ഒരു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍

Reading Time: 6 minutes

കോവിഡ് കാലത്ത് കേരളജനത പ്രതീക്ഷയോടെ
കേട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളെ
നിരീക്ഷിക്കുന്നു.

യാസര്‍ അറഫാത് നൂറാനി
yaazar.in@gmail.com

കേരളം കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന രീതിയും സന്നദ്ധപ്രവര്‍ത്തനങ്ങളും ഇതിനകം ആഗോളശ്രദ്ധ നേടിക്കഴിഞ്ഞു. ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത വന്നതുമുതല്‍ കേരള സര്‍ക്കാരും ആരോഗ്യവകുപ്പും അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ കാര്‍മികത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പോലീസും മുതല്‍ സാധാരണജനങ്ങള്‍ വരെ ഒറ്റക്കെട്ടായി നടത്തിയ ശ്രമകരമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വാഷിംങ്ടണ്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ കവര്‍ ചെയ്യുകയുമുണ്ടായി. ഒരു മഹാമാരി പടര്‍ന്നുപിടിക്കുന്ന നിര്‍ണായക ഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പൊതുജനങ്ങളെ ചേര്‍ത്തുപിടിച്ച് പ്രശ്‌നപരിഹാരങ്ങള്‍ക്കായി ശ്രമം നടത്തുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി കേരള മോഡല്‍ പ്രതിരോധം.
വൈറസിനെ നേരിടുന്ന വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ഒരുപക്ഷേ, സമീപകാലത്തൊന്നും ലോകമലയാളികള്‍ ഇത്രമേല്‍ ശക്തനായ ഒരു ഭരണാധികാരിയെ കണ്ടിട്ടുണ്ടാവില്ല. നേതൃപാടവവും ഉത്തരവാദിത്വവും അദ്ദേഹത്തിന്റെ ഓരോ ചലനത്തിലും നിഴലിച്ചുനിന്നു. തിരുവനന്തപുരത്തിരുന്ന് സംസ്ഥാനത്തിന്റെ ഓരോ കോണിലും ഈ മുഖ്യമന്ത്രിയുടെ കരുതലെത്തി. വിദേശ രാഷ്ട്രങ്ങളിലെ മലയാളികളെയും മുഖ്യമന്ത്രി മറന്നില്ല. കോവിഡ് 19 എന്ന മഹാമാരിയെ നേരിട്ട രീതിയും ഈ പ്രതിസന്ധിയില്‍ തകര്‍ന്ന സാധാരണ ജീവിതത്തെ കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി മുന്നോട്ടുവെച്ച ചുവടുവെപ്പുകളും ശ്രദ്ധേയം. വിവിധ മേഖലകളിലെ, വിവിധ വിഷയങ്ങളിലെ കൃത്യമായ നിലപാടുകളും നടപടികളും ലോകരാഷ്ട്രങ്ങളിലെതന്നെ മലയാളികള്‍ കൈയടിച്ചാണ് സ്വീകരിച്ചത്.
കോവിഡ്19നുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. സമഗ്രത കൊണ്ടും ജനകീയത കൊണ്ടും പ്രസ്തുത വാര്‍ത്താ സമ്മേളനങ്ങള്‍ കേരളത്തിന്റെ മാധ്യമചരിത്രത്തിലിടം നേടി എന്നുപറയാം. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി ചെയ്യേണ്ട അടിസ്ഥാനപരമായ കര്‍ത്തവ്യം എന്നതില്‍ നിന്ന് ഒരു ജനതയുടെ നായകന്റെ അസാമാന്യ പാടവം എന്ന നിലയിലേക്ക് വളര്‍ന്ന ആ വാര്‍ത്താ സമ്മേളനങ്ങള്‍ മലയാളികളുടെ അഭിമാനമായും ആശ്രയമായും മാറിയത് വളരെ വേഗത്തിലായിരുന്നു. കോവിഡ് കാലത്ത് കുടംബിനികളും കുട്ടികളും വരെ ഇമവെട്ടാതെ വീക്ഷിച്ച ടിവി പരിപാടിയും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം തന്നെ. അത് കണ്ടുകഴിഞ്ഞാല്‍ പിന്നെ ടിവി ചാനലുകളും പത്രങ്ങളും വായിക്കേണ്ടതില്ല എന്ന പൊതുജനാഭിപ്രായമുണ്ടാക്കാന്‍ മാത്രം സമഗ്രമായിരുന്നു ഓരോ ദിവസവും വൈകിട്ട് നടന്ന വാര്‍ത്താ സമ്മേളനം.

ലളിതമായ വാക്കുകള്‍
ഓരോ വാര്‍ത്താ സമ്മേളനത്തിലും പിണറായി ഉപയോഗിച്ചത് ലളിതമായ വാക്കുകള്‍. എത്രമേല്‍ ലളിതമായാണ് പലപ്പോഴും സങ്കീര്‍ണമായ പല വിഷയങ്ങളും അതരിപ്പിച്ചത്! അതുകൊണ്ടുതന്നെ, ഏതൊരു സാധാരണക്കാരനും എന്താണ് ഈ മഹാമാരിക്കാലത്ത് നടക്കുന്നതെന്ന വ്യക്തമായ ചിത്രം ലഭിച്ചു. പല വികസിത രാജ്യങ്ങളിലും കോവിഡ് ഭീതി പടര്‍ന്നു പന്തലിച്ചത് കൃത്യമയാ വിവരങ്ങള്‍ കൃത്യസമയത്ത് ലഭിക്കാതെ പോയതുകൊണ്ടായിരുന്നു. ഇന്ത്യയില്‍ തന്നെ വലിയൊരു ശതമാനം ഗ്രാമീണരും കോവിഡിനെക്കുറിച്ചും അത് നേരിടേണ്ട ശാസ്ത്രീയ പരിഹാരങ്ങളെക്കുറിച്ചും അജ്ഞരാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല സര്‍ക്കാരുകള്‍ക്കും ആളുകളുടെ ജീവന്‍ പോകുന്നതും കോവിഡ്19 പടരുന്നതും വലിയ പ്രശ്‌നമുള്ള കാര്യമാവാതെ വരികയും തല്‍ഫലമായി താഴേക്കിടയിലുള്ള സാധാരണക്കാരിലേക്ക് കൃത്യമയാ വിവരങ്ങള്‍ എത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. നഗരങ്ങളില്‍ കുടുങ്ങിപ്പോയ നിത്യവേതനത്തൊഴിലാളികള്‍ പലപ്പോഴായി കൂട്ടംകൂടുകയും സ്വന്തം നാട്ടിലെത്താന്‍ പ്രതിഷേധങ്ങളുമായി ഇറങ്ങിയതുമെല്ലാം ഈ വിവരമില്ലായ്മയില്‍ നിന്നുണ്ടാകുന്ന ഭീതി മൂലമായിരുന്നു. ഏപ്രില്‍ പതിനാലാം തിയതി മുംബൈയിലെ പതിരായിരക്കണക്കിന് തൊഴിലാളികള്‍ കൂട്ടംകൂട്ടമായി റെയില്‍വേ സ്റ്റേഷനിലേക്കൊഴുകിയത് ഒടുവിലെ ഉദാഹരണം. പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ദിവസമായിരുന്നു അത്. പകര്‍ച്ചവ്യാധിയുടെ ഭീഷണി ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയിലാണ് ഒരു സുരക്ഷാ മാര്‍ഗവും സ്വീകരിക്കാതെ ആളുകള്‍ കൂട്ടംകൂട്ടമായെത്തിയത്. തീര്‍ത്തും അപകടകരമായ രീതിയില്‍ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയ ഓരോ ആളും വിശ്വസിച്ചത് തങ്ങളുടെ നാട്ടിലേക്ക് ട്രെയിന്‍ കയറിപ്പോകാം എന്നായിരുന്നു. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതും അതുവരെ ട്രെയിന്‍ ഓടില്ല എന്നുപോലും ഈ തൊഴിലാളികള്‍ക്ക് കൃത്യമായ വിവരമെത്തിയില്ല. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി ലഭിക്കാത്ത കാരണംകൊണ്ട് സമാനമായ നിരവധി സംഭവങ്ങള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി സാധാരണക്കാരുടെ ഭാഷയില്‍ ശാന്തവും ലളിതവുമായി മലയാളികള്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൃത്യസമയത്ത് നല്‍കിയത്. ഒരു മഹാമാരിക്കാലത്ത് ആധികാരികമായ വിവരങ്ങള്‍ കൃത്യസമയത്ത് ലഭിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജനജീവിതം ഇത്രമേല്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ബാന്ദ്രയിലേക്ക് ഇത്രയധികം പേരെ കൊണ്ടുവന്നത് വാട്‌സാപ്പില്‍ വിനയ് ദുബേ എന്ന യുവാവ് പങ്കുവെച്ച വ്യാജസന്ദേശത്തിലൂടെയായിരുന്നു. പിന്നീട് ഇയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. കൊറോണ കാലത്ത് ഇന്ത്യയില്‍ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കൂടുതല്‍ വഴിതെറ്റിക്കാത്ത കരുത്തുറ്റ ജനത മലയാളികള്‍ തന്നെ. വ്യാജവാര്‍ത്തകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ വിജയിച്ചു എന്നുപറയുന്നത് ഒട്ടും അതിശയോക്തിയല്ല.

