ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: ഈ അനുപാതം സാമൂഹികമല്ല, രാഷ്ട്രീയമാണ്‌

Reading Time: 3 minutes

ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തെയും അവരുടെ സാമൂഹികനിലയെയും ഏറ്റവും സത്യസന്ധമായി സമീപിച്ച ഒരാള്‍ (ചിലപ്പോള്‍ ഒരേയൊരാള്‍) ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ആയിരിക്കും. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. അത് മാത്രമായിരുന്നില്ല രജീന്ദര്‍ സച്ചാര്‍. ജുഡീഷ്യറിയുടെ ഭാഗമാകുന്നതിനു മുമ്പ് റാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തില്‍ അംഗം. നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് എംബസിക്ക് മുന്നില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് ജയിലില്‍ പോയ ആള്‍. അച്ഛന്‍ ഭീം സെന്‍ സച്ചാര്‍ പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നു. ആ സ്വാധീനമുപയോഗിച്ച് ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ ചെറുശ്രമം പോലും നടത്താതിരുന്നയാള്‍. നീതിയോടും സത്യത്തോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ ആഭിമുഖ്യം ന്യായാധിപനായതില്‍ പിറകെയോ സച്ചാര്‍ കമ്മിറ്റി അധ്യക്ഷനായി നിയമിതനായതില്‍ പൊടുന്നനെയോ സംഭവിച്ചതല്ല എന്ന് പറയാനാണ് ഈ മുഖവുര.
2005 മാര്‍ച്ച് 9നാണ് അന്നത്തെ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയമിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ സമഗ്രമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ചുമതല. ഓര്‍ക്കണം, ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥ പഠിക്കാനാണ്, അവരെക്കുറിച്ച് മാത്രം പഠിക്കാനാണ് കമ്മിറ്റി രൂപീകരിച്ചത്. സയ്യിദ് ഹാമിദ്, ഡോ. ടി.കെ. ഉമ്മന്‍, എം.എ. ബാസിത്, ഡോ. അക്തര്‍ മജീദ്, ഡോ. അബൂസ്വാലിഹ് ഷരീഫ്, ഡോ. രാഗേഷ് ബസന്ത് എന്നിവരായിരുന്നു കമ്മറ്റിയിലെ മറ്റംഗങ്ങള്‍. സയ്യിദ് സഫര്‍ മഹ്മൂദ് എന്ന സീനിയര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെയും സഹായിയായി നിയമിച്ചു. സമിതി രാജ്യമൊട്ടാകെ സഞ്ചരിച്ചു. പല തലങ്ങളിലുള്ളവരുമായി ഒത്തിരുന്നു. സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യക്കണക്കുകള്‍ പരിശോധിച്ചു. ഒടുവില്‍, അതിദയനീയമായ പിന്നാക്കാവസ്ഥയുടെയും അതീവഗുരുതരമായ അകറ്റിനിര്‍ത്തലുകളുടെയും നേര്‍ചിത്രം 403 പേജുകളുള്ള റിപ്പോര്‍ട്ടായി രാജ്യത്തിന് മുമ്പില്‍ വെളിപ്പെട്ടു.
അനങ്ങാതിരിക്കാന്‍ കഴിയുമായിരുന്നില്ല കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക്. അത്രയ്ക്ക് സ്‌തോഭജനകമായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തല്‍. പട്ടികജാതി, പട്ടിക വര്‍ഗങ്ങളെക്കാള്‍ പരിതാപകരമായ മുസ്‌ലിം സാമൂഹികാവസ്ഥ പരിഹരിക്കാന്‍ എന്തെങ്കിലും ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്. അങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വകുപ്പുണ്ടാകുന്നതും ചില പരിഹാരക്രിയകളിലേക്ക് പ്രവേശിക്കുന്നതും. സച്ചാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2006ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഒരു സമിതിയെ ചുമതലപ്പെടുത്തി. അന്ന് എം.