ബോഡി ഷെയിമിങ്; കുത്തുവാക്കിന്റെ മൂര്‍ച്ച

Reading Time: 2 minutes

മറ്റൊരാളുടെ ശരീരത്തെ തമാശ രൂപേണയോ അല്ലാതെയോ ആക്ഷേപിക്കുകയും അവമതിക്കുകയും ചെയ്യുന്ന രീതിയാണ് ബോഡി ഷെയിമിങ്. ഈ സംഞ്ജ പുതുതായിരിക്കാം.
പക്ഷേ എത്രയോ കാലങ്ങളായി ദേശ-ഭാഷ-ലിംഗ വ്യത്യാസമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കൃത്യമാണിത്. തടി കൂടിയതിന്റെയും കുറഞ്ഞതിന്റെയും പേരില്‍, മുടി കുറഞ്ഞു പോയതിന്റെയും നിറം മങ്ങിയതിന്റെയും കാരണത്താല്‍ എല്ലായിപ്പോഴും ആളുകള്‍ പരിഹസിക്കപ്പെടുന്നുണ്ട്. ബോഡി ഷെയിമിങ് വഴിയുണ്ടാകുന്ന മാനസിക അസ്വസ്ഥതകള്‍ക്ക് ഒരുപാട് ഉദാഹരണങ്ങള്‍ കണ്മുന്നിലുണ്ട്. നമ്മുടെ പരിസരങ്ങളിലും പരിചയങ്ങളിലും ഇത്തരം മുള്‍ വാക്കുകള്‍ ഉപയോഗിക്കുന്നവരും, അതിന്റെ നോവ് പറ്റുന്നവരുമുണ്ട്. ഇതില്‍ ഏറെ ദയനീയമായ കാര്യം, പലരും തങ്ങള്‍ ചെയ്യുന്നത് ബോഡി ഷെയിമിങ് ആണെന്ന് തിരിച്ചറിയുന്നില്ലെന്നതാണ്. കാരണം നമ്മുടെ ഇടയില്‍ അത്തരം പ്രയോഗങ്ങള്‍ സുലഭമാണുതാനും. ഉദാഹരണത്തിന്, ദിവസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നവര്‍ “നീ ആകെ കൊഴുത്തു പോയല്ലോ, ആകെ കറുത്ത് കരുവാളിച്ചു പോയല്ലോ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ വെച്ചായിരിക്കും സംസാരം തുടങ്ങുക. സാഹചര്യവും സന്ദര്‍ഭവും മനസിലാക്കാതെ ഇടിച്ചു കയറിയുള്ള ഇത്തരം വാക്കുകള്‍ തന്നെ മറ്റൊരാള്‍ പണിതുയര്‍ത്തിയ ആത്മവിശ്വാസം ഇടിച്ചു തകര്‍ക്കാന്‍ ധാരാളമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്താണ് ബോഡി ഷെയിമിങിനെ കുറിച്ചുള്ള ദയനീയമായൊരനുഭവം പങ്കുവെച്ചത്. ഏത് രൂക്ഷ സാഹചര്യങ്ങളിലും സമാധാന വാക്കുകള്‍ കൊണ്ടും മനസറിഞ്ഞ പരിചരണങ്ങള്‍ കൊണ്ടും ആശ്വാസ കേന്ദ്രങ്ങള്‍ ആവാറുള്ള കുടുംബത്തില്‍ നിന്ന് പോലും, നീയൊരു തടിയനാ.. നിന്റെ കൂടെ നടക്കാന്‍ എനിക്ക് പ്രയാസമുണ്ട് തുടങ്ങിയ പ്രയോഗങ്ങള്‍ ബാല്യത്തിലേ ഒരുപാട് തവണ കേള്‍ക്കേണ്ടി വന്നിട്ടുണ്ടത്രെ. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളെ നേരിടേണ്ടി വന്ന അദ്ദേഹത്തോട് സങ്കടവും, അതിജീവിച്ചതിനോട് ബഹുമാനവുമാണ് തോന്നിയത്. പക്ഷേ, എല്ലാവര്‍ക്കും തള്ളിക്കളയാനാകുന്നതല്ല ബോഡി ഷെയിമിങ്. കുടുംബത്തില്‍ നിന്ന് തുടങ്ങി, സാമൂഹിക ഇടങ്ങളില്‍ പങ്കുചേരുന്നത് മുതല്‍ ഒരുപക്ഷേ മരണം വരെയും കേള്‍ക്കേണ്ടി വരുന്ന കുത്തുവാക്കുകളുണ്ട്. മാതാപിതാക്കള്‍, സഹോദരര്‍, സഹൃദയര്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്ന് കുത്തുവാക്ക് കേള്‍ക്കേണ്ടി വരുമ്പോഴുണ്ടാവുന്ന ആധികള്‍ ചെറുതാണെന്ന് തോന്നും, പക്ഷേ ചിലപ്പോളത് അഗ്‌നിപരീക്ഷണമാകും. രക്ഷപ്പെടാന്‍ ത്രാണിയില്ലാത്തവര്‍ വെന്തുരുകും. പ്രാണന്‍ വരെ നഷ്ടപ്പെടുത്തും. വിദ്യാര്‍ഥികാലത്ത് അവസാനിക്കാതെ ജോലി സ്ഥലങ്ങളിലേക്കും സാമൂഹിക സാഹചര്യങ്ങളിലേക്കുമെല്ലാം ഇത്തരം അവഹേളനങ്ങളും അവഗണനകളും നീളുന്നുണ്ടെന്നാണ് 2019ല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ “ബോഡി ഷെയിമിങും അതുണ്ടാക്കുന്ന മാനസിക പ്രത്യാഘതങ്ങളും’ എന്ന വിഷയത്തോടനുബന്ധിച്ചു നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്. 20 വ്യത്യസ്ത നഗരങ്ങളിലെ 15 നും 65 വയസിനുമിടയിലുള്ള ആളുകളെ പങ്കെടുപ്പിച്ച സര്‍വേയില്‍ 47.5 ശതമാനം പേരും ജോലി സ്ഥലങ്ങളിൽ മുന്‍അനുഭവങ്ങള്‍ കാരണം ഇരകളായിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയത്. അതില്‍ 32.5 ശതമാനം പേരും സുഹൃത്തുക്കളില്‍ നിന്ന് തന്നെ അവമതി നേരിട്ടവരായിരുന്നു. 28 ശതമാനം പേര്‍ക്കും ബോഡി ഷെയിമിങിനെ എതിര്‍ത്തു സംസാരിക്കാന്‍ പോലും ആയില്ലത്രെ. പ്രിയപ്പെട്ടവരെ വേദനിപ്പിക്കരുതെന്ന് കരുതി സ്വയം ഉരുകി തീരുന്നവരാണ് ഇവര്‍. പില്‍കാലത്ത് ഇവരില്‍ ചിലര്‍ക്കെല്ലാം സ്വന്തം ശരീരത്തോടും രൂപത്തോടും അവജ്ഞയും വെറുപ്പും രൂപപ്പെടുന്നു. പലരും ഇത്തരം പരാമര്‍ശങ്ങള്‍ കേട്ട ശേഷം ലോകത്തെ അഭിമുഖീകരിക്കാന്‍ പോലും മടിക്കുന്നു. ഫോര്‍ട്ടിസ് സര്‍വേയില്‍ പങ്കെടുത്ത 62 ശതമാനം പേര്‍ക്ക് ബോഡി ഷെയിമിങിനെ തുടര്‍ന്ന് ദേഷ്യവും ഉത്കണ്ഠയും പരിഭ്രാന്തിയും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാകുന്നത്. ഇത്തരത്തില്‍ മാനസിക നിലയില്‍ ഗുരുതരമായ രൂപമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ബോഡി ഷെയിമിങ്. ചിലരില്‍ വിഷാദം വര്‍ധിച്ചു ആത്മഹത്യാ ചിന്തകളിലേക്ക് വരെ എത്താമെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്. വിഷാദത്തിലേക്ക് എത്തിച്ചേര്‍ന്നാല്‍ മരുന്നുകളും സൈക്കോ തെറാപ്പിയും കോഗ്‌നേറ്റീവ് തെറാപ്പിയും വേണ്ടി വരും. ആത്മനിന്ദയുടെ തോതനുസരിച്ച് തിരിച്ചുവരാനായി ഒന്നിലേറെ തെറാപ്പി സെഷനുകള്‍ തന്നെ വേണ്ടിവന്നേക്കാം. ജീവിതത്തില്‍ അനിഷ്ടങ്ങള്‍ തുറന്നു പറയുകയും അത്യാവശ്യ ഇടങ്ങളില്‍ തോന്നുന്ന ദേഷ്യം വെളിവാക്കുകയും വേണം എന്ന് തന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ പകര്‍ന്നു നല്‍കുന്ന പാഠം.
പൊതുവെ പെണ്‍കുട്ടികള്‍ക്കാണ് ബോഡി ഷെയിമിങ് നേരിടേണ്ടിവരിക എന്നൊരു ധാരണയുണ്ട്. അത് കൃത്യമല്ലെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. 2012ലെ ബ്രിട്ടീഷ് സർവേ പ്രകാരം 80.7 ശതമാനം പുരുഷന്മാരും ശരീര ഭാരത്തിന്റെ പേരിലോ താടിയും മുടിയും കുറഞ്ഞു പോയതിന്റെ പേരിലോ മെലിഞ്ഞിരിക്കുന്നതിന്റെ പേരിലോ ഷെയിമിങ് നേരിടുന്നുണ്ടെന്നതാണ് സത്യം. പുരുഷന്മാര്‍ പക്ഷേ തുറന്നുപറയാറില്ല. ഇത്തരം വിഷമങ്ങള്‍ ഉള്ളില്‍ അടിഞ്ഞ് പതിയെ ലഹരിയുപയോഗത്തിലേക്കും മറ്റും ചെന്നെത്തുന്നവരുമുണ്ട്.
ബോഡി ഷെയിമിങിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് നവ മാധ്യമങ്ങള്‍ വഴി സൃഷ്ടിച്ചെടുക്കപ്പെട്ട പെര്‍ഫെക്ട് ബോഡി ഇമേജ് ആണെന്നാണ് ഫോര്‍ട്ടിസ് സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം പേരും പറഞ്ഞത്. ആ അപബോധത്തെ ചൂഷണം ചെയ്താണ് സൗന്ദര്യ വിപണികള്‍ ലാഭം കൊയ്യുന്നത്. സ്ത്രീ പുരുഷ സൗന്ദര്യത്തിന്റെ പരിപൂര്‍ണത വെളുത്ത് മെലിഞ്ഞ നരക്കാത്ത നിറകേശമുള്ള ശരീരത്തിലാണെന്ന് പരസ്യോക്തികള്‍ പറയാതെ പറയുന്നു. പല ടിവി ഷോകളിലും സിനിമകളിലുമൊക്കെ ശരീരത്തിന്റെ പ്രത്യേകതകളെയും, വൈരൂപ്യങ്ങളെയും ചിരിക്കാനുള്ള വകയായി ഉപയോഗിക്കുമ്പോള്‍ ആ ബോധം കൊഴുക്കുന്നു. മനുഷ്യ ശരീരത്തിന്റെ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാനാവാതെ സൃഷ്ടിച്ചെടുക്കപ്പെടുന്ന ഇത്തരം തമാശകള്‍ പരിപൂര്‍ണമായും നിരുത്സാഹം അര്‍ഹിക്കുന്നു ■

Share this article

About അജീര്‍ അബ്ദുറസാഖ്

View all posts by അജീര്‍ അബ്ദുറസാഖ് →

Leave a Reply

Your email address will not be published. Required fields are marked *