ക്രിസ്ത്യാനിറ്റി, തസ്വവ്വുഫ്; ഹംസ യൂസുഫ്‌

Reading Time: 3 minutes

തസ്വവ്വുഫ്, പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വേറിട്ട കണ്ടെത്തൽ,
അമേരിക്കൻ ക്രിസ്ത്യാനിസം, സൈതൂന ഇൻസ്റ്റിറ്റ്യൂഷന്റെ
ദഅ്വ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള സംസാരഭാഗം.

• 1492ല്‍ നടന്ന ക്രൈസ്തവ അക്രമങ്ങളില്‍ സ്‌പെയിനിലെ ഇസ്‌ലാമിന് വലിയ തിരിച്ചടി ഉണ്ടായല്ലോ, മുസ്‌ലിം ചരിത്രത്തില്‍ ഇനി ഇതുപോലൊന്ന് ആവര്‍ത്തിക്കപ്പെടുമെന്ന് കരുതുന്നുണ്ടോ? പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളില്‍?

ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണ് 1492. മുസ്‌ലിംകള്‍ക്ക് ആപത്ത് നിറഞ്ഞ ഒരു വര്‍ഷം. പോര്‍ച്ചുഗീസും സ്‌പെയിനുമെല്ലാം അറ്റ്‌ലാന്റിക് കടന്ന് അമേരിക്കയില്‍ എങ്ങനെയെത്താം എന്ന് പഠിച്ചുകൊണ്ടിരിക്കുന്ന കാലം. കൊളംബസ് അറ്റ്‌ലാന്റിക് കടക്കുന്നതിന് മുമ്പ് തന്നെ മുസ്‌ലിംകള്‍ മുറിച്ചുകടന്നിട്ടുണ്ടെന്ന് സംശയത്തിന് വകയില്ലാത്ത കാര്യമാണ് എന്നത് വേറെ.
യഥാര്‍ഥത്തില്‍ 1492ലെ കുരിശുയുദ്ധത്തോടെയല്ല, അതിനു മുമ്പ് തന്നെ ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പല രൂപത്തില്‍ തുടങ്ങിയിരുന്നു. ഇപ്പോഴും പലയിടത്തും സമാനപരിശ്രമങ്ങള്‍ നടക്കുന്നതുപോലെ കാണാം. അമേരിക്കയിലെ ക്രിസ്ത്യന്‍ ആശയങ്ങളുടെ ശത്രു മുസ്‌ലിംകള്‍ മാത്രമല്ല. പ്രത്യുത, അമേരിക്കന്‍ ജനാധിപത്യം കൂടിയാണ്. അവര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ഇസ്‌ലാമിന് എതിരും മുന്‍ധാരണയോട് കൂടിയതുമാണ്. ഇസ്‌ലാം എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയും ഇല്ലാത്തവിധം ബുദ്ധിശൂന്യവും ആണവ.
അമേരിക്കന്‍ രാഷ്ട്രീയം വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആഗോളതലത്തിലെ കോര്‍പറേറ്റ് ലോബികള്‍ കൈയടക്കിവച്ചതാണ് അമേരിക്കന്‍ ജനാധിപത്യം. അമേരിക്കയുടെ മേല്‍ കോര്‍പറേറ്റുകള്‍ക്ക് എത്രമാത്രം സ്വാധീനം ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ അദ്ഭുതപ്പെട്ടുപോകും. ഇതുകൊണ്ടൊക്കെ, മനുഷ്യത്വത്തിന് പ്രാമുഖ്യം നല്‍കുന്നവരുടെ കണ്ണുകള്‍ അമേരിക്കക്കു മേല്‍ ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ യൂറോപ്പിനു സമാനമായി അമേരിക്കയിലും പലതും സംഭവിക്കും എന്നതുറപ്പാണ്. യൂറോപ്പിലെ വിഷയങ്ങളെ പറ്റി വിശദമായി പറയാന്‍ മാത്രം എനിക്കറിയില്ല. പക്ഷേ അമേരിക്കയുടെ പ്രശ്‌നത്തിന്റെ ആകെത്തുക ഇങ്ങനെയൊക്കെയാണ്.

