മനുഷ്യരാകാം, പ്രവൃത്തിയിലും

Reading Time: 2 minutes

കേരളം ഒരിക്കല്‍ക്കൂടി തല കുനിച്ചുനില്‍ക്കുന്നു, കൂത്തുപറമ്പ് പുല്ലൂക്കരയില്‍ കഴിഞ്ഞദിവസം ദാരുണമായി കൊല്ലപ്പെട്ട മന്‍സൂര്‍ എന്ന ഇരുപത്തൊന്നു വയസുകാരന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍; രാഷ്ട്രീയമായ അഭിപ്രായഭേദങ്ങളുടെ പേരില്‍ ഇനിയൊരു മനുഷ്യനും കൊല്ലപ്പെടാതിരിക്കട്ടെ എന്ന പ്രാർഥനയോടെ. മുമ്പും ഇതേ ആഗ്രഹം നമ്മള്‍ പങ്കിട്ടിട്ടുണ്ട്, ഇതേ പ്രാർഥന നമ്മുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്നിട്ടുണ്ട്. കലിയടങ്ങാത്ത ആയുധങ്ങള്‍ സ്വസ്ഥമായി ജീവിക്കാനുള്ള നമ്മുടെ അവകാശത്തിനു മേല്‍ മാരകമായ പ്രഹരശേഷിയോടെ വീണ്ടും വീണ്ടും ആഞ്ഞുപതിക്കുകയും മലയാളിയുടെ പ്രബുദ്ധജീവിതത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്നു. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം സ്വയമുന്നയിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു. ഓരോ കൊലപാതകം സംഭവിക്കുമ്പോഴും പാര്‍ട്ടികള്‍ പ്രതിരോധത്തിനായി ഉയര്‍ത്താറുള്ള ചോദ്യം “നിങ്ങളും കൊന്നിട്ടില്ലേ’ എന്നാണ്. ഉത്തരങ്ങള്‍ ഇല്ലാതാവുകയും ചോദ്യങ്ങള്‍ മാത്രം അന്തരീക്ഷത്തില്‍ ബാക്കിയാവുകയും ചെയ്യുന്നു എന്നതാണ് രാഷ്ട്രീയകൊലകള്‍ തുടര്‍ക്കഥയാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ആക്രമണവും പ്രതിരോധവും അവസാനിപ്പിച്ച് മനുഷ്യോന്മുഖമാകാന്‍ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ സന്നദ്ധമാകാത്തിടത്തോളം ഈ കുരുതികള്‍ക്കറുതിയാകില്ല.
പല മേഖലകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയിട്ടുണ്ട് കേരളം. പ്രളയകാലത്ത് നമ്മളൊന്നിച്ചുനിന്നാണ് കരപിടിച്ചത്. മനുഷ്യത്വത്തിന്റെ മഹാമാതൃകകള്‍ ആ നാളുകളുടെ മായാത്ത ഓര്‍മയായി ഈ നാടിന്റെ സിരകളിലുണ്ട്. വേദനിക്കുന്നവരെ ചേര്‍ത്തുപിടിക്കാനും ദുരിതജീവിതങ്ങള്‍ക്ക് കൂട്ടിരിക്കാനും കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രകടിപ്പിക്കുന്ന ഔല്‍സുക്യം മറ്റെവിടെയാണ് കാണാനാവുക? വ്യത്യസ്തതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ, നിങ്ങളും ഞങ്ങളുമായി വേര്‍പിരിഞ്ഞു നില്‍ക്കുന്നതിനു പകരം നമ്മളൊന്നാണെന്ന് ഉറക്കെപ്പറയാന്‍ കഴിയുന്നുവെന്നതാണ് മലയാളത്തിന്റെ ശിരസിനു ആകാശപ്പൊക്കം നല്‍കുന്ന ഘടകം. ഉയര്‍ന്നുനില്‍ക്കുന്ന ആ ശിരസിനു നേര്‍ക്ക് രാഷ്ട്രീയപ്പകയുടെ കോടാലി ഒരിക്കല്‍ക്കൂടി ഉയര്‍ത്തില്ല എന്ന് ഉറച്ച തീരുമാനമെടുക്കാന്‍ എന്തുകൊണ്ട് പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ല.
