രക്തസാക്ഷി മണ്ഡപം

Reading Time: < 1 minutes

ഈ വളവ് തിരിഞ്ഞാല്‍
നേരെ കാണും കെ കെ സ്റ്റോര്‍,
തൊട്ടടുത്ത് ചായക്കട, ഓട്ടോ സ്റ്റാന്‍ഡ്..
നേരെ നടന്നാല്‍ വയനശാല
മുകളില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ്
അത് കഴിഞ്ഞ് ബാര്‍ബര്‍ ഷോപ്പ്
പിന്നെ പഞ്ചായത്ത് ഗ്രൗണ്ട്.
അതിന്റെ അങ്ങേ തലക്കല്‍
നിന്റെ മാളിക വീട്.

പക്ഷേ
എത്ര ശ്രമിച്ചിട്ടും
വളവ് തീരുന്നില്ലല്ലോ
എല്ലാ ഓട്ടങ്ങളും
ഈ വളവില്‍ തന്നെ തീരുന്നല്ലോ..

വളവ് കഴിഞ്ഞാല്‍
തെരുവ് വിളക്കിന്‍ മഞ്ഞ ലോകം
ചിലപ്പോള്‍ തെളിനിലാവ്,
വായനശാലയുടെ പുറത്തെ ബെഞ്ചില്‍
ഉറക്കം തൂങ്ങുമൊരൊറ്റവരിപ്പാട്ട്,
കോണിപ്പടി കേറും
ലെനിന്‍ -മാര്‍ക്‌സ്
സ്റ്റഡി ക്ലാസ്,
പിന്നെ
തോറ്റു തോറ്റു പഠിച്ച
നിന്റെ മാളികയുടെ
തെക്കേ പുറത്തെ ജനാലക്കാറ്റ്.

പക്ഷേ,
എത്ര ഓടിയിട്ടും
ഈ വളവ് തീരുന്നില്ലല്ലോ,
ഇവിടെത്തന്നെ
നില്‍ക്കുന്നല്ലോ കാലം.

പിന്നെ
പറയാന്‍ മറന്നത്,
ഈ വളവില്‍
എന്റെ പേരിലൊരു രക്തസാക്ഷി മണ്ഡപമുണ്ട്.
ആണ്ടുതോറും
ഇവിടെ പുഷ്പാര്‍ച്ചനയുണ്ട്.
ഈ വളവിന് കുറച്ചു കാലമായി
എന്റെ പേരാണ്.

Share this article

About അന്‍വര്‍ അബൂബക്കര്‍

contactanwaraboobacker@gmail.com

View all posts by അന്‍വര്‍ അബൂബക്കര്‍ →

Leave a Reply

Your email address will not be published. Required fields are marked *