ഗൗസിയ: പഠന സംഗമങ്ങള്‍

Reading Time: < 1 minutes

നന്മകള്‍ കൊണ്ട് ജീവിതം സമ്പന്നമാക്കുമ്പോഴാണ് മനുഷ്യന്‍ ആത്മീയ ജീവിത പരിസരത്തെത്തി വിജയിക്കുന്നത്. മാതൃകായോഗ്യരായ മഹാരഥന്മാരുടെ ജീവിതം പഠിക്കുമ്പോള്‍ നമ്മുടെ ജീവിതം ധന്യമാക്കാനത് പ്രേരിപ്പിക്കും. ഹിജ്‌റ 470നും 561നും ഇടയില്‍ ജീവിച്ച ശൈഖ് ജീലാനി (റ) എന്നവര്‍ ഇന്നും ലോക മുസ്‌ലിംകളുടെ മനസില്‍ സ്ഥാനംപിടിച്ച മഹാനാണ്.
പരിശുദ്ധ ജീവിതവും ലൗകിക വിരക്തിയും ആത്മനിയന്ത്രണവും സമര്‍പ്പണവും കൊണ്ട് ഔന്നത്യം നേടിയ ഔലിയാക്കളില്‍ പ്രധാനിയാണ് ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ). നാല്‍പത് വര്‍ഷം ഇശാ നിസ്‌ക്കരിച്ച വുളൂഅ് കൊണ്ട് സുബ്ഹി നിസ്‌ക്കരിച്ചതും സ്ഥിരമായി രാത്രിയില്‍ ഖുര്‍ആന്‍ ഖത്തം തീര്‍ത്തതും കൊള്ളസംഘത്തിന് മുന്നില്‍ ആശങ്കയില്ലാതെ സത്യം പറഞ്ഞതും ഉള്‍പ്പടെ മഹാനവര്‍കളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവരുടെ ജീവിതത്തിന്റെ വിശുദ്ധി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഖാളി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ്, ശൈഖ് ജീലാനി (റ)നെക്കുറിച്ച് രചിച്ച മുഹ്‌യിദ്ദീന്‍ മാല അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ്.
ശൈഖ് ജീലാനി(റ)വിന്റെ ജീവിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങള്‍ മനോഹരമായ ഭാഷയിലും ശൈലിയിലും രചിച്ച മുഹ്‌യിദ്ദീന്‍ മാലയുടെ പഠന വേദി “ഗൗസിയ’ ഗള്‍ഫിലെ 916 കേന്ദ്രങ്ങളില്‍ ആരംഭിക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഓരോ രാജ്യത്തും “ഖദം’ എന്ന ശീര്‍ഷകത്തില്‍ നടന്നു. മുഹ്‌യിദ്ദീന്‍ മാലയുടെ പ്രാധാന്യവും ഖാളി മുഹമ്മദ്(റ)ന്റെ ജിവചരിത്രവും ഉള്‍പ്പെടുത്തിയായിരുന്നു ഗൗസിയയുടെ വിളംബരം.
ശൈഖ് ജീലാനി(റ)ന്റെ ജീവിതത്തെ മാതൃകയാക്കി പ്രവര്‍ത്തകരുടെ ജീവിതം ചിട്ടപ്പെടുത്തുക, സുന്നത് ജമാഅത്തിന്റെ ആശയങ്ങളും തസവ്വുഫിന്റെ സാരാംശവും പഠിപ്പിക്കുക, പ്രവര്‍ത്തകരില്‍ സ്‌നേഹവും ബന്ധവും സ്ഥാപിക്കുക തുടങ്ങിയവയാണ് ഗൗസിയയുടെ ലക്ഷ്യം. പഠനത്തിന് പ്രായം തടസമല്ല.
പന്ത്രണ്ട് മൊഡ്യൂളുകളായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഗൗസിയ കോഴ്‌സ് സംഘടനയുടെ പ്രാഥമിക ഘടകത്തിലാണ് നടക്കുന്നത്. പരിധിയിലെ ഗള്‍ഫ്തലം മുതല്‍ യൂനിറ്റ് വരെയുള്ള പ്രവര്‍ത്തക സമിതി ഉള്‍പ്പെടുന്ന മുഴുവന്‍ അംഗങ്ങളും ഗൗസിയയിലെ പഠിതാക്കളാണ്. ഓരോ പഠനകേന്ദ്രത്തിലും പഠിതാക്കളില്‍ നിന്ന് ഒരു അംഗത്തിന് ലീഡര്‍ ചുമതല നല്‍കി പഠനവേദിയെ കൂടുതല്‍ മികവുറ്റതാക്കും.
പ്രത്യേക സാഹചര്യത്തില്‍ ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ പഠനമാര്‍ഗങ്ങള്‍ സ്വീകരിക്കാം. ലളിതമായി ഗ്രഹിക്കാന്‍ കഴിയുന്ന രീതിയില്‍ ഓരോ മൊഡ്യൂളിലെയും മാലയിലെ ഭാഗം ഓഡിയോ / വീഡിയോ സംവിധാനങ്ങളിലൂടെ പഠിതാക്കള്‍ക്ക് നല്‍കുകയും, ക്ലാസ്സുകള്‍ കേട്ട് ഗൗസിയക്ക് വേണ്ടി പ്രത്യേകം സംവിധാനിച്ച ഡയറിയില്‍ കുറിപ്പുകള്‍ തയാറാക്കുകയും ചെയ്യും. ഓഫ്‌ലൈന്‍ ആയി നടക്കുന്ന മാസാന്ത സംഗമങ്ങളില്‍ മൊഡ്യൂള്‍ അനുസരിച്ച് മാലയുടെ ഗഹനമായ ചര്‍ച്ചയും, പഠനവും നടക്കും. ഗുരുശിഷ്യ ബന്ധം സ്ഥാപിക്കാനും പഠിതാക്കളെ തര്‍ബിയത് ചെയ്യാനും സാധ്യമാക്കുന്നതിന് ഓരോ വേദിയിലും സ്ഥിരമായി ഓരോ ഉസ്താദ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സുല്‍ത്താനുല്‍ ഔലിയയും പണ്ഡിതനും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ എക്കാലവും സ്മരിക്കുന്ന വ്യക്തിത്വവുമായ ശൈഖ് ജീലാനി(റ)വിനെ അടുത്തറിയുകയും അവിടുത്തെ പ്രബോധന രീതികളെ മനസിലാക്കുകയും അവർ പകര്‍ന്നു നല്‍കിയ സന്ദേശങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് ഗൗസിയ മുന്നോട്ടുവെക്കുന്നത്. പ്രവര്‍ത്തകരുടെ ആത്മീയ ഉന്നമനത്തിനും വൈജ്ഞാനിക പുരോഗതിക്കും ഗൗസിയക്ക് സാധ്യമാകും ■

Share this article

About മുസ്തഫ കൂടല്ലൂർ

pmmusthaf786@gmail.com

View all posts by മുസ്തഫ കൂടല്ലൂർ →

Leave a Reply

Your email address will not be published. Required fields are marked *