ഇന്നോളം നടന്ന രാഷ്ട്രീയകൊലകളുടെ സാമൂഹികവായനയില്‍ തെളിയുന്ന ചിത്രം, പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കൊലക്കത്തിക്കിരയായവരില്‍ 90 ശതമാനവും എന്നതാണ്. നിത്യവൃത്തിക്ക് മണ്ണിനോടും കല്ലിനോടും മല്ലിടുന്ന സാധാരണക്കാര്‍. അവരുടെ കുടുംബത്തെ പില്‍ക്കാലം പാര്‍ട്ടികള്‍ സംരക്ഷിക്കും എന്നുവന്നാല്‍ പോലും കൊല്ലപ്പെട്ടയാള്‍ക്ക് പകരമാകുമോ പാര്‍ട്ടിയും സഹായവും? ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട സഹോദരിമാര്‍, മക്കള്‍ നഷ്ടപ്പെട്ട മാതാക്കള്‍, പിതാക്കളെ നഷ്ടമായ മക്കള്‍… അവരുടെ കണ്ണീര് വീണു പൊള്ളിയടര്‍ന്ന തരിശുഭൂമിയായി കേരളം മാറാതിരിക്കാന്‍ ഇനിയെങ്കിലും മനസുവെച്ചുകൂടെ രാഷ്ട്രീയനേതാക്കള്‍ക്ക്? ഉറ്റവരെ കൊന്നുതള്ളിയിട്ടും കൊലക്കത്തിക്ക് മുമ്പിലേക്ക് പ്രിയപ്പെട്ടവരെ എറിഞ്ഞുകൊടുത്തിട്ടും നിങ്ങളെന്തുനേടി എന്ന് കൊല്ലപ്പെട്ടവരുടെ പിന്‍മുറക്കാര്‍ രാഷ്ട്രീയനേതൃത്വത്തിനെതിരെ വിരല്‍ചൂണ്ടുന്ന കാലം വിദൂരമല്ല.
ഒരാളെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നു എന്നത് ഒരു രാഷ്ട്രീയ സാധ്യതയായി കേരളത്തില്‍ ചിലരെങ്കിലും തെറ്റുധരിച്ചിരിക്കുന്നു. ഒരു രക്തസാക്ഷിയെ കിട്ടുന്നു എന്നത് അഭിമാനകരമായി കാണുന്ന മനോനില പങ്കിടുന്നവരില്‍ പാര്‍ട്ടി നേതാക്കള്‍ പോലുമുണ്ട്. അടിത്തട്ടു മനുഷ്യരോട് ചേര്‍ന്ന് നില്‍ക്കുകയും അവരുടെ സാമൂഹിക മുന്നേറ്റം സാധ്യമാക്കുകയൂം ചെയ്ത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൊലപാതക രാഷ്ട്രീയത്തിന്റെ പേരില്‍ വിചാരണചെയ്യപ്പെടുന്നതിനേക്കാള്‍ എന്ത് മൂല്യശോഷണമാണ് ആ പാര്‍ട്ടിക്ക് സംഭവിക്കാനുള്ളത്. “മനുഷ്യനാകണം’ എന്നത് ഇനിയും എത്തിപ്പിടിക്കാനാവാത്ത സ്വപ്‌നമാണോ കേരളത്തിലെ സിപിഎമ്മിന്? ഒരുകാര്യം ഉറപ്പാണ്, അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ മനുഷ്യജീവനെടുക്കുന്ന ഏത് പ്രത്യയശാസ്ത്രവും ഏത് പാര്‍ട്ടിയും ഫാഷിസത്തിന് വേണ്ടി പണിയെടുക്കുന്നവരാണ്. ജനക്ഷേമ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയം വോട്ട് പെട്ടിയിലായ ആ രാത്രിയില്‍ തന്നെ ബോംബും മാരകായുധങ്ങളുമായി മനുഷ്യവേട്ടക്കിറങ്ങിയതാണ് കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്റെ ജീവനെടുത്തത്. ഞങ്ങളാണ് ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് എന്ന ഇരവാദത്തിന്റെ ചീട്ടിറക്കി ഇനിയും എത്രകാലം ചോരക്കൈകള്‍ മറച്ചുപിടിക്കുമെന്ന് പാര്‍ട്ടി നേതൃത്വം ഗൗരവമായി ആലോചിക്കണം. ഇക്കണക്കിന് പോയാല്‍, മുമ്പൊരിക്കല്‍ എം എന്‍ വിജയന്‍ പറഞ്ഞത് സംഭവിക്കും; പാര്‍ട്ടി മാത്രം ബാക്കിയാവുകയും അണികള്‍ പലവഴിക്ക് പിരിഞ്ഞുപോവുകയും ചെയ്യും.
ഇത് സിപിഎമ്മിനു മാത്രം ബാധകമാകുന്ന വിമര്‍ശമല്ല. നോക്കൂ, സമുദായത്തിന്റെ മേല്‍വിലാസത്തില്‍ രൂപീകരിക്കുകയും പലപ്പോഴും “സാമുദായികത’യെ തന്നെ കളത്തിലിറക്കി തിരഞ്ഞെടുപ്പ് കടമ്പകള്‍ കടക്കുകയും ചെയ്യാറുള്ള മുസ്്ലിം ലീഗ് അരിഞ്ഞുതള്ളിയത് എത്ര മനുഷ്യരെയാണ്. ഫാതിഹ ഓതിത്തുടങ്ങി, ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിച്ച്, ഇസ്‌ലാമിക ചരിത്രങ്ങള്‍ വിശദീകരിച്ച് “ഇസ്‌ലാമിയ്യത്ത്’ നിറഞ്ഞുനില്‍ക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കുന്ന യുവാക്കള്‍ കൊലക്കേസുകളില്‍ പ്രതികളാകുന്നതെങ്ങനെ എന്ന് സത്യസന്ധമായ ഒരാത്മപരിശോധനയ്ക്ക് മുസ്‌ലിം ലീഗ് ഇന്നോളം തയാറായിട്ടുണ്ടോ? പ്രതികളെ ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിച്ചു എന്നല്ലാതെ ഞങ്ങള്‍ക്ക് തെറ്റുപറ്റി എന്ന് സമൂഹത്തോട് തുറന്നുപറയാന്‍ ഏതെങ്കിലുമൊരു നേതാവ് ഇന്നോളം സന്നദ്ധമായിട്ടുണ്ടോ? നിങ്ങളില്‍ കൊലപാതകം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുവന്നാല്‍ കൈപൊക്കാന്‍ അര്‍ഹതയുള്ള ഒറ്റപ്പാര്‍ട്ടിയുണ്ടാകില്ല കേരളത്തില്‍. ഗാന്ധിയന്‍ മൂല്യങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് പോലും തല കുനിച്ചുനില്‍ക്കേണ്ടിവരും. ക്‌ളാസിക്കല്‍ ഫാഷിസത്തെ ചാണിനു ചാണായി പിന്തുടരുന്ന സംഘപരിവാറിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ. അവരുടെ ചോരക്കൊതി എന്നെങ്കിലും അവസാനിക്കുമെന്ന് കരുതാനും വയ്യ.
ഓരോ കൊലപാതകവും മുറിവേല്പിക്കുന്നത് രാഷ്ട്രീയ കക്ഷികളിലുള്ള ജനങ്ങളുടെ വിശ്വാസത്തെ കൂടിയാണ്. സമൂഹം അരാഷ്ട്രീയമായിത്തീരുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നേതാക്കള്‍ക്ക് കഴിയില്ല. കത്തി താഴെയിടൂ എന്ന് പലതവണ മലയാളികള്‍ പാര്‍ട്ടികളോട് അലറിപ്പറഞ്ഞിട്ടും പിന്നെയും പിന്നെയും മനുഷ്യജീവനുകള്‍ പൂപറിക്കുന്ന ലാഘവത്തോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പറിച്ചെടുക്കുന്ന ക്രൗര്യം ആവര്‍ത്തിക്കപ്പെടുകയാണ്. പ്രവര്‍ത്തകരെ സംസ്‌കരിക്കാന്‍ കഴിയുന്നില്ല എന്നാണെങ്കില്‍ പാര്‍ട്ടികള്‍ പിരിച്ചുവിടുകയാണ് നല്ലത്. ജനം അവരുടെ ബദല്‍രാഷ്ട്രീയം പതിയെയെങ്കിലും വികസിപ്പിച്ചോളും. നിലനില്‍ക്കുന്ന ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കൊടി പിടിച്ചെങ്കിലേ രക്ഷയുള്ളൂ എന്ന് ചിന്തിക്കുന്നവരല്ല കേരളത്തിലെ മഹാഭൂരിപക്ഷം വോട്ടര്‍മാരും. ഓരോ മണ്ഡലത്തിലെയും കണക്കെടുത്താല്‍ അക്കാര്യം ബോധ്യപ്പെടും.
കൊലക്കേസില്‍ പ്രതികളാകുന്നവര്‍ക്ക് നിയമപരമോ രാഷ്ട്രീയമോ ആയ സംരക്ഷണം നല്‍കില്ല എന്ന് കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉറച്ചുതീരുമാനിച്ചാല്‍ അന്ന് തീരും ഈ ചോരക്കളി. പാര്‍ട്ടികളിലെ സംരക്ഷകര്‍ ആണ് കൊലയാളികളെ കൈയറപ്പില്ലാത്തവരാക്കി മാറ്റിയത്. ഞങ്ങളും ഞങ്ങളും കൊലപാതക രാഷ്ട്രീയത്തിനെതിരാണ് എന്നത് പോലുള്ള പ്രസ്താവനകള്‍ അല്ല കേരളം നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. മേമ്പൊടികളുടെയും ആത്മാർഥതയില്ലാത്ത പ്രസ്താവനകളുടെയും കാലം കഴിഞ്ഞു. ഇനി വേണ്ടത് മനുഷ്യരാകാനുള്ള, മാറ്റമില്ലാത്ത ചങ്കുറപ്പാണ്. അതുണ്ടോ നിങ്ങള്‍ക്ക് എന്നാണ് മലയാളികള്‍ രാഷ്ട്രീയനേതാക്കളോട് വിരല്‍ ചൂണ്ടി ചോദിക്കുന്നത് ■

Share this article

About മുഹമ്മദലി കിനാലൂര്‍

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *