ഡല്‍ഹി വംശഹത്യ ആസൂത്രകര്‍ മറഞ്ഞിരിക്കുന്നു

Reading Time: 3 minutes

മുഹമ്മദലി കിനാലൂര്‍

ഇന്ത്യയില്‍ പല കാലങ്ങളിലായി നടന്ന, വര്‍ഗീയകലാപങ്ങള്‍ എന്ന് നാം സൗകര്യപൂര്‍വം വിളിച്ചുപോന്ന സംഭവങ്ങളുടെ ചരിത്രം ചികഞ്ഞാല്‍ ബോധ്യമാകുന്ന കാര്യം അവ മിക്കതും ഏകപക്ഷീയമായ മുസ്‌ലിംവേട്ട ആയിരുന്നു എന്നതാണ്. എവിടെയെല്ലാം ഈ വേട്ട നടന്നിട്ടുണ്ടോ അവിടങ്ങളിലെല്ലാം സംഘ്പരിവാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയുടെ അവസാന നാളുകളില്‍ നമ്മള്‍ കണ്ടതും മറ്റൊന്നല്ല. കൃത്യമായ ആസൂത്രണത്തോടെ, കേന്ദ്രം ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ, ഡല്‍ഹി പൊലീസിന്റെ പങ്കാളിത്തത്തോടെ സംഘപരിവാരം നടത്തിയ കുരുതിയും കൊള്ളയുമാണ് രാജ്യതലസ്ഥാനത്തുണ്ടായത്. വേഷം കൊണ്ട് സമരക്കാരെ തിരിച്ചറിയാമെന്ന് സിഎഎ വിഷയത്തില്‍ പ്രതികരിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അത് അക്ഷരംപ്രതി പാലിക്കപ്പെട്ടു ഡല്‍ഹിയില്‍. സംഘ് ഭീകരര്‍ വേഷം കൊണ്ടും ചിഹ്നം കൊണ്ടും തിരിച്ചറിഞ്ഞാണ് ആളുകളെ കൊന്നതും കൊള്ളയടിച്ചതും. പ്രത്യക്ഷ ചിഹ്നങ്ങള്‍ കാണാതിരുന്നവരുടെ പാന്റഴിപ്പിച്ച് മുസ്‌ലിമോ അമുസ്‌ലിമോ എന്ന് ഉറപ്പുവരുത്താനും അക്രമികള്‍ ധൃഷ്ടരായി.
എന്തുകൊണ്ട് ഡല്‍ഹി വംശഹത്യ സംഭവിച്ചു എന്നത് പലതലങ്ങളില്‍ വിശദീകരിക്കപ്പെട്ടുകഴിഞ്ഞതാണ്. അതില്‍ വിശാരദര്‍ ഏകോപിച്ച ഒരു കാര്യം, ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗമാണ് മുസ്‌ലിംവിരുദ്ധ കലാപത്തിന് പ്രകോപനമായത് എന്നാണ്. ചരിത്രപരമായി നോക്കുമ്പോള്‍ ഈ വിശകലനം അങ്ങേയറ്റം അസംബന്ധവും സംഘപരിവാറിനെ സഹായിക്കുന്നതുമാണ് എന്നു പറയാതെവയ്യ. വിശദീകരിക്കാം.
സ്വതന്ത്രഇന്ത്യയില്‍ ആര്‍എസ്എസ് മുന്‍കൈയില്‍ നടന്ന എണ്ണമറ്റ കലാപങ്ങളുടെ ചരിത്രം പരിശോധിക്കൂ. എവിടെയും കാരണങ്ങള്‍ക്ക് പിറകെ കലാപം സംഭവിക്കുകയായിരുന്നില്ല. കലാപം നടത്താന്‍വേണ്ടി കാരണങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. ചിലയിടങ്ങളില്‍ കലാപത്തിനു ന്യായം ചമയ്ക്കാന്‍ വ്യാജകാരണങ്ങള്‍ പിന്നീട് കണ്ടെത്തിയ അനുഭവവുമുണ്ട്. വിദ്വേഷപ്രസംഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത്തരം പ്രസംഗങ്ങളില്‍ നിന്ന് ക്ഷണിക പ്രചോദിതരായി സംഘ് ഗുണ്ടകള്‍ കലാപത്തിന് ഇറങ്ങില്ല. അങ്ങനെയാണെങ്കില്‍ രാജ്യത്ത് എവിടെയെല്ലാം കലാപം ഉണ്ടാകണം? ഈ സര്‍ക്കാരിന്റെ ഭാഗമായുള്ള നേതാക്കള്‍ ആദ്യമായാണോ വിഷം തുപ്പി പ്രസംഗിക്കുന്നത്? ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും നിയമസഭാ തിരഞ്ഞെടുപ്പ് വേദികളില്‍ ബിജെപി നേതാക്കള്‍ (പ്രധാനമന്ത്രി മുതലിങ്ങോട്ട്) എന്തെല്ലാമാണ് പറഞ്ഞത്? പച്ചയായ വര്‍ഗീയത, വംശീയവിദ്വേഷം, അധിക്ഷേപങ്ങള്‍, ആക്രോശങ്ങള്‍ എല്ലാം ചേര്‍ന്ന ഒന്നാംതരം ഫാഷിസ്റ്റ് പിത്തലാട്ടങ്ങളാണ് ജാര്‍ഖണ്ഡിലും ഡല്‍ഹിയിലും നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ടത്. അന്നൊന്നും കലാപമുണ്ടായില്ല. എന്തുകൊണ്ട്? അപ്പോഴൊരു കലാപം സംഘ്പരിവാര്‍ ആഗ്രഹിച്ചിരുന്നില്ല.
ഷഹീന്‍ ബാഗ് സമരത്തിനെതിരെ ആദ്യത്തെ പ്രകോപനപ്രസംഗം കപില്‍ മിശ്രയുടെ വകയാണോ? അല്ല. അതിനുമുമ്പ് ബഡാ ഭായികള്‍ മുതല്‍ ചോട്ടാ നേതാക്കള്‍ വരെ അത്യന്തം നികൃഷ്ടമായ ഭാഷയില്‍ ആ സമരത്തെ ചെളിവാരി എറിഞ്ഞിട്ടുണ്ട്. സമരക്കാരെ അടിച്ചോടിക്കാന്‍ ആഹ്വാനം ചെയ്തവരുണ്ട്. അന്നൊന്നും സംഘ്പരിവാര്‍ ഗുണ്ടകള്‍ കൂട്ടമായിറങ്ങി കലാപം നടത്തിയില്ല. എന്തുകൊണ്ട്? ആര്‍എസ്എസ് അന്നേരം കലാപം ആഗ്രഹിക്കാത്തത് കൊണ്ട്. പക്ഷേ കപില്‍ മിശ്രയുടെ പ്രസംഗത്തിനുപിറകേ കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ അഴിഞ്ഞാടി. കലാപത്തിന് കാരണം കപില്‍ മിശ്രയുടെ പ്രസംഗമാണ് എന്ന തെറ്റായ നിഗമനത്തിലെത്താന്‍ പലരെയും പ്രേരിപ്പിച്ചത് ഈ സമയച്ചേര്‍ച്ചയാണ്.
ഒരിടത്ത് കലാപമുണ്ടാക്കാന്‍ സംഘപരിവാരം തീരുമാനിക്കുന്നു. കലാപം സംഭവിച്ചത് യാദൃച്ഛികമായാണ് എന്ന് പിന്നീട് പറഞ്ഞുനില്‍ക്കാന്‍ വേണ്ടി ചില നേതാക്കള്‍ വിദ്വേഷ പ്രസംഗവുമായി ഇറങ്ങുന്നു. ഡല്‍ഹിയിലും അതാണ് സംഭവിച്ചത്. പ്രസംഗത്തില്‍ നിന്ന് കലാപം ഉണ്ടാവുകയായിരുന്നില്ല. കലാപം നടത്താന്‍ നിശ്ചയിച്ചതിനു പിറകെ പ്രസംഗം ഉണ്ടാവുകയായിരുന്നു. കപില്‍ മിശ്ര കലാപത്തില്‍ ആര്‍ എസ് എസിന്റെ കൈയാളാവുകയായിരുന്നു. നേരത്തെ സംഘ് പശ്ചാത്തലമില്ലാത്ത ഒരാളെത്തന്നെ (കപില്‍ മിശ്ര ആം ആദ്മി പാര്‍ട്ടിയില്‍ നിന്നാണ് ബിജെപിയില്‍ എത്തുന്നത്) അതിനുവേണ്ടി ആര്‍എസ്എസ് ബുദ്ധികേന്ദ്രങ്ങള്‍ കെട്ടിയൊരുക്കി എന്നതാണ് അവരുടെ മിടുക്ക്. ഡല്‍ഹിയില്‍ സംഘപരിവാരം ആഗ്രഹിച്ചപ്പോള്‍ കലാപം തുടങ്ങി, അവര്‍ ആഗ്രഹിച്ച നിമിഷത്തില്‍ അത് കെട്ടടങ്ങി.
കലാപാനന്തരം എന്തുണ്ടായി? നമ്മുടെ വിശകലനങ്ങള്‍ കപില്‍ മിശ്രയെ ചുറ്റി. അയാള്‍ ഒറ്റൊരുത്തനെ കൊണ്ടുണ്ടായ വിപത്തായി നമ്മള്‍ ഡല്‍ഹി വംശഹത്യയെ സാമാന്യവത്കരിച്ചു. ഒരു പ്രസംഗം കൊണ്ട് എത്രയാളുടെ ജീവന്‍ പോയി, എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായി, എത്ര കുടുംബങ്ങള്‍ വഴിയാധാരമായി എന്നിങ്ങനെപോയി നമ്മുടെ വിശകലനങ്ങള്‍. കപില്‍ മിശ്ര സംഘ്പരിവാര്‍ അജന്‍ഡയുടെ വെറും നടത്തിപ്പുകാരന്‍ മാത്രമാണെന്ന് നമ്മള്‍ ഓര്‍ത്തതേയില്ല. കലാപത്തിന്റെ യഥാര്‍ഥ സൂത്രധാരകര്‍ ആരെന്നത് ആരും അന്വേഷണവിധേയമാക്കിയില്ല. കലാപത്തില്‍ ആര്‍എസ്എസിന്റെ പങ്കാളിത്തത്തെ കുറിച്ച് ആരും മിണ്ടിക്കേട്ടില്ല. കപില്‍മിശ്രയെ കണ്ടവരാരും അയാളുടെ പിന്നിലുള്ളവരെ കണ്ടില്ല. അങ്ങനെ കാണാമറയത്തിരുന്നു കാര്യപരിപാടികള്‍ നടപ്പാക്കാന്‍ കഴിയുന്നു എന്നതാണ് ആര്‍എസ്എസിന്റെ സഹജമായ സാമര്‍ഥ്യം. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ ആര്‍എസ്എസുകാരനായിരുന്നോ എന്നത് ഇന്നും തീര്‍പ്പുകല്പിക്കപ്പെടാത്ത ചോദ്യമായി ബാക്കിനില്‍ക്കുന്നതും ആര്‍എസ്എസിന്റെ ഇതേ സാമര്‍ഥ്യം കൊണ്ടാണ്.
വായിച്ചിങ്ങെത്തുമ്പോള്‍ ‘കപില്‍ മിശ്ര, അയ്യോ പാവം കുടുങ്ങിപ്പോയതാണ്’ എന്നാണോ നിങ്ങള്‍ മനസിലാക്കുന്നത്. എങ്കില്‍ ആ ധാരണ തിരുത്തപ്പെടണം. ഇതെല്ലാം ബോധപൂര്‍വമാണ്. പ്രസംഗാനന്തരം ഡല്‍ഹി കത്തിക്കാന്‍ സംഘപരിവാറിന്റെ ഗുണ്ടാസംഘം ഇറങ്ങുമെന്ന് അയാള്‍ക്കറിയാം. അതറിഞ്ഞുതന്നെയാണ് പ്രസംഗിച്ചത്. എന്തൊക്കെ നടന്നാലും യജമാനന്‍മാര്‍ തന്നെ കൈവിടില്ലെന്നും അയാള്‍ക്കുറപ്പായിരുന്നു. അതുതന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ സംഭവിച്ചത്. കപില്‍ മിശ്രക്കെതിരെ താമസംവിനാ കേസെടുക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ് ഹരിയാന ഹൈകോടതിയിലേക്ക് തെറിപ്പിച്ചു. പിറ്റേന്ന് കേസ് പരിഗണിച്ച ബെഞ്ച് കപില്‍ മിശ്രയുടെ പ്രകോപനപ്രസംഗം കേട്ടതായിപ്പോലും ഭാവിച്ചില്ല. കപില്‍മിശ്രക്കെതിരെ കേസെടുക്കണമെന്ന ഹര്‍ഷ് മന്ദറിന്റെ ഹരജിയില്‍ വിശദീകരണം നല്കാന്‍ കേന്ദ്രത്തിന് ഏപ്രില്‍ 13 വരെ സാവകാശമനുവദിച്ചു. രാഷ്ട്രതലസ്ഥാനത്ത് നടന്ന ഭീകരമായ വംശഹത്യ ന്യായാസനത്തില്‍ നടുക്കമോ ഞെട്ടലോ ഉണ്ടാക്കിയില്ല എന്ന് സംശയിക്കാവുന്ന വിധിപ്രസ്താവം. അതിനിടയില്‍ കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രം ഉത്തരവിട്ടു. അയാള്‍ ഇപ്പോഴും സ്വതന്ത്രന്‍, സുരക്ഷിതന്‍. നിയമത്തിനു എത്തിപ്പിടിക്കാന്‍ കഴിയാത്ത അത്രയും കരുത്തനായി അയാള്‍ വിലസുന്നു! ഒന്നുമൊന്നും യാദൃച്ഛികമല്ല. എല്ലാം ആസൂത്രിതമാണ്. കാരണം ഇത് ഇന്ത്യയാണ്! സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യ! ഇവിടെ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ്.
ഇപ്പോഴൊരു മുസ്‌ലിംവിരുദ്ധ കലാപം സംഘപരിവാറിന് ആവശ്യമായി വന്നത് എന്തുകൊണ്ടാകാം?
ഒന്ന്, പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട അഭൂതപൂര്‍വമായ ഐക്യം. സിഎഎക്കെതിരെ ചില മുസ്‌ലിം ഗ്രൂപ്പുകള്‍ മാത്രമേ പ്രതിഷേധിക്കാനിറങ്ങൂ എന്നാണ് കേന്ദ്രസര്‍ക്കാരും സാംഘ്പരിവാരവും കരുതിയത്. ഇന്ത്യന്‍ ജനതയുടെ നിശ്ചയം മറ്റൊന്നായിരുന്നു. അവര്‍ മതമോ രാഷ്ട്രീയമോ നോക്കാതെ സമരമുഖത്ത് ഐക്യപ്പെട്ടു. സര്‍ക്കാരും സംഘ്പരിവാരവും ഒറ്റപ്പെട്ടു. ഈ ഐക്യം തകര്‍ക്കാന്‍ അവര്‍ക്ക് മുമ്പിലുള്ള ഏക വഴി മുസ്‌ലിംകളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. അതാണ് ഡല്‍ഹിയില്‍ കണ്ടത്.
രണ്ട്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് അവിടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. ഡസന്‍ കണക്കിന് മന്ത്രിമാര്‍, ഇരുന്നൂറിലധികം എംപിമാര്‍- ഇവരെയെല്ലാം കളത്തിലിറക്കിയിട്ടും ബിജെപി നിലംതൊട്ടില്ല. ബിജെപിയുടെ എക്കാലത്തെയും തുറുപ്പുചീട്ടായ വര്‍ഗീയധ്രുവീകരണത്തിനുള്ള അസ്ത്രങ്ങള്‍ നാലുപാടുനിന്നും തൊടുത്തുവിട്ടിട്ടും ഫലമുണ്ടായില്ല. ജാര്‍ഖണ്ഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് നിരാശയിലേക്ക് വീണുപോയ സ്വന്തം അനുയായികളെ ആശ്വസിപ്പിച്ചുനിര്‍ത്താന്‍ ഒരു കലാപം വേണ്ടിയിരുന്നു.
മൂന്ന്, ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ മുന്‍കൈയില്‍ നടന്നുകൊണ്ടിരിക്കുന്ന സിഎഎ വിരുദ്ധസമരത്തിനു ലഭിച്ച ആഗോളശ്രദ്ധ ബിജെപിയെയും സംഘ്പരിവാറിനെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഇന്ത്യന്‍ജനാധിപത്യത്തിന്റെ ഉജ്വലമായ സമരമുഖമായി ഷഹീന്‍ബാഗ് മാറി. രാജ്യമൊട്ടുക്കും ഷഹീന്‍ബാഗ് സ്‌ക്വയറുകള്‍ ഉണ്ടായി. പലവിധത്തില്‍ ഷഹീന്‍ ബാഗ് സമരം പൊളിക്കാന്‍ ശ്രമിച്ചതാണ് സംഘ്പരിവാര്‍. ഒന്നും നടന്നില്ല. എന്ന് മാത്രമല്ല, ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ എഴുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആം ആദ്മിയുടെ അമാനത്തുല്ല ഖാന്‍ ബിജെപിയുടെ ബ്രഹാം സിംഗിനെ പരാജയപ്പെടുത്തിയത്. ഷഹീന്‍ ബാഗ് സമരത്തിന് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും സംഘപരിവാറിനെ എന്തുമാത്രം അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നതിന് കപില്‍ മിശ്രയുടെ കുപ്രസിദ്ധമായ ആ പ്രസംഗം മാത്രം മതി തെളിവായിട്ട്. ആ സമരം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ വംശഹത്യക്കിറങ്ങിയത്. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയാകും തിരിച്ചടിയെന്ന് ഷഹീന്‍ബാഗിലെ സമരക്കാരെ ഓര്‍മിപ്പിക്കാന്‍ കൂടിയായിരുന്നു ആ വംശഹത്യ.
ചുരുക്കമിതാണ്: അങ്കത്തട്ടില്‍ അടവുപിഴച്ച ചേകവരുടെ ബ്രഹ്മാസ്ത്രമായിരുന്നു ഡല്‍ഹി വംശഹത്യ. ആളുകളെ അടിച്ചുകൊല്ലുന്നതും പള്ളിക്ക് തീയിടുന്നതും വീടുകള്‍ തകര്‍ക്കുന്നതും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുന്നതും ലോകം കണ്ടു. പ്രതിഷേധമിരമ്പി. ഇന്ത്യ ലോകത്തിനു മുമ്പില്‍ തലകുനിച്ചു നില്‍ക്കേണ്ടി വന്നു. വിവിധ രാഷ്ട്രങ്ങളും അന്തര്‍ദേശീയ സംഘടനകളും മോഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ഒടുവില്‍ കലാപകാരികളെ ആസൂത്രകര്‍ക്ക് തിരിച്ചുവിളിക്കേണ്ടിവന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ തീയണഞ്ഞു. അപ്പോഴേക്കും അമ്പതിലേറെ മരണങ്ങള്‍ സംഭവിച്ചിരുന്നു, നൂറു കണക്കിന് വീടുകള്‍ അഗ്‌നിക്കിരയായിരുന്നു, പത്തിലേറെ പള്ളികള്‍ തകര്‍ക്കപ്പെട്ടിരുന്നു. കലാപമേ നിലച്ചിട്ടുള്ളൂ, കണ്ണീര്‍ ഇപ്പോഴും തോര്‍ന്നിട്ടില്ല. ഇരകള്‍ ഉള്ളുപൊട്ടി കരയുകയാണ്. മക്കള്‍, വീട്, സമ്പാദ്യം.. നഷ്ടങ്ങളുടെ കണക്ക് പുസ്തകവും തുറന്നുവെച്ച് ഡല്‍ഹിയിലെ നമ്മുടെ സഹോദരന്മാര്‍ സങ്കടങ്ങളുടെ കൊടുംവെയില്‍ കായുന്നു. പ്രാര്‍ഥന കൊണ്ടെങ്കിലും നമുക്കവരോട് ഐക്യപ്പെടാം.

Share this article

Leave a Reply

Your email address will not be published. Required fields are marked *