കൊറോണക്കാലത്തെ കര്‍മശാസ്ത്രം

Reading Time: 3 minutes

ഇസ്‌ലാമിക കര്‍മശാസ്ത്രം വിഭാവനം ചെയ്യുന്ന,
വിശവാസിസമൂഹം പുലര്‍ത്തേ@ണ്ട ആരോഗ്യ-
ആതുര-പ്രതിരോധ കാഴ്ചപ്പാടുകള്‍.

മുഖ്താര്‍ റാസി
muktharrazy786@gmail.com

ആഗോളതലത്തില്‍ കോവിഡ്19 എന്ന മഹാമാരി പിടിമുറുക്കിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ അനുദിനം പ്രതിരോധ നടപടികളുമായി രാജ്യങ്ങള്‍ മുന്നോട്ടുപോവുന്നു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ജീവിക്കുന്നു. ഈ മഹാമാരിയുടെ വ്യാപനം തടയുവാനായി ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് ലോകം നീങ്ങു ന്നത്. പ്രതിരോധത്തിലൂന്നിയുള്ള ജീവിതക്രമം സ്വീകരിക്കുന്നതിന് കര്‍മശാസ്ത്രം നല്‍കുന്ന പിന്തുണ ചെറുതൊന്നുമല്ല. ഇസ്‌ലാമിക കര്‍മശാസ്ത്രം വിഭാവനം ചെയ്യുന്ന, വിശ്വാസിസമൂഹം പുലര്‍ത്തേണ്ട ആരോഗ്യ-ആതുര- പ്രതിരോധ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണിവിടെ.
ആരോഗ്യവും രോഗവും ദൈവനിശ്ചയമാണ്. ആരോഗ്യം കനിഞ്ഞരുളിയതില്‍ അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുകയും അതിനെ പരിപാലിക്കുകയും വേണം. രോഗം പിടിപെട്ടാല്‍ അതില്‍ ക്ഷമിക്കുകയും ചികിത്സ തേടുകയും വേണം. ആരോഗ്യ പരിപാലനം വിശ്വാസിയുടെ ബാധ്യതയാണ്. രോഗം വരാതിരിക്കാനുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കണം. രോഗപ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമമെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ആരോഗ്യ പരിപാലനത്തിന്നും സുരക്ഷാ ക്രമീകരണങ്ങള്‍ക്കും ഇസ്‌ലാമിക കര്‍മശാസത്രം കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ‘രോഗിക്ക് ചികിത്സ തേടല്‍ സുന്നത്താണ്. ചികിത്സയിലൂടെ രോഗം ഭേദമാവുമെന്നറിയപ്പെട്ടതാണെങ്കില്‍ ചികിത്സ തേടല്‍ നിര്‍ബന്ധമാണ്.’ (ഹാശിയത്തു ശര്‍വാനി, തുഹ്ഫ). വൈദ്യശാസ്ത്രം പഠിക്കുക എന്നത് സാമൂഹ്യ ബാധ്യതയാണെന്നാണല്ലോ മതപക്ഷം. അതിനു പുറമേ രോഗങ്ങള്‍ക്കുള്ള പ്രതിവിധികളും മരുന്നുകളും കണ്ടെത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനവും പ്രതീക്ഷയും നല്‍കുന്നത് തിരുനബി(സ്വ)യുടെ വാക്കുകളാണ്. വൈദ്യശാസ്ത്രത്തിന് കൂടുതല്‍ പ്രചോദനമേകുന്ന ആ വാക്യം ഇങ്ങനെയാണ്: ചികിത്സിക്കൂ, കാരണം, അല്ലാഹു മരുന്ന് വ്യവസ്ഥപ്പെടുത്തിയിട്ടല്ലാതെ ഒരു രോഗവും നല്‍കിയിട്ടില്ല. വാര്‍ധക്യമൊഴികെ. കൊറോണക്കാലത്തും ഈ വാക്യം, മരുന്നിനായി തല പുകഞ്ഞാലോചിക്കുന്ന ആരോഗ്യ ശാസ്ത്രജ്ഞര്‍ക്ക് പ്രത്യാശയുടെ തിരിനാളമായി വെളിച്ചം പകരുന്നുണ്ട്. ഈ ഹദീസിന്റെ വെളിച്ചത്തിലാണ് ചികിത്സയുടെ പ്രാധാന്യവും ചികിത്സ തേടുന്നത് പുണ്യകരമാണെന്നും കര്‍മശാസ്ത്ര വിശാരദര്‍ നിര്‍ധാരണം നടത്തിയത്.