പിമാര്‍ ആയിരുന്ന ടി.കെ ഹംസ, കെ.ഇ ഇസ്മയില്‍, എം.എല്‍.എ മാരായ കെ.ടി ജലീല്‍, കെ.എ അസീസ്, എന്നിവരും ടി.കെ വില്‍സണ്‍, ഫസല്‍ ഗഫൂര്‍, ഒ. അബ്ദുറഹിമാന്‍, ഹുസൈന്‍ രണ്ടത്താണി, സി. അഹമ്മദ് കുഞ്ഞ്, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി എന്നിവര്‍ കൂടി ഉള്‍പ്പെട്ട സമിതി 2007 ഒക്ടോബര്‍ 15ന് നിലവില്‍ വന്നു. സച്ചാര്‍ സമിതി റിപ്പോര്‍ട്ടിന്മേല്‍ കേരളം നടത്തിയ ആദ്യത്തെ അട്ടിമറി ആയിരുന്നു പാലൊളി കമ്മിറ്റി എന്ന് വ്യക്തമാകാന്‍ 2021 വരെ കാത്തിരിക്കേണ്ടിവന്നുവെന്നത് ദുര്യോഗം!
കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ തൊഴില്‍ പ്രാതിനിധ്യം എത്ര എന്നതിലേക്കാണ് പാലോളി കമ്മിറ്റി അന്വേഷണം നടത്തിയത്. പൊതുവിദ്യാഭ്യാസത്തിലെ അവസര സമത്വമില്ലായ്മയാണ് മുസ്‌ലിംകളെ എല്ലാനിലകളിലും പിന്നോട്ടടിപ്പിച്ചത് എന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിയത്. അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ശുപാര്‍ശകളാണ് കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചത്. അതില്‍ത്തന്നെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ സ്‌റ്റൈപന്‍ഡ് തുടങ്ങിയ പ്രചോദനാത്മകമായ ചില നിര്‍ദേശങ്ങള്‍ പാലോളി റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം സമുദായത്തിന്റെ പ്രാതിനിധ്യക്കുറവ് കമ്മിറ്റി ഗൗരവമായി പരിഗണിച്ചു. അങ്ങനെയാണ് പയ്യന്നൂര്‍, കോഴിക്കോട്, പൊന്നാനി, ആലുവ, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്ന പേരില്‍ അന്നത്തെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് അത് 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 16 പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ പ്രത്യേക ഉപാധികളോടെ 20 ഉപകേന്ദ്രങ്ങളും ആരംഭിച്ചു. വി എസ് സര്‍ക്കാരിന്റെ തന്നെ അവസാനകാലത്ത്, 22.2.2011ന്, പാലോളി കമ്മിറ്റി മുസ്‌ലിം സമുദായത്തിന് ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ക്ക് ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും കൂടി അവകാശമുണ്ടെന്ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അതുപ്രകാരം കോച്ചിങ് സെന്ററുകളിലേക്കുള്ള പ്രവേശനത്തിലും സ്‌കോളര്‍ഷിപ്പിലും 80:20 അനുപാതം നടപ്പിലാക്കി. 80 ശതമാനം മുസ്‌ലിംകള്‍ക്ക്, 20 ശതമാനം ലത്തീന്‍ കത്തോലിക്കര്‍ക്കും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും. ഇന്നിപ്പോള്‍ ഉണ്ടായിരിക്കുന്ന സകല കുഴപ്പങ്ങളുടെയും നാരായവേര് തത്വദീക്ഷയില്ലാതെ നടത്തിയ ആ വീതംവെപ്പ് ആയിരുന്നു. മുസ്‌ലിം പിന്നാക്കാവസ്ഥയോട് ആത്മാര്‍ഥമായ സമീപനമല്ല, വോട്ട്ബാങ്ക് ലക്ഷ്യമിട്ടുള്ള കണ്ണില്‍പൊടിയിടലുകള്‍ മാത്രമാണ് പാലോളി കമ്മിറ്റിയുടെയും അന്നത്തെ ഇടതുസര്‍ക്കാരിന്റേയും ഭാഗത്തുനിന്ന് ഉണ്ടായത് എന്നുതന്നെ അനുമാനിക്കാവുന്ന നീക്കങ്ങളാണ് പിന്നീടുണ്ടായത്.
തുടര്‍ന്ന് യുഡിഎഫ് അധികാരത്തില്‍ വന്നു. ന്യൂനപക്ഷ വകുപ്പ് മുസ്‌ലിം ലീഗിന്റെ കൈയിലായിരുന്നു. അവര്‍ ഇക്കാര്യത്തില്‍ ഒന്നും പുതുതായി ചെയ്തില്ല. കൂടുതല്‍ മേഖലകളിലേക്ക് ഈ അന്യായമായ വീതംവെപ്പ് നീട്ടിവലിക്കുകയും ചെയ്തു. ഇപ്പോള്‍ മുസ്‌ലിം ലീഗ് സ്‌കോര്‍ഷിപ്പിന്റെ പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന വിലാപങ്ങള്‍ അവരെത്തന്നെ തിരിഞ്ഞുകൊത്തുന്നതും അതുകൊണ്ടാണ്. അധികാരം കൈയിലുണ്ടാകുമ്പോള്‍ അനങ്ങാതിരിക്കുകയും പ്രതിപക്ഷത്താകുമ്പോള്‍ രക്തം തിളക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയം വിചാരണ ചെയ്യപ്പെടാതെ തരമില്ലല്ലോ.
ഒന്നാം പിണറായി സര്‍ക്കാരില്‍ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ ടി ജലീല്‍, കഴിഞ്ഞ നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ എസ് ശര്‍മ്മ, വികെസി മമ്മദ്‌കോയ, വി അബ്ദുറഹ്മാന്‍, ആന്റണി ജോണ്‍ എന്നീ എംഎല്‍എമാരുടെ നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ പാലോളി കമ്മിറ്റി ശിപാര്‍ശകള്‍ പ്രകാരം നടത്തിയ 7 പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായുള്ള ഒരേയൊരു പദ്ധതിയേ ഉള്ളൂ, അത് മദ്‌റസ അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയാണ്. ബാക്കിയെല്ലാം “പങ്കാളിത്ത’ പദ്ധതികള്‍ ആണ്. കെ ടി ജലീല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് പരിശീലന കേന്ദ്രങ്ങളുടെ പേര് കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നാക്കി പുനര്‍നിര്‍ണയിക്കുന്നത്.
80:20 അനുപാതം ജസ്റ്റിന്‍ പള്ളിവാതുക്കല്‍ എന്ന റോമന്‍ കത്തോലിക്ക യുവാവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തതാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ ഹേതു. ഇത് വിവേചനമാണ് എന്നായിരുന്നു ഹരജിക്കാരന്റെ വാദം. അത് ശരിവെച്ചുകൊണ്ട്, ഭരണഘടനാ ആര്‍ട്ടിക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് ഷാജി പി ചാലി വിധിന്യായം പുറപ്പെടുവിച്ചു. എന്തുകൊണ്ട് ഇത് വിവേചനമല്ല എന്നും 80:20ന്റെ ന്യായം എന്തെന്നും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയോ അലംഭാവം കാട്ടുകയോ ചെയ്തു. സാമൂഹികനീതി എന്ന ആശയം അട്ടത്തിട്ട് പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസിലൂടെ കിട്ടാനിരിക്കുന്ന ക്രൈസ്തവ പിന്തുണ മുന്നില്‍കണ്ട് നിരുപാധികം കീഴടങ്ങുന്ന സര്‍ക്കാരിനെയാണ് പിന്നീട് കാണുന്നത്. അപ്പീലിനുപോലും പോകാന്‍ തയാറാകാതെ ഹൈക്കോടതിവിധി അനുസരിച്ചായിരിക്കും ഇനി കാര്യങ്ങള്‍ എന്ന “ഒറ്റത്തവണ തീര്‍പ്പാക്കല്‍’ തിടുക്കമാണ് സര്‍ക്കാര്‍ കാട്ടിയത്. നിയമസഭയിലെ കൈയാങ്കളിക്കേസ് അവസാനിപ്പിക്കാന്‍ മേല്‍കോടതിയെ സമീപിക്കുന്നത് ഭീമാബദ്ധമാകും എന്ന വിദഗ്‌ധോപദേശത്തെയും മറികടന്ന് സുപ്രീം കോടതിയില്‍ പോയ ഒരു സര്‍ക്കാരാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ അനിതരസാധാരണമായ തിടുക്കത്തോടെ ഹൈക്കോടതി വിധിയുണ്ട് എന്ന ഒറ്റക്കാരണത്താല്‍ അനുപാതം പുനഃക്രമീകരിച്ചത്. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രസ്താവിച്ചത് ഈ പുനഃക്രമീകരണം പൂര്‍ത്തിയായതിനു ശേഷമാണ്! ആ അപ്പീല്‍ എന്തു ഫലമാണുണ്ടാക്കുക എന്നറിയാന്‍ സാമാന്യമായ നിയമബോധം ഉണ്ടായാല്‍ മതി. മുസ്‌ലികള്‍ക്ക് സ്‌കോളര്‍ഷിപില്‍ ഒരു കുറവുമുണ്ടാകില്ല എന്ന മുഖ്യമന്ത്രിയുടെ “തലോടലാണ്’ അതേക്കാള്‍ അശ്ലീലമായത്. മൈനോറിറ്റി കോച്ചിങ് സെന്ററുകളിലെ പ്രവേശനത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ജൂണ്‍ 16 ആയിരുന്നു.
ജനസംഖ്യ അനുസരിച്ച് അനുപാതം പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതുപ്രകാരം 59 ശതമാനം മുസ്‌ലിംകള്‍ക്ക്, 41 ശതമാനം ക്രൈസ്തവര്‍ക്ക്. പാലോളി കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ജസ്റ്റിസ് സച്ചാറിന്റെ സാമൂഹികനീതിക്കായുള്ള വിഭാവനകളെ വി എസ് സര്‍ക്കാര്‍ അട്ടിമറിച്ചു. ഇപ്പോള്‍ മറ്റൊരിടതുപക്ഷ സര്‍ക്കാര്‍ നീതീകരണമില്ലാത്ത നിഷ്‌ക്രിയത്വം കൊണ്ട് പാലോളിക്കമ്മിറ്റിയെ തന്നെ റദ്ദാക്കിയിരിക്കുന്നു. ഇതുപ്രകാരം ന്യൂനപക്ഷ സ്‌കോളര്‍ഷിപില്‍ ക്രൈസ്തവ സമുദായത്തിന് ഓഹരി കിട്ടും. മുന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരുകയും ചെയ്യും. ജസ്റ്റിസ് ജെ ബി കോശി കമ്മിറ്റി റിപ്പോര്‍ട്ട് കൂടി വരുന്നതോടെ ക്രൈസ്തവ സമുദായത്തിന് ആനുകൂല്യങ്ങള്‍ ഇനിയും വര്‍ധിക്കുമെന്നുതന്നെ കരുതാവുന്നതാണ്. ഫലത്തില്‍ കേരളത്തിലെ ന്യൂനപക്ഷ ക്ഷേമം ക്രൈസ്തവക്ഷേമം മാത്രമായി ചുരുങ്ങുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇത് സമുദായിക ധ്രുവീകരണത്തിന്റെ പ്രശ്നമല്ല, സാമൂഹികനീതിയുടെ പ്രതിസന്ധിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്‍പ്പെടെ അര്‍ഹമായ പ്രാതിനിധ്യത്തിന്റെ പകുതി പോലും ലഭ്യമായിട്ടില്ലാത്ത മുസ്‌ലിം സമുദായത്തെ പിന്നെയും പിന്നെയും അന്യവത്കരിക്കാനും അകറ്റിനിര്‍ത്താനുമുള്ള അജണ്ട ആരുടേതാണ് എന്നത് അവ്യക്തമല്ല. സിപിഎം പോളിറ്റ്ബ്യുറോ അംഗമായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കരുത്. പറ്റിയ പിഴവുകള്‍ തിരുത്താനാണ് ജനാധിപത്യഭരണകൂടം ശ്രമിക്കേണ്ടത്.
സാമൂഹിക നീതിക്കായി മുസ്‌ലിം സമുദായത്തില്‍ നിന്ന് ഉയരുന്ന ആവശ്യങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ചുകൊണ്ട് നിശബ്ദമാക്കാനുള്ള നീക്കങ്ങളുണ്ട്. ക്രൈസ്തവ സമുദായത്തിലെ അര്‍ഹരായവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചുനടപ്പാക്കുന്ന ഏത് പദ്ധതിക്കും മുസ്‌ലിംകള്‍ എതിരല്ല. പക്ഷേ എല്ലാ സമുദായങ്ങളുടെയും പാത്രങ്ങളില്‍ കൈയിട്ടുവാരാന്‍ അവകാശം വേണമെന്ന് ശഠിക്കുന്ന മനോനിലയുണ്ട് ചിലര്‍ക്ക്. സ്വന്തം പാത്രത്തില്‍ നിന്ന് വിശപ്പടങ്ങാത്തത്തിന്റെ പ്രശ്നമല്ല അത്. അടുത്തിരിക്കുന്നവനെ പട്ടിണിക്കിടണം എന്ന ദുഷ്ടചിന്തയാണ്. അത് അംഗീകരിച്ചു നല്‍കാനാകില്ല. കാരണം ആ ചിന്ത മനുഷ്യത്വവിരുദ്ധവും ജനാധിപത്യത്തിന് നിരക്കാത്തതുമാണ്. സാമൂഹികനീതിയുടെ തായ് വേരറുക്കുന്ന ഇത്തരം ആവശ്യങ്ങള്‍ നിരുപാധികം നിരുത്സാഹപ്പെടുത്തപ്പെടേണ്ടതും നിരാക്ഷേപം നിരാകരിക്കപ്പെടേണ്ടതുമാണ്. കേരളത്തില്‍ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അതിനു സാധിക്കുമോ എന്നാണ് സാകൂതം വീക്ഷിക്കുന്നത് ■

Share this article

About മുഹമ്മദലി കിനാലൂർ

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂർ →

Leave a Reply

Your email address will not be published. Required fields are marked *