•ഏകദൈവവാദം പ്രചരിപ്പിക്കുന്നതു കൊണ്ട് ക്രിസ്ത്യന്‍ വിഭാഗത്തിന് ഇക്കാലത്ത് പുരോഗതി സാധ്യമാകുമോ? പ്രത്യേകിച്ച് ക്രൈസ്തവ ചര്‍ച്ചിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ സമീപനങ്ങളുടെ പേരില്‍ ശാസ്ത്രത്തോടും ഗലീലിയോ പോലുള്ള ശാസ്ത്രജ്ഞരോടും ഈയിടെ പോപ്പ് ക്ഷമ ചോദിച്ചിരുന്നു. ഇത് അവര്‍ക്ക് നന്മ വരുത്താനിടയുണ്ടോ?
ക്രിസ്ത്യന്‍ നവോത്ഥാന കാലഘട്ടങ്ങളില്‍ വളരെ ശക്തമായ രൂപത്തില്‍ ഏകദൈവവാദം നിലനിന്നിരുന്നു. പ്രത്യേകിച്ച് 15, 16 നൂറ്റാണ്ടുകള്‍ക്കിടയില്‍. ഇസ്‌ലാമിനോട് സാദൃശ്യം ആകാന്‍ ശ്രമിക്കുന്ന തരത്തില്‍ എക്കാലത്തെയും മികച്ച തത്വങ്ങള്‍ അവര്‍ അന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. ജോസഫ് പ്രീസ്റ്റ്‌ലി എന്നയാളായിരുന്നു ഇതിന്റെ മുന്‍നിരയില്‍. അക്കാലത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ ഇദ്ദേഹത്തിന്റെ പേര് വ്യാപകമായി കാണാം.
പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ആ ഏകദൈവവാദം സര്‍വമതതുല്യ വാദത്തിലേക്ക് നീങ്ങുകയായിരുന്നു. അങ്ങനെ ദൈവത്തിന്റെ ഏകത്വവും ക്രിസ്തുവിന്റെ കാരുണ്യവുമെല്ലാം പറഞ്ഞിരുന്ന ചര്‍ച്ചുകള്‍ തന്നെ ഭഗവദ്ഗീതയോ ഖുര്‍ആനോ ബൈബിളോ മറ്റേത് മതഗ്രന്ഥങ്ങളാണെങ്കിലും അതെല്ലാം വായിക്കാമെന്ന് നിലപാടിലേക്ക് മാറിത്തുടങ്ങി. ഇന്നത്തെ ഏകദൈവവാദികളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഞാന്‍ മനസിലാക്കുന്നത് അവര്‍ ആദരണീയരും തുറന്ന മനസുള്ളവരുമായിരുന്നു എന്നാണ്. ഇന്നത്തെ ഏകദൈവവാദികള്‍ക്ക് ഇല്ലാത്ത ധാര്‍മികതയും നൈതികതയുമെല്ലാം പഴമക്കാര്‍ക്ക് ഉണ്ടായിരുന്നു.

•തസ്വവ്വുഫിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്?
ഇസ്‌ലാമിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് തസ്വവ്വുഫ്. പ്രവാചകര്‍(സ്വ) നമ്മെ പഠിപ്പിച്ചത് ദീന്‍ മൂന്നു ഭാഗങ്ങള്‍ ആണെന്നാണ്. ഒന്ന് ഇസ്‌ലാം, അതാണ് കര്‍മശാസ്ത്രം. രണ്ട് ഈമാന്‍, അല്ലാഹുവിനെ പറ്റിയും അവന്റെ സൃഷ്ടികളെ പറ്റിയുമുള്ള അറിവാണത്. മൂന്നാമത്തെത് ഇഹ്‌സാന്‍, അവനെ കാണുന്നതുപോലെ ആരാധിക്കണം, അതിനു കഴിയുന്നില്ലെങ്കില്‍ അല്ലാഹു നമ്മളെ കാണുന്നുണ്ട് എന്ന് കരുതി ആരാധിക്കണമെന്നാണ് അത് പഠിപ്പിക്കുന്നത്. ഇഹ്‌സാന്റെ ശാസ്ത്രമാണ് സൂഫിസം അഥവാ തസ്വവ്വുഫ്.
സ്വര്‍ണത്തില്‍ നല്ലതും വ്യാജവും ഉള്ളതുപോലെ സൂഫിസത്തിലുമുണ്ട്. ഈ ശൃംഖലയിലെ ലോകത്തെ തന്നെ ഏറ്റവും മോശപ്പെട്ട ആളുകള്‍ സൂഫി ഷാര്‍ലന്റുകളാണ്. വലിയ തലപ്പാവും കുറെ അനുയായികളും ഖാന്‍ഗാഹുകളും ഒക്കെ ഉള്ളവരായിരിക്കാം ഇവര്‍. എങ്കിലും ഇവര്‍ക്ക് പ്രധാനം സ്വാര്‍ഥതാത്പര്യങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കലുമൊക്കെയാണ്.
അതേസമയം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ), മുഈനുദ്ദീന്‍ ചിശ്തി(റ) തുടങ്ങിയ യഥാര്‍ഥ സൂഫികള്‍ മാനവികതക്ക് വില കല്‍പിച്ചവരും പ്രവാചകജീവിതം കൃത്യമായി പകര്‍ത്തിയവരും ആയിരുന്നു. ഇത്തരം മഹാന്മാരുടെ ജീവിതത്തില്‍ ആകൃഷ്ടരായി പതിനായിരങ്ങള്‍ ദീനിലേക്ക് വരികയായിരുന്നു. ഇവരുടേത് പോലെയുള്ള പിന്മുറക്കാരും ഉണ്ട്. ഈ രണ്ടു വിഭാഗങ്ങളെയും വേര്‍തിരിച്ചറിയാന്‍ മാത്രം നമ്മള്‍ പ്രാപ്തരാകണം.
അതുപോലെ ഖുര്‍ആന്‍ മനഃപാഠമാക്കുന്നവരും ഹദീസ്, ഫിഖ്ഹ് എന്നിവകളിലൊക്കെ പരിജ്ഞാനമുള്ളവരും ജനങ്ങളുമായി, പ്രത്യേകിച്ച് പാവപ്പെട്ടവരുമായി ഇടപഴകാന്‍ ശ്രദ്ധ കാണിക്കണം. അവര്‍ ശിതീകരിച്ച കാറിലും മറ്റും പോകുന്നത് ജനങ്ങള്‍ കാണുന്നു എന്ന ഒരേയൊരു ബന്ധം മാത്രമാകരുത്. ഖുര്‍ആന്‍ മനഃപാഠം ഉണ്ടാവുകയും നാലു മദ്ഹബുകളില്‍ ഫത്‌വ കൊടുക്കാന്‍ മാത്രം അറിവുള്ളത് കൊണ്ട് മാത്രം ഒരു നല്ല വ്യക്തി ആകുന്നില്ല. സ്വഭാവവും സംസ്‌കാരവുമാണ് നന്നാവേണ്ടത്. അല്ലാഹുവിനെ സ്‌നേഹിക്കുന്ന, പ്രവാചകനെ അനുകരിക്കുന്ന, ഖുര്‍ആനിനെയും ഹദീസുകളെയും യഥാര്‍ഥ സത്യത്തിനു വേണ്ടി ഉപയോഗിക്കുന്ന പണ്ഡിതരാണ് നമുക്ക് ആവശ്യം. അവര്‍ ജനങ്ങളോട് കാരുണ്യം കാണിക്കുന്നവരും നാടിന്റെ പുരോഗതിക്ക് വേണ്ടി കഠിനമായി പരിശ്രമിക്കുന്നവരും ആയിരിക്കും.

