സുലുസൈ ദീനിഹി

Reading Time: 3 minutes

ഇ.വി അബ്ദുറഹ്മാന്‍

ജീവിതത്തിന്റെ സാഫല്യവും സ്വര്‍ഗീയാനുഭൂതി ദായകവുമാണ് വിവാഹം. വിശ്വാസജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം പാപസുരക്ഷ വിവാഹത്തിലൂടെ പൂര്‍ത്തിയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മനുഷ്യോത്പാദനം. ‘അവനില്‍നിന്ന് അവന്റെ ഇണയെ സൃഷ്ടിച്ചു’ എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സന്താനോത്പാദനം ജീവിതത്തിലെ, ഭൂമിയിലെ വലിയ സംഗതി തന്നെ.
ആത്മാവിന്റെ വിചാരങ്ങള്‍, ശരീരത്തിന്റെ നിര്‍വൃതികള്‍ തുടങ്ങിയവ പരസ്പരം ബന്ധിതമാണ്. മനുഷ്യന്‍ ആത്മാവ് മാത്രമോ ശരീരം മാത്രമോ അല്ല. രണ്ടും ചേര്‍ന്നതാണ്. ആത്മാവിന്റെയും മനസിന്റെയും സന്തോഷം ശരീരത്തെയും സ്വാധീനിക്കുന്നു. മനസിന്റെ സുഖക്കേട് ശരീരത്തെയും ബാധിക്കുന്നു. മനസിനും ശരീരത്തിനും സംതൃപ്തി തരുന്ന കര്‍മങ്ങള്‍ക്ക് മതത്തില്‍ വലിയ പ്രാധാന്യമുണ്ട്.
വിശ്വാസജീവിതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമാണല്ലോ വിവാഹത്തിലൂടെ പൂര്‍ത്തിയാകുന്നത്. പൊതുവില്‍ ഇക്കാര്യം അത്ര ഊന്നലോടെ നമ്മള്‍ ശ്രദ്ധിക്കാറില്ല. വീട്ടിലേക്കൊരാള്‍ പുതുതായി വരുന്നു. ഉമ്മക്കും ഉപ്പക്കും കൂട്ടാകും. വേറെ സഹായങ്ങളൊക്കെയുണ്ടാകും എന്നൊക്കെയാണ് വിവാഹത്തിനെ കുറിച്ച് പൊതുപറച്ചില്‍. പക്ഷേ ഈ ഹദീസിന്റെ അര്‍ഥവും ആഴവുമുള്ളത് വിവാഹം ദീന്‍ സൂക്ഷിക്കുന്നതിനെ പ്രതിയാണ്. 66 ശതമാനം വരെ ജീവിതത്തെ ദീനി ഭദ്രമാക്കാന്‍ വിവാഹത്തിനു കഴിയുമെന്നാണല്ലോ ഹദീസ് സാരം. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യവും പരിശുദ്ധിയും നിലനിര്‍ത്തി ജീവിതത്തെ ചിട്ടപ്പെടുത്തുകയാണ് ദീനിന്റെ ഉദ്ദേശ്യം. ഇണകളുടെ ഈ കൂടിച്ചേരലിന് അതു സാധ്യമാകുന്നുണ്ട്. ഈ ആലോചനയാണ് വിവാഹവുമായി ബന്ധപ്പെട്ട് സമൂഹം പ്രാധാന്യത്തോടെ കൊകൊള്ളേണ്ടത്.
ഒരനുഭവം പറയാം. ദര്‍സ് പഠനകാലം. എനിക്കന്ന് പ്രായം പതിനഞ്ച്. അന്ന് എന്റെ ഒരു കൂട്ടുകാരനും സഹപാഠിയുമായിരുന്നു സ്വാലിഹ് മുസ്‌ലിയാര്‍, പ്രായം പതിനേഴ്. വലിയ പണ്ഡിതനായിരുന്ന കക്കിടിപ്പുറം അബ്ദുറഹ് മാന്‍ കുട്ടി മുസ്‌ലിയാരുടെ മകന്‍. ദലാഇലുല്‍ ഖൈറാത്തിന്റെ ഇന്ത്യന്‍ ഖലീഫ കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മീയമേല്‍നോട്ടത്തിലും സംരക്ഷണത്തിലുമായിരുന്നു ആ കുടുംബം.
പതിവുപോലെ ഒരു വ്യാഴാഴ്ച നാട്ടില്‍ പോയ സ്വാലിഹ് പിറ്റേ ദിവസം ദര്‍സില്‍ വന്നു പറഞ്ഞു, അടുത്ത വ്യാഴാഴ്ച എന്റെ കല്യാണമാണ്. ഞാന്‍ ആശ്ചര്യം കൂറി. പതിനേഴാം വയസില്‍ കല്യാണമോ? പേരറിയാത്ത ഒരു വികാരം എന്നെ വന്നുപൊതിഞ്ഞു. വര്‍ഷം പിന്നേയും കഴിഞ്ഞു. എനിക്ക് 26 വയസായപ്പോഴാണ് ഞാന്‍ വിവാഹിതനായത്. അന്ന് സ്വാലിഹ് മുസ്‌ലിയാര്‍ക്ക് നല്ല ആണ്‍കുട്ടികള്‍ പിറന്നുകഴിഞ്ഞിരുന്നു.
ഇത് വലിയ പാഠമായി എനിക്കെപ്പോഴും തോന്നാറുണ്ട്. മീശ പൊടിയുന്ന പ്രായത്തില്‍ തന്നെ മകനെ വിവാഹത്തിനൊരുക്കുന്ന കാഴ്ച ആ വലിയ ഗുരുനാഥരുടെ ദീനീ ബോധത്തിന്റെയും തിരുവചനത്തെ അങ്ങേയറ്റം ഏറ്റെടുക്കുന്നതിന്റെയും അടയാളമാണ്. പ്രായവും പക്വതയും തികഞ്ഞിട്ടും വിവാഹം അകറ്റി നിര്‍ത്തേണ്ടതുണ്ടോ? പഠനത്തിന്റെയും സമ്പാദ്യത്തിന്റെയും സൗകര്യത്തിന് വിവാഹത്തെ ഇത്തിരി പിന്തിരിപ്പിക്കാറുണ്ട്. ശരി തന്നെ. പക്ഷേ ജീവിതത്തിന്റെ അച്ചടക്കം പാഴാകുന്ന അനുഭവങ്ങളിലേക്ക് വഴുതിപ്പോകുന്ന രംഗം എമ്പാടുമുണ്ട്. പുതിയ കാലത്തെ ജീവിതസാഹചര്യങ്ങളിലുലഞ്ഞ് വൈകാരിക തള്ളിച്ചയിലകപ്പെടുന്നവരുണ്ട്. കാമാര്‍ത്തികളായി പരിണമിച്ച് ജീവിത സുരക്ഷ തകര്‍ന്നു പോകുന്നവരുണ്ട്. കുടുംബത്തിനും കൂട്ടുകാര്‍ക്കും നഷ്ടപ്പെടുകയോ പേരുദോഷപ്പെടുത്തുകയോ ചെയ്യുന്നവരായി മാറുന്നവരുണ്ട്. ഇത്തരം ദുര്‍ചിത്രങ്ങള്‍ മുന്നേ കണ്ടാണ് ഇസ്‌ലാം വിവാഹത്തെ നിര്‍വചിച്ചതും നിര്‍ണയിച്ചതും. ആധുനിക നിയമങ്ങളുടെ നൂലാമാലയില്‍ പെട്ടുലയുമ്പോഴും മതദര്‍ശങങ്ങളുടെ അടിയും ആഴവും പഠനവിധേയമാക്കി സുരക്ഷിതവും ഭദ്രവുമായ ജീവിതം സാധ്യമാക്കുന്ന സാഹചര്യങ്ങള്‍ രക്ഷിതാക്കള്‍ ഒരുക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.
ഒരു ഹദീസ് നോക്കൂ. ‘എല്ലില്ലാത്ത രണ്ട് അവയവങ്ങളുടെ പരിശുദ്ധി എനിക്ക് ഉറപ്പു തന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് സ്വര്‍ഗം കൊണ്ട് സാക്ഷി നില്‍ക്കും.’ ഒന്ന്, നാവ്. മറ്റൊന്ന് ലൈംഗികാവയവം. എത്ര ആലോചനാഭരിതമാണ് ഈ ഹദീസ്. വിവാഹവുമായി ചേര്‍ത്തുവായിക്കേണ്ട ഒരു പാഠമാണിത്.
ആണ്‍-പെണ്‍ സ്വഭാവം പ്രകടമാക്കുന്ന അവസ്ഥയാണ് പ്രായപൂര്‍ത്തി. ബീജവും ആര്‍ത്തവവുമാണ് അതിന്റെ പ്രത്യക്ഷ അടയാളങ്ങള്‍. പ്രായം തികയുന്നതോടെ മതം നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ അവര്‍ അനുവര്‍ത്തിക്കണം. നിസ്‌കാരം മുതലുള്ള ധാരാളം കര്‍മങ്ങളുണ്ട്. ആണ്‍-പെണ്‍ പരസ്പരമുള്ള സമ്പര്‍ക്കത്തിന് മതനിയമം പാലിക്കണം. ലൈംഗിക ശുദ്ധി വേണം. അങ്ങനെ തുടങ്ങി അനേകം നിയമങ്ങള്‍. ഇത്തരം നിയമങ്ങളുടെ ലംഘനമാണ് ജീവിതം താളം തെറ്റിപ്പോകുന്നതിന്റെ ഒരു കാരണം. നിയമങ്ങള്‍ നമുക്ക് തന്നെ അലോസരമോ അരോചകേമാ ആയി തോന്നരുത്. മതത്തിന് പുറത്തുള്ളവര്‍ മതനിയമങ്ങളെ വിമര്‍ശിക്കുന്നത് മതത്തിന്റെയോ നിയമങ്ങളുടെയോ പഴുതായി കാണരുത്. പഴുതടച്ച നിയമമാണ് മതത്തിന്റേത്. അല്ലാഹുവിന്റേതാണ് മതം. പക്ഷേ സമൂഹത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതില്‍ നാം പരാജയപ്പെടുന്നു എന്നതാണ് സത്യം.

വീട്ടിലെന്താ കാര്യം!
ദാമ്പത്യം വാടിപ്പോകുന്ന ചിത്രങ്ങള്‍ എത്രയാണ് നമ്മള്‍ കാണുന്നത്! ഇണകളുടെ ‘സ്വാതന്ത്ര്യം’ ഹനിക്കപ്പെടുന്നതാണ് ദാമ്പത്യത്തിന്റെ ഒരു പരാജയകാരണം. പെണ്ണിന് ആണിനെ വേണ്ടത്ര കിട്ടുന്നില്ല. ആണിനെ തികയുന്നില്ല. ഇത് ഭീകരമായ ഒരവസ്ഥയാണ്. സുന്ദരിയായ ഒരു കൊച്ചുപെണ്ണ് ഭര്‍ത്താവിന്റെ ഉറപ്പിന്മേല്‍ സ്വപ്‌നങ്ങളുടെ ചിറകിലേറിയാണ് ഭര്‍തൃഭവനത്തിലെത്തിയത്. പക്ഷേ അവരുടെ സമാഗമത്തെയും തൊട്ടുരുമ്മിക്കഴിയുന്നതിനെയും ചിലര്‍ ഈഗോയോടെ സമീപിക്കുന്നു. അമ്മായിയമ്മ, നാത്തൂന്‍ തുടങ്ങിയ പലരും ഇതില്‍ അപരാധികളാണ്. പത്തോ പതിനഞ്ചോ ദിവസത്തെ കുടുംബജീവിതത്തിന് ശേഷം ഭര്‍ത്താവ് ഉപജീവനം തേടി നാടുവിടുന്നു. ഇതൊക്കെ പെണ്‍കുട്ടിയുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഗള്‍ഫിലെ മെട്രോപൊളിറ്റന്‍ സിറ്റിയിലെത്തി വരന്‍ ജീവിതത്തിന്റെ മോഹങ്ങളെ തീര്‍ക്കുമ്പോള്‍ വധു തുറന്നിട്ട ജനാലയുടെ അഴി എണ്ണിക്കഴിയുന്നു. ജീവിത സാഫല്യത്തിന്റെ ശയ്യ വിരിച്ചുതന്നിട്ടും അത് പാഴാക്കിക്കളയുന്ന ദാമ്പത്യത്തെ നമ്മള്‍ തിരുത്തിയേ മതിയാകൂ. ഇങ്ങനെ പോയാല്‍ ‘സുലുസൈ ദീനിഹി’ എന്നത് നികാഹിന്റെ പന്തലിലെ ശബ്ദമാത്രകളായി മാത്രം ശേഷിക്കയും ജീവിതം കൂടുതല്‍ അക്ഷരപ്പിഴവുകളിലേക്ക് നടക്കുകയും ചെയ്യും.
ഹദീസ് നിര്‍വചിക്കുന്ന ‘സുലുസൈ ദീനിഹി’ എന്നതിന് എതിരാവുകയും പാരയാവുകയും ചെയ്യുന്ന വീട്ടുകാര്‍ സൂക്ഷിക്കുക, നിങ്ങള്‍ പാപികളാകരുത്. ഭൂമിയിലും പരലോകത്തും അവര്‍ നരകം സമ്പാദിക്കതുതെന്നും നമ്മെ കൂടി സ്വര്‍ഗത്തിലേക്ക് ആനയിക്കാന്‍ മക്കള്‍ കാരണമാകുമെന്നും ആലോചിക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. അപ്പോള്‍ വീട്ടില്‍ കാര്യമുണ്ട്.

സത്കാരം
വിവാഹത്തിന് ശേഷം കുടുംബവീടുകളില്‍ വിരുന്നും സത്കാരവുമാണ്. നല്ല കീഴ്‌വഴക്കമാണത്. ഇണകളുടെയും അവരുടെ കുടുംബത്തിന്റെയും ഹൃദയങ്ങള്‍ ഒരുമിപ്പിക്കാന്‍ അതിനു കഴിയും. ഇണകളുടെ ഹൃദയങ്ങള്‍ അടുത്തടുത്ത് വന്ന് ഒന്നായിച്ചേരുമ്പോഴാണ് ഇണചേരല്‍ മനോഹരവും രതിപൂര്‍ണവുമാവുന്നത്. ഭാര്യഭര്‍ത്താക്കന്മാരുടെ വീട്ടുകാര്‍ നല്ല ബന്ധത്തിനും ഇഴയടുപ്പത്തിനും സാഹചര്യമൊരുക്കണം. പ്രത്യേകിച്ചും പെണ്‍കുട്ടിയുടെ വീട്ടുകാര്‍. ‘പുത്യാപ്ലസത്കാരം’ ഉണ്ടായത് തന്നെ അതിനാണോ എന്ന് ആലോചിക്കാം. ഒരു വേള പൊടുന്നനേയുണ്ടാകുന്നതല്ല രതിമൂര്‍ച്ച. അതിന് സാഹചര്യങ്ങളും സന്ദര്‍ങ്ങളുമൊരുക്കണം. ദുഃഖചിത്തരായവര്‍ക്ക് അതത്ര പെട്ടെന്നുണ്ടാകില്ല. നിതാന്ത ജാഗ്രത വേണം. പക്ഷേ നമ്മുടെ വീടുകളില്‍ ‘ദമ്പതികള്‍ക്ക്’ ലൈംഗിക സ്വാതന്ത്ര്യം കിട്ടാറുണ്ടോ? തക്ഷിതാക്കളത് അന്വേഷിച്ച് പരിഹരിക്കണം. വേണേല്‍ അത്താഴ സത്കാരങ്ങള്‍ ഒരുക്കണം. നമ്മുടെ കാരണം കൊണ്ട് അവരുടെ ‘ദാഹം’ മാറാതിരിക്കരുത്. ശമനം തേടി തെരുവില്‍ അലയാന്‍ നമ്മള്‍ കാരണമാവരുത്.
ഉമര്‍(റ) തന്റെ മിലിട്ടറിയില്‍ നാലു മാസത്തിനിടെ അവധി അനുവദിച്ച കഥയുണ്ട്. ഒരു സൈനികപത്‌നി ഭര്‍ത്താവിന്റെ അഭാവത്തില്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് അവധി അങ്ങനെ നിശ്ചയിക്കപ്പെട്ടത്.
അപരാധങ്ങളും തെറ്റകളുമുണ്ടാകുന്ന സാഹചര്യമാണ് പ്രധാനം. അത് ഇല്ലാതെയാക്കാനാണ് ശ്രമിക്കേണ്ടത്. വിവാഹിതരായവര്‍ പരബന്ധത്തിലേര്‍പ്പെട്ടാല്‍ എറിഞ്ഞുകൊല്ലാന്‍ ഇസ്‌ലാമില്‍ വിധിയുണ്ട്. പക്ഷേ പരബന്ധം തെളിയിക്കപ്പെടണം. സംശയത്തിന് പഴുതില്ലാത്ത വിധം തെളിഞ്ഞുവരണം. വീടും സമൂഹവും കൂടി തെറ്റിന് കാരണമാകുന്ന അവസ്ഥയുണ്ടാകരുത്.

കാമ്പസ്
നിയന്ത്രണങ്ങളുടെ അതിരുകള്‍ പൊട്ടിപ്പോകുന്ന അവസരങ്ങളുണ്ടാവാറുണ്ട്. അത് സൂക്ഷിച്ചേ മതിയാകൂ. വിശ്വാസത്തെ അതിനനുസൃതമായി പാകപ്പെടുത്തിയെടുക്കാന്‍ കഴിയും. ഈയിടെ ഒരു യൂനിവേഴ്‌സിറ്റിയില്‍ പോയപ്പോള്‍ ചില വിദേശി വിദ്യാര്‍ഥികളുടെ വേഷാലങ്കാരങ്ങള്‍ ഏറെ ചിന്തിപ്പിച്ചു. ശരീരം മറക്കാനോ മറ്റോ അവരുടെ വിശ്വാസം അവരോട് പറഞ്ഞെന്നുവരില്ല. പക്ഷേ നമ്മുടെ വിശ്വാസത്തിനകത്തെ നിയമങ്ങളെങ്ങനെ നാം പാലിക്കാതിരിക്കും?! അത്തരം സാഹചര്യങ്ങളില്‍ മക്കളെ പഠനത്തിന് പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ അവരുടെ ഇണകളെ കൂടി കൂടെ അയച്ചാല്‍ എത്ര ഭംഗിയാണ്. നാട്ടിന്‍ പുറങ്ങളില്‍ പെരുകുന്ന പ്രേമക്കേസുകളെ കൂടുതല്‍ വശളാക്കാതെ പരിഹരിക്കാന്‍ കഴിയണം. വിദ്യാര്‍ഥികളായിരിക്കുമ്പോഴും വിവാഹം സാധ്യമാണെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
പതിനേഴാം വയസിലാണ് ഉള്ളാള്‍ തങ്ങള്‍ വിവാഹിതനാകുന്നത്. ജ്യേഷ്ഠന്റെ നികാഹിന്റെ ദിവസം പന്തലൊരുങ്ങിയപ്പോള്‍ ജ്യേഷ്ഠനെ കാണാനില്ല. ഉടനെ അനുജനായ ഉള്ളാള്‍ തങ്ങളെ പിടിച്ച് നികാഹിനിരുത്തുന്നു. കല്യാണം കഴിപ്പിക്കുന്നു. സുലുസൈ ദീനിഹി.. ഇത് ചെറിയ കാര്യമല്ല.

Share this article

Leave a Reply

Your email address will not be published. Required fields are marked *