ദേശാന്തരീയ സാന്നിധ്യങ്ങള്‍

Reading Time: 4 minutes

കഴിഞ്ഞയാഴ്ച കൂട്ടുകാരന്‍ വാട്‌സാപ്‌വഴി ഫെയ്‌സ്ബുക്കിലേക്കുള്ള ഒരു ലിങ്ക് അയച്ചുതന്നിരുന്നു. തുറന്നപ്പോള്‍ കൗതുകം തോന്നി. 14 മാസമെടുത്ത് കണ്ണൂര്‍ സ്വദേശി ഫാത്വിമ ശെഹബ ഖുര്‍ആന്‍ മുഴുവനും കൈപടയില്‍ എഴുതിത്തീര്‍ത്തിരിക്കുന്നു. നമുക്കിടയില്‍ നിന്നൊരാള്‍ മനോഹരമായ കൈപടയെ ഇങ്ങനെ ആവിഷ്‌കരിക്കുന്നത് ആദ്യമാണെന്നാണ് അറിവ്. ഈ രൂപത്തില്‍ കുറച്ചധികം വാര്‍ത്തകള്‍ കഴിഞ്ഞ കുറഞ്ഞ കാലത്തിനിടെ നമ്മള്‍ വ്യാപകമായി കേള്‍ക്കുകയുണ്ടായി. വളരുന്ന സ്ത്രീസമൂഹം അവരുടെ ഇടങ്ങള്‍ കണ്ടെത്തുകയോ നിര്‍മിക്കുകയോ ചെയ്യുന്നതാണ് മിക്കതിലേയും വിശേഷം. ലോക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകമായി വിനിയോഗിച്ച കുറേ പേരെ നിരീക്ഷിച്ചപ്പോള്‍ അവയിലും നല്ല സാന്നിധ്യം പെണ്‍കുട്ടികളുടേതായിരുന്നു. അക്കാലയളവില്‍ ഏറ്റവും അധികം ദേശീയ, അന്തര്‍ദേശീയ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, എക്‌സ്‌പോട്ടിങ് വിഭവങ്ങള്‍, കലിഗ്രഫി, എംബ്രോയിഡറി, വീട്ടുപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ കഴിവുകളും ഒഴിവുകളും ക്രിയാത്മകമായി വിനിയോഗിക്കുന്ന അനേകം പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ ധാരാളം വാര്‍ത്തകളും വര്‍ത്തമാനങ്ങളും ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നു.
സോളോ ട്രിപ്പും മിംഗ്ൾ ട്രിപ്പുമൊക്കെയായി ഇന്ത്യ കറങ്ങുന്ന പെണ്‍ചിത്രങ്ങള്‍ ഇത്തിരി വേദനയോടെയാണ് ഫെയ്‌സ്ബുക് വാളില്‍ സ്‌ക്രോള്‍ ചെയ്തത്. മറ്റൊന്നും കൊണ്ടല്ല, ഇവര്‍ക്കെന്തെങ്കിലും ആപത്ത് പിണഞ്ഞാലോ, ആരെങ്കിലും എതിരിട്ടാലോ എന്നിങ്ങനെയുള്ള ബേജാറുകള്‍ കൊണ്ട് മാത്രം. നമുക്കവ കേട്ട് തഴമ്പിച്ച വാര്‍ത്തകളൊന്നുമല്ലല്ലോ.
എഴുത്തിനെ വളരെ പ്രാധാന്യത്തോടെ കാണുന്ന വേറെ കുറേ പെണ്‍കുട്ടികളുടെ രചനകള്‍ സമൂഹമാധ്യമങ്ങളിലും പുസ്തകക്കടകളിലും നിരന്തരം ഇപ്പോൾ കാണുന്നുണ്ട്. അവരുടെ പുസ്തകങ്ങളെ പ്രചരിപ്പിച്ചും വായിപ്പിച്ചും പ്രചോദനത്തിന്റെ ഉറവകളായിത്തീരുകയാണവര്‍. ഫിക്ഷനും മറ്റുമായി മികച്ച രചനകളാണ് മിക്കതും.
പൗരത്വ നിഷേധസമരക്കാലത്ത് സമര സൂചകങ്ങളായി ഉയര്‍ന്നുവന്ന പെണ്‍വിദ്യാര്‍ഥികളെ അന്നിറങ്ങിയ മിക്ക ആനുകാലികങ്ങളും ഫീച്ചര്‍ ചെയ്തിരുന്നു.
എംഎസ്എഫിന്റെ പെണ്‍ഭാഗമായ ഹരിത പ്രശ്‌നത്തിലും അനുഭവപ്പെട്ടത് മറിച്ചൊന്നല്ല. ഹരിതയുടെ അംഗങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെച്ച കൃത്യമായ ആലോചനകളും അവതരണങ്ങളും സമീപകാലത്തുണ്ടായ സര്‍ഗാത്മക സ്ത്രീസാന്നിധ്യങ്ങളിൽ പൊതുവേ ഉയർന്നുനിൽക്കുന്നതായാണ് വിലയിരുത്തപ്പെട്ടത്. എല്ലാറ്റിനുമപ്പുറം അതൊരു അക്കാദമിക് ഡിസ്‌കോഴ്‌സ് കൂടിയായിരുന്നു എന്നുവേണം നിരീക്ഷിക്കാന്‍.
പൊതുയിടങ്ങളില്‍ മികച്ച പിന്തുണയാണ് ഇത്തരം ഇടപെടലുകള്‍ക്ക് ലഭിക്കുക. അക്കാദമിക് സ്‌പെയ്‌സുകളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇവ ഇടം നേടുകയും ചെയ്യുന്നു.
കേരളത്തിലെ മുസ്‌ലിം കമ്യൂണിറ്റിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വ്യാപകമായി പ്രചരിച്ച, പരീക്ഷിച്ച ആശയമാണ് വുമന്‍സ് കോളേജ്. വിദ്യാര്‍ഥിനികള്‍ക്ക് മാത്രമുള്ള പഠനപദ്ധതി. റെസിഡന്‍ഷ്യല്‍ ഫെസിലിറ്റിയോടെയും അല്ലാതെയും മികച്ച പാഠ്യപദ്ധതിയാണ് മിക്ക കോളേജുകളും വിതരണം ചെയ്യുന്നത്. ഹയര്‍ സെക്കണ്ടറി, യു.ജി കോഴ്‌സുകള്‍ ഇസ്‌ലാമിക് തിയോളജിയോടൊപ്പം സംവിധാനിക്കുന്നുവെന്നതാണ് ഓരോ പഠനകേന്ദ്രത്തിന്റെയും വിശേഷം. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ഉസ്‌ബെക്, ഖസാക് തുടങ്ങിയ രാഷ്ട്രങ്ങളില്‍ സൗകര്യമൊരുക്കുന്ന പദ്ധതികളും നടന്നുവരുന്നു. ഇത്രയും വിശാലമായ വൈജ്ഞാനിക പശ്ചാത്തലത്തിലാണ് വളരുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന്റെ നില്‍പ്. അതാഗ്രഹിക്കുന്ന അനേകം പേര്‍ പുറത്തുമുണ്ട്. ചുരുക്കത്തില്‍, പെണ്‍കുട്ടികളുടെ അകാദമിക് വ്യവഹാരങ്ങളെ അഭിമുഖീകരിക്കാതിരിക്കാന്‍ കഴിയില്ലെന്ന ബോധ്യത്തോടെ, കൂടുതല്‍ മികച്ചതും സുരക്ഷിതവുമായ ഇടങ്ങള്‍ രൂപപ്പെടുത്തുകയാണ് കേരളത്തിലെ ബൗദ്ധിക, സ്ഥാപന കേന്ദ്രങ്ങള്‍.
നമ്മുടെ ദേശീയ സാക്ഷരതാ നിരക്ക് 73 ശതമാനമാണ്. കേരളത്തില്‍ സാക്ഷരരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടതലാണ്. കേരള സര്‍ക്കാറിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്നവരില്‍ അധികവും പെണ്‍കുട്ടികളാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നവരില്‍ മുന്നിലും വിദ്യാര്‍ഥിനികള്‍ തന്നെ. മുസ്‌ലിംകളില്‍ നിന്ന് ഉയര്‍ന്ന വിദ്യാഭ്യാസവും പ്രഫഷനല്‍ വിദ്യാഭ്യാസവും നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. കേരളത്തിനു പുറത്തെ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കു പുറമേ യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കും മറ്റും ധാരാളം വിദ്യാര്‍ഥികള്‍ കടന്നുചെല്ലുന്നു. പ്രവാസാനന്തരമുണ്ടായ മലയാളി കുടുംബങ്ങളുടെ സാമ്പത്തികാഭിവൃദ്ധി വിദ്യാഭ്യാസ വളര്‍ച്ചക്ക് കാരണമായിട്ടുണ്ട്. ഉയര്‍ന്ന സ്ത്രീ സാക്ഷരതയും വിദ്യാഭ്യാസ വളര്‍ച്ചയും കുടുംബത്തിനും രാജ്യത്തിനും ഗുണപരമായ ഫലങ്ങള്‍ ഉണ്ടാക്കുന്നു. വിശേഷിച്ചും കുടുംബത്തിന്റെയും കുട്ടികളുടെയും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചക്കിത് നിദാനമായിട്ടുണ്ട്. കൗതുകമുള്ളൊരു കാര്യം ചേര്‍ക്കട്ടെ, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്റ്റിയറിംഗ് സ്ത്രീകളുടെ കൈകളിലാണെന്ന് സമര്‍ഥിക്കുന്ന ഒരു തിസീസ് വര്‍ക്കുണ്ട്, പ്രവാസത്തില്‍ നിന്നും മറ്റും വന്നെത്തുന്ന സമ്പത്തിനെ കേരളത്തിലെ കമ്പോളങ്ങളില്‍ വിനിമയം ചെയ്യുന്നത് പല കുടുംബങ്ങളിലും സ്തീകളാണ്. പ്രത്യേകിച്ചും മലബാര്‍ ജില്ലകളില്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകളുടെ വിദ്യാഭ്യാസവും കാഴ്ചപ്പാടുകളും സമൂഹത്തിനും രാഷ്ടത്തിനും ധനാത്മകമായി ഭവിക്കുന്നു. പുറമേ മക്കളുടെ വിദ്യാഭ്യാസ, അനുബന്ധ മേഖലകളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാനും ഡെഡ് ഇന്‍വെസ്റ്റുകള്‍ ഒഴിവാക്കാനും അവര്‍ക്ക് കഴിയുന്നു.
ഇടങ്ങള്‍ കണ്ടെത്തുകയും തദനുസൃതമായ ശേഷികള്‍ സമ്പാദിക്കുകയും ചെയ്യുന്നുവെന്നതാണ് പുതിയ പെണ്‍സമൂഹത്തിന്റെ സവിശേഷ വര്‍ത്തമാനം. സാമ്പത്തികമായ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം എന്നതിനപ്പുറം വിജ്ഞാനം പ്രദാനം ചെയ്യുന്ന ആലോചനാവളര്‍ച്ച, സമൂഹിക വളര്‍ച്ച, അര്‍പണബോധം, പ്രവിലജ്, അപ്‌ഡേഷന്‍സ് തുടങ്ങിയ പ്രേരണകള്‍ കൂടി ആണ്‍കുട്ടികളെയെന്ന പോലെ പെണ്‍കുട്ടികളെയും വിദ്യാഭ്യാസ, തൊഴില്‍ ഇടങ്ങളിലേക്ക് എത്തിക്കുന്നുവെന്നുവെന്നതാണ് പുതുകാല വിശേഷം. ഇത് കേരളീയ സമൂഹത്തിന്റെ വരുംകാലങ്ങളിൽ കൂടുതൽ നിറക്കൂട്ടുകൾ വാരിവിതറാതിരിക്കില്ല ■
കംപ്യൂട്ടര്‍ ശാസ്ത്രജ്ഞന്മാരായ നിരവധിയാളുകളുടെ പേരുകള്‍ മനസിലുണ്ടാവും. പക്ഷേ, ആദ്യ വ്യക്തിഗത കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്ത മറിയം “അല്‍-ആസ്‌ട്രോലാബിയ’ അല്‍-ഇജ്‌ലിയയെ ആരും ഓര്‍ത്തെന്നു വരില്ല. പത്താം നൂറ്റാണ്ടില്‍ സിറിയയില്‍ ജനിച്ചുവളര്‍ന്ന അല്‍-ഇജ്‌ലിയ പിതാവില്‍ നിന്ന് ഡിസൈന്‍ വിദ്യകള്‍ പഠിച്ചു. “അല്‍-ആസ്‌ട്രോലാബിയ’ എന്ന വിളിപ്പേര് യാദൃഛികമല്ല. സൂര്യന്റെയും ഗ്രഹങ്ങളുടെയും സ്ഥാനം നിര്‍ണയിക്കുന്നതിനുള്ള നൂതന ഉപകരണമായിരുന്നു അവരുടെ ഒറ്റ കൈകൊണ്ട് നിര്‍മിച്ച ആസ്‌ട്രോലാബ്. ജ്യോതിശാസ്ത്രത്തിലെ നിസ്തുലമായ സംഭാവനകള്‍ അവരുടെ പേരിലുണ്ട്. അലെപ്പോയിലെ ഭരണാധികാരി സെയ്ഫ് അല്‍ ദാവ്‌ലയാണ് മരിയയെ നിയമിച്ചത്.
മുസ്‌ലിം വനിതാ ശാസ്ത്രജ്ഞരില്‍ അല്‍-ഇജ്‌ലിയ ഒറ്റക്കല്ല. എഡി 859ല്‍ ഫാത്വിമ അല്‍ഫിഹ്‌രി ലോകത്തിലെ ആദ്യത്തെ സര്‍വകലാശാലയായ അല്‍ ഖറവിയ്യീന്‍ മൊറോക്കോയിലെ ഫെസ്സില്‍ സ്ഥാപിച്ചു. ഇത് മുസ്‌ലിം ലോകത്തെ പ്രമുഖ ബൗദ്ധിക കേന്ദ്രമായി വികസിച്ചു. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഉന്നത വിദ്യാഭ്യാസ സമുച്ചയമായി ഇന്നും ഇത് പ്രവര്‍ത്തിക്കുന്നു.
2015ല്‍, ശാസ്ത്രലോകത്തിന്റെ ശ്രദ്ധ രാജകുമാരി നോറ ബിന്‍ അബ്ദുറഹ്മാന്‍ സര്‍വകലാശാലയിലെ സഊദി വിദ്യാര്‍ഥിനികളിലേക്ക് തിരിഞ്ഞു. ബെഡൂര്‍ അല്‍മഗ്‌രിബി, മഹാ അല്‍ഖഹ്താനി, തെക്ര അല്‍ഉതൈബി എന്നിവര്‍ സെന്‍സറി ന്യൂറോപ്പതി പ്രശ്‌നങ്ങളുള്ള രോഗികളില്‍ ഇന്ദ്രിയ പുനരധിവാസത്തിനും ഉത്തേജനത്തിനുമുള്ള ഉപകരണം കണ്ടുപിടിച്ചു. അതേസമയം, അല്‍മഗ്‌രിബിയും അല്‍ഖഹ്താനിയും ആളുകള്‍ക്ക് സെറിബ്രല്‍ അന്ധതക്കുള്ള ഗ്ലാസുകള്‍ രൂപകല്‍പ്പന ചെയ്തു. ഈജിപ്ഷ്യന്‍ വംശജയായ ഡോ. തഹീന അമേര്‍ നാസയിലെ പ്രഗദ്ഭയായ ടെക്‌നോളജിസ്റ്റാണ്. മെക്കാനിക്കല്‍ എൻജിനീയറിങില്‍ ബിരുദവും, എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, വിര്‍ജീനിയയിലെ നോര്‍ഫോക്കിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്ന് എൻജിനീയറിങില്‍ ഡോക്ടറേറ്റും നേടി, അമേര്‍ വ്യോമ ഗവേഷണ ശ്രമങ്ങളെ പിന്തുണക്കുന്നു.
മക്കയിലെ പ്രശസ്ത ശാസ്ത്രജ്ഞയാണ് ഡോ. ഹയാത്ത് സിന്ധി. കൂടാതെ മിഡില്‍ ഈസ്റ്റില്‍ നിന്ന് ബയോടെക്‌നോളജിയില്‍ പിഎച്ച്ഡി നേടിയ ആദ്യ വനിതയും അവരാണ്. ആഗോള ആരോഗ്യ പരിപാലനത്തിലെ അസമത്വങ്ങള്‍ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന അവര്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും സ്ഥാപിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് എന്റര്‍പ്രൈസ് കോംപറ്റീഷനില്‍ തന്റെ സംഘടനക്കായി ഒരു ലക്ഷം ഡോളര്‍ നേടിയെടുത്തിട്ടുണ്ട്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പത്തു മില്യന്‍ ഡോളറും ഗ്രാന്റായി നേടുകയുണ്ടായി. 2018ല്‍, ഹയാത്ത് സിന്ധി ബിബിസിയുടെ ലോകത്തെ 100 പ്രചോദനാത്മകവും സ്വാധീനമുള്ളതുമായ സ്ത്രീകളുടെ പട്ടികയില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാക്ഷരതാവിസ്‌ഫോടനത്തിന്റെ ഭാഗമായി പുരുഷ-സ്ത്രീ ഭേദമന്യേ പൊതുവിദ്യാഭ്യാസ രംഗവും തുറന്ന തൊഴിലവസരങ്ങളും മുസ്‌ലിം സ്ത്രീകളിലും വലിയ മാറ്റങ്ങളുണ്ടാക്കി. പ്യൂ റിസര്‍ച്ച് സെന്ററിന്റെ അഭിപ്രായത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന മതവിഭാഗമാണ് മുസ്‌ലിംകള്‍. സാമ്പത്തികമായും സാംസ്‌കാരികമായും രാഷ്ട്രീയമായുമുള്ള മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്കുള്ള പ്രധാനകാരണം, മുസ്‌ലിം സമൂഹങ്ങളുടെയും സമ്പദ്‌വ്യവസ്ഥയുടെയും വികാസത്തില്‍ മുസ്‌ലിംസ്ത്രീകള്‍ വഹിക്കുന്ന അനല്‍പമായ പങ്കാണ്. ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ അവര്‍ പരിശീലിക്കുന്ന മതവിദ്യാഭ്യാസം നിമിത്തമാകുന്നുണ്ട്. വ്യക്തിപരമായും സാമുദായികമായും സ്വന്തം വിശ്വാസജീവിതത്തിന്റെ ഉടമസ്ഥാവകാശവും ഉത്തരവാദിത്തവും അവകാശപ്പെടാന്‍ സര്‍ഗാത്മകമായ വികാസം പ്രാപിച്ചവരാണെന്ന് മുസ്‌ലിംസ്ത്രീകള്‍ തെളിയിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ചരിത്രം മത-രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളാല്‍ സമ്പന്നമാണ്. ചരിത്രത്തിലെ വ്യത്യസ്തമായ മേഖലകളില്‍ അവരുടെ സംഭാവനകള്‍ അടയാളപ്പെട്ടു കിടപ്പുണ്ട്. പ്രവാചക വചനങ്ങള്‍ രേഖപ്പെടുത്താനും നിയമാനുസൃതം കൈമാറാനും പുരുഷന്മാരെക്കാള്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ് സ്ത്രീകള്‍.

ഹിജാബോ ഫോബിയ
ഹിജാബിന് പല മാനങ്ങളുണ്ട്. വ്യക്തിത്വവും. ജീവിക്കുന്ന ചുറ്റുപാടുമനുസരിച്ച് മതഭക്തിയുടെ ചിഹ്നമായും സ്വത്വത്തിന്റെ പ്രതീകമായും സ്ത്രീയവകാശങ്ങളുടെ കവചമായും ഫാഷനായും ഹിജാബിന് ഇടമുണ്ട്. ആഗോളതലത്തില്‍, സ്ത്രീകള്‍ക്ക് അവരുടെ ശരീരം മറയ്ക്കാനുള്ള വസ്ത്രം തിരഞ്ഞെടുക്കാനുള്ള അവകാശം ഹിജാബോഫോബിയയിലും ഇസ്‌ലാമോഫോബിയയിലും വേരൂന്നിയ വിവാദ വിഷയമായി മാറിയിരിക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ ഹിജാബ്, നിഖാബ് അല്ലെങ്കില്‍ ബുര്‍ഖ ധരിക്കുന്നത് സമീപകാലത്ത് മതപരവും സാംസ്‌കാരികവുമായ ശത്രുതക്ക് കാരണമായിട്ടുണ്ട്.
അറബിയില്‍ ഹിജാബ് എന്നാല്‍ മറ എന്നാണ്. അപരന്റെ കാഴ്ചയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കലാണ് ഹിജാബിന്റെ പ്രഥമ ദൗത്യം. സ്ത്രീകള്‍ മൂടുപടം ധരിക്കുന്ന രീതിക്ക് ഏറെ പഴക്കമുണ്ട്. ബിസി 2500 വരെ, സ്ത്രീകള്‍ മൂടുപടം ധരിച്ചിരുന്നതായി രേഖകളിലുണ്ട്. വിവിധ സമൂഹങ്ങളില്‍ മാന്യമായ വസ്ത്രധാരണം ശീലമാക്കിയവരും ചരിത്രത്തിലുണ്ട്. പുരാതന മെസൊപ്പൊട്ടേമിയ, ബൈസന്റൈന്‍, ഗ്രീക്ക്, പേര്‍ഷ്യന്‍ ദേശങ്ങളിലെ സ്ത്രീകളും പല സാമ്രാജ്യങ്ങളുടെ അധിപകളും മാന്യതയുടെ അടയാളമായി മൂടുപടം ധരിച്ചിരുന്നു. ഇസ്‌ലാം, യഹൂദമതം, ക്രിസ്തുമതം എന്നീ മൂന്ന് അബ്രഹ്മാമിക വിശ്വാസങ്ങളിലെ നിരവധി സ്ത്രീകള്‍ മൂടുപടം വസ്ത്രത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തിരുന്നു.
എളിമയോടെ ജീവിക്കുക എന്ന അല്ലാഹുവിന്റെ കല്‍പന നിറവേറ്റാനുള്ള ഒരു മാര്‍ഗമായി സ്ത്രീകള്‍ ഹിജാബിനെ കാണുന്നുണ്ട്. ഇത് സ്ത്രീയുടെ ഒരവകാശമാണ്, നിസാരമായി കാണേണ്ടതല്ല. ഈ അദൃശ്യമായ എളിമയില്‍ പല സ്ത്രീകളും ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തുന്നുണ്ട്. മൂടുപടം ധരിച്ച് പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്ക് പുരുഷന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലേക്ക് സഞ്ചരിക്കുമ്പോള്‍ പോലും കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. ഹിജാബ് ധരിക്കുന്നത് പൊതുസ്ഥലത്ത് ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഹിജാബ് ധരിക്കുന്നവര്‍ക്ക് സ്വശരീരം കൂടുതല്‍ വിലമതിക്കുന്നതാണെന്ന കാഴ്ചപ്പാടുണ്ടാകാം. വസ്ത്രത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രഹേളികയെ അവര്‍ പരിഗണിക്കുന്നേയില്ല. പുരോഗമനം എന്നു പേരിട്ട വിവസ്ത്രതയെ സ്വീകരിക്കുന്നത് മാന്യമായ രീതിയല്ല എന്ന നിഗമനത്തിലാണ് അവരുള്ളത്. ശരീരം തുറന്നിട്ടവര്‍ക്കു മാത്രമേ സാമൂഹ്യ പരിഷ്‌കരണത്തിലും ലോക വ്യവഹാരങ്ങളിലും ഇടമുള്ളൂ എന്ന കുയുക്തികളൊന്നും ഹിജാബിനെ സ്‌നേഹിക്കുന്നവര്‍ക്കില്ല. ശരീരം പൂര്‍ണമായി മറച്ചുകൊണ്ടു തന്നെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇടപെടാമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ശോഭിക്കാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഹിജാബോഫോബിയയില്‍ വേരൂന്നിയ “അടിച്ചമര്‍ത്തലിന്റെ’ ആഖ്യാനങ്ങള്‍ പരക്കെ പ്രത്യക്ഷപ്പെട്ടിട്ടും പുരുഷ നോട്ടത്തിന്റെ പ്രയോജനത്തിനായി മാത്രം പരസ്യമായി ശരീര ഭാഗങ്ങള്‍, അതെത്ര നിസാരമായ ഭാഗമാണെങ്കിലും, പ്രദര്‍ശിപ്പിച്ച് വസ്ത്രം ധരിക്കുന്നത് വിമോചനത്തിന് തുല്യമല്ലെന്ന് പല സ്ത്രീകളും വിശ്വസിക്കുന്നു.
ഹിജാബ് ധാരണം കൂടുതല്‍ സാംസ്‌കാരിക അംഗീകാരം നേടുന്നുണ്ട്. ഒളിംപിക്‌സ് വേദിയില്‍ ശരീരം പ്രദര്‍ശിപ്പിക്കാത്ത വസ്ത്രമേ ധരിക്കൂ എന്നു പ്രഖ്യാപിച്ച ജര്‍മന്‍ വനിത അത്്‌ലറ്റുകള്‍ സമീപകാല മാതൃകയാണ്. കോണ്‍സ്റ്റബിള്‍ സീന അലി അടുത്തിടെ ന്യൂസിലാന്റിലെ ആദ്യത്തെ ഹിജാബീ പൊലീസ് ഓഫീസര്‍ ആയി ചരിത്രം സൃഷ്ടിച്ചു. യുകെയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ജഡ്ജിയായപ്പോള്‍ റാഫിയ അര്‍ഷാദ് ഒരു ട്രയല്‍ബ്ലേസറായിരുന്നു. എന്‍സിഎഎ ഡിവിഷന്‍ ബാസ്‌കറ്റ്‌ബോളിലെ ആദ്യത്തെ ഹിജാബി കളിക്കാരിയായിയത് ബില്‍ഖിസ് അബ്ദുല്‍ ഖാദിര്‍.

Share this article

About അൻവർ ബുഖാരി കാരേപറമ്പ്

anvarkareparmb@gmail.com

View all posts by അൻവർ ബുഖാരി കാരേപറമ്പ് →

Leave a Reply

Your email address will not be published. Required fields are marked *