ഉമൈര്‍ നബിയെ കണ്ടു: പിന്നെ സ്വഫ്‌വാനെയും കൂട്ടി

Reading Time: 2 minutes

ജുനൈദ് വിളയില്‍

ബദ്ര്‍ യുദ്ധം കൊടുമ്പിരികൊള്ളുകയാണ്. മുസ്‌ലിം സൈന്യത്തെ നിലംപരിശാക്കാന്‍ ആയുധമണിഞ്ഞ ഖുറൈശി നേതാക്കന്മാരില്‍ പ്രമുഖനായിരുന്നു ഉമൈറുബ്‌നു വഹബ് അല്‍ ജുമഹി. അപാര ബുദ്ധിസാമര്‍ഥ്യം കാരണം മക്കക്കാര്‍ ജാഹിലിയ്യത്തില്‍ ‘ഖുറൈശികളുടെ ചെകുത്താന്‍’ എന്നാണദ്ദേഹത്തെ വിശേഷിപ്പിച്ചത്. ബദ്ര്‍ യുദ്ധവേളയില്‍ മുസ്‌ലിം സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഖുറൈശികള്‍ ഏല്‍പ്പിച്ചത് ഉമൈറിനെയാണ്. ചാരദൗത്യവുമായി കുതിരപ്പുറത്തു കയറി സവാരി നടത്തി തിരിച്ചുവന്ന ശേഷം ഉമൈര്‍ പറഞ്ഞു: ‘അവര്‍ മുന്നൂറ് പേരുണ്ട്. ഇതില്‍ അല്‍പം കുറയുകയോ കൂടുകയോ ചെയ്യാം.’ ആ നിരീക്ഷണം ശരിയായിരുന്നു. ബദ്ര്‍ യുദ്ധത്തില്‍ ഉമൈര്‍ ആവേശത്തോടെ പൊരുതി. എന്നാല്‍ ഖുറൈശികള്‍ പരാജയമേറ്റുവാങ്ങി ഇളിഭ്യരായി മക്കയിലേക്ക് മടങ്ങി. യുദ്ധത്തില്‍ അബൂജഹലിനെ പോലുള്ള ഒരുപാട് ഖുറൈശി നേതാക്കന്മാര്‍ കൊല്ലപ്പെട്ടെങ്കിലും ഉമൈര്‍ രക്ഷപ്പെട്ടു. മക്കയിലെത്തിയെങ്കിലും അദ്ദേഹത്തിന്റെ മകനെ മുസ്‌ലിം സൈന്യം പിടികൂടി ബന്ധനസ്ഥനാക്കി മദീനയിലേക്ക് കൊണ്ടുപോയി. നബി(സ്വ)യോടും അനുയായികളോടും യുദ്ധം ചെയ്യാന്‍ നേതൃത്വം നല്‍കിയതിന്റെ പക മുസ്‌ലിംകള്‍ തന്റെ മകനോട് കാണിക്കുമെന്നാണ് ഉമൈര്‍ വിചാരിച്ചത്. സങ്കടം നിറഞ്ഞ ദിനരാത്രങ്ങളായിരുന്നു ഉമൈറിന്റേത്. വിഷാദചിത്തനായി ഉമൈര്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യാനെത്തി. വിഗ്രഹ ദര്‍ശനത്തിലൂടെ മോക്ഷം നേടണമെന്നാണ് ആഗ്രഹം. ഈ സമയത്താണ് ദുഃഖിച്ചിരിക്കുന്ന സ്വഫ്‌വാനുബ്‌നു ഉമയ്യയെ ഉമൈര്‍ കാണുന്നത്.
‘ഇരിക്കൂ.. നമുക്ക് കുറച്ചു നേരം സംസാരിക്കാം. സമയം നീങ്ങാന്‍ വേറെ വഴിയില്ല’ സ്വഫ്‌വാന്‍ പറഞ്ഞുതുടങ്ങി. ബദര്‍ യുദ്ധത്തില്‍ ഖുറൈശികള്‍ക്കേറ്റ നാശനഷ്ടങ്ങളായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. സ്വഫ്‌വാന്റെ പിതാവ് ഉമയ്യത്തുബ്‌നു ഖലഫ് ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. വേദനയും വിരഹവുമായിരുന്നു അവരുടെ സംസാരത്തില്‍ നിഴലിച്ചു നിന്നത്. ‘നമ്മുടെ നേതാക്കളുടെ വിയോഗത്തിനു ശേഷം ജീവിതത്തിന് ഒട്ടും സുഖമില്ല’. സ്വഫ്‌വാന്റെ വാക്കുകളെ ഉമൈര്‍ ശരിവെച്ചു. കഅ്ബയുടെ നാഥന്‍ സത്യം! എനിക്ക് തീര്‍ക്കാനുള്ള കടങ്ങളും എന്റെ കാലശേഷം അനാഥമാകുന്ന കുടുംബവും ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ മുഹമ്മദിനെ കൊന്ന് ആ ശല്യം തീര്‍ക്കുമായിരുന്നു. ഉമൈറിന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേട്ട സ്വഫ്‌വാന്‍ ഉടന്‍ മറുപടി നല്‍കി: ”ഉമൈര്‍, താങ്കളുടെ കടം മുഴുവന്‍ എന്നെ ഏല്‍പ്പിക്കൂ. എത്ര സംഖ്യയുണ്ടെങ്കിലും ഞാന്‍ വീട്ടാം. കുടുംബത്തിന്റെ ഭാവിയാണ് നിങ്ങളെ അലട്ടുന്ന പ്രശ്‌നമെങ്കില്‍ അവരെ എന്റെ കുടുംബത്തോടൊപ്പം ചേര്‍ത്ത് ഞാന്‍ സംരക്ഷിക്കാം. രണ്ടു കുടുംബത്തിനും സുഭിക്ഷമായി ഭക്ഷണം കൊടുക്കാനുള്ള വക എനിക്കുണ്ട്.” ഉമൈര്‍ സമ്മതം മൂളി. ഇത് രഹസ്യമായി സൂക്ഷിക്കണമെന്ന നിര്‍ദേശം നല്‍കി ഉമൈര്‍ കഅ്ബക്കരികില്‍ നിന്ന് എണീറ്റു നടന്നു. പ്രതികാരത്തിന്റെ രോഷം ഹൃദയത്തില്‍ തിളച്ചുമറിഞ്ഞു. വാള്‍ മൂര്‍ച്ച കൂട്ടി വിഷം പുരട്ടിയ ശേഷം ഉമൈര്‍ കുതിരപ്പുറത്തു കയറി. മദീനയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
മദീനാ പളളിയുടെ ചാരത്ത് ആരോ വന്ന് കുതിരയെ നിറുത്തിയത് കണ്ട ഉമര്‍(റ) ചാടി എണീറ്റ് സഹപ്രവര്‍ത്തകരോട് പറഞ്ഞു: ‘നോക്കൂ… സത്യദീനിന്റെ ശത്രു, ഉമൈറുബ്‌നു വഹബാണ് വരുന്നത്.’ മക്കയിലെ മുശ്‌രിക്കുകളെ നമുക്കെതിരില്‍ അണിനിരത്തിയവന്‍, യുദ്ധത്തിനു തൊട്ട്മുമ്പ് നമുക്കിടയില്‍ വന്ന് എണ്ണമെടുത്ത് മടങ്ങിയ ചാരന്‍. ഇയാളെ സൂക്ഷിക്കണം. ശേഷം മുത്തുനബിയുടെ (സ്വ) ചാരത്തെത്തി ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ.. പരിശുദ്ധ ദീനിന്റെ ശത്രു ഉമൈറുബ്‌നു വഹബിതാ അരയില്‍ വാളുമായി എന്തോ ദുരുദ്ദേശ്യത്തോടെ വന്നിരിക്കുന്നു.’ ‘അദ്ദേഹത്തെ വരാന്‍ അനുവദിക്കൂ.” തിരുനബി പറഞ്ഞു.
ഉമൈര്‍ അരുതാത്തതെന്തെങ്കിലും ചെയ്യുമെന്ന് കരുതി ഉമര്‍(റ) ഉമൈറിന്റെ വസ്ത്രം മുറുക്കിപ്പിടിച്ച് തിരുസന്നിധിയിലേക്ക് കൊണ്ടുവന്നു. തിരുനബി(സ്വ) വസ്ത്രത്തിലെ പിടി വിടാന്‍ കല്‍പ്പിച്ചു. ‘ഉമൈര്‍, നിങ്ങള്‍ വന്നതെന്തിനാണ്?’ നബി(സ്വ) ചോദിച്ചു. ”നിങ്ങളുടെ അധീനതയിലുള്ള എന്റെ മകനെ വിട്ടുകിട്ടിയെങ്കിലോ എന്ന പ്രത്യാശയോടെ വന്നതാണ്. എന്നോട് കനിവു കാണിക്കണം.’ ‘അതിനീ വാളിന്റെ ആവശ്യമെന്താ?’ ഉമൈര്‍ പറഞ്ഞു: ‘വാളുകള്‍ നശിക്കട്ടെ! ബദ്ര്‍ യുദ്ധത്തില്‍ വാളുകള്‍കൊണ്ട് ഞങ്ങള്‍ക്ക് എന്തു നേടാന്‍ കഴിഞ്ഞു?’ ‘സത്യം പറയൂ ഉമൈര്‍, താങ്കള്‍ വന്ന ഉദ്ദേശ്യമെന്താണ്?’ ‘ഇതല്ലാതെ വേറെ ഉദ്ദേശ്യമില്ല.’ ഉമൈര്‍ തീര്‍ത്തുപറഞ്ഞു. നബി(സ്വ) തുടര്‍ന്നു: ”താങ്കളും സ്വഫ്‌വാനുബ്‌നു ഉമയ്യയും കഅ്ബക്ക് സമീപമിരുന്ന് ബദര്‍ യുദ്ധത്തെ കുറിച്ച് സംസാരിച്ചതും കടവും കുടുംബവുമില്ലായിരുന്നുവെങ്കില്‍ മുഹമ്മദിനെ വകവരുത്തുമായിരുന്നു എന്ന് താങ്കള്‍ പറഞ്ഞതും ശരിയല്ലേ? എന്നെ കൊല്ലാന്‍ വേണ്ടി സ്വഫ്‌വാന്‍ താങ്കളുടെ കടങ്ങളെയും കുടുംബത്തെയും ഏറ്റെടുത്തതും ശരിയല്ലേ? അല്ലാഹു താങ്കളുടെ ലക്ഷ്യത്തിനു തടസമാണ്.’ ഇതു കേട്ട ഉമൈര്‍ പകച്ചുപോയി. അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങ് പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ദിവ്യവചനങ്ങള്‍ കളവാണെന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. ഞാനും സ്വഫ്‌വാനും തമ്മില്‍ സംസാരിച്ചത് മറ്റൊരാളുമറിഞ്ഞിട്ടില്ല. ഇതിനേപ്പറ്റി അങ്ങേക്ക് അറിവു തന്നത് അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് എനിക്ക് ബോധ്യമായി. ഇസ്‌ലാം പ്രാപിക്കാന്‍ എന്നെ അങ്ങയുടെ സന്നിധിയിലേക്ക് നയിച്ച പടച്ച റബ്ബിന് സ്തുതി.’
ശഹാദത്ത് കലിമ ചെല്ലി ഉമൈര്‍. തിരുനബി(സ) അനുചരന്മാരോട് പറഞ്ഞു: ”നിങ്ങളുടെ സഹോദരന് മതവിജ്ഞാനം നല്‍കുക. ഖുര്‍ആന്‍ പഠിപ്പിക്കുക. അദ്ദേഹത്തിന്റെ മകനെ വിട്ടയക്കുക.” ഉമൈറുബ്‌നുവഹബിന്റെ ഇസ്‌ലാമാശ്ലേഷണത്തില്‍ സ്വഹാബികള്‍ അളവറ്റ് സന്തോഷിച്ചു. ഉമൈര്‍ ഇസ്‌ലാം പഠിച്ചും ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയും മദീനയില്‍ കഴിഞ്ഞുകൂടി. മക്കയെക്കുറിച്ചുള്ള ചിന്തകള്‍ മനസിലേക്ക് കടന്നു വന്നതേയില്ല. ഇതേസമയം മക്കയില്‍ സ്വഫ്‌വാന്‍ കിനാവുനെയ്ത് കാത്തിരിക്കുകയായിരുന്നു. ഖുറൈശികളുടെ സദസുകളില്‍ കയറിയിറങ്ങി സന്തോഷത്തോടെ സ്വഫ്‌വാന്‍ പറഞ്ഞുകൊണ്ടിരുന്നു: ‘സന്തോഷിക്കുക, ബദ്‌റിന്റെ വേദനകളെ വിസ്മരിപ്പിക്കുന്ന ഒരു സുപ്രധാന വാര്‍ത്ത അടുത്തു തന്നെ നിങ്ങള്‍ കേള്‍ക്കും.’ ദിവസങ്ങള്‍ ഒരുപാട് കടന്നുപോയി. മദീനയില്‍ നിന്ന് സന്ദേശങ്ങര്‍ ലഭിക്കുന്നില്ല. യാത്രക്കാരോടെല്ലാം ഉമൈറുബ്‌നുവഹ്ബിനെ കുറിച്ച് അന്വേഷിച്ചു. ഒടുവില്‍ ഉമൈര്‍ മുസ്‌ലിമായെന്ന് ഒരു യാത്രകാരന്‍ പറഞ്ഞപ്പോള്‍ സ്വഫ്‌വാന്‍ സ്തബ്ധനായി. ഭൂമിയിലെ സര്‍വ മനുഷ്യരും മുസ്‌ലിമായാലും ഉമൈര്‍ മുസ്‌ലിമാവുകയില്ലെന്നായിരുന്നു സ്വഫ്‌വാന്റെ ധാരണ.
ഉമൈറാകട്ടെ മതപരമായ അറിവുകള്‍ തിരുസവിധത്തില്‍ നിന്ന് ആവോളം ആവാഹിച്ചു. ഒരിക്കല്‍ ഉമൈര്‍ നബി(സ്വ) തങ്ങളോട് പറഞ്ഞു: ‘തിരുനബിയേ, ഇസ്‌ലാം സ്വീകരിച്ച വരെ മാരകമായി മര്‍ദിച്ചവനാണു ഞാന്‍. മക്കയില്‍ പോയി ഖുറൈശികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ സമ്മതം തരണം.’ നബിതങ്ങളുടെ അനുവാദത്തോടെ ഉമൈര്‍ മക്കയിലേക്ക് പോയി. ആദ്യമെത്തിയത് സ്വഫ്‌വാന്റെ വീട്ടിലേക്കാണ്. താന്‍ മുസ്‌ലിമായ വിവരം സ്വഫ്‌വാനെ അറിയിച്ചു. രാപ്പകല്‍ ഭേദമന്യ പ്രബോധന വഴിയില്‍ ധീരമായി മുന്നോട്ടുപോയി. ആഴ്ചകള്‍ക്കുശേഷം ഒരുപാടാളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. അവരെ മദീനയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്വഫ്‌വാനെ സത്യമതത്തിലേക്ക് കൊണ്ടുവരാന്‍ കിട്ടിയ സുവര്‍ണാവസരമായിരുന്നു മക്കാവിജയത്തിന്റെ സമയം. എന്നാല്‍ നബിയുടെയും അനുയായികളുടെയും ആഗമനം കണ്ട് സ്വഫ്‌വാന്‍ യമനിലേക്ക് പലായനം ചെയ്യാന്‍ തീരുമാനിച്ചു. തന്റെ ഉറ്റ സുഹൃത്ത് മുസ്‌ലിമാവാന്‍ കൊതിച്ച് ഉമൈര്‍ ചെയ്ത ത്യാഗങ്ങള്‍ ഫലം കണ്ടു. സ്വഫ്‌വാനുബ്‌നു ഉമയ്യയും ഇസ്‌ലാമിന്റെ തീരത്തണഞ്ഞു. ശിഷ്ടകാലം പരിശുദ്ധ ദീനിന്റെ യശസുയര്‍ത്തി അവരിരുവരും പ്രബോധന വഴിയില്‍ ശോഭിച്ചുനിന്നു.

Share this article

Leave a Reply

Your email address will not be published. Required fields are marked *