കാലാവസ്ഥക്ക് ഇണങ്ങിയ രൂപകല്‍പനകള്‍

Reading Time: 2 minutes

മിദ്‌ലാജ് ജമീല്‍

ലോകത്ത് വലിയ പ്രതിസന്ധി ഉയര്‍ത്തുന്ന കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് വാസ്തുകലയെ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രസക്തിയുണ്ട്. കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും രൂപകല്‍പനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍ക്കിടെക്റ്റുകള്‍, എന്‍ജിനിയര്‍മാര്‍, തദ്ദേശീയ വിദഗ്ധര്‍ തുടങ്ങിയവര്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തോതും ആഘാതവും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനനുസരിച്ചാവണം രൂപകല്പന നിര്‍വഹിക്കേണ്ടത്. ആഗോള ഊര്‍ജത്തിന്റെ 36% കെട്ടിടങ്ങള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. ഹരിതഗൃഹ വാതക ഉദ്ഭവത്തിന്റെ 33% കെട്ടിടങ്ങളില്‍ നിന്നുള്ള ഊര്‍ജ ഉപഭോഗം മൂലമാണ്. ആഗോള ഉദ്വമനത്തിന്റെ (emissions) 8% സിമന്റ് മൂലം മാത്രമുള്ളതായതിനാല്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വസ്തുക്കളെയും വസ്തുതകളെയും കുറിച്ചുള്ള ബോധ്യം അനിവാര്യമാണ്. ഈ പ്രതിസന്ധിയെ പരിഹരിക്കാനുള്ള ആശയങ്ങള്‍, മാര്‍ഗങ്ങള്‍ എന്നിവകളെ കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതും പ്രയോഗികമായി സാധ്യമാക്കേണ്ടതുമുണ്ട്. 2030 ആകുമ്പോഴേക്കും, ലോകമെമ്പാടുമുള്ള കെട്ടിടങ്ങളില്‍ ചതുരശ്ര മീറ്റര്‍ അനുസരിച്ചുള്ള ഊര്‍ജ ഉപഭോഗം 30% കുറക്കണമെന്ന് പാരീസ് കരാറില്‍ പറഞ്ഞിരിക്കുന്ന ലക്ഷ്യമാണ്. ആഗോളതലത്തില്‍ ഇതിനായുള്ള ആലോചനകളും നീക്കങ്ങളും ആരംഭിച്ചിട്ടുണ്ടെങ്കിലും നടപ്പിലാക്കേണ്ടത് നമ്മള്‍ തന്നെയാണ്. ഭൂമിയുടെ 3% മാത്രം വരുന്ന നഗരങ്ങളില്‍ നിന്നാണ് ലോകത്തെ ഹരിതഗൃഹ വാതക ഉദ്വമനത്തിന്റെ 70% വും ഉണ്ടാകുന്നത്. 2060ല്‍ വികസിത രാജ്യങ്ങളിലെ മൊത്തം പ്രതീക്ഷിക്കുന്ന കെട്ടിടങ്ങളുടെ ഏകദേശം 65% ഇപ്പോള്‍ തന്നെ നിര്‍മിച്ചു കഴിഞ്ഞു എന്ന വസ്തുതയെ നാം അതീവ ജാഗ്രതയോടെയാണ് ഉള്‍ക്കൊള്ളേണ്ടത്. ഊര്‍ജോപഭോഗ വിതരണത്തിലെ കാര്യക്ഷമതയില്ലായ്മയെ തിരിച്ചറിയുകയും വരാനിരിക്കുന്ന സമൂഹത്തിനു കൂടി സ്വസ്ഥമായി ജീവിക്കാനുള്ളതാണ് ഈ ഭൂമി എന്ന ഉത്തമബോധ്യം ഉണ്ടാവുക കൂടി ചെയ്യണം.
കെട്ടിടങ്ങളുടെ ഊര്‍ജോപഭോഗത്തില്‍ യുകെയില്‍ 70% ഊര്‍ജവും നീക്കിവച്ചിരിക്കുന്നത് കെട്ടിടങ്ങള്‍ ചൂടാക്കാന്‍ വേണ്ടിയാണ്. 19% തണുപ്പിക്കലിനും 7% ചൂടുവെള്ളത്തിനും 4% പ്രകാശത്തിനുമായി നീക്കിവച്ചിരിക്കുന്നു. 8% ആണ് സിമന്റ് ഉത്പാദനമേഖലയില്‍ നിന്നുളള ആഗോള ഇഛ2 ഉദ്വമനം. ഇത് ഒരു രാജ്യമായി പരിഗണിച്ചാല്‍ ചൈനക്കും യുഎസിനും പിന്നില്‍ മൂന്നാമത്തെ വലിയ എമിറ്റര്‍ ആയിരിക്കും സിമന്റ് ഫാക്ടറികള്‍. 400% ആണ് 1990 മുതല്‍ സിമന്റ് ഉത്പാദനത്തിലെ വര്‍ധന. 1950ന് ശേഷം ഇത് മുപ്പത് മടങ്ങ് വര്‍ധിച്ചതായി കാണാന്‍ കഴിയും.
നിര്‍ഭാഗ്യവശാല്‍ കേരളം പോലുള്ള ഭൂപ്രകൃതിയുള്ള ഒരു സ്ഥലത്ത് ഇന്ന് കൂടുതല്‍ ആളുകളും സ്വീകരിക്കുന്നതും ഇഷ്ടപ്പെടുന്നതും തീര്‍ത്തും വ്യത്യസ്തമായ ഭൂപ്രകൃതിയുള്ള പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഡിസൈന്‍ രീതിയാണ്. അതേസമയം ഭീമമായ തുക ചെലവഴിച്ചു സുഖജീവിതം ആസ്വദിക്കാനായി കേരളത്തിന്റെ തനത് മേന്മയുള്ള വാസ്തുകലയില്‍ നിര്‍മിച്ച റിസോര്‍ട്ടുകളില്‍ പോകുകയും ചെയ്യുന്നു. തദ്ഫലമായി കേരളത്തിലെ പ്രാദേശിക വാസ്തുവിദ്യക്കുണ്ടായിരുന്ന(Vernacular Architecture) പ്രകൃതിയോടുള്ള കരുതലിന്റെ മൂല്യങ്ങള്‍ പലതും നമുക്ക് നഷ്ടപ്പെടുകയും കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ കാര്യത്തില്‍ നിര്‍മാണ മേഖലക്ക് വലിയൊരു പങ്ക് ഉണ്ടാവാന്‍ കാരണമാവുകയും ചെയ്തു. ഇത് ആഗോള ഊര്‍ജവിതരണ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ ശതമാനം ആണെങ്കിലും വളരെയേറെ ഗൗരവമായി കാണേണ്ടത് തന്നെയാണ്. നമ്മുടെ ഭൂപ്രകൃതിയും അതിവേഗം മാറുന്നത് നാം അനുഭവിക്കുകയാണല്ലോ.
ഹരിതഗൃഹപ്രഭാവം മൂലം താപനില ശക്തമായി ഉയരുകയാണിന്ന്. ഉഷ്ണനില ക്രമാതീതമായി കൂടിയാല്‍ ജോലിസ്ഥലത്തെ ഉത്പാദനക്ഷമത കുറയും. ഇത് തൊഴിലാളികളെയും മുതലാളിമാരെയും പ്രത്യക്ഷത്തില്‍ തന്നെ സാരമായി ബാധിക്കും. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്ത കാരണങ്ങളാലുള്ള നാശനഷ്ടങ്ങള്‍ വര്‍ധിക്കും. ഇത് വഴി സൃഷ്ടിക്കപ്പെടുന്ന പുനരുദ്ധാരണങ്ങള്‍ക്കുള്ള ചെലവ് അധികമാവും. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതാപ്രതിസന്ധി രൂക്ഷമാകും. കാലാവസ്ഥാ വ്യതിയാനത്തിന് ഇരയാകുന്ന ലോകമെമ്പാടുമുള്ള വാസസ്ഥലങ്ങളില്‍ ഇപ്പോള്‍ താമസിക്കുന്നത് 880 ദശലക്ഷം മനുഷ്യരാണ്. ഒരുപക്ഷേ കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങളില്‍ യാതൊരുവിധ പങ്കുമില്ലാത്ത എത്രയോ സാധാരണ മനുഷ്യരും ഇനി വരുന്നൊരു തലമുറയുമാണ് ഇതിന്റെ നഷ്ട ഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് എന്നതാണ് വൈരുധ്യം.
നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടത്. നഗരാസൂത്രണങ്ങളില്‍ അനിവാര്യമായും ചില നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കെട്ടിട നിര്‍മാണ നിയമങ്ങളില്‍ പരിഷ്‌കരണങ്ങളും കൊണ്ടുവരേണ്ടതുണ്ട്. ഇവ നടപ്പിലാക്കപ്പെടുകയും വേണം. നഗരങ്ങള്‍ വൈദ്യുത പൊതുഗതാഗതം സ്വീകരിക്കുകയാണെങ്കില്‍ 2030 ഓടെ കാര്‍ബണ്‍ എമിഷന്‍ 250 ദശലക്ഷം ടണ്‍ കുറക്കാം. ഇങ്ങനെ വന്നാല്‍ നഗരങ്ങളില്‍ ആരോഗ്യം മെച്ചപ്പെടുത്തുകയും ശബ്ദ, വായു മലിനീകരണം കുറക്കുകയും ചെയ്യാം.
പ്രതീക്ഷാവഹമായി നെറ്റ് സീറോ നിഷ്‌ക്രിയ വീട്, ജീവനുള്ള കെട്ടിടങ്ങള്‍ (Net Zero, Passive House, and Living Buildings) എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ക്കായി കുറഞ്ഞപക്ഷമെങ്കിലും ആളുകള്‍ പ്രവര്‍ത്തിക്കുകയും അതുള്‍ക്കൊള്ളാന്‍ സമൂഹം തയാറാവുകയും ചെയ്യുന്നുണ്ട്. 1990 കള്‍ മുതല്‍ യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ പോലുള്ള വിവിധ കൂട്ടായ്മകള്‍ ആരോഗ്യകരമായ കെട്ടിടങ്ങള്‍ക്കായി കുറഞ്ഞ കാര്‍ബണ്‍ സ്വാധീനമുള്ള, കുറഞ്ഞ ഫോസില്‍ ഇന്ധന ഊര്‍ജം ഉപയോഗിക്കുന്ന, കുറഞ്ഞ മലിനീകരണം ഉത്പാദിപ്പിക്കുന്ന, അവ ഉപയോഗിക്കുന്ന ആളുകളുടെ ക്ഷേമം മെച്ചപ്പെടുത്തുന്ന അന്തര്‍നിര്‍മിത പരിതസ്ഥിതികളുടെ രൂപകല്പനയുടെ ഒരു ആശയമാണിത്. സ്‌നോഹെട്ട ആര്‍ക്കിടെക്റ്റ്‌സ് (Snohetta architects) രൂപകല്പന ചെയ്ത ഹാര്‍വാര്‍ഡ് സെന്റര്‍ ഫോര്‍ ഗ്രീന്‍ ബില്‍ഡിംഗിന്റെ കാര്യാലയം ഒരു നെറ്റ് സീറോ എനര്‍ജി കെട്ടിടത്തിന്റെ ഉദാഹരണമാണ്. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജില്‍, എല്ലാ പുതിയ കെട്ടിടങ്ങളും 2040 ഓടെ നെറ്റ് സീറോ ആകാനുള്ള പദ്ധതികള്‍ നടക്കുന്നു.
ആര്‍ക്കിടെക്റ്റുകള്‍ സുസ്ഥിരമായ രൂപകല്പനകള്‍ (Sustainable Architecture) പ്രോത്സാഹിപ്പിക്കണം. ഇലക്ട്രിക് ലൈറ്റിംഗ്, എയര്‍ കണ്ടീഷനിംഗ് പോലുള്ള കാര്‍ബണ്‍ തീവ്രമായ സാങ്കേതികവിദ്യകളുടെ ഉപയോഗം കുറയ്ക്കുകയും നിഷ്‌ക്രിയ വെന്റിലേഷന്‍ (passive ventilation) പോലുള്ള പരിഹാരങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും വേണം. കെട്ടിട രൂപകല്പന, മെറ്റീരിയലുകള്‍, സിസ്റ്റങ്ങള്‍ കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്ത് സാങ്കേതികവിദ്യകള്‍ വളര്‍ത്തേണ്ടതുണ്ട്. ഒപ്പം സമൂഹം ഇത്തരം മുന്നേറ്റങ്ങള്‍ക്ക് തയാറാവുകയും വേണം. വ്യക്തിപരവും തൊഴില്‍പരവുമായ ശേഷിയില്‍ നമ്മുടെ കഴിവുകളും പ്രവര്‍ത്തനങ്ങളും പ്രയോഗിക്കുന്നതിന് ഓരോ പൗരനും ബാധ്യതയുണ്ട്.

References:
https://www.archdaily.com/931240/thefactsaboutarchitectureandclimatechange
https://www.architectmagazine.com/design/editorial/theclimateischangingsomustarchitecture_o
https://www.architecturaldigest.com/story/designersarchitectstakeonclimatechange

Share this article

Leave a Reply

Your email address will not be published. Required fields are marked *