ദരിദ്ര ശരീരങ്ങള്‍ക്കുമേല്‍ അവര്‍ സിംഹാസനം പണിയുന്നു

Reading Time: 3 minutes

സെൻട്രൽ വിസ്ത പ്രോജക്ട് കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള 3.5 കിലോമീറ്ററിനുള്ളിലെ കെട്ടിടങ്ങളെല്ലാം പൊളിച്ചുപണിയുകയാണ് സെൻട്രൽ വിസ്ത പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ചെലവ് പ്രതീക്ഷിക്കുന്നത് 20,000 കോടിയിലേറെ രൂപയാണ്. പുതിയ പാർലിമെന്റ് മന്ദിരം പണിതുകൊണ്ടാണ് തുടക്കം. 861.90 കോടി രൂപയ്ക്ക് ടാറ്റ പ്രൊജെക്ട്‌സ് ലിമിറ്റഡ് ആണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. ജോലി ആരംഭിച്ചുകഴിഞ്ഞു. 2022 നവംബറിലെ പാർലിമെന്റ് സമ്മേളനം പുതിയ മന്ദിരത്തിലാകും നടക്കുകയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വസതിയും ഭൂഗർഭ ടണലുകളും സെൻട്രൽ സെക്രട്ടറിയേറ്റും പാർലിമെന്റ് അംഗങ്ങളുടെ ഓഫീസുമുൾപ്പടെ ബൃഹദ്പദ്ധതി ആയാണ് സെൻട്രൽ വിസ്ത ആവിഷ്‌കരിച്ചിരിക്കുന്നത്.
നിലവിൽ 543 മെമ്പർമാരാണ് ലോക്‌സഭയിൽ ഉള്ളത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ മന്ദിരത്തിൽ 888 അംഗങ്ങൾക്കുള്ള സീറ്റ് ഒരുക്കുന്നുണ്ട്. അതിനർഥം ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ബിജെപി ലക്ഷ്യമിടുന്നു എന്നാണ്. 2020 ഡിസംബറിൽ the quint ഓൺലൈൻ പോർട്ടൽ ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. മണ്ഡലങ്ങളുടെ എണ്ണത്തിൽ വലിയ മാറ്റം വരാനിടയുള്ള പത്ത് സംസ്ഥാനങ്ങളെ അതിൽ എണ്ണുന്നുണ്ട്. അത് ഇങ്ങനെയാണ്. സംസ്ഥാനം, ഇപ്പോഴത്തെ മണ്ഡലങ്ങളുടെ എണ്ണം, പുനർനിർണയത്തിനു ശേഷം വരാനിരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം, വർധന എന്നീ ക്രമത്തിൽ.ഉത്തർപ്രദേശ്: 80-143-63, മഹാരാഷ്ട്ര: 48-84-36, വെസ്റ്റ് ബംഗാൾ: 42-73-31, ബിഹാർ: 40-70-30, രാജസ്ഥാൻ: 25-48-23, മധ്യപ്രദേശ്: 29-51-22, കർണാടക: 28-49-21, തമിഴ്‌നാട്: 39-58-19, ഗുജറാത്ത്:26-44-18, തെലങ്കാന: 17-28-11.
വർധിപ്പിക്കാനിടയുള്ള സീറ്റുകളുടെ 80 ശതമാനവും ഈ പത്ത് സംസ്ഥാനങ്ങളിലായിരിക്കും. ഇതിൽ തമിഴ്‌നാടും തെലങ്കാനയും ഒഴികെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കാറുണ്ട്. സീറ്റുകളുടെ എണ്ണത്തിൽ ഒന്നാമതുള്ള ഉത്തർപ്രദേശ് ബിജെപിയുടെ കൈയിലാണ്. ആകെയുള്ള 80 പാർലിമെന്റ് സീറ്റിൽ 62 ഇടങ്ങളിലും വിജയിച്ചത് ബിജെപി. അവരുടെ വോട്ടുവിഹിതം 49.98%. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ ബിജെപി അധികാരം പങ്കിടുന്നില്ല എന്നേയുള്ളൂ. അവിടെ നിന്ന് ബിജെപിക്ക് 23 ലോക്‌സഭാ മെമ്പർമാരും 27.84% വോട്ടുവിഹിതവുമുണ്ട്. ബിജെപി നയിക്കുന്ന മുന്നണിക്ക് 2019 ൽ ലഭിച്ച വോട്ടുവിഹിതം 51.34% ആണ് എന്നതും മറന്നുകൂടാത്തതാണ്. മണ്ഡലങ്ങളുടെ എണ്ണത്തിൽ തൊട്ടടുത്ത് നിൽക്കുന്ന വെസ്റ്റ് ബംഗാളിൽ ബിജെപിക്ക് കനത്ത വെല്ലുവിളി മമത ബാനർജി ഉയർത്തുന്നുണ്ട്. പക്ഷേ അവിടെ നിന്ന് ബിജെപിക്ക് 18 ലോക്‌സഭാ എം പിമാരുണ്ട്; 40.64% വോട്ടുവിഹിതവും(2019). ബിഹാറിൽ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. അവിടെ മുന്നണി നിലനിൽക്കാൻ വേണ്ടി നിതീഷ് കുമാറിനെ മുഖ്യമന്ത്രി ആക്കി എന്നേയുള്ളൂ. മണ്ഡലങ്ങളുടെ എണ്ണത്തിൽ ഉണ്ടായേക്കാവുന്ന വർധന ബിജെപിക്ക് ദേശീയ രാഷ്ട്രീയത്തിൽ നൽകുന്ന “ലൈഫ്’ ചെറുതാകില്ല എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. പുതിയ പാർലിമെന്റ് മന്ദിരത്തിൽ ലോക്‌സഭാഹാളിൽ 345 കസേരകൾ കൂടുതലിടുന്നു എന്നതിനർഥം ബിജെപി അധികാരം വിട്ടൊഴിയുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേ ഇല്ല എന്നുകൂടിയാണ്.
2016 നവംബർ 8 നു രാത്രിയിലാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയും, അതിർത്തി കടന്നുള്ള ഭീകരവാദം ഇല്ലാതാക്കും എന്നിങ്ങനെയുള്ള അവകാശവാദങ്ങളുടെ അകമ്പടിയോടെയാണ് ആ പ്രഖ്യാപനം ബിജെപിയും അവരോടൊട്ടി നിൽക്കുന്ന മാധ്യമങ്ങളും ആഘോഷിച്ചത്. പക്ഷേ, ആ അവകാശവാദങ്ങൾ ഭീമാബദ്ധത്തെ മറച്ചുപിടിക്കാനുള്ള വ്യാജകവചങ്ങളായിരുന്നു എന്ന് പിന്നീടുണ്ടായ സംഭവഗതികൾ വെളിപ്പെടുത്തി. 15.42 ലക്ഷം കോടിയുടെ നോട്ടുകളാണ് ആ രാത്രിപ്രഖ്യാപനത്തിൽ വിപണിമൂല്യം ഇല്ലാതായിപ്പോയത്. അതിൽ 15.3 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ തിരിച്ചെത്തി. തിരിച്ചെത്തിയിട്ടില്ലാത്തത് 0.7 ശതമാനം മാത്രം. അതായത് 10720 കോടി രൂപ. ലക്ഷക്കണക്കിനു ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്നുണ്ട് എന്നതുകൊണ്ട് തന്നെ 10720 കോടി രൂപ റിസർവ് ബാങ്കിൽ തിരിച്ചെത്തിയില്ല എന്നതിൽ അതിശയകരമായി ഒന്നുമില്ല.
കേന്ദ്രസർക്കാറും ബിജെപിയും അവകാശപ്പെട്ടതൊന്നും നോട്ടുനിരോധത്തിലൂടെ സാധ്യമായില്ല. പക്ഷേ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിക്കാൻ ആ ഒരൊറ്റ പ്രഖ്യാപനം മതിയായിരുന്നു. ആ വീഴ്ചയിൽ നിന്ന് ഇന്നും കര കേറിയിട്ടില്ല നമ്മുടെ സമ്പദ്‌രംഗം. വിപണിയിലുണ്ടായിരുന്ന കറൻസിയുടെ 80 ശതമാനത്തോളം നോട്ടുകൾ പര്യാപ്തമായ ബദൽ സംവിധാനം പോലുമൊരുക്കാതെ നിരോധിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ആഘാതത്തെക്കുറിച്ച് ചെറുആലോചനകൾ പോലുമുണ്ടായില്ല എന്നുറപ്പാണ്. വിത്ത് കുത്തിയെടുത്ത് തിന്നേണ്ട അവസ്ഥയിലേക്ക് രാജ്യം ആപതിക്കുന്നത് അങ്ങനെയാണ്. കഷ്ടകാലത്തിന്റെ കൊടുംചൂടിൽ രാജ്യമുരുകവേയാണ് ഇരട്ട പ്രഹരമായി കോവിഡ് മഹാമാരി വരുന്നത്. ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന മട്ടിലായി അതോടെ സമ്പദ്‌വ്യവസ്ഥ. തൊഴിൽ നഷ്ടം, വരുമാന നഷ്ടം, പട്ടിണി, കടം പെരുകൽ, ആത്മഹത്യകൾ.. വറുതിയുടെയുടെയും കെടുതിയുടെയും പെയ്ത്തായിരുന്നു പിന്നീട്. ഭരണകൂടത്തിനും മഹാമാരിക്കുമിടയിൽ ഇന്ത്യൻ ജീവിതം കൂടുതൽകൂടുതൽ ദരിദ്രമായി. കോവിഡ് ഒരു വർഷം പിന്നിട്ടവേളയിൽ, അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പ്യൂ റിസർച്ച് സെന്ററിന്റെ പഠനം പുറത്തുവന്നിരുന്നു. ഞെട്ടിക്കുന്ന വിവരമാണ് ഈ വർഷം ഏപ്രിലിൽ പുറത്തുവന്ന പഠനത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയിലെ ദാരിദ്യ്രത്തിന്റെ തോത് 45 വർഷം മുമ്പത്തെ അവസ്ഥയിലേക്ക് മുഖം കുത്തിയിരിക്കുന്നു എന്നായിരുന്നു അവരുടെ പ്രധാന കണ്ടെത്തൽ.
വരുമാനത്തെ ആസ്പദിച്ച് ഇന്ത്യയിലെ ജനങ്ങളെ അഞ്ചു കാറ്റഗറികളായി വർഗീകരിച്ചായിരുന്നു പ്യൂ റിസർച്ച് സെന്ററിന്റെ പഠനം. ദിവസേന 150 രൂപയിൽ കുറഞ്ഞ വരുമാനം ലഭിക്കുന്നവരായിരുന്നു ആദ്യ കാറ്റഗറി. 150 രൂപയിൽ അധികം ദിവസേന ലഭിക്കുന്നവർ രണ്ടാം കാറ്റഗറി. മൂന്നാമത് വിഭാഗത്തിൽ 750 രൂപമുതൽ 1500 രൂപ വരെ ദിനേന ലഭിക്കുന്നവർ, 3700 രൂപവരെ ദിവസേന ലഭിക്കുന്നവർ നാലാം കാറ്റഗറി, 3700 രൂപയിലധികം ദിവസേന ലഭിക്കുന്നവർ അഞ്ചാം വിഭാഗത്തിൽ. കോവിഡ് കാലത്ത് ഇന്ത്യയിൽ ദരിദ്രരുടെ എണ്ണം പെരുകി എന്ന് വായിക്കുമ്പോൾ നിത്യേന ചോറുണ്ടവർ ചപ്പാത്തിയിലേക്ക് മാറി എന്നർഥമാക്കരുത്. ദിവസേന 150 രൂപയിൽ താഴെ മാത്രം വരുമാനമുള്ള 6 കോടി മനുഷ്യരുടെ ഗണത്തിലേക്ക് 7.5 കോടി മനുഷ്യർ കൂടി വന്നുചേർന്നു എന്നതാണ് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണപ്പെരുക്കത്തിന്റെ യഥാർഥ ചിത്രം. അഥവാ രാജ്യത്തെ ജനസംഖ്യയിൽ 13.5 കോടി മനുഷ്യരുടെ നിത്യവരുമാനം 150 രൂപയിൽ താഴെയാണ്. അമർത്തി വായിക്കണം ആ വരുമാനത്തുക- 150 രൂപ പോലും ദിവസേന കിട്ടാത്ത ഹതഭാഗ്യരുണ്ടിവിടെ. ഒരു കുടുംബം പുലർന്നുപോകാൻ 150 രൂപ മതിയാകുമോ? ഫലം വ്യക്തിഗതകടം പെരുകുന്നു എന്നതാണ്. കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം മേടിക്കുന്നു. കൊള്ളപ്പലിശക്കാർക്ക് ഭൂമിയും പുരയിടവും തീറെഴുതുന്ന നിസഹായതയിലേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യർ. കോടികളിൽ പെരുക്കിത്തീർക്കാനാകാത്തത്രയും മനുഷ്യർ. അങ്ങനെയൊരു രാജ്യത്താണ് 2000 കോടി രൂപയിലേറെ തുക ചെലവിട്ട്, രാജ്യതലസ്ഥാനം പൊളിച്ചുപണിയുന്നത്.
വിശ്രുതരായ രാഷ്ട്രനായകരുടെ പേരുകളിൽ അറിയപ്പെടുന്ന ഒട്ടേറെ കെട്ടിടങ്ങൾ, ചരിത്ര നിർമിതികൾ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പൊളിച്ചുമാറ്റും. ഇന്ദിരാഗാന്ധി സെന്റർ ഫോർ ആർട്‌സ്, നാഷനൽ ആർകൈവ്‌സ് അനക്‌സ്, നാഷനൽ മ്യൂസിയം, ശാസ്ത്രി ഭവൻ, വിജ്ഞാൻ ഭവൻ തുടങ്ങിയവ നിലം പൊത്തുന്ന ചരിത്രനിർമിതികളിൽ ചിലതുമാത്രം. സെൻട്രൽ വിസ്ത പദ്ധതിയിലൂടെ കെട്ടിപ്പൊക്കുന്ന പുതിയ കെട്ടിടങ്ങൾക്ക് പഴയ പേര് നിലനിർത്തുമോ എന്നത് കണ്ടറിയണം. ചരിത്രത്തിൽ വലിയ കയ്യേറ്റങ്ങൾ നടക്കുന്ന കാലത്ത്, ധീരദേശാഭിമാനികളുടെ പേരുകൾ വെട്ടിമാറ്റപ്പെടുന്ന കാലത്ത്, നെഹ്‌റുവിനെ ഒഴിവാക്കി സവർക്കറെ ദേശീയ മുഖ്യധാരയിൽ പ്രതിഷ്ഠിക്കുന്ന ചരിത്രാഭാസത്തിന്റെ കാലത്ത് ഒരു കെട്ടിടത്തിന്റെ പേരില്ലാതാകുമ്പോൾ ആ പേരിലേക്കുള്ള വേരുകൾ കൂടിയാണ് അറുത്തുമാറ്റപ്പെടുക. അതുകൊണ്ട് സെൻട്രൽ വിസ്ത വെറുമൊരു നിർമാണമല്ല, ഹിന്ദുത്വ അജണ്ടകളിലേക്കുള്ള വഴിവെട്ടല്‍ കൂടിയാണ് എന്ന് ജനാധിപത്യവാദികള്‍ ആശങ്കപ്പെടുന്നതും ഇക്കാരണം കൊണ്ടുതന്നെ ■

Share this article

About മുഹമ്മദലി കിനാലൂർ

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂർ →

Leave a Reply

Your email address will not be published. Required fields are marked *