• ഈ അടുത്തായി നിങ്ങള്‍ A Muslim in Victorian America the Story of Alexander Russell Webb (മരണം 1916) എന്ന ആത്മകഥ എഴുതുകയുണ്ടായി. അദ്ദേഹം അമേരിക്കയില്‍ നിന്ന് നേരത്തെ മുസ്‌ലിമായ ആളുകളില്‍ പെട്ടവരാണ്. അതുപോലെ Roots of Islam in America asave of Muslim presence in the new world from earliest evidence until 1965 എന്ന പുസ്തകം നിങ്ങള്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. രണ്ടാമത്തെ പുസ്തകത്തിലെ നിങ്ങളുടെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണ്?
സത്യത്തില്‍ A Muslim in Victorian America the story of Alexander russell webb എന്ന പുസ്തകം Roots of Islam in America എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ്. എല്ലാവരോടും ആ പുസ്തകം ഉപയോഗപ്പെടുത്തണമെന്ന് പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. കാരണം അമേരിക്കയിലെ അദ്ഭുതങ്ങളാണ് അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വെബ്ബിന്റെ ജീവിതം അമേരിക്കന്‍ ചരിത്രവുമായി ഒട്ടിനില്‍ക്കുന്നുണ്ട്. അതിന്റെ എഴുത്തിലുടനീളം അമേരിക്കന്‍ ചരിത്രസംബന്ധിയായ ഉള്‍ക്കാഴ് ച ഉണ്ടാക്കുന്നതിനായി ഞാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. അഞ്ചുവര്‍ഷം വരെ എഴുതി ത്തീര്‍ക്കാന്‍ എടുത്തു. ആ ഓരോ നിമിഷങ്ങളും ആസ്വദിച്ചാണ് ചെലവഴിച്ചത്. അല്‍ഹംദുലില്ലാഹ്.
Roots of Islam in America എന്ന പുസ്തകം കുറെ ഭാഗങ്ങളായി പുറത്തിറക്കാന്‍ ആയിരുന്നു തീരുമാനിച്ചിരിക്കുന്നത്. തുര്‍ക്കികള്‍, മൂറുകള്‍, മോറിസ്‌കോകള്‍ തുടങ്ങി വ്യത്യസ്ത തലക്കെട്ടുകളോട് കൂടി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ റൂട്ട്‌സ് ഓഫ് ഇസ്‌ലാം ഇന്‍ അമേരിക്കയുടെ അടുത്ത ഭാഗങ്ങളായി ഇറക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഈ പുസ്തകത്തിലെ മറ്റൊരു കാര്യം മാലിയുടെ രാജാവായിരുന്ന ദി ഗ്രേറ്റ് മാന്‍ഡിങോ മാന്റെ കന്‍കന്‍ അബൂബക് ർ 1312ല്‍ 2000 ബോട്ടുകളുമായി അറ്റ്‌ലാന്റിക് മുറിച്ചുകടന്നിരുന്നു എന്നത് സ്ഥാപിക്കലാണ്. ഇത് അറേബ്യന്‍ ഗ്രന്ഥങ്ങളിലെല്ലാം പറഞ്ഞിട്ടുള്ള കഥയാണ്. പക്ഷേ അതൊരു യാഥാര്‍ഥ്യം കൂടിയാണ് ഇത് എന്നുള്ളത് നിസ്സംശയം പറയാന്‍ സാധിക്കും. കാരണം ഇത് തെളിയിക്കുന്ന ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ നമ്മുടെ കൈവശമുണ്ട്. ഇത് കൊളംബിയന്‍ അമേരിക്കയുടെ ചിത്രം തന്നെ മാറ്റിവരക്കും. മുസ്‌ലിംകള്‍, പ്രത്യേകിച്ച് മന്‍ഡിങോ വംശജര്‍ കൊളംബസിനെക്കാള്‍ മുമ്പ് തന്നെ അറ്റ്‌ലാന്റിക് മുറിച്ചുകടന്നിട്ടുണ്ടെന്നത് ഇപ്പോഴത്തെ ലോകത്തിനു പുതിയ ചരിത്രമായിരിക്കും. ഇതാണ് ഞാന്‍ അടുത്ത ഭാഗത്തില്‍ ചേര്‍ക്കുന്ന ഒരു കണ്ടെത്തല്‍. ഇത്തരം ഗവേഷണങ്ങളോട് നല്ല താത്പര്യമാണ് ആളുകള്‍ കാണിക്കുന്നത്.

യുഎസിലെ ദഅ്‌വാ പ്രവര്‍ത്തനങ്ങളില്‍ ഹംസ യൂസുഫിന്റെയും സൈതൂന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംഭാവനകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഹംസ യൂസുഫ് എനിക്ക് സ്വന്തം സഹോദരനെ പോലെയാണ്. മുപ്പത് വര്‍ഷത്തോളം ഞങ്ങള്‍ ഒപ്പമായിരുന്നു. ഒരേ അധ്യാപകരുടെ അടുത്ത് ഒരേ സേവനത്തില്‍ പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും ബഹുമാനിച്ചും കഴിഞ്ഞവരായിരുന്നു ഞങ്ങള്‍ രണ്ടുപേരും.
കഴിഞ്ഞവര്‍ഷം സൈതൂന ഇന്‍സ്റ്റിറ്റ്യൂട്ട് ദഅ്‌വാ രംഗത്ത് വലിയ തുടക്കങ്ങളാണ് നടത്തിയിട്ടുള്ളത്. അപ്പോള്‍ ഞാന്‍ അവിടെ ലക്ചററായി ഉണ്ടായിരുന്നു. ആദ്യവര്‍ഷം തന്നെ അതെല്ലാം വലിയ വിജയമാണ് സാധിച്ചെടുത്തത്. അവരുടെ വിഷന്‍ വളരെ വിശാലവും വിലയേറിയതുമാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവരുടേതുപോലെയുള്ള പ്രവര്‍ത്തനങ്ങളാണ് നമുക്കിപ്പോള്‍ ആവശ്യമായിട്ടുള്ളതും.
സൈതൂന കോളേജിന്റെ എടുത്തുപറയാവുന്ന സവിശേഷത തെരുവിലിറങ്ങി പാവപ്പെട്ടവരെ സഹായിക്കുകയും ആവശ്യക്കാര്‍ക്ക് അന്നം നല്‍കുകയും ചെയ്യുന്നു എന്നതാണ്. പലരും മനസിലാക്കുന്നത്, അമേരിക്കയില്‍ എല്ലാവര്‍ക്കും വലിയ വീടുകളും മൂന്നു കാറുകളും ഉണ്ടെന്നാണ്. പക്ഷേ ഇവിടെ ബോംബെയില്‍ ഉള്ളതിനേക്കാള്‍ നാടും വീടും ഇല്ലാത്ത എത്രയോ ആളുകള്‍ അമേരിക്കയിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അവരെ സഹായിക്കലാണ് സൈതൂന ലക്ഷ്യംവെക്കുന്നത്. ഇതുതന്നെയാണല്ലോ ഇസ്‌ലാമിക അധ്യാപനവും. ഇത് കുട്ടികള്‍ പരിശീലിപ്പിക്കുകയാണ് ഇവിടെവെച്ച്. പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) ഇത്തരത്തില്‍പ്പെട്ടവരെ സഹായിക്കുകയും തന്റെ അനുചരരെ അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നല്ലോ.

• സൈതൂനയുടെ ഈ ദഅ്‌വാ പ്രവര്‍ത്തനങ്ങളോട് അവിടുത്തെ സാധാരണ ജനങ്ങളുടെ പ്രതികരണം എങ്ങനെയാണ്?
അവിടുത്തെ ജനങ്ങളുടെ ശക്തമായ പിന്തുണ സ്ഥാപനത്തിന് ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് എക്കാലവും നിലനില്‍ക്കലും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന് അത്യാവശ്യമാണ്. നമുക്ക് അത്തരത്തിലുള്ള ഒരുപാട് സ്ഥാപനങ്ങള്‍ അനിവാര്യമായ ഒരു കാലമാണിത്.
നമ്മുടെ അനുവാചകര്‍ക്ക് എന്ത് സന്ദേശമാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്?
ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന ഈ നാട്ടുകാരായ ഇന്ത്യക്കാരോട് വലിയ സ്‌നേഹമാണ്. ഇന്ത്യയിലേക്കുള്ള യാത്ര എന്നെ വളരെ സന്തോഷിപ്പിച്ചു. ഇനിയുമിവിടെ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. അപ്പോഴേക്കും ഇവിടുത്തെ ഇസ്‌ലാം ഇനിയും കൂടുതല്‍ പ്രകാശപൂരിതമായിത്തീരുമെന്ന് പ്രതീക്ഷിക്കുകയാണ്. ഞാന്‍ മനസിലാക്കുന്നത് ഇന്ത്യയുടെ തെക്കു ഭാഗത്താണ് ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും നടക്കുന്നത് എന്നാണ്. അവരെയും കൂട്ടിപിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുകയാണെങ്കില്‍ വലിയ മാറ്റം നമുക്ക് സാധിച്ചെടുക്കാന്‍ കഴിയും ■

Share this article

About ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല / ബിജു അബ്ദുല്‍ഖാദിര്‍ , വിവർത്തനം: മുഹമ്മദ് എ ത്വാഹിർ

View all posts by ഡോ. ഉമറുല്‍ ഫാറൂഖ് അബ്ദുല്ല / ബിജു അബ്ദുല്‍ഖാദിര്‍ , വിവർത്തനം: മുഹമ്മദ് എ ത്വാഹിർ →

Leave a Reply

Your email address will not be published. Required fields are marked *