ബ്രസല്‍സിലെ വിശേഷങ്ങള്‍

Reading Time: 4 minutes

സുജീര്‍ മുഹമ്മദ്

ബവേറിയയിലെ രണ്ടാമത്തെ വലിയ നഗരമാണ് ന്യൂറംബര്‍ഗ്. രണ്ടാം ലോക മഹായുദ്ധ ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള ജര്‍മന്‍ നഗരം. ഹിറ്റ്‌ലറുടെയും നാസി പാര്‍ട്ടികളുടെയും ഒരു പ്രധാന കേന്ദ്രമായിരുന്നവിടം. നാസികളുടെ കൂറ്റന്‍ റാലികള്‍ നടന്നിരുന്ന നഗരമാണ്. ആ റാലികളില്‍ ഒന്നിലാണ് ഹിറ്റ്‌ലര്‍ ജൂതന്മാര്‍ക് ജര്‍മനിയില്‍ ഇടമില്ലെന്ന പ്രഖ്യാപനം നടത്തിയത്. വലിയ രണ്ട് റെയില്‍വേ സ്റ്റേഷനുകളുണ്ട് ന്യൂറംബര്‍ഗില്‍. ചരക്കുകളും മറ്റും കൈകാര്യം ചെയ്യുന്ന കണ്ടയ്‌നര്‍ റെയ്ഡ് പോലുള്ള സ്റ്റേഷനുണ്ട്. പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷനുമുണ്ട്. ഇറങ്ങാനുള്ള സ്റ്റേഷന്‍ ഇതാണെന്നു ഉറപ്പ് വരുത്താനായി ജാലകത്തിലൂടെ ഉറ്റു നോക്കുകയാണ് ഞാന്‍. ന്യൂറംബര്‍ഗ് സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയിരിക്കുന്നു. ട്രെയിനില്‍ നിന്ന് ഒമ്പതാം നമ്പര്‍ പ്ലാറ്റുഫോമില്‍ ഇറങ്ങി. ജര്‍മനിയെകുറിച്ച് പ്രക്ഷേപണം ചെയ്ത വിവരണങ്ങള്‍, സഞ്ചാര പ്രേമികളായ മലയാളിയെ ലോകം കാണാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം സാമൂഹിക മാധ്യമങ്ങളിലെ സഞ്ചാര ഗ്രൂപ്പുകളും ബ്ലോഗര്‍മാരും വ്‌ളോഗര്‍മാരും (Vlogger) ഒക്കെ വ്യത്യസ്ത ദൃശ്യസൗന്ദര്യാവതരണവും ലോക സഞ്ചാരത്തിന് പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഭൂമിയിലെ സ്വര്‍ഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് കാണാനുള്ള മോഹം ഒരുപാട് നാളായി മനസില്‍ കൊണ്ടുനടക്കുന്നു. ഒരവസത്തിന് കാത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് ജോലിയുടെ ഭാഗമായി ബെല്‍ജിയത്തിലേക്കുള്ള യാത്ര ഒത്തുവരുന്നത്. ബ്രസല്‍സില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ലോവിന്‍ ല നുവെയില്‍ (Louvain-La-Neuve) മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഒരു ഇവെന്റിലാണ് പങ്കെടുക്കേണ്ടത്. ബ്രസല്‍സിലേക്കുള്ള യാത്രയും അനുബന്ധ കാര്യങ്ങളും അറിയുന്നതിനു ശ്രമങ്ങള്‍ അപ്പോള്‍ തന്നെ തുടങ്ങി.
ഷേങ്കന്‍ രാജ്യങ്ങളുടെ (Schengen Countries)പരിധിയിലാണ് ബെല്‍ജിയം വരുന്നത്. ഒരൊറ്റ വിസ കൊണ്ട് തന്നെ ഷേങ്കന്‍ രാജ്യങ്ങളില്‍പെടുന്ന 26 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. കൃത്യമായി ആസൂത്രണം ചെയ്താല്‍ അയല്‍രാജ്യങ്ങള്‍ എല്ലാം സഞ്ചരിക്കാനുള്ള അവസരമാണിത്. നേരത്തെ തന്നെ യാത്രാബ്ലോഗുകള്‍ വായിക്കുന്ന ശീലമുള്ളത് കൊണ്ട് യാത്രക്കു വേണ്ട തയാറെടുപ്പുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. വിസ ലഭിക്കലായിരുന്നു ആദ്യത്ത കടമ്പ. ഷേങ്കന്‍ രാജ്യങ്ങളില്‍ ഏറ്റവും എളുപ്പം വിസ ലഭിക്കുന്ന രാജ്യം ഫ്രാന്‍സാണ്. ബിസിനസ് ട്രിപ്പ് ആയതിനാല്‍ ബെല്‍ജിയം വിസക്ക് തന്നെ ശ്രമിക്കാന്‍ തീരുമാനിച്ചു. കുറഞ്ഞ കാലത്തേക്കുള്ള ഇത്തരം യാത്രകള്‍ക്ക് രണ്ടുതരം വിസകള്‍ ലഭ്യമാണ്. ബിസിനസ് വിസയോ ടൂറിസ്റ്റ് വിസയോ. ബിസിനസ് വിസകള്‍ക് അതാത് രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നു ഇന്‍വിറ്റേഷന്‍ വേണ്ടതുണ്ട്.
ജിദ്ദയില്‍ ബെല്‍ജിയം വിസക്ക് വേണ്ടിയുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറഞ്ഞ കാലമേ ആയിട്ടുള്ളു. ഢഎട (എംബസികള്‍ക്ക് വേണ്ടി വിസ നടപടികള്‍ കൈകാര്യം ചെയ്യുന്ന ഏജന്‍സി) വഴി മാത്രമാണ് അപേക്ഷകള്‍ സ്വീകരിക്കുക. ബെല്‍ജിയം എംബസിയുടെ സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ അപേക്ഷ ഫോം ഫില്‍ ചെയ്ത പ്രിന്റ്, കമ്പനിയില്‍ നിന്ന് ലഭിച്ച ഇന്‍വിറ്റേഷന്‍ ലെറ്റര്‍, ജോലി ചെയ്യുന്ന കമ്പനിയുടെ ചഛഇ ലെറ്റര്‍, താമസരേഖയുടെ കോപ്പി (ഇഖാമ), പാസ്‌പോര്‍ട്ട് കോപ്പി, 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഹോട്ടല്‍ ബുക്കിംഗ്, എയര്‍ ടിക്കറ്റ്, ഫോട്ടോ എന്നിവ VFS ഓഫീസില്‍ സമര്‍പ്പിച്ചു. ചെറിയൊരു അബദ്ധം പറ്റി. ഹോട്ടല്‍ ബുക്ക് ചെയ്തപ്പോള്‍ ഓണ്‍ലൈനില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ രണ്ട് ദിവസം കുറവ്. ഉടനെ അത് മാറ്റാന്‍ പറഞ്ഞു. സമര്‍പ്പിക്കുന്ന എല്ലാ രേഖകളും സസൂക്ഷമം പരിശോധിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടു. മുഴുവന്‍ രേഖകളും സമര്‍പ്പിച്ചു അറിയിപ്പ് പ്രതീക്ഷിച്ച് ഒരാഴ്ച കാത്തിരുന്നു. ഒരാഴ്ച കഴിഞ്ഞ് ലെറ്റര്‍ ലഭിച്ചു. ഒരല്‍പം ആകാംക്ഷയോടെയാണ് കവര്‍ തുറന്നത്. ഭാഗ്യം വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്നു.
വിസ ലഭിക്കുമെന്നു ഉറപ്പില്ലാത്തനാല്‍ ഡമ്മി ടിക്കറ്റുകളാണ് ഫ്‌ളൈറ്റിനും ഹോട്ടല്‍ ബുക്കിംഗിനുമായി കൊടുത്തിരുന്നത്. ഇനി ഒറിജിനല്‍ തന്നെ എടുക്കണം. യാത്ര സംബന്ധമായ ആസൂത്രണം തകൃതിയായി തുടങ്ങി. ഷേങ്കന്‍ വിസയില്‍ 26 രാജ്യങ്ങളില്‍ സഞ്ചരിക്കാമെങ്കിലും ആദ്യമായി ചെല്ലേണ്ടയിടം വിസ ഇഷ്യൂ ചെയ്ത രാജ്യമാണ്. ബ്രസല്‍സില്‍ നിന്ന് ചിരകാല സ്വപ്‌നഭൂമിയായ സ്വിസ്സിലേക്കുള്ള യാത്രയെ കുറിച്ചാണ് ഗൂഗിളില്‍ കൂടുതല്‍ പരതിയത്. സ്വിസ്സിലെ സുറിക്കാനെ (Zurich) ബ്രസല്‍സില്‍ നിന്നും ഏറ്റവും അടുത്തെത്താവുന്ന നഗരം. അതുനസരിച്ചുള്ള ക്രമീകരണമാണ് ആസൂത്രണം ചെയ്തത്. ജിദ്ദയില്‍ നിന്ന് പുറപ്പെട്ടു ഇസ്താംബുള്‍ വഴി ബ്രസല്‍സ്. തിരിച്ച് സ്വിറ്റ്‌സര്‍ലാന്റിലെ സുറിക് നിന്ന് ഇസ്താംബുള്‍ വഴി ജിദ്ദയിലേക്. ഇങ്ങനെയാണ് ഫ്‌ളൈറ്റ് ബുക്ക് ചെയ്തത്. ബ്രസല്‍സില്‍ താമസിക്കുന്നതിന് ഹോട്ടലും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനടുത്ത് ബുക്ക് ചെയ്തു. പ്രോഗ്രാം നടക്കുന്നത് 39 സാ അകലെയാണെങ്കിലും വൈകീട്ട് നഗരം ചുറ്റിക്കാണുന്നതിനു സിറ്റിയില്‍ തന്നെ റൂമെടുത്തു. യൂറോപ്പിലെ പൊതു ഗതാഗതം മികച്ചതായത് കൊണ്ട് എത്ര അകലെയായാലും യാത്രാ ബുദ്ധിമുട്ടുണ്ടാകില്ല.
യൂറോപ്പില്‍ പൊതുവെ ഹലാല്‍ ഭക്ഷണം ലഭിക്കാനുള്ള സാധ്യത പരിമിതമാണെന്ന് നേരത്തെ യാത്ര ചെയ്ത അനുഭവസ്ഥര്‍ പങ്ക് വെച്ചിരുന്നു. ഒരാഴ്ചത്തേക്കുള്ള ബ്രെഡും ജാമും കേക്കും കരുതിവെച്ചു.
യാത്ര പുറപ്പടേണ്ട ദിവസമെത്തി. കൂട്ടുകാരോട് യാത്ര പറഞ്ഞു. ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു. കാലത്തു 6.30നു പുറപ്പെടുന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് ടിക്കറ്റെടുത്തിരിക്കുന്നത്. കൃത്യനിഷ്ഠയും ലോകനിലവാരവുമുള്ള സര്‍വീസ് നല്‍കുന്ന എയര്‍ ലൈനാണു തുര്‍ക്കിഷ് എയര്‍. ജിദ്ദ- ഇസ്തംബൂള്‍-ബ്രസല്‍സ്, എട്ടര മണിക്കൂര്‍ നീളുന്ന യാത്ര. ജിദ്ദയില്‍ നിന്നുള്ള വിമാനത്തില്‍ കൂടുതലും തുര്‍കിയില്‍ നിന്ന് വന്ന ഉംറ തീര്‍ഥാടകരായിരുന്നു. കൃത്യ സമയത് തന്നെ വിമാനം ബ്രസല്‍സില്‍ ലാന്‍ഡ് ചെയ്തു. എമിഗ്രേഷന്‍ നടപടികള്‍ക്കായി കൗണ്ടറിലേക്ക് നടന്നു. എന്നാല്‍ എമിഗ്രേഷനിലെത്തിയപ്പോള്‍ ഇവിടുത്തെ കമ്പനി അയച്ച ഇന്‍വിറ്റേഷന്‍ ലെറ്റര്‍ കാണിക്കാന്‍ ഓഫീസര്‍ ആവിശ്യപ്പെട്ടു. അത് പ്രിന്റ് എടുത്തിരുന്നില്ല, മൊബൈലിലുണ്ടായിരുന്നു. അത് പരിശോധിച്ചു ഉറപ്പ് വരുത്തിയതിനു ശേഷം പാസ്‌പോര്‍ട്ടില്‍ സീല്‍ പതിച്ചു. ഓഫിസര്‍ ബെല്‍ജിയത്തിലേക്ക് എന്നെ സ്വാഗതം ചെയ്തു. ജീവിതത്തില്‍ ആദ്യമായി ഒരു യൂറോപ്യന്‍ രാജ്യത്തേക്ക് പ്രവേശിച്ചു. ബുക്ക് ചെയ്ത ഹോട്ടല്‍ കണ്ടെത്തണം, നടത്തത്തില്‍ പാതയോരങ്ങളില്‍ തെരുവ് കലാകാരന്മാരുടെ സംഗീത പരിപാടികള്‍ നടന്നുകൊണ്ടിരുന്നു. ധാരാളം ടൂറിസ്റ്റുകളും മറ്റും അത് കണ്ടാസ്വദിക്കുന്നത് കുറച്ചു നേരം നോക്കി നിന്നു. ഹോട്ടല്‍ കണ്ടെത്താന്‍ ഒരല്പം ബുദ്ധിമുട്ടിയെങ്കിലും നഗര വീഥിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടേയിരുന്നു. തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരത്തെ നേരിട്ടനുഭവിക്കാന്‍ പോകുന്നതില്‍ ഏറെ സന്തോഷിച്ചു.
യൂറോപ്പില്‍ പൊതുവെ നഗരങ്ങള്‍ രൂപാന്തരപ്പെടുന്നത് വലിയ ചത്വരങ്ങളെ കേന്ദ്രികരിച്ചായിരിക്കും. അങ്ങനെ ഒരു ചത്വരം ബ്രസല്‍സിലുമുണ്ട്. സെന്‍ട്രല്‍ സ്‌ക്വയര്‍ എന്ന പേരിലാണറിയപ്പെടുന്നത്. ഞാന്‍ താമസിച്ചിരുന്നത് അതിനടുത്തായിരുന്നു. വൈകുന്നേരങ്ങളില്‍ അവിടത്തെ സന്ദര്‍ശനം നല്ല അനുഭവമായിരുന്നു. ധാരാളം ടൂറിസ്റ്റുകള്‍ സദാ സമയവും സെന്‍ട്രല്‍ സ്‌ക്വയറില്‍ ഉണ്ടായിരുന്നു.
ബെല്‍ജിയത്തിനു സ്വന്തമായി മറ്റൊരു വിശേഷണം കൂടിയുണ്ട്. ലോകത്തെ പ്രശസ്തമായ ഫ്രഞ്ച് ഫ്രെയ്സ് ലഭിക്കുന്നത് ബെല്‍ജിയത്തിലാണ്. അതിന്റെ ഉദ്ഭവവും ബെല്‍ജിയത്തില്‍ നിന്നത്രെ. ഫ്രഞ്ച് ഫ്രെയ്സ് വിപണനം ചെയ്യുന്നതില്‍ പ്രശസ്തമായ ബെല്‍ജിയന്‍ ഫ്രെയ്ട്‌സ് കടയില്‍ നിന്നതു വാങ്ങി കഴിച്ചു. നല്ല സ്വാദായിരുന്നു. ധാരാളം ടൂറിസ്റ്റുകള്‍ ഇത്തരം ഷോപ്പുകളുടെ പരിസരത്തതായി തമ്പടിച്ചിരിക്കുന്നുണ്ട്. കൂട്ടത്തില്‍ ഏതാനും മലയാളികളെയും കണ്ടു. ബ്രസല്‍സിലെ പ്രശസ്തമായ ടൂറിസ്റ്റ് സ്‌പോട്ടുകളായ Brussels GrandPlace, Manneken Pis, Galeries Royales SaintHubert സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചു. Brussels Grand Placeനോട് ചേര്‍ന്ന് തന്നെയാണ് ചത്വരവും നിലകൊള്ളുന്നത്. 1846-47 കാലഘട്ടത്തില്‍ ആര്‍കിടെക്‌ററ് ജീന്‍ പിയേറ (Jean Pierre Cluysenaar) രൂപകല്‍പന ചെയ്തതാണ് Galeries Royales SaintHubter, ആഡംബര ഗണത്തില്‍ പെടുന്ന ഫാഷന്‍ വസ്തുക്കളുടെ കേന്ദ്രമാണിത്. പ്രശസ്ത അറ്റോമിയ(Atomium) സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.
ചോക്ലേറ്റിന് പേരുകേട്ട നാടാണ് ബെല്‍ജിയം. കുടില്‍ വ്യവസായം പോലെ ധരാളം ചോക്ലേറ്റ് ഷോപ്പുകള്‍ ബ്രസല്‍സിലുണ്ട്. അവയില്‍ ചിലത് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഗള്‍ഫ് നാടുകളില്‍ ഒട്ടുമിക്ക സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബെല്‍ജിയം ചോക്ലേറ്റ്‌സിന്റെ വലിയ നിര കാണാറുണ്ട്. സാമ്പിള്‍ വാങ്ങി രുചിച്ചു നോക്കി. ഉഗ്രന്‍.
നഗരത്തില്‍ നിന്നു മാറി ധാരാളം ചെറിയ ഗ്രോസറി ഷോപ്പുകളുണ്ട്. നടത്തിപ്പുകാര്‍ പാകിസ്ഥാനികളായിരുന്നു. ഗ്രോസറി കടകളുടെ വലിയൊരു ഭാഗവും മദ്യം ഇടംപിടിച്ചിരിക്കുന്നുണ്ട്. യൂറോപിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സൂപര്‍ മാര്‍ക്കറ്റുകളില്‍ മദ്യം സുലഭമായി ലഭിക്കുമെന്ന് കേട്ടിരുന്നു. ഇപ്പോള്‍ നേരിട്ട് കണ്ടു. ഹലാല്‍ ഭക്ഷണം ലഭിക്കുന്ന റസ്റ്റോറന്റുകള്‍ ഗൂഗിള്‍ ചെയ്തു. സിറിയന്‍, ഇറാനിയന്‍ വംശജരുടേതായി ചിലത് തൊട്ടടുത്തുതന്നെയുണ്ട്.
ബ്രസല്‍സിലെ അവസാന ദിവസം, പ്രോഗ്രാം നടക്കുന്ന ലോവിന്‍ ല നുവേക്ക് പോകേണ്ടത് കൊണ്ട് ഹോട്ടലില്‍ നിന്നു ചെക്ക് ഔട്ട് ചെയ്ത ലഗേജ് ഹോട്ടലില്‍ തന്നെ ഏല്‍പിച്ചു. ട്രെയിന്‍ സ്റ്റേഷനിലേക്കു നടന്നു, 40 km ദൂരമുള്ള സ്ഥലത്തേക്കു പോയി തിരിച്ചുവരുന്നതിന് 8.25 യൂറോയാണ് ഈടാക്കിയത്. പ്രോഗ്രാം കഴിഞ്ഞു ബ്രസല്‍സ് സെന്‍ട്രലില്‍ തന്നെ തിരിച്ചെത്തി. ഇനി സുറികിലേക്ക്. വിമാനം, ബസ്, ട്രെയിന്‍.. മൂന്ന് ഓപ്ഷനാണ് മുന്നിലുള്ളത്. ടിക്കറ്റിംഗ് ആപ്പുകളില്‍ ഏറ്റവും കുറവ് ബസിനാണ്. യൂറോ ട്രെയിന്‍ യാത്ര ഒന്നാസ്വദിക്കണമെന്ന മോഹം നേരത്തെ തന്നെയുണ്ട്. സുറികിലേക്കുള്ള ട്രയിന്‍ ടിക്കറ്റ് എടുത്തു. യൂറോപില്‍ കൂടുതല്‍ ട്രെയിന്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് യൂറോ ഗ്ലോബല്‍ റെയില്‍ പാസ് എടുക്കാം.
ബ്രസല്‍സില്‍ നിന്നും സൂറിക്കിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് ഇല്ല. യൂറോപ്പിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് താലീസ്(thalys). കൃത്യ സമയത്തു തന്നെ സ്റ്റേഷനില്‍ എത്തിയിരുന്നു. യൂറോ ട്രെയിനുകള്‍ കൃത്യനിഷ്ഠസൂക്ഷിക്കുന്നു. അവര്‍ണനീയ പ്രകൃതി ഭംഗിയാണ് സൂറിക്കിന്.
അന്നത്തെ ദിവസം നഗരത്തിലെ കുറെ ഭാഗങ്ങള്‍ ചുറ്റിക്കണ്ടു. രാത്രിയോടെ റൂമില്‍ തിരിച്ചെത്തി. എല്ലായിടത്തും ടൂറിസ്റ്റുകളാണ്. യൂറോപ്യന്‍ നഗരങ്ങളില്‍ കാല്‍നടക്കാരും സൈക്കിള്‍ സഞ്ചാരികളുമാണ് അധിക പേരും. വളരെ സൗഹൃദത്തോടെ ഇടപഴകുന്ന നാട്ടുകാര്‍. 70 ശതമാനം സ്വിസ് ജനങ്ങളും സംസാരിക്കുന്നത് ജര്‍മന്‍ ഭാഷയാണ്. ഫ്രഞ്ച്, ഇറ്റാലിയന്‍, റൊമാന്‍ഷ് ഭാഷ സംസാരിക്കുന്നവരുമുണ്ട്. സദാ സമയവും ജനങ്ങളും ടൂറിസ്റ്റുകളും ആഘോഷത്തിമിര്‍പ്പിലാണ്.
പിറ്റേ ദിവസം ഞായറാഴ്ചയായിരുന്നു. നഗരം ശാന്തം. ചില ടൂറിസ്റ്റുകള്‍ മാത്രം. പ്രശസ്തമായ സുറിക് തടാകത്തിനരികിലെത്തി. അവിടെ ബോട്ടു സര്‍വീസ് നടക്കുന്നു. മനോഹരമായിരുന്നു ബോട്ടുയാത്ര. ലോക പ്രശസ്ത സ്വിസ്സ് ചോക്ലേറ്റ് ബ്രാന്‍ഡായ ലിന്‍ഡയുടെ (Lintd) ഫാക്ടറി സ്ഥിതി ചെയ്യുന്നത് തടാകത്തിനു അഭിമുഖമായാണ്. ബോട്ടിലുള്ള ടൂറിസ്റ്റുകളില്‍ വലിയൊരു ശതമാനവും സായിപ്പുമാരായിരുന്നു, പ്രായം ചെന്ന ദമ്പതിമാര്‍. ജോലിയില്‍ നിന്നു വിരമിച്ചാല്‍ വെറുതെ വീട്ടിലിരിക്കാതെ ലോകം ചുറ്റാനിറങ്ങുന്ന ഒരു സംസ്‌കാരം സായിപ്പുമാര്‍ക്കുണ്ടെന്ന് കേട്ടിരുന്നു. അത് അന്വര്‍ഥമാക്കുന്ന കാഴ്ച. കുറച്ചുകൂടെ സമയമുണ്ട്, പരിസരത്തുള്ള മസ്ജിദ് സന്ദര്‍ശിക്കാമെന്ന ആഗ്രഹത്തില്‍ ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞു. മാപ്പിന്റെ സഹായത്തില്‍ പള്ളിയിലെത്തി. പാകിസ്ഥാനികള്‍ നടത്തുന്ന പള്ളിയാണെന്നു മനസിലായി. കുറച്ചു കുട്ടികള്‍ക്ക് അവിടെ മദ്‌റസയും നടക്കുന്നു. ഇനിയും വന്നു കാണണമെന്ന മോഹത്തില്‍ സുറിക്കിനോട് യാത്ര പറഞ്ഞു വിമാനം കയറി.

Share this article

Leave a Reply

Your email address will not be published. Required fields are marked *