കാര്യത്തിലാവട്ടെ കണ്‍ഫ്യൂഷന്‍

Reading Time: 2 minutes

യഅ്കൂബ് പൈലിപ്പുറം

രസകരമായൊരു ചൈനീസ് പഴമൊഴിയുണ്ട്, ചോദ്യം ചോദിക്കുന്നവര്‍ അഞ്ചു മിനിറ്റ് നേരത്തേക്ക് വിഡ്ഢിയാവുന്നു, എന്നാല്‍ ചോദ്യം ചോദിക്കാത്തവര്‍ എന്നെന്നേയ്ക്കുമായി വിഡ്ഢിയാവുന്നു എന്ന്. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ വിഴുങ്ങുന്ന ചോദ്യങ്ങളുടെ വില പിന്നീട് നിങ്ങള്‍ക്കു തന്നെ ബോധ്യപ്പെട്ടിട്ടില്ലേ?. ‘ഒരന്തംവിടല്‍’ പലപ്പോഴും നിങ്ങളെ സ്വയം ചോദ്യം ചോദിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും അതിലൂടെ സ്വതസിദ്ധമായ കഴിവുകളില്‍ നിന്ന് വഴുതി തെറ്റായ തിരഞ്ഞെടുപ്പുകളിലേക്ക് നിങ്ങള്‍ കൂപ്പുകുത്തുകയും ചെയ്യുന്നു.
കണ്ണെത്താത്ത മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോയ ഒരാള്‍, ഒരിറ്റു ദാഹജലം പോലും കിട്ടാതെ, ദിക്കറിയാതെ, മരണം മുന്നില്‍ കണ്ട് അലയവെ, പൊടുന്നനെ കുറച്ചകലെ ചെറിയൊരു കൂടാരം കണ്ടു. വേച്ച് വേച്ച് കൂടാരത്തിനുള്ളില്‍ കടന്ന അയാള്‍ അതിനുള്ളില്‍ കുഴല്‍ക്കിണറിലേക്ക് ഇറക്കിയ ഒരു പൈപ്പും മോട്ടോര്‍ എഞ്ചിനും കണ്ടു. അയാള്‍ പ്രതീക്ഷയോടെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ കുറെ ശ്രമിച്ചെങ്കിലും പരാജിതനായി നിരാശയോടെ തളര്‍ന്നിരിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് ഒരു ബോട്ടിലില്‍ കുറച്ച് വെള്ളമിരിക്കുന്നത് ശ്രദ്ധിച്ചത്. അയാള്‍ അടങ്ങാത്ത ആര്‍ത്തിയോടെ ആ ബോട്ടിലെടുത്തു വെള്ളം കുടിക്കാന്‍ നോക്കുമ്പോള്‍ അതിലൊരു കുറിപ്പ്. ‘ഈ ശുദ്ധജലം പൈപ്പിലൊഴിച്ചാല്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വേണ്ടത്ര വെള്ളമെടുക്കാം’ എന്നായിരുന്നു അത്.
ഒന്നിലധികം സാധ്യതകളും വ്യത്യസ്ത ഫലങ്ങളും പ്രതീക്ഷിക്കപ്പെടുന്ന ഇത്തരം അസന്ദിഗ്ധ ഘട്ടങ്ങളില്‍ തീരുമാനങ്ങളെടുക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണല്ലോ. തൊഴിലോ ഉപരിപഠനമോ കുടുംബജീവിതമോ സാമൂഹ്യ ഇടപെടലുകളോ തുടങ്ങി എന്തുമായി ബന്ധപ്പെട്ടാണെങ്കിലും ആശയക്കുഴപ്പങ്ങളിലകപ്പെടുമ്പോള്‍ അതിനെ തലതല്ലിപ്പൊളിക്കേണ്ട പ്രശ്‌നമായി കണ്ട് മനഃസംഘര്‍ഷത്തിലാണ്ടുപോകുന്ന ഒട്ടേറെപ്പേരുണ്ട്. ജീവിതം ആധികളും ആകുലതകളും എല്ലാത്തിനുമപരി അപകടസാധ്യതകളും നിറഞ്ഞ ഒരു തിരഞ്ഞെടുപ്പാണെന്ന തിരിച്ചറിവില്ലാത്തവര്‍. കണ്‍ഫ്യൂഷനായി കണ്ണുതള്ളി നില്‍ക്കുന്നതിനു പകരം മനഃസാന്നിധ്യത്തോടെ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്കുതന്നെ കഴിയും. മാറിനിന്ന് വീക്ഷിച്ചാല്‍ മറ്റുള്ളവരുടെ ജീവിതത്തിലെ ഇതേതരം പ്രശ്‌നങ്ങളെപ്പറ്റി ‘ഇതൊക്കെ എന്ത് നിസാര കാര്യമാണ്’ എന്ന് നിങ്ങളും പറയാറില്ലേ?
ഒരു പിഴവുമില്ലാത്ത, സമ്പൂര്‍ത്തിയുള്ള ഒരു തീരുമാനവും ആര്‍ക്കും സാധ്യമല്ലെന്നറിയണം. എന്നാല്‍ പാതിജയം എന്നത് പരാജയമായാണ് ഗണിക്കപ്പെടുക. ഭാഗ്യപരീക്ഷണം പോലെ നാണയം മേലോട്ടിട്ട് തീരുമാനങ്ങള്‍ എടുക്കുന്നവരെ കണ്ടിട്ടില്ലേ! ഭാഗികമായ തിരഞ്ഞെടുപ്പാണിത്. തലയാണെങ്കില്‍ ശരി, വാലാണെങ്കില്‍ തെറ്റ് എന്ന മട്ടിലുള്ളത്. നൂറില്‍ അമ്പതു പ്രാവശ്യം അങ്ങനെയുള്ള ശരികള്‍ കിട്ടുമ്പോള്‍ ശേഷിച്ച അമ്പത് പാഴായി പോവുകയാണല്ലോ.
മനസിനെ കൈകാര്യം ചെയ്യാനറിയുന്നവര്‍ക്ക് തീരുമാനമെടുക്കുന്ന ഘട്ടങ്ങളില്‍ കണ്‍ഫ്യൂഷനുകളുണ്ടാവേണ്ടത് ഒരര്‍ഥത്തില്‍ വളരെ അനിവാര്യമായ ഒരു കാര്യമാണ്. ആശയക്കുഴപ്പം സര്‍ഗാത്മക ആശയങ്ങളിലേക്കുള്ള പ്രവേശനകവാടമാണെന്നറിയുക. ‘ഒരു കണ്‍ഫ്യൂഷനുമില്ലാത്തവന്‍ ചുറ്റും നടക്കുന്നത് എന്താണെന്നറിയാത്തവനാണെന്ന്’ മഹദ്‌വചനം. ഇത്തരക്കാര്‍ എടുത്തുചാടിയെടുക്കുന്ന തീരുമാനങ്ങള്‍ മിക്കപ്പോഴും പരമാബദ്ധങ്ങളില്‍ പര്യവസാനിക്കുന്നവയായിരിക്കും.
ചിന്തയും വിശകലനവും വഴി മുന്‍ഗണനാക്രമം(Prioritising) നടത്തി വ്യക്തതവരുത്തിയ ശേഷമാണ് തീരുമാനങ്ങളിലേക്ക് പ്രവേശിക്കേണ്ടത്. ഇതിന് ഏറ്റവും സുപ്രധാനമായി വേണ്ടത് സ്വന്തത്തോടുള്ള ഉപദേശം തേടലാണ്.
മറ്റുള്ളവര്‍ക്ക് നിര്‍ലോഭം നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ മിടുക്കന്മാരായ നാം സ്വയം തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ അങ്കലാപ്പില്‍ അകപ്പെടുകയാണ് പതിവ്. ഒരു നല്ല സുഹൃത്തെന്ന പോലെ ഉപദേശം നല്‍കാന്‍ നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുമ്പോള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ നിങ്ങള്‍ക്കു തന്നെ കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിവരികയും ചെയ്യും.
ശരിയായ തീരുമാനമെടുക്കുകയല്ല, എടുത്ത തീരുമാനങ്ങള്‍ ശരിയാക്കുകയാണ് വേണ്ടത് എന്ന് പറയാറുണ്ട്. ഉറച്ചെടുത്ത തീരുമാനത്തില്‍ കുറവുകളുണ്ടെങ്കില്‍ കൂടിയും അതില്‍ ആശയക്കുഴപ്പത്തിനോ നിരാശയ്‌ക്കോ വകയില്ല. മനസുറപ്പ് അത്ര പോരാതെ മറ്റുള്ളവരെ ആശ്രയിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ പലപ്പോഴും നിഷ്‌ക്രിയവും നിരുത്തരവാദിത്വപൂര്‍ണവുമായ സമീപനമായിരിക്കും ഫലം. ഏതൊരു തിരഞ്ഞെടുക്കലിലും ആശയക്കുഴപ്പം ഉണ്ടാകുന്നുവെന്നത് നിങ്ങള്‍ ശരിയായ ദിശയില്‍ ചിന്തിക്കുന്നതിന്റെ അടയാളമാണ്. ഈ ആശയക്കുഴപ്പം നല്ലതാണെന്നര്‍ഥം.
ചോദ്യങ്ങളൊന്നുമില്ലാതെ, അന്വേഷിക്കാനോ അറിയാനോ ശ്രമിക്കാതെ മുന്നോട്ടു പോകുന്നിടത്ത് കണ്‍ഫ്യൂഷന്‍ അപകടകാരിയാകും. അവശ്യം വേണ്ടത് ശരിയായ അറിവാണ്. ഒരു കാര്യത്തെക്കുറിച്ചുള്ള പരിമിതമായ അറിവും അമിതമായ അറിവും ആശയക്കുഴപ്പത്തിന്റെ ആഴം കൂട്ടും. കാര്യങ്ങളെ ശരിയായ രീതിയില്‍ മനസിലാക്കുന്നതിനു പകരം, രക്ഷപ്പെടല്‍തന്ത്രത്തിന്റെ (Defence Mechanism) ഭാഗമായി ചിലര്‍ ചില തെറ്റിദ്ധാരണകള്‍ അതേപടി കൊണ്ടുനടക്കുകയും സ്വന്തം മനസിനെ കബളിപ്പിച്ച് കഴിഞ്ഞു കൂടുകയും ചെയ്യാറുണ്ട്. ‘കൂടുതല്‍ അറിയാനും അലോചിക്കാനും നിന്നാല്‍ പ്രശ്‌നമാണ്, ഇത്രയൊക്കെ മതി’ എന്ന ഒഴികഴിവു ചിന്തയില്‍ കുരുങ്ങിക്കിടക്കുന്നവരാണിവര്‍. തല്‍ക്കാലത്തെ സൗകര്യങ്ങളും സുരക്ഷിതത്വവും കണക്കിലെടുത്തായിരിക്കും ഇങ്ങനെയുള്ളവര്‍ പല അബദ്ധധാരണകളും മനസില്‍ കൊണ്ടുനടക്കുന്നത്. ‘കരളിന്റെ അസുഖത്തിന് കണ്ണിന് ചികിത്സ നടത്തി’ സംതൃപ്തിയടയുന്നവിധം, വിഡ്ഢിത്തം ജീവിതചര്യയാക്കി മാറ്റുകയാണിത്തരക്കാര്‍ ചെയ്യുന്നതെന്നോര്‍ക്കുക.
ബുദ്ധിപൂര്‍വം തിരഞ്ഞെടുപ്പുകള്‍ (Choice) നടത്തുകയെന്നാല്‍ ഓരോ കാര്യങ്ങളെയും അതിന്റെ യഥാര്‍ഥ രീതിയില്‍ മനസിലാക്കി ദീര്‍ഘകാല നേട്ടങ്ങളെ മുന്നില്‍ കണ്ട് തീരുമാനങ്ങളെടുക്കുകയെന്നാണര്‍ഥം. ആയക്കുഴപ്പമെന്നതിവിടെ ഒരു സംഘര്‍ഷഭരിത മാനസികാവസ്ഥയായിത്തീരുന്നില്ല. തത്കാലത്തെ ആവശ്യപൂര്‍ത്തീകരണമല്ല ഇവിടെ തിരഞ്ഞെടുക്കലുകളുടെ ലക്ഷ്യമാവുന്നത്. സ്വയംചോദ്യങ്ങളുന്നയിച്ച്, ഗുണദോഷ താരതമ്യം നടത്തി, അപകടസാധ്യതകളെ നേരിടാനുറച്ചാവണം തീരുമാനങ്ങള്‍. ഇങ്ങനെയാവുമ്പോള്‍ ‘കറക്കിക്കുത്തും’ ചാഞ്ചാട്ടവും വേണ്ടിവരില്ല.
നിങ്ങളുടെ കഴിവുകള്‍ ഏറ്റവും തെളിമയോടെയും ശ്രദ്ധയോടെയും പ്രയോഗിക്കപ്പെടേണ്ടത് ആശയക്കുഴപ്പമുണ്ടാക്കുന്ന സന്ദര്‍ഭങ്ങളിലായിരിക്കും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണല്ലോ ഒരു ഡ്രൈവര്‍ക്ക് ബുദ്ധിയും സാമര്‍ഥ്യവും ഏറ്റവും ആവശ്യമായി വരുന്നത്. ആ സന്ദര്‍ഭത്തില്‍ മനസ് തളര്‍ന്ന്, വിഭ്രമത്തിനടിപ്പെട്ടാല്‍ അയാളുടെ കഴിവ് കൂടുമോ അതോ കുറയുമോ? തീര്‍ച്ചയായും കുറയുകയാണ് ചെയ്യുക. ഏറ്റവും ആവശ്യമായ സമയത്ത് സ്വന്തം കഴിവുകളെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ പോകുന്നത് തീര്‍ച്ചയായും ആശാസ്യകരമല്ല. തെളിഞ്ഞ മനസാണ് സമര്‍ഥമായ തീരുമാനങ്ങളുടെ പണിശാല. ആശ്വാസകരമായ ചിന്താമേഖലകളില്‍ നിന്ന് രക്ഷപ്പെടുക. അപകട സാധ്യത (Risk) കൂടിയയിടത്താണല്ലോ നേട്ടങ്ങള്‍ (Return) കൂടുതല്‍ പ്രതീക്ഷിക്കാനാവുക.
ആശയക്കുഴപ്പമെന്നത് നിങ്ങളെ പുരോഗതിപ്പെടുത്തുന്ന ഒരു വികാരമാണ്. മരുഭൂമിയില്‍ ഒറ്റപ്പെട്ടയാള്‍, ദാഹമൊതുക്കിവെച്ച് ഒരു കുപ്പിയില്‍ കിട്ടിയ ഇത്തിരി വെള്ളം കൊണ്ട് ഒരു കിണറൊന്നാകെ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടത്തുന്ന ‘പരീക്ഷണം’ തന്നെയാണ് അയാള്‍ക്ക് കൂടുതല്‍ സുസ്ഥിരവും വളര്‍ച്ചയിലധിഷ്ഠിതവുമായ ഒരു ജീവിതം നല്‍കുന്നത്.

Share this article

Leave a Reply

Your email address will not be published. Required fields are marked *