കൊവിഡ് 19 നിശ്ചലമാകുന്ന മനുഷ്യന്‍

Reading Time: 4 minutes

ജലീല്‍ കല്ലേങ്ങല്‍പടി

മഹാമാരികള്‍ (Pandemic)എന്നത് കേട്ടറിവായിരുന്നു ഇതുവരെ. വസൂരി, കോളറ, പ്ലേഗ് എന്നിവയെല്ലാം അനേകം മനുഷ്യരുടെ ജീവനുകള്‍ നക്കിത്തുടച്ചാണ് ഭൂമുഖത്തു നിന്ന് കടന്നുപോയത്. ഇവയെക്കാള്‍ വേഗതയിലാണ് കോവിഡ് 19 ലോകത്തെ കീഴ്‌പ്പെടുത്തിയികൊണ്ടിരിക്കുന്നത്. 2019 ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ വൈറസ് ഭൂഖണ്ഡ അതിര്‍ത്തികള്‍ കടന്ന് മുഴുവന്‍ രാഷ്ട്രങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. പ്രായ വ്യത്യാസമില്ലാതെ മനുഷ്യര്‍ ഒരു വൈറസിന് മുന്നില്‍ കീഴടങ്ങുന്നു. മരണം ഇവിടെയൊന്നും നില്‍ക്കില്ലെന്നാണ് ഐക്യരാഷ്ട്ര സഭ നല്‍കുന്ന മുന്നറിയിപ്പ്. ഭരണാധികാരികളും ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമെല്ലാം പരാജയപ്പെട്ടുപോകുന്നു. മരണ നിരക്ക് പരിധി ലംഘിക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം കൈവിട്ടു. ചൈനയും ഇറ്റലിയുമെല്ലാം ശവപ്പറമ്പുകളായി മാറി. ഇതെഴുതുമ്പോള്‍ ആഗോളതലത്തില്‍ മരണസംഖ്യ 26,350 ആയി ഉയര്‍ന്നു. 86,498 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം ബാധിച്ചത്. 9,134 പേര്‍ മരിച്ചു. ചൈനയില്‍ 81,340 പേരാണ് ഇതുവരെ രോഗം പിടിപെട്ടവര്‍. 3,292 പേര്‍ ഇവിടെ മരണത്തിന് കീഴടങ്ങി. ഇരുപത്തിനാല് മണിക്കൂറിനിടെ 919 പേരാണ് ഇറ്റലിയില്‍ മരിച്ചത്. മരണസംഖ്യയില്‍ മുന്നിലായിരുന്ന ചൈനയെ ഇറ്റലി അതിവേഗം മറികടന്നിരിക്കുന്നു. മൃതദഹങ്ങള്‍ അടക്കം ചെയ്യാനായി ശ്മശാനങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണിവിടെ. ചരമ വാര്‍ത്തക്കു മാത്രമായി പ്രാദേശിക മാധ്യമങ്ങള്‍ പത്തോളം പേജുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. രോഗികളെ കൊണ്ട് ഓടുന്ന ആംബുലന്‍സുകളുടെ ശബ്ദത്താല്‍ മുഖരിതമാണ് ഇറ്റലിയിലെ വെനീസും മിലാനുമെല്ലാം. രോഗം ബാധിച്ച പ്രായമായവര്‍ക്ക് ചികിത്സ പോലും നിഷേധിക്കപ്പെടുന്ന ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ഈ സമ്പന്ന രാഷ്ട്രം കടന്നുപോകുന്നത്. ഇറാനിലും സ്ഥിതി അതിദയനീയമാണ്. ഇതു നിങ്ങള്‍ വായിക്കുമ്പോള്‍ എല്ലാ കണക്കുകളും മറികടന്നു ഒരുപക്ഷേ കൈവിട്ടു പോയിരിക്കാം. എല്ലാം ദൈവത്തിന് വിട്ടുകൊടുത്ത് മരണം കാത്തുകഴിയുന്നവരായി മാറിയിരിക്കുന്നു ഇറ്റലിയെ ജനതയിലേറെയും. ഇന്ത്യയിലും സ്ഥിതിഗതികള്‍ വേഗത്തില്‍ മാറുകയാണ്.
വൈദ്യശാസ്ത്രം പുരോഗതിയുടെ ഉയര്‍ന്ന തലത്തിലെത്തിയിട്ടും ഈ വൈറസിനെ പിടിച്ചുകെട്ടാനാകാതെ ഭരണകൂടങ്ങള്‍ പോലും നിസഹായമാവുന്ന കാഴ്ചക്കാണ് ലോകം സാക്ഷിയാകുന്നത്. ഫലപ്രദമായ പ്രതിരോധ വാകാസിന്‍ ഉടനടി കണ്ടെത്തിയില്ലെങ്കില്‍ മരണ നിരക്ക് മറ്റു രാഷ്ട്രങ്ങളിലേതിനെക്കാള്‍ ഇന്ത്യയിലായിരിക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഏതു നിമിഷവും വൈറസ് തേടിയെടുത്തുമെന്ന ഭീതിയും ആശങ്കയും ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ബാധിച്ചിട്ടുണ്ട്. വൈറസ് സാന്നിധ്യമറിയിക്കാത്ത രാഷ്ട്രങ്ങള്‍ മുന്‍കരുതലുകളോടെ കാത്തിരിക്കുന്നു. രോഗം വരാതിരിക്കാനുള്ള പ്രതിരോധം മാത്രമാണ് മുന്നിലുള്ള ഏകപോംവഴിയെന്ന് ഭരണകൂടവും ജനങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. യാത്രകളെല്ലാം ഏറ്റവും പരിമിതാവസ്ഥയിലേക്ക് ചുരുങ്ങി. വിമാനത്താവളങ്ങള്‍ അടച്ചു. വിദ്യാഭ്യാസ-വ്യാപാര സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും തിയേറ്ററുകളും അടച്ചിടേണ്ടിവന്നു. തുറന്നിരുന്നാല്‍ തന്നെയും ആളുകള്‍ അവിടേക്ക് എത്തിനോക്കുക പോലും ചെയ്യുന്നില്ല. നഗര ഗ്രാമങ്ങള്‍ വിജനമായി. തെരുവുകളില്‍ നിന്ന് കച്ചവടക്കാര്‍ അപ്രത്യക്ഷരായിരിക്കുന്നു. ജനങ്ങളെ തടിച്ചുകൂടാനോ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനോ അനുവദിക്കുന്നില്ല. ഇറാനിലെ ജയിലുകളില്‍ നിന്നു തടവുകാരെ തുറന്നു വിടുന്നു. ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പെരുപ്പത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്തിടെ നടക്കാനിരിക്കുന്ന ലോക കായിക മാമാങ്കങ്ങളെല്ലാം മാറ്റിവെച്ചു. കോടികള്‍ ചെലവിടുന്ന ഒളിമ്പിക്‌സിന്റെയും ലോകക്കപ്പ് ഫുട്‌ബോളിന്റെയുമെല്ലാം സംഘാടനം ആശങ്കയിലായി. ആരാധനാലയങ്ങളെല്ലാം അടിച്ചിടേണ്ട സവിശേഷമായ സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാറും പ്രമുഖ മാധ്യമ സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് (work at home) നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെയെല്ലാമാണ് ലോകരാഷ്ട്രങ്ങളിലെ ഇപ്പോഴത്തെ സ്ഥിതി വിശേഷങ്ങള്‍. മനുഷ്യര്‍ക്ക് ഇങ്ങനെയും ജീവിക്കാനാകുമെന്ന സത്യം കൂടി ഈ ദുരന്തകാലം ഓര്‍മിപ്പിക്കുന്നുണ്ട്.

യുവാക്കള്‍ സുരക്ഷിതരോ?
രോഗം തന്നെ പിടികൂടില്ലെന്ന മിഥ്യാധാരണയിലാണ് ഇപ്പോഴും ജനങ്ങളിലേറെയും. വൃദ്ധര്‍ മാത്രമാണ് മരിച്ചവരിലേറെയെന്നതിനാല്‍ ഭയപ്പെടാനില്ലെന്ന് യുവാക്കളും കരുതുന്നു. എന്നാല്‍ ഇതു വന്‍പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. എന്നാല്‍ രോഗികളിലും പ്രായമായവരിലുമാണ് കോവിഡ് 19 ബാധിക്കുകയെന്ന ധാരണ തിരുത്താനാണ് ലോകാരോഗ്യ സംഘടയുടെ നിര്‍ദേശം. അന്‍പത് വയസിന് താഴെയുള്ള നിരവധി പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 30 ശതമാനം പേരും 20 മുതല്‍ 44 വയസിന് ഇടയിലുള്ളവരാണ്. ഫ്രാന്‍സില്‍ 50 ശതമാനവും 60 വയസിന് താഴെയുള്ളവരാണെന്നാണ് കണക്കുകള്‍. വിദേശത്തു നിന്നുവന്നവര്‍ യാതൊരു മുന്‍കരുതലുമെടുക്കാതെയും ആരോഗ്യവകുപ്പിനെ അറിയിക്കാതെയും കുടുംബങ്ങളുമായും പൊതുജനങ്ങളുമായും ലാഘവത്തോടെ സമ്പര്‍ക്കം പുലര്‍ത്തുന്നത് ഈ ധാരണയുള്ളതിനാലാണ്. ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്നും വിദഗ്ധമായി മുങ്ങി ബന്ധുവീടുകളിലും വിവാഹങ്ങളിലും സൗഹൃദക്കൂട്ടങ്ങളിലുമെല്ലാം പങ്കെടുത്തവരാണ് ഇപ്പോള്‍ രോഗം പടര്‍ത്തികൊണ്ടിരിക്കുന്നത്. സ്വന്തം ശരീരത്തോട് മാത്രമല്ല, കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടുമാണ് ഇവര്‍ അനീതി കാട്ടുന്നതെന്ന് ഓര്‍ക്കുന്നില്ല. കാലുപിടിച്ചു പറഞ്ഞിട്ടും കാസര്‍കോട്ടുകാരന്‍, അദ്ദേഹം സഞ്ചരിച്ച വഴികള്‍ പോലും നല്‍കാന്‍ തയാറാകുന്നില്ല. ആയിരക്കണക്കിന് ആളുകളോടാണ് ഇവരെല്ലം സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ളത്. വൈറസിന്റെ സാമൂഹ്യ വ്യാപനം ഇവിടെയാണ് ആരംഭിക്കുന്നത്. ഇതോടെ അതിവേഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പടര്‍ന്നു പിടിക്കും. രോഗം വരാതിരിക്കാന്‍ മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തിയവര്‍ പോലും രോഗത്തിന്റെ പിടിയിലാകും. അടിയന്തിരഘട്ടം നേരിടാന്‍ ആരോഗ്യവകുപ്പ് സര്‍വസന്നാഹങ്ങളുമായി നില്‍ക്കുമ്പോഴാണ് രോഗാണുവിനെയും വഹിച്ച് ഇവര്‍ നാടൊന്നടങ്കം ചുറ്റിക്കറങ്ങുന്നത്. സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇതുവരെ രോഗം പരിധിവിട്ടു പോകാതെ നിയന്ത്രിക്കാന്‍ സാധിച്ചത്. വിമാനങ്ങളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തിയാല്‍ ആ വിമാനത്തില്‍ വന്നവരെയും പിന്നീടുള്ള യാത്രകളില്‍ രോഗി സമ്പര്‍ക്കം പുലര്‍ത്തിയവരെയുമെല്ലാം കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു. ഈ പ്രവര്‍ത്തനങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഇറ്റലിയില്‍ നിന്നു വന്നവരും കാസര്‍കോട്ടെ രോഗികളുമെല്ലാം സഞ്ചരിച്ചത്. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ വീര്യം കെടുത്തുന്നതോടൊപ്പം പൊതുജനങ്ങളില്‍ ഭീതി വര്‍ധിപ്പിക്കാനും ഇടയാക്കും. സര്‍ക്കാരിന് കലര്‍പില്ലാത്ത പിന്തുണ നല്‍കാന്‍ പൊതുജനത്തിന് സാധിക്കുന്ന ഘട്ടം ഇതുമാത്രമാണ്. മനുഷ്യരുണ്ടെങ്കില്‍ മാത്രമേ ജാതിക്കും രാഷ്ട്രീയത്തിനും സമ്പത്തിനും കുടുംബ മഹിമക്കുമെല്ലാം പ്രസക്തിയുള്ളുവെന്ന കാര്യം മറന്നുപോകരുത്. രോഗത്തിന് മുന്നില്‍ മനുഷ്യരെല്ലാം ഒന്നാണ്. മനുഷ്യരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള ഭരണകൂടത്തിന്റെ തീവ്രയജ്ഞങ്ങള്‍ക്ക് ലൈക്കടിക്കാം. വീടിനകത്തിരുന്ന് സ്വയം ക്വാറന്റൈനിലേക്ക് നീങ്ങി മനുഷ്യാരാശിയെ രക്ഷിച്ചെടുക്കാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ട സമയമാണിത്. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടാതെയും മനുഷ്യരുടെ ഭീതിയകറ്റാന്‍ കൂടെ നില്‍ക്കാം നമുക്ക്.

‘കണ്ണിപൊട്ടി’ച്ചെറിയാന്‍ കേരളം
നിര്‍ണാകയമായ ദിനങ്ങളിലൂടെയാണ് കേരളവും കടന്നുപോയികൊണ്ടിരിക്കുന്നത്. കേരളത്തിലെ 65 ലക്ഷം പേര്‍ക്ക് വൈറസ് ബാധയുണ്ടാകാമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. രോഗം ബാധിച്ച രാഷ്ട്രങ്ങളില്‍ നിന്നു വന്നവരില്‍ രോഗബാധയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവരുടെ പൊതുജന സമ്പര്‍ക്കത്തിലൂടെയാകും രോഗം അതിവേഗം പടരുക. ഇതെഴുതുമ്പോള്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ രോഗം വ്യാപിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതലെങ്കില്‍ കേരളമാണ് തൊട്ടുപിന്നില്‍. 128 രാഷ്ട്രങ്ങളില്‍ രോഗം വ്യാപിച്ചതിനു ശേഷമാണ് വൈറസ് കേരളത്തിലേക്ക് എത്തിയത്. ജനസാന്ദ്രത കൂടുതലുള്ള ഇവിടെ രോഗം അതിവേഗം പടരാനുള്ള സാധ്യതയേറെയാണ്. ഇതിനെ തടയിടാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതുവരെയുള്ള മുന്‍കരുതലുകളും ജാഗ്രതയും ഫലംകാണാതെ വരും. വൈറസിന്റെ സാമൂഹ്യവ്യാപനം എന്ന ഘട്ടത്തിലെത്തിയാല്‍ നിയന്ത്രണവിധേമാക്കുക കടുത്ത വെല്ലുവിളിയാകും. ചൈനക്കും ഇറ്റലിക്കും ഇതാണു സംഭവിച്ചത്. കേരളത്തില്‍ നിന്ന് നിപ്പയെ പടി കടത്തിയ പോലെ കോവിഡിനെ അത്ര വേഗത്തില്‍ തടയാനാകില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന പാഠം. മുഖംമൂടി ധാരികളായ മനുഷ്യരാണ് കേരളത്തിന്റെ തെരുവുകളില്‍ പോലും ഇപ്പോള്‍ കാണുന്നത്. പരസ്പരം ഇടപഴകാനോ യാത്രകള്‍ ചെയ്യാനോ മടിക്കുന്നു. ബസ് സ്റ്റാന്റിലും മനുഷ്യര്‍ കൂടുതലായെത്തുന്ന സ്ഥലങ്ങളിലുമെല്ലാം കൈ കഴുകാന്‍ വെള്ളവും സാനിറ്റൈസറും സ്ഥാപിച്ച് ശുചിത്വബോധമുള്ളവരായി മലയാളി സ്വയം മാറുന്നു. മണിക്കൂറുകള്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരുന്ന നിരത്തുകള്‍ വാഹനങ്ങളില്ലാതെ ശൂന്യമായി. വിമാനവും ട്രെയിനും കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളുമെല്ലാം സര്‍വീസ് വെട്ടിച്ചുരുക്കി. പലതും നിര്‍ത്തി. വിവാഹങ്ങള്‍ മാറ്റിവെച്ചു, നടന്ന വിവാഹങ്ങള്‍ ഏറ്റവും ലളിതമായി മാറി. ഹോട്ടലുകളും അടച്ചു. ഓണ്‍ലൈന്‍ വഴി ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിംഗ് സര്‍വീസുകള്‍ മാത്രം വിളികാത്തു കിടക്കുന്ന സാഹചര്യം. ഓരോ സംരംഭങ്ങളുടെയും അനുബന്ധമായി നടന്നിരുന്ന ജോലികളും മുടങ്ങി. ഫേസ് മാസ്‌ക്, ഹാന്റ്‌വാഷ് എന്നിവയുടെ കച്ചവടം മാത്രമാണിപ്പോള്‍ തകൃതിയായി നടക്കുന്നത്. വിദ്യാലയങ്ങളും ആരാധാനലയങ്ങളും നിശ്ചലമായി. ഓരോ സംരംഭങ്ങളുടെയും അനുബന്ധമായി നടന്നിരുന്ന പ്രവര്‍ത്തനങ്ങളും മുടങ്ങി. അന്നന്ന് തൊഴിലെടുത്ത് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് പേര്‍ പട്ടിണിയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. കുടുംബത്തെ കാണാന്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയിട്ടും ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണം നേരിടേണ്ടിവരുന്ന പ്രവാസികള്‍. വിദേശത്തു നിന്നെത്തിയ മക്കളെ കാണാന്‍ പേടിക്കുന്ന രക്ഷിതാക്കള്‍, കേരളം സന്ദര്‍ശിക്കാനെത്തിയ വിദേശികള്‍ക്ക് താമസിക്കാന്‍ മുറി ലഭിക്കാതെ റോഡരികിലും ഒഴിഞ്ഞ വയലുകളിലും കിടന്നുറങ്ങേണ്ട സാഹചര്യം, പരസ്പരം മാറ്റിനിര്‍ത്തപ്പെടുകയും കൂടെയുള്ളവനെ സംശയത്തോടെ നിരീക്ഷിക്കുകയും ചെയ്യുന്ന മനുഷ്യരായി നാം മാറിയിരിക്കുന്നു. എങ്കിലും വൈറസ് വ്യാപനത്തിന്റെ ‘കണ്ണിമുറിച്ച്’ സര്‍ക്കാരിന് ഒറ്റക്കെട്ടായി പിന്തുണ നല്‍കുകയാണിപ്പോള്‍ മലയാളി. വൈറസിനെ കീഴടക്കാന്‍ എപ്പോള്‍ കഴിയുമെന്ന് ഒരു നിശ്ചയവുമില്ലാത്തതിനാല്‍ എത്രകാലത്തേക്ക് ഇപ്പോഴത്തെ നിയന്ത്രണങ്ങളെല്ലാം വേണ്ടിവരുമെന്നു പ്രവചിക്കാനാകില്ല. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് മുന്‍കരുതലെടുക്കുക മാത്രമാണ് മുന്നിലുള്ള ഏക മാര്‍ഗം. മഹാമാരിയെ തുരത്താനുള്ള പോരാട്ടമാണിത്.

വരാനിരിക്കുന്നത് സാമ്പത്തിക മാന്ദ്യമോ?
2008-2009ലെ സാമ്പത്തിക മാന്ദ്യം ആവര്‍ത്തിക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. വികസിത രാഷ്ട്രങ്ങള്‍ വരെ വൈറസിന്റെ പിടിയിലമര്‍ന്നതോടെ ആഗോള വിപണി നിശ്ചലമായിരിക്കുകയാണ്. ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നു. ചൈനയാണ് ഇന്ധന ഉപഭോഗത്തില്‍ മുന്നിലുള്ളത്. രോഗം ആദ്യം തന്നെ തളര്‍ത്തിയത് ചൈനയെ ആണ്. വൈറസ് അതിവേഗം പടര്‍ന്നുപിടിച്ചതോടെ ചൈന വിറച്ചു. ആളുകള്‍ നിരത്തിലിറങ്ങുകയോ വാഹന ഉപയോഗം ഇല്ലാതിരിക്കുകയും ചെയ്തതോടെ ഇന്ധന വില കൂപ്പുകുത്തി. ഇത് ആഗോള സാമ്പത്തിക വിപണിയെ മൊത്തതില്‍ ബാധിച്ചു. ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യമാകും ഫലം. ഇപ്പോള്‍ തന്നെ ജനങ്ങള്‍ പതിവില്‍ കൂടുതല്‍ അവശ്യവസ്തുക്കള്‍ വാങ്ങി ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം കേരളത്തെയും അതിഗുരുതരമായി ബാധിക്കും. 25 ലക്ഷം മലയാളികള്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നുണ്ട്. മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനമാണിത്. ഗള്‍ഫ് രാഷ്ട്രങ്ങളുടെ മൊത്തം വരുമാനത്തിന്റെ 70 ശതമാനവും എണ്ണ വില്‍പനയിലൂടെയാണ്. ഇതിനാണ് അപ്രതീക്ഷിതമായ ഇടിവ് സംഭവിച്ചിരിക്കുന്നത്. 2014-15 കാലത്തെ അറബ് മാന്ദ്യത്തെ തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കമ്പനികള്‍ പ്രതിസന്ധിയിലായപ്പോള്‍ തൊഴിലാളികളെ സേവന ആനുകൂല്യങ്ങള്‍ പോലും നല്‍കാതെയാണ് പിരിച്ചുവിട്ടത്. എന്നാല്‍ സ്വന്തം പൗരന്‍മാരെ പരമാവധി സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതോടെ മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഏറ്റവും വലിയ നഷ്ടം അനുഭവിക്കേണ്ടി വന്നു. അന്ന് ഏകദേശം 11,000 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. നഷ്ട പരിഹാരം പോലും ലഭിക്കാതെ പലര്‍ക്കും വൈറുംകൈയോടെ നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യമുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികളുടെ ഫലമായി നിലവില്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിലേക്കാണ് അപ്രതീക്ഷിതമായി കോവിഡ് 19 വൈറസ് ബാധ കൂടി കടന്നുവന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടമുണ്ടായ ആദ്യ 15 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്. ഏകദേശം 2,500 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് യുനൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു. ചൈന ഉത്പാദനം വെട്ടിക്കുറച്ചതാണ് പ്രധാന തിരിച്ചടിയായത്. ഇതു ആഗോളവിപണിയെയും ഗുരുതരമായി ബാധിച്ചു. സാമ്പത്തിക രംഗം ഇനിയും തളരാതിരിക്കണമെങ്കില്‍ കൃത്യമായ ലക്ഷ്യത്തോടെയുള്ള ഇടെപടലുകള്‍ അനിവാര്യമായും നടത്തേണ്ടതുണ്ട്. ക്രൂഡോയില്‍ വിലയിടിവിന്റെ ഗുണം രാജ്യത്തെ പൊതുജനങ്ങള്‍ക്കു നല്‍കാതെ അവരെ കൊള്ളയടിക്കുന്ന തരത്തിലുള്ള സമീപനവുമായി മുന്നോട്ടുപോയാല്‍ രാജ്യം ഏറ്റവും വലിയ മാന്ദ്യത്തിന്റെപിടിയിലമരും. കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ രണ്ടു പ്രളയങ്ങളുണ്ടാക്കിയ നഷ്ടങ്ങളില്‍ നിന്ന് പതിയെ കരകയറുമ്പോഴാണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിടുകയും ഉത്പാദനം മുടങ്ങുകയും ചെയ്യുന്നതോടെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും വര്‍ധിക്കും. കയറ്റുമതിയും ഇറക്കുമതിയും ഇല്ലാതാകുന്നതോടെ അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവക്ക് വിലക്കയറ്റവും ക്ഷാമവും അനുഭവപ്പെടും. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങളാകും രാജ്യത്ത് സൃഷ്ടിക്കുക. വൈറസിന്റെ വ്യാപനം വേഗത്തില്‍ തടയാനായില്ലെങ്കില്‍ ലോകസാമ്പത്തിക രംഗം വന്‍പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും. ഗള്‍ഫ് രാഷ്ട്രങ്ങളുടെ സാമ്പത്തിക അടിത്തറ തകരുന്നത് ആ രാഷ്ട്രങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന കേരളം ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ ഗുരുതരമായി ബാധിക്കും. മാര്‍ച്ച് 31 വരെ രാജ്യത്തെ റസ്റ്റോറന്റുകളെല്ലാം അടിച്ചിടാന്‍ നാഷണല്‍ റസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നു. 50 ലക്ഷം റസ്റ്റോറന്റുകളുണ്ടെന്നാണ് അസോസിയേഷന്‍ കണക്ക്. കോടികള്‍ മുതല്‍ മുടക്കി ആരംഭിച്ച റസ്റ്റോറന്റുകള്‍ക്ക് താഴിടുന്നതോടെയുണ്ടാകുന്ന നഷ്ടങ്ങള്‍ ഭീകരമായിരിക്കും. ലോക ടൂറിസം മേഖലയുടെ പ്രവര്‍ത്തനവും പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. സാമൂഹിക, രാഷ്ട്രീയ പ്രത്യാഘാതങ്ങളാകും ഇതിനെ തുടര്‍ന്നു സംഭവിക്കുക. ഉറ്റവരുടെയെല്ലാം കൂട്ട മരണത്തെ തുടര്‍ന്നുള്ള ഒറ്റപ്പെടലും തൊഴിലും സമ്പാദ്യങ്ങളെല്ലാം നഷ്ടമാകുമ്പോഴും സംഭവിക്കുന്ന മാനസികാഘാതങ്ങളും ചെറുതായിരിക്കില്ല. പ്രിയപ്പെട്ടവരെ കാണാനാകാതെ വിവിധ രാഷ്ട്രങ്ങളില്‍ കുടുങ്ങിയവരും അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങാനാകാതെ കഴിയുന്നവരുടെയും ആശങ്കകള്‍ക്ക് കടിഞ്ഞാണിടാനാകില്ല. തൊഴില്‍ ഇല്ലാത്തതിനാല്‍ കടം വാങ്ങിയതും വായ്പയെടുത്തതുമായ പണം തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ പോകുന്നവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ചെറുതല്ല. വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു പോയതോടെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ജനത. വിളവിന് പാകമായ കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാകാതെ നശിക്കുന്നത് നോക്കി നില്‍ക്കാനേ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ. വിമാനത്താവളങ്ങളിലുടെയും ട്രെയിന്‍ വഴിയും റോഡ് മാര്‍ഗവുമെല്ലാം നിത്യേന കോടികളുടെ കാര്‍ഷിക ഉത്പന്നനങ്ങളാണ് വന്നുംപോയിമിരുന്നത്. ഇവയിലേറെയും സാധാരണക്കാരായ കര്‍ഷകരുടെ ഉപജീവനമായിരിക്കുന്നു. ഇതാണ് നിലച്ചിരിക്കുന്നത്. ജീവിതമാര്‍ഗം നിലച്ചു പോയവരെ സാമ്പത്തിക സഹായം നല്‍കിയും ആശ്വസിപ്പിച്ചും കൂടെ നില്‍ക്കാന്‍ സര്‍ക്കാരുകളും തയാറാകണം. ആഗോളതലത്തില്‍ തന്നെ വന്‍ ഭീഷണിയായി വൈറസ് മാറിക്കഴിഞ്ഞതോടെ ഇതിനെ നിയന്ത്രിക്കേണ്ടത് ലോകരാഷ്ട്രങ്ങളുടെയെല്ലാം ചുമതലയായി മാറിയിട്ടുണ്ട്. മനുഷ്യരാശിയുടെ നിലനില്‍പിനു വേണ്ടിയുള്ള കഠിന പരിശ്രമങ്ങളിലാണ് വൈദ്യശാസ്ത്രലോകം.

Share this article

Leave a Reply

Your email address will not be published. Required fields are marked *