കാതടച്ചാല്‍ മനുഷ്യനെ കാണുമോ?

Reading Time: 2 minutes

ത്വയ്യിബ് അദനി പെരുവള്ളൂര്‍

ഇയര്‍ഫോണില്‍ പാട്ടും കേട്ടാണ് ഉറക്കം. ചിലപ്പോള്‍ അത് നേരം പുലരുവോളം തുടരും. ഇയര്‍ഫോണ്‍ സദാ ചെവിയില്‍ തിരുകി പാട്ടും കേട്ടിരിക്കുന്നവര്‍ ജാഗ്രതൈ. കേള്‍വിക്കുറവ് അനുഭവപ്പെടുന്ന യുവാക്കളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായാണ് ഐഎംഎയുടെ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കേള്‍വിക്കുറവുമായി വരുന്ന പുതിയ തലമുറക്കാരുടെ എണ്ണം കൂടിയതായും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. 15 വയസ് മുതല്‍ 30 വയസ് വരെയുള്ളവരില്‍ കേള്‍വിപ്രശ്‌നം 20 ശതമാനം വര്‍ധിച്ചതായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. വില്ലന്‍ ഇയര്‍ഫോണും ഹെഡ്‌ഫോണും തന്നെ.
ഫോണ്‍ ചെയ്യുന്നതിനും പാട്ടുകള്‍ കേള്‍ക്കുന്നതിനും ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മില്‍ പലരും. വലിയ ശബ്ദം മിതമായി കേള്‍ക്കുന്നതിനും ആരെയും ശല്യപ്പെടുത്താതെ സ്വന്തമായി കേള്‍ക്കാനും ഏറെ ഉപകാരപ്രദമാണ് ഇയര്‍ഫോണുകള്‍. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും കൂടുതല്‍ ഫോണ്‍ ചെയ്യുന്നവരും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് ഇന്ന് സാധാരണയാണല്ലോ. ചെറുപ്പക്കാരില്‍ 40 ശതമാനം ഉറങ്ങുമ്പോഴും വാഹനമോടിക്കുമ്പോഴും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് നിരീക്ഷണം. എന്നാല്‍ സ്ഥിരമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വിശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ദിവസം ഒരു മണിക്കൂറിലധികം സമയം ഇയര്‍ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. അത്യുച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും കേള്‍വിശക്തിയെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. ലോകത്ത് മൊത്തം 110 കോടിയിലേറെ ജനങ്ങള്‍ ശ്രവണ വൈകല്യം നേരിടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 12നും 35നും ഇടയില്‍ പ്രായമുള്ള 4.3 കോടിയോളം ആളുകള്‍ക്ക് കേള്‍വിശക്തി കുറഞ്ഞിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍, എംപി ത്രീ തുടങ്ങിയവയില്‍ നിന്നും സംഗീതം കേള്‍ക്കുമ്പോള്‍ ശബ്ദം കുറച്ചുവെക്കണമെന്നും സംഘടന നിര്‍ദേശിക്കുന്നുണ്ട്.
വലിയ ശബ്ദം ചെവിയിലെത്തുന്നത് കര്‍ണപുടത്തിന് ഹാനികരമാണ്. ചെവി വേദനയും കേള്‍വിക്കുറവുമാണ് ഇതിന്റെ ഫലം. അനിയന്ത്രിതമായ ശബ്ദം തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. സ്ഥിരമായ കേള്‍വിക്കുറവിന് പുറമെ, രക്തക്കുഴലുകള്‍ ചുരുങ്ങുക വഴി രക്തസമ്മര്‍ദം കൂടുക, ശരീരത്തിലെ ഗ്ലൂക്കോസ് കൂടുക, തല കറക്കം, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കല്‍, അസിഡിറ്റി കൂടുക, കുട്ടികളിലെ പഠനനിലവാരം കുറയുക തുടങ്ങിയവ സംഭവിക്കാമെന്ന് ഇത് സംബന്ധമായി പഠനം നടത്തിയ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. തുടര്‍ച്ചയായ മൊബൈല്‍ ഫോണ്‍ ഉപയോഗവും കേള്‍വിയെ ബാധിക്കും. ചെവിയിലെ കോക്ലിയയിലുള്ള ഔട്ടര്‍ എയര്‍സെല്ലിനെയാണ് ഇത് ബാധിക്കുക.
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുക, ശബ്ദം കേള്‍ക്കുക തുടങ്ങിയ തികച്ചും വ്യത്യസ്തമായ രണ്ട് ധര്‍മങ്ങളുള്ള ഇന്ദ്രിയമാണ് ചെവി. 100 ഡെസിബലില്‍ കൂടുതലാണ് ശബ്ദമെങ്കില്‍ സ്ഥിരമായ കേള്‍വിക്കുറവിന് സാധ്യതയേറെയാണ്. ശബ്ദ തീവ്രത അളക്കുന്ന യൂനിറ്റാണ് ഡെസിബെല്‍. ഇതിന്റെ തീവ്രത 10 മുതല്‍ 15 വരെയാണെങ്കില്‍ മനുഷ്യന് ശബ്ദം കേള്‍ക്കാം. ഇത് 85 ഡെസിബെല്‍ വരെ സുരക്ഷിതമായി ശബ്ദങ്ങള്‍ കേള്‍ക്കാം. എന്നാല്‍ ഇതിന് മുകളിലുള്ള ഡെസിബലില്‍ കേള്‍ക്കുന്നത് കേള്‍വി ശക്തിയെയും പ്രവര്‍ത്തനത്തെയും ബാധിക്കും. അമിത ശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ഉച്ചഭാഷിണിയുടെ അടുത്ത് നില്‍ക്കുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കും. ശബ്ദതരംഗങ്ങള്‍ തട്ടി കര്‍ണപുടത്തിന് ക്ഷതവും സംഭവിക്കാം.
മൊബൈല്‍ ഫോണിന്റെ വരവോടെ സംഗീതാസ്വാദകരുടെ എണ്ണം കൂടി. വെറുതെ കിട്ടുന്ന സമയം പാട്ടു കേട്ട് സ്വയം മറന്നിരിക്കും. സംഗീതം ആവശ്യത്തിലധികമായാല്‍ ശ്രവണശക്തി മാത്രമല്ല, ശരീര സന്തുലിതാവസ്ഥ തന്നെ നഷ്ടപ്പെടും. വ്യത്യസ്ത ശബ്ദങ്ങളുടെ മിശ്രിതമാണ് സംഗീതം. കാതുകള്‍ക്ക് അത്ര നല്ലതല്ല. ഇയര്‍ഫോണിനു പുറമേ ഐപോഡ്, ഹെഡ്‌ഫോണ്‍, ബ്ലൂടൂത്ത് ഹാന്‍സ് ഫ്രീ ഹെഡ്‌സെറ്റ് എന്നിവയുടെ അമിത ഉപയോഗവും ശ്രവണേന്ദ്രിയത്തിന്റെ ശക്തി ക്ഷയിപ്പിക്കും. ചെവിക്കുള്ളില്‍ നിന്നുള്ള പ്രത്യേക ശബ്ദം, തലകറക്കം, വേദന തുടങ്ങിയ ലക്ഷണങ്ങളാണ് തുടക്കത്തില്‍ ഉണ്ടാവുക.
ഇയര്‍ഫോണ്‍, ബ്ലൂടൂത്ത് എന്നിവ ദീര്‍ഘനേരം ഉപയോഗിക്കുന്നത് അണുബാധ പോലുള്ള പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ലാതെ ചെവി വേദന, ചെവിയിലും തലയോട്ടിയുടെ സമീപ കോശങ്ങളിലും എരിച്ചില്‍, തരിപ്പ്, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, മാനസിക നിലയില്‍ പെട്ടെന്ന് മാറ്റം വരിക, ഉറക്കമില്ലായ്മ, തിമിരം എന്നിവയുണ്ടാക്കുന്നു. കൂടാതെ ചെവിയിലെ കോശങ്ങളിലുള്ള ദ്രവം ചൂടാകുകയും തലയില്‍ മൂളല്‍ അനുഭവപ്പെടുകയും ചെയ്യും. തലച്ചോറിലെ കേള്‍വി പ്രദേശത്ത് മൈക്രോ തരംഗങ്ങള്‍ കാരണം ഉണ്ടാകുന്ന വൈദ്യുതി പ്രവാഹം മൂലം ഇല്ലാത്ത ശബ്ദം കേള്‍ക്കുന്നതായി അനുഭവപ്പെടും.
ചെവിക്കുള്ളിലെ ഫ്‌ളൂയിഡിന്റെ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രം ഉള്ളവര്‍ക്ക് തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭിണികളുടെ ഇയര്‍ഫോണ്‍ ഉപയോഗം രക്തക്കുഴലുകള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. അമിതശബ്ദം ശരീരത്തിലെ അസിഡിറ്റി വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രമേഹ രോഗമുള്ളയാളാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിപ്പിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നാഷനല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ടിലെ (ഐഎംഐനിസ്) വിദഗ്ധ ഡോക്ടര്‍മാരുടേതാണ് ഈ മുന്നറിയിപ്പുകള്‍.
കുട്ടികളുടെ ഇയര്‍ഫോണ്‍ ഉപയോഗം ഗുരുതര കേള്‍വി പ്രശ്‌നമുണ്ടാക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത സ്‌കൂള്‍ പാഠ്യപദ്ധതി മുതല്‍ ഉള്‍പ്പെടുത്തല്‍ അനിവാര്യമാണ്. ഇയര്‍ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നത്തില്‍ നമ്മള്‍ ബോധവാന്മാരല്ല. ഭവിഷ്യത്ത് മനഃപൂര്‍വം അവഗണിക്കുകയാണ്.
പുതിയ തലമുറയില്‍ അധികപേരും പാട്ട് കേള്‍ക്കാനും മറ്റും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ട്രെയ്‌നിലും ബസിലും മൊബൈല്‍ ഇയര്‍ഫോണിലുടെ ഇടതടവില്ലാതെയുള്ള ആസ്വാദനത്തിനിടയില്‍ സഹജീവികളോടുള്ള ബാധ്യതകളും കടമയും മറന്നുപോകുന്നു. കുനിഞ്ഞിരിക്കുന്ന തലകള്‍ ഉയര്‍ത്തിപ്പിടിക്കൂ, മനുഷ്യരുടേയും ലോകത്തിന്റേയും സൗന്ദര്യം ആസ്വദിക്കൂ.

Share this article

Leave a Reply

Your email address will not be published. Required fields are marked *