പുള്ളിക്കാരന്‍ ഇത്തിരി സ്ട്രിക്റ്റാ

Reading Time: 2 minutes

ഞാന്‍ പൊതുവേ കാര്യങ്ങള്‍ക്ക് കൃത്യത വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ്, എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വേണം, സാധനങ്ങള്‍ എടുത്തിടത്ത് തന്നെ വെക്കണം, ഉറങ്ങുന്നതും ഉണരുന്നതും ജോലിക്ക് പോകുന്നതിനെല്ലാം സമയകൃത്യത വേണം, ഭക്ഷണം, വസ്ത്രം എന്നിവക്ക് എന്റെ രീതിയുണ്ട്, ഞാന്‍ ഏൽപിക്കുന്ന ജോലികള്‍ കൃത്യമായി ചെയ്യണം. അത്രയൊക്കെയേ ഞാന്‍ പറയാറുള്ളൂ, ഇതിനാണിവര്‍ എന്നെ കുറ്റപ്പെടുത്തുന്നത്. നിങ്ങള്‍ ദേഷ്യപ്പെടാറുണ്ടോ? ഇതൊക്കെ കൃത്യമായി നടന്നില്ലെങ്കില്‍ ദേഷ്യം വരും, എനിക്കൊന്നും മനസില്‍ വെക്കാന്‍ അറിഞ്ഞുകൂടാ, ദേഷ്യം വന്നാല്‍ രണ്ടു പറയും, അതാരാ എന്നൊന്നും നോട്ടമില്ല, എന്റെ ശരി പറയാന്‍ എനിക്കാരെയും പേടി ഇല്ല.
എന്താണ് ജോലി? ഞാന്‍ കണ്‍സ്ട്രക്ഷനില്‍ സൂപര്‍വൈസര്‍ ആണ്, അവിടെയും ഞാന്‍ സ്ട്രിക്ട് ആണ്. പറഞ്ഞ പോലെ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ പെയ്‌മെന്റ് ഒന്നും കൊടുക്കില്ല, എൻജിനീയര്‍ എന്താണ് പറഞ്ഞത് എന്നൊന്നും നോക്കില്ല, എനിക്ക് തൃപ്തി ആയാല്‍ മാത്രമേ ഞാന്‍ അപ്രൂവ് ചെയ്യുള്ളൂ, അതിനിപ്പോള്‍ രണ്ടോ മൂന്നോ തവണ പൊളിക്കേണ്ടി വന്നാലും അത് ചെയ്യണം. അതാണ് എന്റെ പോളിസി.
ഇത്രയും കേട്ടതില്‍ നിന്ന് തന്നെ ഇതിന്റെ തുടര്‍ച്ച എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ.
ഒസിപിഡി (Obsessive Compuslive Personality Disorder) എന്ന അസ്വസ്ഥതയുടെ പ്രകടനമാണ് മുകളില്‍ കണ്ടത്. ഇത്തരത്തിലുള്ള ആളുകളുടെ ദിനചര്യകള്‍ മൂന്നു വിഷയങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കും.
ഒന്ന്. ചട്ടങ്ങള്‍ (Rules)
രണ്ട്. അടുക്കും ചിട്ടയും (Orderliness)
മൂന്ന്. നിയന്ത്രണങ്ങള്‍ (Control)
OCPD അഥവാ വസ്‌വാസിനോട് അടുത്തു നില്‍ക്കുകയും അതേസമയം വസ്‌വാസ് പോലൊരു പ്രത്യേക കാര്യത്തില്‍ ഒതുങ്ങിനില്‍ക്കാതെ ജീവിതത്തിലെ സകല മേഖലകളെയും സൃഷ്ടിക്കുന്നതാണ് ഇവര്‍ പൊതുവില്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍.

  • ജോലിയിലുള്ള അമിതമായ ആത്മാര്‍ഥത
  • ചെറിയ ഒരു കാര്യം പോലും സാരമില്ല എന്ന് പറഞ്ഞു ഒഴിവാക്കാന്‍ പറ്റാതിരിക്കുക
  • ഉദാരത, ഫ്ലെക്‌സിബിലിറ്റി ഇല്ലാതിരിക്കുക,
  • മറ്റുള്ളവരെ കാര്യങ്ങള്‍ ഏൽപിക്കാന്‍ പറ്റാതിരിക്കുക
  • സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയാതിരിക്കുക
  • നിയമങ്ങളും ചട്ടങ്ങളും ആയി കെട്ടുപിണഞ്ഞു നടക്കുക

അനന്തര ഫലങ്ങള്‍
കണിശക്കാരന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവരുടെ കര്‍ക്കശ സ്വഭാവം വീട്ടിലും ജോലിസ്ഥലത്തും വെറുപ്പ് സമ്പാദിക്കാന്‍ കാരണമാകുന്നു. വീട്ടില്‍ കുട്ടികള്‍ പിതാവിനെ പേടിച്ചു മാറി നടക്കും, പൊട്ടിത്തെറി ഒഴിവാക്കാനായി നാട്ടിലും വീട്ടിലും നടക്കുന്ന പല കാര്യങ്ങളും ഭാര്യ ഇയാളോട് പറയാതിരിക്കും. ജോലിസ്ഥലത്ത് തൊഴിലാളികള്‍ക്ക് താത്പര്യം ഉണ്ടാവില്ല, കാരണം കീഴില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യസ്ഥിതി മോശമായവരോട് പോലും മാനുഷിക പരിഗണന ഇല്ലാതെ നിര്‍ദാക്ഷിണ്യം പെരുമാറുന്നു, എല്ലാം നിയമത്തിന്റെ വഴിക്ക് എന്നു പറഞ്ഞു ഒഴിവാക്കുന്നു. കോണ്‍ട്രാക്ടര്‍ സപ്ലയര്‍മാരോട് വിന്‍വിന്‍ എന്ന നയം മാറ്റി “നിങ്ങൾക്കെന്തായി എന്ന് ഞാന്‍ അറിയേണ്ട’ എന്ന് ചിന്തിക്കുന്നു. ബാച്ചിലര്‍ റൂമുകളില്‍ ആളുകള്‍ക്ക് പുലി മാര്‍ക്ക് ആയി മാറുന്നു, വായിച്ച് പത്രം വെച്ച രീതിയും ബാത്‌റൂമില്‍ കാണുന്ന മുടിവരെ വിസ്‌ഫോടനങ്ങള്‍ക്ക് കാരണമാകുന്നു, കമ്മിറ്റികളിലെ പൊതുവിമര്‍ശകനും സ്ഥിരം പ്രതിപക്ഷവുമായി മാറുന്നു.
കണിശതയും കര്‍ക്കശ സ്വഭാവവും ഒരു പരിധിവരെ നല്ലതു തന്നെയാണ്. എന്നാല്‍ ഇത് മറ്റു വ്യക്തിക്കോ സമൂഹത്തിനോ ബുദ്ധിമുട്ട് ഉണ്ടാകുമ്പോള്‍ പ്രശ്‌നം ഗൗരവമാകുന്നു. കൂടെയുള്ളവര്‍ക്കത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. നിത്യജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് ഒരു പ്രതിസന്ധി എന്ന രീതിയില്‍ തിരിച്ചറിയുന്നത്.

പരിഹാര മാര്‍ഗങ്ങള്‍
പ്രശ്‌നം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് തന്നെയാണ് ഏറ്റവും വലിയ കടമ്പ. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ സൈക്കോതെറാപ്പികളിലൂടെയും ചികിത്സയിലൂടെയും മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഒന്നാണിത്. പല ശീലങ്ങളും വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുക്കുന്നതിനാല്‍ മോചനത്തിനും നല്ല സമയവും കഠിനമായ ശ്രമങ്ങളും ആവശ്യമുണ്ട് ■

Share this article

About അഹ്മദ് ഷെറിന്‍

sherin2k@gmail.com

View all posts by അഹ്മദ് ഷെറിന്‍ →

Leave a Reply

Your email address will not be published. Required fields are marked *