ഉറച്ച നിലപാടുകള്‍
വൈവിധ്യങ്ങളായ വിഷയങ്ങളില്‍ തന്റെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും നിലപാടുകളും പ്രവര്‍ത്തനപദ്ധതികളും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കൃത്യമായി അവതരിപ്പിച്ചു. ആ വാക്കുകളില്‍ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ഭയമോ ആശങ്കയോ ഉണ്ടായില്ല. ജനങ്ങള്‍ പരിഭ്രാന്തരാവാന്‍ എല്ലാ സാധ്യതകളും ഉള്ള സമയത്താണ് ഈ പ്രതിസന്ധിയുടെ മുന്നില്‍നിന്ന് കൊണ്ട് മുഖ്യമന്ത്രി ആളുകള്‍ക്ക് ധൈര്യം പകര്‍ന്നത്. പ്രതിസന്ധികളുടെ നടുവില്‍ നേതാവ് തന്നെ പാനിക് ആയാല്‍ പിന്നെ അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ. താനും തന്റെ സര്‍ക്കാരും സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ എല്ലാവരുടെയും സുരക്ഷക്കുവേണ്ടിയാണെന്നും അത് സ്വീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ഉറപ്പിച്ചു പറഞ്ഞു അദ്ദേഹം. ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഏറ്റവും ഗുരുതരമായ രീതിയില്‍ കോവിഡ്19 പടരാനുള്ള സാഹചര്യം ഉണ്ടായിരുന്നിട്ടും കേരളം മാതൃകാപരമായ രൂപത്തില്‍ തിരിച്ചുവരാന്‍ തുടങ്ങിയത് ആളുകളെ സ്വന്തം വീടുകളില്‍ തന്നെ തുടരാനുള്ള ഈ പ്രേരണതന്നെയാണ്. അതില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികള്‍. വിവാദമായേക്കാവുന്ന, കുഴക്കിയേക്കാവുന്ന ചോദ്യങ്ങള്‍ക്ക് പലപ്പോഴും ‘അത് പഠിച്ചുപറയേണ്ട വിഷയമാണ്’ എന്ന ചിരിച്ചുകൊണ്ടുള്ള മറുപടി. മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും കോവിഡില്‍ രാഷ്ട്രീയം കലര്‍ത്തി ചോദ്യങ്ങള്‍ മുന്നോട്ടുവെച്ചുവെങ്കിലും ഈ പ്രതിസന്ധി നാം ഒറ്റക്കെട്ടായി നേരിടുമെന്നു പറഞ്ഞ് വിഷയം തിരിച്ചുവിട്ടു. അതൊരു വ്യക്തമായ നിലപാടായിരുന്നു. രാഷ്ട്രീയ ഭേദമന്യേ ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ കേരളജനത ഒറ്റക്കെട്ടായാണ് ഇറങ്ങുന്നതെന്ന സന്ദേശം രാഷ്ട്രീയത്തിലെ എതിരാളികള്‍ പോലും സ്വീകരിക്കുകയുണ്ടായി. കേരളത്തിന്റെ നിലപാടുകള്‍ ഉറച്ചതാണെന്നും ഈ പോരാട്ടത്തില്‍ നാം തീര്‍ച്ചയായും വിജയിക്കുമെന്നും മലയാളികളെ ബോധ്യപ്പെടുത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍.

ശരീരഭാഷ
വാര്‍ത്താ സമ്മേളനത്തിലിരുന്ന മുഖ്യമന്ത്രിയുടെ ശരീരഭാഷ ശ്രദ്ധേയമായിരുന്നു. ഒരു നേതാവിന് വേണ്ട സര്‍വഗുണങ്ങളും പ്രസരിപ്പിച്ച ആത്മധൈര്യത്തോടെയുള്ള ശരീരഭാഷയെ കേരളജനത സംശയിച്ചില്ല. ഒറ്റക്കെട്ടായി കോവിഡിനെ തുരത്തിയോടിക്കുമെന്ന ഉറപ്പാണ് മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ ശരീരഭാഷ സമ്മാനിച്ചത്. 1996-2001 കാലഘട്ടത്തില്‍ സംസ്ഥാനം ഭരിച്ച ഇകെ നായനാരുടെ ശരീരഭാഷയെക്കുറിച്ച് ധാരാളം എഴുത്തുകള്‍ വന്നിട്ടുണ്ട്. കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ മുന്നിലെത്തിയാല്‍ ആരെയും ചിരിപ്പിക്കുന്ന തമാശ പറഞ്ഞായിരുന്നു നായനാര്‍ നേരിട്ടിരുന്നത്. അതോടെ ചോദ്യത്തിന്റെ എല്ലാ ഗൗരവവും അലിഞ്ഞില്ലാതെയാകുമായിരുന്നു. ഇതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് പിണറായി. വിഷയത്തിന്റെ ഗൗരവം വിട്ടുള്ള ഒരേര്‍പ്പാടുമില്ല. നന്നായി ഗൃഹപാഠം ചെയ്താണ് ഓരോ ദിവസവും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയത്. മുഖ്യമന്ത്രിയുടെ ശരീരഭാഷയില്‍ നിഴലിച്ചുനിന്ന ആത്മവിശ്വാസമാണ് ലോകത്തുടനീളമുള്ള മലയാളികളിലേക്ക് പ്രസരിച്ചത്. മുന്നില്‍ നിന്ന് നയിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലാണ് മുഖ്യമന്ത്രിയുടെ ശരീരഭാഷ ഉദ്പാദിപ്പിച്ച മറ്റൊരു പ്രധാന കാര്യം. കോവിഡ് പ്രതിരോധത്തില്‍ നാം ശരിയായ വഴിയിലാണ് എന്ന് ആളുകളെക്കൊണ്ട് വിശ്വസിപ്പിക്കാനും- യഥാര്‍ഥത്തില്‍ അത് അങ്ങനെയാണെങ്കില്‍ കൂടി- അദ്ദേഹത്തിന് സാധിച്ചു. ലോക്ക് ഡൗണ്‍ കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത അവസരങ്ങളിലെല്ലാം രാജ്യത്തെ വലിയൊരു വിഭാഗം അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല എന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

എല്ലാവര്‍ക്കും കരുതല്‍
കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് പന്ത്രണ്ടാം മണിക്കൂറില്‍ തന്നെ സര്‍ക്കാര്‍ ഒപ്പമല്ല; മുന്നിലുണ്ട് എന്ന് പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ആരെയും അദ്ദേഹം മാറ്റിനിര്‍ത്തിയില്ല. യുവാക്കളെയും ടെക്കികളെയും വീട്ടമ്മമാരെയും ഒപ്പം നിര്‍ത്തി. ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരും ഉദ്യോഗസ്ഥരും രാവും പകലും കഷ്ടപ്പെട്ടപ്പോള്‍ നാനാവിഭാഗം ജനങ്ങളും അവരോടൊപ്പം കൂടി. സര്‍ക്കാര്‍ നിര്‍ദശങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാവരും തയാറായി. ഓരോ ദിവസവും തന്റെ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി ഫോളോ ചെയ്യാന്‍ മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. കേരളത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് പിണറായി പറഞ്ഞത് ദേശീയ മാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും ഉത്തരവിട്ടു.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവര്‍ നല്‍കുന്ന കരുതല്‍ തിരിച്ചും നല്‍കാനുള്ള ചുമതല ഓരോരുത്തര്‍ക്കുമുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. ലോകത്താകെയുള്ള മലയാളിസമൂഹവും മലയാളി സംഘടനകളും അതാതു സ്ഥലങ്ങളില്‍ അവര്‍ക്ക് ഇടപെടാന്‍ പറ്റുന്ന എല്ലാ തലത്തിലും ഇടപെട്ടുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കണം. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ആശങ്കകളും നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. നിപ വൈറസിനെതിരായ നമ്മുടെ പോരാട്ടത്തിന്റെ രക്തസാക്ഷിയാണ് ലിനി. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് മനുഷ്യജീവന്‍ രക്ഷിക്കാന്‍ അവര്‍ നടത്തുന്ന ത്യാഗോജ്വലമായ പ്രവര്‍ത്തനത്തില്‍ നമുക്ക് അഭിമാനമുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കണം എന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്കും ഡല്‍ഹി, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ക്കും കേരളം കത്തയച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലരും പട്ടിണി കിടക്കാന്‍ ഇട വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് സര്‍ക്കാര്‍ ഇടപെടും. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അതിവിപുലമായ വികേന്ദ്രീകൃത സംവിധാനം ഒരുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏതെങ്കിലും സംഘടനയുടെ മേന്മ കാണിക്കാനോ നിറം കാണിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇതെന്നും പ്രത്യേകം ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുക എന്ന ലക്ഷ്യംവച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിച്ചത് ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. ഇക്കാര്യം വാഷിംങ്ടണ്‍ പോസ്റ്റ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിട്ടുണ്ട്. ദുരഭിമാനമുള്ള ചിലര്‍ നേരിട്ട് പറഞ്ഞെന്നു വരില്ല. സഹായം ആവശ്യപ്പെട്ടില്ല എന്ന കാരണത്താല്‍ ആരും ഒഴിവാക്കപ്പെടരുത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തേന്‍ ശേഖരിക്കുന്ന കര്‍ഷകര്‍ക്ക് അത് വിറ്റഴിക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പോലും പിണറായി ചിന്തിച്ചത് ആരെയും വിട്ടുപോകരുതെന്ന ചിന്തകൊണ്ടാണ്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍
പ്രവാസികളുടെ പ്രശ്‌നം ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും വിശദമായ കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പുനല്‍കുകയുണ്ടായി. വിദേശങ്ങളില്‍ കുടുങ്ങിപ്പോയവരില്‍, ഹൃസ്വകാല പരിപാടികള്‍ക്ക് പോയവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള ആളുകളുണ്ട്. ഇവര്‍ക്ക് മടങ്ങാന്‍ സാധിക്കുന്നില്ല. വരുമാനമൊന്നും ഇല്ലാത്തതിനാല്‍ ഇവരുടെ ജീവിതം അസാധ്യമാകുകയാണ്. ഇവര്‍ക്കും, മറ്റ് അടിയന്തര ആവശ്യമുള്ളവരോ പ്രയാസം നേരിടുന്നവരോ ആയ പ്രവാസികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രധാനമന്ത്രിയോടാവശ്യപ്പെട്ടത്. എല്ലാ അന്താരാഷ്ട്ര നിബന്ധനകളും പാലിച്ചുകൊണ്ട് ഇവരെ തിരികെ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലേബര്‍ ക്യാംപില്‍ പ്രത്യേകശ്രദ്ധ വേണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെപ്പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരമാവധി കേട്ട അദ്ദേഹം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. നിലവില്‍ പരിഹാരങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നു. അമേരിക്കയിലും ബ്രിട്ടനിലുമുള്ള പ്രവാസികള്‍ക്കുള്ള പ്രിവിലേജ് എന്തുകൊണ്ടാണ് ഗള്‍ഫ് മലയാളികള്‍ക്കില്ലാത്തതെന്ന വിമര്‍ശനവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

പരിഗണന
എല്ലാ ജനവിഭാഗങ്ങള്‍ക്കും പരിഗണന നല്‍കിയെന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ കരുത്ത്. കൊച്ചു വിദ്യാര്‍ഥികളുടെ ധനസഹായം മുതല്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ വരെ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വന്നു. ഏതെങ്കിലും ഒരാളെ പരാമര്‍ശിക്കാതെ എല്ലാ സാമുദായിക നേതൃത്വത്തെയും അദ്ദേഹം പേരെടുത്തുതന്നെ പറഞ്ഞു. ലോകത്തുടനീളമുള്ള ഓരോ മലയാളിക്കും തോന്നി, എന്നെക്കുറിച്ചും എന്റെ മുഖ്യമന്ത്രി പറഞ്ഞുവെന്ന്. ഇതാണ് ഒരു യഥാര്‍ഥ നേതാവിന്റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ടായിരിക്കണം, കേരളത്തിലെ വീട്ടമ്മമാരുടെ സംസാരരീതി പോലും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെയായെന്ന് തമാശ നിറഞ്ഞ ട്രോളുകള്‍ പോലും വന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാന്‍ പാടില്ലെന്നും അതു മുന്‍നിര്‍ത്തി സര്‍ക്കാര്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രഖ്യാപിച്ചു. ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയം പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ സ്‌കൂള്‍ ഫീസ് വാങ്ങരുതെന്നും അധ്യാപകരുടെ ശമ്പളം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉണര്‍ത്തി. പരിഗണനയുടെ ഈ ലിസ്റ്റ് വളരെ വലുതാണ്.
ഗുജറാത്തിലെ അഹമദാബാദിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും പ്രത്യേകം വാര്‍ഡുകള്‍ ആരംഭിച്ച വാര്‍ത്ത വന്നത് ഏപ്രില്‍ 15നാണ്. 150ലധികം കൊറോണ പോസിറ്റീവ് ആയ രോഗികളെയാണ് ഈ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നത്. അഹമദാബാദ് സിവില്‍ ഹോസ്പിറ്റലില്‍ ഇത്തരമൊരു വിവേചനം നടപ്പിലാക്കിയത് ഉപമുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യമന്ത്രിയുമായ നിധിന്‍ പട്ടേലിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗുന്‍വന്ത് രത്തോഡ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുകയുണ്ടായി. കൊറോണ കാലത്ത് മുസ്‌ലിംകള്‍ക്ക് ചികിത്സ നിഷേധിച്ച സംഭവങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വിവേചനങ്ങള്‍ തുടരുമ്പോഴാണ് അതിഥി തൊഴിലാളികളെ ഉള്‍പ്പെടെ എല്ലാവരെയും ചേര്‍ത്ത് പിടിച്ച് പിണറായി വിജയന്‍ മാതൃക കാണിച്ചത്.

മാധ്യമങ്ങളുടെ സാധ്യതകള്‍
മാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി. കൃത്യമായ വിവരങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കാനുള്ള പ്രാഥമിക സ്രോതസായിരുന്നു ഓരോ ദിവസവും വൈകിട്ട് തന്റെ മുന്നിലെത്തിയ മാധ്യമങ്ങള്‍. നേരത്തേ, കടക്കെടാ പുറത്ത് എന്ന ധാര്‍ഷ്ട്യത്തോടെ മാധ്യമങ്ങളെ സമീപിക്കുന്ന ആള്‍ എന്ന പരാതി പിണറായി വിജയനെതിരെ പരക്കെ ഉയര്‍ന്നിരുന്നു. അതില്‍ നിന്ന് ഒരു നാടിന്റെ കാവലാള്‍ എന്ന നിലയില്‍ പറയേണ്ട സമയത്ത് പറയേണ്ടതുപോലെ താന്‍ പറയുമെന്ന തിരുത്തുകൂടി നല്‍കിയാണ് കോവിഡ് കാലത്തെ ഓരോ വാര്‍ത്താ സമ്മേളനവും പര്യവസാനിച്ചത്. നിപ പടര്‍ന്നപ്പോഴും രണ്ട് തവണ മഴക്കെടുതിയുണ്ടായപ്പോഴും മാധ്യമങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ പിണറായി വിജയന് സാധിച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധികളുണ്ടാവുമ്പോള്‍ മാത്രമല്ല, മാധ്യമങ്ങളെ ഇവ്വിധവും ഉപയോഗപ്പെടുത്താമെന്ന് ഒരിക്കല്‍ കൂടി മുഖ്യമന്ത്രി തെളിയിച്ചു.
കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡോ, അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, അമേരിക്കന്‍ രാഷ്ട്രീയത്തിലെ പ്രമുഖരായ ന്യൂട്ട് ഗിന്റിച്ച്, റോണ്‍ പോള്‍ എന്നിവരാണ് ചരിത്രത്തില്‍ ഏറ്റവും മികച്ച രീതിയില്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയ രാഷ്ട്രീയ നേതാക്കള്‍. മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു എന്നതാണ് ഇവരിലെ കോമണ്‍ ഫാക്ടര്‍. പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനങ്ങളുടെ ഉള്ളടക്കവും നിലവാരവും ഫലവും വിലയിരുത്തുമ്പോള്‍ ഇതേ പൊതുഘടകം കണ്ടെത്താനാവും. പിണറായി നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ ഏറ്റവും ചുരുങ്ങിയത് ആധുനിക മനഃശാസ്ത്ര, നരവംശ ശാസ്ത്രപഠനങ്ങളെങ്കിലും അര്‍ഹിക്കുന്നുണ്ട്.

രാഷ്ട്രീയം
രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുഖ്യമന്ത്രി മിക്ക വാര്‍ത്താ സമ്മേളനങ്ങളിലും ഓര്‍മപ്പെടുത്തുകയുണ്ടായി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ കൂടുതല്‍ ജനകീയനാകാന്‍ വഴിയൊരുക്കിയെന്നതും ഒരുപക്ഷേ ഭരണത്തുടര്‍ച്ച ഉറപ്പുവരുത്താന്‍ സഹായിച്ചേക്കുമെന്നതും കോവിഡ് കാലത്തെ വാര്‍ത്താസമ്മേളനങ്ങളുടെ പ്രത്യേകതകളായി വിലയിരുത്താം. ഇത്തരത്തില്‍ കേരളം മൊത്തം കൈയിലെടുക്കുന്ന മുഖ്യമന്ത്രിയുടെ മുന്നേറ്റത്തെ കൊച്ചാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവികമാണ്. കേരളത്തെ കോവിഡ് പ്രതിസന്ധിയില്‍ സഹായിക്കുന്ന സ്പ്ലിംഗര്‍ എന്ന അമേരിക്കന്‍ കമ്പനി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. കോവിഡ്19 പ്രതിരോധിക്കാന്‍ ഐക്യരാഷ്ട്രസഭ വരെ ആശ്രയിക്കുന്ന കമ്പനിയാണ് സ്പ്ലിംഗര്‍ എന്നും കേരളം അതിനായി ഒരു പൈസ പോലും ചെലവഴിക്കുന്നില്ല എന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിച്ചുമില്ല. പിന്നീട് ഈ കമ്പനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഈ സംഭവം മുഖ്യമന്ത്രി കൂടുതല്‍ സുതാര്യമാവണമെന്ന പ്രതീതി ജനിപ്പിക്കുകയും ചെയ്തു. മറ്റുസംശയങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ എല്ലാ രേഖകളും പുറത്തുവിട്ടു. സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയാണ് കരാര്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ രണ്ടിന് ഒപ്പുവെച്ച കരാരിന്റെ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. മാര്‍ച്ച് 25 മുതല്‍ സെപ്റ്റംബര്‍ 24വരെയുള്ള കാലയളവില്‍ വിവരങ്ങള്‍ ശേഖരിക്കാം എന്നാണ് കരാറില്‍ പറയുന്നത്. പാനൂരിനടുത്ത പാലത്തായി സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി/ആര്‍എസ്എസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ വൈകിയതിനെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും എന്‍ടിയു ജില്ലനേതാവുമായ കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ പ്രകാരം പാനൂര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ രക്ഷപ്പെട്ട പ്രതി ഒരുമാസമായി ഒളിവിലായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രിക്ക് വേണ്ടത്രയിടം നല്‍കിയില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. അതേസമയം, കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയാതീതമായ ഐക്യവും ഏകോപനവും സാധ്യമാക്കാന്‍ പിണറായിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് സാധിച്ചു. അതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചത്, ലോക്ക് ഡൗണില്‍ പെട്ടുപോയ ഓരോ മലയാളിക്കും. കോവിഡ് 19നുമായി ബന്ധപ്പെട്ട ഡാറ്റ സ്പ്ലിം ഗറിന് കൈമാറുന്ന കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചു $

Share this article

About യാസര്‍ അറഫാത് നൂറാനി

View all posts by യാസര്‍ അറഫാത് നൂറാനി →

Leave a Reply

Your email address will not be published. Required fields are marked *