പകര്‍ച്ചവ്യാധി തടയാം ഇസ്‌ലാം ഭീതിയോ?

Reading Time: 2 minutes

പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ തികഞ്ഞ
ഇസ്‌ലാം പേടി ഉത്പാദിപ്പിക്കുന്ന
ഇന്ത്യനവസ്ഥകള്‍ പങ്കുവെക്കുന്നു.

പ്രിയാമണി
വിവര്‍ത്തനം: മുജ്തബ സിസി കുമരംപുത്തൂര്‍

ഉത്തര്‍പ്രദേശിലെ ഷാംലിയിലെ ആക്ടിവിസ്റ്റായ അക്‌റം അലിയുടെ വീട്. സമയം രാത്രി 9 മണി. നിശബ്ദതക്കു പ്രഹരമേല്‍പിച്ച് പ്രധാനമന്ത്രിയുടെ 9 മിനിറ്റ് ലൈറ്റ് ഓഫ് ആകാനുള്ള ആഹ്വാനവുമായി ബന്ധപ്പെട്ട ബഹളങ്ങള്‍ ചുറ്റും കേട്ടുതുടങ്ങി. പൊടുന്നനേ ഷാംലി ശബ്ദമുഖരിതമായിരിക്കുന്നു. ചിലര്‍ ജയ്ശ്രീറാം വിളിച്ച് ആക്രോശിക്കുന്നു. ചിലര്‍ ഉഗ്രശബ്ദത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നു. മറ്റു ചിലര്‍ തോക്കുകളുയര്‍ത്തി ഒച്ച വെക്കുന്നു. ഭക്തിഗീതങ്ങളും ദൈവകീര്‍ത്തനങ്ങളും മുഴങ്ങിക്കേട്ടിരുന്ന ക്ഷേത്രങ്ങളില്‍നിന്ന് പ്രാര്‍ഥന മണികളും മറ്റും എനിക്ക് കേള്‍ക്കാനായി. ഇത് ഏകദേശം 45 മിനിറ്റോളം തുടര്‍ന്നു. അക്തര്‍ പറഞ്ഞു.
പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ പോലീസ് ശക്തമായ ആക്രമണം അഴിച്ചു വിട്ട സാഹചര്യമായതിനാല്‍ അന്നുരാത്രി ശാന്തവും ഇരുണ്ടതുമായിരുന്നു. കൂടുതല്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് ഇടവരുമെന്നു ഭയന്ന് അക്തര്‍ മോട്ടോര്‍സൈക്കിളില്‍ അടുത്തുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തേക്ക് നീങ്ങി.
പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് രാജ്യത്തിന്റെ പലഭാഗത്തും ദിയ കത്തിച്ചും ടോര്‍ച്ചടിച്ചും ജനങ്ങള്‍ നിരത്തിലിറങ്ങി. ‘കൊറോണക്ക് എതിരെയുള്ള തങ്ങളുടെ പോരാട്ട അടയാളപ്പെടുത്താനുള്ള’ ഈ ആഹ്വാനം പല ഹിന്ദുക്കളും തങ്ങളുടെ ഭൂരിപക്ഷ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായിട്ടാണ് കണ്ടത്.
മതാടിസ്ഥാനത്തിലുള്ള പുതിയ പൗരത്വ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ ഡിസംബര്‍ മുതല്‍ രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും പോലീസ് മുസ്‌ലിംകളെ ലക്ഷ്യമാക്കി അക്രമം അഴിച്ചുവിട്ടിരുന്നു. പലയിടത്തും ആയിരങ്ങളെ തടവിലാക്കുകയും വീടുകള്‍ റെയ്ഡ് ചെയ്യുകയും തീവെക്കുകയും ചെയ്തു.
‘ഇന്ത്യയില്‍ മുസ്‌ലിം ആയി ജീവിക്കുന്നത് ഇപ്പോള്‍ അപകടകരമായിരിക്കുന്നു, അപ്പോഴാണ് കൊറോണ വൈറസ് വന്നത്’ സമീപകാല ഇന്ത്യയുടെ അവസ്ഥാ വിശേഷങ്ങളിലേക്ക് കണ്ണാടി പതിപ്പിക്കുന്ന ഈ തലക്കെട്ട് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ്. ഡല്‍ഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊറോണ സ്ഥിരീകരിച്ചപ്പോള്‍ വലിയ രീതിയിലുള്ള വര്‍ഗീയ പ്രചരണങ്ങളിലേക്കാണ് അത്‌നയിച്ചത്. മുസ്‌ലിംകള്‍ മനപൂര്‍വം വൈറസ് ബാധ പരത്തുന്നുവെന്ന വ്യാജവാര്‍ത്തകള്‍ക്ക് രാജ്യത്ത് വന്‍പ്രചാരം ലഭിച്ചു. ഇന്ത്യയില്‍ നടന്ന
‘കൊറോണ ജിഹാദ്’ പോലെയുള്ള ഹാഷ് ടാഗുകള്‍ ഇസ്‌ലാം ഭീതിക്ക് വഴിമരുന്നിട്ട് കൊടുക്കുകയായിരുന്നു.
വിദ്വേഷപരമായ അപവാദങ്ങള്‍ എത്രത്തോളം വേഗത്തിലാണ് പരന്നതെന്നതിന്റെ സൂ ചനയാണ് യുപി പോലീസിനുപോലും ഫാക്ട് ചെക്കര്‍ സംവിധാനത്തിലേക്ക് നീങ്ങേണ്ടിവന്നത്.
റാംപൂരില്‍ കോറോന്റൈനില്‍ കഴിയുന്ന തബ്ലീഗ് ജമാഅത്ത്കാര്‍ തങ്ങള്‍ക്ക് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ലഭിച്ചില്ലെന്നു പറഞ്ഞു കോലാഹലമുണ്ടാക്കിയെന്നും പൊതുസ്ഥലങ്ങളില്‍ വിസര്‍ജനം നടത്തിയെന്നും ആരോപിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ നിരാകരിച്ചു കൊണ്ട് സഹ്‌റാന്‍പൂരിലെ പോലീസ് ഉത്തരവിറക്കുകയുണ്ടായി. ‘വാര്‍ത്താ റിപ്പോര്‍ട്ടുകളും ചാനലുകളും സാമൂഹികമാധ്യമങ്ങളും പരിശോധന നടത്തിയപ്പോള്‍ ഈ വാര്‍ത്ത പൂര്‍ണമായും വ്യാജവും അസത്യവുമാണെന്ന് മനസിലായി. സഹ്‌റാന്‍പൂര്‍ പോലീസ് ഇതിനെ പൂര്‍ണമായും നിരാകരിക്കുന്നു.’ പോലീസിന്റെ ഔദ്യോഗിക വിഭാഗം ട്വീറ്റ് ചെയ്തു.
ഇതിനുശേഷം മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിച്ചതിന് യുപി പോലീസ് നിരവധി ആളുകളെയും മീഡിയ സംഘടനകളെയും തിരുത്തുകയും മുന്നറിയിപ്പു നല്‍കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ ആറിന് ഹിന്ദുസ്ഥാന്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഒരു മൗലാന ഒരു കടയുടമയെ തുപ്പുകയും കടിക്കുകയും ചെയ്തു എന്ന റിപ്പോര്‍ട്ട് വ്യാജമാണെന്ന് ഈയിടെ മീററ്റ് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് അന്വേഷണത്തില്‍ പണത്തെ ചൊല്ലിയുള്ള വാക്കേറ്റത്തില്‍ കടയുടമക്ക് ദേഷ്യം വരികയും നാണയം ഉപയോഗിച്ച് കടിച്ച് അടയാളങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്ന് കണ്ടെത്താനായി.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കാനും മതസംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തബ് ലീഗ് സമ്മേളനത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ മുസ്‌ലിം സമുദായത്തെ മുഴുവന്‍ പൈശാചികവത്കരിക്കാനുള്ള ശ്രമമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2018ലും 19ലും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും മണിക്കൂറുകള്‍ നീണ്ട സംവാദത്തില്‍ ഏര്‍പ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗക്കേസുകളില്‍ ഇരയുടെയും പ്രതിയുടെയും മതം നോക്കി വര്‍ഗീയ വത്കരിക്കാനായിരുന്നുവെങ്കില്‍ 2020 ഒരു ആഗോള പകര്‍ച്ച വ്യാധിയെ മുസ്‌ലിം ഹിന്ദു ലെന്‍സിലൂടെ നോക്കുന്ന രീതിയിലേക്ക് ഈ രാജ്യം മാറിയിട്ടുണ്ട്.
എല്ലായിടത്തും വ്യാജവാര്‍ത്തകളാണ്. ‘മലയാളിയായ ഒരു മുസ്‌ലിമിന്റെ കടയില്‍ നിന്നാണ് എന്റെ അച്ഛന്‍ വര്‍ഷങ്ങളായി സാമഗ്രികള്‍ വാങ്ങാറുള്ളത്. കടയുടമക്ക് കൊറോണ ബാധിച്ചുവെന്നും കടയിലെ ചരക്കുകളും അത് ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ കടയില്‍ ഇനി പോകരുതെന്നും പറഞ്ഞു ഇന്നലെ എന്റെ പിതാവിന് ഒരു വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചിരുന്നു.’ ഒരാള്‍ ഫേസ്ബുക്ല്‍ പോസ്റ്റ് ചെയ്തു.
ഇന്ത്യന്‍ മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും ആശയങ്ങള്‍
രണ്ടായിരത്തി ഇരുപതില്‍ വിദൂരവും ദുസ്വപ്‌നവും ആയിട്ടാണ് അനുഭവപ്പെടുന്നത്.
വിദ്വേഷകരമായ വര്‍ഗീയതയുടെ ഏറ്റവും പുതിയ വിസ്‌ഫോടനം നടന്നത് ഡല്‍ഹി കലാപത്തിന്റെ തുടക്കത്തിലാണ്. വടക്കുകിഴക്കന്‍ നഗരങ്ങളിലെ തൊഴിലാളിവര്‍ഗ പ്രദേശങ്ങളില്‍ 48 മണിക്കൂറോളം നീണ്ടുനിന്ന ആസൂത്രിത ആക്രമണത്തില്‍ 19 മുസ്‌ലിംപള്ളികള്‍ ആണ് തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തത്.
ഈ പള്ളികള്‍ക്ക് പുരാതന ഭൂതകാലമോ വാസ്തുവിദ്യാ വിസ്മയങ്ങളോ ഒന്നുമില്ല. എന്നിട്ടും ജനക്കൂട്ടത്തെ ഇതിനു പ്രകോപിപ്പിച്ചത് താലിബാന്‍ എസ്‌ക്യു ആയിരുന്നു. തങ്ങളുടേതല്ലാത്ത പവിത്ര സ്ഥാനങ്ങളോട് അവര്‍ കടുത്ത അവഹേളനം കാണിച്ചു. മറ്റുള്ളവരുടെ ആരാധനാലയങ്ങള്‍ അശ്ലീലങ്ങളുടെ കേന്ദ്രമാണെന്ന് അവര്‍ ശക്തമായി വിശ്വസിച്ചു. ജേര്‍ണലിസ്റ്റ് അജാസ് അഷ്‌റഫ് വിലപിക്കുന്നു.
ഇന്ത്യയിലെ ഹിന്ദു മുസ്‌ലിംവിശ്വാസികളെ മതഭേദമന്യേ എല്ലായിപ്പോഴും ആകര്‍ഷിച്ച പുണ്യ കേന്ദ്രങ്ങള്‍പോലും അസ്ഥിരമായ ഒരു ഭാവിയെ അഭിമുഖീകരിക്കുന്നുണ്ട്. പുലിറ്റ്‌സര്‍ സെന്ററിലെ റിപ്പോര്‍ട്ടിംഗ് ഫെല്ലോയായ നിഖില്‍ മണ്ഡലപാര്‍ത്ഥി, സൂഫിദര്‍ഗകളുടെ ഭാവിയെക്കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ അജ്മീറിലെയും ഡല്‍ഹിയിലെയും പ്രമുഖ ദര്‍ഗകള്‍ ഹിന്ദു അനുഭാവികളും പാരമ്പര്യ മുസിംകളും കൂടുതല്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സൂഫി ദര്‍ഗകള്‍ സന്ദര്‍ശിക്കുന്ന ഹിന്ദുക്കള്‍ നാസികളെ ആരാധിക്കുന്ന ജൂതന്മാര്‍ക്ക് സമാനമാണെന്ന് തുടങ്ങിയ ഇസ്‌ലാംഭീതിയുടെ നിരന്തരമായ സന്ദേശങ്ങള്‍ രാജ്യത്തിലെ പലഭാഗങ്ങളിലും ഹിന്ദുക്കളുടെ സന്ദര്‍ശനങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ട് എന്നും അദ്ദേഹം കണ്ടെത്തി. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു ഗര്‍ഭിണി മുസ്‌ലിമായതിന്റെ പേരില്‍
ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയും കുട്ടി മരണപ്പെടുകയും ചെയ്തത് സമീപകാലത്താണ്. പുതിയ കാല ഇന്ത്യയില്‍ മിക്കയിടങ്ങളിലും ഇസ്‌ലാംഭീതി പ്രചരിപ്പിക്കപ്പെടുന്നുവെങ്കിലും അടുത്തിടയായി അതിന്റെ ആഘാതം ശക്തമായിട്ടുണ്ട്.

(ബംഗളുരുവിലെ പത്രപ്രവര്‍ത്തകയാണ് ലേഖിക)

Share this article

About പ്രിയാമണി

View all posts by പ്രിയാമണി →

Leave a Reply

Your email address will not be published. Required fields are marked *