ചൈല്‍ഡ് പോണ്‍: ചെറുതല്ല ലോകം

Reading Time: 5 minutes

ശാക്കിര്‍ കെ മജീദി

കുട്ടികളുടെ ലൈംഗിക ചൂഷണത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ 25000 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഫയല്‍ ചെയ്തത്. 2018ലെ ഗവണ്‍മെന്റ് കണക്കുപ്രകാരം 109 കുട്ടികള്‍ ദിനംപ്രതി ലൈംഗികമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പോക്‌സോ നിയമത്തിനു കീഴില്‍ 2017ല്‍ 32,608 കേസുകള്‍ ആയിരുന്നുവെങ്കില്‍ 2018ലിത് 39,827 കേസുകളായി ഉയര്‍ന്നു.
244,188 അക്കൗണ്ടുകളാണ് 2019 ജനുവരി-ജൂണ്‍ കാലാവധിക്കിടയില്‍ ട്വിറ്ററില്‍ നിന്ന് കുട്ടികളുടെ ലൈംഗിക അശ്ലീലതയുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് ഒഴിവാക്കേണ്ടി വന്നത്. 2019 ആദ്യപാദത്തില്‍ 11.6 മില്യണ്‍ ഇത്തരം ഭാഗങ്ങളാണ് ഇക്കാരണത്താല്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കിയത്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ നഗ്‌ന ഫോട്ടോകള്‍ വഴി ചൂഷണം ചെയ്യപ്പെടുന്നത്. രണ്ടാമതാണ് തായ്ലാന്‍ഡ്.
ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ 25,000 ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഡല്‍ഹിയില്‍ നിന്നാണ്. പിന്നീട് യഥാക്രമം മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍. ഇന്ത്യയില്‍ ഐടി ആക്ട് പ്രകാരം ചൈല്‍ഡ് പോണ്‍ വീഡിയോകളുടെയും ചിത്രങ്ങളുടെയും നിര്‍മാണം, വിതരണം, കാണല്‍ എന്നിവ നിരോധിച്ചിട്ടുണ്ട്. പക്ഷേ, കുറ്റകൃത്യങ്ങള്‍ അതിന്റെ വഴിയെ നടക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഇങ്ങനെയുള്ള അശ്ലീലങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഉത്തരവാദിത്വം മറന്ന് ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുകയാണ് ആഗോള ഭീമന്മാരായ സോഷ്യല്‍മീഡിയ മുതലാളിമാര്‍. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ റേറ്റുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. വീഡിയോകളും ചിത്രങ്ങളും സൃഷ്ടിക്കുന്നവന്‍ പീഡോഫീലിയ (കുട്ടികളോട് അമിതമായ ലൈംഗികാര്‍ഷണമുണ്ടാവുന്ന പ്രത്യേകതരം രോഗം) ഉള്ളവനാവണമെന്നില്ല. കുട്ടികള്‍ സ്വയം നിര്‍മിക്കുന്ന ഹ്രസ്വ വീഡിയോകളും ചിത്രങ്ങളും ധാരാളം കണ്ടെത്തിയിട്ടുണ്ടന്ന് ചൈല്‍ഡ് പോണ്‍ റിപ്പോര്‍ട്ടിംഗ് സഹായിയായി പ്രവര്‍ത്തിക്കുന്ന ARAMBന്റെ സഹസ്ഥാപകന്‍ സിദ്ധാര്‍ത്ഥ് പിള്ള ഈയിടെ വെളിപ്പെടുത്തി. നിഷ്‌കളങ്കരായ കുട്ടികള്‍ അവരറിയാതെ ചൂഷണം ചെയ്യപ്പെടുകയാണ്.
സര്‍ക്കാരും ഇത് തുറന്നു സമ്മതിക്കുന്നു. കഴിഞ്ഞവര്‍ഷം 377 വെബ്‌സൈറ്റുകളാണ് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 781 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് 2018ല്‍ ഫയല്‍ ചെയ്തത്. 2017ല്‍ ഇത് 331 ആയിരുന്നു. 2017ല്‍ വെറും എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒറീസയില്‍ നിന്നാണ് 2018ല്‍ 333 കേസുകളിലേക്കത് വളര്‍ന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ മിക്ക ദൃശ്യങ്ങളും വീടുകളില്‍ നിന്നാണ് ചിത്രീകരിക്കപ്പെടുന്നത്. 2019 നവംബര്‍ മുതല്‍ ഏകദേശം 100ലധികം ആളുകളെ ചൈല്‍ഡ് പോണുകളുടെ നിര്‍മാണം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി. ഗുജറാത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഈ കാലയളവില്‍ അറുപത്തിരണ്ട് പീഡോഫീലിയക്കാരുടെ പേരുകള്‍ ലഭിച്ചു.
NCRBയുടെ കണക്കനുസരിച്ച് ഇന്ത്യയിലെ ഒരു കുട്ടി ഓരോ പതിനഞ്ച് മിനിറ്റിലും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വീടുകള്‍ക്കുള്ളില്‍ ഇത് എത്ര നടക്കുന്നു എന്നതിന്റെ കണക്കുകളില്ല. 70-90 ശതമാനം കുട്ടികളും അവര്‍ക്കറിയാവുന്ന ആളുകളാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നവരാണ്.
ലൈംഗിക സ്വഭാവങ്ങളോടുള്ള അമിതമായ ആകര്‍ഷണം, ലൈംഗികമായി രോഗാതുരമായ കുടുംബപശ്ചാത്തലം, ബാല്യകാലത്തില്‍ ക്ഷതമേല്‍പ്പിച്ച ലൈംഗികാനുഭവങ്ങള്‍, അമിത ലൈംഗിക താത്പര്യം, പ്രണയ നൈരാശ്യം, സ്വവര്‍ഗലൈംഗികതക്കിരയായ ആണ്‍കുട്ടികള്‍ ഇവയെല്ലാം ഒരാളെ ലൈംഗിക കുറ്റവാളിയാക്കാന്‍ പോന്നതാണെന്ന് 2008ല്‍ പുറത്തിറങ്ങിയ ‘International journal of Adolescence and Youth’ പഠനം വിലയിരുത്തുന്നു. 1.2 മില്യണ്‍ ഫോട്ടോകളാണ് 2019ലെ രണ്ട് മൂന്ന് പാദങ്ങളിലായി നീക്കം ചെയ്തത്. 1,30,000 വാട്‌സാപ്പ് അക്കൗണ്ടുകളാണ് 2019 ജനുവരിയില്‍ മാത്രം ബ്ലോക്ക് ചെയ്തത്. കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി 851,441 വീഡിയോകള്‍ 2019 ജൂലൈ-സെപ്റ്റംബര്‍ കാലങ്ങളിലായി യൂട്യൂബില്‍ നിന്ന് ഒഴിവാേക്കണ്ടി വന്നു.
ഇന്ത്യയില്‍ സംഘടിതവും അസംഘടിതവുമായി ഓണ്‍ലൈനിലും അല്ലാതെയും പോണ്‍ ഇന്‍ഡസ്ട്രി അതിവേഗം കുതിച്ചു. ലൈംഗിക കടത്ത് സെക്‌സ് ഇമേജ് ട്രാഫിക്കിംഗിന്റെയും തുടക്കമാണ്.
പോണോഗ്രഫിയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങളിലൂടെ സാധാരണ പുറത്തുവിടാറില്ല. മറിച്ച് ഇവയെ അടിസ്ഥാനമാക്കി കുറ്റവാളികളെ കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയുമാണ് ചെയ്യുന്നത്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീലചിത്രങ്ങള്‍ തിരയുന്ന ഐപി അഡ്രസുകളെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു സെന്‍ട്രല്‍ ബോഡി രൂപീകരിക്കാന്‍ രാജ്യസഭ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ചൈല്‍ഡ് പോണോഗ്രഫിയെ ഏതുവിധേനയും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാകുന്നതാണ്. നടപ്പിലാകുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നു.

ഡാര്‍ക്ക് വെബ്
ഡാര്‍ക്ക് വെബ്‌സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോകത്തെ പത്ത് രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഇന്ത്യ. ടോര്‍ പ്രോജക്ടുകളുടെ ഭാഗമായി പുറത്തുവന്ന കണക്കനുസരിച്ച് 2020 ജനുവരിയില്‍ മാത്രം ദിനംപ്രതി അമ്പതിനായിരം ഇന്ത്യക്കാര്‍ ഡാര്‍ക്ക് വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചിരുന്നു. ഢജച (ഢശൃൗേമഹ ജൃശ്മലേ ചലംേീൃസ) വ്യാപകമാവുന്നതിനുമുമ്പ്, 2014ല്‍, ഒരു ദിവസം 200,000 ആയിരുന്നു ഇന്ത്യയിലെ ഉപയോക്താക്കള്‍. ജനങ്ങള്‍ക്ക് അവരുടെ ലൊകേഷന്‍ മറച്ചുവെക്കാന്‍ കഴിയുന്നതാണ് ഡാര്‍ക്ക് വെബ്‌സൈറ്റുകളുടെ പ്രധാന സൗകര്യം. ഇക്കാരണത്താല്‍ ഇത്തരം വെബ്‌സൈറ്റുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ വളരെയധികം പ്രയാസമാണ്. അതുകൊണ്ട് 2014ന് ശേഷം പോണ്‍ സൈറ്റുകളുടെ ഉപയോഗം കുറഞ്ഞുവെന്ന് പറയുന്നത് അര്‍ഥശൂന്യമാണെന്ന് കരുതുന്നു.

ഡാര്‍ക്ക് വെബ് / ഡീപ് വെബ്?
സാധാരണ നാം ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് ശൃംഖലയിലെ (Surface web) വെബ്‌സൈറ്റുകളില്‍ നിന്നും വ്യത്യസ്തമായി അജ്ഞാതമായ ധാരാളം ഡാറ്റകളാണ് ഡാര്‍ക്ക്&ഡീപ്പ് വെബ്‌സൈറ്റുകള്‍ ലഭ്യമാക്കുന്നത്. TOR(The Onion Router) പോലെയുള്ള സോഫ്റ്റ്‌വെയറുകള്‍ ഇതിനെ സഹായിക്കുന്നു. ഒനിയന്‍ റൂട്ടിംഗിലൂടെ ഇന്റര്‍നെറ്റ് ട്രാഫിക്കിംഗ് സാധ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഒരു ഉള്ളിയുടെ രൂപം പോലെ വളരെ കൃത്യമായി, പുറത്തേക്ക് ഒന്നും വ്യക്തമാവാത്ത വിധം, അടുക്കി വെച്ച കോടിക്കണക്കിനു ഡാറ്റകളാണ് ഇത്തരം വെബ്സൈറ്റുകളിലുണ്ടാവുന്നത്. സാധാരണ നമ്മള്‍ ഉപയോഗിക്കാറുള്ള .രീാ എന്നതിന് പകരം .onion ആയിരിക്കും മിക്ക വെബ്‌സൈറ്റുകളുടെയും ഡൊമൈന്‍.
നിങ്ങള്‍ ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് NH-48 വഴി അല്ലാതെ ധാരാളം ഉള്‍ഗ്രാമങ്ങളിലൂടെ ചെറിയ പട്ടണങ്ങളും ഗ്രാമ പ്രദേശങ്ങളും കടന്ന് യാത്രപോകുന്നുവെന്ന് സങ്കല്പിക്കുക. നിങ്ങള്‍ സഞ്ചരിക്കുന്ന പട്ടണങ്ങള്‍ക്കൊന്നും ഏതൊക്കെ നഗരങ്ങള്‍ താണ്ടിയാണ് നിങ്ങളിവിടെ എത്തിച്ചേര്‍ന്നതെന്നറിയില്ല. നിങ്ങള്‍ ഏതങ്കിലുമൊരു നഗരത്തിലെത്തിച്ചേര്‍ന്നാല്‍ അതിന് തൊട്ടു മുമ്പും ശേഷവുമള്ള നഗരം/പട്ടണം ഏതാണെന്നു മാത്രമേ നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവൂ. അതു പോലെ ഓരോ പ്രാവശ്യവും പോകുമ്പോള്‍ വ്യത്യസ്ത റൂട്ടുകളിലൂടെയായിരിക്കും നിങ്ങള്‍ പോകുന്നത്. ഓരോ ദിനവും ഇങ്ങനെ ഗ്രാമങ്ങളിലൂടെ എത്ര എത്ര മനുഷ്യര്‍ സഞ്ചരിക്കുന്നു. അത്രയും സങ്കീര്‍ണമാണ് ഡാര്‍ക്ക് വെബുകളുടെ പ്രവര്‍ത്തന രീതികള്‍.
ടോര്‍ ബ്രൗസര്‍ ആപ്ലിക്കേഷന്‍ രൂപത്തില്‍ സ്മാര്‍ട്ട് ഫോണുകളിലും കംപ്യുട്ടറുകളില്‍ സോഫ്റ്റ്വെയര്‍ രൂപത്തിലും ഡൗണ്‍ലോഡ് ചെയ്യാറുണ്ട്. ഗൂഗിളൊന്നും ഇതില്‍ ഉണ്ടാവില്ല. The Hidden Wiki, Duck Duck Go, TOR Links ഇത്തരം സെര്‍ച്ച് എഞ്ചിനുകള്‍ ഒന്നും ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട ഒരു റിസള്‍ട്ടും നല്‍കാറില്ല. Surface Webse പോലെ ചൈല്‍ഡ് പോണ്‍ നിരോധിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാം. പക്ഷേ ഓഫ്‌ലൈന്‍ ലോകത്തേക്കുള്ള വഴികള്‍ ഇവ കാണിച്ചുതരുന്നു. Online Land, Onion Dir എന്നിവ വ്യത്യസ്തമായ ഒരു ലോകത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. ഛിഹശില ഘമിറല്‍ മാത്രം 130ലധികം ചൈല്‍ഡ് പോണ്‍ വെബ്‌സൈറ്റുകള്‍ ഉണ്ട്. കുട്ടികളെ അടിമകളാക്കി വില്‍ക്കാനുള്ള വെബ്‌സൈറ്റുകള്‍ വരെ ലഭ്യമാണ്. ജാതി, രാജ്യം, നിറം, ലിംഗം, വയസ് ഇവയെല്ലാം അടിസ്ഥാനമാക്കി ഓരോ സൈറ്റുകളും ചിത്രങ്ങളെയും വീഡിയോകളും വ്യത്യസ്ത കാറ്റഗറികളായി തിരിച്ചിട്ടുണ്ട്. ഡാര്‍ക്ക് വെബ്‌സൈറ്റുകളില്‍ പേരുകള്‍ക്ക് പകരം അക്ഷരങ്ങളും അക്കങ്ങളും ചേര്‍ത്തുള്ള വ്യത്യസ്ത ഭാഷയാണ് ഉപയോഗിക്കുന്നത്. ഏകദേശം 6,000 രൂപ വരെ ചിത്രത്തിന് ഈടാക്കുന്നു. ബിറ്റ് കോയിനാണ് ഇതിലെ എല്ലാ ഇടപാടുകള്‍ക്കും ഉപയോഗിക്കുന്ന കറന്‍സി. വലിയതോതില്‍ ക്രൗഡ് ഫണ്ടിംഗ് നടക്കുന്ന പ്ലാറ്റ്‌ഫോമുകളായി ചൈല്‍ഡ് പോണ്‍ ഇന്‍ഡസ്ട്രി മാറിയിരിക്കുന്നു. Empire, Berlusconi, Care to R, Black Mart, Dream, Elite എന്നിവ ഇത്തരം മാര്‍ക്കറ്റുകളില്‍ പ്രസിദ്ധമായ ചിലതുമാത്രമാണ്. ഈ മാര്‍ക്കറ്റുകളിലെല്ലാം കൂടുതലും വില്‍ക്കപ്പെടുന്നത് മരുന്നുകളും ഉപകരണങ്ങളുമാണ്. ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട എല്ലാ വില്‍പനകളും ഔദ്യോഗികമായി നിരോധിച്ചിരിക്കുന്നു. പക്ഷേ, നിങ്ങള്‍ വില്പനക്കാരനുമായി ചാറ്റ് റൂമുകളില്‍ ഇടപെടുമ്പോള്‍ പല രഹസ്യ കോഡുകളിലുമായി നിങ്ങളുടെ മുന്‍പില്‍ വില്‍പനക്കെത്തുന്നു. Child front: 4000, Child back: 6000 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം ചാറ്റ് റൂമുകള്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ഒരു സ്‌ക്രീന്‍ഷോട്ട് പോലും എടുക്കാന്‍ സാധിക്കില്ല. വെബ്‌സൈറ്റ് നിയമത്തിന് വിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നിങ്ങളില്‍ നിന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വമേധയായാ വെബ്‌സൈറ്റ് ബ്ലോക്ക് ആവുന്നു. അത്രയും സ്വകാര്യതയാണ് ഡാര്‍ക്ക് സൈറ്റുകള്‍ നല്‍കുന്നത്. നിലവില്‍ ഇന്ത്യയില്‍ ഇത്തരം വെബ്‌സൈറ്റുകള്‍ തകര്‍ക്കുന്നതിനുള്ള ഒരു സംവിധാനവുമില്ല. സൈബര്‍ ക്രൈം വിദഗ്ധനായ മുകേഷ് ചൗധരി പറയുന്നു: ‘ഡാര്‍ക്ക് വെബ്ബുകളെ നിയന്ത്രിക്കാന്‍ അധികഠിനമായ പ്രവര്‍ത്തനം ആവശ്യമാണ്. എന്നിരുന്നാല്‍ തന്നെ പ്രവര്‍ത്തനം എത്രത്തോളം ഫലവത്താകുമെന്ന് പോലും പറയാന്‍ സാധ്യമല്ല. പക്ഷേ സാധാരണ നെറ്റ്വര്‍ക്കില്‍ ഒറ്റ ഡാര്‍ക്ക് വെബ്‌സൈറ്റുകള്‍ പോലും നിങ്ങള്‍ക്ക് കാണാന്‍ സാധ്യമല്ല. ഡാര്‍ക്ക് വെബുകള്‍ ഉപയോഗിക്കുന്ന ഉപയോക്താവിനെയും വേട്ടയാടാന്‍ അത്ര എളുപ്പത്തില്‍ സാധിക്കില്ല. വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കും. ഉപയോക്താവിന്റെ ലൊകേഷന്‍ മറക്കപ്പെടുന്നു. ഡാറ്റകള്‍ കൈമാറുന്ന വഴികള്‍ വരെ മറക്കപ്പെട്ടിരിക്കും. ഒരു ഉപയോക്താവിനെ പിന്തുടര്‍ന്ന് തിരിച്ചറിയാന്‍ ചിലപ്പോള്‍ 3-4 മാസം ചെലവഴിക്കേണ്ടി വരുന്നു. ഒരു വെബ്‌സൈറ്റ് പിന്‍തുടര്‍ന്ന് നിര്‍മാതാവിനെ കണ്ടത്താന്‍ വര്‍ഷങ്ങളെടുക്കും. ഒരു ചൈല്‍ഡ് പോണ്‍സൈറ്റ് അമേരിക്ക സൗത്ത് കൊറിയയുമായി ചേര്‍ന്ന് തകര്‍ക്കാന്‍ രണ്ടു വര്‍ഷമെടുത്തു. ക്രിപ്‌റ്റോകറന്‍സികളുടെ ഇടപാട്, ഒനിയന്‍ റൂട്ടിംഗ്, രഹസ്യ കോഡുകളുള്ള ചാറ്റ് റൂമുകള്‍ എന്നിവയെല്ലാം തകര്‍ക്കുന്നത് അതികഠിനമാണ്.

പരിഹാരങ്ങള്‍
സൈബര്‍ ലോകത്തെ കുട്ടികളുടെ ചൂഷണം തടയാന്‍ വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെയും കൂടുതലായി കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നു. ഷെയര്‍ ചാറ്റ് ചൈല്‍ഡ് പോണിനെ ഇല്ലാതാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു. അവ ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങളുള്ള വീഡിയോകളും ചിത്രങ്ങളും ഒഴിവാക്കുന്നു. ഫേസ്ബുക്കും ഇതേ രീതി പിന്തുടരുന്നുണ്ട്. എന്നാല്‍ ഇതിനെയും മറികടക്കുന്ന നൂതനമായ സംവിധാനങ്ങളാണ് കുറ്റവാളികളുടേത്. ‘കൊച്ചു സുന്ദരികള്‍'(Little pretty one) എന്ന ഇംഗ്ലീഷ്-മലയാളം ചാറ്റ് റൂം ഈയിടെ കണ്ടെത്തുകയുണ്ടായി. 30000 പീഡോഫീലിയക്കാര്‍ ഇവിടെ ചാറ്റിംഗിനെത്തുന്നത്. അഹമ്മദാബാദില്‍ നിന്നുള്ള സൈബര്‍ ഹാക്കര്‍ അങ്കിത് മിശ്ര (പേര് യഥാര്‍ഥമല്ല) 150 പീഡോഫീലിയക്കാരുള്ള ‘Bhabiji ghar pe hai’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ കഥ ഈയിടെ പങ്കുവെക്കുകയുണ്ടായി. ദിനേന ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് ഇതിലൂടെ ഷെയര്‍ ചെയ്തിരുന്നത്.
സോഷ്യല്‍ മീഡിയകള്‍ അവരുടെ കാര്യലാഭത്തിനുവേണ്ടി പലതും മറച്ചു വെക്കുന്നു. അവരുമായി ചര്‍ച്ച ചെയ്ത് കാര്യക്ഷമമായ രീതിയില്‍ ഇത്തരം ഉള്ളടക്കങ്ങളുള്ള ദൃശ്യങ്ങള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ഉത്തരവാദിത്വപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. സര്‍ക്കാര്‍ ചൈല്‍ഡ് പോണോഗ്രഫി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക ഏജന്‍സിയെ ഇതുവരെ നിയമിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. നിര്‍മാതാക്കളെയും വിതരണം ചെയ്യുന്നവരെയും ഉപയോഗിക്കുന്നവരെയും കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.
ധാര്‍മിക രീതിയിലുള്ള നിരോധനങ്ങള്‍ ഫലപ്രദമാകാതിരിക്കാനുള്ള ഒരു പൊതുവായ കാരണം ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റി പ്രൊഫസറായ Kimberly M. Nelson പറയുന്നതിങ്ങനെയാണ്, ‘പോണോഗ്രാഫി നിരോധിക്കുന്നത് നല്ല കാര്യം തന്നെയാണ്. ഇത്തരം ചേഷ്ടകള്‍ ഇല്ലായ്മചെയ്യാന്‍ നല്ലൊരു മാര്‍ഗവുമാണത്. പക്ഷേ ജനങ്ങള്‍ നിര്‍ബാധം പിന്നെയും ഈ അശ്ലീലങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. നിരോധനത്തിന് മാത്രം ഇത്തരത്തിലുള്ള ഉപയോഗങ്ങളെ തടയാന്‍ സാധിക്കില്ല. ഇത് ജനങ്ങളെ രഹസ്യമായും അനധികൃതമായുമുള്ള ഉപയോഗത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. അതിലുപരി ധാരാളം പുതിയ സ്വഭാവ വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. ചുരുക്കത്തില്‍ നിരോധനം വിപരീതഫലമാണ് ഉളവാക്കുന്നത്.’
രക്ഷിതാക്കള്‍ ഒരിക്കലും കുട്ടികള്‍ക്ക് കൂട്ടുകാരാവരുത്. അവര്‍ രക്ഷാകര്‍ത്താക്കള്‍ തന്നെയാവണം. ഡിജിറ്റല്‍ സുരക്ഷയെ കുറിച്ചുള്ള അവബോധം ആദ്യം വീട്ടില്‍നിന്നു തന്നെ നല്‍കി തുടങ്ങണം. മിക്ക കുട്ടികളും ക്ലാസ്സ് മുറികളിലേക്ക് കയറി വരുന്നത് സ്മാര്‍ട്ട് ഫോണുകളുമായാണ്.
യുകെയിലെ papaya parents എന്ന രക്ഷാകര്‍തൃ കൂട്ടായ്മ കുട്ടികളുമായി തുറന്നു സംസാരിക്കാനും സൈബര്‍ലോകത്തെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും സഹായിച്ചു വരുന്ന സംഘടനയാണ്. അക്കാരണത്താല്‍ കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ള രക്ഷിതാക്കള്‍ തങ്ങളുടെ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വഴികാണിക്കുകയും ചെയ്യുന്നു.
ഇത്രയധികം മാധ്യമ സുരക്ഷയുണ്ടായിട്ടും നിയമങ്ങള്‍ ഉണ്ടായിട്ടും വളര്‍ച്ചയെ തടയാന്‍ സാധിക്കുന്നില്ല. 1991ല്‍ ഫ്രെഡ്ഡി പീറ്റ്സ് തന്റെ ഗോവയിലെ അനാഥാലയത്തില്‍ നിന്നും കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ 2305 ചിത്രങ്ങളും 135 ഫിലിം നെഗറ്റീവുകളുമാണ് കണ്ടെത്തിയത്. പീറ്റ്‌സ് ഇതിനെല്ലാം 20 വര്‍ഷമെടുത്തുവെങ്കില്‍ ഇന്ന് കുറഞ്ഞ ദിവസങ്ങള്‍ മാത്രം മതി.
ഇവിടെ ഇരയും വേട്ടക്കാരനും ഒരേ പ്ലാറ്റ്‌ഫോമിലാണ്. തിരിച്ചറിയാന്‍ പോലും സാധിക്കില്ല. ഇന്ത്യയില്‍ 66 മില്യന്‍ കുട്ടികളാണ് ഓരോ ദിവസവും ഇത്തരം വെബ്‌സൈറ്റുകളില്‍ തിരഞ്ഞു കൊണ്ടിരിക്കുന്നത്. കുതിച്ചു കൊണ്ടിരിക്കുന്ന ലൈംഗിക മാര്‍ക്കറ്റില്‍ ഇവരെല്ലാം ഇരകളാക്കപ്പെടുകയാണ് പിന്നീടുണ്ടാവുക.
അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന National Centre for Missing and Exploited Children (NCMEC) ഈയിടെ ഒരു ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ടു. കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ച് മില്യണ്‍ പോണ്‍ ചിത്രങ്ങളാണത്രെ ഓരോ വര്‍ഷവും കണ്ടെടുക്കപ്പെടുന്നത്. ഓരോ ആഴ്ചയിലും 480,769 ചിത്രങ്ങള്‍. ഓരോ മണിക്കൂറിലും 2862 ദൃശ്യങ്ങള്‍.
Child Sexual Abuse Material (CSAM) ഇന്ന് ഒരു ആഗോള പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിളം ശരീരങ്ങവും മനസും ലൈംഗികമായി എത്രത്തോളം ചൂഷണം ചെയ്യപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്യുന്നുവെന്നതിന്റെ ഭീമാകാരമായ കണക്കുകളാണിത്. Canadian Centre for Child Protection (CCCP)ന്റെ കണ്ടത്തല്‍ പ്രകാരം NCMECയുടെ കണക്കനുസരിച്ച് 78.30% ചിത്രങ്ങളും വീഡിയോകളും പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളുടെതാണ്. അതില്‍ 63.40ശതമാനവും എട്ട് വയസ് തികയാത്ത കുട്ടികളാണ്. ഇതില്‍ 80.42% പെണ്‍കുട്ടികളും 19.58% ആണ്‍കുട്ടികളുമാണ്. NCMEC-യുടെ അഭിപ്രായത്തില്‍ ഏറ്റവും കൂടുതല്‍ വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കപ്പെടുന്നത് അയല്‍വാസികള്‍, കുടുംബ സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയാണ്. സ്വന്തം രക്ഷിതാക്കളാല്‍ പോലും പോണ്‍ ഉള്ളടക്കങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നത് ഖേദകരമാണ്.
കടപ്പാട്: ഇന്ത്യ ടുഡേ

Share this article

Leave a Reply

Your email address will not be published. Required fields are marked *