24 x 7 എന്ന സങ്കല്പം അപകടകരമോ?

Reading Time: 3 minutes

സ്വ ന്തം ശരീരത്തിന്റെ നിറം അറിയാന്‍ പറ്റുന്നത്ര നേരം വെളുക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്നാണ് ബര്‍മീസ് സന്യാസിമാരുടെ വിശ്വാസം. ഖുര്‍ആന്‍ പ്രതിപാദിച്ച പോലെ, മുസ്‌ലിംകള്‍ വിശ്വസിക്കുന്നത് കറുത്ത നൂലും വെളുത്ത നൂലും തമ്മില്‍ വേര്‍തിരിക്കാനാവുന്നത്ര പ്രകാശം പരത്തുന്ന പ്രഭാതമാണ് രാവിനും പകലിനും ഇടയിലുള്ള അതിര്‍വരമ്പ്. ഈ സമയത്തെ അടിസ്ഥാനമാക്കിയാണ് അവര്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. മഡഗാസ്‌കറിന്റെ ചില ഭാഗങ്ങളില്‍, ജനങ്ങള്‍ എഴുന്നേല്‍ക്കാനുള്ള സമയം അടിസ്ഥാനപ്പെടുത്തുന്നത് പ്രാതല്‍ ഭക്ഷണം വെന്തുപാകമാകാനുള്ള സമയം കണക്കാക്കിയാണ്.
ക്ലോക്കുകളില്ലാത്ത ഒരു ലോകത്ത് മനുഷ്യന് സമയബോധം നല്‍കിയത് പ്രകൃതിപരമായ സൂചനകളോ സംഭവങ്ങളോ ആയിരുന്നു. ഓരോ ദിവസവും സൂര്യനും ചന്ദ്രനും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നു. മഞ്ഞുകാലം, മഴക്കാലം, വേനല്‍ക്കാലം എന്നിവയൊക്കെ വന്നുപോകുന്നു. ഗ്രഹങ്ങള്‍ അവയുടെ ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്നു. ഇത് അനന്തമായി നീങ്ങിക്കൊണ്ടിക്കുന്നു.
നമ്മളെല്ലാം ബെഡ്ഡില്‍ നിന്ന് ഉണര്‍ന്ന് എഴുന്നേല്‍ക്കുന്നത് ക്ലോക്കിലേക്കാണ്. ദിനേന ആ പ്രവണത കൂടി വരികയാണ് ചെയ്യുന്നത്. അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായ ലൂയിസ് മംഫോര്‍ഡ് തന്റെ Techniques and Civilization (1934) എന്ന പുസ്തകത്തില്‍, യാന്ത്രിക ക്ലോക്കുകള്‍ ആധുനിക ലോകത്തിന്റെ അതിപ്രധാന യന്ത്രങ്ങളുടെ ഭാഗമാണ് എന്നാണ് പറയുന്നത്. ക്ലോക്ക് ഹിസ്റ്ററിയില്‍ അതികായനായ ഡേവിഡ് ലാന്‍ഡെസ് തന്റെ The Wealth and Poverty Nations എന്ന പുസ്തകത്തില്‍ (1998) ക്ലോക്കുസമയം മനുഷ്യ ജീവിതത്തില്‍ എങ്ങനെയാണ് ക്രമവും നിയന്ത്രണവും കൊണ്ടുവന്നതെന്ന് വിവരിക്കുന്നുണ്ട്.
ഉത്പാദനക്ഷമത എന്ന ആശയം തന്നെ ക്ലോക്കിന്റെ ഉപോത്പന്നമാണ്. ഒരാള്‍ക്ക് തന്റെ അധ്വാനത്തെ ഏകീകൃത സമയ യൂനിറ്റുകളുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ ജോലിയെ ഒരിക്കലും ബന്ധപ്പെടുത്താന്‍ കഴിയില്ല. സമയവും സൗകര്യവും അനുസരിച്ച് ഒരു ജോലി കഴിയുമ്പോഴേക്ക് ആ വ്യക്തി അടുത്ത ജോലിയിലേക്ക് പ്രവേശിക്കുകയും സമയത്തെ ധൃതിയിലാക്കുകയും ചെയ്യുന്നു. അതായത്, എപ്പോഴും അധ്വാനം നടത്തിക്കൊണ്ടിരിക്കുകയും സമയത്തിന്റെ ഓരോ യൂനിറ്റുകളിലുമുള്ള ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സമയം തന്നെയാണ് ധനം.
നമുക്കറിയാവുന്നതുപോലെ, വ്യാവസായിക വിപ്ലവത്തിന്റെ ആരംഭം വരെ അനേകം തൊഴില്‍ അവസരങ്ങള്‍ നിലവിലുണ്ടായിരുന്നു. ആളുകള്‍ അവരവരുടെ ജോലികള്‍ ചെയ്തുകൊണ്ടിരുന്നു. ഒരു ജോലി കഴിഞ്ഞാല്‍ മറ്റെന്തെങ്കിലും ജോലി ചെയ്തുകൊണ്ടിരുന്നു. അവര്‍ വെറുതെ ഇരുന്നു സമയം പാഴാക്കിയില്ല. ജോലി അധിഷ്ഠിത സമയ ക്രമീകരണത്തില്‍ നിന്ന് സമകാലിക ക്ലോക്ക് സമയത്തിലേക്കുള്ള രൂപാന്തരത്തിലൂടെ സംഭവിച്ച പ്രധാന മാറ്റം എന്തെന്നാല്‍ വ്യാവസായിക വിപ്ലവത്തിലൂടെ തൊഴിലാളികളെ അച്ചടക്കമുള്ള വ്യവസായ തൊഴിലാളികളാക്കി മാറ്റി എന്നതാണ്. വ്യവസായിക ഫാക്ടറികളിലെ തൊഴിലുകളെ സംഘടിപ്പിക്കാനും നിയന്ത്രിക്കാനും വേണ്ടി ക്ലോക്കുകളെ ഉപയോഗിച്ചു തുടങ്ങി. ജോലിയുടെ പ്രതിഫലം നല്‍കുന്നതിനുപകരം, തൊഴിലാളികള്‍ക്ക് അവരുടെ സമയത്തിന് ശമ്പളം നല്‍കാന്‍ തുടങ്ങി. സമയത്തിന്റെ മാത്രമല്ല, പണത്തിന്റെയും അളവുകോലായി ക്ലോക്കുകള്‍ മാറിയതാണ് ഇതിന്റെ പരിണതി. അഥവാ, സമയനിഷ്ഠക്ക് വേതനം ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നു.
തങ്ങളുടെ ജോലിയിലും മറ്റു പ്രവര്‍ത്തനങ്ങളിലുമെല്ലാം സമയക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഉള്ളതിനേക്കാള്‍ ഇപ്പോള്‍ സമയം വളരെ കുറവാണെന്നും പലരും കരുതുന്നു. ഒരു കാര്യം കാര്യക്ഷമമായി ചെയ്തു തീര്‍ക്കാവുന്ന സമയത്തിനാണ് Event time എന്ന് പറയുന്നത്. യഥാര്‍ഥത്തില്‍ നമ്മള്‍ Event time നും ക്ലോക്ക് സമയത്തിനുമിടയില്‍ ബന്ധനസ്ഥരായിരിക്കുകയാണ്. അഥവാ, ഒരു കാര്യത്തെ കൃത്യസമയത്തിനുള്ളില്‍ കാര്യക്ഷമമായി നമുക്ക് ചെയ്തുതീര്‍ക്കാന്‍ പറ്റുന്നില്ല. പലര്‍ക്കും ഇത് രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രയാസം. സമയനിഷ്ഠ ഉണ്ടാകുമ്പോള്‍ കാര്യക്ഷമതയും കാര്യക്ഷമത ഉണ്ടാകുമ്പോള്‍ സമയനിഷ്ഠയും ഉണ്ടാകുന്നില്ല. എന്നാല്‍ മുഴുസമയവും തൊഴിലില്‍ മുഴുകിയ വീട്ടമ്മമാര്‍ക്ക് ഒരുസമയം പത്തോളം തൊഴിലുകള്‍ ഒന്നിച്ചു ചെയ്യാന്‍ പറ്റുന്നു. പാചകം ചെയ്യല്‍, വീട് വൃത്തിയാക്കല്‍, പാത്രം കഴുകല്‍, ഇസ്തിരിയിടല്‍, കുട്ടികളെ പരിപാലിക്കല്‍ മുതലായവ. എന്നാല്‍ വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് സാധാരണയായി ഇത്രയധികം ജോലികള്‍ ചെയ്യാന്‍ സാധിക്കാറില്ല. നിരന്തരം തിടുക്കത്തില്‍ പെടല്‍, ഒരു കാര്യവും ചെയ്തു തീര്‍ക്കാന്‍ സമയം മതിയാകാതെ വരുന്നു എന്നൊക്കെയുള്ള തോന്നല്‍, പ്രായത്തിന്റെ രോഗം മാത്രമാണ്. സമയക്കുറവ് എന്നത് ഒരു സാധാരണ പരാതിയായി മാറി. നമ്മില്‍ പലര്‍ക്കും, നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ചെയ്യാന്‍ ദിവസത്തില്‍ വേണ്ടത്ര സമയം തന്നെ ഇല്ല.
ഈ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് എളുപ്പവഴികളും ഒരു കഠിന മാര്‍ഗവുമുണ്ട്. അവയില്‍ ഒന്നാമത്, ടെലിവിഷന്‍ കാണുന്നതും അനാവശ്യമായി മൊബൈല്‍ ഫോണില്‍ കളിക്കുന്നതും നിര്‍ത്തുക എന്നതാണ്. ഇതിലൂടെ പലര്‍ക്കും ഒരു ദിവസം അഞ്ചു മുതല്‍ ആറു മണിക്കൂര്‍ വരെ ലാഭിക്കാന്‍ കഴിയും. രണ്ടാമതായി, ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങുന്ന സ്വഭാവം ഒഴിവാക്കുക. ഇത് ഒരുപാട് സമയം ലാഭിക്കാന്‍ നമ്മെ സഹായിക്കും. 24×7 തുറക്കുന്ന കടകള്‍ യഥാര്‍ഥത്തില്‍ പൊതുജനത്തിന് അത്യാവശ്യമുള്ള കാര്യമല്ല. ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍, രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍, എന്നിവരൊക്കെയാണ് ഇതിന്റെ ഉദ്ദിഷ്ട ഉപഭോക്താക്കള്‍. എന്നാല്‍ മുഴു സമയവും സര്‍വീസ് ലഭ്യമാക്കി കൊണ്ട് ഇത്തരം 24×7 കടകള്‍ തുറക്കുന്നത് കണ്‍സ്യൂമറിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഒരു ഭാഗമായിട്ട് കൂടിയാണ്. അഥവാ, ഉപഭോക്താക്കളില്‍ നിത്യവും പുതിയ ആവശ്യം സൃഷ്ടിക്കുകയും അവരെ നിത്യ ഉപഭോക്താക്കളാക്കി മുഴു സമയവും ഉപഭോഗത്തില്‍(Consumption) തന്നെ തളച്ചിടാനും അതിലൂടെ ഉപഭോഗം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം. ലോക്ഡൗണില്‍ കുറഞ്ഞ സമയം മാത്രമാണല്ലോ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചത്. ആ സമയങ്ങളില്‍ വളരെ കൃത്യനിഷ്ഠയോടെ സാധനങ്ങള്‍ വാങ്ങാന്‍ നമ്മള്‍ ശ്രമിച്ചിരുന്നു. അത്തരം കൃത്യനിഷ്ഠ ജീവിതത്തില്‍ പാലിച്ചാല്‍ തന്നെ ഒരുപാട് സമയം നമുക്ക് ലഭിക്കാം.
മൂന്നാമത്, അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക. അമിതോപയോഗം നടത്താതെ കുറച്ച് സാധനങ്ങള്‍ മാത്രം വാങ്ങി ശീലിക്കുക. അപ്പോള്‍ കുറഞ്ഞ വരുമാനം മാത്രം നേടിയെടുത്താല്‍ മതിയാകും. ആവശ്യം കൂടുന്നതിനനുസരിച്ച് കൂടുതല്‍ വരുമാനം വേണ്ടിവരും. കൂടുതല്‍ വരുമാനം നേടാന്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. അപ്പോള്‍ പിന്നെ കുറഞ്ഞ സാധനങ്ങള്‍ മാത്രമേ വാങ്ങുന്നുള്ളൂ. എങ്കില്‍ കുറഞ്ഞ സമയം മാത്രം ജോലി ചെയ്താല്‍ മതിയല്ലോ. ഇവയെല്ലാം നമുക്ക് ചെയ്യാന്‍ സാധിക്കുമെങ്കിലും നമ്മള്‍ അവയൊന്നും ചെയ്യാന്‍ മുതിരുകയില്ല എന്നതാണ് വാസ്തവം.
ഇനി നമുക്ക് ആവശ്യമുള്ള സമയം എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. സമയമെന്നത് സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ചരക്കല്ല. വിഭവങ്ങളുടെ അപര്യാപ്തത നേരിട്ടാല്‍ നാം എന്താണ് ചെയ്യുക? മറ്റു വിതരണ സ്രോ തസുകളെ തേടി പോകും. അതേ പോലെ, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമുള്ള ഒരു സംവിധാനമാണ് 24×7 സര്‍വീസ്. Night as a Frontier (1987) എന്ന പുസ്തകത്തില്‍ യു എസ് സാമൂഹ്യശാസ്ത്ര പണ്ഡിതനായ മുറെ മെല്‍ബിന്‍ പണ്ടു കാലത്ത് American frontier ലെ ഭൂമിയില്ലായ്മയും നിലവിലെ സമയമില്ലായ്മയും തമ്മില്‍ സാദൃശ്യപ്പെടുത്തുന്നുണ്ട്. സമയം ദുര്‍ലഭമായ വിഭവമാകുമ്പോള്‍ സ്വാഭാവികമായും രാത്രിയാണ് സമയത്തിന്റെ വിതരണ ഉറവിടം. 24 മണിക്കൂര്‍ സമയവും ഉണര്‍ന്നിരിക്കുന്ന സമൂഹം ഈജിപ്ഷ്യന്‍ ഫറോവ ചെയ്തതുപോലെ രാത്രിയെ കീഴ്‌പ്പെടുത്തുകയാണ്. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാത്രിയെ കോളനിവത്കരിക്കാന്‍ ശ്രമിക്കുകയാണ്. തനിക്ക് ഇനി ആറുവര്‍ഷത്തെ ആയുസ് കൂടിയേ ഉള്ളൂവെന്ന് ഒരു ജോത്സ്യന്‍ ഫറോവയോട് പറഞ്ഞപ്പോള്‍, എല്ലാ വൈകുന്നേരവും കൊട്ടാരത്തില്‍ തീ കത്തിക്കാനാണ് ഫറോവ ഉത്തരവിട്ടത്. അങ്ങനെ രാത്രി സംഭവിക്കാതെ പകല്‍ തന്നെ ആയിരിക്കും എന്നാണ് അയാള്‍ കരുതിയത്. അതായത്, ആറുവര്‍ഷത്തിന് പകരം 12 വര്‍ഷം ജീവിക്കാമെന്നാണ് അയാള്‍ കരുതിയത്.
രാത്രിയെ പകലാക്കി കോളനിവത്കരിക്കുന്നതിലൂടെ, നാം സമയത്തെ സൃഷ്ടിക്കുകയല്ല. സമയത്തിന്റെ ഞെരുക്കത്തില്‍ നിന്ന് സ്വതന്ത്രരാവാന്‍ നാം ആ സമയത്തെ കൂടി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. 24മണിക്കൂര്‍ സജീവത എന്ന ആശയം 24×7 കടകള്‍ തുറക്കലോ സേവനങ്ങള്‍ ലഭ്യമാക്കലോ മാത്രമല്ല. ഇത് സമയ ക്രമത്തിന്റെ ഘടനയെ തന്നെ മാറ്റിപ്പണിയുകയാണ്. ക്രമേണ, ഇത് ദൈനംദിന ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ വ്യത്യസ്തമായ രീതിയിലേക്ക് മാറ്റിപ്പണിയുന്നതിലേക്കാണ് നയിക്കുന്നത്. ഇത് ക്ലോക്ക് സമയത്തെ കര്‍ശനമായി പിന്തുടരുന്ന, സമയപരിധികളില്‍ പെട്ട് ഉഴലുന്ന നിയന്ത്രണങ്ങളില്‍ നിന്നും ആളുകളെ മോചിപ്പിക്കും.
24 മണിക്കൂര്‍ സജീവതയുള്ള സമൂഹത്തേക്കാള്‍ കൂടുതല്‍ മുന്നോട്ടുപോകുന്ന ചിലരുണ്ട്. അവര്‍ സമയത്തിന്റെ ഉപയോഗത്തെക്കുറിച്ച് പൂര്‍ണമായും പുനര്‍വിചിന്തനം നടത്തുന്നവരാണ്. എന്നാല്‍ നമ്മുടെ ജീവശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഇത് അപകടകരമാണ്. പ്രകൃതിയുടെ താളമനുസരിച്ച് നമ്മുടെ ശരീരത്തിനും മാറ്റങ്ങള്‍ വരും. ശരീരത്തിന് വിശ്രമം നല്‍കേണ്ട ഘട്ടത്തില്‍ വിശ്രമം നല്‍കുകയും സജീവത നല്‍കേണ്ട ഘട്ടത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ശരീരത്തിന് അതിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല, പകലില്‍ ശ്വസിക്കേണ്ട വായുവില്‍ നിന്നും വ്യത്യസ്തമാണ് രാത്രിയില്‍ ശ്വസിക്കേണ്ട വായു. രാത്രിയില്‍ ശരീരത്തിന് വിശ്രമം നല്‍കാതെ കൃത്രിമ വെളിച്ചത്തില്‍, ശരീരത്തെ നിലനിര്‍ത്തുന്നത് തന്നെ അപകടകരമാണ്. വൈദ്യുത വെളിച്ചം കണ്ടുപിടിച്ചതു മുതല്‍ ശാരീരികവും മാനസികവുമായ ഈ ഭീഷണി നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂര്‍ ജീവിക്കുന്ന സമൂഹം കൂടുതല്‍ അപകടസാധ്യതകള്‍ അവതരിപ്പിക്കും. കൃത്യമായി പറഞ്ഞാല്‍, ആട്ടിന്‍ തോലിലെ ചെന്നായയെ പോലെയാണ് 24×7 സമൂഹം. പ്രത്യക്ഷത്തില്‍, നമുക്ക് കൂടുതല്‍ സമയം നല്‍കുന്നുണ്ടെങ്കിലും നമ്മുടെ ജീവശാസ്ത്ര ഘടനയെയും സമയക്രമത്തെയും (ക്ലോക്ക് സമയം) ആത്യന്തികമായി പ്രകൃതിപരമായ ശ്രമത്തെയും തകര്‍ക്കുകയാണത് ■

Share this article

About ലിയോണ്‍ ക്രെയിറ്റ്‌സ്മാന്‍, വിവര്‍ത്തനം: എന്‍. ഹബീബ ജാഫര്‍

View all posts by ലിയോണ്‍ ക്രെയിറ്റ്‌സ്മാന്‍, വിവര്‍ത്തനം: എന്‍. ഹബീബ ജാഫര്‍ →

Leave a Reply

Your email address will not be published. Required fields are marked *