സ്ത്രീധനരഹിത വിവാഹം ഇപ്പോള്‍ സാമൂഹിക വിപ്ലവമല്ല

Reading Time: 3 minutes

അലി അക്ബര്‍

ഇതു വായിക്കുന്നവരില്‍ സ്ത്രീധനം വാങ്ങി പെണ്ണ് കെട്ടിയവരുണ്ടോ? ഈ ചോദ്യം ഉയരുമ്പോള്‍ അല്‍പം ലജ്ജാഭാരത്താല്‍ തലതാഴ്ത്തിയിരിക്കേണ്ടി വരുന്നവര്‍ ഇന്നും സജീവമായ സമൂഹത്തിലാണ് നമ്മള്‍. അപ്രിയം നിറഞ്ഞ ഈ സത്യം ഈ ദശകത്തില്‍ കല്യാണം കഴിക്കുകയും കല്യാണത്തിനു തയാറെടുക്കുകയും ചെയ്യുന്ന ചെറുപ്പക്കാര്‍ക്ക് അറിയാമോ?
മുപ്പതോ അതില്‍ താഴെയോ പ്രായത്തിലുള്ള ചെറുപ്പക്കാര്‍ക്ക് സ്ത്രീധനം എന്ന ആചാരം എന്താണെന്നോ അതിന്റെ പ്രയോഗരൂപങ്ങളോ അറിയാമോ? അത്ര അറിയാതിരിക്കാനിടയില്ല. നമ്മുടെ തന്നെ വീട്ടുചരിതങ്ങളില്‍നിന്ന്, സഹോദരി/അമ്മായി/എളേമ്മമാരുടെ കല്യാണക്കഥകളില്‍നിന്ന് കുടുംബം കുട്ടിച്ചോറായ കാനോത്ത് കാര്യങ്ങളില്‍നിന്ന് കേട്ടറിഞ്ഞുകാണും സ്ത്രീധനം എന്ന പേരില്‍ അരങ്ങുവാണിരുന്ന ദുഷിച്ച ഇടപാടിനെക്കുറിച്ച്. പക്ഷേ, നാമിപ്പോള്‍ കാണുന്ന കല്യാണങ്ങള്‍ അങ്ങനെയേ അല്ല. പണം പറഞ്ഞുറിപ്പിച്ചോ എണ്ണിവാങ്ങിയോ ഉള്ള കച്ചവടമല്ല ഇപ്പോള്‍ കല്യാണങ്ങള്‍. പോയകാലത്തെ യാഥാര്‍ഥ്യങ്ങളിലേക്കു ചികഞ്ഞാല്‍, വിപ്ലവകരമായ ഒരു അട്ടിമറി സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീധനരഹിത വിവാഹം ഇന്നൊരു വിപ്ലവപ്രവര്‍ത്തനമേ അല്ല. മഹാവിപ്ലവമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന അത്ഭുതലോകത്തുനിന്നാണ് സ്ത്രീധനരഹിതവിവാഹങ്ങള്‍ സംസ്‌കാരമായി മാറിയതെന്നോര്‍ക്കണം.
നോക്കൂ, നമ്മള്‍ കണ്ടുകൊണ്ടിരിക്കേയാണ് പത്തുപതിനഞ്ച് കൊല്ലത്തിനിടെ സ്ത്രീധന സമ്പ്രദായം അതിന്റെ സര്‍വവ്യാപിയില്‍നിന്ന് പിന്തിരിഞ്ഞോടിയത്. വല്ലപ്പോഴുംമാത്രം തക്കംനോക്കി മാളത്തില്‍നിന്നും തലപുറത്തേക്കിട്ടു നോക്കുന്ന വിഷപ്പാമ്പാണിന്ന് സ്ത്രീധനം. പെണ്ണുകെട്ടുന്ന പുതിയ ചെറുപ്പക്കാരോ അവരുടെ രക്ഷിതാക്കളോ ഇപ്പോള്‍ സ്ത്രീധനം എന്ന ആര്‍ത്തിയെ കുറിച്ച് ആലോചിക്കുന്നു പോലുമില്ല. അത്രയും ആഴത്തിലാണ് നിര്‍മാര്‍ജനം വ്യാപനം നേടിയത്. കല്യാണത്തിന് പെണ്ണിന്റെ വീട്ടില്‍നിന്നും കുറേ പണം കണക്കു പറഞ്ഞ് കൈപ്പറ്റുന്ന രീതി മോശമായ ഏര്‍പ്പാടായി കരുതുകപോലും ചെയ്യാത്ത മനോഭാവങ്ങളില്‍നിന്നാണ് നമ്മുടെ സമൂഹം അതിവേഗം പുരോഗതിപ്പെട്ടത്. നമ്മള്‍ കണ്ടു കൊണ്ടിരിക്കെ നടന്ന അതിബൃഹത്തായ ഒരു സാമൂഹിക വിപ്ലവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ആദ്യകാലങ്ങളിലെപ്പോഴോ രൂപപ്പെട്ട് അറുപതുകളും എഴുപതുകളും പിന്നിട്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും കൊടികുത്തിവാണ ഒരു അളിഞ്ഞ സംസ്‌കാരത്തിന്റെ, പലപ്പോഴും കൊടുംക്രൂരതകളായി പരിണമിച്ച രാക്ഷസദൗത്യമായിരുന്നു സ്ത്രീധനം. നമ്മുടെ നാട്ടുവ്യവസ്ഥകള്‍ മുഴുവന്‍ സ്ത്രീധന സമ്പ്രദായത്തെ അംഗീകരിച്ച മട്ടായിരുന്നു. പൊന്നും പണവും വിവാഹനിശ്ചയപ്പന്തലില്‍ വെച്ച് പരസ്യമായി പറഞ്ഞുറപ്പിച്ചു. ‘എന്തു കൊടുക്കും’ എന്ന അന്വേഷണത്തില്‍ നിന്നാണ് പെണ്ണാലോചനകള്‍ ആരംഭിച്ചിരുന്നതുതന്നെ. സ്വര്‍ണത്തൂക്കം അനുസരിച്ച പണവും എന്ന അനുപാതക്കണക്കുകളില്‍ തൂങ്ങിയും അല്ലാതെയും പെണ്‍വീട്ടുകാരില്‍നിന്നും ചെക്കന്‍വീട്ടുകാര്‍ പണമെണ്ണി വാങ്ങി. കൊടുക്കാനും വാങ്ങാനും അമ്മാവന്മാര്‍ അവകാശപ്പെടുത്തപ്പെട്ടു. പറഞ്ഞുറപ്പിക്കാന്‍ മഹല്ല് കമ്മിറ്റിക്കാരും കാരണവന്മാരും. കൂടുതല്‍ സ്ത്രീധനം വാങ്ങുന്നതും മുന്തിയതോതില്‍ കൊടുക്കുന്നതും മേന്മയുടെ അടയാളങ്ങളായി വാഴ്ത്തപ്പെട്ടു. ചിലര്‍ ഞങ്ങളിത്രയും കൊടുക്കുമെന്ന് നിശ്ചയ സദസ്സുകളില്‍ മേനി പറഞ്ഞു. മറ്റുചിലര്‍ ഞങ്ങള്‍ക്കിത്ര കിട്ടണം എന്ന ആര്‍ത്തി വെളിപ്പെടുത്തി. കമ്മിറ്റി പ്രസിഡന്റോ ഖത്വീബോ സ്ത്രീധനമൂല്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പാവപ്പെട്ടവരും ശരാശരിക്കു താഴെ സാമ്പത്തികാവസ്ഥയിലുമുള്ള കുടുംബങ്ങളെയാണ് സ്ത്രീധനം രോഗമായി ഗ്രസിച്ചത്. കഷ്ടപ്പെട്ടതും ദുരിതം പേറിയതും സ്വത്തുകള്‍ നഷ്ടപ്പെട്ടതും അവര്‍ക്കാണ്. പണക്കാര്‍ക്ക് ന്യായങ്ങളും സൗകര്യങ്ങളുമുണ്ടായിരുന്നു. കണക്കുപറഞ്ഞുറപ്പിക്കേണ്ട കാര്യമില്ലായിരുന്നു. സമ്പത്തിന്റെ തോത് അനുസരിച്ച് നേരത്തേ തന്നെ ഓഫര്‍ ചെയ്യാന്‍ സാധിച്ചിരുന്നു. പൊന്നിനും പണത്തിനും പുറമേ കാറും വീടുമൊക്കെ സ്ത്രീധനങ്ങളായി വാഗ്ദാനം ചെയ്യപ്പെട്ടു. പണക്കാര്‍ക്കിടയില്‍ സ്ത്രീധനമെന്ന മോശം പേരല്ല സമ്മാനം എന്ന വിശേഷപ്പെട്ട പേരാണ് ഉപയോഗിച്ചത്. പണമായി കൊടുക്കുന്നതും പണക്കാര്‍ക്കിടയില്‍ കുറവായിരുന്നു. പണം കൊടുക്കുന്നതിലെ കുറച്ചിലു തന്നെ കാരണം. പകരം പണ്ടവും ഭൂമിയും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും ദാനം ചെയ്യപ്പെട്ടു. അവ അതേപടി ഇപ്പോഴും തുടരുന്നുണ്ട്. അതില്‍ ആശങ്കകളോ അരുതായ്മകളോ ഇല്ലതാനും.
കല്യാണം ക്ഷണിക്കാവന്‍ വരുന്നവരോട് നാട്ടുകാര്‍ അന്വേഷിച്ചു, ‘എത്രയാ പണ്ടവും പണവും പറഞ്ഞിരിക്കുന്നത്?’ കൊടുക്കാന്‍ നിശ്ചയിച്ച പവന്റെയും പണത്തിന്റെയും കണക്ക് പലരും അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ചിലര്‍ക്ക് സംഖ്യയും സ്വര്‍ണവും കുറഞ്ഞുപോയതിലെ അപകര്‍ഷതാബോധം കൊണ്ട് തലതാഴ്ന്നു. കുറേക്കാലം മഹറിന്റെ തൂക്കത്തിനനുസരിച്ചായിരുന്നു സ്ത്രീധനത്തിന്റെ അളവ്. മഹര്‍ അഞ്ചു പവനാണെങ്കില്‍, അമ്പതു പവന്‍ സ്വര്‍ണം. രണ്ടോ മൂന്നോ ലക്ഷം രൂപയും. പത്തു പവനും ലക്ഷം രൂപയും അക്കാലത്തെ പാവപ്പെട്ടവരുടെ സ്ത്രീധന സമവാക്യമായിരുന്നു. പണത്തിന്റെ കണക്ക് ഏറെക്കാലം ശരാശരിക്കു താഴെ കുടുംബങ്ങളില്‍ ഒന്നും രണ്ടും മൂന്നും ലക്ഷങ്ങളില്‍ തളഞ്ഞു കിടന്നു. ആവശ്യപ്പെടുന്ന സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ടുമാത്രം എത്രയോ കല്യാണങ്ങള്‍ നടക്കാതെ പോയി. നടന്ന കല്യാണങ്ങള്‍ സ്ത്രീധനത്തര്‍ക്കത്തില്‍ മൊഴിചൊല്ലപ്പെട്ടു. പെണ്‍കുട്ടികള്‍ വിധവകളായി. കുട്ടികള്‍ അനാഥരായി. കുറേപേര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാതെ ജീവനൊടുക്കി. സ്ത്രീധന പീഡനങ്ങള്‍ പതുവുവാര്‍ത്തകളായി. കൊലപാതകങ്ങള്‍ വരെയുണ്ടായി. പറഞ്ഞുറപ്പിച്ച വിവാഹങ്ങള്‍ മുടങ്ങി. ചിലര്‍ സ്ത്രീധനത്തുകക്കും സ്വര്‍ണത്തിനും വര്‍ഷങ്ങള്‍ അവധി പറഞ്ഞുറപ്പിച്ച് കല്യാണം നടത്തി. വീടും പറമ്പും വിറ്റും പണയപ്പെടുത്തിയും നാട്ടുകാരോട് യാചിച്ചും രക്ഷിതാക്കള്‍ പെണ്‍കുട്ടികളുടെ വിവാഹത്തിന് കഷ്ടപ്പെട്ടു. പണമില്ലാത്ത നിരവധി പെണ്‍കുട്ടികള്‍ വീടുകളില്‍ കെട്ടുപ്രായം കഴിഞ്ഞും കാത്തുകിടന്നു. ചിലര്‍ സ്വന്തം വഴികള്‍ തേടി. സ്ത്രീധനസംഭവങ്ങള്‍ കഥകള്‍ക്കും നോവലുകള്‍ക്കും സിനിമകള്‍ക്കും ഹ്രസ്വചിത്രങ്ങള്‍ക്കും വിഷയമായി. കല്യാണബ്രോക്കര്‍മാരായിരുന്നു സ്ത്രീധനത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍. കൂടുതല്‍ കിട്ടുന്നിടത്ത് കല്യാണമുറപ്പിക്കുന്നതിലാണ് അവര്‍ മിടുക്കു കാണിച്ചത്. ഇത്ര വാങ്ങിത്തരാം എന്ന വാഗ്ദാനത്തോടെയാണ് അവര്‍ വിവാഹക്കരാര്‍ ഏറ്റെടുത്തത്. സ്ത്രീധനത്തിന്റെ കമ്മീഷന്‍ പറ്റിയാണ് അവര്‍ തടിച്ചുകൊഴുത്തത്.
കേരളത്തിലെ ചെക്കന്മാര്‍ക്ക് വിവാഹക്കമ്പോളത്തില്‍ വില കൂടിയപ്പോഴാണ്, പെണ്‍കുട്ടികളുടെ ബാപ്പമാര്‍ക്ക് അത് താങ്ങാനാകാതെ വന്ന സങ്കടങ്ങളിലേക്ക് ആശ്വാസത്തിന്റെ വെള്ളിവെളിച്ചം പോലെ തമിഴ്‌നാട്, കര്‍ണാടക ഗ്രാമങ്ങളില്‍നിന്ന് പുത്യാപ്ലമാര്‍ വന്നത്. നൂറുകണക്കിന് കുടുംബങ്ങളില്‍ അയല്‍സംസ്ഥാന വരന്‍മാര്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളുമായെത്തി. കേരളത്തിലെ സ്ത്രീധനവിപണിയെക്കാള്‍ പകുതിയോ അതില്‍ താഴെയോ മാത്രമേ അവര്‍ ആവശ്യപ്പെട്ടുള്ളൂ. അപ്രകാരം അഞ്ച്, പത്ത് പവന്‍ സ്വര്‍ണവും 25,000, 50,000 രൂപയും കൊടുത്ത് തമിനാട്, കര്‍ണാടക പ്രദേശങ്ങളിലേക്ക് പെണ്‍കുട്ടികള്‍ കെട്ടിച്ചയക്കപ്പെട്ടു. ദുരിതത്തിന്റെ തീയടുപ്പുകളിലേക്കാണ് അധികപേരും ചെന്നത്. അപരിചിതമായ ഭാഷയും സംസ്‌കാരവും മദ്യപാനവും പരസ്ത്രീ ബന്ധങ്ങളുമുള്‍പ്പെടെ ഭര്‍ത്താക്കന്മാരുടെയും ഭര്‍തൃവീട്ടുകാരുടെയും ദുഷ്പ്രവൃത്തികളിലും ശാരീരിക പീഡകളിലും പെണ്‍കുട്ടികള്‍ വെന്തുനീറി. കുറേപ്പേര്‍ ജീവനുംകൊണ്ട് ഓടിപ്പോന്നു. പലരും കയര്‍ത്തുമ്പില്‍ ജീവനൊടുക്കി. ചിലര്‍ ദുരിതത്തോട് മല്ലിട്ട് അവിടെക്കൂടി. അപൂര്‍വം ചിലര്‍ക്കു മാത്രം തരക്കേടില്ലാത്ത ജീവിതം കിട്ടി.
ഇത്തരം കഥകള്‍ കേള്‍ക്കുമ്പോള്‍, നേരോ എന്ന സംശയത്തോടെ വായിക്കുന്ന ചെറുപ്പക്കാരറിയണം, മൈസൂര്‍ കല്യാണങ്ങള്‍ നമ്മുടെ നാടിന്റെ അപമാനമായിരുന്നു. കോയമ്പത്തൂര്‍, ഈറോട് കല്യാണങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളുടെ നിവൃത്തികേടായിരുന്നു. മുപ്പത്തിയഞ്ചും നാല്‍പതും പിന്നിട്ട തലമുറക്ക് ഈ കല്യാണാനുഭവങ്ങള്‍ അറിയാം. അവരില്‍ നല്ലൊരുപക്ഷവും സ്ത്രീധനക്കല്യാണങ്ങളുടെ ഇരകളോ ഗുണഭോക്താക്കളോ ആയിരിക്കും. ജീവിതത്തിന്റെ മാധുര്യകാലത്ത് നിലനിന്ന വളരെ ചീഞ്ഞ ഒരു സംസ്‌കാരത്തെയോര്‍ത്ത് നാമിപ്പോള്‍ തീര്‍ച്ചയായും ലജ്ജിക്കുന്നുണ്ട്, സങ്കടപ്പെടുന്നുണ്ട്. എങ്കിലും കിട്ടിയാല്‍ വാങ്ങിക്കാം എന്ന ഒളിമനസ് സൂക്ഷിക്കുന്ന ദുര്‍മേദസുകള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. ശ്രദ്ധിക്കൂ, മൈസൂര്‍ കല്യാണങ്ങളുടെയും തമിഴ്‌നാട് കല്യാണങ്ങളുടെയും ബലിയാടുകള്‍ ഇപ്പോഴും നമ്മുടെ പിന്നാക്ക, മലയോര ഗ്രാമങ്ങളില്‍ കൂട്ടത്തോടെ ജീവിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അവര്‍ കൂടുതലുണ്ട്. രണ്ടും മൂന്നും ബാപ്പയില്ലാത്ത മക്കളും അവര്‍ക്കൊപ്പമുണ്ട്. അവരിപ്പോഴും കണ്ണീരണിഞ്ഞു ജീവിക്കുന്നു, സുമനസുകളുടെ കാരുണ്യത്തില്‍.
സ്ത്രീധനമെന്ന മഹാമാരി അഥവാ സ്വത്ത്‌വെറിയുടെ അര്‍ബുദം തീവ്രമായി പിടികൂടിയത് മുസ്‌ലിം സമുദായത്തെയായിരുന്നു എന്നത് സ്വയം വിമര്‍ശമായി ഇന്നു നമുക്ക് ഉള്‍ക്കൊള്ളാനാകുന്നുണ്ട്. ഈ അപകടം പിടിച്ച വ്യവസ്ഥിതി സമൂഹത്തിന്റെയും സമുദായത്തിന്റെയും സകല നന്മകളെയും മലിനപ്പെടുത്തിയിരുന്നു. മഹാമാരിയായി പടര്‍ന്നുപിടിക്കപ്പെട്ടപ്പോഴാണ് അപരിഷ്‌കൃതരാക്കുന്നുവെന്ന തിരിച്ചറിവില്‍ സ്ത്രീധനത്തിനെതിരെ സമുദായത്തില്‍ ജാഗരണം ആരംഭിച്ചത്. ബോധവത്കരണങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും പതിയെ ഉണ്ടായി വന്നു. സ്ത്രീധനരഹിത വിവാഹങ്ങളുടെ പ്രഖ്യാപനങ്ങളുണ്ടായി. അഭിമാനബോധമുള്ള ചെറുപ്പക്കാര്‍ ഈ വ്യവസ്ഥിതിക്കെതിരെ മനസ് രൂപപ്പെടുത്തി. അപ്പോഴും രക്ഷിതാക്കളും പ്രായംചെന്നവരും അവര്‍ക്കു തടസംനിന്നു. അവര്‍ അത് അവകാശവും അഭിമാനപ്രശ്‌നവുമായി പിന്നെയും കൊണ്ടുനടന്നു. പെണ്‍കുട്ടികള്‍ക്ക് പിതാവ് നല്‍കുന്ന ഇഷ്ടദാനങ്ങള്‍ക്ക് എതിരുനില്‍ക്കേണ്ടതില്ലെന്ന ലഘൂകരണങ്ങള്‍ ഉണ്ടായി. കല്യാണച്ചെലവ് ആരു നടത്തും എന്ന പിതാക്കളുടെയും ജ്യേഷ്ഠന്മാരുടെയും ചോദ്യത്തിനു മുന്നില്‍ പല ചെറുപ്പക്കാരും മൗനികളായി.
യുവാക്കള്‍ക്ക് കല്യാണം കഴിക്കാന്‍ യാതൊരു സാമ്പത്തിക പര്യാപ്തതയും ആവശ്യമില്ല എന്ന മനോഭാവമാണ് പലരെയും നയിച്ചത്. സ്ത്രീധനം വാങ്ങി നിവര്‍ത്തിക്കാവുന്നതേയുള്ളൂ എന്ന യുക്തി വലിയതോതില്‍ വര്‍ക്കൗട്ടായി. പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ കല്യാണച്ചെലവു മാത്രംപോരാ, സ്ത്രീധനംകൂടി കരുതിവെക്കണമെന്ന സാഹചര്യം പെണ്‍വീട്ടുകാര്‍ക്ക് അധികബാധ്യതകളുണ്ടാക്കി. സാമ്പത്തിക കുരുക്കുകളില്‍ അവര്‍ തളര്‍ന്നു. ഇപ്രകാരം ഞെരിഞ്ഞമര്‍ന്ന സാമൂഹിക, കുടുംബ, സാമുദായികാവസ്ഥകള്‍ക്കു നടുവില്‍ നിന്നാണ് ഒറ്റയ്ക്കും കൂട്ടായുമുള്ള ബോധവത്കരണങ്ങള്‍ സ്ത്രീധനത്തിനെതിരെ ഉയര്‍ന്നുവന്നത്. എങ്കില്‍പോലും മുഖ്യധാരാ സംഘടനകളുടെയും സമൂഹങ്ങളുടെയും നേതൃത്വത്തില്‍ വലിയ തോതിലുള്ള പ്രചാരണങ്ങള്‍ സ്ത്രീധനത്തിനെതിരെ ഉണ്ടായില്ല എന്നതും ദുഃഖകരമായ വസ്തുതയാണ്.
പക്ഷേ, എല്ലാ സാഹചര്യങ്ങളെയും അതിജീവിച്ച് സ്ത്രീധനം കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളില്‍നിന്നും വിപാടനം ചെയ്യപ്പെട്ടിരിക്കുന്നു. ഒളിഞ്ഞും മറഞ്ഞും സ്ത്രീധന സംസ്‌കാരത്തിന്റെ ചില ശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ടെങ്കില്‍കൂടി പരസ്യമായി കച്ചവടം പറഞ്ഞുറപ്പിക്കുന്ന ഏര്‍പ്പാടുകള്‍ ഇല്ലാതായി. ചെറുപ്പക്കാര്‍ വിവാഹം കഴിക്കാന്‍ പ്രായമായാല്‍ ഉപാധികളില്ലാതെ അതു നിര്‍വഹിക്കുന്ന സാഹചര്യം വന്നു. വിവാഹിതനാകാനുള്ള തൊഴില്‍, സാമ്പത്തിക, ഗാര്‍ഹിക പ്രാപ്തികള്‍ സ്വയം കൈവരിക്കുക യുവാക്കളുടെയും രക്ഷിതാക്കളുടെയും നിലപാടും സംസ്‌കാരവുമായി മാറി. പൊന്നിന്റെയും പണത്തിന്റെയും പേരില്‍ വിവാഹങ്ങള്‍ മുടങ്ങുന്നത് അത്യപൂര്‍വതകളായി. പറഞ്ഞുറപ്പിച്ച പണം പിന്നീട് കൊടുക്കാനാകാത്തതില്‍ ദുരന്തങ്ങള്‍ നന്നേ കുറഞ്ഞു. സ്ത്രീധന പീഡനവാര്‍ത്തകള്‍ അധികം കേള്‍ക്കാതായി. അങ്ങനെ ഒന്നോ രണ്ടോ തലമുറ അനുഭവിച്ച സാമൂഹികവും സാമ്പത്തികവുമായ വിഭ്രാന്തികളില്‍നിന്ന് സമുദായവും അതിലെ മനുഷ്യരും മോചനം നേടിയിരിക്കുന്നു.
ഇപ്പോള്‍ സ്ത്രീധനരഹിതമായ, സുന്ദരവും മാനവികവുമായ വിവാഹക്കാഴ്ചകളാണ് ചുറ്റിലും. ചെറുപ്പകാലത്ത് പീഡകഥകള്‍ അനുഭവിച്ച് തിരിച്ചറിവുണ്ടായ രക്ഷിതാക്കളാണ് ഈ സാമൂഹിക വിപ്ലവത്തിന്റെ മുഖ്യാവകാശികള്‍. പെണ്ണിനെയും പെണ്‍വീട്ടുകാരെയും ആശ്രയിക്കാതെ ജീവിതത്തിലേക്കു പ്രവേശിക്കാന്‍ ധൈര്യം കാട്ടുന്ന യുവാക്കളോട് അടങ്ങാത്ത കടപ്പാടുകളും ആദരവുകളുമുണ്ട്. ഒരു ചീത്ത വ്യവസ്ഥിതിയുടെ കാലത്തെ തലമുറയായി ജീവിച്ചുപോന്ന ഞങ്ങള്‍ക്ക്.
പക്ഷേ, ഇപ്പോഴും നമ്മുടെ റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണെന്നും ശിക്ഷിക്കപ്പെടുമെന്നും വിളംബരപ്പെടുത്തുന്ന പരസ്യങ്ങള്‍ പ്ലേ ചെയ്തു കൊണ്ടിരിക്കുന്നത് സ്ത്രീധനം എന്ന അസുഖം സമൂഹത്തില്‍ ഇനിയും അറുത്തുമാറ്റപ്പെടാതെ കിടക്കുന്നുണ്ട് എന്നത് അടയാളപ്പെടുത്തുന്നു.

Share this article

Leave a Reply

Your email address will not be published. Required fields are marked *