നിയ്യത്ത്; ശക്തമായ ലക്ഷ്യബോധം

Reading Time: 3 minutes

കര്‍മങ്ങളുടെ കാതലാണ് നിയ്യത്ത്.
നിര്‍ബന്ധമാണത്. വ്യത്യസ്ത
മദ്ഹബുകളിലെ നിയ്യത്ത് സംബന്ധ വിവരണം.

ഹാറൂന്‍ജര്‍മെന്‍
വിവര്‍ത്തനം: യാസിര്‍ കുറ്റിക്കടവ്

നിയ്യത്തിന്റെ ഭാഷാര്‍ഥം ഉദ്ദേശ്യം, ലക്ഷ്യം എന്നിങ്ങനെയാണ്. പ്രയോഗാര്‍ഥം നാല് മദ്ഹബുകളിലും വ്യത്യസ്തമാണ്.

ഹനഫീ:
ഇബ്‌നു അബ്ദിന്‍(റ) ഇങ്ങനെ നിര്‍വചിക്കുന്നു: ‘ദൈവത്തോടുള്ള അര്‍പ്പണബോധമാണ് നിയ്യത്ത്.’
മാലികി:
കല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ മുക്കല്ലഫിന്റെ (ദൈവകല്‍പനയുടെ സംബോധിതര്‍) ഉദ്ദേശ്യമാണ് നിയ്യത്ത്.
ശാഫിഈ:
ഒരു പ്രവര്‍ത്തനത്തിന്റെ സ്വീകാര്യതയുമായി ബന്ധപ്പെട്ടതാണ് നിയ്യത്ത്.
ഹന്‍ബലി:
നിയമപരമായ അര്‍ഥത്തില്‍, ഒരു ആരാധനാ വേളയില്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള ഹൃദയത്തിന്റെ താത്പര്യമാണ് നിയ്യത്ത്.

നിയ്യത്തിന്റെ പ്രാധാന്യം
ഇമാം ഗസ്സാലി(റ) ഇഹ്‌യയില്‍ പറയുന്നു: ‘ഇഹലോകം പരലോകത്തിന്റെ കൃഷിയിടമാണ്. വിശ്വാസമാണവിടെ വിളകൊയ്യുക.’ അഥവാ സല്‍പ്രവൃത്തികള്‍ ചെയ്യാനുള്ള ഇടമാണിവിടം. യഥാര്‍ഥ പ്രതിഫലം (വിളവ്) പരലോകത്താണ് നല്‍കപ്പെടുക. നിയ്യത്താണ് പ്രതിഫലത്തിന്റെ നിലവാരം നിര്‍ണയിക്കുന്നത്. ഖുര്‍ആനില്‍ ഇങ്ങനെ കാണാം: ‘പരലോകത്തിനായി കൃഷിചെയ്യാന്‍ ആഗ്രഹിക്കുന്നവന്‍ തന്റെ കൃഷിയിടത്തില്‍ കൂടുതല്‍ വിളവെടുക്കുന്നു. ഇഹലോകത്തിനായ് കൃഷി ചെയ്യുന്നവന് പരലോകത്ത് ഒരു പങ്കും ഉണ്ടാകില്ല.’
ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ‘നമ്മെ കണ്ടുമുട്ടേണ്ടി വരുമെന്നാലോചിക്കാത്തവരും ഇഹലോക ജീവിതത്തില്‍ സംതൃപ്തരാവുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അശ്രദ്ധനടിക്കുകയും ചെയ്യുന്നതാരോ അവരുടെ അഭയസ്ഥാനം നരകമായിരിക്കും. അവര്‍ സമ്പാദിച്ചതത്രേ അത്.’
നബി(സ്വ) ഇസ്‌ലാമില്‍ നിയ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹദീസില്‍ ചൂണ്ടിക്കാണിക്കുന്നു: ‘തീര്‍ച്ചയായും, പ്രവൃത്തികള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമാണ്, ഓരോ മനുഷ്യനും അവന്‍ ഉദ്ദേശിച്ചതാണ് ലഭിക്കുക. അതിനാല്‍, അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും ഇഷ്ടത്തിനുവേണ്ടി ആരെങ്കിലും പലായനം/ഹിജ്‌റ ചെയ്യുന്നുവെങ്കില്‍, അവന്റെ പലായനം അല്ലാഹുവിനും അവന്റെ റസൂലിനും വേണ്ടിയാകുന്നു. ദുന്‍യാവിലെ ജീവിതത്തെയോ വിവാഹമോ ലക്ഷ്യം വെച്ച് പലായനം ചെയ്യുന്നുവെങ്കില്‍ അവന്റെ പലായനം അവന്‍ ലക്ഷ്യം വെച്ചതിനത്രേ.’

ആരാധനകളില്‍
അഞ്ച് നേരത്തെ നിസ്‌കാരം, നോമ്പ്, സകാത്, ഹജ്ജ് തുടങ്ങിയ ആരാധനകള്‍ സ്വീകരിക്കപ്പെടണമെങ്കില്‍ വിശ്വാസിയില്‍ നിന്നും ശുദ്ധവും അര്‍പ്പണബോധവുമുള്ള നിയ്യത്ത് അനിവാര്യമാണ്. ഒരാള്‍ അതിരാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മങ്ങള്‍ ചിട്ടയോടെ ചെയ്താലും അതോടൊപ്പം ആരാധന ഉദ്ദേശിക്കുന്നില്ലെങ്കില്‍ അവ ആരാധനയായി കണക്കാക്കില്ല. കാരണം ആ പ്രവൃത്തികളില്‍ അയാള്‍ അല്ലാഹുവിനോടുള്ള കടമയല്ല ലക്ഷ്യം വെച്ചത്. മറിച്ച്, കേവലം ജീവിതചര്യകള്‍ മാത്രമായിരുന്നു അയാളുടെ ഉദ്ദേശ്യം.
റമളാന്‍ മാസത്തിലെ വ്രതാനുഷ്ഠാനം, ഹജ്ജ്, സകാത് നിര്‍വഹണം തുടങ്ങിയവയിലും നിയ്യത്ത് അത്യാവശ്യമാണ്. അഥവാ അര്‍പ്പണബോധത്തോടെയായിരിക്കണം ഇവ ചെയ്യേണ്ടത്. ആരാധനയും സല്‍പ്രവൃത്തികളും അല്ലാഹു സ്വീകരിക്കണമെങ്കില്‍ നമ്മുടെ ഉദ്ദേശ്യവും (നിയ്യത്ത്) ശുദ്ധമായിരിക്കണം. അതില്‍ അഹംഭാവത്തിന്റെയോ സ്വാര്‍ഥതാത്പര്യത്തിന്റെയോ ലാഞ്ചന പോലും പാടില്ല. അല്ലാത്തപക്ഷം, ആരാധനകള്‍ സ്വീകരിക്കപ്പെടില്ല.

ഇടപാടുകളില്‍
നിയ്യത്ത് വിശ്വാസിയുടെ ആരാധനയുടെ മുഖ്യ ഘടകം മാത്രമല്ല, മറിച്ച് അവന്റെ ദൈനംദിന ജീവിതത്തിലും പരസ്പര ഇടപെടലുകളിലും അത്യാവശ്യമായതാണ്.
വിശ്വാസ ജീവിതത്തില്‍ അനുവദനീയമായ, ലളിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും അദ്ദേഹം ഇലാഹീ തൃപ്തി ലക്ഷ്യമാകണം. ഉദാഹരണത്തിന്, ഭോജന നേരം അന്നദാതാവിനെ ഓര്‍ക്കുന്നുവെങ്കില്‍ അവന്റെ ഭോജനം തന്നെ ഒരു ആരാധനയായി കണക്കാക്കും. വിശ്വപണ്ഡിതന്‍ സഈദ് നൂര്‍സി(റ)പറയുന്നു: അല്ലാഹു അവന്‍ ചൊരിയുന്ന ഓരോ അനുഗ്രഹങ്ങള്‍ക്കും മൂന്ന് കാര്യങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നുണ്ട്: ദിക്‌റ്, ഫിക്‌റ്, ശുക്‌റ് (സ്മരണ, വിചിന്തനം, നന്ദിപ്രകടനം) എന്നിവയാണവ. ഉദാഹരണമായി, ഭക്ഷണം എന്ന അനുഗ്രഹത്തിന് പകരമായി അല്ലാഹു ദിക്‌റ്, ഫിക്‌റ്, ശുക്‌റ് എന്നിവ നമ്മോടാവശ്യപ്പെടുന്നു.ഇവിടെ ദിക്‌റ് കൊണ്ട് അര്‍ഥമാക്കുന്നത് ഭോജനം, ദൈവനാമം സ്മരിച്ച് തുടങ്ങണം എന്നാണ്. ശുക്‌റ് കൊണ്ടുദ്ദേശിക്കുന്നത് ഭോജന ശേഷം അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍ (സ്തുതികളഖിലവും സര്‍വലോക പരിപാലകനായ അല്ലാഹുവിനാകുന്നു) എന്ന് പറയലാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അല്ലാഹുവിന്റെ കൃപ, കരുണ, ശക്തി എന്നിവയെപ്രതി ചിന്തിക്കലാണ് ഫിക്‌റ് കൊണ്ടുദ്ദേശ്യം. ഇതു വഴി അല്ലാഹുവിന്റെ വിശേഷണങ്ങളില്‍ നമുക്ക് കൂടുതല്‍ വിശ്വാസദാര്‍ഢ്യം കൈവരുന്നു.
ഈ ഉദാഹരണത്തില്‍, നിയ്യത്ത് സ്വാര്‍ഥതാത്പര്യവുമായി ബന്ധപ്പെടുന്നില്ലെന്ന് മാത്രമല്ല, സൃഷ്ടിപ്പിലുള്ള ‘സ്രഷ്ടാവിന്റെ സവിശേഷ വിശേഷണങ്ങള്‍’ തിരിച്ചറിയുന്നതിലൂടെ ദൈവത്തെ കൂടുതല്‍ അടുത്തറിയുന്നതിനും സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു ദൈവഭക്തനായ മനുഷ്യന്‍ അത്താഴത്തില്‍ നല്ല നിയ്യത്ത് വെച്ചാല്‍ വിശപ്പ് അടങ്ങുന്നതിനും ദൈവിക ദാനങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനും അവന് സാധിക്കുന്നു. ഇവിടെ ദൈവഭക്തനായവന്റെ നിയ്യത്ത് ഈ രണ്ട് പ്രവൃത്തികള്‍ തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു. ഭക്ഷണം കഴിക്കുക എന്ന ഒരേ പ്രവര്‍ത്തനം രണ്ടിടങ്ങളിലും നടക്കുന്നുണ്ടെങ്കിലും നിയ്യത്തില്‍ വ്യത്യാസമുണ്ട്.
ഭക്ഷിക്കുന്നതുപോലുള്ള ലളിതമായ ഒരു പ്രവൃത്തിയില്‍ നിന്ന് പോലും ദൈവഭക്തന് പ്രതിഫലം ലഭിക്കുന്നു. കാരണം അവന്റെ നിയ്യത്ത് ദൈവത്തെ അറിയുക എന്ന ഉയര്‍ന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍, ശാരീരിക വിശപ്പ് ശമിപ്പിക്കാന്‍ മാത്രം ആഗ്രഹിക്കുന്ന വ്യക്തിക്ക് ഉപഭോഗവും ക്ഷണികവുമായ ഭക്ഷണം മാത്രമേ ‘പ്രതിഫലമായി’ ലഭിക്കുകയുള്ളൂ.
ഈ സന്ദര്‍ഭത്തില്‍, ഭക്ഷണം നല്‍കപ്പെട്ട സ്വര്‍ഗ നിവാസികളുടെ ഒരു ചിത്രം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ‘തുടര്‍ന്ന് ഭക്ഷണം കഴിച്ചശേഷം, ‘ഞങ്ങള്‍ക്ക് ഇതിനകം ഈ ഭക്ഷണങ്ങള്‍ ഭൂമിയില്‍ ലഭിച്ചു’ എന്ന് അവര്‍ പറയുന്നതായി കാണാം. അതായത് മനുഷ്യര്‍ക്ക് ആപ്പിള്‍ പോലോത്ത സാധാരണ വസ്തുക്കളില്‍ പോലും ‘സ്വര്‍ഗം’ നിരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിയ്യത്തില്ലെങ്കില്‍ ഈ ദൃഷ്ടാന്തങ്ങള്‍ നിരീക്ഷകന് മുന്നില്‍ മറഞ്ഞിരിക്കുന്നു.
സൃഷ്ടിയിലെ ദിവ്യ ചിഹ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിലൂടെ, നമ്മുടെ ഒരു ലളിതമായ പ്രവൃത്തിപോലും ദൈവവുമായി ബന്ധപ്പെട്ട് പ്രതിഫലാര്‍ഹമാകുന്നു. ഈ സഹജവും ലളിതവുമായ പ്രവൃത്തിയില്‍ മനുഷ്യന് ദൈവമെന്ന മഹത്തായ ലക്ഷ്യമുണ്ട്. ദൈവത്തെ കൂടുതല്‍ അടുത്തറിയുക എന്ന ലക്ഷ്യം വളരെ മഹത്വമുള്ളതാണ്. കാരണം, ദൈവം മഹോന്നതനാണ്. അതിനാല്‍ അവനെ മുന്നില്‍ കണ്ടുള്ള സര്‍വ പ്രവര്‍ത്തനങ്ങളും വലിയ പ്രതിഫലമര്‍ഹിക്കുന്നുണ്ട്.
ഒരു ആരാധനയുടെയും. വിശ്വാസിയുടെ ലളിതവും അനുവദനീയവുമായ പ്രവൃത്തിയുടെയും ഇടയിലുള്ള പാലം അവന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യത്തിന്റെ ഗുണപരമായ വിശുദ്ധിയാണ്. ഒരു ഹദീസില്‍ പറയുന്നു: ‘നിങ്ങളുടെ സഹോദരനോടുള്ള പുഞ്ചിരി സ്വദഖയാകുന്നു.’ ഇത് എന്താണ് അര്‍ഥമാക്കുന്നത്? ലളിതമായ ഒരു പുഞ്ചിരിക്ക് സാമ്പത്തിക ചെലവുകളുമായി എങ്ങനെ പൊരുത്തപ്പെടാനാകും?
മുസ്‌ലിംകളെ സല്‍പ്രവൃത്തികളിലേക്ക് പ്രേരിപ്പിക്കുകയെന്നതാണ് ഇത്തരം ഹദീസുകളുടെ ധര്‍മം എന്ന് കാണാം. ഒരു പുഞ്ചിരിക്ക് സ്വദഖയാവാന്‍ പ്രാപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതിനാണിത്. അതിനാല്‍ തന്നെ അതിന് അത്തരമൊരു മൂല്യം നേടാന്‍ കഴിയും. എന്നാല്‍ എല്ലാ പുഞ്ചിരിയും ഒരേ നിലവാരമുള്ളതായി കണക്കാക്കുന്നില്ല. രണ്ടു വ്യക്തികളുടെ ബാഹ്യമായ ഓരോ പ്രവൃത്തിയും നിയ്യത്തില്‍ എന്നത് പോലെ, പുഞ്ചിരിയില്‍ പോലും യോജിക്കണമെന്നില്ല.
ഉദാഹരണത്തിന്, ഉന്നത ഉദ്യോഗസ്ഥനെ പ്രീതിപ്പെടുത്തുന്നതിനുള്ള കീഴുദ്യോഗസ്ഥന്റെ പുഞ്ചിരി വിശ്വാസിയായ സഹോദരനോടുള്ള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പേരിലുള്ള പുഞ്ചിരി പോലെ ഉയര്‍ന്നനിലവാരമുള്ളതാകില്ല. കാരണം ശമ്പള വര്‍ധനവിനും പ്രൊമേഷനും വേണ്ടി ഒരു ജീവനക്കാരന് തന്റെ മേലധികാരിയെ നോക്കി പുഞ്ചിരിക്കാന്‍ കഴിയും. എന്നാല്‍, നല്ല നിയ്യത്തോട് കൂടി ഒരു മുസ്‌ലിം തന്റെ സഹോദരനോട് പുഞ്ചിരിക്കുമ്പോള്‍ അത് ഇസ്‌ലാമിക മത സാഹോദര്യത്തിലേക്കുള്ള ദൈവത്തിന്റെ കല്‍പനക്കനുസൃതമായ നല്ല പ്രവര്‍ത്തനമായി മാറും. വിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണെന്നല്ലേ തിരുവരുള്‍.
ഒരു ഹദീസില്‍ വിശ്വാസികളുടെ കൂട്ടുകെട്ടിന്റെ മൂന്ന് രീതികള്‍ പറയുന്നുണ്ട്. അതിലൊന്നാണ് മുസ്‌ലിം തന്റെ സഹോദരനെ അല്ലാഹുവിനു വേണ്ടി മാത്രം സ്‌നേഹിക്കുന്നു എന്നത്. അത് കാരണമായി പരലോകത്ത് അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏഴ് വിഭാഗങ്ങളില്‍ ഇവര്‍പെടുന്നു. അവരുടെ നിയ്യത്താണ് അവരുടെ സൗഹൃദത്തെ അല്ലാഹുവിന്റെ അടുക്കല്‍ മൂല്യവത്താക്കിയത്.
വിശ്വാസികളുടെ അനുവദനീയമായതും നിര്‍ബന്ധവുമായ പ്രവര്‍ത്തനങ്ങളിലൊക്കെയും വ്യാപിച്ച് കിടക്കുന്നതും അല്ലാഹുവിലേക്കടുപ്പിക്കുകയും ചെയ്യുന്ന ആത്മാവാണ് നിയ്യത്ത്.
ബലികര്‍മത്തെ പറ്റി ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങള്‍ അറവ് നടത്തുന്നവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തിച്ചേരുകയില്ല, മറിച്ച് നിങ്ങളുടെ ഭക്തി മാത്രമാണവനിലെത്തുക.’ ഇവിടെ, അവരുടെ ഹൃദയങ്ങളില്‍ അര്‍പ്പണബോധമുള്ള നിയ്യത്തുണ്ട്.
നബി(സ്വ) പറയുന്നു: അല്ലാഹു വിശ്വാസികളുടെ ബാഹ്യ ചേഷ്ടകളിലേക്കല്ല, മറിച്ച് അവരുടെ ഹൃദയങ്ങളിലേക്കാണ് നോക്കുന്നത്. അതായത്, അവരുടെ ഹൃദയത്തിലെ ശുദ്ധമായ നിയ്യത്തിലേക്കാണ് അല്ലാഹു നോക്കുന്നത്.

ശാസ്ത്രത്തില്‍
ജീവിതത്തിന്റെ എല്ലാ മേഖലകളും ഒരു മുസ്‌ലിമിന് തന്റെ നിയ്യത്ത് മുഖേന ആരാധനയാക്കിമാറ്റാനാവും. അതോടൊപ്പം തന്റെ മതേതര ജീവിതത്തെ ആരാധനയുടെ വര്‍ഷക്കാലമാക്കിമാറ്റാനും കഴിയും. ഇതുവഴി വിശ്വാസി അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുന്നതോടൊപ്പം തന്നെ തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവാനാവുകയും സ്വപ്രവൃത്തികളിലെ വിശുദ്ധിക്കായി നിയ്യത്തിനെ പരിശോധിച്ച് സ്വയം ശിക്ഷണം നല്‍കുകയും ചെയ്യുന്നു. കാരണം, മനുഷ്യന്റെ ഏത് പ്രവൃത്തിയും ദൈവ പ്രീതിക്കോ സൃഷ്ടിപരതക്കോ ആയിരിക്കുമല്ലോ. അപ്പോള്‍ സ്ഥിരമായി സ്വന്തത്തെ ഗുണദോഷിക്കുക വഴി സര്‍വവും ഇലാഹീ പ്രീതിക്കായി മാറ്റാന്‍ കഴിയും.
ജ്ഞാനാന്വേഷണ മേഖലയില്‍ നിയ്യത്ത് ഒരു വിശ്വാസിയായ പഠിതാവിന് അല്ലെങ്കില്‍ ശാസ്ത്രജ്ഞന് ഉത്തേജകമായി പ്രവര്‍ത്തിക്കുന്നു. അറിവ് സ്വായത്തമാക്കുന്നതിനുള്ള പാത സ്വീകരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗം അല്ലാഹു എളുപ്പമാക്കി കൊടുക്കുന്നുവെന്ന് ഹദീസില്‍ കാണാം. ഒരു ഗവേഷണ വിദ്യാര്‍ഥിക്ക് തന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെങ്കില്‍ കുറഞ്ഞത് ഒരു ഹസനത്തും ശരിയാണെങ്കില്‍ ഇരട്ട പ്രതിഫലവും ലഭിക്കും.
ഒരു മുസ്‌ലിം ഗവേഷകന്റെ ഗവേഷണലക്ഷ്യം മനുഷ്യരാശിയുടെ പ്രയോജനത്തിന് വേണ്ടി ഇലാഹീപ്രീതിക്കായി ഒരു പരിഹാരം കണ്ടെത്തുക എന്നതാണ്. അതുകൊണ്ട് തന്നെ അത് ദൈവസമക്ഷം പ്രതിഫലാര്‍ഹവുമാണ്.ഈ വിശ്വാസം മുസ്‌ലിം വിദ്യാര്‍ഥികളെയും ഗവേഷകരെയും അക്കാദമിക് വിദഗ്ധരെയും കൂടുതല്‍ ധൈര്യപ്പെടുത്താനും ആവശ്യമായ ഗവേഷണങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താനും പ്രേരിപ്പിക്കുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്(അത് ഒരു തെറ്റായ കണ്ടെത്തലാണെങ്കിലും) ഒരു ഗവേഷകനെ സത്യത്തിലേക്കും ഒരു പ്രശ്‌നത്തിനുള്ള പരിഹാരത്തിലേക്കും ഒരു ചുവട് അടുപ്പിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ശാസ്ത്രത്തിലും ഗവേഷണത്തിലും മുസ്‌ലിംകളുടെ നിയ്യത്തിനെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നതായി കാണാന്‍ കഴിയും. ഭൗതിക കണ്ടെത്തലുകള്‍ക്കപ്പുറം ഗവേഷകന്റെ പ്രതിബദ്ധതയെ അംഗീകരിക്കുന്നതിനും വിലമതിക്കുന്നതിനും ഇസ്‌ലാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനാല്‍ ഈ പ്രചോദനം ഗവേഷകന്റെ ശാസ്ത്രീയ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി നിലനിര്‍ത്തുന്നതിന് സഹായകമാവുന്നു.

Share this article

About ഹാറൂന്‍ജര്‍മെന്‍

View all posts by ഹാറൂന്‍ജര്‍മെന്‍ →

Leave a Reply

Your email address will not be published. Required fields are marked *