കോവിഡ് 19 പോലുള്ള രോഗങ്ങളുടെ പ്രതിരോധവുമായി ബന്ധപ്പെട്ട് ചില മുന്‍കരുതലുകള്‍ കര്‍മശാസത്രം മുന്നോട്ടുവെക്കുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം: സാംക്രമിക രോഗം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് ആരും പുറംനാടുകളിലേക്ക് പോകാതിരിക്കുക. സാമൂഹിക അകലം (ടീരശമഹ റശേെമിരല)പാലിക്കുക.അനാവശ്യമായി വീടുകളില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക (വീാല ൂൗമൃമിശേില).
പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍, മുന്‍കരുതലുകള്‍ സ്വീകരിക്കാനും ആരോഗ്യ വിചക്ഷണരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ശ്രദ്ധിക്കണം. ഈ കാര്യങ്ങളത്രയും പാലിക്കല്‍ നിര്‍ബന്ധമാണ്. ഇവ ഒഴിവാക്കല്‍ കര്‍മശാസത്ര പരമായി നിഷിദ്ധമാണ്/ഹറാം (ഫതാവല്‍ കുബ്‌റ 4 / 4). അത്യാവശ്യ ഘട്ടങ്ങളില്‍ സംസാരിക്കേണ്ടി വരുമ്പോള്‍ ‘കുഷ്ഠരോഗിയുമായി ഒന്നോ രണ്ടോ ‘കോലളവ്’ അകലത്തില്‍ നിന്ന് സംസാരിക്കുക’ (ഇബ്‌നുഹജര്‍ അസ്ഖലാനി/ ഫത്ഹുല്‍ ബാരി 10/159) എന്ന ഈ വിവരണത്തെ ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തോട് ചേര്‍ത്തിവായിക്കുമ്പോള്‍, കോവിഡ് രോഗികളില്‍ നിന്നും ഏതാണ്ട് മൂന്നര മീറ്റര്‍ അകലം പാലിക്കണമെന്നാണ് വരിക. അന്നത്തെ അറബികളുടെ രീതിയാണ് ‘ഒരു കുന്തത്തിന്റെ/രണ്ട് കുന്തത്തിന്റെ’ അളവൊക്കെ. ഒരു കുന്തം ഏഴുമുഴം നീളമുണ്ടാകും. പകര്‍ച്ചവ്യാധിക്കാലത്ത് ശ്രദ്ധിക്കേണ്ട പ്രധാന പ്രതിരോധ മാര്‍ഗങ്ങളാണിവ. ഇതിനു പുറമേ പതിവായി പാലിച്ചുവരുന്ന ആരോഗ്യ ശീലങ്ങളത്രയും ശ്രദ്ധിക്കണം. അവയില്‍ ചിലത്: മുഴുവന്‍ സമയവും വുളൂഅ’ ഉണ്ടായിരിക്കുക. വുളൂഅ് പതിവുശീലമാക്കല്‍ സുന്നത്താണെന്ന് ഇമാം നവവി(റ) ശറഹു റൗളില്‍ ഉദ്ധരിക്കുന്നുണ്ട്. കുളി, ദന്ത ശുചീകരണം, വസ്ത്ര ശുചീകരണം, സുഗന്ധമുപയോഗം, വീടും പരിസരവും ശുചീകരിക്കുക, പാത്രങ്ങളും ആഹാരങ്ങളും അടച്ചു വെക്കുക, ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും കോട്ടുവായിടുമ്പോഴും തൂവാല കൊണ്ടോ കൈ കൊണ്ടോ വാപൊത്തുക, കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മലമൂത്ര വിസര്‍ജനം ചെയ്യാതിരിക്കുക തുടങ്ങിയവയാണവ.
കോവിഡ്19ന്റെ ഭാഗമായി എടുക്കുന്ന മുന്‍കരുതലുകളെ തുടര്‍ന്ന് ആരാധനാ സംബന്ധിയായും അല്ലാതെയുമുള്ള കര്‍മങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. സാമൂഹ്യ അകലം (ടീരശമഹ റശേെമിരല) പാലിക്കേണ്ടതിനാല്‍ ജമാഅത്ത്, ജുമുഅ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കല്‍ നിര്‍ബന്ധമാവുകയില്ല. ഭക്തിക്ക് (ഖുശൂഅ്) ഭംഗം വരുന്ന രൂപത്തില്‍ പ്രയാസം സൃഷ്ടിക്കുന്ന രോഗം ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണങ്ങളാണ് (ഇആനത്തു ത്ത്വലിബീന്‍). പകര്‍ച്ചവ്യാധികള്‍ ഭയാനകമായ രോഗമാണ് (മറളുന്‍മഖൂഫ്). ഇത് പിടിപെട്ട പ്രദേശത്തെ ജനങ്ങളാകെയും മതവിധികളില്‍ രോഗികളെപ്പോലെ തന്നെയാണ് (ഫതാവല്‍ കുബ്‌റ). ജുമുഅ നിര്‍വഹണത്തിലൂടെ സ്വശരീരത്തിലോ സമ്പത്തിലോ നാശം സംഭവിക്കുമെന്ന് പേടിക്കുന്നയാള്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല(ശറഹുല്‍ മുഹദ്ദബ്). ഈ പ്രതികൂല സാഹചര്യത്തില്‍ ജുമുഅ ജമാഅത്തുകള്‍ നിര്‍ബന്ധമില്ല എന്നതാണ് ഉപരി സൂചിത കര്‍മശാസത്ര വിവരണങ്ങള്‍ വ്യക്തമാക്കുന്നത്. പകരം ളുഹ്ര്‍ നിസ്‌കരിക്കുകയാണ് വേണ്ടത്. അതിനു പുറമേ നിസ്‌കാരങ്ങള്‍ക്കു വേണ്ടിയുള്ള ബാങ്കില്‍ ഹയ്യഅലസ്വലാ എന്നതിന് ശേഷമോ അല്ലെങ്കില്‍ ബാങ്കിനു ശേഷമോ ‘അലാ സ്വല്ലൂ ഫീ രിഹാലികും’ / ബുയൂത്തിക്കും (നിങ്ങള്‍ വീടുകളില്‍ വെച്ച് നിസ്‌കരിക്കുവീന്‍) എന്ന് വിളിച്ചു പറയല്‍ സുന്നത്തുണ്ട്.(ഇആനത്തു ത്ത്വാലിബീന്‍ 1/273). ഇത്തരം പകര്‍ച്ചവ്യാധികള്‍ ഉള്ള സമയത്ത് ഹസ്തദാനം ഒഴിവാക്കേണ്ടതാണ്. വിപത്ത് ബാധിച്ചവരുമായി ഹസ്തദാനം ചെയ്യല്‍ കറാഹത്താണ് (ഫത്ഹുല്‍ മുഈന്‍). കൈകള്‍ മുഖം എന്നിവ കഴുകാന്‍ വേണ്ടി ഉപയോഗിക്കുന്ന ഹാന്‍ഡ് വാഷുകളില്‍ ആല്‍ക്കഹോളുണ്ടെങ്കിലും ഉപയോഗിക്കുന്നതിന് വിരോധമില്ല. സ്‌പ്രേ, ഡിറ്റര്‍ജന്റ്, ഹാന്‍ഡ് വാഷ് തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന ആല്‍ക്കഹോളില്‍ ലഹരിയില്ല എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് (ലുബാബുന്നുഖൂല്‍ ഫീ ത്വഹാറത്തില്‍ ഉത്വൂര്‍ അല്‍ മംസൂജത്തി ബിആല്‍ക്കഹോള്‍). സാംക്രമിക രോഗങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിക്കല്‍ ഒഴിവാക്കേണ്ടതാണ്. എന്നാല്‍ ‘അവരെ പരിചരിക്കാനാരുമില്ലാത്ത ഘട്ടത്തില്‍ അവരെ പരിചരിക്കല്‍ സാമൂഹ്യ ബാധ്യതയാണ്’ (അല്‍ ഇഫാദത്തുലിമാ ജാഅ ഫില്‍ മറളി വല്‍ ഇയാദ). സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാവണം സന്ദര്‍ശിക്കേണ്ടതും പരിചരിക്കേണ്ടതും. അതിനു പുറമേ അവര്‍ വുളൂഅ് (അംഗസ്‌നാനം) ചെയ്യല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതരില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ കുളിപ്പിക്കലും തയമ്മുംചെയ്യലും പ്രയാസം സൃഷ്ടിക്കുന്നത് കാരണത്താല്‍ ആ ബാധ്യതയും ഒഴിവാകുന്നതാണ്. ‘മയ്യിത്തിന് ശുദ്ധിയില്ലാത്തതു കാരണത്താല്‍ നിസ്‌കാരം നിര്‍ബന്ധമുണ്ടാവില്ല.നിസ്‌കരിക്കാതെ മറവു ചെയ്യുകയാണു വേണ്ടത്. എന്നാല്‍ ഒരു പക്ഷം പണ്ഡിതര്‍ നിസ്‌കാരം നിര്‍ബന്ധമാണ് എന്ന ഭിപ്രായപ്പെട്ടിട്ടുണ്ട്'(മുഗ്‌നി അല്‍മുഹ്താജ്).
ഒരു പ്രദേശത്തു ബാധിച്ച വിപത്തുകള്‍ നീങ്ങാന്‍ വേണ്ടി നിസ്‌കാരത്തില്‍ ഖുനൂത് നിര്‍വഹിക്കല്‍ സുന്നത്താണ്. രണ്ടു കൈകളുടെയും പുറം ഭാഗം മേല്‍പോട്ടുയര്‍ത്തിയാണ് ഇത് ചെയ്യേണ്ടത് (ബിഗ്‌യ). വിപത്തുകള്‍ ബാധിക്കാത്ത നാടുകളില്‍ താമസിക്കുന്നവര്‍ ബാധിച്ചവര്‍ക്ക് വേണ്ടി ഖുനൂത്ത് നിര്‍വഹിക്കലും സുന്നത്തുണ്ട്’ (ഹാശിയതു ശബറാമുല്ലസി). ഇതിനു പുറമേ ഇമാം ശാഫിഈ(റ) തസ്ബീഹ് മഹാമാരികള്‍ക്ക് ശമനം നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് (ഹില്‍യത്തുല്‍ ഔലിയാ). ഈ സാഹചര്യത്തിലും ഖുനൂത്ത് അഭികാമ്യമാണെന്നാണ് ഉദ്ധൃതവരികള്‍ സൂചിപ്പിക്കുന്നത്. രോഗ പ്രതിരോധമാണ് ചികിത്സയെക്കാള്‍ ഉത്തമം, സ്വയം പ്രയാസമുണ്ടാക്കാനോ മറ്റുള്ളവരെ പ്രയാസപ്പെടുത്താനോ പാടില്ല. വൈ യക്തികനേട്ടങ്ങളെക്കാള്‍ സാമൂഹ്യ നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ കര്‍മശാസത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ മുഖവിലക്കെടുത്താവണം കൊറോണക്കാലത്തെ വിശ്വാസി ജീവിതം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കേവലം പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. അതിലുപരി വിശ്വാസിയെ സംബന്ധിച്ചിടത്തോളം അതും മതം നിഷ്‌കര്‍ഷിക്കുന്ന ആരാധനകള്‍ തന്നെയാണ്. അത്തരത്തിലാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നതും.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *