ഇസ്‌റായീല്‍ വിരുദ്ധ ജൂതന്മാര്‍

Reading Time: 3 minutes

ഇസ്‌റായീല്‍ രാഷ്ട്ര രൂപീകരണം
പാപമാണെന്നും തോറക്കെതിരാണെന്നും
വിശ്വസിക്കുന്ന ജൂത വിഭാഗമായ ഹരേദികളെ കുറിച്ച്.

ശനൂബ് ഹുസൈന്‍ പി.എച്ച്
shanoobhussainph@gmail.com

ലോകത്തിലെ ഏക ജൂത രാഷ്ട്രമാണ് ഇസ്‌റായീല്‍. ചതിയും കുതന്ത്രങ്ങളും സമം ചേര്‍ത്താണ് സയണിസ്റ്റുകള്‍ ഇസ്‌റായീല്‍ രാഷ്ട്രം നിര്‍മിച്ചെടുക്കുന്നത്. ജൂത രാഷ്ട്ര സംസ്ഥാപനത്തിലൂടെ തലമുറകളായി തങ്ങളനുഭവിക്കുന്ന അപരവത്കരണത്തിന് പരിഹാരമായെന്നും ജൂത വിമോചനമാണിതെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇസ്‌റായീല്‍ രാഷ്ട്ര രൂപീകരണവും സയണിസ്റ്റ് ചെയ്തികളും തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ തോറ ക്കെതിരാണെന്നും പാപമാണെന്നും വിശ്വാസിക്കുന്ന ജൂത വിഭാഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ജൂതരിലെ അതിയാഥാസ്ഥികരായി (Ultra orthodox) അറിയപ്പെടുന്ന ഹരേദികളാണവര്‍ (haredi). തോറയോട് ശക്തമായ വിധേയത്വം പുലര്‍ത്തുന്ന ഇവരുടെ ജീവിതരീതിയും ആചാരങ്ങളും കൗതുകമുണര്‍ത്തുന്നതാണ്.

ഹരേദിസത്തിന്റെ തുടക്കം
പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ജ്ഞാനോദയവും തുടര്‍ന്നുണ്ടായ വ്യവസായവത്കരണവും നഗരവത്കരണവുമാണ് ഹരേദിസത്തിന്റെ ഉത്ഭവത്തിന് നിമിത്തമായിത്തീര്‍ന്നത്. വ്യവസായവത്കരണം ജൂതരുടെ സ്വത്വം തകര്‍ത്തു എന്നതായിരുന്നു പ്രധാന ആക്ഷേപം. ജൂതര്‍ ഇതര മത സമൂഹങ്ങളുമായി വെച്ച് പുലര്‍ത്തിയിരുന്ന അകലം വ്യവസായവത്കരണത്തിന്റെ ഉപോത്പന്നമായി കടന്നുവന്ന ഉദാരവത്കരണത്തിന്റെ ഫലമായി ഇല്ലാതെയായെന്നും അകല്‍ച്ചയുടെ ഈ ‘സുരക്ഷിത ഭിത്തി’ തകരുന്നതിലൂടെ പൊതു സമൂഹത്തിന്റെ മൂല്യങ്ങളും സ്വഭാവങ്ങളും ജൂതരിലേക്ക് പകര്‍ന്ന് തുടങ്ങിയെന്നും ഇവര്‍ ആവലാതിപ്പെട്ടു. തോറ വിഭാവനം ചെയ്യുന്ന ജൂത സമൂഹത്തിന്റെ പുനഃ സൃഷ്ടിപ്പിന് ഇതര വിഭാഗങ്ങളില്‍ നിന്നും അകന്ന് ഏകാന്ത ജീവിതം നയിക്കണമെന്ന് ആഹ്വാനം ചെയ്തു. വ്യവസായവത്കരണത്തിലൂടെ മതത്തിലുണ്ടായ ബാഹ്യസ്വാധീനം എന്ത് വില കൊടുത്തും പ്രതിരോധിച്ച് ജൂത മതത്തെ സംരക്ഷിക്കലാണ് തങ്ങളുടെ ദൗത്യമെന്നവര്‍ അവകാശപ്പെട്ടു.
1912ല്‍ പോളണ്ടില്‍ സ്ഥാപിതമായ അഗുഡാസ് ഇസ്രായേല്‍ (അഴൗറമ ്യെശൃെീലഹ) എന്ന ജൂത സംഘടന ഹരേദികളുടെ വളര്‍ച്ചക്ക് ഇന്ധനം പകര്‍ന്നു. ലോകമാസകലമുള്ള ജൂതരില്‍ സംഭവിക്കുന്ന മതേതരവത്കരണം (ടലരൗഹമൃശമെശേീി) തടയലായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. ഇന്ന് ഇസ്‌റായീല്‍ പാര്‍ലമെന്ററി രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഹരേദികളുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് അഗുഡാസ് ഇസ്‌റായീല്‍.

ഹരേദികളുടെ രാഷ്ട്രീയം
വിമോചനവും വിശുദ്ധ ഭൂമികയിലേക്കുള്ള മടക്കവും ജൂത വിശ്വാസത്തിലെ പ്രധാന ഭാഗങ്ങളാണ്. വിശ്വാസികളുടെ ഈ വിഷയത്തിലുള്ള വൈകാരികതയെ മുതലെടുത്ത് കൊാണ് സയണിസ്റ്റുകള്‍ ഫലസ്തീന്‍ ഭൂമികയില്‍ ഇസ്‌റായീല്‍ എന്ന രാഷ്ട്രം സ്ഥാപിക്കുന്നത്. എന്നാല്‍ ഇസ്‌റായീല്‍ രാഷ്ട്രത്തെ തോറയില്‍ പറയുന്ന ‘വാഗ്ദത്ത ഭൂമിയിലേക്കുള്ള മടക്ക’ത്തിന്റെ സഫലീകരണമായി കാണുന്നതിനെ ഹരേദികള്‍ അതിശക്തമായി എതിര്‍ക്കുന്നു. ഇസ്‌റായീല്‍ രൂപീകരണത്തിന്റെ തുടക്കം മുതല്‍ തന്നെ തങ്ങളുടെ എതിര്‍പ്പ് ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ഫലസ്തീന്‍ വിഭജിച്ച് ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ വോട്ടിനിട്ടപ്പോള്‍ ഇസ്‌റായീലിനെതിരായി വോട്ട് ചെയ്യാന്‍ അഗ്യുഡോസ് ഇസ്‌റായീല്‍ അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചു.
ഇസ്‌റായീല്‍ രാഷ്ട്ര സംസ്ഥാപനവും സയണിസവും തിന്മയില്‍ വളര്‍ന്ന് പന്തലിച്ച് തീര്‍ത്തും മതവിരുദ്ധമായ ആശയങ്ങളാണെന്ന തങ്ങളുടെ വാദത്തിന് തോറയില്‍ നിന്ന് തന്നെ ഇവര്‍ തെളിവുദ്ധരിക്കുന്നു. ബലപ്രയോഗത്തിലൂടെയും മനുഷ്യാധ്വാനത്തിലൂടെയും കൂട്ടംകൂട്ടമായുമുള്ള വിശുദ്ധഭൂമിയിലേക്കുള്ള മടക്കം തോറ നിരാകരിക്കുന്നുവെന്നും തീര്‍ത്തും ദൈവികമായ, അഭൗതികമായ രീതിയിലൂടെയാണ് ഈ ആശയം പ്രയോഗവത്കരിക്കപ്പെടുക എന്നും ഹരേദി റബ്ബിമാര്‍ വിശദീകരിക്കുന്നു. ഇത്തരമൊരു മടക്കത്തിനായുള്ള സഹസ്രാബ്ദങ്ങളായുള്ള കാത്തിരിപ്പ് ദൈവത്തിലും പ്രവാചകരിലുമുള്ള തങ്ങളുടെ അദമ്യമായ വിശ്വാസത്തിന്റെ നിദര്‍ശനമാണെന്നും അതിനെതിരായി മാനുഷിക കൈകടത്തലുകളോടെയുള്ള ജൂതരാഷ്ട്ര നിര്‍മാണം ദൈവവിധിയിലുള്ള അതൃപ്തിയുടെ പ്രകടനമാണെന്നും ആക്ഷേപിക്കുന്ന ഹരേദികള്‍ ചരിത്രത്തിലുടനീളം കാണപ്പെടുന്ന ജൂത അപരവത്കരണത്തെയും രാജ്യഭ്രഷ്ടിനെയും വിമോചന വിശ്വാസത്തെയും ചൂഷണം ചെയ്യുക വഴി രൂപീകൃതമായ ഇസ്‌റായീല്‍ രാഷ്ട്രം ദൈവവിശ്വാസത്തിനെതിരാണെന്ന് പ്രഖ്യാപിക്കുന്നു. വിധിയോടുള്ള വഞ്ചനയായാണ് സയണിസ്റ്റ് രാഷ്ട്രീയ നീക്കത്തെ അവര്‍ വിശേഷിപ്പിക്കാറുള്ളത്. ഇസ്‌റായീല്‍ രാഷ്ട്രത്തെ കുറിച്ചുള്ള മുന്‍ ഹരേദി സാറ്റ്മാന്‍ റബ്ബി യോല്‍ ടെറ്റെല്‍ബാമിന്റെ (ഥീലഹ ഠലലേഹയമൗാ) വാക്കുകളിതാണ്. ‘നെസെറ്റി (ഗിലലൈ േഇസ്‌റായീല്‍ പാര്‍ലമെന്റ്)ലെ അംഗങ്ങള്‍ എത്ര വിശുദ്ധരായാലും യഥാര്‍ഥ സമയം സമാഗതമാവുന്നതിനുമുമ്പ് വിമോചനം നേടുകയും ഭരണം നടത്തുകയും ചെയ്യുന്നത് കുറ്റകരവും വലിയ അധര്‍മവുമാണ്.’
ഇസ്‌റായീല്‍ രാഷ്ട്രത്തെ തോറ വിരുദ്ധമായി കാണുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിലും ഹരേദി രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടാറുണ്ട്. രാഷ്ട്രത്തെ തോറയുമായി ബന്ധിപ്പിക്കലാണ് ഇതിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത്. സയണിസ്റ്റ് ഇസ്‌റായീലും തോറ കേന്ദ്രീകൃത ഇസ്‌റായീലും പരസ്പര വിരുദ്ധമായ ആശയങ്ങളാണെങ്കിലും വിശ്വാസികള്‍ സായുധ പ്രക്ഷോഭത്തിലൂടെ ഇസ്‌റായീലില്‍ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടതില്ലെന്നാണ് റബ്ബിമാരുടെ പക്ഷം.
ഹരേദി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ക്യാബിനറ്റ് അംഗത്വം നേടിയാലും മന്ത്രിസ്ഥാനം സ്വീകരിക്കില്ല. 18 വയസ് തികയുന്ന ഏതൊരു വ്യക്തിയും നിര്‍ബന്ധിത സൈനിക സേവനം നിര്‍വഹിക്കണം എന്നതാണ് ഇസ്‌റായീലിലെ നിയമം, എന്നാല്‍ ഹരേദികള്‍ സൈനികസേവനം നിര്‍വഹിക്കാന്‍ തയാറാവാറില്ല.

കുടുംബം, ജീവിതരീതി
ഹരേദിം (ഒമൃലറശാ) എന്ന പേരിലറിയപ്പെടുന്ന ചെറിയ സമൂഹങ്ങളായാണ് ഹരേദികള്‍ താമസിക്കാറുള്ളത്. ഓരോ സമൂഹത്തിനും പ്രത്യേകം സിനഗോഗുകളും യെഷിവോട്ടുകളും (ഥലവെശ്ീേേ ജൂത മത പഠന കേന്ദ്രം) മറ്റ് അനുബന്ധ സ്ഥാപനങ്ങളുമുണ്ടായിരിക്കും. മതേതര വത്കരണത്തിന്റെ സാധ്യതകളെ പൂര്‍ണമായും ഒഴിവാക്കുന്നത് കൊണ്ട് അക്കാദമിക് വിദ്യാഭ്യാസ മേഖലകളില്‍ പൊതുവേ ഇവര്‍ കടന്നുവരാറില്ല. സയണിസ്റ്റ് സ്‌കൂളുകളില്‍ മക്കളെ പറഞ്ഞയക്കാറില്ല. സ്വന്തമായി പ്രത്യേക സിലബസുള്ള വിദ്യാഭ്യാസ രീതിയാണ് നിലവിലുള്ളത്. ഭൗതിക വിദ്യാഭ്യാസത്തില്‍ ബിരുദം നേടുന്നവര്‍ ഹരേദികളില്‍ വളരെ കുറവാണ്. ഹരേദി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ തോതില്‍ ഫണ്ട് നല്‍കാറുണ്ട്.
സന്താനോത്പാദനം കൂടുതലായതുകൊണ്ട് തന്നെ കുടുംബങ്ങളിലെ അംഗസംഖ്യ വളരെ കൂടുതലാണ്. അതിവേഗം വളരുന്നതാണ് ഇവരുടെ ജനസംഖ്യ നിരക്ക്. ആധുനിക ഇസ്രായേലില്‍ ഇവര്‍ ന്യൂനപക്ഷമാണെങ്കിലും അടുത്ത പതിറ്റാണ്ടില്‍ തന്നെ അംഗസംഖ്യ ഇരട്ടിയായി മറ്റ് ജൂത വിഭാഗങ്ങളെ ഹരേദികള്‍ മറികടക്കുമെന്നാണ് ജറുസലേം പോസ്റ്റ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. മിക്ക പുരുഷന്മാരും മുഴുസമയ തോറ പഠനത്തിലേര്‍പ്പെടുന്നതുകൊണ്ട് സ്ത്രീകള്‍ കുടുംബ ഭാരം ചുമക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീകള്‍ തൊഴിലെടുത്താണ് ഭക്ഷണത്തിന് വക കണ്ടെത്തുന്നത്. വലിയ കുടുംബത്തിന്റെ വിശപ്പടക്കാനായി ഒരംഗം മാത്രമേ തൊഴിലെടുക്കാറുള്ളൂ. ഹരേദികള്‍ പരമ ദരിദ്രരായി കാണപ്പെടുന്നതിനുള്ള കാരണവും ഇത് തന്നെ. സര്‍ക്കാരില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളാണ് ഇവര്‍ക്ക് അഭയമാവാറുള്ളത്. ഹരേദികളുടെ കീഴിലുള്ള സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ വലിയ തോതില്‍ സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്.
ഈയടുത്തകാലത്തായി വജ്ര വ്യാപാരം പോലോത്ത ഇടപാടുകള്‍ ചെയ്ത് ഹരേദികളില്‍ ചിലര്‍ സമ്പന്നരായിത്തീര്‍ന്നിട്ടുണ്ട്. സാമ്പത്തികമായി അഭിവൃദ്ധി നേടിയിട്ടുണ്ടെങ്കിലും മറ്റ് ഹരേദികള്‍ ചെയ്യുന്നത് പോലെ തങ്ങളുടെ മക്കളെയും യെശിദോവിലയക്കാന്‍ ഇവര്‍ മടി കാണിക്കാറില്ല. സമ്പത്തിന്റെ വലിയൊരു ഭാഗം സാമുദായിക സേവനത്തിനായും റബ്ബിമാര്‍ ആവിഷ്‌ക്കരിക്കുന്ന പദ്ധതികള്‍ക്കായും ഇവര്‍ നീക്കിവെക്കുന്നു.

സെക്കുലര്‍ ജൂതരുടെ
ഹരേദികളോടുള്ള സമീപനം
ഹരേദികള്‍ തങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്നാണ് ഇസ്രായേലികള്‍ കരുതുന്നത്. തൊഴിലെടുക്കാതെ തോറയിലായി കഴിഞ്ഞ് കൂടുന്ന പുരുഷന്മാര്‍ തുച്ഛമായ വേതനത്തിന് സ്ത്രീകളെ തൊഴിലെടുക്കാനയക്കുന്നത് കൊണ്ട് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ബന്ധിതരാവുന്നു. രാജ്യത്തിന്റെ ജിഡിപി യിലേക്ക് കാര്യമായ സംഭാവനകളൊന്നും ചെയ്യാത്ത ഹരേദികളുടെ ഉന്നമനത്തിനായി ബജറ്റിലെ വലിയൊരു വിഹിതം മാറ്റിവെക്കുന്നത് ഇസ്‌റായീലികളെ പ്രകോപിപ്പിക്കുന്നു.
പതിനെട്ട് വയസ് പൂര്‍ത്തിയാകുന്നതോടെ യെശിദോവുകളില്‍ മതരംഗത്തെ ഉന്നത പഠനത്തിലേര്‍പ്പെടുന്ന ഹരേദികള്‍ക്ക് രാജ്യത്തെ നിര്‍ബന്ധിത സൈനിക സേവന നിയമത്തില്‍ നിന്നും ഇളവ് അനുവദിച്ചിരുന്നു. 2014ല്‍ ഈ ഇളവ് റദ്ദാക്കി ഹരേദികള്‍ക്കും സൈനിക സേവനം നിര്‍ബന്ധമാക്കുന്ന ഡ്രാഫ്റ്റ് ഇസ്രായേല്‍ പാര്‍ലമെന്റ് നെസറ്റ് പാസാക്കുകയുണ്ടായി. ഡ്രാഫ്റ്റിനെതിരെ ഹരേദികളുടെ പ്രതിഷേധമിരമ്പി. പലയിടത്തും സംഘര്‍ഷമുണ്ടായി. ചരിത്രത്തിലാദ്യമായി പതിനായിരങ്ങള്‍ അണിനിരന്ന പ്രക്ഷോഭത്തിന് ഇസ്‌റായീല്‍ സാക്ഷിയായി. യെശിദോവ വിദ്യാര്‍ഥികള്‍ സമരം നയിച്ചു.
വിനോദ സഞ്ചാരികളുടെ ഇഷ്ട മേഖലയാണ് ഹരേദികള്‍. തങ്ങളുടെ ആശയധാരയില്‍ ഉറച്ച് നിന്ന് ബാഹ്യലോകത്തെ അകറ്റി നിര്‍ത്തുന്ന ഈ ജൂത വിഭാഗത്തിന്റെ ജീവിത രീതികളിലെ നിഗൂഢതകള്‍ കൗതുകകരമായി തുടരുന്നു.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *