക്ഷിതകരങ്ങളില്‍ പെണ്മക്കളെ ഏല്‍പ്പിച്ചു കൊടുക്കാന്‍ ജാതിമതഭേദമന്യേഏത് മാതാപിതാക്കളും ആഗ്രഹിച്ചു പോകും. മാത്രമല്ല ഇന്റര്‍നെറ്റ് ആഗോളീകരണത്തിന്റെ ഇക്കാലത്ത്, പലതും കണ്ടും കേട്ടും, പണ്ടത്തെക്കാള്‍ നേരത്തേ കുട്ടികള്‍ പക്വതയുള്ളവരായിത്തീരുന്നു എന്നുവേണം കരുതാന്‍. അത്തരക്കാരില്‍ ചിലരിലെങ്കിലും രതിപരമായ ഒറ്റപ്പെടലുകള്‍, തേടലുകളില്‍ കൊണ്ടെത്തിക്കുമെന്ന് പറയാതിരിക്കാനാവുന്നില്ല. ലിവിങ് ടുഗതര്‍ സമ്പ്രദായത്തിന് നിയമസാധുതയുള്ള നമ്മുടെ നാട്ടില്‍ ഇനിയും അത്തരം അവസരങ്ങള്‍ വര്‍ധിക്കുവാനേ ഈ തീരുമാനം വഴിവെക്കുകയുള്ളൂ. സ്വവര്‍ഗ വിവാഹം തത്വത്തില്‍ അംഗീകരിക്കപ്പെട്ട നാട്ടില്‍ അത്തരക്കാരുടെ കാര്യത്തില്‍ എന്തു തീരുമാനമാണെന്നും അറിയേണ്ടിയിരിക്കുന്നു.ചിന്താശേഷിയും വിവേചനവും കൈവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മള്‍ 18 വയസ് എന്നത് നമ്മുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള പ്രായപൂര്‍ത്തി വോട്ടവകാശം പൗരന്മാര്‍ക്ക് നല്‍കുന്നത്. അമേരിക്കയടക്കം, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങി ഒട്ടനവധി വികസിത രാജ്യങ്ങളിലെല്ലാം തന്നെ വിവാഹപ്രായം18 തന്നെയാണ്.
ബ്രഹ്മചര്യത്തെയാ സന്യാസത്തെയോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. അതേസമയം, വൈവാഹിക ബന്ധത്തേയും കുടുംബജീവിതത്തേയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രകാരംസ്ത്രീപുരുഷ ലൈംഗികബന്ധം നിയമവിധേയമാക്കുവാന്‍ വേണ്ടി ഏര്‍പ്പെടുത്തുന്ന വിവാഹക്കരാറാണ് ഏറ്റവും സുദൃഢമായകരാറെന്നും പറയുന്നു. ആരുടേയെങ്കിലും നിര്‍ബന്ധപ്രകാരമോ, അതല്ലെങ്കില്‍ കടബാധ്യതകള്‍തീര്‍ക്കുവനായോ ഒന്നും എടുത്തു ചാടി ആരും വിവാഹം കഴിക്കുകയുമില്ല. മറിച്ച് മനസ് കൊണ്ടും ശരീരം കൊണ്ടും തയാറെടുത്ത്, സ്വയം തീരുമാനമെടുക്കാനും അത് നടപ്പിലാക്കാനും ബുദ്ധിപൂര്‍ണത കൈവരികയും, ദാമ്പത്യത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള തന്റേടമായി എന്ന് തോന്നുകയും ചെയ്യുമ്പോഴേ അതിന് ഒരാള്‍ മുതിരുകയുള്ളൂ. അത് ചിലപ്പോള്‍ 18 വയസിലാകാം, 25 ലാവാം ചിലപ്പോള്‍ 30 ലോ 40 ലോ ആവാം എന്നിരിക്കെ അതിന് ഒരു കര്‍ക്കശപരിധി നിശ്ചയിച്ചു വെക്കുന്നത് അബദ്ധമാണ്, പുതിയ നിയമനിര്‍മാണം കൊണ്ട് എന്ത് നേട്ടമാണ് രാജ്യത്തിനുണ്ടാകുന്നതെന്ന് നാമോരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു. വിവാഹപ്രായം ഉയര്‍ത്തുന്നതിലൂടെ ലിംഗസമത്വം ഉണ്ടാക്കാമെന്നോ അതല്ല ജനസംഖ്യാ വര്‍ധനവിന് തടയിടാമെന്നോ ഒക്കെയാണ് ഉദ്ദേശ്യമെങ്കില്‍ അത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്നും നിശ്ചയമില്ല.
വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് അതാവാം. പൊതുവേ ഇക്കാലത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് തന്നെയാണ് പെണ്‍കുട്ടികള്‍ വിവാഹത്തിലേര്‍പ്പെടുന്നത്. വിവാഹാനന്തരവും വിദ്യാഭ്യാസത്തെ മുന്നോട്ട് കൊണ്ടുപോകാനും ഇന്നത്തെ തലമുറ ശ്രദ്ധിക്കുന്നുമുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ അത് പലര്‍ക്കുമെതിരേ സൗകര്യപൂര്‍വം നിയമക്കുരുക്കെറിയാനേ ഉപകരിക്കൂ. അതിനാല്‍ വിദഗ്ധ സമിതിയുടെ കണ്ടെത്തലുകള്‍ക്കതീതമായി, ജനങ്ങളുടേയും ജനപ്രതിനിധികളുടേയും, സര്‍വോപരി പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടേയുമൊക്കെ അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം ഒരു തീരുമാനമെടുക്കുന്നതായിരിക്കും ഉചിതം. കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും സമവായം ഉണ്ടാക്കിയിട്ടല്ലാതെ, ഒരിക്കലും ഇങ്ങനെയൊരു നിയമനിര്‍മാണം കൊണ്ടുവരരുത് എന്ന് വാദിക്കുമ്പോഴും, പാര്‍ലമെന്റില്‍ പോലും ചര്‍ച്ചക്ക് വെക്കാതെഇങ്ങനെയൊരു മാറ്റം കൊണ്ടുവരുമ്പോള്‍, അതിനു പിന്നിലെ വക്രബുദ്ധിയോ സമകാലിക ബധിരതയോ എന്താണെന്ന് തിരയേണ്ടിയിരിക്കുന്നു.

Share this article

About സബീന എം സാലി

sabeenamsali@yahoo.com

View all posts by സബീന എം സാലി →

Leave a Reply

Your email address will not be published. Required fields are marked *