ഗുഡ്‌ബൈ കോവിഡ്‌

Reading Time: 2 minutes

കോവിഡ് ആഘാതത്തില്‍ നിന്നുള്ള തിരിച്ചുകയറലിന്റെ മൂഡിലാണിപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍. പ്രതിദിന കോവിഡ് കേസുകള്‍ എല്ലാ രാജ്യങ്ങളിലും ഗണ്യമായി കുറഞ്ഞു. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ചില രാജ്യങ്ങളില്‍ കുറച്ചു ദിവസങ്ങളായി ഒരു ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒറ്റ കോവിഡ് മരണവും റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യവുമുണ്ട്. പല കോവിഡ് സ്‌പെഷ്യല്‍ ക്ലിനിക്കുകളും പൂട്ടിത്തുടങ്ങി. തുറന്നിരിക്കുന്ന സെന്ററുകളിലൊന്നും തിരക്കും വെപ്രാളങ്ങളുമില്ല. ചിട്ടയായും വേഗത്തിലും വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിപ്പിക്കാന്‍ കഴിഞ്ഞതാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഈ ശുഭസാഹചര്യത്തിന് പ്രധാന കാരണം. വിദേശികള്‍ അടക്കം എല്ലാവര്‍ക്കും പൂര്‍ണമായും സൗജന്യമായിരുന്നു വാക്‌സിന്‍. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്കു പോലും പിടിക്കപ്പെടുമെന്ന ഭയം കൂടാതെ വാക്‌സിന്‍ എടുക്കാന്‍ സൗകര്യമൊരുക്കിയ ചില രാജ്യങ്ങളുടെ നടപടി, പൊതുവേ ഗള്‍ഫ് ഭരണാധികാരികള്‍ പുലര്‍ത്തിപ്പോരാറുള്ള മനുഷ്യപ്പറ്റിന്റെ ഏറ്റവും പുതിയ ഉദാഹരണമായി.
ഗള്‍ഫിലെ തൊഴില്‍ മേഖല പതിയേ പഴയ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നതാണ് ആശ്വാസകരമായ കാര്യം. തൊഴിലിടങ്ങളിലും വ്യാപാര/വാണിജ്യ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഏര്‍പ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായും പിന്‍വലിച്ചതോടെ, പൊതു ജീവിതം സാധാരണ ഗതി പ്രാപിക്കുകയാണ്. ഇതോടെ കോവിഡ് കാലത്ത് തൊഴിലാളികളെ കുറച്ച തൊഴിലുടമകള്‍ തൊഴിലാളികളെ അന്വേഷിച്ചുള്ള പരക്കം പാച്ചിലിലാണിപ്പോള്‍. പതിനായിരക്കണക്കായ തൊഴിലാളികള്‍ക്ക് അവസരങ്ങള്‍ തുറക്കപ്പെടും. കടകളിലും റസ്‌റ്റോറന്റുകളിലും കെട്ടിട നിര്‍മാണ സൈറ്റുകളിലും തൊഴിലാളികള്‍ കുറവായതിനാല്‍ നടത്തിക്കൊണ്ടുപ്പോകാന്‍ സാധിക്കുന്നില്ലെന്നാണ് ഉടമസ്ഥര്‍ അടക്കം പറയുന്നത്. കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷവും അതിന് തൊട്ടുമുമ്പും നാട്ടിലേക്ക് പോയ ലക്ഷക്കണക്കിന് തൊഴിലാളികളുടെ തിരിച്ചുവരവ് അനിശ്ചിതമായി നീണ്ടതും ഇതിനിടയില്‍ പലരുടെയും വിസ കാലാവധി അവസാനിച്ചതുമാണ് തൊഴിലാളി ക്ഷാമം ഇത്ര രൂക്ഷമാകാന്‍ ഇടയായത്. കൈത്തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, ടെക്‌നീഷ്യന്മാര്‍, ഡ്രൈവര്‍മാര്‍, പാചകക്കാര്‍, മെക്കാനിക്കുകള്‍ തുടങ്ങിയ കാറ്റഗറികളില്‍ ഉള്ളവര്‍ക്കെല്ലാം അത്യാവശ്യം നല്ല ഡിമാന്റുണ്ട്. നിര്‍മാണ മേഖലയും റീടെയില്‍ വ്യാപാര സ്ഥാപനങ്ങളും പൂര്‍ണമായും പഴയത് പോലെയാകാന്‍ സമയം ഇനിയും എടുക്കുമെന്നിരിക്കെ, തൊഴിലവസരങ്ങൾ ഇനിയും കൂടുമെന്നതില്‍ സംശയമില്ല. തൊഴിലാളി ക്ഷാമം രൂക്ഷമായതിനാല്‍ നേരത്തെ കൊടുത്തതിനെക്കാള്‍ ഉയര്‍ന്ന കൂലി കൊടുത്ത് കരാറടിസ്ഥാനത്തില്‍ തൊഴിലാളികളെ വെച്ചാണ് പലരും സ്ഥാപനങ്ങള്‍ നടത്തുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മിക്ക ഗള്‍ഫ് രാജ്യങ്ങളും പിന്‍വലിച്ചിട്ടുണ്ട്. വളരെ ഉയര്‍ന്ന നിരക്കിലാണ് എല്ലാ വിമാന കമ്പനികളും ടിക്കറ്റുകള്‍ നല്‍കുന്നതെന്നതിനാലും, പല രാജ്യങ്ങളും പ്രതിദിന യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാലും നാട്ടില്‍ കുടുങ്ങിക്കിടക്കുന്നവരുടെ തിരിച്ചുവരവിന് വേഗം കൂടാന്‍ ഇനിയും സമയമെടുക്കും. ഇപ്പോഴും നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാത്ത രാജ്യങ്ങളുമുണ്ട്. അതിനാല്‍ തന്നെ, തൊഴിലാളി ക്ഷാമം അഥവാ ഉയര്‍ന്ന ഡിമാന്‍ഡ് കുറച്ച് കാലത്തേക്ക് തുടരുമെന്ന് തന്നെയാണ് കരുതേണ്ടത്. പ്രതിസന്ധി ഒഴിഞ്ഞിട്ടാവാം നാട്ടില്‍പോക്കെന്ന് കരുതി കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അവധികള്‍ക്ക് അവധി നല്‍കി ഗള്‍ഫില്‍ തന്നെ കഴിഞ്ഞിരുന്ന പലരും നാടണയാനൊരുങ്ങുകയാണിപ്പോള്‍. ഇപ്പോള്‍ മാര്‍കറ്റില്‍ ലഭ്യമായ തൊഴിലാളികളില്‍ വീണ്ടും കുറവ് വരുത്താന്‍ അതിടയാക്കും. അതായത്, ഗല്‍ഫ് രാജ്യങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം അല്‍പ കാലത്തേക്ക് കൂടി തുടരുമെന്ന് തന്നെ.
കോവിഡ് കാലത്ത് ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയ സര്‍വീസ് മേഖല ഡെലിവറി സര്‍വീസുകളാണെന്ന് പറയേണ്ടതില്ലല്ലോ. ഗള്‍ഫിലും അത് തന്നെയാണ് സ്ഥിതി. ഈ രംഗത്തുണ്ടാകുന്ന ഉണര്‍വ് ഏറ്റവും നന്നായി സഹായിക്കുന്നത് ഡ്രൈവര്‍മാരെയാണെന്നത് കൊണ്ട് തന്നെ, എക്കാലത്തെയും ഉയര്‍ന്ന ഡിമാന്‍ഡും ശമ്പളവുമാണ് ഇപ്പോള്‍ ഡ്രൈവർമാര്‍ക്കുള്ളത്. ജനജീവിതം സാധാരണാവസ്ഥ പ്രാപിച്ചാലും ഡെലിവറി സര്‍വീസുകളെ ആശ്രയിച്ചു തുടങ്ങിയവര്‍ പെട്ടെന്നൊന്നും രീതി മാറ്റില്ലെന്നതിനാല്‍ ഈ രംഗം കൊഴുത്തു തന്നെ നില്‍ക്കാനാണ് സാധ്യത. ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള നിബന്ധനകള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കര്‍ശനമാണെന്നിരിക്കെ, പുതുതായി കൂടുതല്‍ പേര്‍ക്ക് ഈ മേഖലയിലേക്ക് പെട്ടെന്ന് കടന്നുവരാനുമാകില്ല. ഉള്ളവര്‍ക്ക് നല്ല കാലമായിരിക്കുമെന്നര്‍ഥം.
ഗള്‍ഫില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ പുതിയ വിസകള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുകയും നാട്ടില്‍ കുടുങ്ങിയവരുടെ തിരിച്ചുവരവ് വേഗത്തിലാക്കുകയും തന്നെയാണ് പരിഹാരം. ഗള്‍ഫിലെ ഏറ്റവും വലിയ മനുഷ്യ വിഭവവിതരണക്കാര്‍ ഇന്ത്യയാണെന്നിരിക്കെ, ഇന്ത്യന്‍ എംബസികള്‍ ഇക്കാര്യത്തില്‍ സജീവമായി ഇടപെടേണ്ട സമയമാണിത്.
കൈത്തൊഴില്‍ മേഖലയിലുള്ള ഈ ആശ്വാസം ഓഫീസ് സ്റ്റാഫിന്റെ കാര്യത്തില്‍ ഉണ്ടായേക്കില്ല. കോവിഡ് പ്രതിസന്ധി കാരണം വെട്ടിക്കുറച്ച ഓഫീസ് സ്റ്റാഫിന്റെ തസ്തികകള്‍ അതേ അളവില്‍ പെട്ടെന്ന് പുനഃസ്ഥാപിക്കപ്പെടാനുള്ള സാധ്യത കുറവാണ്. കോവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കത്തെ മറികടക്കാന്‍ പ്രയാസപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങള്‍, ഉള്ള സ്റ്റാഫിനെ വെച്ച് അധിക ജോലി ചെയ്യിക്കുകയെന്ന രീതി കുറച്ച് കാലത്തേക്കെങ്കിലും പയറ്റുമെന്നുറപ്പ്. മിഡില്‍ ക്ലാസ്സ് മലയാളികളില്‍ നല്ലൊരു ശതമാനവും ഗള്‍ഫില്‍ ഇത്തരം ജോലികളാണ് ചെയ്തുപോരുന്നതെന്നിരിക്കെ ഈ രംഗത്ത് ഉണ്ടാകുന്ന ക്ഷീണം കേരളത്തെ നന്നായി തന്നെ ബാധിക്കും.
തൊഴില്‍ രംഗത്തെ ഈ മാറ്റം പ്രവാസികളുടെ മനോനിലയെ കാര്യമായി സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ഒന്നരക്കൊല്ലം പ്രവാസികളെ സംബന്ധിച്ചിടത്തോളം തൊഴില്‍/ സാമ്പത്തിക നഷ്ടങ്ങളുടെ മാത്രം കാലമായിരുന്നില്ല. കടുത്ത മനസ്സംഘര്‍ഷങ്ങളുടെ കൂടി കാലമായിരുന്നു.
പറ്റിച്ചേര്‍ന്നു കഴിയുന്ന ജീവിതങ്ങള്‍ക്ക് വല്ല ആപത്തും പിണഞ്ഞാല്‍ സമാധാനിപ്പിക്കാനും മരിച്ചവരുടെ അന്ത്യകര്‍മങ്ങളില്‍ പങ്കാളികളാകാനും ഒരുവിധം പ്രവാസികളൊക്കെ ഓടിയെത്താറുണ്ട്. ഇക്കഴിഞ്ഞ ഒന്നരക്കൊല്ലം അതിനൊക്കെ മാറ്റമുണ്ടായി. മാതാപിതാക്കളുടെ ജീവനറ്റു കിടക്കുന്ന ശരീരങ്ങള്‍ക്കൊപ്പം പള്ളി മൈതാനിയിലേക്ക് പോകാന്‍ സാധിക്കാതെ റൂമുകളില്‍ അടച്ചിരുന്നു തേങ്ങിക്കരയുന്ന മക്കള്‍.. തൊഴിലും വരുമാനവും നിലച്ചതിനാല്‍ പാതിവഴിയില്‍ നിന്നുപോയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.. മാറ്റിവെക്കപ്പെട്ട കല്യാണങ്ങളും വീട് കൂടലുകളും.. വാപ്പയുടെ അവധിക്കാലം വരുന്നത് സ്വപ്‌നം കണ്ടുകഴിയുന്ന നാട്ടിലെ മക്കള്‍.. വാരിപ്പുണരാന്‍ കൊതിയോടെ അക്കരെയിക്കരെ കഴിയുന്ന ദമ്പതിമാര്‍.. തളര്‍ന്നുകിടക്കുന്ന ഉമ്മ വാപ്പമാരുടെ ചികിത്സക്കുള്ള പണം പോലും കണ്ടെത്താന്‍ കഴിയാതെ ഞെരുങ്ങുന്ന ഗള്‍ഫുകാരായ മക്കള്‍.. ഇങ്ങനെ, നാനാജാതി മനസ്സംഘര്‍ഷങ്ങളുടെ പ്രളയത്തില്‍ പെട്ടുപോയ പ്രവാസികള്‍ക്കും അവരുടെ ഉറ്റവര്‍ക്കും മുന്നിലാണ് ഗൾഫ് വീണ്ടും പ്രതീക്ഷയുടെ തിരിനാളം തെളിക്കുന്നത് ■

Share this article

About അബ്ദുല്ല വടകര

enpee.sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *