ദാഹിക്കുന്ന ജീവിതങ്ങള്‍

Reading Time: 3 minutes

മനുഷ്യര്‍ക്കെന്ന പോലെ
മൃഗങ്ങള്‍ക്കും ദാഹിക്കുന്നു.
വിവേകമുള്ളവര്‍ക്കിവിടെ പണികളു@ണ്ട്.

ഫള്‌ലുറഹ്മാന്‍ സുറൈജി തിരുവോട്

രാവിലെ തന്നെ പതിവില്ലാതെ അയലത്തെ കുട്ടികള്‍ ധൃതിപ്പെട്ട് എന്തോ പണിയൊപ്പിക്കുന്നുണ്ട്. പാത്രങ്ങളും ചിരട്ടകളും മരച്ചില്ലകളില്‍ തൂക്കി അതിലെല്ലാം വെള്ളം നിറച്ചുവെച്ചിരിക്കുന്നു. എവിടെ നിന്നോ പറന്നെത്തിയ പൂത്താംകീരി പക്ഷികള്‍ കൊക്കിളക്കി കൊതിയോടെ വെള്ളം കുടിച്ച് പറന്നുപോയി. അപ്പോള്‍ കുട്ടികളുടെ ഉള്ളിലൊരു കടല്‍ തിരയടിച്ചു.
മുരുക്ക് പൂവുകള്‍ കത്തിയെരിയുന്ന മീനച്ചൂടില്‍ കുഞ്ഞുപക്ഷികളുടെ ചിറക് കരിഞ്ഞ് പോവില്ലേ? അവരുടെ ദാഹമാരു തീര്‍ക്കും? തെരുവില്‍ വയറു നിറക്കുന്ന പാവം നായകള്‍ മഹാമാരിയുടെ അനിശ്ചിതത്വത്തില്‍ ചലനമറ്റ തെരുവില്‍ എവിടെ തീറ്റ തേടാനാണ്?

നമ്മുടെ ബാധ്യത
‘നാല്‍ക്കാലികളും പറവകളും നിങ്ങളെപ്പോലെ സമൂഹമാണ്’ (ഖുര്‍ആന്‍ 6/38) എന്ന ഓര്‍മപ്പെടുത്തല്‍ സാമൂഹ്യ ജീവിതത്തില്‍ നമ്മള്‍ പരസ്പരം പങ്കിടുന്നതിന്റെ ഒരു വിഹിതത്തില്‍ ആ ജീവികളെയും പരിഗണിക്കണമെന്ന ഉറക്കെ ഒരു ധ്വനിയില്ലേ?
ഉണ്ട്, ജൈവ സന്തുലിതാവസ്ഥയെ നിലനിര്‍ത്തേണ്ട കടമ നമ്മളോരോരുത്തര്‍ക്കുമാണ്. നമുക്ക് ചുറ്റുമുള്ളത് അലക്ഷ്യമായ സൃഷ്ടിപ്പല്ല, മറിച്ച് എല്ലാം മനുഷ്യന്റെ ജീവിതത്തിന് ഉപകരിക്കുന്നവയാണെന്ന് ഖുര്‍ആനിലെ 55/10, 2/29 തുടങ്ങിയ സൂക്തങ്ങള്‍ അതവതരിപ്പിക്കുന്നു. ചുറ്റുപാടുകളിലേക്കും ജൈവ വൈവിധ്യങ്ങളിലേക്കും ഇടക്കിടേ ക്ഷണിക്കുന്ന ഖുര്‍ആന്‍, മനുഷ്യനെന്ന നിലക്ക് നാമോരുരുത്തരെയും ഏല്‍പിച്ച പണിയെ ഓര്‍മപ്പിക്കുകയാണ്. മറ്റൊരു സൂക്തം ശ്രദ്ധിക്കൂ, ‘അന്തരീക്ഷത്തില്‍ പറക്കുന്ന പക്ഷികള്‍ക്കു നേരെ കണ്ണയക്കുന്നില്ലേ അവര്‍? അല്ലാഹു അല്ലാതെ ആരുമവരെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വാസിവൃന്ദത്തിന് അതില്‍ ദൃഷ്ടാന്തങ്ങളേറെയുണ്ട്.’ ഇതു മുഴുക്കെ മനുഷ്യന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങളെയും ജീവിതക്രമങ്ങളെയും പോലെ തന്നെ ഇതര ജീവിവര്‍ഗങ്ങളെയും പരിഗണിക്കണമെന്ന ദൈവികാഹ്വാനമാണ്. അതേ പോലെ ജന്തുലോകത്തോടുള്ള മതവീക്ഷണത്തിന്റെ ഗൗരവവും മഹത്വവും ബോധ്യപ്പെടുത്തുന്നു. കൂടാതെ മനുഷ്യര്‍ പരസ്പരം പാലിച്ചുപോരുന്ന സാമൂഹിക സുരക്ഷയെയും സാമൂഹ്യ വികാരങ്ങളെയും ഒരു അളവോളം ഇതര ജീവിവര്‍ഗങ്ങളിലേക്കും പകരണമെന്ന സന്ദേശവുമാണ് പങ്കിടുന്നത്. മിണ്ടാപ്രാണികളുടെ കാര്യത്തില്‍ വിചാരണ നേരിടേണ്ടി വരുമെന്ന ശക്തമായ താക്കീത് പ്രവാചക വചനങ്ങളില്‍ വ്യക്തമാണ്. നമ്മുടെ ഉത്തരവാദിത്വത്തിലും ശ്രദ്ധയിലുമുള്ള ജീവികളുടെ ഭക്ഷണം നമ്മുടെ ബാധ്യതയായി നിശ്ചയിച്ചിട്ടുണ്ട്. വിശന്ന് വയറൊട്ടിയ ഒരു ഒട്ടകത്തെ നബിയുടെ(സ്വ) ശ്രദ്ധയില്‍ പെട്ടപ്പോള്‍ ‘സംസാര ശേഷിയില്ലാത്ത ഈ മൃഗങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക’ എന്ന് താക്കീത് നല്‍കി (അബൂദാവൂദ്). ജീവജാലങ്ങള്‍ക്ക് ആശയ വിനിമയം സാധ്യമല്ലാത്തതിനാല്‍ അവയുടെ ദാഹവും വിശപ്പും പരിഹരിക്കാനുള്ള ജാഗ്രത നമ്മുടെ ബാധ്യതയായാണ് ഇസ്‌ലാമിക നിര്‍ദേശം (ഔനുല്‍ മഅ്ബൂദ് 7/158)
അബ്ദുല്ലാഹിബ്‌നു ജഅഫര്‍ പറയുന്ന ഒരു സംഭവം ഇങ്ങനെ: നബി(സ്വ) ഒരു അന്‍സാരിയുടെ തോട്ടത്തില്‍ പ്രവേശിക്കാന്‍ ഇടയായി. നബിയെ കണ്ടപാടെ അവിടെയുണ്ടായിരുന്ന ഒട്ടകം കണ്ണീരൊലിപ്പിച്ച് ഞെരങ്ങാന്‍ തുടങ്ങി. നബി തങ്ങള്‍ അതിന്റെ കണ്ണീര്‍ തുടച്ച് സമാശ്വസിപ്പിച്ചു. എന്നിട്ട് ചോദിച്ചു: ആരാണ് ഈ ഒട്ടകത്തിന്റെ ഉടമസ്ഥന്‍? അന്‍സാരികളില്‍ പെട്ട ഒരു യുവാവ് അവിടെയെത്തി. നബിയേ, ആ ഒട്ടകം എന്റെതാണ്. ഉത്തരം കേട്ട നബി(സ്വ) അദ്ദേഹത്തിന് താക്കീത് നല്‍കി: താങ്കളുടെ അധീനതയിലുള്ള ഈ മൃഗത്തിന്റ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? താങ്കള്‍ അതിനെ പട്ടിണിക്കിട്ടതായി അതെന്നോട് പരാതിപ്പെട്ടിരിക്കുന്നു. മക്കാവിജയ സമയത്ത് വഴിയരികില്‍ ഒരു പട്ടി അത്ര സുരക്ഷിതമല്ലാത്ത വിധം പ്രസവിച്ച് കിടക്കുന്നത് കണ്ട് അനുചരന്മാരിലൊരാളെ കാവലേല്‍പ്പിച്ച ചരിത്രം എത്ര പ്രോജ്വലമാണ്. അവരെല്ലാവരും ജീവികളുടെ ക്ഷേമകാര്യങ്ങളില്‍ അതീവ തത്പരരും വിചാരണ ഭയന്ന് ബാധ്യത നിര്‍വഹിക്കുന്നതില്‍ അതിജാഗ്രത പുലര്‍ത്തുന്നവരുമായിരുന്നു. ജീവവായു പോലെ ഉഛാസ- നിശ്വാസങ്ങളില്‍ നബി പഠിപ്പിച്ച ചരിത്രമവര്‍ക്ക് തികട്ടിവരും. ദാഹിച്ചു വലഞ്ഞ യുവാവ് അലഞ്ഞു തിരിഞ്ഞ് ഒരു ഇടിഞ്ഞു പൊളിഞ്ഞ കിണറ്റിന്‍കരയിലെത്തുന്നു. വെള്ളം കോരാന്‍ സംവിധാനങ്ങളില്ലാതെ വന്നപ്പോള്‍ പടവിറങ്ങി താഴെയെത്തി ദാഹം തീര്‍ക്കേണ്ടി വന്നു. ഏന്തി വലിഞ്ഞ് കയറി പോകാനൊരുങ്ങുമ്പോള്‍ കിതച്ച് വിറച്ച് മണലു നക്കുന്ന ഒരു നായ. ഈ വരള്‍ച്ചയില്‍ അതിനും ദാഹിക്കുന്നു. ഞാനുമിങ്ങനെ അലഞ്ഞു തിരിഞ്ഞതല്ലേ. രണ്ടാമതൊന്ന് ചിന്തിക്കാതെ യുവാവ് കിണറ്റിന്റെ പടവിറങ്ങി. തന്റെ ഷൂവില്‍ വെള്ളം ശേഖരിച്ച് മുകളിലെത്തി. വെള്ളം ആര്‍ത്തിയോടെ അകത്താക്കുന്ന ആ മിണ്ടാപ്രാണിയെ നോക്കി നെടുവീര്‍പ്പിട്ടു.
ചരിത്രം പറഞ്ഞു നിര്‍ത്തിയപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു,’ഇവരുടെ കാര്യത്തിലും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ?’ ‘പച്ചക്കരളുള്ള എല്ലാറ്റിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്’
ഇതാണ് ലോകത്തെ നബി പഠിപ്പിച്ച ഏറ്റവും വലിയ പാഠം.
തന്റെ ഭരണ പരിധിയിലെവിടെയും അന്നം കിട്ടാത്ത ഒരു ജീവിയുമുണ്ടാകരുതെന്ന ഉമറിന്റെ (റ) കരുതല്‍, ഉറുമ്പുകള്‍ക്ക് അയല്‍പക്ക പരിഗണനയോടെ ഭക്ഷണമൊരുക്കിയ അദിയ്യുബ്‌നു ഹാതിമിന്റെ ശീലം, വസ്ത്രത്തിന്റെ കൈ ഭാഗത്ത് കിടന്നുറങ്ങിയ പൂച്ചയുടെ ഉറക്കമിളക്കേണ്ടെന്നു കരുതി ആ ഭാഗം മുറിച്ച് ബാക്കി ധരിച്ച് പോയ ശൈഖ് രിഫാഇ(റ)യുടെ ചിട്ട.. ചരിത്രം തുളച്ചെത്തുന്ന എത്ര സംഭവങ്ങള്‍.

കല്ലെറിയരുതെ, ആട്ടരുതെ
തലപൊക്കുന്ന ചെടിയുടെ കഴുത്തില്‍ ചൊട്ടി തെറിപ്പിക്കുന്ന വിരുത്, വളര്‍ച്ചയെത്താത്ത തളിരിനെ ഞെരടി മാറ്റുന്ന രസം, എറിഞ്ഞ കല്ല് പട്ടിയുടെ മൂട്ടിനു കൊണ്ടാല്‍ കിട്ടുന്ന നിര്‍വൃതി, എച്ചില്‍ നോക്കി വന്ന കാക്ക കൂട്ടത്തെ ആട്ടിപറത്തിക്കുമ്പോഴുള്ള സമാധാനം, അടയിരിക്കുന്ന പ്രാവിനെ നാടുകടത്താനുള്ള തിടുക്കം, ചേരകളെ മണ്ണെണ്ണയൊഴിച്ച് പൊള്ളിക്കുമ്പോള്‍ കിട്ടുന്ന ആത്മസുഖം, ഉരുമ്പു കൂട്ടത്തെ വിഷച്ചോക്കിന്റെ വരകളിലിട്ട് ശ്വാസം മുട്ടിച്ച് പ്രാണനെടുക്കുന്നതിലെ സുഖം, നാല്‍കാലികളെ പിന്നാലെ കൂടി എറിഞ്ഞ് തീര്‍ക്കുന്ന കൈ മെരുക്കം. എത്രയനിഷ്ഠുരമാണ് ഈ ക്രിയകളൊക്കെയും! കാളപ്പോരും കോഴിപ്പോരും വിനോദങ്ങളുടെ കൂട്ടത്തിലെണ്ണി ചിലര്‍ ക്രൂരമായാഘോഷിക്കുന്നു. മുറിവേറ്റ മനസുകളെ കാണാത്ത വിധം അന്ധത ബാധിച്ചതാണ് ഇതിനൊക്കെ കാരണം.
ജാഹിലിയ്യ കാലത്ത് ആചാരത്തിന്റെയും മോക്ഷത്തിന്റെയും പേരില്‍ കഠിനമായ പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും നേര്‍ച്ച മൃഗങ്ങള്‍ ഇരയാക്കപ്പെടാറുണ്ടായിരുന്നു. ഖുര്‍ആന്‍ അതിനെ ശക്തമായി അപലപിച്ചു (സൂറ: അന്നിസാഅ 118-119) മൃഗങ്ങളില്‍ നിന്ന് അല്ലാഹു മനുഷ്യര്‍ക്ക് അനുവദിച്ചിട്ടുള്ള വാഹന സൗകര്യം, ഭക്ഷണം, കൃഷിയാവശ്യങ്ങള്‍, സൗന്ദര്യ കാര്യങ്ങള്‍ എന്നിവയൊഴികെ ഉപയോഗപ്പെടുത്തുന്നത് തെറ്റായും പ്രകൃതി തകര്‍ച്ചയായും ഇമാം ഖുര്‍തുബി വിശദീകരിച്ചിട്ടുണ്ട്. ജീവജാലങ്ങളുടെ സംരക്ഷണവും പ്രകൃതി സുരക്ഷയും കണക്കിലെടുത്ത് ചില നിര്‍ദേശങ്ങള്‍ ഹദീസിലുണ്ട്.
* മരത്തിനു കല്ലെറിയരുത്, അതിന് വേദനിക്കും.
*തേനീച്ച, ഉറുമ്പ്, കുരുവി എന്നിവയെ കൊല്ലരുത്.
*ജീവനുള്ളവയുടെ അവയവങ്ങള്‍ ഛേദിക്കരുത്. അറവ് നിര്‍വഹിക്കുന്ന സമയത്ത് പോലും തൊട്ടുമുമ്പായി ഇത്തരം ചെയ്തികള്‍ പാടില്ല.
*ജീവികളെ ചാപ്പ കുത്തി ഉപദ്രവിക്കരുത്.
*അസ്ത്ര പ്രയോഗം, വെടിവെയ്പ്പ് എന്നിവയുടെ പരിശീലനത്തിനോ അല്ലാതെയോ ഒരു ജീവിയെയും പരീക്ഷണ വസ്തുവാക്കരുത്.
* അല്ലാഹു ആദരിച്ച ഒരു ജീവിയെയും അന്യായമായി വധിക്കരുത്. ‘അകാരണമായി വിനോദത്തിനോ അലക്ഷ്യമായോ കൊല്ലപ്പെട്ട ഒരു കുരുവി പരലോകത്ത് തന്റെ രക്ഷിതാവിനോട് പരാതി ബോധിപ്പിക്കും.’ (ബുഖാരി)
* ജീവികളെ അംഗഭംഗം വരുത്താവതല്ല. അത്തരം പ്രവൃത്തികള്‍ പരലോകത്ത് നമ്മെ അംഗഭംഗം വരുത്താന്‍ കാരണമാകും.
* ഭാരം വഹിക്കുന്ന ജീവികള്‍ക്ക് വഹിക്കാവുന്നതേ ഏറ്റാവൂ.
* ജീവികളെ അതിന്റെ തള്ളയില്‍ നിന്ന് അകറ്റരുത്.
*വംശനാശമുണ്ടാകും വിധം ഷണ്ഡീകരിക്കുന്നതും ഇസ്‌ലാം എതിര്‍ത്തിട്ടുണ്ട്.
ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ കാലത്ത് മൃഗങ്ങള്‍ക്ക് വഹിക്കാവുന്ന ഭാരത്തിന്റെ പരിധി നിശ്ചയിച്ചു. ഉപദ്രവകരമായതും ഭാരമേറിയതുമായ ലാഡം / ജീനി ഉപയോഗിക്കുന്നതിനെ തടഞ്ഞു. മൃഗസംരക്ഷണ മേഖലകള്‍ സംവിധാനിച്ചു. അങ്ങനെ നീളുന്നു നമ്മെതിരുത്തുന്ന ചരിത്രം.
ചുരുക്കത്തില്‍, ജൈവവൈവിധ്യത്തെയും അതിന്റെ സന്തുലിതാവസ്ഥയെയും കാരുണ്യ മനോഭാവത്തെയും പ്രതികൂലമായ് ബാധിക്കുന്നതെന്തും അനഭിലഷണീയമാണ്. അത്തരം ജീര്‍ണ സ്വഭാവങ്ങള്‍ നമ്മില്‍ തങ്ങിനില്‍ക്കേണ്ടതില്ല, അത്തരം പരുക്കന്‍ ശീലങ്ങളെ പടിയിറക്കുക.

Share this article

About admin

@ Pravasi Risala Publishing Desk

View all posts by admin →

Leave a Reply

Your email address will not be published. Required fields are marked *