‘അഹദത്തിലെ അലിഫലിഫ്‌ലാം അകമിയം’

Reading Time: 3 minutes

ബദ്ര്‍ യുദ്ധ ചരിത്രം ഇതിവൃത്തമായി
അറബി മലയാളത്തില്‍ എഴുതപ്പെട്ട മോയിന്‍ കുട്ടി
വൈദ്യരുടെ ബദ്ര്‍ പടപ്പാട്ട് സംബന്ധിച്ച്.

അശ്‌റഫ് പുന്നത്ത്
ashrafpunnath350@gmail.com

ബദ്ര്‍ എന്ന നാമം കോള്‍ക്കാത്തവരായി ആരുമുണ്ടാവില്ല. ഹിജ്‌റ 2-ാം വര്‍ഷം റമളാന്‍ പതിനേഴിന് (ക്രി. 624-മാര്‍ച്ച് 13)ന് ബദ്ര്‍ എന്ന സ്ഥലത്ത് വെച്ച് നബി(സ്വ)യുംസ്വഹാബികളും അബൂജഹലും സംഘവുമായി നടന്ന യുദ്ധമാണ് ബദ്ര്‍ യുദ്ധം. മക്കയുടെയും മദീനയുടെയും ഇടയിലുള്ള സ്ഥലമാണ് ബദ്ര്‍ താഴ്‌വാര. ഈ നാടിന് ബദ്ര്‍ എന്ന പേര് വരാന്‍ ധാരാളം കാരണങ്ങള്‍ പണ്ഡിതന്മാര്‍ ചുണ്ടിക്കാണിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായം ബദ്ര്‍ എന്ന് പേരുള്ള ഗ്വഫാര്‍ ഗോത്രക്കാരന്‍ അവിടെ ഒരു കിണര്‍ കുഴിച്ചിരുന്നുവത്രെ. അതിനെ ബിഅ്‌റു ബദ്ര്‍ (ബദ്‌റിന്റെ കിണര്‍) എന്ന് വിളിക്കപ്പെടുകയും ചെയ്തു. കാലാന്തരേണ ഈ പ്രദേശത്തിന് ബദ്ര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
ബദ്ര്‍ യുദ്ധ ചരിത്രവും ബദ്ര്‍ ശുഹദാക്കളുടെ നാമവും ഇതിവൃത്തമായി അറബി മലയാളത്തില്‍ ധാരാളം കൃതികള്‍ ഇറങ്ങിയിട്ടുണ്ട്. മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ര്‍ പടപ്പാട്ട്, താനൂര്‍ മച്ചിങ്ങലകത്ത് മൊയ്തീന്‍ കുട്ടി മൊല്ലയുടെ ബദ്ര്‍ ഒപ്പന, കാഞ്ഞിരാല കുഞ്ഞി രായീന്‍ എഴുതിയ ബദ്ര്‍ മാല, മഞ്ചാന്‍പിറഅകത്ത് അബ്ദുല്‍ അസീസ് എഴുതിയ ബദ്‌റുല്‍ ഉളമ, മൗരത്തൊടിക മുഹമ്മദ് മൗലവിയുടെ ബദ്ര്‍ ചിന്ത്, കിഴക്കിനിയകത്ത് കമ്മുകുട്ടി മരക്കാരുടെ ബദ്ര്‍ തിരിപ്പുകള്‍, കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാരുടെ ബദ്ര്‍ മാല, വാഴപ്പുളിയില്‍ അബ്ദുല്ല കുട്ടിയുടെ ബദ്ര്‍ ഒപ്പനപ്പാട്ട്, ചാക്കീരി മെയാതീന്‍ കുട്ടിയുടെ ചാക്കീരി ബദ്ര്‍, നല്ലളം ബീരാന്‍ സാഹിബിന്റെ ബദ്ര്‍ ഒപ്പന, കെ സി മുഹമ്മദ് കുട്ടി മൊല്ലയുടെ ബദ്ര്‍ കെസ്സ്, മഞ്ചാന്‍പിറഅകത്ത് ഇമ്പിച്ചിയും പടിഞ്ഞാറകത്ത് മൊയ്തീന്‍ കുട്ടിയും കൂടി എഴുതിയ ബദ്‌റുല്‍ കുബ്‌റാ എന്ന ചരിത്ര ശിരോമണി കെസ്സ് മാല, പൊന്നാനി ഉത്തുവാങ്ങാനകത്ത് ഹൈദര്‍ രചിച്ച മുനീലുല്‍ മഖാസിദ് എന്ന പുതിയ പാട്ട്, രചിയിതാവിന്റെ പേര് അറിയപ്പെടാത്ത ബദ്‌റുദ്ദീന്‍ മാല, ഇവയില്‍ ഏറ്റവും പ്രചുര പ്രചാരം നേടിയത് ഇശല്‍ ചക്രവര്‍ത്തി മോയിന്‍ കുട്ടി വൈദ്യരുടെ ബദ്ര്‍പടപ്പാട്ടാണ്. അതിന്റെ ഭാഷയും രചനാ സൗകുമാര്യതയും വര്‍ണനാതീതമാണ്.
നൂറ്റി ആറ് ഇശലുകളുള്ള ബദര്‍ കിസ്സപ്പാട്ട് വൈദ്യര്‍ ക്രി: 1876 ല്‍ തന്റെ ഇരുപത്തി നാലാമത്തെ വയസിലാണ് രചിക്കുന്നത്. ഹിജ്‌റ 1204 ക്രി: 1788 ല്‍ ജനിച്ച കൈപറ്റ എ പി ഏനികുട്ടി മുസ്‌ലിയാരുടെ മകന്‍ അമ്പലവന്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ രചിച്ച ‘അന്‍വാറുല്‍ ബസ്വര്‍ ബി അഖ്ബാരില്‍ ബദ്ര്‍’ എന്ന ബദ്ര്‍ യുദ്ധ ചരിത്രം വിവരിക്കുന്ന അറബികാവ്യത്തെ ഉപകീവിച്ചാണ് വൈദ്യര്‍ ബദ്ര്‍ പാട്ട് കെട്ടിയിട്ടുള്ളത്. രണ്ടായിരത്തി ഇരുപത്തി ഒന്ന് ബൈത്തുകളിലായി കോര്‍വ ചെയ്യപ്പെട്ട അന്‍വാറുല്‍ ബസ്വറിന്റെ അതേ ചരിത്ര ഘടന തന്നെയാണ് വൈദ്യരുടെ പടപ്പാട്ടിനുമുള്ളത്. വൈദ്യരുടെ രചനയുടെ അമ്പത്തി മൂന്ന് വര്‍ഷം മുമ്പാണ് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ അന്‍വാറുല്‍ ബസ്വര്‍ എഴുതിയിട്ടുള്ളത്.
ബദ്ര്‍ പടപ്പാട്ടിന്റെ പുറംചട്ടയില്‍ ഇങ്ങനെ എഴുതിയതായിക്കാണാം. ‘ഫഅ്‌ലമൂ അയ്യുഹല്‍ ഇഖ്‌വാന്‍ ഇതാകുന്നത് കൊണ്ടോട്ടി മേലങ്ങാടിയില്‍ ആലുങ്ങല്‍കണ്ടിയില്‍ പാര്‍ക്കും ഓട്ടു പാറക്കല്‍ മോയീന്‍ കുട്ടി വൈദ്യരാല്‍ ഉണ്ടാക്കപ്പെട്ട ബദ്‌റുല്‍ കുബ്‌റാ എന്നും ബദ്‌റുല്‍ ഫുര്‍ഖാന്‍ എന്നും ഗസ്‌വത്തുല്‍ അഅ്‌ളം എന്നും അക്ബറുല്‍ ഗസ്‌വാത്ത് എന്നും മറ്റും പേര് പറയപ്പെടുന്ന അതൃപമായ ബദ്ര്‍ പടപ്പാട്ടാകുന്നു.’
ബദ്ര്‍ പടപ്പാട്ടിലെ എണ്‍പത്തി ഒമ്പതാമത്തെ ഇശലായ ‘അല്‍ഹംദുല്‍ മൗലാനാ’ എന്ന ഇശലില്‍ വൈദ്യര്‍ ബദ്ര്‍ ശുഹദാക്കളുടെ പേരുകള്‍ പാടുന്നവര്‍ക്ക് എളുപ്പത്തില്‍ പാടാന്‍ കഴിയുന്ന രൂപത്തില്‍ ഹിജാഇയ്യായ ഇരുപത്തി ഒന്‍പത് അക്ഷരത്തില്‍ കോര്‍ത്തിണക്കി, ഓരോ വരിയുടെയും അവസാനത്തില്‍ തര്‍ളിയത്തും ചേര്‍ത്തിട്ടാണ് കോര്‍വ്വ ചെയ്തിട്ടുള്ളത്. ഈ എണ്‍പത്തി ഒമ്പതാമത്തെ ഇശലിന് വൈദ്യര്‍ ‘നവ രത്‌ന മാല’ എന്നാണ് പേര് വെച്ചിട്ടുള്ളത്. അതിങ്ങനെ പാടാം.
‘അരിമപെരിമ പെരിയോനെ പുരാന്‍
അഹദും സ്വമദും ഫറ്ദാനെ ഉനൈ
അസ്മാഉല്‍ അളീമുകള്‍ ഹഖ്ഖുകളാലെ
ഇലയ്ക്ക തവസ്സല്‍ നാ അല്ലാഹ് …
ഇരക്കുന്നു അടിയന്‍ വബിജാഹി ഹബീബിക്ക
സയ്യിദിനാ അവര്‍ ശംസില്‍ ഹുദാ
ഇസ്മാകും മുഹമ്മദ് സ്വല്ലി വസല്ലിം
അലൈഹി വബാരിക് യാ അല്ലാഹ്
അരുള് ദാത്ത് നബി ഉലൂമിന്‍ ഫദിയ്യിന്‍
തറ ഭിത്തിയും മച്ചൊട് ബാശലും നാല്
അരശര്‍ ഖുലഫാഅ് അബൂബക്കര്‍ ഉമര്‍
ഉസ്മാന്‍ അലി അന്‍ ഹുമു റളിയല്ലാഹ്..’
ആദ്യ ഇശലില്‍ തന്നെ ആദ്യ ഏഴു വരിയും വൈദ്യര്‍ അവസാനിപ്പിക്കുന്നത് ബിസ്മി കൊണ്ടാണ്. ഒന്നാമത്തെ ഇശലില്‍ വൈദ്യര്‍ ബസ്മി ചൊല്ലി രചനയുടെ ഉദ്ഘാടന കര്‍മമാണ് നിര്‍വഹിച്ചിട്ടുള്ളത്.
‘അഹദത്തിലെ അലിഫലിഫ്‌ലാം അകമിയം
അലിഫ് അക്ഷര പെരുള്‍ ബിസ്മില്ലാഹ്
അരിമക്കലയ് കുത്തുബനുദിനം ഖുര്‍ആനിന്‍
അളകുറ്റല കുറി ബിസ്മല്ലാഹ്’
ബിസ്മികൊണ്ട് തുടങ്ങിയാലുളള ശ്രേഷ്ഠതയും ഗുണഫലങ്ങളും പണ്ഡിതന്മാര്‍ രേഖപെടുത്തി വെച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വൈദ്യര്‍ ബിസ്മി കൊണ്ട് തുടങ്ങിയത്. മാത്രവുമല്ല,
‘ബഹ്‌റ ഖുര്‍ആനില്‍ പൊരുള്‍ മുളു തടകിനെ
ബരിഷക്കടല്‍ പതി ബിസ്മില്ലാഹ്
ബദ്‌റപ്പട കൊടു കവി നുവല്‍ വദിന്‍ മുതല്‍
ബരിബെത്തബ് തദി ബിസിമില്ലാഹ്..’
വിജ്ഞാന സമുദ്രമായ ഖുര്‍ആനിന്റെ അര്‍ഥം മഴുവന്‍ അടങ്ങിയ വിജ്ഞാനം അലതല്ലുന്ന വര്‍ഷക്കടലായ ബിസ്മില്ലാഹ് കൊണ്ട് ഞാന്‍ തുടങ്ങുന്നു. കൊടുമ പെട്ട ബദര്‍പ്പടയുടെ ഗാനം രചിക്കുന്ന ആരംഭത്തില്‍ വരിവെച്ച് ഞാന്‍ ആരംഭിക്കുന്നു. ബിസ്മില്ലാഹ്… ബിസ്മി കൊണ്ട് ഈ ഗ്രന്ഥരചനക്ക് തുടക്കം കുറിച്ച ശേഷം വൈദ്യര്‍ രണ്ടാമത്തെ ഇശലില്‍ ആരംഭ പ്രാര്‍ഥനയിലേക്കാണ് കടന്നിട്ടുള്ളത്. അതിന് ശേഷം മൂന്നാമത്തെ ഇശലില്‍ നബിയുടെ(സ്വ) ഒളിവിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഖാളി മുഹമ്മദ് (റ) മുഹയുദ്ദീന്‍ മാലയുടെ മുനാജാത്തിന്റെ ആദ്യവരി ഇങ്ങനെയാണ് എഴുതിയിട്ടുള്ളത്.
‘മുത്താല്‍ പടച്ച ദുനിയാവില്‍ നിക്കും നാള്‍
മൂപ്പര്‍ മുഹിയിദ്ദീന്‍ കാവലില്‍ ഏകല്ലാഹ്’
നബിനൂറിനെ മുത്ത് രൂപത്തില്‍ ആയിരുന്നു അല്ലാഹു സൃഷ്ടിച്ചത്, ആ മുത്തില്‍ നിന്നാണ് ദുനായാവിനെ അല്ലാഹു പടച്ചത് എന്നാണ് ഖാളി മുഹമ്മദ്(റ) വരിയില്‍ പറയുന്നത്. അതെ ആശയമാണ് പ്രാചീന ഗ്രന്ഥമായ ആകാശം ഭൂമി എന്ന പാട്ടില്‍ പറഞ്ഞിട്ടുള്ളത്.
‘ആകാശം ഭൂമി പടച്ചോന്‍ അല്ലാഹ് ഒരു മുത്താല്‍
ആദി ഉമ്മത്തില്‍ ഉദിത്തെ ബേദാംബര്‍ മൂലത്താല്‍’
ആകാശവും ഭൂമിയും അല്ലാഹു പടച്ചത് നബിയുടെ നൂറാകുന്ന മുത്തിനാലാണ് എന്നാണ് കവി മുകളില്‍ പറഞ്ഞ വരിയില്‍ പറയുന്നത്. ഇത് തന്നെയാണ് വൈദ്യര്‍ പടപ്പാട്ടിലെ തൊങ്കല്‍ ഇശലില്‍ വിവരിക്കുന്നത്.
പെരിപ്പം പടപ്പെല്ലാം ഒരു മുത്താലെ
പെരിയോന്‍ അമൈത്ത് തന്‍ ഖുദ്‌റത്താലെ
അരിപ്പം മികും ആലം അര്‍ വാഹാക്കാക്കി
ആലം മിസാല്‍ ആലം അജ്‌സാമാക്കി
അല്ലാഹു ആദ്യം സൃഷ്ടിച്ചത് നബിയുടെ (സ്വ) നൂറിനെയാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ പ്രഭ ഒരു വെളുത്ത മുത്തിന്റെ ആകൃതിയില്‍ ധാരാളം കാലം തസ്ബീഹ്, തഹ്‌ലീല്‍, തംജീദ്, തഖ്ദീസ് എന്നീ സ്തുതികളില്‍ മുഴുകി ഇരിക്കുമ്പോള്‍ അല്ലാഹു അതിലേക്ക് ജലാലിയ്യത്തിന്റെ നോട്ടം നോക്കി. അത് ഭയപ്പെട്ടുരുകി അതില്‍ നിന്ന് ധാരാളം പ്രഭാ തുള്ളികള്‍ തെറിച്ചു. അതില്‍ നിന്ന് ആദം നബിയെയും മറ്റു നബിമാരെയും പടച്ചു. ബാക്കി ജനങ്ങളെല്ലാം ആദം നബിയില്‍ നിന്ന് ജനിച്ചു. മാത്രമല്ല സര്‍വ വസ്തുക്കളെയും നബിനൂറിനാല്‍ സൃഷ്ടിച്ചു എന്ന് തന്നെ വന്നിട്ടുണ്ട്.
അതിന് ശേഷം വൈദ്യര്‍ ബദര്‍പ്പടപ്പാട്ടില്‍ പറഞ്ഞ ചരിത്രങ്ങളെല്ലാം സ്വഹീഹാണെന്ന് പറയുന്നുണ്ട്. ശേഷം ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ബദ്‌രീങ്ങളുടെ ശ്രേഷ്ഠതയും അവരെ തവസ്സുല്‍ ആക്കി ദുആ ചൈതാല്‍ ഉടനെ ഉത്തരം കിട്ടുമെന്നും അവരുടെ പേരുകള്‍ ഒരു കടലാസില്‍ എഴുതി ഉറുക്ക് (ഏലസ്സ്) ആക്കി കെട്ടിയാല്‍ ഉടനെ തന്നെ ഇജാബത്ത് ലഭിക്കുന്നതാണ്. ഇത് അനുഭവിച്ചതിന്റെ വെളിച്ചത്തിലാണ് പറയുന്നത് എന്നാണ് വൈദ്യര്‍ പറയുന്നത്.
തുടര്‍ന്ന് ബദ്ര്‍ യുദ്ധ ചരിത്രത്തിലേക്ക് പ്രവേശിക്കുകയാണ്. നബിയുടെ(സ്വ) ഹിജ്‌റ മുതല്‍ തുടങ്ങി ഓരോ സംഭവങ്ങളും വൈദ്യര്‍ വളരെ ഭംഗിയായി പാട്ടില്‍ ആക്കിയിട്ടുണ്ട്. സങ്കടകരമായ കാര്യം വരുമ്പോള്‍ അതിന് അനുസരിച്ചുള്ള ഇശലും പടയോ മറ്റോ എഴുതുകയാണെങ്കില്‍ അതിന് അനുസരിച്ചുള്ള ഇശലുമാണ് വൈദ്യര്‍ നല്‍കിയിരിക്കുന്നത്.
പ്രവാചകാനുചരന്‍ സവാദിന്(റ) തങ്ങളോടുള്ള അനുരാഗം വളരെ ഭംഗിയായിട്ടാണ് വൈദ്യര്‍ വിവരിചിട്ടിള്ളത്. ഉക്കാശുബ്‌നു മുഹ്‌സി(റ)ന്റെ വാള്‍ യുദ്ധത്തില്‍ വെച്ച് മുറിയുകയും ഉടനെതന്നെ നബിയുടെ അടുത്ത് ചെന്ന് കാര്യം ബോധിപ്പിക്കുകയും ചെയ്തു. നബി(സ്വ) ഒരു മരക്കൊമ്പിന്റെ കഷണം എടുത്ത് അവിടത്തെ പുണ്യ കരം കൊണ്ട് ഉക്കാശ്ബ്‌നു മുഹ്‌സിന്(റ) നല്‍കുകയും ആ മരക്കഷണം ഊട്ടി എടുത്ത വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതായി മാറുകയും യുദ്ധം അവസാനിക്കുന്നത് വരെ നബിയുടെ ആജ്ഞ പ്രകാരം ആ വാളുമായി അദ്ദേഹം പൊരുതുകയും ചെയ്തു എന്ന് അറുപത്തി ഒമ്പതാമത്തെ ഇശലില്‍ പാട്ടാകിയത് ഇങ്ങനെയാണ്.
‘അന്ദെചേനയില്‍ ഉക്കാശത്തിബ്‌നു മുഹ്‌സിനെണ്ടവര്‍
അങ്കമില്‍ സ്വഖീല്‍ മുറിന്ത് ബന്ത് ചേതി ചൊന്നതാല്‍
പൊന്‍ തിരു കരത്തിനാല്‍ കൊടുത്തതാരു ശാകമിന്‍
പൊളികടൈന്തെ ബാളിലും വിശേഷ യോഗ സൈഫുമായ്’.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *